(കോടമ്പുഴ ബാവ മുസ്ലിയാര്‍ രചിച്ച ‘അല്‍ഹജ്ജു വല്‍ഉംറതു വസ്സിയാറ’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത)

 

ഹജ്ജിന്‍റെയും ഉംറയുടെയും പ്രഥമ ഘടകമാണ് ഇഹ്റാം. ഈ ആരാധനകളില്‍ പ്രവേശിക്കുന്ന നിയ്യത്താണ് ഇത്. ഇഹ്റാം അഞ്ചു വിധത്തിലാണ്. ഒന്ന്: ഹജ്ജിനുള്ളത്. രണ്ട്: ഉംറക്കുള്ളത്. മൂന്ന്: ഹജ്ജിനും ഉംറക്കും ഒന്നിച്ചുള്ളത്. നാല്: ഹജ്ജ് എന്നോ ഉംറ എന്നോ നിര്‍ണയിക്കാതെയുള്ളത്. അഞ്ച്: മറ്റൊരാളുടെ ഇഹ്റാമിനോട് ബന്ധപ്പെടുത്തിയുള്ളത്.

ഇഹ്റാമിന്‍റെ അഞ്ചിനങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം നിര്‍ണിതവും നാലാമത്തേത് നിരുപാധികവും (ഇത്വ്ലാഖ്) ആണ്. നിര്‍ണിത ഇഹ്റാമാണ് നിരുപാധിക ഇഹ്റാമിനെക്കാള്‍ ഉത്തമം. അഞ്ചാമത്തെ രൂപത്തില്‍, ഇന്ന വ്യക്തി ഇഹ്റാം ചെയ്ത പോലെ ഞാനും ഇഹ്റാം ചെയ്തുവെന്നാണ് കരുതുക. ആ വ്യക്തി ഇഹ്റാം ചെയ്തവനാണെങ്കില്‍ ഇദ്ദേഹത്തിന്‍റെ ഇഹ്റാം അതുപോലെയായിരിക്കും. അഥവാ, ആദ്യത്തെയാളുടേത് ഹജ്ജാണെങ്കില്‍ ഇയാളുടേത് ഹജ്ജും, ഉംറയാണെങ്കില്‍ ഉംറയും, രണ്ടുമെങ്കില്‍ രണ്ടും, നിരുപാധിക ഇഹ്റാമാണെങ്കില്‍ അങ്ങനെയുമായിരിക്കും. ഇനി അയാള്‍ ഇഹ്റാം ചെയ്തവനല്ലാതിരിക്കുകയോ അല്ലെങ്കില്‍ അയാളുടെ ഇഹ്റാം അസാധുവാകുകയോ ചെയ്താല്‍ ഇയാളുടെ ഇഹ്റാം നിരുപാധിക ഇഹ്റാമായി മാറുകയും ചെയ്യും. അപ്പോള്‍ ഇയാള്‍ക്ക് അതിനെ ഹജ്ജിലേക്കോ ഉംറയിലേക്കോ ആയി നിര്‍ണയിക്കാവുന്നതാണ്.

ഉദ്ദേശിച്ച ഹജ്ജ്, അല്ലെങ്കില്‍ ഉംറ അതുമല്ലെങ്കില്‍ രണ്ടും മനസ്സില്‍ കരുതിയുറപ്പിക്കല്‍ മാത്രമാണ് ഇഹ്റാമില്‍ നിര്‍ബന്ധം. നാവു കൊണ്ട് ഉച്ചരിക്കുന്നതും ഇഹ്റാം കഴിഞ്ഞയുടനെ തല്‍ബിയത് ചൊല്ലുന്നതും സുന്നത്താണ് (ഇആനത് 2/287).

ഇഹ്റാമിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ സുന്നത്താണ്.

ഒന്ന്: നഖം, കക്ഷരോമം, ഗുഹ്യരോമം എന്നിവ കളഞ്ഞും അഴുക്കുകള്‍ നീക്കിയും ശുചീകരണം നടത്തുക.

രണ്ട്: ഇഹ്റാമിന്‍റെ സുന്നത്ത് കരുതി കുളിക്കുകയും ശേഷം ശരീരത്തില്‍ സുഗന്ധം പുരട്ടുകയും ചെയ്യുക.

ഇഹ്റാമിന്‍റെ കുളിക്കു സൗകര്യപ്പെടാതെ വന്നാല്‍ പകരമായി തയമ്മും ചെയ്യണം. ആരാധന, വൃത്തി എന്നീ രണ്ട് ഉദ്ദേശ്യമാണ് കുളി കൊണ്ടുള്ളത്. ഇവയില്‍ ഒന്ന് അസാധ്യമായാല്‍ മറ്റേത് അവശേഷിക്കും. തന്നെയുമല്ല, നിര്‍ബന്ധ കുളിക്കു തന്നെ തയമ്മും പകരമായി വരാറുണ്ട്. അപ്പോള്‍ സുന്നത്തു കുളിക്കു പകരമായി തയമ്മും ഉറപ്പായും വരേണ്ടതാണ് (തുഹ്ഫ 4/56).

ഇഹ്റാമിനു വേണ്ടി സുഗന്ധം പുരട്ടല്‍ സ്ത്രീകള്‍ക്കും സുന്നത്തു തന്നെ. അവള്‍ യുവതിയോ വൃദ്ധയോ ആയാലും വിവാഹിതയോ അവിവാഹിതയോ ആയാലും ഇത് സുന്നത്തുണ്ട്. അതേസമയം ഇഹ്റാം ചെയ്യുമ്പോള്‍ വസ്ത്രത്തില്‍ സുഗന്ധം പുരട്ടുന്നത് ആര്‍ക്കും സുന്നത്തില്ല എന്നതാണ് പ്രബലാഭിപ്രായം. അത് ഹറാമാണെന്ന അഭിപ്രായമുള്ളതുകൊണ്ട് കറാഹത്താക്കുന്നതാണ്. ഇഹ്റാമിന് മുമ്പ് ദേഹത്തിലോ വസ്ത്രത്തിലോ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യം ഇഹ്റാമിനു ശേഷം നിലനിര്‍ത്തല്‍ ഹറാമില്ല. എന്നാല്‍ ഹറാമാണെന്ന എതിരഭിപ്രായമുള്ളതു കൊണ്ട് വസ്ത്രത്തില്‍ അത് നിലനിര്‍ത്താന്‍ കറാഹത്താണ് (തുഹ്ഫ 4/58).

മൂന്ന്: സ്ത്രീ അവളുടെ കൈപ്പത്തിക്ക് മൈലാഞ്ചിയിടുകയും മുഖം മൈലാഞ്ചി കൊണ്ട് തടവുകയും ചെയ്യുക.

നാല്: ഇഹ്റാമില്‍ ഹറാമാകുന്ന എല്ലാ വസ്ത്രവും അഴിച്ചുമാറ്റുക.

അഞ്ച്: പുരുഷന്‍ പുതിയ രണ്ട് വെള്ള വസ്ത്രങ്ങളും രണ്ട് പുതിയ പാദരക്ഷകളും പുതിയതില്ലെങ്കില്‍ വൃത്തിയുള്ള രണ്ടെണ്ണവും ധരിക്കുക.

ആറ്: ഇഹ്റാമിന്‍റെ സുന്നത്ത് കരുതി രണ്ട് റക്അത്ത് നിസ്കരിക്കുക. ആദ്യ റക്അത്തില്‍ ഫാതിഹക്ക് ശേഷം സൂറത്തുല്‍ കാഫിറൂനയും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്ലാസും ഓതണം. എന്നാല്‍ വിശുദ്ധ ഹറമല്ലാത്തിടത്ത് കറാഹത്തിന്‍റെ സമയത്ത് ഇഹ്റാമിന്‍റെ രണ്ട് റക്അത്ത് നിര്‍വഹിക്കല്‍ ഹറാമാണ്. വിശുദ്ധ ഹറമില്‍ കറാഹത്തിന്‍റെ സമയത്തും അതു നിര്‍വഹിക്കല്‍ ഹറാമില്ല (തുഹ്ഫ, ശര്‍വാനി).

ഇഹ്റാമില്‍ സുന്നത്തായ കാര്യങ്ങള്‍ ഇവയാണ്. ഒന്ന്: മക്കാ നിവാസി (തത്സമയത്ത് മക്കയിലുള്ളവന്‍) ഉംറക്ക് ഇഹ്റാം ചെയ്യേണ്ടത് ഹറമിന് പുറത്തുള്ള സ്ഥലത്ത് നിന്നാണ്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ജിഅ്റാനയും പിന്നെ തന്‍ഈമും ശേഷം ഹുദൈബിയ്യയുമാണ്. മക്കാ നിവാസി ഹജ്ജിന് വേണ്ടി ദുല്‍ഹിജ്ജ 8-ന് മസ്ജിദുല്‍ ഹറാമില്‍ രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം തന്‍റെ വീട്ടിലെ വാതിലിനരികെ നിന്ന് ഇഹ്റാം ചെയ്യുക.

രണ്ട്: മക്കാ നിവാസിയല്ലാത്തവന്‍ തന്‍റെ മീഖാത്തിന്‍റെ ആരംഭത്തില്‍ നിന്ന് തന്നെ ഇഹ്റാം ചെയ്യുക. ഇഹ്റാമിലായി മീഖാത്ത് മുഴുവന്‍ താണ്ടിക്കടക്കാന്‍ വേണ്ടിയാണിത്.

മൂന്ന്: മീഖാത്തിലെത്തുമ്പോള്‍ ആര്‍ത്തവമോ പ്രസവരക്തമോ ഉണ്ടാകുമെന്ന് ആശങ്കയുണ്ടെങ്കില്‍ സ്ത്രീ അവളുടെ നാട്ടില്‍ നിന്ന് തന്നെ ഇഹ്റാം ചെയ്യുക. അശുദ്ധി സമയത്തും ഇഹ്റാം സ്വഹീഹാണെങ്കിലും ശുദ്ധിസമയത്ത് ആകുന്നതാണ് ഏറ്റവും ഉത്തമം.

നാല്: ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടങ്ങുമ്പോള്‍ ഖിബ്ലക്ക് അഭിമുഖമായി ഇഹ്റാം ചെയ്യുക.

അഞ്ച്: നിയ്യത്ത് നാവു കൊണ്ട് ഉച്ചരിക്കുക. ഹൃദയം കൊണ്ട് കരുതലാണ് നിര്‍ബന്ധം.

 

ഇഹ്റാം ചെയ്ത ഉടനെ സുന്നത്തായ കാര്യങ്ങള്‍:

ഒന്ന്: ഇഹ്റാം ചെയ്ത ഉടനെ മൂന്ന് തവണ പതുക്കെ തല്‍ബിയത് (ലബ്ബൈക്കല്ലാഹുമ്മ…) ചൊല്ലുക. ആദ്യത്തെ തല്‍ബിയതില്‍ നുസുകിന്‍റെ (ഹജ്ജ്/ഉംറ) പേര് പറയുക.

രണ്ട്: തല്‍ബിയതിനു ശേഷം നബി(സ്വ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലുക. എന്നിട്ട് സ്വര്‍ഗവും നരകമോചനവും ചോദിക്കുക. ശേഷം ആവശ്യമുള്ള ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

മൂന്ന്: ഹജ്ജിന്‍റെ ഇഹ്റാമിനു ശേഷം, മസ്ജിദുല്‍ ഹറാമില്‍ വന്ന് സുന്നത്തായ വിടവാങ്ങല്‍ ത്വവാഫ് നടത്തുക. കാരണം മക്കയില്‍ നിന്ന് ഇഹ്റാം ചെയ്തു അറഫിലേക്ക് പോകുന്നവന് വദാഇന്‍റെ ത്വവാഫ് സുന്നത്താണ് (ഈളാഹ്, ശര്‍ഹുല്‍ ഈളാഹ്).

ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്യുന്നതോടെ പല കാര്യങ്ങളും നിഷിദ്ധമായിത്തീരുന്നു. ഈ നിഷിദ്ധ കാര്യങ്ങളില്‍ ചിലത് വന്‍ദോഷങ്ങളും ചിലത് ചെറുദോഷങ്ങളുമാണ്. പത്തു കാര്യങ്ങളാണ് നിഷിദ്ധമാകുന്നത്.

ഒന്ന്: പുരുഷന്‍ തലയില്‍ നിന്ന് വല്ലതും മറക്കുയോ ശരീരത്തെ അല്ലെങ്കില്‍ ഒരവയവത്തെ വലയം ചെയ്യുന്ന വസ്ത്രം ധരിക്കുകയോ ചെയ്യുക. മതിയായ കാരണമുണ്ടെങ്കില്‍ ഇവ ഹറാമാവുകയില്ല. സാധാരണ മറയായി ഗണിക്കുന്ന എല്ലാം ഇവിടെ മറ തന്നെയാണ്. തൊപ്പി പോലെ തുന്നിയുണ്ടാക്കിയതും അല്ലാത്തതും ഇക്കാര്യത്തില്‍ സമമാണ്. എന്നാല്‍ സാധാരണ ഗതിയില്‍ മറയായി ഗണിക്കാത്തത് ഹറാമാവുകയില്ല. നേര്‍ത്ത നൂല് തലയില്‍ വെക്കുക. തലയണയോ തലപ്പാവോ തലക്കടിയില്‍ വച്ച് കിടക്കുക. തലമറക്കുക എന്ന ഉദ്ദേശ്യമില്ലാതെ തലയില്‍ കൈ വെക്കുകയോ ചാക്കോ പുല്ലിന്‍കെട്ടോ തലയിലേറ്റുകയോ ചെയ്യുക എന്നിവയൊന്നും ഹറാമല്ല. തലയുടെ അതിര്‍ത്തിക്ക് പുറത്തുകടന്ന മുടികള്‍ മറക്കലും ഹറാമല്ല.

തുണി കൊണ്ടോ നെയ്തോ ഒട്ടിച്ചോ മെടഞ്ഞോ കെട്ടിക്കൊണ്ടോ പിന്നിയോ ബട്ടണിട്ടു കൊണ്ടോ നിര്‍മിക്കപ്പെട്ട ശരീരത്തെ, അല്ലെങ്കില്‍ അവയവത്തെ വലയം ചെയ്യുന്ന വസ്ത്രമാണ് ഇഹ്റാം ചെയ്ത പുരുഷന് ഹറാമാവുക. ഷര്‍ട്ട്, പാന്‍റ്സ്, അടിവസ്ത്രം, ജുബ്ബ, ഖുഫ്ഫ തുടങ്ങിയവയെല്ലാം ഹറാമായ വസ്ത്രങ്ങളില്‍ പെടുന്നു.

രണ്ട്: സ്ത്രീ അവളുടെ മുഖത്ത് നിന്ന് വല്ലതും മറക്കുകയോ കൈയില്‍ കൈയ്യുറ ധരിക്കുകയോ ചെയ്യുക. മതിയായ കാരണമുണ്ടെങ്കില്‍ ഇത് ഹറാമല്ല.

സ്ത്രീക്ക് മുഖം മറക്കല്‍ നിഷിദ്ധമാണെങ്കിലും അവളുടെ തല പൂര്‍ണമായി മറച്ചുവെന്ന് ഉറപ്പുവരുത്താനാവശ്യമായ മുഖഭാഗങ്ങള്‍ ഇഹ്റാം സമയത്ത് മറക്കല്‍ അനുവദനീയമാണ്. മാത്രമല്ല, തല പൂര്‍ണമായി മറക്കല്‍ സാധ്യമാകണമെങ്കില്‍ മുഖത്തിന്‍റെ അഗ്രഭാഗങ്ങളില്‍ നിന്ന് മറക്കേണ്ടിവരുന്ന ഭാഗങ്ങള്‍ മറക്കല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍ മുഖം പൂര്‍ണമായി തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ തലയുടെ അഗ്രഭാഗങ്ങള്‍ അനാവരണം ചെയ്യല്‍ നിര്‍ബന്ധമില്ല. കാരണം തല പൂര്‍ണമായി മറക്കലാണ് സ്ത്രീക്ക് ഏറ്റവും സൂക്ഷ്മമായിട്ടുള്ളത് (തുഹഫ 4/165).

സ്ത്രീക്ക് ഇഹ്റാമില്‍ മുഖം മറക്കല്‍ ഹറാമായതിനു പിന്നില്‍ ഒരു രഹസ്യമുണ്ടെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇമാം ഇബ്നുഹജര്‍(റ) എഴുതി: ‘സ്ത്രീ സാധാരണ മുഖം മറക്കേണ്ടവളാണ്. അതിനു വിരുദ്ധമായി ഇഹ്റാമില്‍ മുഖം തുറന്നിടാന്‍ ആജ്ഞാപിക്കപ്പെട്ടത്, അവള്‍ ഇഹ്റാമിലാണെന്നും പരലോകത്ത് നഗ്നയായി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്നും ഇഹ്റാം സമയത്ത് ഓര്‍മിക്കാന്‍ വേണ്ടിയാണ്’ (തുഹ്ഫ).

മൂന്ന്: സംഭോഗം ചെയ്യുക. സംഭോഗം മൂലം ഹജ്ജും ഉംറയും അസാധുവാകും. കവറിങ്ങോടെയാണെങ്കിലും ഇഹ്റാം ചെയ്തവര്‍ക്ക് ഇത് നിഷിദ്ധം തന്നെ.

നാല്: മുഷ്ടിമൈഥുനം നടത്തുക. അത് ഭാര്യയുടെ കൈകൊണ്ടാണെങ്കിലും നിഷിദ്ധം തന്നെയാണ്. മുഷ്ടിമൈഥുനം കൊണ്ട് സ്ഖലനമുണ്ടായിട്ടില്ലെങ്കിലും ഹറാം തന്നെ (തുഹ്ഫ 4/175).

അഞ്ച്: സംഭോഗത്തിന്‍റെ ആമുഖങ്ങളില്‍ നിന്ന് വല്ലതും ചെയ്യുക. വികാരത്തോടെയുള്ള ചുംബനം, നോട്ടം, സ്പര്‍ശം എന്നിവയെല്ലാം ഈ ഇനത്തില്‍ പെട്ടതാണ്. ചുംബനം മറയോടെയാണെങ്കിലും ഹറാം തന്നെ. സ്ഖലിച്ചിട്ടില്ലെങ്കിലും ആമുഖ ലീലകളും ഹറാം (തുഹ്ഫ). ഹജ്ജ് ഉംറകളില്‍ നിന്ന് പൂര്‍ണമായി വിരമിക്കുന്നതു വരെ ഇത് നിഷിദ്ധമാണ്.

ആറ്: വിവാഹം കഴിക്കലും കഴിച്ചുകൊടുക്കലും ഇഹ്റാം സമയത്ത് നിഷിദ്ധമാണ്. വലിയ്യോ ഭര്‍ത്താവോ ഭാര്യയോ ഇഹ്റാമിലായിരിക്കെ നടത്തുന്ന നികാഹ് അസാധുവാകും. അടുത്ത വലിയ്യ് ഇഹ്റാമിലാകുന്നതു കൊണ്ട് വിവാഹം ചെയ്തു കൊടുക്കാനുള്ള അധികാരം അകന്ന വലിയ്യിലേക്ക് നീങ്ങുകയുമില്ല. പ്രത്യുത, ഭരണാധിപനോ ന്യായാധിപനോ ആണ് വിവാഹം ചെയ്തുകൊടുക്കേണ്ടത്.

ഏഴ്: നഖം, മുടി ഇവയില്‍ വല്ലതും അകാരണമായി നീക്കം ചെയ്യുക. മുടി ചീകലും പേന്‍ നോട്ടവും മുഹ്രിമിന് കറാഹത്താണ്. മുഹ്രിം ശരീരം ചൊറിയുന്നതിനു വിരോധമില്ല. വിരല്‍ തുമ്പുകളുപയോഗിച്ച് മുടിയില്‍ ചൊറിയാം. എന്നാല്‍ നഖങ്ങളുപയോഗിച്ച് മുടിയില്‍ ചൊറിയുന്നത് കറാഹത്താണ് (ശര്‍വാനി 4/169).

അതേസമയം പേന്‍ ആധിക്യം, കഠിന ചൂട് തുടങ്ങിയവ മൂലം മുടി കളയേണ്ടിവന്നാലും കണ്ണില്‍ മുടി മുളച്ചതു കൊണ്ടോ പുരികരോമം കണ്ണിനെ ആവരണം ചെയ്തതുകൊണ്ടോ രോമം നീക്കേണ്ടിവന്നാലും അതു ഹറാമല്ല. പൊട്ടിയ നഖം മുറിക്കുന്നതും തെറ്റല്ല. ചെറിയ രീതിയിലെങ്കിലും അതുകൊണ്ട് ശല്യമുണ്ടെങ്കില്‍ മുറിക്കാവുന്നതാണ് (തുഹ്ഫ).

എട്ട്: തലമുടിക്കോ താടിമുടിക്കോ എണ്ണ പുരട്ടുക. ഈ ആവശ്യത്തിനു വേണ്ടി ഏത് എണ്ണ ഉപയോഗിക്കുന്നതും ഹറാമാണ്. ഒലീവെണ്ണ, വെണ്ണ, എള്ളെണ്ണ, ബദാം എണ്ണ, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം നിഷിദ്ധം തന്നെ.

ഒമ്പത്: ശരീരത്തിലോ വസ്ത്രത്തിലോ വിരിപ്പിലോ സുഗന്ധം പുരട്ടുക. സുഗന്ധം പുരട്ടിയ വിരിപ്പില്‍ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്താലും അയാള്‍ കുറ്റക്കാരനാവും. മറന്നുകൊണ്ടോ അറിവില്ലാതെയോ നിര്‍ബന്ധിതനായോ സുഗന്ധദ്രവ്യം ഉപയോഗിച്ചാല്‍ കുറ്റവുമില്ല. അത്തര്‍ വില്‍പ്പനക്കാരന്‍റെ കടയിലോ അല്ലെങ്കില്‍ സുഗന്ധം പുകയ്ക്കപ്പെടുന്ന സ്ഥലത്തോ ഇരിക്കുന്നത് ഹറാമാവുകയില്ല. എന്നാല്‍ പരിമളം ആസ്വദിക്കുന്നതിനു വേണ്ടി ബോധപൂര്‍വം ഇരിക്കുന്നത് കറാഹത്താകും (അല്‍ഈളാഹ്).

പത്ത്: വന്യവും തിന്നപ്പെടുന്നതുമായ കരജീവിയെ വേട്ടയാടുക. പക്ഷിയും മൃഗവും ഇക്കാര്യത്തില്‍ സമമാണ്. ഹറമില്‍ ഇതു ഇഹ്റാമിലല്ലാത്തവര്‍ക്കും ഹറാമാണ്. ഹറമിന് പുറത്തുവച്ചോ ഹറമില്‍വച്ചോ ഒരു വേട്ടജീവി മുഹ്രിമിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുകയും അതിനെ പ്രതിരോധിച്ചു സ്വന്തത്തെ രക്ഷിക്കാന്‍ അതിനെ കൊല്ലേണ്ടിവരികയും ചെയ്താല്‍ പ്രശ്നമില്ല (അല്‍ഈളാഹ് 93).

 

ഇഹ്റാം ചെയ്തതിന് ശേഷം തടസ്സം നേരിട്ടാല്‍

ഇഹ്റാം ചെയ്തവര്‍ക്ക് ഉപരോധം (ഹജ്ജിന്‍റെയോ ഉംറയുടെയോ അല്ലെങ്കില്‍ രണ്ടിന്‍റെയുമോ ഫര്‍ളുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സം) നേരിട്ടാല്‍ ഇടയ്ക്ക് വിരമിക്കാമെന്നാണ് മതം പറയുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഉംറക്ക് വേണ്ടി ഇഹ്റാം ചെയ്ത് വിമാനത്തില്‍ കയറിയവരെ പോലും ഇറക്കിവിട്ട സാഹചര്യം ഈയിടെയുണ്ടായല്ലോ. ഇത്തരം പ്രതിസന്ധികളിലെല്ലാം വളരെ വ്യക്തവും കൃത്യവുമായ പരിഹാരം മതം നിര്‍ദേശിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ഹജ്ജും ഉറയും പൂര്‍ണമായി നിര്‍വഹിക്കുക. നിങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു മൃഗത്തെ (ബലിയറുക്കുക). ബലിമൃഗം എത്തേണ്ടിടത്ത് എത്തുന്നതുവരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യരുത്’ (അല്‍ബഖറ 196).

ഇഹ്റാമിനു ശേഷം തടസ്സമുണ്ടായാല്‍ ബലിയറുത്ത് ഇഹ്റാമില്‍ നിന്ന് മുക്തനാകാമെന്നാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. പണ്ഡിതന്മാര്‍ പറയുന്നു: ‘ഉപരോധം നേരിട്ടാല്‍ ഹജ്ജ്, ഉംറ എന്നിവയില്‍ നിന്ന് വിരമിക്കാവുന്നതാണ്. വിരമിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ ഉപരോധമുണ്ടായിടത്ത് ഒരു ആടിനെ ബലികര്‍മം നടത്തല്‍ നിര്‍ബന്ധം. മൂന്ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഇഹ്റാമില്‍ നിന്നുള്ള വിരാമം സാധ്യമാകുന്നത്. ബലികര്‍മം, മുടികളയല്‍, അറുക്കുമ്പോഴും മുടി കളയുമ്പോഴും നുസുകില്‍ നിന്ന് വിരമിക്കുന്നുവെന്ന് കരുതുക എന്നിവയാണവ.

ഒരാള്‍ക്ക് ഉപരോധമുണ്ടാവുകയും വിരാമമുദ്ദേശിക്കുകയും ചെയ്തെങ്കിലും ബലിമൃഗമായ ആട് ലഭ്യമാകാതെ വന്നാല്‍ ആടിന്‍റെ വിലയ്ക്ക് മുഖ്യ ആഹാരം വിതരണം നടത്തുകയാണ് ചെയ്യേണ്ടത്. എവിടെയാണോ ഉപരോധമുണ്ടായത് അവിടെയാണ് ഇതും നടത്തേണ്ടത്. ഇനി മുഖ്യാഹാര വിതരണവും സാധ്യമാകാതെ വന്നാല്‍ ആടിനു വില കെട്ടി, ആ വിലയ്ക്ക് ധാന്യം കണക്കാക്കി ഓരോ മുദ്ദ് (ഏതാണ്ട് 800 മി.ലി.) ആഹാരത്തിന് പകരമായി ഓരോ നോമ്പനുഷ്ഠിക്കുകയാണ് വേണ്ടത്. അത് ഇഷ്ടമുള്ളയിടത്ത് വച്ച് ചെയ്യാവുന്നതാണ്.

ഉള്ഹിയ്യത്തിലെന്ന പോലെ ഉപരോധത്തിലും ഒരു ഒട്ടകത്തിന്‍റെയോ പശുവിന്‍റെയോ ഏഴിലൊന്ന് വിതരണം ചെയ്താലും മതിയാകുന്നതാണ്. അപ്രകാരം ബലി സാധിക്കാതെ വരുമ്പോള്‍ ധാന്യം നല്‍കുന്നതിനു വേണ്ടി ആടിനു വിലകെട്ടുന്നതിനു പകരം ഒട്ടകത്തിന്‍റെയോ പശുവിന്‍റെയോ ഏഴിലൊന്നിനു മൂല്യനിര്‍ണയം നടത്തിയാലും മതിയാകുന്നതാണ് (ശര്‍വാനി 4/207).

ഉപരോധമോ രോഗമോ മറ്റു പ്രതിസന്ധികളോ എവിടെയാണോ സംഭവിച്ചത് അവിടെയാണ് അറവ് നടത്തേണ്ടതെന്ന് പറഞ്ഞുവല്ലോ. ആ സ്ഥലത്തെ മിസ്കീന്‍മാര്‍ക്ക് തന്നെയാണ് മാംസം നല്‍കേണ്ടതും. അവിടെ മിസ്കീന്മാരില്ലെങ്കില്‍ തൊട്ടടുത്ത സ്ഥലത്തെ മിസ്കീന്‍മാര്‍ക്ക് വിതരണം ചെയ്യാം (തുഹ്ഫ 4/205).

ഉപരോധം നിമിത്തം ഹജ്ജില്‍ നിന്നോ ഉംറയില്‍ നിന്നോ വിരമിച്ചവന്‍റേത് സുന്നത്തായ നുസുകാണെങ്കില്‍ ഖളാഅ് വീട്ടേണ്ടതില്ല. അവന്‍റെ ബാധ്യതയില്‍ സ്ഥിരപ്പെട്ട നിര്‍ബന്ധ നുസുകാണെങ്കില്‍ (നുസുക് നിര്‍ബന്ധമായ വര്‍ഷം ചെയ്യാതെ അടുത്ത വര്‍ഷം ചെയ്യുന്നവനാണെങ്കില്‍) പിന്നീട് കഴിവുണ്ടാവുക എന്നതാണ് പരിഗണിക്കുക. ഇപ്പോഴത്തേത് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമില്ല (മിന്‍ഹാജ് 52).

ഉപരോധം നീങ്ങുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ പ്രതീക്ഷിച്ചു നില്‍ക്കലാണ് ഉംറയില്‍ പ്രവേശിച്ചവന് നിരുപാധികം ഉത്തമം. ഹജ്ജില്‍ പ്രവേശിച്ചവന് ഇഹ്റാമിന്‍റെ സമയം വിശാലമാണെങ്കില്‍ ഉപരോധം നീങ്ങുമെന്ന പ്രതീക്ഷയുള്ളപക്ഷം ക്ഷമിച്ചിരിക്കലുമാണ് ഉത്തമം.

 

തയ്യാറാക്കിയത്:

സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…

ബദര്‍ ശുഹദാക്കള്‍

ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു…