Jundoor usthad -Malayalam article

ചിന്തോദ്ദീപകമായ ആവിഷ്‌കാരത്തിലൂടെ പ്രവാചക പ്രകീർത്തനത്തിന്റെ അത്ഭുതവശങ്ങൾ തുറന്നിട്ട ദിവ്യാനുരാഗത്തിന്റെ തേജോരൂപമാണ് മർഹൂം കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ. വരണ്ടുണങ്ങിയ ഹൃദയങ്ങളിൽ ജ്ഞാനപ്രഭകൊണ്ട് ഇശ്ഖിന്റെ കുളിർമഴ പെയ്യിച്ച മഹാപ്രതിഭ. മധുരമനോഹരവും ഭാവനാസമ്പന്നവുമായ പ്രകീർത്തന കാവ്യങ്ങൾകൊണ്ട് സാഹിത്യാസ്വാദകരുടെയും നബിസ്‌നേഹികളുടെയും മനംകവർന്ന പണ്ഡിത ശ്രേഷഠർ.

അനുരാഗികളുടേയും പ്രകീർത്തന കാവ്യങ്ങളുടേയും എണ്ണവും വണ്ണവും പരിശോധിക്കുമ്പോൾ മലയാളക്കരയിൽ പിറവിയെടുത്ത നബികീർത്തന കാവ്യങ്ങളിൽ ഉന്നത സ്ഥാനമാണ് കുണ്ടൂർ ഉസ്താദിന്റെ കാവ്യങ്ങൾക്കുള്ളത്. ആസ്വാദകരെ ത്രസിപ്പിക്കുന്ന ഒരനുഭൂതിയാണ് ഉസ്താദിന്റെ കവിതകൾ. സംവേദനത്തിന്റെ ശക്തി, വികാര തീവ്രത, പദവിന്യാസത്തിലെ കൃത്യത, അതുല്യവും മാന്ത്രികവുമായ ഗാനാത്മകത എന്നിവ ആ കവിതകളെ ജ്വലിപ്പിച്ച്‌നിർത്തുന്നു. അറബി കവിതയുടെ അലങ്കാരങ്ങളും പ്രാസഭംഗിയും സംഗീതാത്മകതയും മുഴുവൻ മേളിച്ചതായിരുന്നു ഉസ്താദിന്റെ വരികൾ.

ലാളിത്യവും എളിമയും ഇഷ്ടപ്പെടുന്ന കുണ്ടൂർ ഉസ്താദ് കവിത ജീവിതമാക്കിയ മഹാമനീഷിയായിരുന്നു. നമ്പിടിപറമ്പത്ത് കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടേയും മകനായി 1935-ൽ തിരൂരങ്ങാടിയിലാണ് ജനനം. ചെറുപ്രായത്തിൽതന്നെ കവിതകൾ എഴുതുമായിരുന്നു. അറബി ഭാഷയിലും മലയാളത്തിലും അറബി-മലയാളം സമ്മിശ്രമായും നിരവധി രചനകൾ നടത്തിയിട്ടുണ്ട്. സന്തോഷവും സങ്കടവും ഭക്തിയും ശക്തിയും വഴിഞ്ഞൊഴുകുന്ന ഭാവനാസമ്പന്നമായ കാവ്യശീലുകളാണ് അദ്ദേഹത്തിന്റെ കവിതകൾ. ചരിത്രം, തസ്വവ്വുഫ്, അപദാനം, വിലാപം തുടങ്ങി അദ്ദേഹത്തിന്റെ തൂലികക്ക് വഴങ്ങാത്ത വിഷയങ്ങളില്ല. രചനകളിൽ കൂടുതലും ഹുബ്ബുറസൂൽ കവിതകളാണ്. അവയിൽ പലതും മദീനയിൽ തന്റെ പ്രേമഭാജനമായ തിരുദൂതരുടെ സ്‌നേഹസാന്നിധ്യത്തിൽ രചിച്ചതും.

കുണ്ടൂർ ഉസ്താദിനെ സംബന്ധിച്ചിടത്തോളം പ്രവാചക സ്‌നേഹവും പ്രകീർത്തനങ്ങളും കവിതകളുടെ ഇതിവൃത്തമോ വിഷയമോ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതവും വ്യക്തിപ്രഭാവവും സമീപനവുമെല്ലാം പ്രവാചകർ(സ്വ)യോടുള്ള നിഷ്‌കളങ്കമായ സ്‌നേഹത്തിൽ നിന്നും മുളപൊട്ടിയതായിരുന്നു. സ്‌നേഹം നിറഞ്ഞുതുളുമ്പുന്ന വികാരവിജൃംഭിതമായ ഹൃദയംകൊണ്ടാണ് ഓരോ അനുരാഗ കവിതയും അദ്ദേഹം ആലപിച്ചത്.

പഠനകാലങ്ങളിൽതന്നെ ആധ്യാത്മികത ഏറെ ഇഷ്ടപ്പെട്ടയാളായിരുന്നു കുണ്ടൂർ ഉസ്താദ്. ഇശ്ഖിന്റെയും ദിവ്യാനുരാഗത്തിന്റെയും തീ നാളങ്ങൾ സിരകളിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെ ഭൗതിക മോഹങ്ങളിൽ നിന്നും മനസ്സ് കെട്ടഴിഞ്ഞു. തീവ്രാനുരാഗത്തിന്റെ അഗ്നി ജ്വാലകൾ ഹൃദയത്തെ തൊട്ടുതലോടിയപ്പോൾ അദ്ദേഹത്തിന് നിശ്ശബ്ദനായിരിക്കാൻ സാധിച്ചില്ല. ആ അധരങ്ങളിൽ നിന്നു നറുമണം പരത്തുന്ന കവിതാശകലങ്ങളുടെ പ്രവാഹമായിരുന്നു പിന്നീട്.

 

യാനൂറൽ ഹുദാ അലൈക

അസ്സ്വലാത്തു മഅസ്സലാമി

ഖുദ് ബീ അയ്ദീനാ ഫകുന്നാ

ഫിൽ ഉമൂരിൽ ഹാഇലീനാ…

 

(ഓ, സന്മാർഗ വെളിച്ചമേ, അങ്ങേക്ക് അഭിവാദ്യങ്ങൾ! ആശംസകൾ. ഞങ്ങളുടെ കൈ പിടിക്കൂ. ഞങ്ങൾ പരിഭ്രമത്തിലുഴറുകയാണ്).

പ്രവാചകപ്രേമിയുടെ ഹൃദയത്തിൽ തിരതല്ലുന്ന സ്‌നേഹസാഗരം പലരൂപത്തിൽ ഒഴുകിപ്പരക്കും. അതിനെ വാക്കുകൾ കൊണ്ട് വർണിക്കാനാവില്ല. പണ്ഡിതർ സ്‌നേഹപ്രകടനത്തിന്റെ ധാരാളം മാർഗങ്ങൾ പറഞ്ഞുവെച്ചത് കാണാം. അവിടുത്തെ ജീവിതത്തെ പകർത്തുക, പേര് കേൾക്കുമ്പോൾ ഹൃദയം വിങ്ങുക, കണ്ണുകൾ സജലങ്ങളാവുക, തിരുശരീരം ഒട്ടിനിൽക്കുന്ന വിശുദ്ധമണ്ണ് കാണുമ്പോൾ കോൾമയിർ കൊള്ളുക. ഉസ്താദിന്റെ ജീവിതത്തിൽ ധാരാളമായി ഇത് കാണാനാകും. പച്ചഖുബ്ബക്ക് അഭിവാദ്യമർപ്പിച്ച അദ്ദേഹം ആലപിച്ച വരികൾ ഏറെ പ്രശസ്തമാണ്:

 

വാഹല്ലിൽ ഖുബ്ബതിൽ ഖള്‌റാഇ ഖുബ്ബത്തി

സയ്യിദിൽ കൗനൈനി അഫ്‌ളല

ഖുർറതിൽ അയ്‌നൈനി

ഹുബ്ബൻ വ ശൗഖൻ യാ റഹ്മതൽ ആലമി

ജിഅ്‌നാക സ്വല്ലല്ലാഹ്

അലൈക സല്ലമ നൂറല്ലാഹ്.

 

ആരംഭപൂവായ മുത്ത് നബിയുടെ

റൗളയിൽ വന്നെത്തീ ഞങ്ങൾ

സന്തോഷം കണ്ടെത്തീ…

 

യഥാർത്ഥത്തിൽ വാക്കുകളുടേയും പ്രയോഗങ്ങളുടേയും വശ്യത മാത്രമല്ല ഈ കവിതകളുടെ സൗന്ദര്യം. പ്രത്യുത, പരലക്ഷം പ്രവാചക സ്‌നേഹികളുടെ ഖൽബിലും ചുണ്ടിലും തത്തിക്കളിക്കുന്ന പ്രവാചകാനുരാഗത്തിന്റെ ശ്രേയസ്സാർന്ന സ്തുതിഗീതങ്ങളാണെന്നതുകൂടിയാണ്. വിശ്വാസിഹൃദയങ്ങളിൽ ആനന്ദത്തിന്റെ തേൻമഴ പെയ്യിച്ച ഉന്മാദകവിതകളാണെന്നതാണ് അതിനെ അനശ്വരമാക്കിയത്. പ്രവാചക സ്‌നേഹം തുളുമ്പുന്ന ആ ഹൃദയം വികാരഭരിതമായി ആലപിച്ച ചില വരികളുടെ മാതൃഭാഷാന്തരം ഇങ്ങനെ കുറിക്കാം:

മണ്ണിൽ ചവിട്ടിയവരിൽ അത്യുത്തമരേ

സൃഷ്ടികളിൽ ഏറ്റം ശ്രേഷ്ഠരേ

അങ്ങയുടെ കാറ്റിൽ ഞങ്ങൾ

അമ്പർ മണക്കുന്നു.

കസ്തൂരിയും കർപൂരവും

അങ്ങയിൽ നിന്നും വരുന്ന

സുഗന്ധത്തോളം വരില്ല.

അവിടുത്തെയിൽ നിന്നും

അടിച്ചു വീശുന്നതാണ്

മൂല്യം നിറഞ്ഞത്,

വിലപിടിച്ചത്.

വിശ്വാസികളുടെ അഭയകേന്ദ്രമാണ് മദീനയും പുണ്യറസൂലും. വിശ്വാസം ആദ്യമധ്യാന്തം അവിടെ ബന്ധിതമാണ്. തിരുദൂതരോടുള്ള സ്‌നേഹത്തിൽ തുടങ്ങുന്ന വിശ്വാസവും കർമവും അവിടെ അഭയം തേടുന്ന വിനയത്തിലാണ് ഔന്നത്യം പ്രാപിക്കുക. ആ സന്തോഷത്തിന്റെ വർണനയിലാണ് ഹൃദയസ്പൃക്കായ ഇത്തരം വരികൾ രൂപപ്പെട്ടത്.

 

ഓ നബിയേ,

ഞങ്ങളെത്തിയിരിക്കുന്നു

വാഹനങ്ങൾ നിർത്തിയിരിക്കുന്നു

ഹായ്!

എന്തൊരു കുളിർമ

എന്തൊരുസുഗന്ധം

ജിന്നും ഇൻസും ഈ സുഗന്ധം

ആസ്വദിക്കുന്നു.

ആ നന്മകൾ അനുഭവിക്കുന്നു

വിശ്വാസികൾക്ക് ആശ്വാസ

സങ്കേതമാണിത്.

 

എത്ര ആർദ്രമാണ് ഈ വരികൾ. ഇവയിലെ ഇശ്ഖും സൗന്ദര്യവും ഗാനാത്മകതയും ഏത് ലോക കവിയെയും വെല്ലും വിധത്തിലുള്ളതാണ്.

തന്റെ പ്രേമഭജനമായ തിരുദൂതരുടെ സ്‌നേഹ സാന്നിധ്യത്തിനായി ഉള്ളുരുകി ആശിച്ച ആ അനുരാഗി ഒരിക്കൽ പൂണ്യ റൗളയിൽ ഹുജ്‌റതുശ്ശരീഫയുടെ ചാരത്ത് നിന്ന് പാടിയ വരികൾ ഇങ്ങനെ:

 

ഓ തിരുറൗളാ

എനിക്ക് വിശക്കുന്നു

കഠിനമായി ദാഹിക്കുന്നു

എനിക്ക് കുടിനീർ തരൂ

തിരുസാമീപ്യം കാരണം

എൻ മോഹങ്ങളൊക്കെയും

നിന്നിലാണ്

കരാർ ഏറ്റെടുത്തവർക്ക്

നീ പൂർത്തീകരിക്കുന്നു.

 

ഇങ്ങനെ ഒരുപാട് വരികളിലൂടെ ഹൃദയാന്തരങ്ങളിൽ കുടിയിരിക്കുന്ന പ്രവാചക സ്‌നേഹം അദ്ദേഹം വരച്ച് കാട്ടുന്നു.

ഇങ്ങനെ, ആത്മീയതയുടെ സംഗീതം ജീവിത താളങ്ങളിൽ മുഴുവൻ സൂക്ഷിച്ച ഇശ്ഖിന്റെ ഉപാസകനായിരുന്നു കുണ്ടൂർ ഉസ്താദ്. ആ ഹൃദയത്തിന്റെ തെളിമയും ആത്മാവിന്റെ വിശുദ്ധിയും അതിന്മേലാണ് നിലനിൽക്കുന്നത്. തരളിതാനുഭവങ്ങൾക്ക് താളം പകരുന്നതെന്തും ഉസ്താദിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. പ്രവാചകാനുരാഗികളുടെ സ്‌നേഹമനസ്സുകളിൽ പ്രകീർത്തനത്തിന്റെ സ്വരരാഗസംഗീതമായി ലയിച്ചുകഴിഞ്ഞ ഇമാം ബൂസ്വീരി(റ)യുടെ ബുർദയും മറ്റു പ്രകീർത്തന കാവ്യങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.

ജീവിതത്തിന്റെ ഓരോ നിമിഷത്തിലും തിരുനബി(സ്വ)യെ അനുസ്മരിച്ച് ആ സ്‌നേഹവലയത്തിൽ ലയിച്ചുകഴിഞ്ഞ മഹാത്മാവാണ് കുണ്ടൂർ ഉസ്താദ്. പല സന്ദർഭങ്ങളിൽ ഉസ്താദിന്റെ തൂലികത്തുമ്പിലൂടെ പ്രവാചക പ്രകീർത്തനങ്ങളായി കെൽപുറ്റ നിരവധി സൃഷ്ടികൾ പുറത്ത്‌വന്നിട്ടുണ്ട്. അങ്ങകലെ മദീനാ മുനവ്വറയിൽ അന്തിയുറങ്ങുന്ന സ്‌നേഹറസൂൽ(സ്വ) പരസഹസ്രം വിശ്വാസികളുടെ മനസ്സുകളിൽ പൂർണതേജസ്സോടെ വിരാജിക്കുന്ന ഹൃദയതുടിപ്പാണെന്ന് രചനകളിലൂടെ അദ്ദേഹം സമർത്ഥിച്ചു. ആയുസ്സ് മുഴുവൻ പ്രവാചക പ്രേമത്തിൽ കഴിച്ച്കൂട്ടി. സ്വലാത്തും മൗലിദും ചൊല്ലിച്ചും ബുർദകൾ ആലപിപ്പിച്ചും അതിനായി ജനങ്ങളെ വിളിച്ചുവരുത്തിയും സ്‌നേഹപ്രപഞ്ചത്തിന് പുതുമാനങ്ങൾ തീർത്താണ് ആ മഹാമനീഷി പറന്നകന്നത്.

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര