മനുഷ്യനെ ആത്മീയമായി ഉന്നതിയിലെത്തിക്കാനുള്ള വിശുദ്ധരുടെ മാര്‍ഗമാണല്ലോ ത്വരീഖത്ത്. യോഗ്യനായൊരു ശൈഖിനെയാണ് പിന്തുടരേണ്ടത്. ആ യോഗ്യതകള്‍ എന്തെല്ലാമാണെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ യോഗ്യരല്ലാത്തവര്‍ ശൈഖായി ചമയുകയും വ്യാജ ത്വരീഖത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും അപൂര്‍വമല്ല. അത്തരത്തിലൊന്നാണ് കൊരൂര്‍ ശൈഖും അദ്ദേഹത്തിന്റെ ത്വരീഖത്തും. അതിനെക്കുറിച്ച് പഠനം നടത്തിയ സമസ്ത പണ്ഡിതര്‍ വ്യാജമാണെന്ന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
1979 മാര്‍ച്ച് 16-ലെ സുന്നിവോയ്സില്‍ കൊരൂര്‍ ത്വരീഖത്തിന്റെ ഉള്ളുകള്ളികളെ കുറിച്ചുള്ള ലേഖനം കാണാം. ബാപ്പുച്ചി അക്ബര്‍ എന്ന ശീര്‍ഷകത്തില്‍ മര്‍ഹൂം പിപി മുഹ്യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍ ആണ് അതെഴുതിയത്. ലേഖനത്തില്‍ നിന്ന്:
“സമസ്തയുടെ ആരംഭ ഘട്ടത്തിലാണ് കൊരൂര്‍ ശൈഖ് (കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്ക് സമീപമുള്ള പുത്തന്‍വീട്ടിലെ മമ്മദ്കുട്ടി) തന്റെ നൂതന സിദ്ധാന്തവുമായി പ്രത്യക്ഷപ്പെടുന്നത്. കാറല്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കമ്യൂണിസ്റ്റ് സിദ്ധാന്തം പോലെ സാമ്പത്തികോന്നതിക്കാണ് ശൈഖ് പ്രാമുഖ്യം നല്‍കിയത്. (അനുയായികളുടെ സാമ്പത്തികോന്നമനമല്ല, ശൈഖിന്റെയും കുടുംബത്തിന്റെയും മാത്രം പുരോഗതി.) തന്നെ സമീപിക്കുന്നവര്‍ക്കൊരു പാത്രം “മായാജാലം’ നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് ശൈഖ് പറയുന്നതിലപ്പുറമില്ല. പരലോകമോക്ഷം ലഭ്യമാവണമെങ്കില്‍ സ്വത്തെല്ലാം എനിക്കു നല്‍കണമെന്ന വഅളാണാദ്യം നല്‍കുന്നത്…..
ഇങ്ങനെ പാവപ്പെട്ടവരുടെ സ്വത്തെല്ലാം കൈക്കലാക്കി സമ്പന്നനാണെന്ന് ബോധ്യമായശേഷം താനും അനുയായികളും കൂടി പരിശുദ്ധമായ ദീനിനെതിരെ തിരിയുകയാണ് ചെയ്തത്. അന്ത്യപ്രവാചകരെ പറ്റി തെറ്റിദ്ധാരണയുണ്ടാക്കുന്ന വിശ്വാസം, ഖുര്‍ആനിനെ പരിഹസിച്ചുകൊണ്ടുള്ള ജല്‍പനങ്ങള്‍, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു കടകവിരുദ്ധമായ പ്രഖ്യാപനങ്ങള്‍, അല്ലാഹുവിനെക്കാളും റസൂലിനെക്കാളും ബാപ്പുച്ചി(ശൈഖ്)ക്കടിസ്ഥാനം, അല്ലാഹു അക്ബറിനു പകരം ബാപ്പുച്ചി അക്ബര്‍, ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ വിഭാഗം ഇസ്‌ലാമില്‍ നിന്നും പുറത്തുപോയവരാണെന്നു അന്നത്തെ പണ്ഡിതവ്യൂഹം ഏകകണ്ഠമായി പ്ര്യാപിച്ചു. അതോടെ മുസ്‌ലിം ആരാധനാ കേന്ദ്രങ്ങളിലും മറ്റും അവര്‍ക്ക് പ്രവേശനം നിരോധിക്കപ്പെട്ടു.’
ശൈഖ് വ്യാജനാണെന്നതിന് ലേഖനത്തിലെ ഒരു പരാമര്‍ശം ഇതാണ്: “ഒരിക്കല്‍ സുപ്രസിദ്ധ സൂഫിവര്യനും പണ്ഡിതനുമായിരുന്ന മര്‍ഹൂം സുലൈമാന്‍ മുസ്‌ലിയാര്‍ ശൈഖിനെ സന്ദര്‍ശിച്ചു. ഞാന്‍ നിങ്ങളുടെ മുരീദ് (ശിഷ്യന്‍) ആകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ “ആയിക്കൊള്ളൂ’ എന്നു മറുപടിയുണ്ടായി. (സുലൈമാന്‍ മുസ്‌ലിയാര്‍ ശൈഖിനെ പരീക്ഷിക്കാന്‍ പോയതാണെന്ന് വായനക്കാര്‍ ഗ്രഹിക്കുമല്ലോ.) അപ്പോള്‍ മുസ്‌ലിയാര്‍ ഒരാവശ്യം ഉണര്‍ത്തിച്ചു. ഒന്നു കുളിക്കണം, അതിനു ചൂടുവെള്ളം വേണം. ശൈഖും കുളിക്കാന്‍ കൂടണം. അതാണ് മുരീദാവാന്‍ പോകുന്ന മുസ്‌ലിയാരുടെ ആഗ്രഹം. വഴങ്ങുകയല്ലാതെ ശൈഖിനു നിര്‍വാഹമില്ലാതെ വന്നു. അപ്പോഴേക്കും വെള്ളം ചൂടായ വിവരം കിട്ടി. വെള്ളം ചൂടായാല്‍ മാത്രം പോര. വെട്ടിത്തിളക്കണമെന്നായി മുസ്‌ലിയാര്‍. ആ വെട്ടിത്തിളച്ച വെള്ളം മുസ്‌ലിയാര്‍ സ്വന്തം ശരീരത്തിലൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും ആടിനെ വെള്ളത്തിലേക്കു വലിക്കും പ്രകാരം ശൈഖ് പിന്നോട്ടുമാറാന്‍ തുടങ്ങി. കറാമത്തുള്ള ശൈഖിനെ മുസ്‌ലിയാര്‍ പലവട്ടം വിളിച്ചിട്ടും അദ്ദേഹം വന്നില്ലെന്നു മാത്രമല്ല, പേടിച്ചുവിറച്ചു പോവുകയുണ്ടായി. തദവസരം നീ കള്ളനാണെന്നും പറഞ്ഞു മുസ്‌ലിയാര്‍ സ്ഥലം വിട്ടു.’
ശൈഖിന്റെ ഒരു കറാമത്ത്(?) വിശദീകരിക്കുന്നത് ഇങ്ങനെ: “മലപ്പുറം ജില്ലയിലെ ചില അനുയായികളെ ആണ്ടുദിനത്തിനു തൊട്ടടുത്ത ദിവസം രഹസ്യമായി വരുത്തുകയും ഭക്ഷണത്തിനുള്ള കറി പാകം ചെയ്യുകയും തന്റെ അറയില്‍ രഹസ്യമായി വെക്കുകയും ചെയ്തു. പിറ്റേ ദിവസം ഭക്ഷണം പാകം ചെയ്യാന്‍ ഒത്താശക്കാര്‍ എത്തിയപ്പോള്‍ ശൈഖ് ഗൗരവസ്വഭാവത്തില്‍ പറഞ്ഞു: “നിങ്ങള്‍ അരിഭക്ഷണം മാത്രം പാകം ചെയ്താല്‍ മതി.’ കറി പാകം ചെയ്യേണ്ടേ? വനീത സ്വരത്തില്‍ മുരീദന്മാര്‍ ആരാഞ്ഞു. “വേണ്ട, സമയത്തു കറി ഞാന്‍ തരും’ ഒട്ടും ഗൗരവം കുറക്കാതെ ശൈഖ് ആക്രോശിച്ചു.
ശൈഖിന്റെ ഏറ്റവും വലിയൊരു കറാമത്ത് കാണാന്‍ പോകുന്നുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ അനുയായികള്‍ കാത്തിരുന്നു. അരിഭക്ഷണം വിളമ്പേണ്ടുന്ന സമയം. ആകാംക്ഷാഭരിതരായ ജനം കാത്തിരുന്നു. അപ്പോഴേക്കും ശൈഖിന്റെ വിളി ഉണ്ടായി: “ഈ വാതില്‍ തുറക്കൂ.’ തുറന്നു നോക്കുമ്പോള്‍ നിറയെ കറിച്ചെമ്പുകള്‍. ശൈഖിലുള്ള മുരീദുമാരുടെ ഈമാന്‍ ശക്തിപ്പെടുന്നതിന് ഇതിലപ്പുറമെന്ത് കറാമത്ത്. എന്നാല്‍ ഈ കറി പാകം ചെയ്തുകൊടുത്തവര്‍ കള്ളത്തരം മനസ്സിലാക്കിക്കൊണ്ട് ഇസ്‌ലാമിലേക്കു തന്നെ മടങ്ങിയെന്നാണ് പറയപ്പെടുന്നത്.
ഇത്തരം സംഭവങ്ങളില്‍ നിന്ന് ശൈഖിനെയും അനുയായികളെയും മൊത്തത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ബത്തേരിക്കടുത്ത പുത്തന്‍കുന്നില്‍ മുസ്‌ലിംകള്‍ നടത്തിയ മതപ്രസംഗ സദസ്സിലേക്ക് മാരകായുധങ്ങളുമായി കടന്നാക്രമിക്കുകയും ഒരാളെ വധിക്കുകയും ഒട്ടനവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതോടുകൂടി ഇവരുടെ ലക്ഷ്യം എന്താണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. പ്രഗത്ഭ പണ്ഡിതനായ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരടക്കമുള്ള പല പണ്ഡിതരെയും വധിക്കല്‍ ഇവരുടെ പരിപാടിയായിരുന്നുവെന്നറിഞ്ഞു. പക്ഷേ, അല്ലാഹു കാത്തു. അല്‍ഹംദുലില്ലാഹ്.’ ലേഖനം അവസാനിക്കുന്നു.
ചരിത്രവിചാരം

You May Also Like

ഇമാം ശാഫിഈ(റ)

നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ…

അസ്വുഹാബുല്‍ കഹ്ഫിന്റെ ഗ്രാമം

വിശുദ്ധ ഖുര്‍ആന്‍റെ അവതരണ മാസമാണല്ലോ റമളാന്‍. മാനവ സംസ്കരണത്തിനുതകുന്ന പാഠങ്ങളും മുന്നറിയിപ്പുകളുമുള്ളതു പോലെ ഖുര്‍ആനില്‍ ധാരാളം…

kaipatta musliyar-malayalam

കൈപറ്റ ബീരാൻകുട്ടി മുസ്ലിയാർ: മലബാറിന്റെ ഹൈത്തമി

ജീവിതം വിജ്ഞാനത്തിനായി നീക്കിവെച്ച മഹാമനീഷിയാണ് കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ. വലിയ  ശിഷ്യ സമ്പത്തിന്റെ ഉടമ.…

● അനസ് നുസ്രി കൊളത്തൂർ