Madavana Usthad- Malayalam

സുന്നികളില്‍ നിന്ന് വഞ്ചനയിലൂടെ ബിദഇകള്‍ പിടിച്ചെടുത്ത പന്ത്രണ്ടോളം പള്ളികള്‍ തിരിച്ചുപിടിക്കുകയും പ്രവാചക ചര്യക്ക് വിരുദ്ധമായുള്ള ഖുതുബ പരിഭാഷക്കെതിരെ നിരന്തരം ശബ്ദിക്കുകയും ബോധവല്‍ക്കരണത്തിലൂടെ തിരുവനന്തപുരം ജില്ലയിലെ നാലഞ്ച് പള്ളികളില്‍ പരിഭാഷ ഖുതുബ നിര്‍ത്തലാക്കുകയും ചെയ്ത പണ്ഡിതനാണ് മാടവന ഇബ്റാഹീം കുട്ടി മുസ്ലിയാര്‍. വിദ്യാര്‍ത്ഥി കാലം, അധ്യാപനം, സംഘാടനം, ആദര്‍ശ പോരാട്ടം തുടങ്ങിയ ജീവിതാനുഭവങ്ങള്‍ അദ്ദേഹം സുന്നിവോയ്സുമായി പങ്കുവെക്കുന്നു.

 

ഉസ്താദിന്‍റെ ജന്മദേശം? കുടുംബ പശ്ചാത്തലം?

ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം  മൈസൂരാണ്. പിതാവിന്‍റെ നാട് മാടവനയായതിനാല്‍ പതിമൂന്ന് വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ ഇങ്ങോട്ട് വന്നു. വാപ്പ മൈസൂരില്‍ ബിസിനസുകാരനായിരുന്നു. അതാണ് ഞങ്ങള്‍ അവിടെ താമസമാക്കാന്‍ കാരണം. ഞങ്ങള്‍ എട്ട് മക്കളാണ്. ഞാന്‍ രണ്ടാമത്തെയാള്‍.

 

ദര്‍സ് പഠന കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍? പ്രധാന ഗുരുക്കന്മാരാരായിരുന്നു?

എന്‍റെ ആദ്യത്തെ ഉസ്താദ് മര്‍ഹൂം സിപി കുഞ്ഞാലി മുസ്ലിയാരാണ്. സൂഫിയും നല്ല ഫഖീഹുമായിരുന്നു അദ്ദേഹം. കെഎസ് മമ്മു മുസ്ലിയാര്‍ കൊണ്ടോട്ടി, വളപുരം കെടി, മുണ്ടക്കല്‍ മൊയ്തീന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ എന്‍റെ മറ്റു ഉസ്താദുമാരാണ്.

 

ദര്‍സിലെ പഠനരീതികള്‍ എങ്ങനെയായിരുന്നു?

ഞാന്‍ എവിടെയും താമസിച്ച് പഠിച്ചിട്ടില്ല. ഇവിടെ അടുത്ത് പള്ളിനട സാഹിബിന്‍റെ പള്ളിയിലാണ് ഓതിയിരുന്നത്. ഒരേ സമയത്ത് പല ഉസ്താദുമാരുടെയും അടുത്ത് കിതാബോതാന്‍ പോയിരുന്നു. അതു കാരണം വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. വ്യത്യസ്ത ഉസ്താദുമാരെ തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ട്. ഒരു ഉസ്താദിന് അറബി സാഹിത്യത്തില്‍ പ്രാവീണ്യമുണ്ടാകും. വേറെ ഒരു ഉസ്താദിന് ഉസൂലിലായിരിക്കും കഴിവ്. മൂന്നാമന് കര്‍മശാസ്ത്രത്തില്‍. അത് മനസ്സിലാക്കി ഗുരുക്കന്മാരെ തേടിപ്പിടിച്ച് ഓതലായിരുന്നു എന്‍റെ പതിവ്. രാവിലെ പോയി രാത്രി വീട്ടിലേക്ക് തിരിച്ചുവരും. ആരുടെയും ചെലവില്‍ നിന്ന് പഠിച്ചിട്ടില്ല. വാപ്പയുടെ ബിസിനസൊക്കെ വളരെ റാഹത്തായത് കൊണ്ട് പ്രയാസങ്ങള്‍ ഉണ്ടായിരുന്നുമില്ല.

 

ദര്‍സ് പഠന രംഗത്തേക്ക് തിരിയാന്‍ എന്തായിരുന്നു പ്രചോദനം?

മദ്റസയില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വഹാബി മൗലവിയായിരുന്നു ഉസ്താദ്. അഫ്ളലുല്‍ ഉലമ നേടിയാണ് മദ്റസാധ്യാപനത്തിനു വന്നിരുന്നത്. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: ‘കുട്ടി കിതാബോതണട്ടോ’. അതോടെ എനിക്കും താല്‍പര്യമായി. ആ വാക്കാണ് പ്രചോദനമായത്.

ഉമ്മയുടെ നാട് ഗുരുവായൂരാണ്. അവിടെയായിരുന്നു എന്‍റെ മദ്റസാ പഠനം. വഹാബി ആശയങ്ങള്‍ ചെറിയ മട്ടില്‍ അന്നവിടെ പരന്നിരുന്നു. അക്കാലത്ത് രസകരമായൊരു സംഭവമുണ്ടായി. ഫാത്തിഹ മലയാളത്തില്‍ എഴുതി മദ്റസയില്‍ വിതരണം ചെയ്തിരുന്നു. ഖുര്‍ആന്‍ മലയാളത്തില്‍ എഴുതരുതെന്ന് അറിയാമായിരുന്ന ഞാനും ചില കൂട്ടുകാരും ഇതിവിടെ പാടില്ലെന്ന് പറയുകയും എല്ലാം കത്തിച്ച് കളയുകയും ചെയ്തു. ഇതിന്‍റെ പേരില്‍ ഉസ്താദ് എതിര്‍ത്തതൊന്നുമില്ല. അദ്ദേഹമാണ് എന്നോട് കിതാബ് ഓതാന്‍ ആവശ്യപ്പെട്ടതും. അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് വലിയ ആലിമായിരുന്നു. ദുആക്ക് വലിയ ഇജാബത്തുള്ള ആളായിരുന്നെന്ന് കേട്ടിട്ടുണ്ട്. അന്നെനിക്ക് അത്രയേ അറിയുമായിരുന്നുള്ളൂ. എന്നെ വലിയ ആലിമാക്കണമെന്ന് അദ്ദേഹം പിതാവിനെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ഷാര്‍ജയില്‍ വഅളിനു പോയപ്പോള്‍ അദ്ദേഹത്തെ അവിടെ വച്ച് കാണുകയും അജ്മാനില്‍ വഹാബികളുടെ കേന്ദ്രത്തില്‍ ശിഷ്യനായ എനിക്കൊരു പ്രസംഗം തരപ്പെടുത്തി പൈസ പിരിച്ച് തരുകയും ചെയ്തു.

 

സമസ്തയുടെ മുന്നണി പോരാളിയായിരുന്ന മര്‍ഹൂം ഇകെ ഹസന്‍ മുസ്ലിയാരുമായി താങ്കള്‍ക്ക് അടുത്ത ബന്ധമായിരുന്നല്ലോ. എങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്?

ഹസന്‍ മുസ്ലിയാരുമായി വളരെ ചെറുപ്പം മുതലേ ബന്ധമുണ്ട്. ഖുതുബ പരിഭാഷക്കെതിരെ സംസാരിക്കാന്‍ അദ്ദേഹം അഴീക്കോട് വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ഈ ഭാഗങ്ങളില്‍ എവിടെ പരിപാടിയുണ്ടെങ്കിലും സംഘാടകരോട് പറയും, ആദ്യം ഇബ്റാഹിം കുട്ടി പ്രസംഗിക്കട്ടെ. എന്നിട്ട് ഞാന്‍ പ്രസംഗിക്കാം. അത്രക്ക് സൗഹൃദമായി. അദ്ദേഹം പാലക്കാട് പ്രിന്‍സിപ്പല്‍ ആയിരുന്നപ്പോള്‍ ഇടക്ക് ഞാന്‍ അവിടെ ചെല്ലുമായിരുന്നു. അന്നവിടെ താമസിക്കും. ചില കിതാബുകളൊക്കെ ഓതും. കിതാബിലെ സംശയങ്ങള്‍ തീര്‍ക്കാനും പോകാറുണ്ട്. അദ്ദേഹത്തിന്‍റെ ഉസ്താദിയ്യത്ത് സ്വീകരിക്കാന്‍ ബൈളാവി പ്രത്യേകം ഓതി.

 

താങ്കളുടെ ഖണ്ഡന പ്രസംഗങ്ങള്‍ പ്രസിദ്ധമായിരുന്നെന്ന് കേട്ടിട്ടുണ്ട്. ത്യാഗപൂര്‍ണമായ അനുഭവങ്ങള്‍ പങ്കുവെക്കാമോ?

എത്രയോ തവണ കല്ലേറും അക്രമവുമെല്ലാമുണ്ടായിട്ടുണ്ട്. എതിരാളികള്‍ സ്റ്റേജ് കയ്യേറിട്ടുണ്ട്. എടവനക്കാട് ജമാഅത്തെ ഇസ്ലാമിയുടെ കോളേജ് ഗ്രൗണ്ടില്‍ പ്രസംഗിക്കുമ്പോള്‍ നൂറിലേറെ പേരാണ് സ്റ്റേജ് കയ്യേറ്റത്തിനെത്തിയത്. ഒമ്പത് മണി മുതല്‍ 2 മണി വരെ അന്ന് പ്രസംഗിച്ചു. പ്രസംഗിക്കുമ്പോഴൊന്നും സമയമറിഞ്ഞിരുന്നില്ല. എല്ലാം കഴിഞ്ഞ് വാച്ചിലേക്ക് നോക്കുമ്പോഴാണ് അഞ്ച് മണിക്കൂര്‍ പ്രസംഗിച്ചതായി മനസ്സിലായത്. അന്നൊന്നും ജനങ്ങള്‍ക്ക് അത്ര തിരക്കില്ലല്ലോ. എല്ലാം കഴിഞ്ഞേ ആളുകള്‍ പിരിയൂ. ആള്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ നമ്മള്‍ പ്രസംഗിച്ചല്ലേ പറ്റൂ. ആ പ്രസംഗത്തിനു ശേഷേം എടവനക്കാട് പള്ളി കമ്മിറ്റി ഇലക്ഷന്‍ വന്നു. സുന്നികള്‍ ബഹു ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇന്നു സുന്നികളാണ് അവിടെ ഭരിക്കുന്നത്. ആറ്റിങ്ങല്‍, കാണിയപുരം, കൊച്ചി എന്നിടങ്ങളിലെല്ലാം ഖണ്ഡന പ്രസംഗം നടത്തിയിട്ടുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും എന്‍റെ എതിരാളി ഉമര്‍ മൗലവിയായിരുന്നു. മൗലവി ഒരിക്കല്‍ മാടവനയില്‍ വന്ന് എന്നെ വെല്ലുവിളിച്ചു. ഫാത്തിഹക്ക് ശേഷം ‘റബ്ബിഗ്ഫിര്‍ലി’ എന്ന് പറയാന്‍ യാതൊരു തെളിവുമില്ല, അത് സുന്നികള്‍ വച്ച് കെട്ടിയതാണ്. മാടവന ഇബ്റാഹിം കുട്ടി മുസ്ലിയാര്‍ ഇതിന് മറുപടി പറയണം എന്നായിരുന്നു മൗലവിയുടെ പ്രഖ്യാപനം. അന്ന് ഞാന്‍ മുദരിസായിട്ടില്ല. നാളെ മറുപടി പ്രസംഗം ഉണ്ടായിരിക്കുമെന്ന് അന്ന് രാത്രി തന്നെ ബോര്‍ഡ് വച്ചു. ആകാശത്തിനു താഴെ ഭൂമിക്ക് മുകളിലായി വെളുത്ത കടലാസില്‍ കറുത്ത മഷികൊണ്ട് എഴുതിയ ഒരു കിതാബിലും ഇത് ഉണ്ടാവില്ലെന്നായി അയാള്‍. ഞാന്‍ മറുപടിയില്‍ പറഞ്ഞു. ഞാനിപ്പോള്‍ ആകാശത്തിനു താഴെ നില്‍ക്കുന്നു. ഭൂമിക്ക് മുകളിലുമാണ്.  എന്നിട്ട് കിതാബ് തുറന്ന് കാണിച്ച് കൊടുത്തു. ഇതാ വെളുത്ത കടലാസില്‍ കറുത്ത മഷികൊണ്ട് അച്ചടിച്ച് വച്ചിരിക്കുന്നു. എന്നിട്ട് ഞാന്‍ ഹദീസ് വായിച്ച് കൊടുത്തു. ‘റബ്ബിഗ്ഫിര്‍ലി’ എന്ന് പറയല്‍ സുന്നത്താണെന്ന് സമര്‍ത്ഥിച്ചു. അന്നവിടെ വച്ചുതന്നെ ഒരുപാട് വഹാബികള്‍ സുന്നികളായി. അവരുടെ താല്‍പര്യത്തിലാണ് എറിയാട് ഹിഫ്ള് കോളേജ് തുടങ്ങിയത്. അന്നത്തെ പരിപാടിയില്‍ നിന്നു പ്രചോദനം കൊണ്ടവരാണ് നമുക്കിപ്പോഴും അവിടെ സഹായം ചെയ്തുതരുന്നത്.

 

ജാമിഅ അസീസിയ്യയുടെ മുമ്പിലുള്ള പള്ളിയുടെ പശ്ചാത്തലമെന്താണ്?

ഈ പള്ളി മാടവന വലിയ ജുമുഅത്ത് പള്ളിയില്‍ നിന്നും പിരിഞ്ഞ് വന്നതാണ്. അവിടെയായിരുന്നു കെഎം മൗലവിയുള്‍പ്പെടെയുള്ളവര്‍ വന്നിരുന്നത്. അവിടെ നിന്നാണ് കേരളത്തില്‍ വഹാബിസം ഉടലെടുക്കുന്നത്. ആദ്യ കാലത്ത് ഈ പള്ളി സുന്നികളുടേതായിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ നഷ്ടപ്പെടുകയായിരുന്നു. അക്കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ ഏതാനും പ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടായിരുന്നു. വലിയ തറവാട്ടുകാരായിരുന്നു അവര്‍. ഇവിടുത്തെ സുന്നി നേതാവും നാട്ടിലെ വലിയ തറവാടിയായിരുന്നു. ഈ രണ്ടു തറവാട്ടുകാരും പരസ്പരം വ്യക്തി വൈരാഗ്യം പുലര്‍ത്തുന്നവരാണ്. അങ്ങനെ ഇവിടെ രണ്ടു ചേരികളുണ്ടായി. തറവാട് പ്രശ്നംകൊണ്ട് ക്രമേണ ജമാഅത്തെ ഇസ്ലാമിക്കാരുടെ പിന്നിലും ഒരുപാട് സുന്നികളുണ്ടായിത്തീര്‍ന്നു. അവര്‍ പതിയെ ഉറച്ച ജമാഅത്ത്കാരായി മാറി. നിരന്തര സംവാദങ്ങളും ഖണ്ഡനങ്ങളും അരങ്ങേറി. കാര്യമായ തയ്യാറെടുപ്പില്ലാതെ പെട്ടെന്നായിരിക്കും ഖണ്ഡനങ്ങളുണ്ടാവുക. അസ്വറിന് ശേഷം അനൗണ്‍സ് ചെയ്യും. മഗ്രിബിന് ആളു കൂടും. മൂന്നു വര്‍ഷം മുമ്പു നടന്ന ഇലക്ഷനിലാണ് പള്ളി സുന്നികളുടെ കീഴില്‍ വരുന്നത്.

 

താങ്കളുടെ നേതൃത്വത്തില്‍ പ്രഥമ വാദപ്രതിവാദം നടക്കുന്നത് എപ്പോഴാണ്?

എന്‍റെ ആദ്യ വാദപ്രതിവാദം 16-ാം വയസ്സിലാണ്. മുതഅല്ലിമായ കാലത്ത്. മാടവന അസീസിയ്യയുടെ മുന്നിലുള്ള പള്ളിയിലെ ജമാഅത്തുകാരുമായാണ് അത് നടന്നത്. മദ്റസയില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഖുര്‍ആന്‍  ക്ലാസ് നടക്കാറുണ്ട്. ഒരിക്കല്‍ എന്നെയും വിളിച്ചു. മാളയില്‍ നിന്നുള്ള ഒരു മൗലവി പ്രസംഗത്തിനിടെ തവസ്സുല്‍ ശിര്‍ക്കാണെന്ന് പ്രസ്താവിക്കുകയുണ്ടായി. അയാളുടെ പ്രസംഗം കഴിഞ്ഞയുടന്‍ ഞാനെഴുന്നേറ്റ് നിന്ന് പറഞ്ഞു, ഇയാള്‍ പറഞ്ഞത് ശരിയല്ല, തവസ്സുല്‍ ശിര്‍ക്കല്ല, അതിന് ഞാന്‍ തെളിവ് ഹാജരാക്കാം. അയാള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കമ്മിറ്റിക്കാര്‍ ഇടപെട്ടു. അടുത്തയാഴ്ച നടക്കുന്ന ക്ലാസില്‍ രണ്ട് കൂട്ടരും തെളിവ്  എഴുതി കൊണ്ടുവരണമെന്ന് വ്യവസ്ഥ വച്ചു. അയാളും സമ്മതിച്ചു. എനിക്ക് അന്ന് പ്രസംഗിക്കാനൊന്നും വലിയ വശമില്ലായിരുന്നു. എന്‍റെ സുഹൃത്ത് കൂരിക്കുഴി അഹ്മദ് മുസ്ലിയാര്‍ അന്ന് കല്ലുങ്ങക്കടവില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം ഖണ്ഡനം നടത്താറുള്ളയാളാണ്. നല്ല ആലിമായിരുന്നു. ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടപ്പോള്‍ എനിക്കൊരു ഹദീസ് പറഞ്ഞുതന്നു. വിശദമായി ചോദിച്ചു മനസ്സിലാക്കി. എന്തോ ഒരു ധൈര്യം  കിട്ടിയ ഞാന്‍ ആ കടലാസ് കൊണ്ടുവന്ന് അര്‍ത്ഥം വെച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു: ഒന്നുകില്‍ ഈ ഹദീസ്  സ്വീകരിക്കണം. അല്ലെങ്കില്‍ തള്ളണം. തള്ളുകയാണെങ്കില്‍ മൗലവി അതിന്‍റെ കാരണം വ്യക്തമാക്കണം. മൗലവി കുറെ നേരം മിണ്ടാതിരുന്നു. എന്നിട്ട് ഒരു കുറിപ്പ് എന്‍റെ കയ്യില്‍ തന്നിട്ടു പറഞ്ഞു. ‘ഞാന്‍ കൊണ്ടുവന്ന തെളിവ് ഇതാ.’ ഉടനെ ഞാന്‍ പറഞ്ഞു. ‘ഞാന്‍ കൊണ്ടുവന്ന തെളിവ് ഞാന്‍ വിശദീകരിച്ചു. അതിനാല്‍ നിങ്ങള്‍ കൊണ്ടുവന്ന തെളിവ് നിങ്ങള്‍ തന്നെ വിശദീകരിക്കണം.’ മൗലവിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. അപ്പോള്‍ ജനങ്ങള്‍ കൂകിവിളിക്കാന്‍ തുടങ്ങി. അന്ന് തുടങ്ങിയതാണ് ഇവിടുത്തെ സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തനം. അന്നത്തെ ഊര്‍ജവും ജനപിന്തുണയും കൈമുതലാക്കിയാണ്  ജാമിഅ അസീസിയ്യ ഉയര്‍ന്നുവന്നത്. ഈ സംഭവത്തില്‍ എന്‍റെ ഉസ്താദ് എന്നെ ഒരുപാട് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമുണ്ടായി.

 

ചേരമാന്‍ പള്ളിയില്‍ ഒരു കാലത്ത് മആശിറ പോലും പരിഭാഷപ്പെടുത്തിയിരുന്നല്ലോ. അതൊക്കെ എങ്ങനെയാണ് ഉസ്താദ് അതിജയിച്ചത്?

കരൂപടന്നയിലുള്ള മുഹമ്മദ് കുഞ്ഞി മുസ്ലിയാരായിരുന്നു അന്ന് ചേരമാന്‍ മസ്ജിദിലെ ഖതീബ്. ദീര്‍ഘകാലം അവിടെ ഖതീബായി സേവനമനുഷ്ഠിച്ച അദ്ദേഹം ഖുതുബ പരിഭാഷപ്പെടുത്തി സംസാരിക്കുമായിരുന്നു. ഖുതുബ പരിഭാഷക്കുള്ള തെളിവുകള്‍ പലതവണ അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഒരാളുടെ കയ്യില്‍ കത്ത് കൊടുത്തയച്ച് അദ്ദേഹത്തെ സംവാദത്തിനു ക്ഷണിച്ചു. നിങ്ങള്‍ എവിടേക്കു വിളിച്ചാലും ഞാന്‍ വരാം. ഖുതുബ പരിഭാഷക്ക് തെളിവ് ഹാജരാക്കണം എന്നറിയിച്ചു. താടിയും മീശയും മുളക്കാത്ത ആ ചെക്കന് ഭ്രാന്താണെന്ന് പറഞ്ഞ് അദ്ദേഹം ആ കടലാസ് വലിച്ചെറിയുകയാണുണ്ടായത്. പിന്നീട് കാടാമ്പുഴ ചളിങ്ങാടുള്ള മുഹമ്മദ് ഫൈസി ചേരമാനില്‍ ഖതീബായി വന്നപ്പോഴാണ് സ്ഥിതി മാറിയത്. രണ്ട് ദിവസം അവിടെ വഅളിനു പോവുകയുണ്ടായി. വഅളിലെ രണ്ടാമത്തെ ദിവസം ഖുതുബയെ കുറിച്ചാണ് സംസാരിച്ചത്. പ്രസംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: ആരും പോകരുത്, എല്ലാരും മഖ്ബറയിലേക്ക് വരൂ. ഹബീബുബ്നു മാലിക്(റ)വിന്‍റെ മഖ്ബറയില്‍വച്ച് ഞങ്ങളെല്ലാം ദുആ ചെയ്തു. ഖുതുബ ഇവിടെ മലയാളത്തില്‍ നടക്കുന്ന കാലത്തോളം ഞങ്ങള്‍ക്ക് സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്  ചെറിയ പ്രയാസമുണ്ട്. കാരണം പല ഭാഗത്തും അവര്‍ തെളിവായി പറഞ്ഞുനടക്കുന്നത് ഈ പള്ളിയില്‍ മലയാളത്തിലാണ് എന്നാണ്. അത്കൊണ്ട് ഇതൊന്ന് നിറുത്തി തന്നേ പറ്റൂ. പിന്നീട് മുഹമ്മദ് ഫൈസിയുടെ ഇടപെടലിലൂടെ അതു നിര്‍ത്തലാക്കി. ഇന്നും അറബിയിലാണ് അവിടെ ഖുതുബ. അതാണ് സ്വഹാബത്തിന്‍റെ കറാമത്ത്. അവിടെ വച്ചുള്ള ദുആക്ക് ഉത്തരം കിട്ടിയെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

 

താങ്കള്‍ ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചയാളാണല്ലോ. ആരായിരുന്നു ശൈഖ്?

ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്ലിയാരുടെ അനുജ സഹോദരനായ ശൈഖ് കമാലുദ്ദീന്‍ ഉമറുല്‍ ഖാദിരി(റ)യാണ് എന്‍റെ പ്രധാന അത്മീയഗുരു. ശൈഖുനായുടെ മദ്ഹ് എപ്പോഴും പറയുന്ന ഒരാളുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ പറഞ്ഞു, എനിക്ക് അദ്ദേഹത്തെ ഒന്നു കാണണമെന്നുണ്ട്. അന്നെനിക്ക് പതിനെട്ട് വയസ്സാണ്. അങ്ങനെ പഴ്ന്നാനയില്‍ പോയി. മരത്തംകോട് ബസ് ഇറങ്ങി ഒന്നുരണ്ട് കിലോമീറ്റര്‍ നടക്കണം. മൂപ്പരെ അടുത്തു നിന്ന് ഞാന്‍ രിയാളകളൊക്കെ വീട്ടി ത്വരീഖത്ത് സ്വീകരിച്ചു. അന്നു ഞാന്‍ പ്രസംഗിക്കാന്‍ പോകാറുണ്ടായിരുന്നു. പിന്നീട് അദ്ദേഹം എല്ലാ കൊല്ലവും റബീഉല്‍ അവ്വലിന് എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കും. വരവൂര്‍ മസ്താന്‍ തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലമായിരുന്നത്. റബീഉല്‍ അവ്വല്‍ പന്ത്രണ്ട് അടങ്ങുന്ന അഞ്ച് ദിവസത്തിനാണ് പഴുന്നാന മൂപ്പരെന്നെ ക്ഷണിച്ചത്. പന്ത്രണ്ടിന്‍റെയന്ന് രാത്രി രണ്ട് മണിവരെ പ്രസംഗിക്കണമെന്നാണ് നിര്‍ദേശം. ഒമ്പത് മണിക്ക് തുടങ്ങി രണ്ട് മണി വരെ നിന്നു പ്രസംഗിക്കും. അത് കഴിഞ്ഞ് മൂപ്പര് വരും. റസൂലുല്ലാഹി ജനിച്ച സമയത്ത് മൗലിദോതി സുബ്ഹി നിസ്കരിച്ച് എല്ലാവരും പിരിയും. പോകാന്‍ നേരം അദ്ദേഹം എന്നോട്  പറഞ്ഞു: ‘വരവൂര് എന്നൊരാളുണ്ടവിടെ, പോയി ദുആരപ്പിച്ച് വാ…’ ഞാന്‍ പ്രസംഗം കഴിഞ്ഞ് ഒന്ന് കിടന്നാല്‍ മതി എന്ന് വിചാരിക്കുമ്പോഴാണ് മൂപ്പര്‍ ഇത് പറഞ്ഞത്. അങ്ങനെ വരവൂരിന്‍റെ വീട്ടില്‍ ചെന്നു. മഹാനവര്‍കള്‍ കണ്ടപാടേ ‘എന്തേ…’ എന്ന് ചോദിച്ചു. പഴുന്നാന മൂപ്പര്‍ ദുആരപ്പിക്കാന്‍ പറഞ്ഞിട്ട് വന്നതാണ് എന്ന് ഞാന്‍. ‘മൂപ്പര്‍ക്കെന്താണ്?… ഞാന്‍ എന്‍റെ  കാര്യത്തില്‍ തന്നെ ബേജാറായിരിക്കുകയാണ്, ദുആരക്കാനൊന്നും നേരമില്ല’ എന്ന് പറഞ്ഞ് വഴക്കു പറഞ്ഞു. ഞാന്‍ അവിടെതന്നെ നിന്നു. കുറേ കഴിഞ്ഞപ്പോള്‍ ‘ശരി പൊയ്ക്കോ’ എന്ന് പറഞ്ഞു. പിന്നെ പലതവണ അദ്ദേഹത്തെ കണ്ടുമുട്ടി. കൂടുതല്‍ ബന്ധമായി. പിന്നീടൊരിക്കല്‍ എന്നെ കണ്ടപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: നിങ്ങള്‍ പണ്ട് വഅള് പറഞ്ഞപ്പോള്‍ പാടിയ പാട്ടില്ലേ, കണ്ണിനാലെന്‍റെ കരളിനുരുളിയില്‍ എണ്ണ കാച്ചി നൊമ്പരം ഖല്‍ബിലറിഞ്ഞ പളുന്തു നമ്മള്‍ കയറു പൊട്ടി നൊമ്പരം എന്ന് പാടിയില്ലേ. എന്‍റെ കയറ് ഇപ്പോള്‍ പൊട്ടിക്കിടക്കുകയാണ്. വിനയത്തിന്‍റെ വാക്കാണദ്ദേഹം പറഞ്ഞത്. അദ്ദേഹത്തില്‍ നിന്നും ഖാദിരിയ്യ ത്വരീഖത്തിന് വേണ്ട രിയാളകള്‍ വീട്ടി ഇജാസത്ത് സ്വീകരിച്ചു. അസ്മാഉല്‍ ഹുസ്നയുടെ 28 മാസത്തെ രിയാള എനിക്ക് തന്നിരുന്നു. രണ്ട് കൊല്ലവും നാല് മാസവും മുടങ്ങാതെ അത് പൂര്‍ത്തിയാക്കി. ഈ വിവരം അദ്ദേഹത്തെ ധരിപ്പിക്കാന്‍ ചെന്നപ്പോള്‍ അത് വലിയ തൗഫീഖാണെന്ന് പറഞ്ഞു. പിന്നീട് പതിനെട്ട് കൊല്ലത്തിനു ശേഷമാണ് ഇജാസത്ത് കൊടുക്കാനുള്ള സമ്മതം ഞാന്‍ വാങ്ങുന്നത്. ഇജാസത്ത് എന്നാല്‍ കണ്ണുപൊട്ടന്‍റെ കയ്യിലെ വടി പോലെയല്ല. അന്ധന്‍ വടിയെല്ലായിടത്തും കുത്തും.  എന്നാല്‍ ത്വരീഖത്ത് എല്ലാവര്‍ക്കും നല്‍കാന്‍ പാടില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ കൊടുക്കാവൂ.

 

ദര്‍സുകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്നത്തെ മതവിദ്യാര്‍ത്ഥികളോട് എന്താണ് പറയാനുള്ളത്?

ആത്മീയതയിലൂന്നിയ പഠനമാണ് മുതഅല്ലിമുകള്‍ക്ക് വേണ്ടത്. തര്‍ബിയത്ത് വേണ്ട പോലെ കിട്ടാത്തത് കൊണ്ട് പലപ്പോഴും ആത്മീയത കുറയുന്നു. ആത്മീയതയുണ്ടെങ്കിലേ ശരിയായ ഇല്‍മ്  കരസ്ഥമാകൂ. ഭൗതികതയില്‍ അഭിരമിച്ച് ആത്മീയത നഷ്ടപ്പെടുത്താതിരിക്കാന്‍ മതവിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം.

You May Also Like
india and muslims - Malayalam

മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതം

വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത…

● അഭിമുഖം: അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല/ മുസ്തഫ സഖാഫി കാടാമ്പുഴ
Dars in Kerala - Malayalam

കേരളീയ പള്ളിദര്‍സുകള്‍: കാലത്തിന്‍റെ കൂടെ നടന്നവിധം

അറിവും അനുഭൂതിയും കൊണ്ട് ഒരു ജനസമൂഹത്തെ അനുഗ്രഹിച്ച് കടന്നുപോയ കാലത്തിന്‍റെ ബാലന്‍സ് ഷീറ്റാണ് പള്ളിദര്‍സുകള്‍. അരപ്പട്ടിണിയും…

● റൈഹാന്‍ വൃന്ദാവനം
History of Konnar Village - Malayalam

ചരിത്രം തിളങ്ങുന്ന കൊന്നാര് ഗ്രാമം

പഴയ ഏറനാട് താലൂക്കിന്‍റെ ഹൃദയ ഭാഗത്തിലൂടെ നൂറ്റാണ്ടുകളുടെ ചരിത്രവും പേറി പരന്നൊഴുകുന്ന ചാലിയാര്‍. നാലുഭാഗവും കൊന്നമരങ്ങള്‍…

● മുശീര്‍ വിളയില്‍