Isthigasa - Malayalam

നുഷ്യ സമൂഹത്തിന് സ്രഷ്ടാവ് നിൽകിയ ജീവിതരേഖയാണ് ഇസ്‌ലാം. മാറ്റിത്തിരുത്തലുകൾ ആവശ്യമില്ലാത്തവിധം സമഗ്രവും സർവകാലികവുമായ മതത്തെ കേവല യുക്തിയിൽ അളന്നെടുക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ്. ഇസ്‌ലാമിന്റെ പ്രമാണ നിബദ്ധമായ വിശ്വാസാചാരങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെടുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. യഥാസമയങ്ങളിൽ മതപണ്ഡിതർ അവരെ പ്രതിരോധിക്കുകയാണ് ചെയ്തത്. മുസ്‌ലിം ലോകത്ത് അനിഷേധ്യമാംവിധം സ്ഥിരപ്പെട്ട ‘ഇസ്തിഗാസ’ക്കു നേരെയും ഇത്തരക്കാരുടെ കൈയേറ്റ ശ്രമങ്ങളുണ്ടായി. ഇസ്‌ലാമിന്റെ അംഗീകൃത പ്രമാണങ്ങളെല്ലാം ഇസ്തിഗാസക്ക് സാക്ഷ്യമാകുമ്പോഴും അവയെ അംഗീകരിക്കാതെ അവയ്ക്കുമേൽ അബദ്ധം നിറഞ്ഞ ആരോപണങ്ങളെറിഞ്ഞ് ഓടിമാറുന്ന രീതിയാണ് പരിഷ്‌കരണവാദികൾ സ്വീകരിക്കാറുള്ളത്.

അമ്പിയാക്കളും വലിയ്യുകളും അവർക്ക് അല്ലാഹു നൽകുന്ന കഴിവ്‌കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ മരണാനന്തരം അവരോട് സഹായം തേടുന്നതാണ് ഇസ്തിഗാസ. മുസ്‌ലിം സമൂഹം നിരാക്ഷേപം ചെയ്തുവരുന്ന കർമമാണിത്. മതം പഠിച്ച പണ്ഡിത മഹത്തുക്കൾ മുഴുവനും ഇത് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തത് കാണാം. ഇമാം നവവി(റ)നെ പോലുള്ള പ്രമുഖർ ഇസ്തിഗാസ നടത്തിയതിനാൽ അവർക്ക് ലഭിച്ച ഫലം വിശദീകരിക്കുക കൂടി ചെയ്തു. ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ സൃഷ്ടികളോട് ഇവ്വിധമുള്ള സഹായാർത്ഥന നടത്തുന്നത് ശിർക്കും മഹാപാപവുമായി പ്രചരിപ്പിക്കാനാണ് മതവിരുദ്ധർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതപ്രമാണങ്ങൾ വെട്ടിയും മറച്ചുവച്ചും കള്ളം പറഞ്ഞും പിടിച്ചുനിൽക്കാനാണ് അവരുടെ കുത്സിത ശ്രമം.

വഫാത്തായ നബി(സ്വ)യോട് സ്വഹാബിവര്യനായ ബിലാലുബ്‌നു ഹാരിസ് അൽമുസനി (റ) നടത്തിയ ഇസ്തിഗാസയെ സംബന്ധിച്ചും ഇത്തരത്തിൽ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്. സത്യം അംഗീകരിക്കാനുള്ള വിമുഖതയിൽ നിന്നുയിരെടുത്ത കേവല വിമർശനങ്ങളാണ് ഇവയെന്ന് ആർക്കും മനസ്സിലാകും.

അല്ലാമാ ഇബ്‌നു കസീർ വ്യക്തമാക്കുന്നു: ‘മാലിക്(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഉമർ(റ)വിന്റെ ഭരണകാലത്ത് കഠിനമായ വരൾച്ച ബാധിച്ചു. അന്ന് ഒരാൾ (സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്-റ) നബി(സ്വ)യുടെ ഖബറിനരികിൽവന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനു മഴ ലഭിക്കാനായി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കുക. നിശ്ചയം അവർ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി(സ്വ)യെ സ്വപ്നത്തിൽ ദർശിച്ചു. നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കൾ ഉമർ(റ)വിനെ സമീപിച്ച് എന്റെ സലാം പറയുക. അവർക്ക് വെള്ളം നൽകപ്പെടുമെന്നും ഭരണത്തിൽ ശാന്തത വരുത്തണമെന്നും അറിയിക്കുക.’ അദ്ദേഹം ഉടൻ ഉമർ(റ)വിനെ സമീപിക്കുകയും നബി(സ്വ) നിർദേശിച്ച കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതുകേട്ട ഉമർ(റ) കരയുകയും ജനങ്ങളെ വിളിച്ചുകൂട്ടി മഴയെ തേടുന്ന നിസ്‌കാരം നിർവഹിക്കുകയും ചെയ്തു.’ അദ്ദേഹം തുടരുന്നു: ‘ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃതമായതാകുന്നു’ (അൽബിദായതു വന്നിഹായ 7/74).

സംക്ഷിപ്തമായും അല്ലാതെയും ഈ സംഭവം ധാരാളം ഇമാമുമാർ ഉദ്ധരിച്ചിട്ടുണ്ട്. മുസ്വന്നഫു ഇബ്‌നു അബീ ശയ്ബ 7/482, ഇമാം ബൈഹഖി; ദലാഇലുന്നുബുവ്വ 7/47, ഹാഫിള് ഇബ്‌നു കസീർ; അൽ ബിദായതു വന്നിഹായ 7/92, ശൈഖ് അലാഉദ്ദീനുൽ ഹിന്ദി; കൻസുൽ ഉമ്മാൽ 8/431, ഇമാം ബുഖാരി; താരീഖുൽ കബീർ 7/304, അല്ലാമാ അബൂജഅ്ഫർ ജരീറുത്വബ്‌രി; താരീഖുൽ ഉമമി വൽ മുലൂക് 4/224, ഹാഫിള് ഇബ്‌നുൽ അസ്വീർ; അൽ കാമിലു ഫീതാരീഖ് 2/556, ഹാഫിള് ഇബ്‌നു ഹജർ; ഫത്ഹുൽ ബാരി 2/495, അൽ ഇസ്വാബ 3/484, ഇബ്‌നു അബ്ദിൽ ബർറ്; ഇസ്തീആബ് 2/464, ഇമാം തഖ്‌യുദ്ദീനു സ്വുബുകി; ശിഫാഉസ്സഖാം 174, അഹ്മദുബ്‌നു മുഹമ്മദുൽ ഖസ്ത്വല്ലാനി; അൽ മവാഹിബുല്ലദുന്നിയ്യ 8/77 എന്നിവ അവയിൽ ചിലതാണ്.

ഈ സംഭവത്തിന്റെ പരമ്പര സ്വഹീഹാണെന്ന് ഹാഫിള് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരി 2/575-ലും ഹാഫിള് ഇബ്‌നു കസീർ അൽബിദായതു വന്നിഹായ 7/91-ലും മുസ്‌നദുൽ ഫാറൂഖ് 1/331-ലും രേഖപ്പെടുത്തിയിട്ടുണ്ട്.

നബി(സ്വ)യുടെ വഫാത്തിന് ശേഷം ഉമർ(റ)വിന്റെ ഭരണകാലത്താണ് ഈ സംഭവം. ഇത് കേവലം കെട്ടുകഥയാണെന്നാണ് ചില പുത്തൻവാദികൾ പറയാറുള്ളത്. അങ്ങനെയെങ്കിൽ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയേറിയ ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ആധികാരിക വിശദീകരണമായ ഫത്ഹുൽ ബാരിയടക്കമുള്ള മേൽ പ്രസ്താവിത ഗ്രന്ഥങ്ങളെല്ലാം കേവലം കെട്ടുകഥകൾ കുത്തി നിറച്ചതാണെന്നും ഇസ്തിഗാസാ വിരോധികൾ കൂടി അംഗീകരിക്കുന്ന ഇബ്‌നു കസീർ അടക്കമുള്ള വ്യക്തിത്വങ്ങളെല്ലാം കള്ളക്കഥകളുടെ പ്രചാരകരാണെന്നും പറയേണ്ടി വരും. ഇതിനിവർ തയ്യാറാകുമോ?

പ്രവാചകരുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാലുബ്‌നുൽ ഹാരിസ്(റ) അല്ലെന്നാണ് ബിദഇകൾ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണം. ഇത് ശരിയല്ല. തിരുനബി(സ്വ)യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാലുബ്‌നു ഹാരിസ്(റ) ആണെന്ന് ചരിത്രത്തിൽ സ്ഥിരപ്പെട്ടതാണ്. നിരവധി പണ്ഡിതർ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ആരാണ് ബിലാലുബ്‌നു ഹാരിസ്(റ)?

മുഅ്ജമുസ്വഹാബ 1/278, ഉസ്ദുൽ ഗാബ 1/236 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ബിലാലുബ്‌നുൽ ഹാരിസ്(റ)വിന്റെ ചരിത്രം രേഖപ്പെടുത്തിയത് കാണാം. തിരുനബി(സ്വ)യുടെ അനുഗൃഹീത സ്വഹാബിയായിരുന്നു അദ്ദേഹം. മാതാവിന്റെ ഖബീലയിലേക്ക് ചേർത്തിക്കൊണ്ട് ബിലാലുബ്‌നു ഹാരിസ് അൽമുസനി എന്നാണ് അറിയപ്പെടുന്നത്. മദീന സ്വദേശി. ഹിജ്‌റ അഞ്ചാം വർഷം റജബ് മാസത്തിലാണ് നബി(സ്വ)യിലേക്കെത്തുന്നത്. മദീനയ്ക്ക് പുറകിലായിരുന്നു (അശ്അർ, അജ്‌റദ്) താമസം. പിന്നീട് നബി(സ്വ)യുടെ വഫാത്തിന് ശേഷം ഇസ്‌ലാമിക വെളിച്ചവുമായി സ്വഹാബികൾ വിവിധ നാടുകളിലേക്ക് പോയപ്പോൾ അദ്ദേഹം ബസ്വറയിലേക്ക് മാറി. മക്കാ വിജയ വേളയിൽ മുസയ്‌ന ഖബീലക്കാരുടെ പതാക വാഹകനായിരുന്ന അദ്ദേഹത്തിന് നബി(സ്വ) അഖീഖ എന്ന സ്ഥലം പതിച്ചു നൽകി. ഹിജ്‌റ 60-ൽ വഫാത്തായ മഹാനവർകളിൽ നിന്ന് മകൻ ഹാരിസ്(റ)വും അൽഖമതുബ്‌നു വഖാസുമടക്കം ചിലർ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ഹദീസുകൾ സുനനുകളിലും സ്വഹീഹ് ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാൻ തുടങ്ങിയ ഗ്രന്ഥങ്ങളിലുമെല്ലാം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

തിരുനബിയുടെ ഖബറിനരികിൽ ചെന്നതും നബിതങ്ങളെ സ്വപ്നത്തിൽ ദർശിച്ചതും ഉമർ(റ)വിനോട് കാര്യങ്ങൾ പറഞ്ഞതുമെല്ലാം വ്യത്യസ്ത ആളുകളാണെന്ന് ബിദഇകൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇത് ശരിയല്ല. ക്ഷാമ കാലത്ത് തിരുനബി(സ്വ)യോട് ഇസ്തിഗാസ നടത്തിയതും അനന്തരം മുത്ത് നബിയെ സ്വപ്നത്തിൽ ദർശിച്ചതും പ്രവാചകരുടെ നിർദേശപ്രകാരം ഉമർ(റ)വിന്റെ അടുക്കൽ ചെന്ന് കാര്യങ്ങൾ വിവരിച്ചതുമെല്ലാം ഒരാളാണെന്നും അത് ബിലാലുബ്‌നു ഹാരിസ്(റ) തന്നെയാണെന്നും ധാരാളം ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹാഫിള് ഇബ്‌നു കസീറിന്റെ അൽബിദായതു വന്നിഹായ 7/91, മുസ്‌നദുൽഫാറൂഖ് 1/331, ഇബ്‌നു ഹജറിൽ അസ്ഖലാനി(റ)യുടെ ഫത്ഹുൽബാരി 5/180, ശർഹുസ്സുബാനി 1/150, അൽജൗഹറുൽ മുനള്ളം 178, വഫാഉൽവഫാ 4/1374 തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

സ്വപ്നം തെളിവല്ലെന്ന് പറഞ്ഞ് മറ്റു ചിലർ ഈ സംഭവത്തിനെതിരെ ഉറഞ്ഞു തുള്ളാറുണ്ട്. സ്വപ്നാനന്തരം ഉണർവിലാണ് സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്(റ) അമീറുൽ മുഅ്മിനീൻ ഉമർ(റ)വിന്റെയടുത്ത് ചെല്ലുന്നതും നബി(സ്വ) നിർദേശിച്ച പ്രകാരം കാര്യങ്ങൾ പറയുകയും ചെയ്തത്. അപ്പോൾ ഉമർ(റ)വോ മറ്റ് സ്വഹാബിമാരോ ആരും തന്നെ നിങ്ങൾ ചെയ്തത് ശരിയല്ലെന്നോ വഫാത്തായ നബിയുടെ ഖബറിനരികിൽ സഹായം തേടി പോകാൻ പാടില്ലെന്നോ സഹായാർത്ഥന നടത്തിയത് തെറ്റായെന്നോ ഒന്നുംതന്നെ പറഞ്ഞില്ല. പ്രത്യുത അതിനെ അംഗീകരിച്ച് നിർദേശ പ്രകാരം പ്രവർത്തിക്കുകയാണ് ചെയ്തത്. നക്ഷത്ര തുല്യരായ സ്വഹാബികൾ പ്രവൃത്തിയിലൂടെ കാണിച്ചിട്ടും ഇസ്തിഗാസയെ അംഗീകരിക്കാത്തവർ സ്വഹാബികളെയും അതുവഴി ദീനിനെയും തള്ളിക്കളയുകയാണ് ചെയ്യുന്നത്. ക്ഷാമ കാലത്ത് റസൂൽ(സ്വ)യുടെ ഖബറിനടുത്ത് ചെന്ന് ഇസ്തിഗാസ നടത്തിയത് സ്വഹാബിയല്ലെന്ന വാദവും നിർവീര്യമായതാണ് മേൽ പരാമർശിച്ചത്. ഇനി ബിദ്അത്തുകാർക്ക് മുമ്പിലുള്ളത് രണ്ടാലൊരു മാർഗമാണ്. ഒന്നുകിൽ ഇസ്തിഗാസ അംഗീകരിക്കുക, അല്ലെങ്കിൽ സ്വഹാബികളെ മൊത്തം തള്ളിക്കളയുക!

You May Also Like
sleeping in Islam - Malayalam

ഉറക്കിന്റെ മര്യാദകൾ

മനുഷ്യശരീരത്തിന്റേയും ആത്മാവിന്റേയും വിശ്രമത്തിനായി അല്ലാഹു വിതാനിച്ചതാണ് ഉറക്കം. ജീവിതാവശ്യവുമായി ബന്ധപ്പെട്ട് പകൽ മുഴുവൻ അധ്വാനിക്കുന്ന മനുഷ്യന്…

● അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്
Thafseer Writing - Malayalam

തഫ്‌സീര്‍ ശാഖയിലെ ആദ്യകാല രചനകള്‍

തഫ്‌സീര്‍ എന്ന പത്തിന്റെ ഭാഷാര്‍ത്ഥം വ്യക്തമാക്കുക, വിശദീകരിക്കുക എന്നൊക്കെയാണ്. ഖുര്‍ആനിലെ പദങ്ങളുടെ ഉച്ചാരണ രൂപം, പദങ്ങളുടെ…

● സുഫ്‌യാന്‍ പള്ളിക്കല്‍ ബസാര്‍
suicide in Islam - malayalam

ആത്മഹത്യ: മതവും സമൂഹവും

‘താൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വസ്തു കളഞ്ഞു പോയെന്നറിയുമ്പോൾ ഒരു പാവത്താൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ഓർക്കുക.…

● എൻപി യാസീൻ ചെട്ടിപ്പടി