Chinese Muslims - malayalam

തീവ്രവാദവും രാജ്യസുരക്ഷയും മുൻനിറുത്തി മുസ്‌ലിം വിഭാഗത്തിലെ ഹ്യൂയ്, ഉയ്ഗ്യൂർ വിഭാഗങ്ങൾക്കുമേൽ മുൻവിധിയുടെയും ധാർഷ്ട്യത്തിന്റെയും അധികാരപ്രയോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് കമ്യൂണിസ്റ്റ് ചൈനയിൽ. അക്രമത്തിനും മാറ്റിനിറുത്തലിനും പുറമേ അടിച്ചേൽപ്പിക്കലിന്റെ രാഷ്ട്രീയ ദുരവസ്ഥയും ഒരു മതവിഭാഗത്തിന്റെ പ്രചാരണത്തിനും ആരാധനാകർമങ്ങൾക്കും വിലങ്ങുതടിയായി നിൽക്കുന്നു. അധഃസ്ഥിത വിഭാഗങ്ങളുടെ രക്ഷകരായി അവതരിക്കാറുള്ള കമ്മ്യൂണിസ്റ്റ് ദർശനങ്ങൾക്ക് നേർവിപരീതമാണിപ്പോൾ ഇവിടെയെങ്ങും ദർശിക്കാനാവുന്നത്. ഹ്യൂമൻ റൈറ്റ്‌സ് വാച്ചടക്കമുള്ള ഏജൻസികൾ നിഷ്ഠൂരമായ ഈ ചെയ്തിയെ വിമർശിക്കുന്നുവെങ്കിലും ചൈന ഔദ്യോഗികമായി ഇതിനോട് പ്രതികരിക്കാൻ തയ്യാറാകുന്നില്ല.

ഇസ്‌ലാം എപ്പോഴാണ് ചൈനയിലേക്ക് എത്തിയത് എന്നതിൽ ഭിന്നാഭിപ്രായമുണ്ട്. ദക്ഷിണ ചൈനയുടെ ഭാഗമായ ഗുവാങ്യോയിൽ സ്ഥിതിചെയ്യുന്ന പള്ളിയുടെ മുകളിൽ കുറിക്കപ്പെട്ടത് ഏഴാം നൂറ്റാണ്ടിലാണ്  ഈ പള്ളി നിർമിക്കപ്പെട്ടതെന്നാണ്. ചൈനയിലെ ആദ്യത്തെ പള്ളിയായി കണക്കാക്കപ്പെടുന്ന ഇതിൽ നിന്നു കിട്ടുന്ന വിവരങ്ങളനുസരിച്ച് ക്രിസ്താബ്ദം 622-ലാണ് ഇസ്‌ലാം രാജ്യത്തെത്തുന്നത്. ഏതാണ്ട് ഈ കാലഘട്ടത്തിൽ തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അറബികളായ മുസ്‌ലിംകൾ മതപ്രബോധനത്തിനുവേണ്ടി വ്യാപകമായി കടന്നുചെല്ലുന്നത്. അപ്പോൾ ചൈനയിൽ നിലവിലുണ്ടായിരുന്ന പ്രധാന മതം ബുദ്ധമതമായിരുന്നു.

മറ്റൊരു കണ്ടെത്തൽ പ്രകാരം ഇവിടേക്ക് ഇസ്‌ലാമിന്റെ  പ്രവേശം ഉണ്ടാകുന്നത് ഖലീഫ ഉസ്മാൻ(റ)ന്റെ കാലത്താണ്. സ്വഹാബീ പ്രമുഖനായ സഅ്ദുബ്‌നു അബീവഖാസ്(റ)ന്റെ നേതൃത്വത്തിൽ ക്രിസ്താബ്ദം 651-ലാണ് ഇസ്‌ലാമിന്റെ സന്ദേശമെത്തുന്നത്. ടാൻഗ് ഭരണത്തിനു കീഴിലെ ഗയോസോങ് പ്രബോധിത സംഘത്തെ സ്വീകരിച്ചു. കാന്റോണിൽ മുഹമ്മദ് നബി(സ്വ)യുടെ ഓർമകൾക്ക് വേണ്ടി ഗയോസാങ് അന്ന് രാജ്യത്തെ ആദ്യ മുസ്‌ലിംപള്ളി നിർമിച്ചു. പിന്നീട് അറബികളും പേർഷ്യക്കാരുമെല്ലാം വ്യത്യസ്ത കാലങ്ങളിലായി വ്യാപാരവ്യവസായങ്ങളിലേർപ്പെട്ടതിലൂടെ മുസ്‌ലിംകളുടെ എണ്ണവും സ്വാധീനവും വർധിച്ചുവന്നു.

അറബികളെയും പേർഷ്യക്കാരെയും ചൈനക്കാരെയും പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് സിൽക്ക് റൂട്ടാണ്. ബി.സി 40-ൽ ഇസ്‌ലാമിന്റെ പ്രചാരത്തിന് മുമ്പ്തന്നെ ഇവർക്കിടയിൽ കച്ചവട ബന്ധം നിലനിന്നിരുന്നു. ചൈനീസ് സിൽക്ക് കച്ചവടക്കാർക്കിടയിൽ പ്രിയമേറിയതായതിനാൽ അതു തേടി സിൽക്ക് റൂട്ടിലൂടെ പല സംഘങ്ങളുമെത്തി. ഈ പാതകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് കേവലം കച്ചവട ചരക്കുകൾ മാത്രമായിരുന്നില്ല, സാങ്കേതിക വിദ്യകൾ, മതങ്ങൾ, തത്ത്വങ്ങൾ, ശാസ്ത്ര വിവരങ്ങൾ അങ്ങനെ ഒട്ടവധി സംഭാവനകൾ.

വിദേശ മുസ്‌ലിം ചിട്ടകൾ ഇവിടത്തെ മുസ്‌ലിംകളെയും സ്വാധീനിച്ചിട്ടുണ്ട്. ധാർമികവും സാമൂഹികവുമായി ഏറെ മെച്ചപ്പെട്ടുനിൽക്കുന്ന വിഭാഗങ്ങൾ ചൈനീസ് മുസ്‌ലിംകൾക്കിടയിലുണ്ട്. ഇവർ ചൈനക്കാരിൽനിന്നു വ്യത്യസ്തമായ ഒരുപാട് മാറ്റങ്ങൾ പള്ളികളിലും ഭക്ഷണരീതികളിലുമെല്ലാം പകർത്തുകയുണ്ടായി. പാവപ്പെട്ടവരാണെങ്കിലും അവർക്കിടയിൽ പാരമ്പര്യ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങൾ മുസ്‌ലിം രാഷ്ട്രങ്ങളിലേതിനു സമാനമായിരുന്നു. 9/11 ശേഷം മാത്രമാണ് ഇതൊക്കെയും സംശയത്തിന്റെ മുനയിലേക്ക് വലിച്ചെറിയപ്പെടാൻ തുടങ്ങിയത്. സർക്കാറിന്റെ നിലപാടുകളുടെ കാർക്കശ്യം കൂടുന്നതിനനുസരിച്ച് അവർക്ക് ചൂണ്ടിക്കാണിക്കാനുള്ള കാരണങ്ങളും ലോകാടിസ്ഥാനത്തിൽ ഇസ്‌ലാമിനെതിരെ രൂപപ്പെട്ടുവന്നു. ഈ പ്രത്യാഘാതത്തിൽ നിന്നും തടിയൂരാൻ മാത്രം ശക്തമല്ലാത്തതിനാൽ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകൾക്ക് വിധിയെ സ്വീകരിക്കാനേ കഴിഞ്ഞുള്ളു.

ഹ്യൂയ് മുസ്‌ലിംകളിൽ പലർക്കും തങ്ങൾ മതത്തിന്റെ ഭാഗമാണെന്നു പോലും തിരിച്ചറിവില്ലായിരുന്നു. നമ്മുടെ രാജ്യങ്ങളിലേത് പോലെ എല്ലാത്തിനും മതവും ജാതിയും തിരയുന്ന സമ്പ്രദായമില്ലാത്തത്‌കൊണ്ട് പലർരെയും തങ്ങളുടെ മതമേതെന്ന ചിന്ത അലട്ടിയിരുന്നില്ല. മുസ്‌ലിമാണെന്നതിനപ്പുറം മതത്തെക്കുറിച്ച് ആഴത്തിലുള്ള ജ്ഞാനം അവർക്കില്ല. ഉദ്ഗ്യൂർ മുസ്‌ലിംകളെ കൂടുതലായും സ്വാധീനിച്ചതും അവർ നിലനിറുത്തിപോരുന്നതും തുർക്കിയിൽ നിന്നും ചില മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നും ലഭ്യമായ വിശ്വാസങ്ങളും ആചാരങ്ങളുമാണ്. മുസ്‌ലിം സ്ത്രീകൾ നഗരങ്ങളിലെത്തുമ്പോൾ മുഖാവരണം ധരിക്കുന്നത് ഇതിന് ഉദാഹരമാണ്.

 

ഉദ്ഗ്യൂർ മുസ്‌ലിംകൾക്കെതിരെ

ചൈനയിൽ കഴിഞ്ഞ 20 വർഷത്തിനിടക്ക് സംഘടിതമായ നിരവധി സാമ്പത്തിക ഉന്നമന പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നു. വലിയ സുരക്ഷാക്രമീകരണങ്ങൾക്കുള്ള ഉദ്യമങ്ങളുമുണ്ടായി. തീക്ഷ്ണമായ തോതിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെട്ടു. എന്നാൽ വർഗീയമായി മുസ്‌ലിം സമൂഹത്തെ അരികുവൽക്കരിച്ചാണ് ഇവയൊക്കെയുമെന്നതിനാൽ ഇതേ കാലയളവിൽ ജനങ്ങൾക്കിടയിലെ ഐക്യം, സാഹോദര്യം തുടങ്ങി മാനവിക മൂല്യങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് സിയാങിലെ മുസ്‌ലിംകൾ. ചൈനീസ് ഭരണഘടനയുടെ ചാപ്റ്റർ 2-ൽ 36-ാം ആർട്ടിക്കിൾ പറയുന്ന മതപരമായ എല്ലാ അവകാശങ്ങളും ഉദ്ഗ്യൂർ മുസ്‌ലിംകൾക്ക് ഹനിക്കപ്പെട്ടിരിക്കുന്നു. 1990-ന് ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മുസ്‌ലിം വിഭാഗങ്ങളെ രാജ്യത്തിന് വൻതോതിൽ ഭീഷണിയാണെന്ന തരത്തിൽ ചിത്രീകരിച്ചത് കാണാം. 2014 മുതൽ ഭീകരവാദത്തിനെതിരെയെന്ന വ്യാജേന ക്യാമ്പയിൻ രാജ്യത്ത് നടന്നുവരുന്നുണ്ട്. ഇസ്‌ലാമിക വേഷവിധാനങ്ങൾ ധരിക്കുന്നവർ ഭീകരവാദികളാണെന്ന് പറയുമ്പോൾ തന്നെ രാജ്യത്ത് മറ്റുള്ളവർ സ്വീകരിക്കുന്ന വേഷങ്ങൾക്ക് അംഗീകാരം നൽകുന്നു. ഇങ്ങനെ മുസ്‌ലിംകളുടെ ഓരോ ചലനത്തിലും ഭീകരത കണ്ടെത്തുകയാണ് സർക്കാർ.

 

ആരാണ് ഹ്യൂയ് മുസ്‌ലിംകൾ

ചൈനയിൽ 25 മില്യൻ മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ ഹ്യൂയ് മുസ്‌ലിംകളാണ്. നിലവിൽ പത്തു മില്യനോളം വരും അവർ. ഇവർക്ക് സാധാരണക്കാരായ ഇവിടുത്തെ ഹാൻ വിഭാഗക്കാരോട് പല കാര്യങ്ങളിലും സാദൃശ്യം കാണാം. രണ്ടു കൂട്ടരും സംസാരിക്കുന്നത് മാൻഡരിൻ ഭാഷയാണ്. പരസ്പര വിദ്വേഷമോ വൈരാഗ്യമോ ഇല്ലാതെ സഹകരിച്ചുപോന്നിരുന്ന ഇവർക്കിടയിൽ പൊടുന്നനെയാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാറ്റിനിറുത്തപ്പെട്ടത്. ഗവൺമെന്റിന്റെ ഉത്തരവുകളിലൂടെ ഇവിടുത്തെ പള്ളികൾ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നു. കഴിയാത്തിടങ്ങളിൽ മിനാരങ്ങളെങ്കിലും തകർക്കുന്നു. മതവിദ്യാഭ്യാസം തടയുന്നതിന് സമാധാനപരമായി നടത്തപ്പെടുന്ന മദ്‌റസകളും അടച്ചു പൂട്ടി. അറബി ഭാഷ പഠിക്കുന്നതിൽ അപകടമുണ്ടെന്ന് വരുത്തിത്തീർത്ത് സംസാരിക്കുന്നതും പഠിക്കുന്നതും പഠിപ്പിക്കുന്നതും നിരോധിച്ചു. ഇതൊക്കെയും നടക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ’ പ്രഖ്യാപിച്ച ശെിശരശ്വല ൃലഹശഴശീി എന്ന പദ്ധതിയുടെ ഭാഗമായാണ്.

മുസ്‌ലിം ഉന്മൂലനത്തിന് മുഖ്യമായും ചൈനീസ് സർക്കാർ കണ്ടുവച്ച മാർഗം പള്ളികൾ തകർക്കുകയും മതത്തിന്റെ സാമൂഹിക-ആരാധനാക്രമം ഇല്ലാതാക്കുകയും ചെയ്യുകയെന്നതാണ്. വെഴ്യൂവിലെ ഗ്രാന്റ് മസ്ജിദ് ഇത്തരത്തിൽ ചൈനീസ് സർക്കാർ കണ്ണുവച്ചിരിക്കുന്ന, മുസ്‌ലിംകൾ ധാരാളമായി ഉപയോഗപ്പെടുത്തുന്ന ആരാധനാലയമാണ്. ചൈനീസ് വിപ്ലവ കാലത്ത് നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. ഇവിടുത്തെ ലോക്കൽ അതോറിറ്റി ഇപ്പോൾ നിലവിലുള്ള പള്ളികളെല്ലാം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരിക്കുന്നു. നിർമിച്ച പള്ളികൾക്കൊന്നും രാജ്യത്ത് നിയമ സാധുതയില്ലെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഓഗസ്ത് 10-നായിരുന്നു വിപുലമായ സംഘാടനത്തോടെ ഇവിടുത്തെ മുസ്‌ലിംകൾ സർക്കാറിന്റെ ഈ തീരുമാനത്തിനെതിരെ സമരം നടത്തിയത്. അതിന്റെ ഫലമായി ഉത്തരവ് താൽക്കാലികമായി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഹാൻ വിഭാഗങ്ങൾ ഒരിക്കലും ഹ്യൂ മുസ്‌ലിംകളെ പരിഗണിക്കാത്തവിധം അവർക്കിടയിൽ ദുഷ്പ്രചാരണത്തിന്റെ വേലിക്കെട്ടുകൾ സ്ഥാപിച്ചുകഴിഞ്ഞു. മുമ്പ് ഏറെ സൗഹൃദത്തിൽ ജീവിച്ചവരാണ് ഈ വിഭാഗങ്ങളെന്നതോർക്കുക.

 

ചൈനയിലെ ന്യൂനപക്ഷങ്ങൾ

ചൈനയിൽ മാത്രമായി 56-ഓളം ന്യൂനപക്ഷ വിഭാഗങ്ങളെ കാണാം. ഹ്യൂയ്, ഉയ്ഗ്യൂർ വിഭാഗത്തിൽ 1.5 ബില്യണിൽ കൂടുതലായി മുസ്‌ലിംകളുണ്ട്. ഇവരെക്കൂടാതെ കഴക്‌സ്, താജിക്, കിർഗിസ്, ഉസ്‌ബെക്ക്, തർതാർ, ഡോങ്‌സിയങ്, ബോണൻ തുടങ്ങിയ വിഭാഗങ്ങളിലെ മുസ്‌ലിംകളും ഇവിടെയുണ്ട്. ഇതിൽ താജിക് (ശിയാ) വിഭാഗങ്ങളൊഴിച്ചുള്ളതെല്ലാം സുന്നികളാണ്. ഇവർ കൂടുതലായും വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് മേഖയിലാണുള്ളത്. 2010-ലെ സെൻസസ് പ്രകാരം ചൈനയിൽ 8.49 ന്യൂനപക്ഷങ്ങളുണ്ട്. ഇസ്‌ലാമിന്റെ ആവിർഭാവം മുതൽക്കേ ഇവരുടെ കുലത്തൊഴിൽ പ്രകൃതിയോടിണങ്ങിയുള്ള കൃഷികളാണ്. അരി, ഗോതമ്പ്, പരുത്തി പോലുള്ള വിളകളാണ് ഇവർ പ്രധാനമായും സംഭാവന ചെയ്യുന്നത്. ചൈനയുടെ തെക്ക്-വടക്ക് ചേർന്നുള്ള പടിഞ്ഞാറൻ മേഖലയിൽ ന്യൂനപക്ഷങ്ങൾക്കു സ്വാധീനമുണ്ട്. കിഴക്ക് ബെയ്ജിങ്, എക്‌സി പോലുള്ള സുപ്രധാന നഗരങ്ങളിൽ മുസ്‌ലിം സ്വാധീനം കാണാം. രാജ്യത്തുനിന്നുതന്നെ വിവാഹം ചെയ്യുന്നതാണ് ഇവിടുത്തെ പരമ്പരാഗത മുസ്‌ലിം രീതി.

ചൈനയുടെ വളർച്ചയ്ക്ക് അതിശയകരമായ സംഭാവനകൾ നൽകാൻ മുസ്‌ലിംകൾക്ക് സാധിച്ചിട്ടുണ്ട്. 1300 വർഷത്തോളമായി മുസ്‌ലിംകൾ ചൈനയുടെ ഭാഗമാണ്. വളരെ സംശുദ്ധവും സുന്ദരവുമായി പ്രദേശത്തെ ഹാൻ വിഭാഗങ്ങളോട് ഇടപഴകാൻ അവർക്ക് സാധിച്ചു. വ്യത്യസ്ത മേഖലകളിൽ തങ്ങളുടേതായ സംഭാവനകൾ എക്കാലവും ചൈനീസ് മുസ്‌ലിംകൾ നൽകിയിട്ടുണ്ട്. മരുന്ന്, ഗണിതം, ജ്യോതിശാസ്ത്രം, നിർമാണവിദ്യ, ശാസ്ത്രസാങ്കേതികത തുടങ്ങി എല്ലാ മേഖലകളിലും മുസ്‌ലിംകളുടെ ഇടപെടലുകളുണ്ടായി. വ്യതിരിക്തമായ പാരമ്പര്യം, സംസ്‌കാരം, ഭാഷ തുടങ്ങിയവ ഉദ്ഗ്യൂർ മുസ്‌ലികൾക്കിടയിലുണ്ട്. ഈ വിഭാഗം ചൈനയിലേക്കെത്തുന്നത് തുർക്കിയിൽ നിന്നാണ്. ഇവർ കൂടുതലായും വടക്ക്-പടിഞ്ഞാറൻ പ്രവിശ്യ ഉൾക്കൊള്ളുന്ന ക്‌സിന്ജാങിലാണുള്ളത്.

 

ചൈനയും മതങ്ങളും

ചൈനയിൽ ഏതുകാലത്തും മതവും രാഷ്ട്രീയവും തമ്മിൽ കലഹിച്ചുതന്നെയായിരുന്നു. മതവിഭാഗങ്ങളുമായി നിസ്സഹകരിക്കാനും അവരുടെ മൂല്യങ്ങൾക്കുമേൽ കരിവാരിത്തേക്കാനും ‘ഭരണാധികാരികൾ മറക്കാറില്ല. മതം ജനങ്ങളെ മയക്കുന്ന കറുപ്പാണെന്ന ചിന്ത എപ്പോഴും അധികാരവർഗത്തെ ഭരിച്ചിരുന്നു. 1949-ൽ റിപ്പബ്ലിക്കിന് ശേഷമുള്ള ചൈനയെ മാത്രം നിരീക്ഷിച്ചാൽപോലും ഇതിനപവാദമായൊന്ന് കാണാനാവില്ല. മതവിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന ചെറിയ മുന്നേറ്റങ്ങളെപോലും തടയിടാൻ നിരവധി പദ്ധതികളാവിഷ്‌കരിച്ചു. മതനേതാക്കൾക്കും മതവിഭാഗങ്ങൾക്കുമുള്ള ഭൂമിയും വസ്തുവകകളുമെല്ലാം ദേശീയവത്കരിച്ചു.

1966-1978 കാലയളവിൽ മതങ്ങളോടുള്ള കർക്കശ നിലപാടിന് ചെറിയ മാറ്റംവരുത്താൻ തീരുമാനമുണ്ടായി. ഇതിന്റെ ഫലമായി ഹജ്ജ്, മറ്റു തീർത്ഥാടനങ്ങൾ എല്ലാം കൃത്യമായി നടന്നു. സർക്കാറിന്റെ നിയന്ത്രണങ്ങൾ വന്നതോടെ മുസ്‌ലിം വിഭാഗങ്ങളിൽ ഇസ്‌ലാമിനെ ശക്തിപ്പെടുത്താനും പ്രബോധന മേഖലയെ സജ്ജമാക്കാനുമുള്ള ചില ശ്രമങ്ങൾ നടക്കുകയുണ്ടായി. ഇത് നിരീക്ഷിക്കപ്പെട്ടു. നോമ്പെടുക്കുന്നതിനുവരെ സർവകലാശാലകളിലും മറ്റു വിദ്യാലയങ്ങളിലും വിലക്കേർപ്പെടുത്തി. വഹാബിസം ചിലയിടങ്ങളെ തൊട്ടുരുമ്മിയതായുള്ള തെളിവുകൾ സർക്കാർ പുറത്തുവിട്ടു. ലോകത്തെല്ലായിടത്തുമെന്നതു പോലെ അതോടെ ഇസ്‌ലാം തീവ്രവാദവും ഭീകരതയുമായി അധികാരികൾ ഉറപ്പിച്ചു. പിന്നീടൊരിക്കലും നിലപാടുകളിൽ ഇളവുനൽകാൻ മാറിവന്ന അധികാരി വൃന്ദം സമ്മതിച്ചില്ല.

1980 മുതലുള്ള സർക്കാറുകൾ മതവിഭാഗങ്ങളെ നിലക്കുനിറുത്താൻ കൂടുതൽ കാർക്കശ്യമുള്ള പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടേയിരുന്നു. മതങ്ങൾക്ക് പൂർണമായി വിലക്കില്ലെങ്കിലും വ്യക്തികൾക്കപ്പുറത്തേക്ക് കൈമാറ്റം ചെയ്യാൻ അനുവദിക്കാത്തവിധമുള്ള നിലപാടുകളാണിപ്പോഴും സ്വീകരിച്ചുപോരുന്നത്. എല്ലാ മതവിഭാഗങ്ങളും മതകാര്യങ്ങൾക്കപ്പുറത്ത് രാജ്യത്തിന്റെ വികസനത്തിനും രാഷ്ട്രീയ ചിന്തകൾക്കും സംഭാവന ചെയ്യുന്നവരായിരിക്കണമെന്ന നയമാണ് ഇവിടെയുള്ളത്. മതങ്ങൾ രാജ്യത്തിന്റെ വികസനത്തിനും ഐക്യത്തിനും ഭീഷണിയാണെന്ന ധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടന്നു. ഒരുകാലത്ത് സൂഫിചിന്തകന്മാർക്കും അവർ വഴി പാരമ്പര്യ ഇസ്‌ലാമിന്റെ നിലപാടുശാസ്ത്രത്തിനും ആഴത്തിലുള്ള കെട്ടുറപ്പുണ്ടായിരുന്ന ഇടങ്ങളെല്ലാം വേരോടെ പിഴുതെടുക്കാൻ പാകത്തിലേക്ക് ചിന്താമണ്ഡലങ്ങൾ രൂപപ്പെട്ടു. വർഷാവർഷങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടിവരുന്നതും ആരാധനാലയങ്ങൾ പരിശോധിക്കുന്നതും ഇതിന്റെ ഭാഗമായുണ്ടായതാണ്. മതങ്ങളുടെ പേരിൽ ഒരുമിച്ചുകൂടുന്നത് സുരക്ഷാ ഭീഷണിയായും രാജ്യത്തിന്റെയും സാമൂഹികമായ ചുറ്റുപാടുകളുടെയും സന്തുലിതാവസ്ഥയ്ക്ക് കോട്ടംതട്ടിക്കുന്നതാണെന്നും ഇവർ പ്രചരിപ്പിക്കുന്നു. അംഗീകാരം നേടിയ മദ്‌റസകളും മറ്റു മതപഠന കേന്ദ്രങ്ങളുമെല്ലാംതന്നെ സർക്കാറിന്റെ പോളിസിക്ക് അനുഗുണമല്ലാത്തതൊന്നും പഠിപ്പിക്കാൻ പാടില്ലെന്ന നിയമവും നിലവിലുണ്ട്.

ചൈന പേടിക്കുന്നതും അതിനെ തടയിടാൻ സ്വീകരിക്കുന്ന നിലപാടുകളും പലപ്പോഴും അബദ്ധമായി ഭവിക്കുകയാണ്. പ്രസവിക്കുന്നതിനുവരെ അതിർവരമ്പുകൾ നിശ്ചയിക്കുന്ന ഇക്കാലത്ത് രാഷ്ട്രീയ ലക്ഷ്യങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായി രൂപപ്പെടുന്നതാണ് മതങ്ങളോടും രാഷ്ട്രീയേതര പ്രസ്ഥാനങ്ങളോടുമുള്ള തൊട്ടുകൂടായ്മ. ചൈനയുടെ സാമ്പത്തിക വളർച്ച ലോകത്തെ അമ്പരപ്പിക്കുമ്പോഴും വൈവിധ്യമാർന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ രൂപപ്പെടുത്തുമ്പോഴും ആത്മീയവും വിശ്വാസപരവുമായ കാര്യങ്ങളിലുള്ള വർഗീകരണം രാജ്യത്തിന്റെ മുഖമുദ്രയാവുകയാണ്. പാമരനും കുബേരനും അഭ്യസ്തവിദ്യരും നിരക്ഷരരും തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത തട്ടുകളിൽ ചൈനയിൽ വിവേചനം മുഴച്ചുനിൽക്കുന്നുണ്ട്. അതിനു പുറമെയാണ് മതവും രാഷ്ട്രീയവും തമ്മിൽ കലഹിക്കേണ്ടതാണെന്ന സന്ദേശം കൂടി നൽകുന്നത്.

മുസ്‌ലിംകളോടുള്ള മ്ലേഛമായ ബന്ധത്തിനിടയിൽ ലോകത്തിനുമുന്നിൽ നല്ലപിള്ള ചമയാനുള്ള ചൈനയുടെ ശ്രമങ്ങൾ പരാജയപ്പെടുന്നത് കാണാം. ഉദ്ഗ്യൂർ മുസ്‌ലിംകൾതന്നെയാണ് ഒന്നാമത്തെ വൈരുദ്ധ്യം. ലോകമനസ്സാക്ഷിയുടെ മൊത്തം സഹതാപം ഏറ്റുവാങ്ങിയ ഇവർക്ക് രാജ്യത്തുനിന്നും വേർപിരിക്കലിന്റെ രാഷ്ട്രീയ ദുരവസ്ഥ പേറേണ്ടിവരുന്നു. നിരന്തരമായ കുപ്രചാരങ്ങൾ അഴിച്ചുവിട്ട് ലോകഭീകരവാദത്തിന്റെ മുഖമായി അവരെ ചിത്രീകരിക്കാൻ കൃത്യമായ രൂപരേഖ തയ്യാറാക്കിയിട്ടുമുണ്ട് സർക്കാർ.

രണ്ടാമതായി എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ളതാണ്. എല്ലാ മുസ്‌ലിം രാജ്യങ്ങളുമായും മികച്ചബന്ധം സൂക്ഷിക്കാൻ ചൈന ഇഷ്ടപ്പെടുന്നില്ല. ലോകരാജ്യങ്ങൾക്കിടയിൽ നേതാവാകാനുള്ള അവസരത്തിനായി മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം ഒരു പരിധിവരെ സൂക്ഷിക്കുന്നുവെങ്കിലും സ്വന്തം രാജ്യത്തിന്റെ അധികാര പരിധിയിൽ അവരുടെ മതത്തിന്റെ കാഴ്ചപ്പാടുകളെ ചവിട്ടിമെതിക്കുന്നു.

തിബറ്റൻ വിഷയങ്ങളിൽ എടുക്കുന്ന ഏകപക്ഷീയമായ നിലപാടുകൾപോലെതന്നെ ഉദ്ഗ്യൂർ വിഷയത്തിലും ചൈനയുടേത്. റോഹിംഗ്യൻ മുസ്‌ലിംപീഡന വാർത്തകൾ പുറംലോകമറിയാതിരിക്കാൻ മ്യാന്മറിലെ ഭരണകൂടത്തിന്‌പോലും ഒരളവോളം സാധിച്ചിട്ടുണ്ടെന്നതിനാൽ എല്ലാ ശക്തികളുമുള്ള ചൈനയിൽ മുസ്‌ലിംകൾ അനുഭവിക്കുന്ന പീഡനങ്ങളുടെ കഥകൾ പുറത്തെത്തുകയില്ലെന്ന് ഉറപ്പാണ്. യു.എൻ പോലുള്ള അന്താരാഷ്ട്ര-മനുഷ്യാവകാശ സംഘടനകളുടെ ബാധ്യതയാണ് ചൈനീസ് മുസ്‌ലിം ദുരിതങ്ങൾ പരിഹരിക്കുന്നതും അവരുടെ വാർത്തകൾ പുറത്തുകൊണ്ടുവരുന്നതും. വിവേചനങ്ങൾക്കടിമപ്പെട്ട് വിദ്യാഭ്യാസ മേഖലയിൽപോലും പുറംതള്ളപ്പെടുന്ന അവർ അധികാരദുർമോഹികളുടെ അക്രമവാഴ്ചയിൽ നിസ്സഹായരായി നിൽക്കുകയാണ്.

വിവേചനങ്ങൾ

മറ്റു ജനങ്ങളെ പോലെ ഇവിടെ മുസ്‌ലിംകളെ പരിഗണിക്കാൻ കഴിയില്ലെന്ന മാനസികാവസ്ഥ എല്ലാവരിലും വ്യാപിപ്പിക്കാൻ ഗവൺമെന്റിനു കഴിഞ്ഞിരിക്കുന്നു. മുസ്‌ലിംകൾ വേറിട്ടവരായി തോന്നിക്കുന്ന വികസനങ്ങളും പദ്ധതികളുമാണ് ജനങ്ങൾക്കുവേണ്ടിയെന്ന രീതിയിൽ പ്രഖ്യാപിക്കുന്നതെല്ലാം. ഒരു മതത്തിനും പ്രത്യേക വാത്സല്യം നൽകാൻ തയ്യാറല്ലെങ്കിലും മുസ്‌ലിംകളോട് കാർക്കശ്യം കൂടുതലായി കൊണ്ടുനടക്കുന്നു. മുസ്‌ലിംകൾ നൂറ്റാണ്ടുകളായി ഇവിടെയുണ്ടെങ്കിലും ചരിത്രത്തിലെവിടെയും രാജ്യത്തിനെതിരായ എന്തെങ്കിലും പ്രവൃത്തികൾ അവർ ചെയ്തതായി രേഖകളിലില്ല. എന്നിട്ടും അവഗണനയും ദുരിതങ്ങളും ബാക്കി!

മുസ്‌ലിംകൾ എവിടെ ജീവിക്കുമ്പോഴും സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നവരാണ്. എന്നാൽ മറ്റു മതങ്ങളിൽനിന്നും വ്യതിരിക്തമായുള്ള ഭക്ഷണരീതിയും വസ്ത്രധാരണയും ഇടപെടലുമെല്ലാം ചൈനയിലെ മുസ്‌ലിംകൾക്ക് നിഷേധിക്കുകയാണ് അധികാരികൾ. ഇതിന്റെ ഭാഗമായി ഇസ്‌ലാം നിരോധിക്കുന്ന ഭക്ഷണ രീതികൾ നിർബന്ധമായി പിന്തുടരേണ്ടിവരുന്നു. പാമ്പിനെയും പന്നിയെയും വിദ്യാലയങ്ങളിൽ നിന്നു കഴിക്കേണ്ടിവരുന്നു. ഉദ്യോഗതലങ്ങളിലെ നിയമനവും വിവേചനപൂർവമാണ്. ഐഡന്റിറ്റിപോലും മറച്ചുവച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങേണ്ടിവരുന്നു. സ്വസമുദായത്തിൽ നിന്നുള്ളവർക്കുമുമ്പിൽ മാത്രമാണ് മുസ്‌ലിം നാമങ്ങളിൽ പരസ്പരം വിളിക്കുക. പൊതുസമൂഹത്തിനു മുമ്പിൽ എപ്പോഴും ചൈനീസ് പേരുകൾ സ്വീകരിക്കേണ്ടിവരുന്നു. രണ്ട് ഐഡന്റിററിയുള്ള അപൂർവം പൗരന്മാരാണിവർ. നോമ്പെടുക്കുന്നതിനു പോലും സർക്കാർ വിലക്കുണ്ട്.

 

രാഷ്ട്രീയം അഭ്യസിപ്പിക്കാനുള്ള ക്യാമ്പുകൾ

2016-ലെ സാനിസിസ് മതനയം കൊണ്ടുവരുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇതനുസരിച്ച് രാജ്യത്തെ എല്ലാ മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം ചൈനയുടെ സംസ്‌കാരം, ദേശീയത ഇവയുടെ അടിയിലേ വരൂ. സർക്കാരിന്റെ ഉത്തരവിനനുസരിച്ചായിരിക്കും മതങ്ങളുടെ പ്രവർത്തനങ്ങളും വിശ്വാസങ്ങളും. മതപരമായ ആശയങ്ങളിൽ നിന്ന് ഭീഷണി നേരിടുമോയെന്ന അസ്ഥാനത്തുള്ള ഭയം കാരണം മതകീയ പ്രവർത്തനങ്ങളിൽ വ്യാപൃതരായവർ രാജ്യത്തിന് ഭീഷണിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്.’സിൻജിയാങിലെ നിരവധിയിടങ്ങളിൽ ചൈനീസ് പ്രത്യയശാസ്ത്രം തിരുകിക്കയറ്റുന്നതിന് ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതാണല്ലോ പുതിയ വാർത്ത. തൊഴിൽ പരിശീലനമെന്ന് ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയ ഈ ക്യാമ്പുകൾ തനിപീഡന കേന്ദ്രങ്ങളാണെന്ന വാർത്തകൾ പുറത്തുവന്നുതുടങ്ങിയിരിക്കുന്നു. 12 മുതൽ 65 വയസ്സ് വരെയുള്ളവരുടെ രക്തസാമ്പിളുകളടക്കമുള്ള വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. സ്വകാര്യതയിലേക്ക് വരെ എത്തിനോക്കാനുള്ള നിയമ നടപടികൾ മുസ്‌ലിംകളെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തി സാധിച്ചെടുക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വായ മൂടിക്കെട്ടിയാണ് ഇത് നടപ്പാക്കുന്നത്.

പുറംലോകം അറിഞ്ഞതിന്റെ എത്രയോ മടങ്ങ് ചൈനയിലെ മുസ്‌ലിംകൾ ഇതിനോടകം അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി അനുഭവിക്കാനുമിരിക്കുന്നു. ഈ നൂറ്റാണ്ടിൽ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന കമ്മ്യൂണിസം അതിന്റെ അന്ത്യത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടിരിക്കുകയാണെന്നു വ്യക്തം.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…