തവനൂര്‍ വൃദ്ധമന്ദിരം സൂപ്രണ്ടുമായി സംസാരിച്ച് തിരിച്ചിറങ്ങുന്നത് ഉച്ചക്ക് 1: 30നാണ്. അപ്പോള്‍ സ്ത്രീകളും പുരുഷ്യന്‍മാരുമായി ആറേഴ് അന്തേവാസികള്‍ സ്ഥാപനത്തിന്‍റെ സിറ്റ്ഔട്ടിലിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ കൂട്ടത്തിലൊരാള്‍, നിങ്ങള്‍ എവിടെന്നാ? എന്നു ചോദിച്ചു. ഞാന്‍ സ്ഥലം പറഞ്ഞു. അപ്പോള്‍ പുള്ളി ലുങ്കിയും ചുകപ്പ് കുപ്പായവും ധരിച്ച തട്ടം തലയില്‍ ചുറ്റികെട്ടിയ പ്രായം ചെന്നൊരു മുസ്ലിം സ്ത്രീയുടെ ചോദ്യം: ‘നിങ്ങള്‍ ഇപ്പോ തന്നെ പോവാണോ, കൊറച്ച് കഴിഞ്ഞിട്ട് പോയാ പോരേ?’ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ പുതിയൊരാളെ കിട്ടുമ്പോഴുള്ള തിടുക്കമാണ് എല്ലാവരുടെയും നിനവുകളില്‍. വൃദ്ധമന്ദിരത്തിന്‍റെ നാലു മതില്‍ കെട്ടുകള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നതിന്‍റെ വിഷമം കണ്ണുകളില്‍ പ്രകടം. അന്തേവാസികളുമായി ഇടപഴകുന്നതിന് അധികൃതര്‍ ആദ്യമേ നിയന്ത്രണം വച്ചിരുന്നതിനാല്‍ വേഗം മടങ്ങേണ്ടിവന്നു.
രോഗികള്‍ കൂടുമ്പോര്‍ ആശുപത്രികള്‍ പെരുകുന്നത് പോലെ പകല്‍ വീടുകളും വൃദ്ധസദനങ്ങളും കൂടിവരുന്നത് ഇത്തരം സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനാലാണ്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതും ഗവ.അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നതുമായ വൃദ്ധമന്ദിരങ്ങള്‍ക്ക് പുറമെ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയും നിരവധി. ഫീസിനത്തിലും മറ്റും ഭീമമായ തുക ഈടാക്കി പ്രവര്‍ത്തിക്കുന്ന വയോജന ഹോമുകളും കുറവല്ല. കേരള സര്‍ക്കാറിന്‍റെ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലകള്‍ തോറും വൃദ്ധമന്ദിരങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ പെട്ട തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധമന്ദിരം സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായൊരു സ്ഥാപനമാണ്. 1998-ല്‍ മലപ്പുറത്ത് തുടക്കം കുറിച്ച സ്ഥാപനം 2004-ലാണ് തവനൂരിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ ജനുവരി എട്ടിന് ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. ഇപ്പോള്‍ 69 അന്തേവാസികളാണ് ഇവിടെയുള്ളത്. 42 പുരുഷന്‍മാരും 27 സ്ത്രീകളും. പത്ത് മുസ്ലിംകള്‍, ഒരു ക്രിസ്ത്യന്‍, മറ്റുള്ളവര്‍ ഹിന്ദു കുടുംബത്തില്‍ നിന്നുള്ളവര്‍. ഉയര്‍ന്ന സാമ്പത്തിക നിലവാരത്തിലുള്ളവരും കുലീന കുടുംബത്തില്‍ പെട്ടവരും വിദ്യാസമ്പന്നരുമെല്ലാം കൂട്ടത്തിലുണ്ട്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവരും ദരിദ്രരും പിജി വരെ പഠിച്ചവരും റിട്ട: അധ്യാപകരും വിദ്യാഭ്യാസമില്ലാത്തവരുമെല്ലാം ഇതിലുണ്ട്. 60 വയസ്സിന് മുകളിലുള്ളവരും സ്വന്തമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നവരും മക്കളില്ലാത്തത് കൊണ്ടോ മറ്റോ ഒറ്റപ്പെട്ടതിനാല്‍ നോക്കാനാളില്ലാത്തവരുമായ വൃദ്ധരെ മാത്രമേ ഇവിടെ എടുക്കാറുള്ളൂവെന്ന് സൂപ്രണ്ട് എപി അബ്ദുല്‍ കരീം പറഞ്ഞു. മക്കളില്ലാത്തവര്‍, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, അവരുമായി പിണങ്ങിയവര്‍, വീടില്ലാത്തവര്‍ തുടങ്ങി ജീവിതം വഴിമുട്ടിയവരാണ് അന്തേവാസികള്‍. സംരക്ഷിക്കാന്‍ ആളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ റവന്യൂ വിഭാഗത്തില്‍ നിന്നോ രേഖകള്‍ ഹാജറാക്കിയവര്‍ക്ക് മാത്രമാണ് പ്രവേശനം. നേരിട്ട് വന്നാലും ആരെങ്കിലും നടതള്ളിയാലും ഇവിടെ സ്വീകരിക്കുകയില്ല. മികച്ച നിലയിലുള്ള ഭക്ഷണവും നല്ല ആരോഗ്യപരിചരണവുമാണ് ലഭിക്കുന്നതെന്ന് അന്തേവാസികളുടെ സാക്ഷ്യം.
സംസ്ഥാന സര്‍ക്കാറിന്‍റെ വയോമിത്രം പദ്ധതിയുടെ ഭാഗമായി മാസത്തില്‍ രണ്ട് തവണ ഡോക്ടര്‍മാര്‍ വന്ന് മുഴുവന്‍ അന്തേവാസികളെയും പരിശോധിക്കുകയും ആവശ്യമായ മരുന്ന് നല്‍കുകയും ചെയ്യുന്നു. മാസത്തിലൊരിക്കല്‍ ഹോമിയോ ഡോക്ടറുടെ സേവനവും നല്‍കുന്നു. കൂടാതെ സ്ഥിരമായി ആയുര്‍വേദ ഡോക്ടറും നഴ്സും ഇവിടെയുണ്ട്. അനിവാര്യഘട്ടങ്ങളില്‍ ആശുപത്രിയിലെത്തിച്ചും രോഗികളെ പരിചരിക്കും. വ്യത്യസ്ത മതവിശ്വാസികള്‍ക്ക് പ്രത്യേകം ആരാധനാമുറികളും ഉണ്ടെന്നത് സവിശേഷതയാണ്. പല ദിവസങ്ങളിലും ഭക്ഷണം പലരും സ്പോണ്‍സര്‍ ചെയ്യും. ലഭിക്കാത്ത ദിവസങ്ങളിലെ ചെലവ് സര്‍ക്കാര്‍ വഹിക്കും. പെരുന്നാളിനും ഓണത്തിനും മറ്റും പുതിയ വസ്ത്രങ്ങള്‍ നല്‍കാറുണ്ട്. ഇടക്ക് ഉല്ലാസയാത്രകളും നടത്തും. അന്തേവാസികളില്‍ പലരും കിടപ്പിലായവരും നിത്യരോഗികളുമാണ്. കൂടുതല്‍ പരിചരണവും നിരീക്ഷണവും ലഭിക്കേണ്ടവര്‍. കൗണ്‍സിലിംഗിലൂടെ സമാധാനം കാംക്ഷിക്കുന്നവരുമുണ്ട്.
പഴകാലത്തെ കൂട്ടുകുടുംബ സംവിധാനം മാറി അണുകുടുംബമെന്ന ന്യൂജനറേഷന്‍ സംസ്കാരം വന്നതാണ് വൃദ്ധമന്ദിരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത്. പുതിയ തലമുറയിലെ മക്കള്‍ മാതാപിതാക്കളെ നോക്കുന്നില്ലെന്നത് ശരിതന്നെ, എന്നാല്‍ വലിയ ഭൂസ്വത്തുക്കള്‍ക്ക് ഉടമയായിട്ടും വഴിവിട്ട ജീവിതത്തിലൂടെ അതെല്ലാം വിറ്റുതുലച്ച മാതാപിതാക്കളുണ്ട്. രക്ഷിതാക്കളില്‍ നിന്ന് യാതൊരുവിധ സ്നേഹമോ പരിഗണനയോ ലഭിക്കാതെ വളര്‍ന്ന മക്കളുടെ മാതാപിതാക്കള്‍ പലപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ എത്തുന്നുവെന്ന് സൂപ്രണ്ട് പറയുന്നു. ‘മാതാപിതാക്കളോട് മക്കള്‍ ചെയ്യേണ്ട ബാധ്യത വളരെ വലുതാണെന്നത് ശരിതന്നെ. പല പ്രബോധകരും അതുമാത്രം പറയുന്നു. അതേസമയം മക്കളെ നല്ല നിലയില്‍ വളര്‍ത്തിയാല്‍ അവരൊരിക്കലും മാതാപിതാക്കളോടുള്ള ബാധ്യതകള്‍ വിസ്മരിക്കുകയില്ലെന്നുറപ്പാണ്. 20-25 വയസ്സ് പ്രായമുള്ള യുവതീയുവാക്കള്‍ക്ക് സന്താന പരിപാലനത്തെ കുറിച്ച് നല്ല അവബോധം നല്‍കണം. അതിന് പ്രബോധകരും സംഘടനകളും മഹല്ല് കമ്മിറ്റികളും തയ്യാറാവണം. എങ്കില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. അടുത്ത തലമുറയിലെങ്കിലും വീടുവിട്ടിറങ്ങുന്ന മാതാപിതാക്കള്‍ കുറയും’- അദ്ദേഹം പറയുന്നു. വൃദ്ധമന്ദിരത്തിന് പുറമെ ചില്‍ഡ്രന്‍റ്സ് ഹോം, റസ്ക്യൂ ഹോം, മഹിളാ മന്ദിരം, പ്രതീക്ഷാ മന്ദിരം എന്നീ അഞ്ച് സ്ഥാപനങ്ങള്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലായി തവനൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.