മനുഷ്യശരീരത്തിന്റേയും ആത്മാവിന്റേയും വിശ്രമത്തിനായി അല്ലാഹു വിതാനിച്ചതാണ് ഉറക്കം. ജീവിതാവശ്യവുമായി ബന്ധപ്പെട്ട് പകൽ മുഴുവൻ അധ്വാനിക്കുന്ന മനുഷ്യന് രാത്രിയിലെ ഉറക്കം കൊണ്ട് നേടാനാവുന്നത് തുടർന്നുള്ള അധ്വാനത്തിനു വേണ്ട ശക്തിയാണ്. രാത്രിയെ നാം നിങ്ങൾക്ക് വസ്ത്രമാക്കിത്തന്നു. പകലിനെ ജീവിത ഉപാധി തേടാനുള്ള സമയവുമാക്കി (നബഅ് 10,11). ശരീരത്തെ മയക്കിക്കിടത്തി ആത്മാവ് സ്വതന്ത്രമായി സഞ്ചരിക്കുന്ന സമയമാണ് ഉറക്കം. പൂർണ വിശ്രമം ശരീരത്തിന് ലഭിക്കാൻ നാഥൻ സംവിധാനിച്ച പ്രകൃതമാണിത്. ഉറക്കം മരണത്തിന്റെ സഹോദരനാണെന്ന് പ്രമാണങ്ങൾ പറയുന്നതിന്റെ താൽപര്യവുമിതാണ് (ശറഹു സുനനുബ്നുമാജ 291/5).
ഉറക്കമുണർന്ന ശേഷം ചൊല്ലാൻ നിർദേശിക്കപ്പെട്ട ദിക്റും ഇത്തരമൊരു അർത്ഥ സാരത്തിലേക്ക് സൂചന നൽകുന്നുണ്ട്. സുമർ അധ്യായത്തിന്റെ നാൽപത്തി രണ്ടാം വചനത്തിന്റെ ആശയം ഇങ്ങനെ: അല്ലാഹു ഓരോ ശരീരത്തെയും അവയുടെ മരണ സമയത്ത് മരിപ്പിക്കുന്നു. ഉറക്കിൽ മരിക്കാത്ത ശരീരങ്ങളേയും, ഉറക്കിൽ മരണം കണക്കാക്കിയ ശരീരങ്ങളുടെ ആത്മാക്കളെ അല്ലാഹു പിടിച്ച് വെക്കുന്നു. അല്ലാത്തവയെ നിശ്ചിത സമയത്തേക്ക് അഴിച്ച് വിടുന്നു. ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി എഴുതി: മനുഷ്യാത്മാവ് ശരീരവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ അതിന്റെ പ്രതിഫലനം ശരീരാവയവങ്ങളിൽ മുഴുവൻ പ്രകടമാവുന്നു. ഇത് ജീവാവസ്ഥയാണ്. മരണത്തിൽ ആന്തരികവും ബാഹ്യവുമായ മുഴുബന്ധവും ആത്മാവ് ഉപേക്ഷിക്കുന്നു. ഉറക്ക് സമയത്ത് ബാഹ്യമായി ആത്മാവ് മാറിനിൽക്കുകയും ആന്തരികമായ ഒരു ബന്ധം ശരീരവുമായി നിലനിർത്തുകയും ചെയ്യുന്നു. അത്കൊണ്ട് തന്നെ മരണവും ഉറക്കവും ഒരു വർഗത്തിൽപ്പെട്ടതാണെന്ന് ബോധ്യപ്പെടും (റാസി 267/13).
രാത്രിയിൽ ഉറങ്ങാനൊരുങ്ങുമ്പോൾ പാലിക്കേണ്ട മര്യാദകളും അച്ചടക്കവും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ജാബിർ(റ)വിൽ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, വാതിലുകൾ അടച്ചിടുക, വിളക്കുകൾ അണക്കുക, കത്തിച്ച് വച്ച തിരി എലി കടിച്ച് കൊണ്ടുവന്ന് വീട് കത്തിപ്പോവാൻ ഇട വരും (ബുഖാരി 6295, മുസ്ലിം 2012). അബൂമൂസാ(റ) പറയുന്നു: മദീനയിലെ ഒരു വീട് രാത്രിയിൽ കത്തിയെരിഞ്ഞ വിവരം തിരുനബി(സ്വ) അറിഞ്ഞു. അവിടുന്ന് പറഞ്ഞു: തീ നിങ്ങളുടെ ശത്രുവാണ്. ഉറങ്ങാനൊരുങ്ങുമ്പോൾ തീ അണക്കുക (ബുഖാരി 6294, മുസ്ലിം 2016). ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ വാതിൽ അടച്ചിടുക, അല്ലാഹുവിന്റെ പേര് പറയുകയും ചെയ്യുക, അടക്കപ്പെട്ട വാതിൽ പിശാച് തുറക്കുകയില്ല (മുസ്ലിം 2012).
തീ വിളക്കുകൾ ഉപയോഗിച്ചിരുന്ന ഒരു കാലത്തെ ജനതയോട് പ്രവാചകർ(സ്വ) നൽകിയ നിർദേശത്തിന് ഇലക്ട്രിക് വീടുകളിലും പ്രസക്തിയുണ്ട്. തീ പിടുത്തവും മരണങ്ങളും സമ്പത്ത് കത്തിയെരിഞ്ഞ് നഷ്ടങ്ങൾ സംഭവിക്കുന്നതുമെല്ലാം നിരന്തര വാർത്തയായ ഇക്കാലത്ത് ഇവയുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ പലപ്പോഴും എത്തിച്ചേരുക ഇലക്ട്രിക് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയിലേക്കാണ്. കത്തിച്ച് വച്ച തിരി എലി വലിച്ച് വീട് കത്തിപ്പോകാൻ സാധ്യതയുണ്ടെന്ന തിരുനിർദേശത്തിന്റെ ആശയ പരിധിയിൽ ഇക്കാര്യങ്ങളെല്ലാം വരും. ഇബ്നു ദഖീഖുൽ ഈദ് എഴുതുന്നു. വാതിൽ അടച്ചിടണമെന്ന് പറഞ്ഞതിൽ ഭൗതികവും മതപരമായുമുള്ള നിരവധി നന്മകളുണ്ട്. ശരീരത്തിനെയും സമ്പത്തിനെയും സംരക്ഷിക്കുക എന്നതാണ് ഭൗതിക നന്മ. മനുഷ്യനുമായി പിശാച് കൂടിക്കലരുന്നത് തടയാനും വാതിൽ അടച്ചിടുന്നത് സഹായകമാണ്. പിശാച് അടച്ചിട്ട വാതിലിലൂടെ കടക്കുകയില്ല എന്ന് തിരുനബി(സ്വ) പറഞ്ഞതിന്റെ താൽപര്യം അതാണ്. നുബുവ്വത്തിന്റെ വഴിക്കല്ലാതെ ഇക്കാര്യങ്ങളൊന്നും ബോധ്യപ്പെടുകയില്ല (ഫത്ഹുൽ ബാരി 11/87).
പാത്രങ്ങൾ മൂടിവെക്കണമെന്ന തിരുനിർദേശം പ്രത്യേകം ശ്രദ്ധേയമാണ്. ഫ്രിഡ്ജ്, വാട്ടർ ടാങ്ക്, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ, പാകം ചെയ്യുന്ന പാത്രങ്ങൾ എല്ലാം ഈ മൂടിവെക്കൽ കൽപനയിൽ വരുന്നവയാണ്. അടുത്ത കാലത്ത് നാടൊട്ടുക്കും ഭീതി പടർത്തിയ നിപയും മലമ്പനി, എലിപ്പനിയടക്കമുള്ള പകർച്ച പനികളും വയറിളക്കം, അതിസാരം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും നമ്മുടെ നാടിനെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. ഭക്ഷണ സാധനങ്ങളിലും പാത്രങ്ങളിലും വന്നുപെടുന്ന അണുക്കളാണ് ഇവയുടെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ളവ കണ്ടെത്തുകയുണ്ടായി. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധ നിർദേശമാണ് തിരുനബി(സ്വ) പറഞ്ഞത്. ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, പാനപാത്രങ്ങൾ കെട്ടിവെക്കുക, വർഷത്തിലെ ഒരു രാത്രിയിൽ മാറാവ്യാധി രോഗങ്ങൾ ഇറങ്ങും. മൂടിവെക്കാത്ത ഭക്ഷണപാത്രങ്ങളിലും കെട്ടിവെക്കാത്ത പാനപാത്രങ്ങളിലുമെല്ലാം അവ ചെന്നെത്തും (മുസ്ലിം 2014).
ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് ചെയ്യണമെന്ന് പ്രത്യേകം നിർദേശിക്കപ്പെട്ട സുന്നത്താണ്. ബറാഉബ്നു ആസ്വിബിൽ(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നീ കിടപ്പറയിൽ ചെന്നാൽ നിസ്കാരത്തിന് വുളൂഅ് ചെയ്യുന്നത് പ്രകാരം വുളൂഅ് ചെയ്യുക. ഈ ഹദീസിൽ തുടർന്ന് പറയുന്നത് വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കണമെന്നാണ്. ശാരീരികമായും ആരോഗ്യപരമായും നിരവധി ഗുണഫലങ്ങൾ ഇതിലുണ്ട്. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും രക്തം സഞ്ചരിക്കാനും അനായാസം ശ്വാസം വലിക്കാനും പുറത്ത് വിടാനുമെല്ലാം വലത് ഭാഗത്തേക്കുള്ള കിടത്തം സഹായകമാവുന്നു. ഇടത് ഭാഗത്തേക്കോ മലർന്നോ കമിഴ്ന്നോ കിടന്നാൽ ലഭിക്കാത്ത നിരവധി ഗുണഫലങ്ങൾ വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങുന്നത് മൂലം ലഭിക്കും. ഉയരമുള്ള തലയിണയിൽ തല വച്ചുറങ്ങുമ്പോൾ നെറ്റി, തല, തലച്ചോർ തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാം രക്തസഞ്ചാരം കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ചെറിയ തലയിണയോ വലതുകൈ കവിളിൽ വച്ചോ ഉറങ്ങുന്ന നബിയുടെ ശീലത്തിൽ വലിയ പാഠമുണ്ടെന്നാണ് ആധുനികർ കണ്ടെത്തുന്നത്. ആമാശയ രോഗവുമായി ബന്ധപ്പെട്ട് ചികിത്സക്കെത്തിയ രോഗികളിൽ 95% പേരോടും വലതു ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങാൻ നിർദേശിക്കുന്നവരാണ് ആധുനിക ഡോക്ടർമാരിൽ ഏറെ പേരുമെന്നും പുതിയ പഠനങ്ങൾ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. അബൂഹുറൈറ(റ) വിൽ നിന്ന്. നബി(സ്വ) കമിഴ്ന്ന് കിടന്നുറങ്ങുന്ന ഒരാളെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: ഈ കിടത്തം അല്ലാഹു ഇഷ്ടപ്പെടുകയില്ല (ബുഖാരി 6311).
സൂറത്തുൽ ഇഖ്ലാസ്വ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയാണ് നിർദേശിക്കപ്പെട്ട സൂറത്തുകൾ. ആഇശ ബീവിയിൽ നിന്ന് റിപ്പോർട്ട്. തിരുനബി(സ്വ) എല്ലാ രാത്രിയിലും രണ്ടുകൈയ്യും കൂട്ടിപ്പിടിച്ച് ഖുൽ ഹുവല്ലാഹു അഹദ്…, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്…, ഖുൽ അഊദു ബി റബ്ബിന്നാസ്… എന്നീ സൂറത്തുകൾ ഓതിയ ശേഷം ശരീരത്തിൽ നിന്ന് സാധ്യമായ സ്ഥലത്തെല്ലാം തടവും. തലയിലും മുഖത്തുമാണ് ആദ്യം തടവുക. ഇങ്ങനെ മൂന്ന് പ്രാവശ്യം എല്ലാ രാത്രിയിലും ചെയ്യാറുണ്ട് (ബുഖാരി 5017).
ഇതിന് പുറമെ സൂറത്തുൽ കാഫിറൂനയും ഓതണമെന്ന് നിർദേശമുണ്ട്. നൗഫലുൽ അശ്ജഈ(റ)വിൽ നിന്ന്. തിരുനബി(സ്വ) എന്നോട് പറഞ്ഞു: നീ ഖുൽ യാ അയ്യുഹൽ കാഫിറൂൻ ഓതിയ ശേഷം ഉറങ്ങുക. ആ സൂറത്ത് ശിർക്കിൽ നിന്ന് മോചനം നൽകുന്നതാണ് (അബൂദാവൂദ് 5055). സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ ഒരാൾ രാത്രിയിൽ പാരായണം ചെയ്താൽ എല്ലാ പ്രയാസങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിന് അവന് അത് മതിയാകുമെന്ന് തിരുനബി പറഞ്ഞത് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി 5009, മുസ്ലിം 808).
ഉറങ്ങാൻ ഉദ്ദേശിച്ച് വിരിപ്പിലെത്തിയവർ ആയത്തുൽ കുർസിയ്യ് ഓതുക. എങ്കിൽ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണം നിനക്കുണ്ടാകും. പ്രഭാതം വരെ പിശാച് നിന്നോടടുക്കുകയില്ല എന്നും നബി(സ്വ) പറഞ്ഞതായി അബൂഹുറൈറ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി 5000).
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് വിരിപ്പ് കുടയണം. തട്ടിക്കുടഞ്ഞ് വിരിച്ച് കിടന്നുറങ്ങുന്നത് മനസ്സമാധാനത്തിന് സഹായകമാണെന്ന് മനഃശാസ്ത്രജ്ഞന്മാർ പറയുന്നുണ്ട്. വൃത്തിയും ശുദ്ധിയുമുള്ള കിടപ്പറയും വിരിപ്പും മനസ്സിന് ഉല്ലാസവും ആനന്ദവും നൽകും. തിരുനബി(സ്വ) പറഞ്ഞു: നിങ്ങളിലൊരാൾ വിരിപ്പിനടുത്തെത്തിയാൽ ഉള്ള് അടക്കം വിരിപ്പ് കുടയണം. വിരിപ്പിൽ കടന്ന് കൂടിയതെന്താണെന്ന് അവന് അറിയുകയില്ല (ബുഖാരി 288, മുസ്ലിം 305).
അബ്ദുല്ലാഹിബ്നു അബീഖൈസിൽ നിന്ന്. തിരുനബി(സ്വ) ജനാബത്ത് സമയത്ത് എന്താണ് ചെയ്യാറുള്ളതെന്ന് ഞാൻ ആഇശ ബീവിയോട് ചോദിച്ചു. കുളിക്കുന്നതിന് മുമ്പ് ഉറങ്ങാറുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് കുളിക്കാറുണ്ടോ? ആഇശ ബീവി(റ) പറഞ്ഞു: രണ്ടും നബി(സ്വ) ചെയ്യാറുണ്ട്. ചിലപ്പോൾ കുളിച്ച ശേഷം ഉറങ്ങും, ചിലപ്പോൾ വുളൂഅ് ചെയ്ത് ഉറങ്ങും (മുസ്ലിം 307). രാത്രി ഉറക്കിൽ നിന്ന് ഉണരുന്നവർ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു… എന്ന് ചൊല്ലണം, ശേഷം വുളൂഅ് ചെയ്ത് നിസ്കരിച്ച് ദുആ ചെയ്താൽ വലിയ ഫലം ലഭിക്കും.
ഇമാം ബുഖാരി(റ)യുടെ 1154-ാം നമ്പർ ഹദീസ് വ്യാഖ്യാനിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതി: മഹാനായ ഇബ്നു ബത്ത്വാൽ പറയുന്നു; അല്ലാഹു അവന്റെ നബിയുടെ നാവിലൂടെ കരാർ ചെയ്തതാണ് ഈ ഹദീസിലൂടെ പഠിപ്പിക്കപ്പെട്ടത്. രാത്രി ഉറക്കിൽ നിന്ന് ഉണരുന്നവർ തന്റെ രക്ഷിതാവിന്റെ ഏകത്വം പറഞ്ഞുകൊണ്ട് നാവിനെ ചലിപ്പിക്കണം. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർത്ത് അവനെ സ്തുതിക്കണം. താഴ്മ പ്രകടിപ്പിച്ചുകൊണ്ട് അവനെ വാഴ്ത്തണം. രാത്രി സമയത്തുള്ള പ്രാർത്ഥനക്കും നിസ്കാരത്തിനും പ്രത്യേകം സ്വീകാര്യതയുണ്ട്. ഈ ഹദീസ് അറിയുന്നവരും പഠിക്കുന്നവരും ഇത് പ്രകാരം പ്രവർത്തിക്കാൻ ഉത്സാഹം കാണിക്കണം (ഫത്ഹുൽ ബാരി 41/3).
ഇശാ നിസ്കാരത്തിന് മുമ്പ് ഉറങ്ങുന്നത് തിരുനബി(സ്വ) നിരോധിക്കുകയും വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അബൂബർസത്തുൽ അസ്ലമിയ്യിൽ നിന്ന്. റസൂൽ(സ്വ) ഇശാഇന് മുമ്പ് ഉറങ്ങുന്നത് വെറുത്തിരുന്നു. ഇശാഇന് ശേഷം ഭൗതിക സംസാരത്തിലേർപ്പെടുന്നതും നബി(സ്വ)ക്ക് വെറുപ്പുള്ള കാര്യമായിരുന്നു (ബുഖാരി 568, മുസ്ലിം 647). ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്നു ഹജർ(റ) എഴുതി: ഇശാഇന് മുമ്പ് ഉറങ്ങുന്നത് ഇശാഇന്റെ പ്രബല സമയം നഷ്ടപ്പെടുത്താൻ ഇടവരുത്തും. ഇശാഇന് ശേഷം ഭൗതിക സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് സുബ്ഹിയുടെ പ്രബല സമയവും നഷ്ടപ്പെടുത്തും (ഫത്ഹുൽ ബാരി 73/2). രാത്രിയിൽ കളിതമാശ പറഞ്ഞ് സമയം കൊല്ലുന്നവരെ തിരഞ്ഞുപിടിച്ച് ഉമർ(റ) അടിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം.