ടിപ്പുസുല്‍ത്താന്‍ മതവിശ്വാസിയായിരുന്നു. സുന്നിയും കര്‍മധാരയില്‍ ശാഫിഈ മദ്ഹബുകാരനുമായിരുന്നു. കുടുംബം നഖ്ശബന്ദി ത്വരീഖത്തുമായി ബൈഅത്തു ചെയ്തിരുന്നു. ഈ ആത്മീയബന്ധം ടിപ്പുവിലും പരിവര്‍ത്തനങ്ങളുണ്ടാക്കി. മതനിഷ്ഠകള്‍ കര്‍ശനമായി പാലിച്ചു. തന്‍റെ സാമ്രാജ്യത്തില്‍ മദ്യവും അതുല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും ടിപ്പു നിരോധിച്ചു. പള്ളികളോടനുബന്ധിച്ച് പാഠശാലകള്‍ പണിയാന്‍ നിര്‍ദേശിച്ചു. ദുരാചാരങ്ങള്‍ വിലക്കി (മുഹമ്മദ് ഇല്‍യാസ് നദ്വി, ടിപ്പു സുല്‍ത്താന്‍: 295-334).

മതവിശ്വാസി ആയിരുന്നെങ്കിലും ടിപ്പു മതഭ്രാന്തനായിരുന്നില്ല. മതനിയമങ്ങള്‍ അദ്ദേഹം അടിച്ചേല്‍പിച്ചിരുന്നില്ല. അതംഗീകരിച്ചിരുന്നുമില്ല. മനം മാറാതെയുള്ള മതപരിവര്‍ത്തനത്തെ ടിപ്പു എതിര്‍ത്തു. 1787-ല്‍ അദ്ദേഹം ഇറക്കിയ ഒരു വിളംബരത്തില്‍ ഇങ്ങനെ കാണാം: മതസഹിഷ്ണുത പരിശുദ്ധ ഖുര്‍ആന്‍റെ അടിസ്ഥാന തത്ത്വമാണ്. മതത്തില്‍ നിര്‍ബന്ധമില്ല എന്ന തത്ത്വം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മറ്റൊരു മതത്തിന്‍റെ വിഗ്രഹങ്ങളെ നിന്ദിക്കരുതെന്നു ഖുര്‍ആന്‍ നിങ്ങളെ ഉണര്‍ത്തുന്നു. ഖുര്‍ആന്‍ പറയുന്നത് അവര്‍ പ്രാര്‍ത്ഥിക്കുന്നതിനെ നിങ്ങള്‍ നിന്ദിക്കാതിരിക്കുക, അവര്‍ അജ്ഞതമൂലം തെറ്റായ രീതിയില്‍ അല്ലാഹുവിനെ നിന്ദിക്കാതിരിക്കാന്‍ എന്നത്രെ. നല്ല കാര്യങ്ങളില്‍ നിങ്ങള്‍ അന്യോന്യം മത്സരിക്കണം എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (നവാബ് ടിപ്പു സുല്‍ത്താന്‍ ഒരുപഠനം പേ. 138, ഡോ. കെകെഎന്‍ കുറുപ്പ്).

മതത്തെ ചൂഷണോപാധിയാക്കാനും ടിപ്പു മുതിര്‍ന്നില്ല. പ്രജകളുടെ മതവികാരമിളക്കിവിട്ട് ശത്രുക്കളെ പ്രതിരോധിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ബ്രിട്ടീഷുകാരുമായുള്ള അതിനിര്‍ണായകമായ നാലാം യുദ്ധത്തില്‍ പോലും ടിപ്പു ഒരു ജിഹാദിന് ആഹ്വാനം ചെയ്തിരുന്നില്ല (നവാബ് ടിപ്പുസുല്‍ത്താന്‍ പേ. 160).

 

രക്തസാക്ഷിയായിട്ടും വെടിവച്ചുകൊണ്ടേയിരിക്കുന്നു

ഇന്ത്യ കണ്ട ഏറ്റവും വലിയ ധീരദേശാഭിമാനിയായിരുന്നു ടിപ്പു സുല്‍ത്താന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം രക്തസാക്ഷിയായി. മരിച്ചുവീണ് രണ്ടുനൂറ്റാണ്ടു പിന്നിട്ടിട്ടും ശത്രുക്കള്‍ അദ്ദേഹത്തിനു നേരെ വെടിവച്ചുകൊണ്ടേയിരിക്കുന്നു. ടിപ്പു രാജ്യത്തു നടപ്പിലാക്കിയ ഭരണപരിഷ്കരണങ്ങളും അധിനിവേശ ശക്തികളോടു കാണിച്ച വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുമാണ് അദ്ദേഹം ഇത്രയും ശരവ്യമാകാന്‍ കാരണം. ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് ടിപ്പുവിനെ ചിത്രവധം നടത്തുന്നതിന് തുടക്കം കുറിച്ചത്. രാജ്യത്തെ സവര്‍ണ ഫാസിസ്റ്റുകള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു.

‘രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധകാലത്ത് ശ്രീരംഗപട്ടണത്തെ അനേകം ബ്രാഹ്മണരില്‍നിന്ന് ഇംഗ്ലീഷുകാര്‍ക്ക് രഹസ്യങ്ങള്‍ ലഭിച്ച കാര്യം ജെയിംസ് മില്‍ രേഖപ്പെടുത്തുന്നു. നാലാം യുദ്ധത്തിലാകട്ടെ ഇത്തരക്കാര്‍ വമ്പിച്ച ഒരേറ്റുമുട്ടലില്ലാതെ ശത്രുക്കളെ കോട്ടയില്‍തന്നെ എത്തിച്ചു’ (നവാബ് ടിപ്പു സുല്‍ത്താന്‍ 160). ബ്രിട്ടീഷുകാരും അവര്‍ക്കു പാദസേവ ചെയ്ത സമ്പന്ന ഒറ്റുകാരും തങ്ങളുടെ ക്രൂര ചെയ്തികള്‍ക്ക് ന്യായീകരണം പറഞ്ഞു ഫലിപ്പിക്കുകയാണ് വിമര്‍ശനങ്ങളുടെയെല്ലാം ലക്ഷ്യം.

 

ടിപ്പു മുസ്ലിം വിരുദ്ധനല്ല

ഭരണാധികാരികളുടെ രാഷ്ട്രീയ നിലപാടുകളില്‍ മതം ചികഞ്ഞന്വേഷിക്കുന്ന രീതിശാസ്ത്രം ഇന്ത്യയില്‍ കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയിലെ പൂര്‍വരാജാക്കന്മാരില്‍ മിക്കയാളുകളും തങ്ങളെ പിന്തുണക്കുന്ന പ്രജകളെ മതം നോക്കാതെ സഹായിച്ചിരുന്നവരാണ്. അനുസരണയില്ലാത്തവര്‍ സ്വന്തം മതസ്ഥരായിരുന്നാല്‍ പോലും വകവരുത്തുകയും ചെയ്യും. ബ്രിട്ടീഷ് അധിനിവേശത്തോടു കൂടി ഈ സാഹചര്യത്തിന് ഇളക്കംതട്ടി. മുസ്ലിംകള്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടുകളെ അവര്‍ ഇസ്ലാമിന്‍റെ പേരില്‍ ചാര്‍ത്തി. കീഴാളരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇഷ്ടപ്പെടാതിരുന്ന സവര്‍ണ തമ്പ്രാക്കന്മാര്‍ അതിനെ പിന്തുണക്കുകയും ചെയ്തു. അതേസമയം ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും ഇന്ത്യയില്‍ നടത്തിയ കൊള്ളയും കൊള്ളിവെപ്പും ക്രിസ്ത്യാനികളുടെ പേരില്‍ എഴുതിച്ചേര്‍ക്കാതിരിക്കുന്നതില്‍ വിവേചനവും ദാസ്യമനോഭാവവും കാണാവുന്നതാണ്.

ഭരണാധികാരികള്‍ സ്വീകരിക്കുന്ന അച്ചടക്ക നടപടികള്‍ പ്രതികളുടെ മതത്തിനെതിരാക്കി ചിത്രീകരിക്കുകയാണെങ്കില്‍ ടിപ്പു ഒരു മുസ്ലിം വിരുദ്ധനാണെന്നും പറയേണ്ടിവരും! 1765-ല്‍ ഹൈദരലിയുമായുള്ള യുദ്ധത്തില്‍ പരാജിതനായ ബാലാം (കൂര്‍ഗ്) രാജാവിന്‍റെ അന്തഃപുര സ്ത്രീകളുടെ മാനം കവരാന്‍ ശ്രമിച്ചതിനാല്‍ സേനാനായകന്‍ മഖ്തൂബ് ഖാനെ ടിപ്പു വെടിവച്ചുകൊല്ലുകയുണ്ടായി. പതിനഞ്ചു വയസ്സായിരുന്നു അന്ന് ടിപ്പുവിന്‍റെ പ്രായം. അദ്ദേഹം പങ്കെടുത്ത ആദ്യയുദ്ധവും അതായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാരുമായി അവിഹിത വേഴ്ച പതിവാക്കിയ മുസ്ലിം സ്ത്രീകളെയും ടിപ്പു ശിക്ഷിച്ചു. വഞ്ചനാകുറ്റം നടത്തിയ മുഹമ്മദ് ഖാസിം, ഉസ്മാന്‍ ഖാന്‍ കശ്മീരി എന്നിവരെ വകവരുത്തി. മുസ്ലിംകളായിരുന്ന അയല്‍ രാജാക്കന്മാരോടും നൈസാമിനോടും പോരാടി. ഇത്തരം നിലപാടുകള്‍ കാരണം അദ്ദേഹത്തെ ഒരാളും മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചിട്ടില്ല. ഹിന്ദുക്കളെ അക്രമിച്ചതില്‍ മാത്രം മതം കണ്ടെത്തുന്നതിനു പിന്നില്‍ വൃത്തികെട്ട ചില അജണ്ടകളുണ്ടെന്ന് ഇതില്‍ നിന്നു വ്യക്തം.

 

ഹൈന്ദവ ഉദ്യോഗസ്ഥന്മാര്‍

ടിപ്പുവിന്‍റെ മന്ത്രിസഭയിലെ ഉന്നതസ്ഥാനങ്ങളിലൊക്കെ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ടിപ്പു നിയമിച്ചിരുന്നത് സവര്‍ണ ബ്രാഹ്മണന്മാരെയായിരുന്നു (Chandan Gowda, The Hindu, All about Tippu stulthan – Nov. 9-16). ടിപ്പു മരിക്കുന്നതുവരെ തന്‍റെ രാജ്യത്തിന്‍റെ (ഖുദാദാദ് സല്‍ത്തനത്ത്) ധനകാര്യമന്ത്രി പൂര്‍ണയ്യയായിരുന്നു. തൃച്ചിനാപ്പള്ളി സ്വദേശിയായ പൂര്‍ണയ്യ ഹിന്ദു ബ്രാഹ്മണനായിരുന്നു. സുല്‍ത്താന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ലാലാ മഹസ്താബ് റായി സബഖ്തും ഹിന്ദുവായിരുന്നു.

മൈസൂര്‍ കുതിരപ്പടയിലെ ഉന്നതോദ്യോഗസ്ഥന്‍ ഹരിസിംഗ്, അദ്ദേഹത്തിന്‍റെ സഹോദരനും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ നരസിംഹറാവു, നയതന്ത്ര സംഭാഷണങ്ങള്‍ക്കു നിയോഗിക്കപ്പെട്ടിരുന്ന ശ്രീനിവാസ റാവു, അപ്പാജി, മലബാറിലെ നായര്‍ കലാപം നിയന്ത്രണവിധേയമാക്കാന്‍ ചുമതലപ്പെടുത്തിയ ശ്രീപദ്റാവു, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കി നിര്‍ത്തിയിരുന്ന 3000 ഭടന്മാരടങ്ങിയ സേനയുടെ നായകന്‍ സേവാജി, കൊട്ടാരത്തിലെ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയിരുന്ന നരസിയ്യ, വിശ്വസ്ത ഉദ്യോഗസ്ഥനായ കൃഷ്ണറാവു തുടങ്ങി പ്രധാന തസ്തികകളിലെല്ലാം ഹിന്ദുക്കളായിരുന്നു.

ടിപ്പു സുല്‍ത്താന്‍റെ മതസഹിഷ്ണുതക്ക് ഇതിനെക്കാള്‍ തെളിവ് ആവശ്യമില്ല. ഉദ്യോഗരംഗത്തും സൈനികതലങ്ങളിലും ഹിന്ദുക്കള്‍ എമ്പാടുമുണ്ടായിരിക്കെ ഹിന്ദുക്കളെ അക്രമിക്കണമെന്നോ നിര്‍ബന്ധിച്ച് മതംമാറ്റണമെന്നോ ടിപ്പുവിനു പറയാന്‍ സാധിക്കുമായിരുന്നില്ല. എന്നിട്ടും ടിപ്പുവിന്‍റെ സൈന്യം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ടെങ്കില്‍ പൂര്‍ണയ്യയെ പോലുള്ള സവര്‍ണ ഉദ്യോഗസ്ഥര്‍ക്കും അതില്‍ വ്യക്തമായ പങ്കുണ്ടായിരിക്കും. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഉദ്യോഗസ്ഥലോബി ബോധപൂര്‍വം ശ്രമിച്ചില്ല എന്നു ഉറപ്പിച്ചു പറയാനുമാകില്ല. അവസാനം ചില്ലിക്കാശിനുവേണ്ടി ടിപ്പുവിനെ ഒറ്റുകൊടുത്ത പൂര്‍ണയ്യയും സംഘവും (അതില്‍ മുസ്ലിം ഉദ്യോഗസ്ഥരുമുണ്ട്) അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഉദ്യോഗസ്ഥരില്‍ അമിത വിശ്വാസം പുലര്‍ത്തിയ ടിപ്പുവിന് അവരുടെ വഞ്ചന മണത്തറിയാന്‍ വൈകിപ്പോയി.

‘കോണ്‍വാലീസിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് പീരങ്കികള്‍ക്കു നേടാന്‍ കഴിയാത്ത വിജയം വെല്ലസ്ലിയുടെ ഇംഗ്ലീഷ് സ്വര്‍ണനാണയങ്ങള്‍ നേടിയെടുത്തു’ (Thara Chandh, History of the Freedom Movement of India, Revised Edition, 1965, New Delhi, Page 226-27).

 

അനുതാപം അക്രമമാണോ?

‘മഹാരാഷ്ട്ര-നൈസാം സഖ്യകക്ഷികള്‍ക്കെതിരായി 1786-ല്‍ സുല്‍ത്താന്‍ യുദ്ധം നടത്തുകയായിരുന്നു. തുംഗഭദ്രാ നദിയുടെ കരയില്‍ ബിങ്കാപൂര്‍  എന്ന സ്ഥലത്തു ക്യാമ്പ് ചെയ്യുന്ന ശത്രുക്കളെ രാത്രിയില്‍ സുല്‍ത്താന്‍റെ പടയാളികള്‍ ആക്രമിച്ചു. താവളത്തില്‍ ഉറക്കത്തിലായിരുന്ന കമാണ്ടര്‍മാരുടെ പല സ്ത്രീകളെയും പിടികൂടി അവര്‍ സുല്‍ത്താന്‍റെ ക്യാമ്പിലേക്കു കൊണ്ടുവന്നു. അവരെ സുല്‍ത്താന്‍ ആദരവോടെ സ്വീകരിച്ചും സമ്മാനങ്ങള്‍ കൊടുത്തും അവരുടെ ക്യാമ്പുകളിലേക്കു പറഞ്ഞയച്ചു. അവരെ സ്വീകരിക്കാന്‍ വിസമ്മതിച്ച സ്വന്തം ഭര്‍ത്താക്കന്മാരോടു സുല്‍ത്താന്‍റെ മാന്യതയെ പറ്റിയും അവരുടെ അല്‍പത്തത്തെ പറ്റിയും ആ സ്ത്രീകള്‍ക്കു സംസാരിക്കേണ്ടിവന്നു’ (കിര്‍മാനീ, ഉദ്ധരണം: നവാബ് ടിപ്പു സുല്‍ത്താന്‍: 145).

സുല്‍ത്താന്‍റെ സ്വഭാവമഹിമയും ശത്രുക്കളുടെ സ്ത്രീകളോടു സ്വീകരിച്ചിരുന്ന സമീപന രീതിയും ഈ സംഭവം വിവരിച്ചുതരുന്നു. യുദ്ധത്തില്‍ കീഴടക്കപ്പെട്ട ശത്രുക്കളോടും ടിപ്പു മാന്യമായിട്ടാണ് പെരുമാറിയിരുന്നത്. ഹൈദറാലിയുമായുള്ള യുദ്ധത്തില്‍ കൂര്‍ഗിലെ ബാലാം രാജാവും കൂട്ടാളികളും തടവുകാരായി പിടിക്കപ്പെട്ടു. മകന്‍ ടിപ്പുവിന്‍റെ അഭ്യര്‍ത്ഥനപ്രകാരം അവരെ പാരിതോഷികങ്ങള്‍ നല്‍കി സ്വതന്ത്രരാക്കിവിട്ടു. തദവസരം ബലാം രാജാവ് ടിപ്പുവിന്‍റെ മുമ്പില്‍ നമ്രശിരസ്കനായി പറഞ്ഞു: ‘ഭയം കാരണമായിരുന്നു ഞാന്‍ താങ്കളുടെ പിതാവിനു മുന്നില്‍ തല താഴ്ത്തിയത്. എന്നാല്‍ താങ്കള്‍ക്കു മുന്നില്‍ ഞാനിതാ ബഹുമാനപുരസ്സരം ശിരസ്സു കുനിക്കുന്നു’ (The sowrd of Tippu sulthan, BS Gidwani).

 

പൂജാരികളെ സഹായിക്കുന്നു

1791-ല്‍ രഘുനാഥ് റാവുവിന്‍റെ നേതൃത്വത്തില്‍ മറാഠര്‍ മൈസൂരിനെ ആക്രമിച്ചു. വ്യാപകമായി കൊള്ളയടിച്ചു. കൂട്ടത്തില്‍ ശൃംഗേരി മഠവും തകര്‍ത്തു. വിലപിടിപ്പുള്ള വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്തു. ക്ഷേത്രം വകയിലുള്ള കന്നുകാലികളെ അപഹരിച്ചു. പല്ലക്കുകള്‍ മോഷ്ടിച്ചു. ശാരദാംബയുടെ പ്രതിഷ്ഠ പിഴുതെറിഞ്ഞു. അനേകം ബ്രാഹ്മണരെ ശിരഛേദം നടത്തി. സച്ചിദാനന്ദഭാരതി ആത്മരക്ഷാര്‍ത്ഥം അയല്‍നഗരമായ കൂര്‍ഗിലേക്കു രക്ഷപ്പെട്ടു. അവിടെ നിന്ന് തന്‍റെ ദയനീയ സ്ഥിതി വിവരിച്ചും സര്‍ക്കാറിന്‍റെ സഹായം ആവശ്യപ്പെട്ടും ടിപ്പുവിന് കത്തെഴുതി. അതിന് ടിപ്പു അയച്ച മറുപടി ശൃംഗേരി മഠത്തില്‍ നിന്ന് 1916-ല്‍ മൈസൂര്‍ പുരാവസ്തു ഡയറക്ടറായിരുന്ന റാവു ബഹദൂര്‍ നിരസിംഹാചാര്യ കണ്ടെടുക്കുകയുണ്ടായി. ടിപ്പു സന്യാസിമാരോടു സ്വീകരിച്ചിരുന്ന നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍.

സുല്‍ത്താന്‍റെ മറുപടിപ്രകാരമായിരുന്നു: ‘ഇത്തരം പരിശുദ്ധമായ ഒരു സ്ഥലത്തിനെതിരായി പാപം ചെയ്തവര്‍ തങ്ങളുടെ ദുഷ്ചെയ്തികളുടെ ഫലം കലിയുഗത്തില്‍ വളരെയൊന്നും വൈകാതെ തന്നെ അനുഭവിക്കും. ഒരാപ്തവാക്യം പറയുന്നു: ഹസാദ് ദിഹ ക്രിയതേ കര്‍മ ആദാദിഹ അനുഭൂയതേ (ചിരിച്ചുകൊണ്ട് തെറ്റായ കര്‍മം ചെയ്യുന്നവര്‍ അതിന്‍റെ ഫലം കരഞ്ഞുകൊണ്ട് കൊയ്യുന്നു). ഗുരുക്കന്മാരോടുള്ള ദുഷ്കൃത്യം തങ്ങളുടെ പിന്തുടര്‍ച്ച നഷ്ടപ്പെടുന്നതിലവസാനിക്കും. ശാരദാംബയുടെ പ്രതിഷ്ഠക്കുവേണ്ടി നാഗറിലെ ആസഫിനോടു 200 രഹതി (800ക) പണമായും 200 രഹതി ധാന്യമായും മറ്റു സാധനങ്ങള്‍ വില വാങ്ങിയും നല്‍കാന്‍ ഇതോടൊപ്പം നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ മറ്റു സാമഗ്രികള്‍ താങ്കള്‍ ഇനാം ഗ്രാമത്തില്‍ നിന്നും സംഭരിക്കുക. അപ്രകാരം പ്രതിഷ്ഠയും ബ്രാഹ്മണരുടെ ഊട്ടും നടത്തിക്കഴിഞ്ഞാല്‍ നമ്മുടെ ക്ഷേമത്തിനും ശത്രുനാശത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചാലും’ (ഉദ്ധരണം: നവാബ് ടിപ്പു സുല്‍ത്താന്‍ 136, 37).

ഹിന്ദുക്കളായ മറാഠര്‍ രഘുനാഥ് പട്വര്‍ദ്ധന്‍റെയും പരശുറാം ഭാവുവിന്‍റെയും നേതൃത്വത്തില്‍ ശൃംഗേരി മഠത്തെയും ആശ്രമവാസികളെയും ആക്രമിച്ചു നശിപ്പിച്ചപ്പോള്‍ ടിപ്പു സുല്‍ത്താന്‍ അത് പുനരുദ്ധരിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. ഈ ടിപ്പുവിനെ ഹൈന്ദവ വിരുദ്ധനെന്നുവിളിക്കുന്നത് എത്ര ക്രൂരമല്ല! മഠാധിപതിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞും സഹായവാഗ്ദാനങ്ങള്‍ നല്‍കിയും ടിപ്പു ശൃംഗേരി മഠത്തിലേക്കയച്ച നിരവധി കത്തുകളുണ്ട്. സ്വാമിജി മഠത്തില്‍ നിന്ന് വേഷ്ടി, പ്രസാദം, മലര്‍, പഴം എന്നിവ സുല്‍ത്താന് അയച്ചുകൊടുത്തിരുന്നു. അവ കൈപറ്റിയതായി അറിയിച്ച് ടിപ്പു അയച്ച എഴുത്തും കണ്ടെത്തിയ രേഖകളിലുണ്ട്.

‘ടിപ്പു കുട്ടിയായിരിക്കെ ഒരു പുണ്യപുരുഷന്‍ ഭാവിയില്‍ ടിപ്പു രാജാവാകുമെന്നു പ്രവചിക്കുകയും അപ്പോള്‍ തങ്ങള്‍ കണ്ടുമുട്ടിയ സ്ഥലത്ത് പള്ളി പണിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റുന്നതിന് ടിപ്പു ഒരു പള്ളി പണിയാന്‍ ഉദ്ദേശിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന ക്ഷേത്രത്തിലെ പൂജാരിയുടെ അനുവാദം തേടി. അനുവാദം കിട്ടിയതിനു ശേഷമേ ടിപ്പു പള്ളിയുടെ പണി ആരംഭിച്ചുള്ളൂ. ഭരണാധികാരി എന്ന നിലക്ക് വേണമെങ്കില്‍ ആരോടും ചോദിക്കാതെ പള്ളിപ്പണി ആരംഭിക്കമായിരുന്നു’ (മുഹമ്മദ് ഇല്‍യാസ് നദ്വി, ടിപ്പുസുല്‍ത്താന്‍ 288-289).

 

ക്ഷേത്രങ്ങള്‍ പരിപാലിച്ചു

ശ്രീരംഗപട്ടണത്തെ ടിപ്പുവിന്‍റെ കോട്ടക്കുള്ളില്‍ ക്ഷേത്രമുണ്ടായിരുന്നു. മസ്ജിദെ അഅ്ലയോട് ചേര്‍ന്നുള്ള രംഗനാഥ ക്ഷേത്രത്തിനു പുറമെ നരസിംഹയുടെയും ഗംഗധരേശ്വയുടെയും പേരിലുള്ള രണ്ടു കോവിലുകള്‍ കൂടിയുണ്ട്. സുല്‍ത്താന്‍റെ ബാംഗ്ലൂരിലെ കൊട്ടാരത്തോടനുബന്ധിച്ചും ക്ഷേത്രമുണ്ടായിരുന്നു. പാലക്കാട്ടെ ടിപ്പുവിന്‍റെ കോട്ടക്കുള്ളില്‍ ഇന്നും ഹനുമാന്‍ ക്ഷേത്രം നിലനില്‍ക്കുന്നു. സുല്‍ത്താന്‍റെ മതസൗഹാര്‍ദത്തിന്‍റെ അടയാളങ്ങളാണിവയെല്ലാം.

ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും അഗ്രഹാരങ്ങള്‍ക്കും സര്‍വമാന്യതയും ആനുകൂല്യങ്ങളും ഇനാം ഭൂമിയും മറ്റും ടിപ്പു നിര്‍ലോപം അനുവദിച്ചിരുന്നു. ഡോ. കെകെഎന്‍ കുറുപ്പ് എഴുതുന്നു: ‘ബ്രഹ്മവും ദേയവും ദേവദേയവും ആയിട്ടുള്ള ഭൂമി ഒഴിവാക്കി മറ്റു ഭൂമികള്‍ സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റുവാന്‍ 1782-ല്‍ ബാരമഹലിലെ ഹരിദാസയ്യ എന്ന ആമില്‍ദാറിനു നിര്‍ദേശം നല്‍കി. കടപ്പ ജില്ലയില്‍ ഇതേ വര്‍ഷം ഗണ്ഡികോട്ട ക്ഷേത്രത്തിലെ ആഞ്ജനേയ പൂജക്ക് ഒരു രാമചാറിനു ഭൂമി അനുവദിച്ചതു കാണാം. തൊംഗപ്പള്ളി ഗ്രാമത്തിന്‍റെ നികുതി പുഷ്പഗിരി മഠത്തിലെ സ്വാമിജിക്കു വിട്ടുനല്‍കാന്‍ ആമീല്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. അതേവിധം ശ്രീരംഗപട്ടണത്തെ ക്ഷേത്രത്തിലേക്കു നല്‍കിയ ഏഴു വെള്ളിക്കപ്പുകളും കല്‍പ്പൂരത്തട്ടും പ്രത്യേകം സ്മരണീയമാണ്. കാവേരിപട്ടി ഗ്രാമത്തിലെ ചന്ദ്രമൗലീശ്വര ദേവസ്ഥാനത്തെ പടിത്തരം, ദീപാരാധന എന്നിവക്കായി ബാരമഹലിലെ ആമീല്‍ദാര്‍ ഹരിദാസയ്യക്ക് അയാള്‍ പിരിവെടുത്ത ഉല്‍പന്നങ്ങള്‍ വിട്ടുകൊടുക്കാന്‍ മറ്റൊരു നിര്‍ദേശം 1790-ല്‍ നല്‍കിയിരുന്നു.

‘ബാബാ ബുധന്‍ഗിരിയിലെ ദത്താത്രേയ പീഠത്തിന് ആനഗൊണ്ടി രാജാക്കന്മാര്‍ അനുവദിച്ച ഇരുപതു ഗ്രാമങ്ങള്‍ 1784-ല്‍ വീണ്ടും സുല്‍ത്താന്‍ അനുവദിച്ചുകൊടുത്തു. കൂടാതെ 1784-ല്‍ വെങ്കടപ്പള്ളി അഗ്രഹാരം വെങ്കടാചല ശാസ്ത്രിക്കും മറ്റു ബ്രാഹ്മണര്‍ക്കും തന്‍റെ പേരില്‍ കുറച്ചു സമയം ഐശ്വര്യത്തിനും ആയുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിട്ടുകൊടുക്കുന്നു. ഇത്തരത്തിലുള്ള അനേകം സര്‍ക്കാര്‍ ദാനങ്ങള്‍ എ സുബ്ബരായചെട്ടി ചൂണ്ടിക്കാട്ടുന്നു’ (നവാബ് ടിപ്പുസുല്‍ത്താന്‍, 134-35).

ടിപ്പു വാര്‍ഷിക ധനസഹായം നല്‍കിയിരുന്ന 156 ക്ഷേത്രങ്ങളുടെ പട്ടിക മൈസൂര്‍ ഗസറ്റ് എഡിറ്റര്‍ ശ്രീകാന്തയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. 1782 മുതല്‍ 1799 വരെ സുല്‍ത്താന്‍ പ്രഖ്യാപിച്ച് 34 പത്രങ്ങള്‍ പുറപ്പെടുവിച്ചു. മൈസൂര്‍ പുരാവസ്തു വകുപ്പിന്‍റെ റിപ്പോര്‍ട്ടു പ്രകാരം നഞ്ചന്‍കോട് താലൂക്കിലെ ലക്ഷ്മീകാന്ത് ക്ഷേത്രത്തിനും മേല്‍ക്കാട് നാരായണ സ്വാമി ക്ഷേത്രത്തിനും ആനകളും സ്വര്‍ണം, വെള്ളി തളികകളും സമ്മാനിച്ചിരുന്നു (Mysore Archeaological report, 1917, page 60).

നഞ്ചന്‍കോട് താലൂക്കിലെ തന്നെ ശ്രീകാനേശ്വര ക്ഷേത്രത്തിനും ടിപ്പു അതിസുന്ദരമായ ഒരു പാത്രം സമ്മാനിച്ചിരുന്നു. അതിന്‍റെ അടിഭാഗത്ത് വിലയേറിയ അഞ്ചു രത്നങ്ങള്‍ പതിച്ചിരുന്നു. മേല്‍ക്കോട്ടിലെ നരയന്‍സ്വാമി ക്ഷേത്രത്തിനും സുല്‍ത്താന്‍ രത്നം പതിച്ച പാത്രങ്ങളും ഒരു ജോടി ചെണ്ടയും ഒരു ഡസന്‍ ആനകളെയും സംഭാവന ചെയ്തു. ടിപ്പു നല്‍കിയ ‘കാഫൂര്‍ദാനും’ ഏഴു വെള്ളിപ്പാത്രങ്ങളും ശ്രീരംഗപട്ടണത്തിലെ രംഗനാഥ ക്ഷേത്രത്തില്‍ കാണാം.

 

മലബാറിലെ ക്ഷേത്രങ്ങള്‍

മലബാറിലെ പ്രധാന ക്ഷേത്രങ്ങള്‍ക്കെല്ലാം ടിപ്പുവിന്‍റെ നിസ്സീമ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് റീജണല്‍ ആര്‍ക്കൈവ് ഇനാം രജിസ്റ്ററില്‍ അവയുടെ രേഖ ലഭ്യമാണ്. 60 ക്ഷേത്രങ്ങള്‍ക്ക് ടിപ്പു പണം അനുവദിച്ചത് ഡോ. സികെ കരീം ‘കേരളം ടിപ്പുവിനു കീഴില്‍’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. കോഴിക്കോട് തൃക്കണ്ഠേശ്വര ക്ഷേത്രത്തിന് 195 ഏക്കര്‍ ഭൂമി, ഗുരുവായൂര്‍ ക്ഷേത്രത്തിന് 504 ഏക്കര്‍, ചേലുംപട്ടണത്തിലെ മന്‍വാര്‍ ക്ഷേത്രത്തിന് 73 ഏക്കര്‍, പൊന്നാനി തൃവഞ്ചുകുസുലം ക്ഷേത്രത്തിന് 212 ഏക്കര്‍, പൊന്നാനി നമ്പൂതിരിപ്പാട് അമ്പലത്തിന് 135 ഏക്കര്‍… ഇങ്ങനെ പോകുന്നു ആ കണക്ക്.

മലബാര്‍ ആക്രമണവേളയില്‍ ടിപ്പുവിന്‍റെ സൈനികരില്‍ ചിലര്‍ ഏതാനും ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു. അതറിഞ്ഞ ടിപ്പു പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കി. അഗ്നിക്കിരയായ അമ്പലങ്ങള്‍ പുനരുദ്ധരിക്കാന്‍ ആവശ്യത്തിലും അധികം സഹായിച്ചു. 1789-ല്‍ സുല്‍ത്താന്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്ന് തന്‍റെ സൈനികരുടെ ആവശ്യാര്‍ത്ഥം ഏതാനും പാത്രങ്ങള്‍ ആവശ്യപ്പെട്ടു. മടക്കയാത്രയില്‍ ടിപ്പു ക്ഷേത്രത്തിന് അതിഗംഭീരമായ വിളക്കുകാല്‍ സമ്മാനിച്ചു. ക്ഷേത്രങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്‍റായി ടിപ്പു 193959 പഗോഡ നല്‍കിയിരുന്നതായി ധനകാര്യമന്ത്രി പൂര്‍ണയ്യ വെളിപ്പെടുത്തിയട്ടുണ്ട്.

 

ക്രൈവസ്തവരോടുള്ള പെരുമാറ്റം

ടിപ്പു ഭരണം ഏറ്റെടുത്തതുമുതല്‍ മൈസൂര്‍ സ്വന്തമാക്കാനും സുല്‍ത്താനെ വകവരുത്താനും ബ്രിട്ടീഷ് ക്രൈസ്തവര്‍ സര്‍വസന്നാഹങ്ങളുമൊരുക്കി പ്രവര്‍ത്തിച്ചു. തദ്ദേശീയ ക്രിസ്ത്യാനികള്‍ അവര്‍ക്കു വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തു. 1782-ലെ രണ്ടാം മൈസൂര്‍ യുദ്ധകാലത്ത് മംഗലാപുരത്തെ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചു. ബദ്നൂര്‍ കീഴടക്കുന്നതിന് ജനറല്‍ മാത്യൂസിനെ അവര്‍ സഹായിച്ചു. നിരവധി ക്രൈസ്തവര്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് മൈസൂരിനെ ആക്രമിച്ചു. ജനറല്‍ കാംപല്‍ മംഗലാപുരം ഉപരോധിച്ചപ്പോള്‍ അവിടത്തെ ക്രൈസ്തവര്‍ ആയിരം ചാക്ക് അരി നല്‍കി അദ്ദേഹത്തിന് ഒത്താശ ചെയ്തു. അവസാനം ആ ധീരദേശാഭിമാനി ക്രൈസ്തവരുടെ കരങ്ങളാല്‍ വെടിയേറ്റു മരിച്ചു.

ക്രിസ്ത്യാനികള്‍ ടിപ്പുവിനോടും മൈസൂരിനോടും പൊതുവില്‍ ഇന്ത്യയോടും കാണിച്ച ക്രൂരതകള്‍ക്കു കണക്കില്ല. ടിപ്പു യുദ്ധവേളയില്‍ പോലും അമാന്യമായി അവരോടു പെരുമാറിയിരുന്നില്ല. പ്രത്യക്ഷത്തില്‍ പോരിനിറങ്ങിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നു. അതു സ്വാഭാവികം. ഗൂഢാലോചനകളില്‍ പങ്കെടുത്തവരില്‍ മിക്കയാളുകളെയും കൊച്ചിയിലേക്കോ ഗോവയിലേക്കോ നാടുകടത്തി. കുറച്ചുപേരെ ശ്രീരംഗപട്ടണത്തും ചിറ്റാല്‍ദുര്‍ഗിലും തടവിലിട്ടു. തടവുപുള്ളികളോട് ടിപ്പു കാണിച്ച സൗമനസ്യവും അവര്‍ക്കനുവദിച്ച ആരാധനാ സ്വാതന്ത്ര്യവും പലരുടെയും മനംമാറ്റി. അങ്ങനെ ചിലര്‍ മുസ്ലിമായതു ചരിത്രം. ക്രിസ്ത്യാനികള്‍ ഇത്രമാത്രം ദ്രോഹിച്ചിട്ടും ടിപ്പു ഒരു ചര്‍ച്ചുപോലും ആക്രമിച്ചിരുന്നില്ല. ഇതറിയാന്‍ ശ്രമിക്കാതെയാണ് ഈയിടെ കാപ്പിപ്പൊടിയച്ചന്‍ വര്‍ഗീയ പ്രഭാഷണം നടത്തിയത്.

 

ഗാന്ധി കണ്ടെത്തിയ ടിപ്പു

ടിപ്പു സുല്‍ത്താനെ പ്രധാനമായും മതസഹിഷ്ണുതയില്ലാത്ത ഭരണാധികാരിയായും മതഭ്രാന്തനായും മറ്റും ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ചിത്രീകരിച്ചു. അവരുടെ പ്രധാന ലക്ഷ്യം ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ നടത്തിയ യുദ്ധങ്ങളെ ന്യായീകരിക്കുകയും ഇന്ത്യന്‍ പ്രജകളുടെ രക്ഷകര്‍ തങ്ങളാണെന്നു പ്രചരിപ്പിക്കുകയുമായിരുന്നു. ഇതിനു സുല്‍ത്താനെ മതപരമായ അസഹിഷ്ണുവായി ചിത്രീകരിച്ച് കറുത്ത ചായത്തില്‍ എഴുതാന്‍ ആ ചരിത്രകാരന്മാര്‍ തയ്യാറായി’ (കെകെഎന്‍ കുറുപ്പ്, നവാബ് ടിപ്പു സുല്‍ത്താന്‍: 133).

ടിപ്പുവിനെ പറ്റി ഗാന്ധിജി എഴുതി: ‘വിദേശ ചരിത്രകാരന്മാര്‍ ടിപ്പു സുല്‍ത്താനെ മതഭ്രാന്തനായും ഹിന്ദു പ്രജകളെ അടിച്ചമര്‍ത്തി ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹം അത്തരക്കാരനായിരുന്നില്ല. ഹിന്ദു പ്രജകളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം തികച്ചും സൗഹാര്‍ദപരമായിരുന്നു. മൈസൂര്‍ നാട്ടുരാജ്യത്തിലെ പുരാവസ്തു വിഭാഗത്തില്‍ ടിപ്പു ശൃംഗേരി മഠത്തിലെ ശങ്കരാചാര്യര്‍ക്ക് എഴുതിയ മുപ്പതിലേറെ കത്തുകളുണ്ട്.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു വന്‍തോതില്‍ ഭൂസ്വത്തുക്കള്‍ ദാനം ചെയ്തു. ടിപ്പുവിന്‍റെ കൊട്ടാരങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന ശ്രീ വെങ്കിട്ടരാമണ്ണ ശ്രീനിവാസ ക്ഷേത്രവും ശ്രീരംഗനാഥ് തുടങ്ങിയ ക്ഷേത്രങ്ങളും സഹിഷ്ണുതയുടെയും വിശാല മനസ്കതയുടെയും അനശ്വര സ്മരണകളാണ്. അല്ലാഹുവിന്‍റെ ഭക്തനായിരുന്നു സ്വാതന്ത്ര്യസമരത്തിലെ മഹാനായ ഈ രക്തസാക്ഷി. ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള മണിനാദങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്ക് ശല്യമായി അദ്ദേഹം കരുതിയിരുന്നില്ല’ (യങ് ഇന്ത്യ 1930 ജനുവരി, പേ. 31).

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യസ്നേഹിയും ദേശാഭിമാനിയുമായ മൈസൂര്‍ സുല്‍ത്താന്‍! ചരിത്രം നമുക്കു മുമ്പില്‍ വ്യക്തമായുള്ളപ്പോള്‍ വിരുദ്ധമായ പ്രചാരണങ്ങള്‍ അപശബ്ദങ്ങളായി അവശേഷിക്കുകതന്നെചെയ്യും.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…