ലഫിസം ഭീകരമാണ്, ഫാസിസമാണ് എന്ന് കേരളത്തിലെ പണ്ഡിത സമൂഹം ഒന്നടങ്കം പറഞ്ഞപ്പോള്‍ അതംഗീകരിക്കാന്‍ വൈമനസ്യമുണ്ടായിരുന്നവര്‍ക്കെല്ലാം അവരുടെ തനിനിറം മനസ്സിലാക്കാനാകുംവിധത്തിലുള്ള ചെയ്തികളാണ് ഇസ്ലാമിന്‍റെ പേരില്‍ വഹാബികള്‍ നടത്തിവരുന്നതെന്നതെന്നതിന് ഏറെ തെളിവുകളുണ്ട്. സലഫിസം ഭീകര മതമാണെന്ന് ലോകജനത വിധിയെഴുതിയപ്പോഴും കേരളത്തില്‍ അവരെ വെള്ളപൂശാനാണ് ചില സാമുദായിക രാഷ്ട്രീയസാംസ്കാരിക മേലാളന്‍മാര്‍ ശ്രമിച്ചത്. ആ സലഫിയല്ല ഈ സലഫിയെന്നായിരുന്നു മുജാഹിദുകളും അവരെ പിന്തുണക്കുന്നവരുമെല്ലാം ഇതുവരെ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ അംഗബലവും സ്വാധീനവുമുള്ളിടത്തെല്ലാം വഹാബികള്‍ താലിബാനിസമാണ് കാണിക്കാറുള്ളതെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ പുത്തൂര്‍ പള്ളിക്കലില്‍ കഴിഞ്ഞ മാസം കണ്ടത്. നാട്ടുകാരിയായ സ്ത്രീയുടെ മയ്യിത്തിനോട് മുജാഹിദുകള്‍ കാണിച്ച ക്രൂരത മന:സാക്ഷിയുള്ള ഏതൊരാളെയും വേദനിപ്പിക്കുന്നതായിരുന്നു. പോലീസും ജനപ്രതിനിധികളും അനുരഞ്ജനത്തിനു ശ്രമിച്ചിട്ടും മര്‍ക്കട മുഷ്ടിയുമായി ക്രൗര്യഭാവം പുറത്തെടുത്തു മുജാഹിദുകള്‍.

വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള പ്രദേശമാണ് പുത്തൂര്‍ പള്ളിക്കല്‍. പരമ്പരാഗതമായി സുന്നീ ആദര്‍ശത്തില്‍ നടന്നിരുന്നതാണ് ഇവിടെയുള്ള പള്ളിയെന്ന് പഴമക്കാര്‍ പറയുന്നു. സുന്നീ പണ്ഡിതന്‍മാരാണ് ആദ്യകാലങ്ങളില്‍ ഇവിടെ സേവനം ചെയ്തിരുന്നത്. ഇത് സലഫികള്‍ ഉണ്ടാക്കിയ പള്ളിയാണെന്ന് ചിലര്‍ വാദിക്കുന്നത് കള്ളമാണെന്നും നാട്ടുകാര്‍. പള്ളിയോടനുബന്ധിച്ചുള്ള ഖബര്‍സ്ഥാന്‍ പ്രദേശത്തെ പുരാതന സുന്നീ കുടുംബമാണ് വഖ്ഫ് ചെയ്തത്. പരിസര പ്രദേശത്തുകാരനും സമസ്തയുടെ ആദ്യകാല വൈസ് പ്രസിഡന്‍റുമായ മര്‍ഹൂം കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്‍ സ്ഥലം കൊടുത്ത വ്യക്തിയോട് അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്‍റെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരുടെ മയ്യിത്ത് മറവ് ചെയ്യാന്‍ എന്ന് വഖ്ഫ് ആധാരത്തില്‍ എഴുതണമെന്ന് നിര്‍ദേശിക്കുകയും അദ്ദേഹം അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ. പക്ഷേ പിന്നീട് കുതന്ത്രങ്ങളിലൂടെ പരിപാലകരായി വന്ന വഹാബികള്‍ ഇത് ഭേദഗതി വരുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ വിവരിക്കുന്നു.

മറ്റൊരു നാട്ടില്‍ നിന്ന് ഇവിടെ വന്ന് താമസമാക്കിയ നവീന ആശയക്കാരനായ ഒരു പ്രമാണിയാണ് നജ്ദിയന്‍ വിശ്വാസങ്ങള്‍ മഹല്ലില്‍ പ്രചരിപ്പിച്ചത്. മതപരമായി വിവരമില്ലാതിരുന്ന നാട്ടിലെ മുതലാളിമാരും അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുമെല്ലാം പിഴച്ച ചിന്താധാരയിലെത്തിപ്പെട്ടു. വൈകാതെ പള്ളിയും ഖബര്‍സ്ഥാനുമെല്ലാം സലഫികളുടെ കരങ്ങളിലമര്‍ന്നു.

മുജാഹിദുകള്‍ മൗലവി, മടവൂര്‍ വിഭാഗങ്ങളായി പിളരുകയും ചേരിതിരിഞ്ഞ് പരസ്പരം കാഫിറാക്കുകയും ചെയ്തപ്പോള്‍ ഈ പള്ളിയുടെ പേരിലും കടുത്ത ചേരിപ്പോരുണ്ടായി. ഇരുവിഭാഗവും ആറുമാസം എന്ന കണക്കില്‍ വീതംവച്ചാണ് പള്ളി ഭരിക്കുന്നത്. പിന്നീട് ഇരുവിഭാഗവും ഐക്യപ്പെരുന്നാളാഘോഷിച്ചപ്പോള്‍ സിഡി ടവര്‍ പക്ഷത്തിനായി പള്ളിയുടെ ആധിപത്യം. ഐക്യനാടകം കൊണ്ട് മടവൂര്‍ വിഭാഗത്തിനുണ്ടായ പല നഷ്ടങ്ങളിലൊന്നായി ഇത് മാറി.

പുത്തൂര്‍ പള്ളിക്കല്‍ ജുമാമസ്ജിദ് ബിദഇകള്‍ കയ്യടക്കിയപ്പോള്‍ പ്രദേശത്തെ സുന്നികള്‍ക്ക് നിസ്കരിക്കാന്‍ പള്ളിയില്ലാത്ത അവസ്ഥയായി. ഇതേ തുടര്‍ന്ന് 2002-ലാണ് ഇവിടെ സുന്നി മസ്ജിദ് സ്ഥാപിക്കുന്നത്. മുജാഹിദുകള്‍ പണവും സ്വാധീനവും ഉപയോഗിച്ച് സുന്നികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് ഏറെക്കാലമായി ഇവിടെ കാണുന്നത്. പ്രദേശത്തെ സമുദായ പാര്‍ട്ടിയിലെ നേതാക്കളായ മുജാഹിദുകള്‍ ഇതിനായി പാര്‍ട്ടിയെയും പോലീസിനെയും തരാതരം ഉപയോഗിച്ചുവരുന്നു.

ഈ ഖബര്‍സ്ഥാനില്‍ സുന്നികളെ മറവ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം കാരണം സുന്നികളായ പലരും തങ്ങള്‍ മരിച്ചാല്‍ അടുത്തുള്ള സുന്നീ മഹല്ല് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്യുകയും അവരെ അവിടേക്ക് കൊണ്ടുപോവുകയും ചെയ്യാറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇതിന് സാധിക്കണമെന്നോ, സാധിച്ചാല്‍ തന്നെ അങ്ങനെ ചെയ്യണമെന്നോ ഇല്ലല്ലോ. പുത്തൂര്‍ പള്ളിക്കല്‍ ഖബര്‍സ്ഥാന്‍ പാരമ്പര്യ മുസ്ലിംകളുടെ സ്വത്താകയാല്‍ പ്രത്യേകിച്ചും.

തങ്ങള്‍ പറയുന്നത് പോലെ നിന്നില്ലെങ്കില്‍ മരിച്ചാല്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രദേശത്തെ സാധുജനങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുന്നത് മുജാഹിദുകളുടെ പതിവാണ്. അതേസമയം ചേകനൂര്‍ പ്രസ്ഥാനത്തിന്‍റെ പ്രമുഖ നേതാവിനെ ഇവിടെ മറവ് ചെയ്യാനനുവദിച്ചതും സംസ്കാര ചടങ്ങില്‍ പല വഹാബികളും പങ്കെടുത്തതും ഈ അടുത്താണ്. ഇതേ തുടര്‍ന്നാണ് ഈ മഹല്ല് പരിധിയില്‍പെട്ട സുന്നികള്‍ മരിച്ചാല്‍ മറമാടാന്‍ സൗകര്യം ചെയ്യണമെന്നാവശ്യപ്പെട്ട് സുന്നി മസ്ജിദ് കമ്മിറ്റി പള്ളികമ്മിറ്റിക്ക് കത്ത് നല്‍കിയത്. ഏറെ ദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടിയില്ല. ഇതിനെ കുറിച്ചന്വേഷിച്ചപ്പോള്‍ യോഗം ചേര്‍ന്നിട്ടില്ലെന്നായിരുന്നു മുജാഹിദുകളുടെ പ്രതികരണം. അതിനിടെയാണ് സുഹ്റാബി എന്ന സ്ത്രീ മരിക്കുന്നത്.

 

ഖബറടക്ക വിവാദം: സംഭവിച്ചതെന്ത്?

പുത്തൂര്‍ പള്ളിക്കല്‍ മഹല്ലില്‍ സ്ഥിരതാമസക്കാരനായ വലിയകത്ത് മുസ്തഫയുടെ ഭാര്യയാണ് 57 കാരിയായ സുഹ്റാബി. ഇവരുടെ മയ്യിത്തിനോടാണ് പുത്തൂര്‍ പള്ളിക്കലിലെ നവോത്ഥാന(?) പ്രസ്ഥാനക്കാര്‍ കൊടും ക്രൂരത കാട്ടിയത്.

കോഴിക്കോട് മാറാട് സ്വദേശിയായ മുസ്തഫ കൂലിപ്പണിക്കാരനാണ്. പുത്തൂര്‍ പള്ളിക്കലില്‍ താമസമാക്കിയിട്ട് 14 വര്‍ഷമായി. ഇപ്പോള്‍ പുത്തൂര്‍ പള്ളിക്കല്‍ സുന്നി മസ്ജിദ് കമ്മിറ്റി ട്രഷററായി പ്രവര്‍ത്തിക്കുന്നു. വാടക വീട്ടിലാണ് ഏതാനും വര്‍ഷം ഇദ്ദേഹവും കുടുംബവും ജീവിച്ചിരുന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലധികമായി സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിര്‍മിച്ച വീട്ടിലാണ് താമസം. സുഹ്റാബി ഗര്‍ഭപാത്രം സംബന്ധമായ അസുഖം കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് 1:15-നാണ് അവര്‍ മരിക്കുന്നത്. ഭാര്യയുടെ പെട്ടെന്നുള്ള മരണത്തില്‍ മാനസികമായി തീര്‍ത്തും തകര്‍ന്ന മുസ്തഫക്കും മക്കള്‍ക്കും ഖബറിടത്തില്‍ ഇടക്കിടെ വന്ന് ദുആ ചെയ്യാമല്ലോ എന്ന് കരുതിയാണ് ഇവിടെ മറവ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. മുസ്തഫയുടെ അഭ്യര്‍ത്ഥന സുന്നി മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ ശ്മശാന കമ്മിറ്റിയെ അറിയിച്ചപ്പോള്‍ അസറിന് ശേഷം യോഗം ചേരുന്നുണ്ട്, അതില്‍ തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി. എന്നാല്‍ വൈകുന്നേരം അവരുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി മറവ് ചെയാന്‍ അനുവദിക്കില്ലെന്നായിരുന്നു.

തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസില്‍ വിഷയമെത്തുകയും ഏഴു മണിക്ക് സ്റ്റേഷനില്‍ സിഐ ചര്‍ച്ചക്ക് വിളിക്കുകയുണ്ടായി. സുന്നി പ്രതിനിധികള്‍ സമയത്ത് തന്നെ എത്തിയെങ്കിലും ഏറെ വൈകിയാണ് മറുവിഭാഗം എത്തിയത്. ദീര്‍ഘനേരം ചര്‍ച്ച നടത്തിയെങ്കിലും ഖബറടക്കം അനുവദിക്കുകയില്ലെന്ന വാശിയില്‍ തന്നെ അവര്‍ ഉറച്ചുനിന്നു. ഉന്നതരുടെ സ്വാധീനത്തിന് വഴങ്ങി പോലീസും അതിന് കൂട്ടുനിന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. ഒരുവിധ യോഗ്യതയുമില്ലാതെ കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി കയറിപ്പറ്റാന്‍ കുപ്പായം തയ്ച്ച് കുതന്ത്രങ്ങള്‍ മെനയുകയും കുറുക്കുവഴിയിലൂടെ ശ്രമിച്ചിട്ടും അവസാനം തന്‍റെ വിദ്യാഭ്യാസ യോഗ്യത പുറത്തുവന്നതോടെ ഇളിഭ്യനാവുകയും ചെയ്ത പ്രദേശത്തെ സമുദായ പാര്‍ട്ടി നേതാവും വഹാബിയുമായ സ്കൂള്‍ അധ്യാപകന്‍റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ സംഘം അരയും തലയും മുറുക്കിയാണ് ഖബറടക്കം തടയാന്‍ രംഗത്തുവന്നത്.

സിഐയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞപ്പോള്‍ മലപ്പുറം ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് വിളിപ്പിക്കുകയുണ്ടായി. അപ്പോഴേക്കും സമയം രാത്രി പത്ത് മണിയായിരുന്നു. ഡിവൈഎസ്പി 11:15 വരെ ഇരു വിഭാഗവുമായി സംസാരിച്ചെങ്കിലും മുജാഹിദുകള്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറായില്ല. ഒരു മയ്യിത്ത് വീട്ടില്‍ കിടത്തി മറവ് ചെയ്യാനുള്ള അനുമതിക്കുവേണ്ടിയാണ് ഇതെല്ലാമെന്നത് മറക്കരുത്. അതിലും തീരുമാനമാകാതെ പിരിയേണ്ടിവന്നു. തുടര്‍ന്നാണ് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പരുത്തിക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് മയ്യിത്ത് മറവ് ചെയ്യുന്നത്.

 

ജാള്യം മറക്കാന്‍ മലക്കം മറിയുന്നു

മുജാഹിദ് മതത്തിന്‍റെ തനിനിറമാണ് ഇവിടെ ജനം കണ്ടത്. സാധുസ്ത്രീയുടെ മയ്യിത്ത് മറവ് ചെയ്യാന്‍ സമ്മതിക്കാത്ത സലഫി ക്രൂരത വിവാദമാവുകയും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുസമൂഹവും ഇതിനെതിരെ രംഗത്തു വരികയും ചെയ്തതോടെ ജാള്യം മറച്ചുവെക്കാന്‍ പല ഉപായങ്ങളും മെനഞ്ഞു കൊണ്ടിരിക്കുകയാണ് മുജാഹിദുകള്‍. തങ്ങളൊരിക്കലും മയ്യിത്ത് മറവ് ചെയ്യുന്നത് തടഞ്ഞിട്ടില്ലെന്നാണിതില്‍ പ്രധാനപ്പെട്ടത്. മുസ്തഫ ഇവിടെ വന്നിട്ട് ആറു മാസമേ ആയിട്ടുള്ളൂ, അദ്ദേഹത്തിന് ഭാര്യയെ ഇവിടെ ഖബറടക്കണമെന്ന ആവശ്യമില്ല. സുന്നികള്‍ മുസ്തഫയെ വച്ച് കളിക്കുകയാണ് തുടങ്ങിയ നുണകളാണ് അനുബന്ധങ്ങള്‍. മുജാഹിദുകള്‍ പുറത്തിറക്കിയ വീഡിയോയിലും ഇത്തരം കളവുകള്‍ ആവര്‍ത്തിക്കുന്നുണ്ട്.

പോലീസിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആദ്യം ഇവര്‍ പറഞ്ഞിരുന്നത് മറമാടാന്‍ അനുവദിച്ചാല്‍ കുടുംബം ഖത്തപ്പുര കെട്ടി ഓതുമെന്നായിരുന്നു. അതനുവദിക്കാനാകില്ലെന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍, ഖത്തപ്പുര നിര്‍ബന്ധമില്ലെന്നും കെട്ടുകയില്ലെന്ന് ഉറപ്പു നല്‍കാമെന്നും കുടുംബം അറിയിച്ചപ്പോള്‍ അവര്‍ നിലപാട് മാറ്റി. ഞങ്ങളുടെ മഹല്ലിനെ അംഗീകരിക്കുന്ന കൃത്യമായി വരിസംഖ്യ നല്‍കുന്നവരുടെ മയ്യിത്ത് കുടുംബത്തിന്‍റെയല്ല, കമ്മിറ്റിയുടെ ആചാരപ്രകാരം മറവ് ചെയ്യാന്‍ തയ്യാറായാല്‍ ഞങ്ങള്‍ സമ്മതിക്കുമെന്നാണിവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ കേരളത്തിലെ ആയിരക്കണക്കിന് വരുന്ന സുന്നി മഹല്ലുകള്‍ക്ക് കീഴിലുള്ള ഖബര്‍സ്ഥാനുകളില്‍ മുജാഹിദുകള്‍ ഇത് പാലിച്ചുകൊണ്ടാണോ അവരുടെ മയ്യിത്തുകള്‍ മറമാടാറുള്ളത് എന്നാണ് നാട്ടുകാരുടെ ചോദ്യം. ഞങ്ങള്‍ക്ക് വരിസംഖ്യ തരാത്ത,  ഞങ്ങളുടെ മഹല്ല് കമ്മിറ്റിയെ അംഗീകരിക്കാത്ത, കമ്മിറ്റിയുടെ ആചാരപ്രകാരമല്ലാതെ ഇവിടെ മയ്യിത്ത് മറവ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് സുന്നി മഹല്ല് കമ്മിറ്റികള്‍ തീരുമാനിച്ചാല്‍ കേരളത്തിലെ മുജാഹിദുകളുടെ മയ്യിത്തുകളെല്ലാം പുത്തൂര്‍ പള്ളിക്കലിലോ, പുളിക്കല്‍, എടവണ്ണ പോലുള്ള വിരലിലെണ്ണാവുന്ന അവരുടെ  ഖബര്‍സ്ഥാനിലോ കൊണ്ടുപോകേണ്ട അവസ്ഥ വരുമെന്നു കൂടി സലഫികളെ നാട്ടുകാര്‍ ഓര്‍മിപ്പിക്കുന്നു. പക്ഷേ അത്ര മാത്രം മനുഷ്യത്വമില്ലാത്തവരല്ലല്ലോ കേരളത്തിലെ സുന്നി മഹല്ല് കമ്മിറ്റി ഭാരവാഹികള്‍. അങ്ങനെ വന്നാല്‍ പിന്നെ എവിടെ കൊണ്ടുപോയാണ് മുജാഹിദുകള്‍ മറവ് ചെയ്യുക എന്ന് ചിന്തിക്കാനെങ്കിലും ഇവര്‍ തയ്യാറാവേണ്ടിയിരുന്നു.

തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ മുജാഹിദ് പ്രതിനിധികളോട് സിഐ ചോദിച്ചു: ഒരേ ഭാഗത്തേക്ക് തിരിഞ്ഞു നിസ്കരിക്കുന്ന, ഒരേ സ്ഥലത്ത് പോയി ഹജ്ജ് ചെയ്യുന്നവരല്ലേ നിങ്ങള്‍ രണ്ടു കൂട്ടരും. മുസ്ലിം എന്ന നിലക്ക് ഈ മയ്യിത്ത് മറവ് ചെയ്യാന്‍ നിങ്ങള്‍ക്ക് സമ്മതിച്ചുകൂടേ? അതിന് മുജാഹിദുകള്‍ പറഞ്ഞത് ‘അങ്ങനെ പറയാന്‍ പറ്റൂലാ’ എന്നായിരുന്നു. സുന്നികളെ മുസ്ലിംകളെന്ന് പറയാന്‍ പറ്റില്ലെന്നര്‍ത്ഥം.

നാട്ടിലെ 18 വയസ്സുള്ള രണ്ടായിരത്തിലധികം വരുന്ന മുജാഹിദുകളെ ഈരണ്ട് കഷ്ണങ്ങളാക്കി മുറിച്ച് അതിന് മുകളിലൂടെ കടന്ന് മാത്രമേ സുന്നികളുടെ മയ്യിത്ത് ഇവിടെ മറമാടാന്‍ സാധിക്കൂ എന്ന് പോലും ഇവര്‍ അഹങ്കാരധ്വനി മുഴക്കുകയുണ്ടായി. ഈ സ്ത്രീയുടെ മയ്യിത്ത് ഖബറടക്കുന്നത് തടഞ്ഞാലുണ്ടാകുന്ന പ്രശ്നം ചെറുതായിരിക്കും; എന്നാല്‍ ഇതനുവദിച്ചാല്‍ ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് പറഞ്ഞാണ് ഇവര്‍ പോലീസ് മേധാവികളെ തെറ്റിദ്ധരിപ്പിച്ചത്. ഏതായാലും മുജാഹിദുകളുടെ നയം നവോത്ഥാനമല്ല, മറിച്ച് ഫാസിസമാണ്, ഭീകരതയാണ് എന്ന് കേരളത്തിലെ സമാധാന കാംക്ഷികളായ പൊതുജനത്തിന് ബോധ്യപ്പെടാന്‍ പുത്തൂര്‍ പള്ളിക്കലിലെ സലഫികള്‍ അവസരമൊരുക്കിയിരിക്കുകയാണ്. തങ്ങള്‍ക്കു സ്വാധീനവും മേധാവിത്തവുമുള്ള ലോകത്തെ എല്ലായിടത്തും വഹാബികള്‍ കാലങ്ങളായി ഇതു തന്നെയാണ് തുടരുന്നത്. ആഗോള സലഫിസത്തിന്‍റെ ക്രൗര്യമുഖമായ ഐഎസ് ഭീകരര്‍ ഇറാഖില്‍ നടത്തിയ നരനായാട്ടുകളും മഖ്ബറ തകര്‍ക്കലുമെല്ലാം ഇതിന്‍റെ പാഠഭേദങ്ങളാണ്. നാടുകാണിയിലെയും കുറ്റ്യാടിയിലെയും മഖ്ബറകള്‍ തകര്‍ത്ത് കേരളത്തിലും ശ്മശാന വിപ്ലവങ്ങള്‍ നടപ്പാക്കാനും ഇസിലിലേക്ക് ഭീകരവാദികളെ സംസ്ഥാനത്ത് നിന്നു റിക്രൂട്ട് ചെയ്യാനും സംവിധാനമൊരുക്കിയതും ഇതേ സലഫികളാണെന്ന് മറക്കരുത്. അതിനാല്‍ ഇത്തരം മനുഷ്യത്വ-മത വിരുദ്ധരെ സമുദായവും പൊതുജനങ്ങളും ഒറ്റപ്പെടുത്തുക തന്നെ വേണം.

 

………

 

 

 

കാവലിരിക്കേണ്ടത് അധാര്‍മികതകള്‍ക്കെതിരെ

പ്രൊഫ. എപി അബ്ദുല്‍ വഹാബ്

(ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍)

സ്വന്തം മതത്തിലെ തന്നെ മറ്റൊരു വിഭാഗത്തിലെ സ്ത്രീയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനെതിരെ നൂറുക്കണക്കിനാളുകളെ കാവലിരുത്താന്‍ തയ്യാറായവര്‍ സമൂഹത്തില്‍ നടമാടുന്ന അധാര്‍മികതകള്‍ക്കും മൂല്യച്യുതികള്‍ക്കുമെതിരെ കാവല്‍ നില്‍ക്കാന്‍ മനസ്സിനെ പാകപ്പെടുത്തുകയാണ് വേണ്ടത്. മയ്യിത്തുകള്‍ കുമിഞ്ഞുകൂടാതിരിക്കാന്‍ കാവലിരിക്കേണ്ട കാലമാണിത്. അതിനാണ് നാം ശ്രമിക്കേണ്ടത്. ന്യൂസിലാന്‍ഡിലെ പള്ളിയില്‍ നടന്ന പൈശാചികമായ തീവ്രവാദി ആക്രമണത്തില്‍ ഇരകളോടൊപ്പം നിന്ന അവിടത്തെ ഭരണാധികാരി ജസീന്താ ആര്‍ഡണിന്‍റെ മാനസിക വിശാലതയുടെ ചെറിയൊരംശമെങ്കിലും പുത്തൂര്‍ പള്ളിക്കല്‍ മഹല്ല് കമ്മറ്റി പ്രകടിപ്പിച്ചിരുന്നെങ്കില്‍ ആ മഹല്ല് ഖബര്‍സ്ഥാനില്‍ തന്നെ തൊട്ടടുത്ത വീട്ടിലെ വയോധികയുടെ മയ്യിത്ത് മറവു ചെയ്ത് ഇതു മൂലമുണ്ടായ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു- പുത്തൂര്‍ പള്ളിക്കല്‍ ടൗണില്‍ നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എപി    അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു.

…………

നീതിക്കായി ഏതറ്റംവരെയും പോകും: കേരള മുസ്ലിം ജമാഅത്ത്

.

പുത്തൂര്‍ പള്ളിക്കലിലെ ഖബര്‍സ്ഥാനില്‍ സുന്നികളെ മയ്യിത്ത് മറവ് ചെയ്യുന്നത് നിഷേധിച്ച കാടത്ത നിലപാടിനെതിരെ നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസ്താവിച്ചു. മുസ്ലിം ശ്മശാനത്തില്‍ വിശ്വാസിയെ മറവ് ചെയ്യുന്നതിന് മുതവല്ലിയുടെയോ കമ്മിറ്റിയുടെയോ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമായി പറഞ്ഞതാണ്. വഖ്ഫ് സ്വത്തിന്‍റെ ഉടമകളല്ല മുതവല്ലിയും കമ്മിറ്റിയുമൊന്നും. പരിപാലകര്‍ മാത്രമാണവര്‍. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ആരെന്ന് തീരുമാനിക്കാനുള്ള അധികാരവും മഹല്ല് കമ്മിറ്റിക്കല്ല. കുടുംബമാണത് തീരുമാനിക്കേണ്ടത്.

സുന്നികളുടെ മയ്യിത്ത് മറവ് ചെയ്യാനായി വഖ്ഫ് ചെയ്ത മഖ്ബറയില്‍ സുന്നി സ്ത്രീയുടെ മയ്യിത്ത് മറവ് ചെയ്യുന്നത് തടയാനായി  ആരുടെയോ ആഹ്വാനത്തിന് വഴങ്ങി പാതിരാ സമയത്ത് കാവലിരുന്ന വഹാബികളുടെ നടപടി സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. മുജാഹികളുടെ മയ്യിത്ത് ചവിട്ടിക്കടന്നേ സുന്നി സ്ത്രീയുടെ മയ്യിത്ത് അവിടെ മറവ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് വഹാബികള്‍ പറഞ്ഞെങ്കില്‍ ആവശ്യമായ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് മയ്യിത്ത് മറവ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടല്ല സുന്നികളത് ചെയ്യാതിരുന്നത്, ഒരു മയ്യിത്ത് വെച്ച് കയ്യൂക്ക് പരീക്ഷിക്കാന്‍ മാത്രം വഹാബികളെപ്പോലെ ബുദ്ധിശൂന്യരല്ല സുന്നികള്‍ എന്നത് കൊണ്ടാണ്. ഇസ്ലാമിന്‍റെയും ഇന്ത്യന്‍ നീതിന്യായ കോടതിയുടെയും നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിവിടെ പള്ളിക്കമ്മിറ്റി നടത്തിയിരിക്കുന്നത്.

നിയമവാഴ്ച ഉറപ്പുവരുത്തി പരേതയുടെ കുടുംബത്തിന് നീതി വാങ്ങിത്തരുന്നതില്‍ പോലീസും പരാജയപ്പെട്ടിരിക്കുകയാണ്. സുന്നികള്‍ക്ക് അര്‍ഹമായ അവകാശം നിഷേധിക്കുന്നതിന് രാഷ്ട്രീയക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണിവിടെ നിയമ പാലകര്‍ ചെയ്തത്. സമുദായത്തിന്‍റെ പേരില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവര്‍ സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കരുത്- സംസ്ഥാന സെക്രട്ടറി പ്രൊഫ. കെഎംഎ റഹീം പറഞ്ഞു.

You May Also Like

മയ്യിത്ത് പരിപാലനം

മരണം സുനിശ്ചിതമാണ്. ആത്മാവ് ശരീരവുമായി വേര്‍പിരിയുന്നതാണ് മരണം. അല്ലാഹു പറയുന്നു: ‘എതൊരു ശരീരവും മരണം രുചിക്കുന്നതാണ്.…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം

വഹാബീ തൗഹീദ്: ആദർശ വ്യതിയാനങ്ങളുടെ വിചിത്രവഴികൾ

മുസ്‌ലിംലോക ചരിത്രത്തിൽ ഒട്ടേറെ അവാന്തര വിഭാഗങ്ങൾ പിറക്കുകയും മരിക്കുകയും വിവിധ പേരുകളിൽ പുനർ ജനിക്കുകയും ചെയ്തിട്ടുണ്ട്.…

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

സമസ്ത സാധിച്ച ആദര്‍ശ വിപ്ലവം

1925-ല്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകൃതമായ കൂട്ടായ്മ നാട്ടിലുടനീളം സഞ്ചരിച്ച് പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി. പരിശുദ്ധ ദീനിനെതിരെ…