Knowledge in Islam

മനുഷ്യന്‍റെ അമൂല്യ സമ്പത്താണ് ജ്ഞാനം. ഏക സത്യമതമായ ഇസ്ലാം ജ്ഞാനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ജ്ഞാനസമ്പൂര്‍ണരായ മുഹമ്മദ് നബി(സ്വ)യോട് തന്നെ അറിവ് വര്‍ധനവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിജ്ഞാനം ആര്‍ജിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. അനസ് ബ്നു മാലിക്(റ)വില്‍ നിന്നു നിവേദനം. റസൂല്‍(സ്വ) പറയുകയുണ്ടായി: ‘ജ്ഞാന സമ്പാദനം എല്ലാ മുസ്ലിമിന്‍റെയും ബാധ്യതയാകുന്നു’ (ഇബ്നുമാജ). അറിവിന്‍റെ മഹത്ത്വം വിളിച്ചോതുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനിലും തിരുഹദീസിലും ദര്‍ശിക്കാനാകും. ഇസ്ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനം ജ്ഞാനമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഉറക്കെ പ്രഖ്യാപിക്കുന്നതു കാണാം: അത്കൊണ്ട് (നബിയേ) നിശ്ചയം അല്ലാഹു അല്ലാതെ മറ്റൊരാരാധ്യനും ഇല്ലെന്ന് താങ്കള്‍ അറിഞ്ഞുകൊള്ളുക (സൂറത്തുല്‍ മുഹമ്മദ്: 19).

മതങ്ങളുടെ അടിസ്ഥാനം അന്ധവിശ്വാസമാണെന്ന്God Delusion എന്ന പുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത റിച്ചാര്‍ഡ് ഡോക്കിന്‍സിനെ പോലുള്ളവരുടെ വിഭ്രാന്തിക്ക് മറുപടി കൂടിയാണ് ഉദ്ധൃത ഖുര്‍ആനിക വചനം.

 

വിജ്ഞാന ശാസ്ത്രം (eppistomology)

ജ്ഞാനത്തിന്‍റെ സ്വഭാവത്തെയും സ്രോതസ്സുകളെയും കുറിച്ചുള്ള തത്ത്വചിന്താ ശാഖയാണ് എപ്പിസ്റ്റെമോളജി അഥവാ വിജ്ഞാന ശാസ്ത്രം. അറിവ് എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് ഭാഷയിലെ എപ്പിസ്റ്റേം (eppisteme), ശാസ്ത്രം എന്നര്‍ത്ഥം വരുന്ന ലോഗോസ് (logos) എന്നീ പദങ്ങള്‍ ചേര്‍ന്നുണ്ടായതാണിത്. സ്കോട്ട്ലാന്‍റ് ചിന്തകനായ ജെയിംസ് ഫ്രെഡറിക് ഫെറിയര്‍(1808-1864) ആണ് ഇംഗ്ലീഷ് ഭാഷയില്‍ എപ്പിസ്റ്റെമോളജി എന്ന വാക്ക് കൊണ്ടുവന്നത്. Standerd Encyclopedia of Philosophyല്‍ എപ്പിസ്റ്റെമോളജിയെ നിര്‍വചിക്കുന്നതിപ്രകാരമാണ്: epistemology is the study of knowledge and justified belief (ജ്ഞാനത്തെക്കുറിച്ചും ന്യായീകരിക്കാവുന്ന വിശ്വാസത്തെക്കുറിച്ചുമുള്ള പഠനമാണ് എപ്പിസ്റ്റെമോളജി).

 

എന്താണ് ജ്ഞാനം?

ദാര്‍ശനികരും തത്ത്വചിന്തകരും ജ്ഞാനത്തെ പല രൂപത്തിലാണ് വിശദീകരിച്ചിട്ടുള്ളത്. ‘ന്യായീകരിക്കാവുന്ന വിശ്വാസം’ എന്നാണ് പ്ലേറ്റോ ജ്ഞാനത്തെ വിശേഷിപ്പിച്ചത്. പക്ഷേ നിരവധി ചിന്തകര്‍ ഈ നിര്‍വചനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എഡ്മണ്ട് ഗെറ്റിയര്‍ (edmund gettier) Is justifide true belif knowledge? എന്ന ലേഖനത്തിലൂടെ ജ്ഞാനത്തെ കുറിച്ചുള്ള പ്ലേറ്റോയുടെ അഭിപ്രായത്തിന്‍റെ അപര്യാപ്തത വ്യക്തമാക്കുകയുണ്ടായി. തിയറി ഓഫ് നോളജ് എന്ന ലേഖനത്തില്‍ ബെര്‍ട്രാന്‍റ് റെസ്സല്‍ ‘യാഥാര്‍ത്ഥ്യവുമായി പൊരുത്തമുള്ള വിശ്വാസത്തെ ജ്ഞാനമെന്ന് വിളിക്കാം’ എന്നാണ് പറഞ്ഞത്. ‘യാഥാര്‍ത്ഥ്യത്തോട് യോജിച്ച ഉറച്ച വിശ്വാസം’ എന്നാണ് ജ്ഞാനത്തെ ഇസ്ലാമിക ചിന്തകന്മാര്‍ വിശേഷിപ്പിച്ചത്.

ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി(റ) ശര്‍ഹുല്‍ അഖാഇദില്‍ ഇസ്ലാമിലെ ജ്ഞാനമാര്‍ഗങ്ങളെ കൃത്യമായി വരച്ചുകാണിച്ചിട്ടുണ്ട്. അദ്ദേഹം കുറിച്ചു: ജ്ഞാനമാര്‍ഗങ്ങള്‍ മൂന്നെണ്ണമാണ്. 1. അന്യൂനമായ പഞ്ചേന്ദ്രിയങ്ങള്‍ 2. സത്യസന്ധമായ വാര്‍ത്ത 3. ധിഷണ.

ജ്ഞാനമാര്‍ഗങ്ങള്‍ ഈ മൂന്നെണ്ണത്തില്‍ നിക്ഷിപ്തമാണെന്ന് സമര്‍ത്ഥിക്കുന്ന ഇമാം തഫ്താസാനി(റ) തുടര്‍ന്ന് ഇവ ഓരോന്നും വിശദീകരിക്കുന്നുണ്ട്. നമുക്ക് വിലയിരുത്താം:

അന്യൂനമായ പഞ്ചേന്ദ്രിയങ്ങള്‍

ദര്‍ശനം, സ്പര്‍ശനം, ഘ്രാണം, ശ്രവണം, രസനം എന്നീ ബാഹ്യമായ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ് മനുഷ്യന്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്.

ദര്‍ശനം

പ്രകാശം ഒരു വസ്തുവില്‍ തട്ടി പ്രതിഫലിച്ച് കണ്ണിലെ റെറ്റിനയില്‍ പതിക്കുമ്പോള്‍ ലഭിക്കുന്ന ദൃശ്യാനുഭവമാണിത്.

സ്പര്‍ശനം

ചൂട്, തണുപ്പ്, ഈര്‍പ്പം, വരള്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മനുഷ്യന്‍റെ ത്വക്കില്‍ സംവിധാനിച്ചിട്ടുള്ള ഒരു കഴിവ്.

ശ്രവണം

അന്തരീക്ഷത്തിലെ ശബ്ദ തരംഗങ്ങള്‍ വായുവിലൂടെ സഞ്ചരിച്ച് ചെവിയിലെ കര്‍ണപടത്തിലെത്തുകയും തുടര്‍ന്ന് കര്‍ണപടത്തിലെ വിറയല്‍ ഇന്‍കസ്, മാലിസ്, സ്റ്റേപിസ് എന്നീ ചെറിയ അസ്ഥികളിലൂടെ ഈ തരംഗങ്ങള്‍ തലച്ചോറിലെത്തുമ്പോഴാണ് കേള്‍വിയുണ്ടാകുന്നത്.

ഘ്രാണം

അന്തരീക്ഷത്തിലെ ഗന്ധത്തിന്‍റെ കണികകള്‍ മൂക്കിലൂടെ തലച്ചോറിലെത്തുമ്പോഴാണ് വസ്തുക്കളുടെ മണം മനസ്സിലാക്കാന്‍ സാധിക്കുന്നത്.

രസനം

വസ്തുക്കള്‍ നാവിന്‍റെ ചര്‍മത്തില്‍ വിന്യസിക്കപ്പെട്ട രസമുകുളങ്ങളില്‍ തട്ടുമ്പോഴാണ് രുചി അറിയാന്‍ സാധിക്കുന്നത്.

ഈ അഞ്ച് മാര്‍ഗേണ മനുഷ്യന്‍ ജ്ഞാനം സ്വീകരിക്കുമെന്നത് അവിതര്‍ക്കിതമാണല്ലോ.

 

സത്യസന്ധമായ വാര്‍ത്ത

ഇസ്ലാമിക ജ്ഞാനമാര്‍ഗങ്ങളില്‍ രണ്ടാമത്തേതാണ് സത്യസന്ധമായ വാര്‍ത്ത. ഓരോ വാര്‍ത്തയും യാഥാര്‍ത്ഥ്യത്തോട് യോജിക്കുമ്പോഴാണ് അത് സത്യസന്ധമാകുന്നത്. യാഥാര്‍ത്ഥ്യത്തോട് യോജിക്കാത്ത വാര്‍ത്തകള്‍ കളവാണ്. സത്യസന്ധമായ വാര്‍ത്ത രണ്ട് തരമുണ്ട്.

ഒന്ന്, മുതവാതിര്‍. കളവ് പറയുന്നതില്‍ യോജിക്കാന്‍ പറ്റാത്ത അത്രയും ആളുകള്‍ ഉദ്ധരിച്ച വാര്‍ത്തയാണ് മുതവാതിര്‍ എന്നറിയപ്പെടുന്നത്. കണ്ണികളറ്റു പോകാതെ സൂക്ഷ്മതയോടെ കിട്ടുന്ന വാര്‍ത്തയാണിത്. നാം സന്ദര്‍ശിക്കാത്ത രാഷ്ട്രങ്ങളും നേരിട്ട് കണ്ടിട്ടില്ലാത്ത വസ്തുക്കളും ജനങ്ങളും ഭൂമിയിലുണ്ടെന്ന് നാം വിശ്വസിക്കുന്നത് അനിഷേധ്യമാംവിധം ആളുകള്‍ അവ ഉണ്ടെന്ന് പറയുന്നതിന്‍റെ അടിസ്ഥാനത്തിലാണ്.

രണ്ട്, പ്രവാചക സന്ദേശങ്ങള്‍. ദൈവനിയുക്തനായ പ്രവാചകരുടെ വാക്കുകളാണ് ഈ ഗണത്തില്‍ വരുന്നത്. ദൈവിക സന്ദേശങ്ങള്‍ മനുഷ്യരിലേക്കെത്തിക്കാന്‍ സ്രഷ്ടാവ് നിയോഗിച്ച ദൂതന്മാരാണ് പ്രവാചകന്മാര്‍. ജനങ്ങള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന പ്രവാചകന്മാരുടെ ജീവിത ശൈലിയും സ്വഭാവവും ദൈവനിയുക്തമാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ കാണിക്കുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളും കാണുന്ന ഏതൊരു വ്യക്തിക്കും പ്രവാചക സന്ദേശങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുന്നതാണ്. സത്യസന്ധമായ ജീവിത ശൈലി കണ്ട് സ്വന്തം നാട്ടുകാര്‍ ‘വിശ്വസ്തന്‍’ എന്നു വിളിപ്പേര് നല്‍കുകയും കല്ലുകളും മരങ്ങളും സംസാരിക്കുകയും കളവ് പറയാന്‍ സാധ്യത പോലുമില്ലെന്ന് ശത്രുക്കള്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്ത പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ സത്യസന്ധമായ ദൃഢജ്ഞാനമല്ലെന്ന് ബുദ്ധിയുള്ളവരാരും പറയുകയില്ല.

 

ധിഷണ

ഇസ്ലാം ജ്ഞാനമാര്‍ഗങ്ങളില്‍ മൂന്നാമതായി എണ്ണുന്നത് ധിഷണയെയാണ്. ബുദ്ധി ജ്ഞാനമാര്‍ഗമാണെന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്ഖലിതങ്ങളില്‍ നിന്നു മുക്തമായ ധിഷണകൊണ്ടു മാത്രമേ ജ്ഞാനം കരസ്ഥമാക്കാന്‍ സാധിക്കൂ. ധിഷണകൊണ്ടു ലഭിക്കുന്ന ജ്ഞാനത്തെ രണ്ടായി തരം തിരിക്കാറുണ്ട്.

ഒന്ന്, അവിതര്‍ക്കിത ജ്ഞാനം

ബുദ്ധികൊണ്ട് ചിന്താഭാരമില്ലാതെ ലഭിക്കുന്ന ജ്ഞാനത്തെയാണ് അവിതര്‍ക്കിത ജ്ഞാനമെന്ന് പറയുന്നത്. ഉദാ: വസ്തുക്കളെല്ലാം അവയുടെ അംശത്തെക്കാള്‍ വലുതാണ് എന്ന ജ്ഞാനം.

 

രണ്ട്, ആര്‍ജിത ജ്ഞാനം

ബുദ്ധികൊണ്ട് തെളിവുകള്‍ കണ്ടെത്തുന്നതിലൂടെ സ്ഥിരപ്പെടുന്ന ജ്ഞാനത്തെയാണ് ആര്‍ജിത ജ്ഞാനമെന്ന് പറയുന്നത്. ഉദാ: പുക കണ്ടാല്‍ അവിടെ തീ ഉണ്ടാകുമെന്ന ജ്ഞാനം.

വിശുദ്ധ ഇസ്ലാം ധിഷണക്കും യുക്തിക്കും എതിരാണെന്ന് ഭൗതികവാദികള്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഇസ്ലാം മൂന്ന് ജ്ഞാനമാര്‍ഗങ്ങളിലൊന്നായി ധിഷണയെ എണ്ണുന്ന സത്യം അവരറിയാതെ പോകുന്നു. മാത്രമല്ല, പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ ചിന്തിച്ച് അതിന് പിന്നിലെ സ്രഷ്ടാവിനെ കണ്ടെത്താനുള്ള ആഹ്വാനം വിശുദ്ധ ഖുര്‍ആനിലുടനീളം കാണാന്‍ സാധിക്കും. ചില ഖുര്‍ആനിക വചനങ്ങള്‍ നോക്കാം:

‘എന്നാല്‍ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ’ (സൂറത്തുത്വാരിഖ് 5). ‘എന്നാല്‍ അവര്‍ ഒട്ടകത്തെ നോക്കുന്നില്ലേ. എങ്ങനെയാണ് അത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന്? ആകാശത്തേക്കും (അവര്‍ നോക്കുന്നില്ലേ?) എങ്ങനെയാണത് ഉയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) എങ്ങനെയാണത് നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്? ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) എങ്ങനെയാണത് ആവാസയോഗ്യമാംവിധം സംവിധാനിക്കപ്പെട്ടിരിക്കുന്നതെന്ന്? (സൂറത്തുല്‍ ഗാശിയ 17-20). പത്തിലധികം സൂക്തങ്ങളില്‍ ഈ ചോദ്യം ആവര്‍ത്തിക്കുന്നതായി കാണാം.

മാത്രമല്ല, ഖുര്‍ആനിനെ കുറിച്ചു ചിന്തിച്ച് അതിന്‍റെ ദൈവികത ബോധ്യപ്പെടാന്‍ അല്ലാഹു ആഹ്വാനം ചെയ്യുന്നുണ്ട്: ‘അവര്‍ ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരില്‍ നിന്നുള്ളതാണെങ്കില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ അവരതില്‍ കാണുമായിരുന്നു’ (സൂറത്തുന്നിസാഅ് 82).

ധിഷണയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഖുര്‍ആന്‍ വചനങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ഇസ്ലാമിനെതിരെ പൊയ്വെടി വെക്കുകയാണ് ഭൗതികവാദികള്‍. മുകളില്‍ പരാമര്‍ശിച്ച മൂന്ന് ജ്ഞാനമാര്‍ഗങ്ങളാണ് ഇസ്ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനം. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിനെ ബുദ്ധിയുള്ളവര്‍ക്ക് നിഷ്പ്രയാസം കണ്ടെത്താനാകും.

നവനാസ്തികരുടെ ജ്ഞാനമാര്‍ഗങ്ങളെ കുറിച്ച് ഇനി വിലയിരുത്താം, ഈ മാര്‍ഗങ്ങളിലൂടെ.

(തുടരും)

You May Also Like

ധാര്‍മികത: ഭൗതികവാദികള്‍ മറുപടി പറയുമോ?

ഇസ്ലാമിനോടും തിരുനബി(സ്വ)യോടും മനുഷ്യമനസ്സുകളില്‍ രൂഢമൂലമായിക്കിടക്കുന്ന ആഭിമുഖ്യവും അവയുടെ  ഔന്നത്യത്തെ കുറിച്ചുള്ള ബോധ്യങ്ങളും നുണപ്രചാരണങ്ങളിലൂടെയും ദുര്‍വ്യാഖ്യാനങ്ങളിലൂടെയും തകര്‍ത്ത്,…

● ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി

സുന്നത്തിന്റെ അപ്രമാദിത്വം

ഖുര്‍ആന്‍ വിവരണത്തിനായി റസൂല്‍(സ്വ)ക്ക് നല്‍കപ്പെട്ട വഹ്യാണ് സുന്നത്ത്. അതിനാല്‍ ഖുര്‍ആന്‍ സുരക്ഷിതമാണെന്നതുപോലെ ഹദീസും സുരക്ഷിതമാകണം. എന്നാല്‍…

● അലവിക്കുട്ടി ഫൈസി എടക്കര
Islamic history

തിരുനബി(സ്വ)ക്ക് വീടൊരുക്കിയ ആതിഥേയന്‍

‘ഞാന്‍ മരിച്ചാല്‍ മയ്യിത്ത് ശത്രുരാജ്യത്തിന്‍റെ പരമാവധി ഉള്ളിലേക്ക് കൊണ്ടുപോകണം. എന്നിട്ട് അവിടെ എനിക്കൊരു ഖബറൊരുക്കണം. അതിലെന്നെ…

● ടിടിഎ ഫൈസി പൊഴുതന