Sheeism- Malayalam article

ളരെ പവിത്രതകള്‍ നല്‍കി അല്ലാഹുവും തിരുനബി(സ്വ)യും ആദരിച്ച പുണ്യമാസമാണ് മുഹര്‍റം. വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ആരാധനയുടെ മാസമാണിത്. മുഹര്‍റമിന്‍റെ ശ്രേഷ്ഠതകള്‍ക്കൊപ്പം ചുവന്ന മണ്ണിന്‍റെ നാടായ കര്‍ബലയും  ഏറെ സ്മരിക്കപ്പെടുന്നു. കഥകളും കെട്ടുകഥകളും കര്‍ബലയെ ചൂഴ്ന്നുനില്‍ക്കുന്നു. മുഹമ്മദ് നബി(സ്വ)യുടെ പേരമകന്‍  ഹുസൈന്‍(റ)ന്‍റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടാണ് ആ നാടിന്‍റെ പ്രശസ്തി. രക്തം പടര്‍ന്ന ദിനം എന്നതിന്‍റെ പേരില്‍ മുസ്ലിംകളില്‍ ചിലര്‍ വിശുദ്ധമായ ദിനത്തെയും ശഹ്റുല്ലാഹ് എന്ന് ആദരിക്കപ്പെട്ട മുഹര്‍റം മാസത്തെയും നഹ്സായി കണക്കാക്കുകയും ചെയ്യുന്നു. ആചാരങ്ങളും അനാചാരങ്ങളും സ്വയം പീഡനങ്ങളും കൊണ്ട് കര്‍ബല മണ്ണിനെ ഓരോ ആശൂറാഅ് ദിനത്തിലും രക്തം പുരട്ടി ചുവപ്പിക്കുന്ന വഴിപിഴച്ച വിഭാഗം വേറെയും.  എന്താണ് യഥാര്‍ത്ഥത്തില്‍ കര്‍ബലയില്‍ സംഭവിച്ചത്? ചരിത്രം എന്താണ് പറയുന്നത്?

ഇറാഖിലെ കൂഫക്കടുത്ത സ്ഥലമാണ് കര്‍ബല. ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ സ്ഥലത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഈ നാടിനെ സംബന്ധിച്ച് സ്വഹാബികള്‍ക്കു നബി(സ്വ)യുടെ കാലത്ത് തന്നെ അറിയാമായിരുന്നു. ഇമാം ഹാകിം, ഇമാം അഹ്മദ്(റ) തുടങ്ങിയവര്‍ അനസ്(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘മഴയുടെ ചുമതലകള്‍ ഏല്‍പ്പിക്കപ്പെട്ട മലക്ക് ഒരിക്കല്‍ നബി(സ്വ)യുടെ അടുക്കല്‍ ചെല്ലാന്‍ അല്ലാഹുവിനോട് സമ്മതം ചോദിച്ചു. സമ്മതം ലഭിച്ചു. അപ്പോള്‍ നബി(സ്വ) ഉമ്മുസലമ(റ)യുടെ വീട്ടിലായിരുന്നു. അവരോട് റസൂല്‍(സ്വ) പറഞ്ഞു: വാതിലിനരികില്‍ ശ്രദ്ധിക്കുക, ഒരാളും ഞങ്ങളുടെ അടുത്തേക്ക് കടക്കരുത്. അവര്‍ ആ നിര്‍ദേശം പാലിച്ച് അവിടെ തന്നെ നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കുഞ്ഞായിരുന്ന ഹുസൈന്‍(റ) അതിലെ വന്നു വാതിലിനടിയിലൂടെ അകത്തുകടന്നു. തുടര്‍ന്ന് നബി(സ്വ)യുടെ ചുമലില്‍ കയറി. അവിടുന്ന് കുഞ്ഞിനെ വാരിയെടുത്ത് ചുംബിച്ചു. അപ്പോള്‍ മലക്ക് ചോദിച്ചു: തിരുദൂതരേ, അങ്ങേക്കിവനോടു സ്നേഹമാണോ? നബി(സ്വ) അതേയെന്ന് മൊഴിഞ്ഞു. അപ്പോള്‍ മലക്ക് പറയുകയുണ്ടായി:  അറിയുക, അങ്ങയുടെ സമുദായം ഇവനെ വധിക്കും. അങ്ങ് ഉദ്ദേശിക്കുന്നുവെങ്കില്‍ ഇവന്‍ വധിക്കപ്പെടുന്ന സ്ഥലം അങ്ങേക്ക് ഞാന്‍ കാണിച്ചുതരാം. നബി(സ്വ) അതേയെന്ന് പറഞ്ഞപ്പോള്‍ മലക്ക് ഭൂമിയില്‍ നിന്ന് ഒരുപിടി മണ്ണുവാരി നബി(സ്വ)ക്ക് കൊടുത്തു. അത് ചുവന്ന മണ്ണായിരുന്നു. അവിടെ വച്ചാണ് ഹുസൈന്‍(റ) പിന്നീട് ശഹീദായത്. ഉമ്മുസലമ(റ) ഈ മണ്ണെടുത്ത് അവരുടെ വസ്ത്രത്തുമ്പില്‍ കെട്ടിവച്ചു.

ഹിജ്റ 61-ല്‍ തിരുനബി(സ്വ)യുടെ പൗത്രന്‍ ആ ചുവന്ന മണ്ണില്‍ വച്ച് വധിക്കപ്പെടുമ്പോള്‍ ആ നാട് അറിയപ്പെടുന്നത് അവിടെ മഹാന്‍റെ രക്തം ചിന്തപ്പെട്ടു എന്നതിനാലാണ്. അതാകട്ടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൊടിയ ചതിയുടെ കഥയും.

തിരുനബി(സ്വ)യുടെ മകളായ ഫാത്വിമ(റ )യുടെയും പിതൃവ്യപുത്രനും നാലാം ഖലീഫയുമായ അലി(റ)ന്‍റെയും രണ്ടാമത്തെ പുത്രനായാണ് അബൂഅബ്ദില്ലാഹി ഹുസൈന്‍(റ) ജനിക്കുന്നത്. ഏകദേശം ഹിജ്റ നാലാം വര്‍ഷം. നബി(സ്വ)യാണ് പേരിട്ടതും അഖീഖ അറുത്തതും. തിരുനബിയുടെ മുഴുവന്‍ സ്നേഹത്തിലും വളര്‍ന്ന രണ്ടു മക്കളാണ് ഹസനും ഹുസൈനും. അവരുടെ മഹത്ത്വങ്ങള്‍ തിരുവചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

‘ഈ കുട്ടികള്‍ ദുനിയാവില്‍ എന്‍റെ വാഗ്ദാനങ്ങളാണ്’, ‘ഇവര്‍ രണ്ടാളും എന്‍റെ മക്കളാണ്. ഇവരെ സ്നേഹിച്ചവര്‍ എന്നെ സ്നേഹിച്ചു, ഇവരെ വെറുത്തവര്‍ എന്നെയും വെറുത്തു’ തുടങ്ങിയവ ഉദാഹരണം. അവരുടെ ശ്രേഷ്ഠത ദുനിയാവില്‍ മാത്രമല്ല പരലോകത്തും ഉന്നതമാണ്. ഹദീസില്‍ കാണാം: ‘നാളെ സ്വര്‍ഗത്തിലെ യുവാക്കളുടെ നേതാക്കളാണ് എന്‍റെ ഈ  രണ്ടു മക്കള്‍, ഇവരുടെ പിതാവ് അതിനേക്കാള്‍ ഉത്തമനത്രെ’.

സഹോദരന്‍ ഹസന്‍(റ)നെ പോലെ തന്നെ ധീരത ഹുസൈന്‍(റ)ന്‍റെയും സല്‍ഗുണമായിരുന്നു. ഉസ്മാന്‍(റ)ന്‍റെ വഫാത്തിനു ശേഷം ഇസ്ലാമിക ലോകത്ത് ചില കുഴപ്പങ്ങള്‍ ആരംഭിക്കുകയുണ്ടായി. അദ്ദേഹത്തിനു ശേഷം ഖലീഫയായ അലി(റ) വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹസന്‍(റ) അല്‍പ കാലം ഖലീഫയായി.

നാലാം ഖലീഫയുടെ കാലത്ത് ശാമിലെ ഗവര്‍ണറായിരുന്ന മുആവിയ(റ)വും  അലി(റ)വും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഹസന്‍(റ)ന്‍റെ ഖിലാഫത്തിലും തലപൊക്കി. അവ വീണ്ടുമൊരു യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന സാഹചര്യമെത്തിയപ്പോള്‍ അതൊഴിവാക്കാനായി ഇരുഭാഗത്തുമുള്ള സ്വഹാബികള്‍ ചര്‍ച്ച നടത്തി. അതിനെ തുടര്‍ന്ന് ഹസന്‍(റ) ഹിജ്റ നാല്‍പതില്‍ സ്ഥാനമൊഴിഞ്ഞു. മുആവിയ(റ) അധികാരമേറ്റെടുത്തു. മുസ്ലിം സമൂഹത്തിലെ അനൈക്യവും രക്തച്ചൊരിച്ചിലും ഒഴിവാക്കാനുള്ള ആ തീരുമാനം മഹത്തായൊരു പ്രവാചക പ്രവചനത്തിന്‍റെ പുലര്‍ച്ച കൂടിയായിരുന്നു. ഹസന്‍(റ) കുട്ടിയായിരിക്കെ ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: ‘എന്‍റെ ഈ മകന്‍ സയ്യിദാണ്, ഭാവിയില്‍ മുസ്ലിംകളിലെ രണ്ടു കക്ഷികള്‍ക്കിടയില്‍  അല്ലാഹു ഇവനെ കൊണ്ട് അനുരഞ്ജനമുണ്ടാക്കും.’

മുആവിയ(റ)ക്ക് ശേഷം ഖിലാഫത്ത് ആര്‍ക്കായിരിക്കണമെന്ന് അന്ന് ജീവിച്ചിരിപ്പുള്ള സ്വഹാബി ശ്രേഷ്ഠര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നു കൂടി വ്യവസ്ഥ ചെയ്താണ് ഖിലാഫത്ത് മുആവിയ(റ)ക്ക്  കൈമാറ്റം ചെയ്തത്. 29 വര്‍ഷവും ആറു മാസവുമാണ് ഖുലഫാഉറാശിദീങ്ങളുടെ ഭരണകാലം. ശേഷം ആറു മാസം നീണ്ട ഹസന്‍(റ)ന്‍റെ ഭരണത്തോടെ അത് മുപ്പത് വര്‍ഷം പൂര്‍ത്തിയായി. അമവീ ഭരണ കൂടത്തിന്‍റെ കാലമായിരുന്നു പിന്നീട്.

മുആവിയ(റ) പുത്രന്‍ യസീദിനെ  പിന്‍ഗാമിയായി നിശ്ചയിച്ചതില്‍ സ്വഹാബികളില്‍  പലരും അതൃപ്തരായിരുന്നു. അനിഷ്ടം പ്രകടിപ്പിച്ചവരില്‍ അബ്ദുല്ലാഹിബ്നു സുബൈര്‍, ഹുസൈന്‍(റ) എന്നിവരും ഉള്‍പ്പെടുന്നു. ഹസന്‍(റ) സ്ഥാനമൊഴിയാനിടയായ ചര്‍ച്ചയിലുണ്ടാക്കിയ, മുആവിയ(റ)ക്ക് ശേഷമുള്ള ഖിലാഫത്ത് പിന്നീട് സ്വഹാബികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന വ്യവസ്ഥക്ക് ഈ തീരുമാനം എതിരാണെന്നതും യസീദിനെക്കാള്‍ പ്രഗത്ഭരും ശ്രേഷ്ഠരുമായ സ്വഹാബികളടക്കമുള്ള അനേകം പേര്‍ ജീവിച്ചിരിപ്പുണ്ടെന്നതുമായിരുന്നു ഹുസൈന്‍(റ) അതിനെ എതിര്‍ക്കാനുള്ള പ്രധാന കാരണം. അതിനാല്‍ മഹാന്‍ യസീദിനെ ബൈഅത്ത് ചെയ്യാതെ വിയോജിപ്പ് പ്രകടിപ്പിച്ച് മക്കയിലേക്കു പോയി.

ഹുസൈന്‍(റ) യസീദിനെ  പിന്തുണച്ചിട്ടില്ല എന്ന വാര്‍ത്ത കൂഫക്കാര്‍ അറിഞ്ഞു. അലി(റ)ന്‍റെ ഭരണകേന്ദ്രം കൂഫയായിരുന്നല്ലോ. അതോടെ താങ്കളാണ് യഥാര്‍ത്ഥത്തില്‍ അധികാരമേറ്റെടുക്കേണ്ടത്, ഞങ്ങള്‍ താങ്കളെ പിന്തുണക്കുന്നു എന്നറിയിച്ചുകൊണ്ട് അവര്‍ ഹുസൈന്‍(റ)നെ  കൂഫയിലേക്കു ക്ഷണിച്ചു. നിരന്തരമായ കത്തിടപാടുകള്‍ നടന്നു. ഏകദേശം അഞ്ഞൂറോളം കത്തിടപാടുകള്‍ അവര്‍ നടത്തിയെന്ന് ചരിത്രത്തില്‍ കാണാം. കൂടെ ദൂതന്‍മാരെ അയക്കുകയും ചെയ്തു.

ഈയൊരു സാഹചര്യത്തില്‍ കൂഫയിലെ  സ്ഥിതിഗതികള്‍ അറിയുന്നതിനും അവര്‍ പറയുന്നതിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനും വിശദവിവരങ്ങള്‍ അറിയാനുമായി ഹുസൈന്‍(റ) തന്‍റെ പിതൃവ്യപുത്രനായ മുസ്ലിം(റ)നെ  കൂഫയിലേക്കയച്ചു. അദ്ദേഹം കൂഫയില്‍ ചെന്ന് ഹാനിഹ് ബിന്‍ ഉമര്‍ എന്നയാളുടെ വീട്ടില്‍ താമസിച്ച് കൂഫയിലെ ജനങ്ങളോട് ചര്‍ച്ച നടത്തി. കൂഫക്കാര്‍ അവിടേക്ക് ഒഴുകിയെത്തി. അവരെല്ലാം ഞങ്ങള്‍ ഹുസൈന്‍(റ)നെ ഖലീഫയാക്കാന്‍ പിന്തുണക്കുന്നുവെന്നും ബൈഅത്ത് ചെയ്യാന്‍ അദ്ദേഹത്തിന് വേണ്ടി സ്വന്തം ആരോഗ്യവും രക്തവും ധനവുമെല്ലാം ചെലവഴിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ഇക്കാര്യം മുസ്ലിം(റ) ഹുസൈന്‍(റ)നെ എഴുതി അറിയിച്ചു: ‘കൂഫ സുരക്ഷിതമാണ്. ബൈഅത്ത് ചെയ്യാന്‍ ഇവര്‍ തയ്യാറാണ്. അതിനാല്‍ താങ്കള്‍ ഇങ്ങോട്ട് വരിക.’

കത്ത് ലഭിച്ചപ്പോള്‍ മഹാന്‍ കുടുംബത്തോടൊപ്പം കൂഫയിലേക്ക് പോകാന്‍ തയ്യാറായി. ശാമിലെ ഖലീഫ യസീദ് ഈ വിവരങ്ങള്‍ അറിഞ്ഞു. അദ്ദേഹം ഉടന്‍ ബസ്വറയിലെ തന്‍റെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്നു സിയാദ് (ഇബ്നു സിയാദ് )നെ കാര്യങ്ങള്‍ വ്യക്തമായി അനേഷിച്ചറിയാന്‍ ഏല്‍പിച്ചു. അദ്ദേഹം മറ്റൊന്ന് കൂടി ചെയ്തു. അന്ന് കൂഫയിലെ ഗവര്‍ണര്‍ സ്വഹാബിയായ നുഅ്മാനുബ്നു ബഷീര്‍(റ)വാണ്. മഹാന്‍ ഈ വിഷയത്തില്‍ ഹുസൈന്‍(റ)നെതിരെ ശക്തമായ നിലപാടെടുക്കില്ലെന്ന് മനസ്സിലാക്കി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. ഇബ്നുസിയാദിനു കൂഫയുടെ ചുമതല കൂടി ഏല്‍പിച്ചു. ശക്തമായ നിലപാടെടുക്കാനുത്തരവിടുകയും  ഒരു നിലക്കും ഹുസൈന്‍(റ)നെ കൂഫയിലെത്താന്‍ അനുവദിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ഇബ്നുസിയാദ് രഹസ്യമായി കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ തുടങ്ങി. ഹാനിഅ് ബിന്‍ ഉര്‍വയുടെ വീട്ടില്‍വച്ചാണ് തീരുമാനങ്ങള്‍ നടന്നതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ വിളിച്ച് ഭീഷണിപ്പെടുത്തി. ഹാനിഅ് ഇബ്നുസിയാദിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തി. ഈ വിവരം ഹുസൈന്‍(റ)ന്‍റെ ദൂതന്‍ മുസ്ലിം(റ)നെ അറിയിക്കുകയുണ്ടായി.

ഇതറിഞ്ഞപ്പോള്‍ കൂഫക്കാരുടെ പൂര്‍ണമായ പിന്തുണ തനിക്കും ഹുസൈന്‍ (റ)നും ഉണ്ടെന്ന് ഉറച്ചുവിശ്വസിച്ച മുസ്ലിം(റ) നാലായിരത്തോളം കൂഫക്കാരോടൊപ്പം ചെന്ന് ഇബ്നുസിയാദിന്‍റെ താവളം ഉപരോധിച്ചു. ഏകദേശം ഉച്ച സമയത്ത് അവിടെയെത്തിയ അവര്‍ ഇബ്നുസിയാദിനോട് സംസാരിച്ചു. എന്നാല്‍ അയാള്‍ അവര്‍ക്ക് ചെവികൊടുക്കാന്‍ കൂട്ടാക്കാതെ ഭീഷണിയുടെ ശബ്ദമുയര്‍ത്തി. ഒപ്പം കൂഫക്കാര്‍ക്കിടയില്‍ കുതന്ത്രം പ്രയോഗിച്ചു. കൂഫക്കാരുടെ നേതാക്കള്‍ക്ക് കനത്ത സാമ്പത്തിക വാഗ്ദാനങ്ങള്‍ നല്‍കിയും ശാമില്‍ നിന്ന് വരാനിരിക്കുന്ന വന്‍സൈന്യത്തിന്‍റെ ആക്രമണത്തെ കുറിച്ച് ഭയപ്പെടുത്തിയും അവരുടെ മനസ്സിളക്കി. അതോടെ കൂഫക്കാരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നു. മുഴുവന്‍ കൂഫക്കാരും ഇബ്നുസിയാദിനോടൊപ്പം ചേര്‍ന്നപ്പോഴാണ് മുസ്ലിം(റ)ന് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. വൈകാതെ ഇബ്നുസിയാദ് മുസ്ലിം(റ)നെ തടവിലാക്കി. തടങ്കലില്‍ വച്ച് മുസ്ലിം(റ) ഹുസൈന്‍(റ)ന് കത്തെഴുതി. ആ കത്ത് ചരിത്രത്താളുകളില്‍ പ്രസിദ്ധം: ‘താങ്കള്‍ തിരിച്ചുപോകണം, കൂഫക്കാര്‍ താങ്കളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ എന്നെ ചതിച്ചിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ തിരിച്ചുപോവുക’. ഇതെഴുതി അയച്ച ഉടനെ മുസ്ലിം(റ) വധിക്കപ്പെട്ടു. അറഫാ ദിനത്തിലായിരുന്നു ഇത്.

എന്നാല്‍ ഇക്കാര്യം ഹുസൈന്‍(റ) അറിഞ്ഞില്ല. അന്നുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു അബ്ബാസ്, ഇബ്നു ഉമര്‍, ഇബ്നു മസ്ഊദ്, ഇബ്നു സുബൈര്‍, ജാബിര്‍(റ) തുടങ്ങിയ സ്വഹാബത്തെല്ലാം ഹുസൈന്‍(റ)നോട് യാത്രാ തീരുമാനം മാറ്റാനാവശ്യപ്പെട്ടു. അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത്   കൂഫയിലേക്ക് പുറപ്പെടരുത് എന്നായിരുന്നു. കാരണം കൂഫക്കാരുടെ ചരിത്രം എന്നും വഞ്ചനയുടേത് മാത്രമാണെന്നാണ്.

ഇബ്നുഅബ്ബാസ്(റ) ഓര്‍മിപ്പിച്ചു: ‘താങ്കളുടെ പിതാവ് അലി(റ) പറഞ്ഞിട്ടുണ്ട്; ഞാന്‍ അവരെ വെറുത്തിരിക്കുന്നു, അവര്‍ എന്നെയും വെറുത്തിരിക്കുന്നു. ഞാന്‍ അവരോടു ദേഷ്യപ്പെട്ടിരിക്കുന്നു,  അവര്‍ എന്നോടും ദേഷ്യപ്പെട്ടിരിക്കുന്നു. അവര്‍ കരാര്‍ പൂര്‍ത്തിയാക്കുന്നവരോ ഉറച്ച തീരുമാനമെടുക്കുന്നവരോ അല്ല. വാളിന്‍റെ മുന്നില്‍ ഉറച്ചുനില്‍ക്കുന്നവരുമല്ല കൂഫക്കാര്‍.’ ഇത് പറഞ്ഞ് മഹാന്‍ ഹുസൈന്‍(റ)നെ പിന്തിരിപ്പിക്കാന്‍  ശ്രമിച്ചു. അപ്പോഴും ഹുസൈന്‍(റ) പോവുകയാണെന്ന് നിലപാടെടുത്തപ്പോള്‍ ‘എനിക്ക് കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ താങ്കളെ ഇവിടെ പിടിച്ച് വെച്ചേനെ’ എന്ന് പറഞ്ഞ് അദ്ദേഹം സങ്കടപ്പെട്ടു.

ഇബ്നുഉമര്‍(റ) സംഗതി അറിഞ്ഞപ്പോഴേക്കും ഹുസൈന്‍(റ) പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഉടനെ അദ്ദേഹം ഹുസൈന്‍(റ)നെ തടയാനായി ഇറങ്ങിത്തിരിച്ചു. മൂന്നു ദിവസം യാത്ര ചെയ്ത് അദ്ദേഹത്തിന്‍റെ അരികിലെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ഫലം കണ്ടില്ല. തന്‍റെ ശ്രമമെല്ലാം വിഫലമായപ്പോള്‍ അദ്ദേഹം ഹുസൈന്‍(റ)നെ ആലിംഗനം ചെയ്ത്  കണ്ണീരോടെ യാത്ര ചോദിച്ചു പിരിഞ്ഞു. ഹുസൈന്‍(റ)ന്‍റെ പുറപ്പാട് അറിഞ്ഞ യസീദ് അദ്ദേഹത്തെ തടയാനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇബ്നുസിയാദിന് നിര്‍ദേശം കൊടുത്തു.

ഹുസൈന്‍(റ)ന് കൂഫയിലേക്കുള്ള വഴിമധ്യേയാണ് മുസ്ലിം(റ)ന്‍റെ കത്ത് ലഭിച്ചത്. അദ്ദേഹം വധിക്കപ്പെട്ടെന്നറിഞ്ഞതോടെ കൂഫക്കാരുടെ ചതി ബോധ്യമായി. മഹാന്‍ തിരിച്ചുപോരാന്‍ ആഗ്രഹിച്ചുവെങ്കിലും കൂടെയുണ്ടായിരുന്ന മുസ്ലിം(റ)ന്‍റെ മക്കളും ബന്ധുക്കളും ‘താങ്കള്‍ മടങ്ങരുത്, ഞങ്ങളുടെ പിതാവിനെ വധിച്ചവരോട് ഞങ്ങള്‍ക്ക് പകരം ചോദിക്കണം’ എന്നാവശ്യപ്പെട്ടു. അതോടെ ഹുസൈന്‍(റ) യാത്ര തുടരാന്‍ തീരുമാനിച്ചു.

ഹുസൈന്‍(റ) ‘കര്‍ബ് വ ബലാഅ്’ (പ്രയാസവും പരീക്ഷണവും) എന്ന് വിശേഷിപ്പിക്കുകയും കടുത്ത വഞ്ചനയിലൂടെ അദ്ദേഹത്തിന്‍റെ ദാരുണ മരണത്തിനു വേദിയാവുകയും ചെയ്ത നാടിനെയാണ് അദ്ദേഹത്തോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കുന്നു എന്ന് പറയുന്നവര്‍ പുണ്യഭൂമിയാക്കുന്നത് എന്നത് എന്തൊരു വിരോധാഭാസം. ഈസബ്നു മര്‍യം ക്രൂശിക്കപ്പെട്ടു എന്ന് ക്രൈസ്തവര്‍ തന്നെ വിശ്വസിക്കുന്ന കുരിശിനെ അവര്‍ പവിത്രമാക്കുന്നതു പോലെ!

ഹുസൈന്‍(റ)വും സംഘവും കര്‍ബലയില്‍ പ്രവേശിച്ചപ്പോള്‍ കൂഫ ഗവര്‍ണര്‍ ഇബ്നുസിയാദ് അയച്ച സൈന്യം അവരെ തടഞ്ഞു. അതിന്‍റെ നേതൃത്വം നബി(സ്വ)യുടെ പ്രിയപ്പെട്ട അനുചരന്‍ സഅ്ദ്ബ്നു അബീവഖാസി(റ)ന്‍റെ പുത്രന്‍ ഉമറുബ്നുസഹദ്(റ)നായിരുന്നു. ഒപ്പം ഹുറുബ്നു യസീദിന്‍റെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന മറ്റൊരു സൈന്യവും അവിടെയെത്തി. അയ്യായിരത്തോളം വരുന്ന സൈന്യമാണ് അവരെ തടഞ്ഞത്.

ഇവരോടെതിര്‍ക്കാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്നും കൂഫക്കാര്‍ തീര്‍ത്തും വഞ്ചിച്ചിരിക്കയാണെന്നും അവിടെ വച്ച് ഹുസൈന്‍(റ)ന് പൂര്‍ണമായും ബോധ്യമായി. മക്കയില്‍ കഴിയുമ്പോള്‍ നിരന്തരമായി കത്തെഴുതി ക്ഷണിക്കുകയും ഖലീഫയാക്കാന്‍ ധനവും ആരോഗ്യവും രക്തവുമെല്ലാം ചെലവഴിക്കാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് കരാര്‍ ചെയ്ത ഒരൊറ്റ കൂഫക്കാരും തനിക്കൊപ്പമില്ലല്ലോ എന്ന് മഹാന്‍ ചിന്തിച്ചുപോയി. കൂഫക്കാരുടെ ചതിയുടെ വ്യാപ്തി വലുതായിരുന്നു.

അദ്ദേഹം ആ വലിയ സൈന്യത്തോട് ഏറ്റുമുട്ടാന്‍ തയ്യാറായില്ല. അവരോടു ചര്‍ച്ച നടത്തി മൂന്ന് ഉപാധികള്‍ ഇബ്നുസിയാദിന്‍റെ മുമ്പില്‍ വെക്കാന്‍ ഉമര്‍ബ്നു സഅദിനോട് നിര്‍ദേശിച്ചു.

  1. എന്നെ വിട്ടയക്കുക. ഞാന്‍ പിന്തിരിയാം. മദീനയിലേക്ക് പോകാന്‍ തയ്യാറാണ്.
  2. അല്ലെങ്കില്‍ ശാമില്‍ ചെന്ന് ഖലീഫ യസീദിന് ബൈഅത്ത് ചെയ്യാം.
  3. അതുമല്ലെങ്കില്‍ അതിര്‍ത്തികളിലുള്ള മുസ്ലിം സൈന്യത്തോടൊപ്പം ചേരാന്‍ അനുവാദം നല്‍കുക. മരിക്കും വരെ ജിഹാദ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ ഇതൊന്നും ഇബ്നുസിയാദ് സ്വീകരിച്ചില്ല. നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ട് ഹുസൈന്‍(റ)നെ തന്‍റെ വിധിക്ക് വേണ്ടി അടിമയായി മുന്നിലെത്തിക്കണമെന്ന് വാശിപിടിച്ച് അത് നടപ്പിലാക്കാന്‍ സേനാനായകനായ ഉമര്‍ബ്നു സഅ്ദ്(റ)നോട് ആവശ്യപ്പെട്ടു. ഇബ്നുസിയാദിന് ഒരു അടിമയായി കീഴടങ്ങാന്‍ ഹുസൈന്‍(റ) കൂട്ടാക്കിയില്ല. അങ്ങനെ ഹുസൈന്‍(റ)വും ആ കൊച്ചു സംഘവും യുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ടു.

മഹാന്‍ സംയമനം പാലിക്കാന്‍ കരുതിയെങ്കിലും എതിര്‍പക്ഷത്തിന്‍റെ യുദ്ധക്കൊതി അദ്ദേഹത്തെ ആയുധമണിയാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. കര്‍ബലയില്‍ ആയുധമേന്തി യുദ്ധത്തിലേക്ക് പ്രവേശിക്കും മുമ്പ് അദ്ദേഹം ചെയ്ത പ്രാര്‍ത്ഥനയുണ്ട്: ‘അല്ലാഹുവേ, ഏതു ഞെരുക്കത്തിലും എല്ലാ പ്രയാസത്തിലും നിന്നിലാണ് എന്‍റെ പ്രതീക്ഷ. വരുന്ന എല്ലാ വിപത്തിലും നിന്നിലാണ് എനിക്ക് വിശ്വാസം’ (താരീഖു ത്വബ്രി). തൗഹീദിന്‍റെയും തവക്കുലിന്‍റെയും മനോഹരമായ പ്രാര്‍ത്ഥനയായി ചരിത്രം അതു രേഖപ്പെടുത്തി.

യുദ്ധം ഏറെ കടുപ്പമേറിയതായിരുന്നു. മഹാന്‍റെ കൂടെയുണ്ടായിരുന്ന മിക്കവരും താമസംവിനാ വധിക്കപ്പെട്ടു. അവസാനം തിരുനബി(സ്വ) സ്നേഹം വാരിക്കോരി നല്‍കിയ, സ്നേഹചുംബനങ്ങള്‍ ഏറെ പതിപ്പിച്ച ഹുസൈന്‍(റ)ന്‍റെ ആത്മാവും യാത്രയായി. വെട്ടിയും കുത്തിയും ദാരുണമായ രീതിയിലാണ് കര്‍ബലയുടെ വിരിമാറില്‍ മഹാന്‍ വധിക്കപ്പെട്ടത്. മുപ്പതോളം വെട്ടും കുത്തും ആ ശരീരത്തിലുണ്ടായിരുന്നു.

വിട്ടുവീഴ്ചയില്ലാതെ ഹുസൈന്‍(റ)നെ വധിക്കാനും ശിരച്ഛേദം നടത്താനും നേതൃത്വം നല്‍കിയ ഗവര്‍ണര്‍ ഇബ്നുസിയാദിനോടു കാലം കണക്കുവീട്ടി. ശത്രുക്കളാല്‍ ദാരുണമായി കൊല്ലപ്പെട്ടു അയാള്‍. മുസ്ലിം ലോകത്തിന് ദുരന്തവും ദു:ഖവുമാണ് കര്‍ബല സമ്മാനിച്ചത്. പ്രവാചകരുടെ പ്രിയപൗത്രന്‍റെ ദാരുണവധം മുസ്ലിം ലോകത്തിന് തീരാസങ്കടം തന്നെയായിരുന്നു. എന്നാല്‍ അതിന്‍റെ പേരില്‍ ആ ദിനമെത്തിയാല്‍ രക്തം ചിന്തുക എന്നത് ശിയാക്കളുടെ പിഴച്ച ആശയമാണ്. ഹുസൈന്‍(റ)നെ കൂഫയിലേക്ക് ക്ഷണിച്ചതും അവസാനം വധിച്ചതും അതിന്‍റെ പേരില്‍ ദു:ഖമാചരിക്കുന്നതും അദ്ദേഹത്തിന്‍റെ ആളുകളെന്ന് നടിക്കുന്ന ‘ശീഅത്ത് അലി’ എന്ന ശിയാ വിഭാഗമാണെന്നതാണ് വിരോധാഭാസം.

ആശൂറാഅ് ദിനത്തില്‍ കര്‍ബലയില്‍ രക്തം ചിന്തപ്പെട്ടുവെന്നത് കൊണ്ട് ആ ദിവസത്തിന്‍റെ പുണ്യം ഇല്ലാതാകില്ല. അതു കാരണം ദുശ്ശകുനമോ നഹ്സിന്‍റെ ദിനമോ ആകുന്നുമില്ല. ചരിത്രത്തില്‍ അറിവ് നേടുക, പാഠമുള്‍ക്കൊള്ളുക എന്നതാകണം നമ്മുടെ നിലപാട്.

You May Also Like
Islam & Current India-Fascism

ഇസ്ലാം സ്വീകരിക്കുന്നത് പാതകമാകുമ്പോള്‍ നമ്മുടെ മതസ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥമെന്താണ്?

ആറു വര്‍ഷം മുമ്പാണ് സാമൂഹിക പ്രവര്‍ത്തകനും മുന്‍നക്സലൈറ്റുമായ ടിഎന്‍ ജോയി ഇസ്ലാം സ്വീകരിച്ച് നജ്മല്‍ ബാബുവായത്.…

● കമല്‍ സി നജ്മല്‍/ മുഹമ്മദ് അനസ് ആലങ്കോള്‍
Al fathava- Indian Grand Mufti

അല്‍ഫതാവാ-1: വാട്ടര്‍ ട്രീറ്റ്മെന്‍റും കര്‍മശാസ്ത്രവും

അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ എതിരാളികളായ വിഭാഗങ്ങളില്‍ പലരും ഫത്വകള്‍ എന്ന പേരില്‍ പലതും എഴുതിപ്പിടിപ്പിക്കുകയും പ്രസ്താവനകള്‍…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍
Relief & Charity in Islam

സാന്ത്വനം-1; വിശ്വാസത്തിന്‍റെ കാരുണ്യക്കാഴ്ചകള്‍

ഉദാരതയാണ് വിശ്വാസത്തിന്‍റെ താല്‍പര്യം. പ്രതിഫലേച്ഛയില്ലാത്ത ദാനം വിശ്വാസിയെ ഉന്നതനാക്കുന്നു. പതിതന്‍റെ പഞ്ഞമറിഞ്ഞ് സഹായിക്കാന്‍ കരുണാ മനസ്കര്‍ക്കേ…

● പിഎസ്കെ മൊയ്തു ബാഖവി മാടവന