Islamic history

‘ഞാന്‍ മരിച്ചാല്‍ മയ്യിത്ത് ശത്രുരാജ്യത്തിന്‍റെ പരമാവധി ഉള്ളിലേക്ക് കൊണ്ടുപോകണം. എന്നിട്ട് അവിടെ എനിക്കൊരു ഖബറൊരുക്കണം. അതിലെന്നെ മറമാടുക. പിന്നീട് നിങ്ങള്‍ ആ സൈനിക നീക്കത്തില്‍ വിജയിച്ച് എന്‍റെ ഖബറിനരികിലൂടെ മടങ്ങി പോരുമ്പോള്‍ നിങ്ങളുടെ വാഹനത്തിന്‍റെ കുളമ്പടി ശബ്ദം എനിക്കു കേള്‍ക്കണം. അങ്ങനെ മുസ്ലിംകളുടെ വിജയകാഹളം എനിക്കാസ്വദിക്കണം.’ പോര്‍ക്കളത്തില്‍ ശത്രുവിന്‍റെ വെട്ടേറ്റ് ചോര വാര്‍ന്ന് മരണം മുന്നില്‍ കണ്ടപ്പോള്‍ ആ ധീരയോദ്ധാവിന്‍റെ പ്രഖ്യാപനമായിരുന്നു ഇത്. സഹപോരാളിയോടാണ് അന്ത്യാഭിലാഷമായി ഇതദ്ദേഹം പങ്കുവച്ചത്. ആരാണ് ഈ പോരാളി? ബനുന്നജ്ജാര്‍ ഗോത്രക്കാരനായ മാലിക്ബ്നു നജ്ജാറിന്‍റെ പേരമകന്‍ ഖാലിദ്ബ്നു സൈദ്ബ്നി കുലൈബ് എന്ന അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ). അതേ, തിരുനബി(സ്വ)ക്ക് മദീനയില്‍ വീടൊരുക്കി കാത്തിരുന്ന ആതിഥേയന്‍. ലോക മുസ്ലിംകള്‍ നെഞ്ചേറ്റിയ നാമം. പ്രവാചകര്‍ക്ക് ഗേഹമൊരുക്കാന്‍ അവസരം നല്‍കിയതിലൂടെ അല്ലാഹു അദ്ദേഹത്തെ ആദരിച്ചു. നബിചരിത്ര വായനയില്‍ അദ്ദേഹം കടന്നുവരാത്ത സന്ദര്‍ഭങ്ങള്‍ കുറവ്.

നുബുവ്വത്തിന്‍റെ 13-ാം വര്‍ഷം ഹജ്ജ് വേളയില്‍ യസ്രിബില്‍ നിന്ന് മക്കയിലെത്തിയ 75 തീര്‍ത്ഥാടകര്‍(73 പുരുഷന്മാരും 2 സ്ത്രീകളും) രാത്രി സമയത്ത് അഖബയുടെ സമീപത്ത് വച്ച് റസൂലുമായി സന്ധിച്ചു. അവര്‍ തിരുനബി(സ്വ)യെ യസ്രിബിലേക്ക് ക്ഷണിക്കുകയും നാട്ടിലെത്തിയാല്‍ സ്വന്തം പത്നിയെയും മക്കളെയും സംരക്ഷിക്കുന്നതു പോലെ റസൂലിനെയും സംരക്ഷിക്കാമെന്നും വാഗ്ദാനം ചെയ്തു. ഇത് രണ്ടാം അഖബാ ഉടമ്പടിയെന്നറിയപ്പെടുന്നു. ഈ സംഘത്തിലൊരംഗമായിരുന്നു അബൂഅയ്യൂബ്(റ). ആ കരാര്‍ അദ്ദേഹം പൂര്‍ണമായി നിറവേറ്റിയതിന് ചരിത്രം സാക്ഷി.

രഹസ്യ ഉടമ്പടി ശത്രുക്കള്‍ മണത്തറിഞ്ഞതോടെ പീഡനം ദുസ്സഹമായി. മര്‍ദന മുറകള്‍ ശതഗുണീഭവിച്ചു. നിവര്‍ത്തിയില്ലാതായപ്പോള്‍ യസ്രിബിലേക്ക് പലായനം ചെയ്യാന്‍ അനുമതിയായി. നാടും വീടും സമ്പത്തും ഉപേക്ഷിച്ച് വിശ്വാസികള്‍ യസ്രിബില്‍ ശരണം പ്രാപിച്ചു. നബി(സ്വ)യും സിദ്ദീഖ്(റ)വും അലി(റ)വുമടക്കം ഏതാനും പേര്‍ മാത്രമാണ് മക്കയിലവശേഷിച്ചത്. യസ്രിബ് മുഹാജിറുകളുടെ രണ്ടാം വീടായി. അവരവിടെ സസന്തോഷം കഴിഞ്ഞു.

തിരുദൂതരുടെ ആഗമനത്തിന് യസ്രിബ് കൊതിച്ചു. മദീനക്കാര്‍ അക്ഷമരായി കാത്തിരുന്നു. ഒടുവില്‍ ആ വൃത്താന്തം വന്നെത്തി. തിരുദൂതരും ഉറ്റതോഴന്‍ അബൂബക്കര്‍(റ)വും മദീനയിലണയുന്നു. അതോടെ വലിയ ഉത്സവപ്രതീതിയിലായി നാട്ടുകാര്‍. എന്നും അതിര്‍ത്തി പ്രദേശത്തുവന്ന് അവര്‍ കാത്തിരിക്കും. വരുന്നില്ലെന്ന് കണ്ടാല്‍ മധ്യാഹ്നത്തോടെ തിരിച്ചുപോകും. ഒരു നാള്‍ ഒരു ജൂതന്‍ വിളിച്ചുപറയുന്നത് കേട്ടു: ‘ബനൂഖൈലക്കാരേ, ഇതാ നിങ്ങളുടെ സൗഭാഗ്യം വന്നണഞ്ഞിരിക്കുന്നു.’ കേള്‍ക്കേണ്ട താമസം. അവര്‍ ഓടിച്ചെന്നു. ഹര്‍റയില്‍ വച്ച് മുത്ത് നബി(സ്വ)യെ വരവേറ്റു. റബീഉല്‍ അവ്വല്‍ എട്ട് തിങ്കളാഴ്ച പൂര്‍വാഹ്നത്തില്‍ യസ്രിബിന്‍റെ തെക്കു ഭാഗത്തുള്ള ഖുബാ ഗ്രാമത്തില്‍ റസൂലും സംഘവുമെത്തിച്ചേര്‍ന്നു. ഖുബാഇലെ ബനൂഅംറിബ്നു ഔഫിന്‍റെ ഭവനത്തില്‍. നാലു നാള്‍ അവിടെ വിശ്രമിച്ചു. ഖുബാഇല്‍ പ്രഥമ പള്ളി സ്ഥാപിക്കുകയുമുണ്ടായി. അതാണ് മസ്ജിദുല്‍ ഖുബാഅ്.

റബീഉല്‍ അവ്വല്‍ 12 വെള്ളിയാഴ്ച രാവിലെ വലിയൊരു സംഘത്തിന്‍റെ അകമ്പടിയോടെ പുറപ്പെട്ട തിരുദൂതര്‍ ബനൂസാലിമുബ്നു ഔഫിന്‍റെ സ്ഥലത്തുവച്ച് ആദ്യ ജുമുഅ നിര്‍വഹിച്ചു. സാലിമുബ്നു ഔഫിന്‍റെ കുടുംബം വിനയപുരസ്സരം സ്വീകരിച്ചു. തങ്ങള്‍ എണ്ണത്തിലും വണ്ണത്തിലും വലിയവരും പ്രതിരോധ ശേഷി കൂടിയവരുമാണെന്ന് അവര്‍ പറഞ്ഞുനോക്കി. ബനൂസാഇദ ഗോത്രവും ഹാമിസ്ബ്നു ഖസ്റജിന്‍റെ സന്തതികളും അദിയ്യ്ബ്നു നജ്ജാറിന്‍റെ കുടുംബവും തങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ പ്രവാചകരെ ക്ഷണിച്ചു. അവര്‍ ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ച് നിര്‍ബന്ധിക്കാന്‍ തുടങ്ങി. കുട്ടികളും സ്ത്രീകളും അപ്പോള്‍ ത്വലഅല്‍ ബദ്റു… പാടുന്നുണ്ടായിരുന്നു. പ്രവാചകര്‍ക്കും കൂട്ടുകാര്‍ക്കും ആതിഥ്യമരുളാന്‍ ഓരോ വീട്ടുകാരും ആഗ്രഹിച്ചു. അപ്പോള്‍ നബി(സ്വ)യുടെ പ്രതികരണം: ‘വിടൂ, ഒട്ടകത്തിന് വഴിമാറിക്കൊടുക്കുക. അതിന് പ്രത്യേക നിര്‍ദേശം ലഭിച്ചിരിക്കുന്നു.’

ആ അനുഗൃഹീത ആതിഥേയത്വം ആര്‍ക്കു ലഭിക്കും എന്നായിരുന്നു പിന്നെയവരുടെ ആകാംക്ഷ. അതറിയാന്‍ പലരും ഒപ്പം യാത്ര തിരിച്ചു. തിരുദൂതര്‍ ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ സ്വതന്ത്രമാക്കി. അത് താനേ നടന്നു. അവസാനമത് മാലിക്ബ്നു നജ്ജാറിന്‍റെ വീട്ടുപടിക്കല്‍ സ്വമേധയാ മുട്ടുകുത്തി. ‘ഇന്‍ഷാ അല്ലാഹ്, ഇവിടെയാണ് നമ്മുടെ താമസസ്ഥലം.’ ശേഷം ലക്ഷ്യസ്ഥാനത്തെത്തിയാല്‍ നിര്‍വഹിക്കേണ്ട പ്രാര്‍ത്ഥന ഉരുവിട്ടു റസൂല്‍: റബ്ബി അന്‍സില്‍നീ മുന്‍സലന്‍ മുബാറകന്‍ വ അന്‍ത ഖൈറുല്‍ മുന്‍സിലീന്‍ (നാഥാ, നീ എന്നെ ബറകത്തുടയവനായി ഇറക്കേണമേ. നീയാണ് യാത്ര ഇറക്കുന്നവരില്‍ ഉത്തമന്‍). സന്തോഷാധിക്യത്താല്‍ തുള്ളിച്ചാടി കൊണ്ട് മുന്നോട്ടുവന്നു വീട്ടുകാരന്‍. തിരുദൂതരുടെ കരം കവര്‍ന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി അബൂഅയ്യൂബ്(റ).

പ്രവാചകര്‍ക്കാതിഥേയത്വമരുളിയ മഹാന്‍റെ വീട് ചരിത്ര പ്രാധാന്യമുള്ളതാണ്. അബൂഅയ്യൂബ്(റ) പറയുകയുണ്ടായി: ഞാനും ഭാര്യയും വീടിനു മുകളിലായിരുന്നു താമസം. തിരുദൂതരോട് ഞാന്‍ പറഞ്ഞു: ‘യാ റസൂലല്ലാഹ്, അങ്ങ് താഴെയും ഞങ്ങള്‍ മുകളിലുമായി കഴിയുന്നത് ഞങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. അതിനാല്‍ അങ്ങ് മുകളില്‍ താമസിച്ചാലും.’ അവിടുന്ന് പറഞ്ഞു: എനിക്കും കൂടെയുള്ളവര്‍ക്കും താഴെയാണ് സൗകര്യപ്രദം. ഏതാനും ദിവസം അങ്ങനെ കഴിഞ്ഞെങ്കിലും വീട്ടുകാര്‍ക്ക് സമാധാനമുണ്ടായില്ല. അദ്ദേഹം വീണ്ടും പ്രവാചകരെ സമീപിച്ചു പറഞ്ഞു: ‘റസൂലേ, ഇന്നലെ ഭാര്യയും ഞാനും ഉറങ്ങിയതേയില്ല. ദിവ്യ സന്ദേശവുമായി മലക്കുകള്‍ വരുമ്പോള്‍ അങ്ങ് താഴെയായി പോകുന്നത് ഞങ്ങളെ ആശങ്കയിലാക്കുന്നു.’ ഒടുവില്‍ നബി(സ്വ) മുകളിലേക്ക് താമസം മാറ്റി. അവര്‍ ഭക്ഷണം തയ്യാറാക്കി മുകളിലേക്കെത്തിച്ചു കൊടുത്തു. ഓരോ ദിനവും അന്‍സ്വാരികള്‍ സ്വന്തം വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണവുമായി അബൂഅയ്യൂബ്(റ)ന്‍റെ വീടിനു മുന്നില്‍ തടിച്ചുകൂടുമായിരുന്നു. ഏഴു മാസക്കാലം ആ വീട്ടിലാണ് തിരുനബി(സ്വ) താമസിച്ചതും പ്രബോധന ദൗത്യം നിര്‍വഹിച്ചതും.

ആതിഥേയന്‍റെ അനുഭവം കേള്‍ക്കുക: ഹിജ്റ വന്ന ദിവസം പ്രവാചകര്‍ക്കും സിദ്ദീഖ്(റ)നും മാത്രം കഴിക്കാനുള്ള ഭക്ഷണമേ ഞങ്ങള്‍ കരുതിയിരുന്നുള്ളൂ. എന്നാല്‍ സമയമായപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: ‘അന്‍സ്വാരികളായ മുപ്പത് പ്രധാനികളെ വിളിച്ചോളൂ. ഞാന്‍ ചെന്നു വിളിച്ചപ്പോള്‍ അവര്‍ വന്നു. അത്ഭുതം! ആ മുപ്പത് പേരും രണ്ടാള്‍ക്കുണ്ടാക്കിയ ഭക്ഷണത്തില്‍ പങ്കാളികളായി. അവര്‍ കഴിച്ചു മതിയാക്കിയപ്പോള്‍ വീണ്ടും അറുപത് പേരെ വിളിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. അവരും വന്ന് വയറു നിറയെ കഴിച്ചു. പിന്നീട് എഴുപതാളുകളെ വിളിക്കാന്‍ പറഞ്ഞു. അവരും മതിയാവോളം കഴിച്ചു. ഈ അമാനുഷിക ദൃഷ്ടാന്തത്തിന് സാക്ഷികളായ അവരെല്ലാം പ്രവാചകരെ ബൈഅത്ത് ചെയ്താണ് തിരിച്ചുപോയത്’ (ത്വബ്റാനി, ബൈഹഖി).

ഒട്ടകം മുട്ടുകുത്തിയ സ്ഥലം ബനുന്നജ്ജാറുകാരില്‍ നിന്ന് മസ്ജിദ് നിര്‍മിക്കുന്നതിനായി നബി(സ്വ) വിലയ്ക്കു തരാനാവശ്യപ്പെട്ടു. അല്ലാഹുവിന്‍റെ ഭവനം നിര്‍മിക്കുന്നതിനുള്ള ഭൂമിയുടെ വില നാഥനോട് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുകയുള്ളൂ എന്നായിരുന്നു അവരുടെ പ്രതികരണം. പക്ഷേ തിരുദൂതര്‍ പത്ത് സ്വര്‍ണ നാണയം നല്‍കിയാണ് ഭൂമി പള്ളിപ്പണിക്കായി ഏറ്റെടുത്തത്. നിര്‍മാണ സമയത്ത് അന്‍സ്വാറുകളുടെയും മുഹാജിറുകളുടെയും വര്‍ധിതാവേശം കണ്ട് അവിടുന്ന് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, പ്രതിഫലം ആഖിറത്തിലേതാണ്. മുഹാജിര്‍-അന്‍സ്വാറുകള്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ.’

ഒരു വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. ഇത്രയും കാലം അവിടുന്ന് അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടില്‍ താമസിച്ചു. പണി കഴിഞ്ഞപ്പോള്‍ നബി(സ്വ) പള്ളിയോട് ചേര്‍ന്നുള്ള ഒരു മുറിയിലേക്ക് താമസം മാറ്റി. പ്രവാചകരുടെ വരവോടെ യസ്രിബിന്‍റെ പേര് മദീനതുര്‍റസൂല്‍(പ്രവാചക നഗരി) എന്നായി മാറി.

മദീനയില്‍ ശാന്തരായി ജീവിച്ചുവന്ന മുസ്ലിംകളെ ഖുറൈശികള്‍ വീണ്ടും ആക്രമിക്കാന്‍ തുനിഞ്ഞു. അപ്പോള്‍ പ്രതിരോധം അനിവാര്യമായി. ധീരനും ഭക്തനും ക്ഷമാശീലനുമായ അബൂഅയ്യൂബ്(റ)ന് ധര്‍മസമരം ഹരമായിരുന്നു. ഓരോ സൈനിക നീക്കത്തിലും തന്‍റേതായ ഭാഗധേയത്വം വഹിച്ചു മഹാന്‍. ബദ്ര്‍, ഉഹുദ്, ഖന്ദഖ് തുടങ്ങി എല്ലാ യുദ്ധങ്ങളിലും സംബന്ധിച്ചു. പ്രവാചക വഫാത്തിനു ശേഷം ഇസ്ലാമിക പ്രസ്ഥാനത്തിനു നേരിടേണ്ടിവന്ന എല്ലാ സൈനിക നീക്കങ്ങളിലും അദ്ദേഹം മുന്‍നിരയില്‍ തന്നെ നിലകൊണ്ടു.

ഒരിക്കല്‍ ഖലീഫ ഒരു ദൗത്യസംഘത്തിന്‍റെ തലവനായി ഒരു യുവാവിനെ തിരഞ്ഞെടുക്കുകയുണ്ടായി. അതിഷ്ടപ്പെടാതിരുന്ന അബൂഅയ്യൂബ്(റ) ആ യുദ്ധത്തില്‍ സംബന്ധിച്ചില്ല. എന്നാല്‍ താന്‍ അന്നു സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന നിലപാടില്‍ പിന്നീട് മഹാനെത്തി. പിന്നെ മരണം വരെ അതിനെപ്പറ്റി വലിയ ഖേദം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. ശേഷം നടന്ന ഒരു യുദ്ധത്തിലും അദ്ദേഹം പങ്കെടുക്കാതിരുന്നിട്ടില്ല.

അലി(റ)വും മുആവിയ(റ)വും തമ്മില്‍ നടന്ന സംഭവങ്ങളില്‍ അലി(റ)ന്‍റെ പക്ഷത്തായിരുന്നു അദ്ദേഹം. മുസ്ലിംകള്‍ ബൈഅത്തു ചെയ്ത ഖലീഫയാണ് അലി(റ)വെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ന്യായം. അലി(റ) വധിക്കപ്പെടുകയും മുആവിയ(റ) ഖലീഫയാവുകയും ചെയ്തപ്പോള്‍ ഇസ്ലാമിക പ്രബോധന ദൗത്യം ലക്ഷ്യമിട്ട് അദ്ദേഹം അതിര്‍ത്തി പ്രദേശങ്ങളിലേക്കു തിരിച്ചു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിലാഷം.

ഹിജ്റ 52-ാം വര്‍ഷം മുആവിയ(റ)യുടെ ഭരണകാലത്ത് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ റോമക്കാരുമായി മുസ്ലിം സൈന്യം ഏറ്റുമുട്ടി. മുആവിയ(റ)യുടെ പുത്രന്‍ യസീദായിരുന്നു സൈന്യത്തലവന്‍. അതില്‍ അബൂഅയ്യൂബ്(റ) ശഹീദായി. എണ്‍പതിനോടടുത്തായിരുന്നു അന്നദ്ദേഹത്തിന്‍റെ വയസ്സ്.

മരണമടുത്ത സമയത്ത് അദ്ദേഹം പ്രകടിപ്പിച്ച ആഗ്രഹം യസീദ് നടപ്പാക്കി. ഇസ്തംബൂള്‍ നഗരത്തില്‍ മുസ്ലിംകള്‍ പിടിച്ചടക്കിയ പ്രദേശത്തിന്‍റെ അതിരില്‍ മഹാനെ മറമാടി. ജേതാക്കളായ മുസ്ലിം പടയാളികളുടെ കുളമ്പടി ശബ്ദം ആറടി മണ്ണില്‍ വച്ചാസ്വദിക്കുംവിധം പ്രവാചകരുടെ ആതിഥേയനെ തുര്‍ക്കിയുടെ മണ്ണ് ഏറ്റുവാങ്ങി.

(അല്‍ഇസ്വാബ 1/405, താരീഖുല്‍ ഇസ്ലാം ലിദ്ദഹബി 2/328, അല്‍ഇസ്തീആബ് 1/403, ഉസുദുല്‍ ഗാബ 5/144, സുവറുന്‍ മിന്‍ ഹയാതിസ്വഹാബ 6675).

You May Also Like
Knowledge in Islam

ജ്ഞാനമാര്‍ഗം ഇസ്ലാമില്‍

മനുഷ്യന്‍റെ അമൂല്യ സമ്പത്താണ് ജ്ഞാനം. ഏക സത്യമതമായ ഇസ്ലാം ജ്ഞാനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ജ്ഞാനസമ്പൂര്‍ണരായ…

● ജുനൈദ് ഖലീല്‍ സഖാഫി

സുന്നത്തിന്റെ അപ്രമാദിത്വം

ഖുര്‍ആന്‍ വിവരണത്തിനായി റസൂല്‍(സ്വ)ക്ക് നല്‍കപ്പെട്ട വഹ്യാണ് സുന്നത്ത്. അതിനാല്‍ ഖുര്‍ആന്‍ സുരക്ഷിതമാണെന്നതുപോലെ ഹദീസും സുരക്ഷിതമാകണം. എന്നാല്‍…

● അലവിക്കുട്ടി ഫൈസി എടക്കര

ധാര്‍മികത: ഭൗതികവാദികള്‍ മറുപടി പറയുമോ?

ഇസ്ലാമിനോടും തിരുനബി(സ്വ)യോടും മനുഷ്യമനസ്സുകളില്‍ രൂഢമൂലമായിക്കിടക്കുന്ന ആഭിമുഖ്യവും അവയുടെ  ഔന്നത്യത്തെ കുറിച്ചുള്ള ബോധ്യങ്ങളും നുണപ്രചാരണങ്ങളിലൂടെയും ദുര്‍വ്യാഖ്യാനങ്ങളിലൂടെയും തകര്‍ത്ത്,…

● ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി