Tippu Sultan

ടിപ്പു സുല്‍ത്താനെ റഹ്മത്തുല്ലാഹി… ചേര്‍ത്താണ് ഉന്നത ശീര്‍ഷരായ പണ്ഡിതര്‍ പരാമര്‍ശിക്കാറുള്ളത്. മതഭ്രാന്തനെന്ന് മുദ്രകുത്തി അദ്ദേഹത്തെ അപരവല്‍ക്കരിക്കാനുള്ള ശ്രമത്തിന്‍റെ കാരണവും സുല്‍ത്താന്‍റെ മതകീയമായ പശ്ചാത്തലമാണ്. ഉള്ളു പൊള്ളയായ രാഷ്ട്രീയമല്ല അദ്ദേഹം കൈയാളിയിരുന്നത്. സത്യസന്ധവും നീതിനിഷ്ഠവും പുരോഗമനപരവുമായിരുന്നു അത്. അദ്ദേഹത്തിന്‍റെ മതസഹിഷ്ണുതയും രാഷ്ട്ര തന്ത്രജ്ഞതയും സാമൂഹിക പരിഷ്കരണ നടപടികളും സാമ്പത്തികമായ അച്ചടക്കവുമെല്ലാം തന്‍റെ മതബോധനത്തിന്‍റെ കൂടി ഫലമായിരുന്നു.

ടിപ്പു ജീവിക്കുന്ന കാലത്ത് അദ്ദേഹത്തെ ഭയന്നവര്‍ മരണശേഷവും ഭയക്കുന്നതും ഈ നിലപാടുകളുടെ മൗലികതയുടെ പേരില്‍ തന്നെയാണ്. ടിപ്പുവിന്‍റെ മതഭക്തിയാണ് അദ്ദേഹത്തിന്‍റെ നിലപാടുകളായിത്തീര്‍ന്നത്. അന്ത്യസമയം വരെയും ആ വ്യതിരിക്തത അദ്ദേഹം കാത്തുസൂക്ഷിച്ചു.

സ്വന്തം നിയോഗമറിഞ്ഞ് കൃത്യമായി പ്രവര്‍ത്തിക്കുന്ന വിശ്വാസികളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ അഹ്സാബ് 23-ാം സൂക്തത്തില്‍ പ്രശംസിക്കുന്നുണ്ട്. ചെറുപ്പത്തിലേ ലഭിച്ച ജീവിത പരിചരണങ്ങളില്‍ നിന്നും പിതാവിന്‍റെ ഉപദേശത്തില്‍ നിന്നുമാണ് അദ്ദേഹം മതസംസ്കാരം സ്വാംശീകരിക്കുന്നത്.

തസവ്വുഫിനെയും അതിന്‍റെ ആത്മശിക്ഷണത്തെയും നിരാകരിക്കുന്നവര്‍ പോലും അദ്ദേഹത്തിന്‍റെ ആത്മീയ പ്രഭാവത്തിനുള്ള കാരണങ്ങളും രീതികളും എഴുതിയിട്ടുണ്ട്. പിതാവ് ഹൈദരലി ഖാന്‍റെ ആദരണീയനായ ഗുരുവായിരുന്നു ടിപ്പു എന്ന സാത്വികന്‍. ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം അദ്ദേഹം ഗുരുവിനെ അറിയിച്ചു. ഗുരുവിന്‍റെ പ്രാര്‍ത്ഥനയുടെ ഫലമായി പിറന്ന പുത്രനാണ് ഫത്ഹ് അലി എന്ന ടിപ്പു സുല്‍ത്താന്‍. ഗുരുവിന്‍റെ പേര് പുത്രനും നല്‍കി ഹൈദരലി.

ഹൈദരലി ഖാന്‍റെ മതജീവിതത്തെയും ഈ സംഭവം അനാവരണം ചെയ്യുന്നുണ്ട്. ഒരു ആത്മീയ ഗുരുവുമായി ബന്ധം പുലര്‍ത്തുന്നതും വിവാഹം കഴിഞ്ഞ് കാലങ്ങളായി കൊണ്ടുനടക്കുന്ന മോഹം സഫലമാക്കാന്‍ അദ്ദേഹത്തെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് പരിഹാരം കാണുന്നതും വിശ്വാസിയുടെ രീതിയാണല്ലോ. ഈ സൗഭാഗ്യത്തില്‍ കൃതജ്ഞനായി ഗുരുവിന്‍റെ പേര് തന്നെ പുത്രനു നല്‍കി അദ്ദേഹം.

ഹൈദരലി ഖാന്‍ ഖാദിരിയ്യ ത്വരീഖത്ത്  സ്വീകരിച്ചിരുന്നു. മതപരമായ ഒരു ശ്രദ്ധേയ മുഖം അദ്ദേഹത്തിനുണ്ടായിരുന്നതിനാലാണ് ചരിത്രകാരനായ ശൈഖ് അബ്ദുല്‍ ഹയ്യില്‍ ഹസനീ(റ) നാലായിരത്തിലധികം ഇന്ത്യന്‍ പണ്ഡിത നേതാക്കളുടെ ചരിത്രം രേഖപ്പെടുത്തിയ ബൃഹത്തായ ഗ്രന്ഥം ‘നുസ്ഹതുല്‍ ഖവാത്വിറി’ല്‍ ഹൈദരലിയെ ഉള്‍പ്പെടുത്തിയത്.

ടിപ്പുവിന്‍റെ ബാല്യകൗമാരങ്ങള്‍ ജീവചരിത്രകാരനായ ഫൈസല്‍ അഹ്മദ് ബട്കലി എഴുതുന്നു: ഹൈദരലി തന്‍റെ പുത്രനില്‍ നല്ല ലക്ഷണങ്ങള്‍ ദര്‍ശിക്കുകയുണ്ടായി. നല്ല പരിചരണം നല്‍കി കുട്ടിയെ സംസ്കാരസമ്പന്നനാക്കുന്നതില്‍ ശ്രദ്ധിച്ചു. അങ്ങനെ ടിപ്പു മതവിജ്ഞാനങ്ങളും ഇസ്ലാമിക ശിക്ഷണവും നേടി (ശഹീദ് ടിപ്പു സുല്‍ത്താന്‍- അറബി എഡിഷന്‍).

ടിപ്പുവിന്‍റെ ചരിത്രകാരന്മാരെ ഉദ്ധരിച്ച് കെടി ഹുസൈന്‍ എഴുതി: 1700-ല്‍ ഹൈദരലിയുടെ മകനായി ദേഹനഹള്ളിയിലാണ് ടിപ്പുവിന്‍റെ ജനനം. മാതാവ് ഫഖ്റുന്നിസ ബീഗം. ഫത്ഹ് അലി ടിപ്പു സുല്‍ത്താന്‍ എന്നാണ് ശരിയായ പേര്. ഇതില്‍ ടിപ്പു സുല്‍ത്താന്‍ എന്നത് ഹൈദരലി ഭക്തിയോടെ കണ്ടിരുന്ന ഒരു സൂഫിവര്യന്‍റെ പേരാണ്. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് പുത്രന് ആ പേര് നല്‍കിയത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ മതവിഷയങ്ങളിലും അറബി, ഫരിസി, ഉറുദു, കന്നഡ, തെലുങ്ക് ഭാഷകളിലും അവഗാഹവും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ സാമാന്യ പരിജ്ഞാനവുമുണ്ടായിരുന്നതായി മുഹിബ്ബുല്‍ ഹസന്‍ എഴുതുന്നു. നന്നായി ശിക്ഷണം ലഭിച്ച ബുദ്ധിയുടെ ഉടമയായിരുന്നു സുല്‍ത്താന്‍. ഏതു വിഷയവും അനായാസം സംസാരിക്കും. കന്നടയും ഹിന്ദുസ്ഥാനിയും അറിയാമെങ്കിലും പൊതുവെ സംസാരം പേര്‍ഷ്യനിലായിരുന്നു. ആ ഭാഷയില്‍ അനായാസം എഴുതുകയും ചെയ്യും. ശാസ്ത്രം, വൈദ്യം, സംഗീതം, ജ്യോതിഷം, എന്‍ജിനീയറിങ് എന്നിവയിലും താല്‍പര്യമുണ്ടായിരുന്നു. എങ്കിലും ഇഷ്ടവിഷയം മതവും തസവ്വുഫും തന്നെയായിരുന്നു. കവികളും പണ്ഡിതന്മാരും അദ്ദേഹത്തിന്‍റെ ദര്‍ബാറിനെ അലങ്കരിച്ചിരുന്നു. അവരുമായി പല വിഷയങ്ങളിലും ചര്‍ച്ച നടത്തി. ഹദീസ്, തസവ്വുഫ്, സംഗീതം, ചരിത്രം, വൈദ്യശാസ്ത്രം, നിയമം, യുദ്ധം, കല എന്നിവയില്‍ നാല്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ രചിക്കപ്പെടു കയോ ഇതര ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെടുകയോ ഉണ്ടായി. കൂടാതെ സംഗീതം, ഹദീസ്, തസവ്വുഫ്, ഫിഖ്ഹ്, വേദാന്തം, ചരിത്രം, ഫല്‍സഫ, വൈദ്യശാസ്ത്രം, ജ്യോതിഷം, യുദ്ധം, കല, ഗണിതശാസ്ത്രം, കവിത തുടങ്ങിയ വിഷയങ്ങളില്‍ അറബി, പേര്‍ഷ്യന്‍, തുര്‍ക്കി, ഹിന്ദുസ്ഥാനി ഭാഷകളിലായി രണ്ടായിരം കൈയ്യെഴുത്തു പ്രതികള്‍ ഉള്‍പ്പെടെ അമൂല്യമായൊരു ഗ്രന്ഥാലയവും അദ്ദേഹത്തിനുണ്ടായിരുന്നു (ആരാണ് ടിപ്പു?).

ടിപ്പു എന്ന പോരാളിയുടെ വ്യക്തിത്വത്തിന്‍റെ ബഹുമുഖങ്ങള്‍ ഇതില്‍ നമുക്ക് കാണാം. മുഹിബ്ബുല്‍ ഹസന്‍ എന്ന ചരിത്ര ഗവേഷകന്‍റെ ഹിസ്റ്ററി ഓഫ് ടിപ്പു എന്ന ബൃഹത്തായ ഗ്രന്ഥത്തില്‍ നിന്നാണ് പ്രധാനമായും ഈ വിവരണങ്ങള്‍. ടിപ്പുവിന്‍റെ പഠനവും പരിശീലനവും പരന്നതായിരുന്നു. പഠിച്ചത് പകര്‍ത്തുന്നതാണ് രീതി.

അലി ഹസന്‍ അലി ഖാന്‍ കിര്‍മാനി, സുല്‍ത്താന്‍റെ കൗമാരകാലത്തെ ഒരു രംഗം വിവരിച്ചു: ടിപ്പു ഒരിക്കല്‍ ഉമ്മയുടെ റൂമില്‍ ഉറങ്ങിപ്പോയി. പരിചാരികമാര്‍ അദ്ദേഹത്തിന്‍റെ കാല് തടവിക്കൊടുക്കാന്‍ തുനിഞ്ഞു. ഞെട്ടിയുണര്‍ന്ന ടിപ്പു അവരോട് ചോദിച്ചു: നിങ്ങളെന്നെ അല്ലാഹുവിന്‍റെ കോടതിയില്‍ കുറ്റവാളിയാക്കുന്ന വേല ചെയ്യുന്നതെന്തിനാണ്?

പൊതുവെയുള്ള കൊട്ടാര രീതികളോട് അദ്ദേഹം അകലം പാലിച്ചിരുന്നു. മതനിഷ്ഠ പാലിക്കുന്നതില്‍ ടിപ്പുവിനുണ്ടായിരുന്ന കണിശത പ്രസിദ്ധം. സാധാരണ കൊട്ടാരങ്ങളിലുണ്ടാവാറുള്ള ആര്‍ഭാടമോ അഴിഞ്ഞാട്ടമോ കുടുംബത്തിലും കൊട്ടാരത്തിലും അദ്ദേഹം അനുവദിച്ചില്ല. ലളിത ജീവിതം അവലംബിച്ചു. യുവതികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് പോലും എതിര്‍ത്തു. മുടങ്ങാതെ എല്ലാ വഖ്തും ജമാഅത്തായി നിര്‍വഹിച്ചു. താന്‍ നിര്‍മിച്ച പള്ളിയുടെ ഉദ്ഘാടനകര്‍മം, ജീവിതത്തില്‍ സുബ്ഹി നിസ്കാരം ഖളാ ആയിട്ടില്ലാത്തയാള്‍ നിര്‍വഹിക്കണമെന്ന് ശഠിച്ചു. ഒടുവില്‍ അത്തരമൊരാളെ ലഭിക്കാതെ വന്നപ്പോള്‍ സുബ്ഹി ഒറ്റ ദിവസം പോലും ഖളാ ആക്കിയിട്ടില്ലാത്ത അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യേണ്ടിവന്നു.

ഭരണത്തിരക്കിനിടയിലും ആത്മീയ ഗുരുക്കളും സരണികളുമായി സുദൃഢ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. പിതാവിനെ പോലെ കോഴിക്കോട്ടെ സയ്യിദ് ശൈഖ് ജിഫ്രി(റ)ന്‍റെ മുരീദായിരുന്നു ടിപ്പുവും. മഹാനില്‍ നിന്നാണ് ഇരുവരും ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്. തന്‍റെ ആത്മീയഗുരുവിന് ദക്ഷിണയും സമ്മാനവും നല്‍കാന്‍ ടിപ്പു ശ്രമിച്ചെങ്കിലും ശൈഖ് ജിഫ്രി(റ) അത് നിരസിച്ചു. പകരം ജനോപകാരപ്രദമായ വല്ലതും ചെയ്യാനായിരുന്നു നിര്‍ദേശം. അങ്ങനെയാണ് കോഴിക്കോട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി സാമൂതിരി മാനവിക്രമന്‍ നല്‍കിയ ഭൂമിയില്‍ ശൈഖവര്‍കള്‍ സ്ഥാനം നിര്‍ണയിച്ചിടത്ത് ടിപ്പു ചെലവ് വഹിച്ചുകൊണ്ട് പ്രസിദ്ധമായ മാനാഞ്ചിറ കുളം നിര്‍മിച്ചത്. വറ്റാത്ത തെളിനീരുറവയായി മാനാഞ്ചിറ കുളം കോഴിക്കോടിന്‍റെ ആശ്വാസമായി നിലകൊള്ളുന്നു.

മുജാഹിദ് സഹയാത്രികന്‍ സിഎന്‍ അഹ്മദ് മൗലവിയും കെകെ അബ്ദുല്‍ കരീമും ചേര്‍ന്നെഴുതിയ ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ എന്ന കൃതിയിലും ശൈഖ് ജിഫ്രി-ടിപ്പു ഗുരു-ശിഷ്യബന്ധം പരാമര്‍ശിക്കുന്നുണ്ട്. സൂഫി ഗുരുക്കളുമായുള്ള ബന്ധമായിരിക്കണം ധീരമായ ചുവടുവെപ്പുകള്‍ക്കും സ്ഥൈര്യത്തോടെയുള്ള പോരാട്ടങ്ങള്‍ക്കും സുല്‍ത്താന് പ്രേരണയായത്. അര്‍പ്പണബോധവും ത്യാഗസന്നദ്ധതയും ഇത്രമേല്‍ പ്രകടിപ്പിച്ച മറ്റൊരു പോരാളിയായ ഭരണാധികാരി ഇന്ത്യന്‍ ചരിത്രത്തിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 

ഭരണനിര്‍വഹണം

പിതൃ മരണശേഷം ഭരണാധിപനായ ടിപ്പു പിതാവ് നല്‍കിയ ഉപദേശങ്ങളും പരിശീലനങ്ങളും വഴി ഭരണതന്ത്രജ്ഞതയും പ്രതിബദ്ധതയും കാഴ്ചവച്ചു. അദ്ദേഹത്തിന്‍റെ വ്യാപകമായ വികസന പ്രവര്‍ത്തനങ്ങളും പ്രജാക്ഷേമ നിലപാടുകളും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമവും സാമ്പത്തിക ക്രമീകരണങ്ങളും ശ്രദ്ധേയമായിരുന്നു. ചൂഷണ വിരുദ്ധ മനസ്സും സാമൂഹിക മാറ്റത്തിനുള്ള മോഹവും സത്യവിശ്വാസത്തിന്‍റെ താല്‍പര്യമാണ്. ദുര്‍ബലര്‍ക്ക് വേണ്ടിയുള്ള പോരാട്ടം നിങ്ങള്‍ നടത്താത്തതെന്ത് എന്ന് വിശുദ്ധ ഖുര്‍ആന്‍റെ ചോദ്യ(സൂറത്തുന്നിസാഅ്: 75)ത്തിനുള്ള  ഉത്തരമായിരുന്നു അദ്ദേഹത്തിന്‍റെ ഭരണപരിഷ്കാരങ്ങള്‍.

പ്രജകള്‍ക്ക് സ്വീകാര്യവും നാടിനുപകരിക്കുന്ന തുമായ ഭരണരീതിയാണദ്ദേഹം പിന്തുടര്‍ന്നത്.  ഭരണത്തിന്‍റെ പോരായ്മയും വീഴ്ചയും ആരോപിച്ച് സുല്‍ത്താനെതിരെ സൈനിക നീക്കം നടത്തുന്നത് അസാധ്യമാണെന്ന് ബ്രിട്ടീഷ് കേന്ദ്രങ്ങള്‍ക്കു പോലും അഭിപ്രായമുണ്ടായിരുന്നു. മെക്കന്‍സിയുടെ കുറിപ്പുകളില്‍ ഇതു കാണാം. നല്ല ഭരണം കൊണ്ട് ഗവണ്‍മെന്‍റിനെ ശക്തമാക്കുകയും വിഭവങ്ങള്‍ ദുര്‍വ്യയം കൂടാതെ ഉപയോഗിക്കുകയും ചെയ്ത ടിപ്പുവിനോട് അയല്‍ ശക്തികളെ ഒരുവിധത്തിലും താരതമ്യപ്പെടുത്താനാവില്ല. ഇടത്തട്ടുകാരുടെ ചൂഷണം അദ്ദേഹം ശക്തമായി തടയുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു. അധിക നികുതി പിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നു കര്‍ഷകരെ സംരക്ഷിച്ചു. അവരില്‍ അധികവും ഹിന്ദുക്കളായിരുന്നു (ഉദ്ധരണം; കേരള മുസ്ലിംകള്‍ പോരാട്ടത്തിന്‍റെ ചരിത്രം).

ഭരണസാരഥ്യം പൈതൃകമായി ലഭിച്ച പദവി യായി കാണുന്നതിനു പകരം ദൈവദത്തമായ ഒരു നിയോഗമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ടിപ്പു സമര പോരാട്ടങ്ങളെ ഇസ്ലാമികമായി വീക്ഷിച്ചത്. ഇസ്ലാം നല്‍കിയ വിപ്ലവ വീര്യവും പ്രചോദനവും ടിപ്പുവില്‍ പ്രകടമായിരുന്നതും അദ്ദേഹത്തോട് പലരിലും ഈര്‍ഷ്യതയുണ്ടാക്കി.

ടിപ്പുവിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പലവഴികളും നോക്കിയിരുന്നു. ഹൈദരാബാദ് നൈസാം വഴിയുള്ള അനുരജ്ഞന ശ്രമത്തിന് സുല്‍ത്താന്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് തന്നെ ശക്തിയുണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്നു. അല്ലാഹുവിന്‍റെയും ഇസ്ലാമിന്‍റെയും മാര്‍ഗത്തില്‍ ജീവാര്‍പ്പണവും സാമ്പത്തിക ത്യാഗവും ചെയ്യാനാണ് ഞാനുദ്ദേശിക്കുന്നത്. മുസ്ലിംകളുടെയടക്കം കാര്യങ്ങള്‍ ക്രമപ്പെടണമെന്നും സമാധാനപൂര്‍ണമാകണമെന്നും ഞാന്‍ അഭിലഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ശത്രുക്കള്‍ക്ക് സഹായികളാകാതെ എന്നെ പിന്തുണക്കുകയാണ് മുസ്ലിംകള്‍ ചെയ്യേണ്ടത്.’ തന്‍റെ ഇച്ഛാശക്തിയും ദീനി പ്രതിബദ്ധതയും ഇതില്‍ നിഴലിക്കുന്നു.

എല്ലാ നാട്ടുരാജാക്കന്മാര്‍ക്കും അയല്‍ നാടുകളിലേക്കും സമാധാനപൂര്‍ണമായ സാഹചര്യത്തിനായി സഹകരണമഭ്യര്‍ത്ഥിച്ച് സന്ദേശമയച്ചതായി ചരിത്രത്തില്‍ കാണാം. എല്ലാ ഇന്ത്യക്കാരോടും സന്ധിയിലാവാനായിരുന്നു സുല്‍ത്താന് താല്‍പര്യം. പ്രജാക്ഷേമവും സമാധാനവും ഉറപ്പാക്കാന്‍ സുല്‍ത്താന്‍ തന്‍റെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങള്‍ വിട്ടുനല്‍കുക പോലുമുണ്ടായി. അതുവഴി ഇസ്ലാമിന്‍റെ പാഠമായ അവകാശ സംരക്ഷണം കൂടി അദ്ദേഹം ഉറപ്പുവരുത്തുകയായിരുന്നു.

പ്രായോഗിക ഖിലാഫത്തിന്‍റെ അവസാന കിരണമായ തുര്‍ക്കിയിലെ ഉസ്മാനി ഖലീഫമാരോടും അദ്ദേഹം കത്തിടപാടുകള്‍ നടത്തിയിരുന്നു. ഇസ്ലാമിക ഖിലാഫത്തിന്‍റെ ഭാഗമായി തന്‍റെ അധീന പ്രദേശത്തെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കായി പ്രാര്‍ത്ഥിക്കാനും മുസ്ലിം ഭരണാധികാരികളോടഭ്യര്‍ത്ഥിച്ചു.

 

മതസഹിഷ്ണുത

മതഭ്രാന്തനെന്ന ചാപ്പകുത്തി ടിപ്പുവിനെ അവമതിക്കാനുള്ള ശ്രമത്തിന് ഏറെ പഴക്കമുണ്ട്. എന്നാല്‍ ടിപ്പുവിന്‍റെ നിസ്തുലമായ മതസഹിഷ്ണുതക്ക് അനേകം ഉദാഹരണങ്ങള്‍ പറയാനാവും. അദ്ദേഹത്തിന്‍റെ മതസഹിഷ്ണുതാപരമായ സമീപനങ്ങള്‍ ഇതര ഭരണാധികാരികളില്‍ നിന്ന് ഏറെ ഉന്നതമായിരുന്നുവെന്ന് ചരിത്രം. പ്രധാന ഭരണ ചുമതലകളില്‍ അമുസ്ലിംകളെ ധാരാളമായി നിയമിച്ചിരുന്നു സുല്‍ത്താന്‍. പ്രജകളുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാലയങ്ങള്‍ക്ക് വലിയ പരിഗണന നല്‍കി. വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ട ഭാഗമാണിത്. അതിന് അദ്ദേഹത്തെ സജ്ജമാക്കിയത് ഇസ്ലാമിന്‍റെ സഹിഷ്ണുതയുടെയും സഹകരണത്തിനും പാഠങ്ങളായിരുന്നു.

മുസ്ലിമാണെന്ന കാരണത്താല്‍ ജനങ്ങളില്‍ നിന്ന് ടിപ്പുവിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടില്ല. ചൂഷകരും അക്രമികളും എതിരായത് ടിപ്പു തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് തടസ്സമാണെന്ന് ബോധ്യപ്പെട്ടപ്പോളാണ്. വിരോധം നേരില്‍ പ്രകടിപ്പിക്കാന്‍ വയ്യാത്തതിനാല്‍ അവര്‍ മതത്തെ മറയാക്കി എന്നുമാത്രം.

 

ശിയാ ബന്ധമോ?

കൊണ്ടോട്ടി തങ്ങളുമായുള്ള ടിപ്പുവിന്‍റെ ബന്ധം ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തില്‍ ശീഇസം ആരോപിക്കാനും സംശയിക്കാനും ചിലര്‍ മുതിര്‍ന്നിട്ടുണ്ട്. ഇവിടെ ഓര്‍ക്കേണ്ട പ്രധാന വസ്തുത, ടിപ്പുവിന്‍റെയും പിതാവിന്‍റെയും ആത്മീയഗുരു കോഴിക്കോട്ടെ ശൈഖ് ജിഫ്രി തങ്ങളായിരുന്നുവെന്നും തങ്ങളവര്‍കള്‍ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷായുടെ കടുത്ത വിരോധിയായിരുന്നുവെന്നുമാണ്. ആത്മീയതയുടെ മറവില്‍ പല അരുതായ്മകളും ഷായെ കേന്ദ്രീകരിച്ച് നടക്കുകയും അതിനെ പ്രസ്ഥാനവല്‍ക്കരിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്‍റെ വിരോധത്തിനു ഹേതുകം. ശൈഖ് ജിഫ്രി(റ) അവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ഗ്രന്ഥമെഴുതുകയും ചെയ്തു. സ്വഗുരു ഇത്രമാത്രം എതിര്‍ത്ത മുഹമ്മദ് ഷായുമായി ടിപ്പു ആത്മീയബന്ധം സ്ഥാപിക്കുകയില്ലെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ ഭരണാധികാരി എന്ന നിലയില്‍ തന്‍റെ അധീന പ്രദേശത്തെ ഒരു വിഭാഗത്തിന്‍റെ നേതാവെന്ന പരിഗണന ഷാക്ക് ടിപ്പു നല്‍കി എന്നത് വസ്തുതയാണ്. അതിനാല്‍ തന്നെ ഈ ബന്ധം രാഷ്ട്രീയ കാഴ്ചപ്പാടുകളോടെയായിരുന്നുവെന്ന് വ്യക്തം. ഭരണ പ്രദേശത്ത് ഒരു ശല്യക്കാരന്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയുള്ള അധികാരിയുടെ മുന്‍കരുതലായി മാത്രം കാണാവുന്ന ഒരു നീക്കുപോക്കായിരുന്നു സുല്‍ത്താന്‍റേത്. ടിപ്പുവിന്‍റെ കാലശേഷം ബ്രിട്ടീഷുകാരുടെ കൂടെ നില്‍ക്കാന്‍ മുഹമ്മദ് ഷാ തയ്യാറായി എന്നു ചേര്‍ത്തുവായിക്കുമ്പോള്‍ സുല്‍ത്താന്‍റെ നയതന്ത്രജ്ഞതയുടെ പ്രാധാന്യം ബോധ്യപ്പെടും.

പക്ഷേ, ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ രചയിതാക്കള്‍ ഈ വസ്തുത അവഗണിച്ച് ടിപ്പുവിനെയും മുഹമ്മദ് ഷായെയും ചേര്‍ത്തുവായിച്ചത് കാണാം. ഇതിന് അവര്‍ തെളിവാക്കുന്നത് മുഹമ്മദ് ഷാക്ക് സമ്പത്തും നികുതി പിരിക്കുന്നതിനുള്ള ഇനാംദാര്‍ പദവിയും സുല്‍ത്താന്‍ നല്‍കി എന്നതാണ്. സത്യത്തില്‍, സുല്‍ത്താന്‍റെ വിശാലമനസ്കതയുടെ തെളിവാണിത്. ജോലിക്കാരെയും ഉദ്യോഗസ്ഥന്മാരെയും മന്ത്രിമാരെയും നിയമിക്കുന്നതില്‍ ആശയ വ്യത്യാസങ്ങള്‍ അദ്ദേഹം പരിഗണിച്ചിരുന്നില്ലെന്നത് സാധൂകരിക്കുന്നു, ഷാക്ക് നല്‍കിയ പരിഗണന. ഈ അധികാരം ഉപയോഗപ്പെടുത്തി കൊണ്ടോട്ടി തങ്ങള്‍ വലിയ സമ്പന്നനായിമാറിയെന്ന് കാലത്തിന്‍റെ പിന്നാമ്പുറം.

മുഹമ്മദ് ഷായെ കുറിച്ച് വിവരിക്കുന്നതിനു മുമ്പായി ടിപ്പു ശൈഖ് ജിഫ്രിയുടെ മുരീദായിരുന്നു എന്ന് സിഎന്‍ അഹ്മദ് മൗലവിയും കെകെ അബ്ദുല്‍ കരീമും രേഖപ്പെടുത്തുന്നുണ്ട്. അഥവാ ടിപ്പു കൊണ്ടോട്ടി തങ്ങളുമായി രാഷ്ട്രീയ ബന്ധവും ജിഫ്രി തങ്ങളുമായി ആത്മീയ ബന്ധവുമാണ് പുലര്‍ത്തിയിരുന്നതെന്ന് വ്യക്തമാണ്. തീര്‍ച്ചയായും ഗുരു-ശിഷ്യ ബന്ധത്തില്‍ ഗുരുവാണ് പ്രഥമനും ഉന്നതനും. അധികാരി-ഉദ്യോഗസ്ഥ ബന്ധത്തില്‍ അധികാരിയാണ് പ്രഥമന്‍. ഉദ്യോഗസ്ഥന്‍ ഏതവസ്ഥയിലും രണ്ടാമനായിരിക്കും. ഇതാണ് ടിപ്പുവിന്‍റെ കോഴിക്കോട്-കൊണ്ടോട്ടി ബന്ധങ്ങളുടെ മുന്‍ഗണനയും വസ്തുതയും. പക്ഷേ ഗൂഢമായ ചില അജണ്ടകള്‍ക്കായി ചരിത്ര നിര്‍മിതി നടത്തുകയായിരുന്നുവോ ഇരുവരുമെന്ന് ധരിക്കേണ്ടിയിരിക്കുന്നു.

 

ഒറ്റുകാര്‍

ഇന്ത്യാചരിത്രത്തിലെ വഞ്ചകരിലും ഒറ്റുകാരിലും പ്രസിദ്ധമായ രണ്ടു നാമങ്ങളാണ് മീര്‍ ജാഫറും മീര്‍ സ്വാദിഖും. ഇരുവരും പാരമ്പര്യ ശിയാക്കളായിരുന്നു. മീര്‍ ജാഫര്‍ പ്ലാസി യുദ്ധത്തില്‍ ബ്രിട്ടന് തലവേദനയായ സിറാജുദ്ദൗലയെ ഒറ്റുകൊടുത്തു. മീര്‍ സ്വാദിഖ് ടിപ്പു സുല്‍ത്താനെയും വഞ്ചിച്ചു. ശിയാ നേതാവായ കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനായിരുന്നു ടിപ്പുവെങ്കില്‍ മീര്‍ സ്വാദിഖ് എന്ന ശിയാ വിശ്വാസി അദ്ദേഹത്തെ വഞ്ചിക്കുമായിരുന്നോ എന്നത് ചിന്തനീയമാണ്. ടിപ്പു ശിയാ വിരുദ്ധനായ സുന്നിയും തസവ്വുഫിന്‍റെ പിന്തുടര്‍ച്ചക്കാരനും ആയിരുന്ന ഒരാളെ ഒറ്റുന്നതിന് ശിയാ സംസ്കാരമനുസരിച്ച് മീര്‍ സ്വാദിഖ് ബ്രിട്ടന്‍റെ പ്രലോഭനത്തിന് വഴങ്ങി ധൃഷ്ടനാവുകയായിരുന്നുവെന്നു കരുതാം.

സുന്നികള്‍ക്കെതിരെ ശിയാക്കള്‍ നടത്തിയ ക്രൂരവേട്ടയുടെ ചരിത്രമെഴുതിയ ഡോ. മുഹമ്മദ് യൂസുഫുന്നജ്റാമി ‘അശ്ശീഅതു ഫില്‍ മീസാന്‍’ എന്ന പഠനത്തില്‍ രേഖപ്പെടുത്തിയത് ശ്രദ്ധേയം: ഡല്‍ഹിയില്‍ മലിക് നാദിറിനെ ശീഈ ഭരണാധികാരിയായ ആസ്വഫ് ഖാന്‍ സമൂഹമധ്യത്തില്‍ വധിച്ചുകളഞ്ഞു. മുള്‍ട്ടാനില്‍ അബുല്‍ ഫത്ഹ് ദാവൂദ് എന്ന ശീഈ ഉദ്യോഗസ്ഥന്‍ അനേകം സുന്നികളുടെ രക്തം ചിന്തി. മൂന്ന് ഖലീഫമാരെയും അധിക്ഷേപിക്കുന്ന കാര്യത്തില്‍ ശിയാക്കളോടൊപ്പം നില്‍ക്കാത്തതിന്‍റെ പേരില്‍ അനേകം സുന്നികളെ ശിയാക്കളായ ഉദ്യോഗസ്ഥന്മാരും ഭരണത്തലവന്‍മാരും ലക്നോയില്‍ കശാപ്പു ചെയ്യുകയുണ്ടായി. ടിപ്പു സുല്‍ത്താന്‍റെ കാര്യത്തില്‍ വഞ്ചന നടത്തിയ മീര്‍ സ്വാദിഖിന്‍റെ ദുഷ്ടതയും സിറാജുദ്ദൗലയെ പിന്നില്‍ നിന്ന് കുത്തിയ മീര്‍ ജാഫറിന്‍റെ ചെയ്തിയും തുടങ്ങിയവ ഉദാഹരണം (ഉദ്ധരണം; ഹഖീഖത്തുശ്ശീഅത്തി ഹത്താ ലാ നന്‍ഖദിഅ).

മലബാറില്‍ കുറച്ചൊക്കെ ജനസ്വാധീനമുണ്ടായിരുന്ന ഒരു വ്യക്തിയെ ചില നീക്കുപോക്കുകളിലൂടെ വശത്താക്കുകയായിരുന്നു ടിപ്പു. അല്ലാത്തപക്ഷം ശീഈ പാരമ്പര്യമനുസരിച്ച് ബ്രിട്ടീഷുകാര്‍ക്കൊപ്പം അയാളും നില്‍ക്കുമായിരുന്നു. ഇതു തടയാന്‍ ടിപ്പുവിന് സാധിച്ചു. സുല്‍ത്താന്‍റെ മരണശേഷം ബ്രിട്ടീഷുകാര്‍ക്കൊപ്പമാണ് മുഹമ്മദ് ഷാ ചേര്‍ന്നതെന്നത് സ്മരണീയം. അതിനാല്‍ തന്നെ രാഷ്ട്രീയതന്ത്രത്തിനപ്പുറത്ത് ടിപ്പുവിന്‍റെ കൊണ്ടോട്ടി ബന്ധത്തിന് മാനം കല്‍പിക്കുന്നത് അസംബന്ധമാണ്.

ചരിത്രത്തിലും വര്‍ത്തമാനത്തിലും ടിപ്പുവിന്‍റെ ശത്രുക്കള്‍ ഇന്ത്യാരാജ്യത്തിന്‍റെയും ശത്രുക്കളായിരുന്നുവെന്നത് ശ്രദ്ധേയം. മതസൗഹാര്‍ദത്തിന് അത്രമേല്‍ പരിഗണന നല്‍കിയത് കൊണ്ടാണ് അദ്ദേഹം ജനമനസ്സില്‍ അനശ്വരനായി നിലനില്‍ക്കുന്നത്. ടിപ്പുവിന്‍റെ നിലപാടുകളെ ചൊല്ലി വസ്തുതകള്‍ വളച്ചൊടിക്കുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്ന വരെയും അവഗണിക്കുകയാണ് വിശ്വാസികള്‍ക്ക് കരണീയം.

 

അവലംബം:

ശഹീദ് ടിപ്പു സുല്‍ത്താന്‍-ബട്കലി

സ്വലാഹുല്‍ ഉമ്മ ഫീ ഉലുവ്വില്‍ ഹിമ്മ-ഡോ. സയിദ് ബ്നു ഹുസൈന്‍

ഹഖീഖത്തുശ്ശീഅത്തി ഹത്താ ലാ നന്‍ഖദിഅ-അബ്ദുല്ലാഹില്‍ മൗസ്വിലി

മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം-സിഎന്‍ അഹ്മദ് മൗലവി, മുഹമ്മദ് അബ്ദുല്‍ കരീം

മലബാര്‍ മാന്വല്‍-വില്യം ലോഗന്‍

മുസ്ലിംകളും കേരള സംസ്കാരവും-പികെ മുഹമ്മദ് കുഞ്ഞി

കേരള മുസ്ലിംകള്‍ പോരാട്ടത്തിന്‍റെ ചരിത്രം-പ്രൊഫ. കെഎം ബഹാഉദ്ദീന്‍

ആരാണ് ടിപ്പു? -ലേഖ. കെടി ഹുസൈന്‍

കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം-പരപ്പില്‍ മുഹമ്മദ് കോയ

കേരള മുസ്ലിം ചരിത്രം-സികെ കരീം

ഇന്ത്യയിലെ മുസ്ലിം ഭരണകാലം കഥകളിലൂടെ- സിഎച്ച് മുഹമ്മദ് കോയ

ഇന്ത്യന്‍ മുസ്ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും-ഇ മൊയ്തു മൗലവി

ഇസ്ലാമും ഇന്ത്യന്‍ സംസ്കാരവും-ബിഎന്‍ പാണ്ഡെ

You May Also Like

ശഅ്ബാന്‍ തിരുനബി(സ്വ)യുടെ മാസം, സ്വലാത്തിന്‍റെയും

അബൂബയാനുല്‍ ഇസ്ഹാഖ്(റ) സ്വപ്നത്തില്‍ തിരുനബി(സ്വ)യെ ദര്‍ശിച്ചു. പ്രവാചകരോട് അദ്ദേഹം ചോദിച്ചു: ‘നബിയേ, ഇമാം ശാഫിഈ അങ്ങയുടെ…

● അസീസ് സഖാഫി വാളക്കുളം

ടിപ്പു: മതസൗഹാര്‍ദത്തിന്‍റെ സുല്‍ത്താന്‍

ടിപ്പുസുല്‍ത്താന്‍ മതവിശ്വാസിയായിരുന്നു. സുന്നിയും കര്‍മധാരയില്‍ ശാഫിഈ മദ്ഹബുകാരനുമായിരുന്നു. കുടുംബം നഖ്ശബന്ദി ത്വരീഖത്തുമായി ബൈഅത്തു ചെയ്തിരുന്നു. ഈ…

● അലി സഖാഫി പുല്‍പറ്റ

അല്‍ഫതാവാ-10 : റാത്തീബുല്‍ ഹദ്ദാദും ഖുര്‍ആന്‍ പാരായണവും

വലിയ അശുദ്ധിയുള്ള സമയത്ത് ഹദ്ദാദില്‍ ചൊല്ലുന്ന സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍