Islamic history - malayalam

ഹുമയൂൺ ഷാ മരിച്ചപ്പോൾ കൊച്ചു മകൻ  അഹ്മദ് നിസാമുദ്ദീൻ അഹ്മദ് മൂന്നാമൻ (1461-1463) എന്ന പേരിൽ സുൽതാനായി. പ്രായം തികയാത്തതിനാൽ ഉമ്മ നർഗീസ് ബീഗം അധ്യക്ഷയായ സമിതിയാണ് ഭരണം നിർവഹിച്ചത്. സഹായിക്കാൻ പ്രധാനമന്ത്രി മഹ്മൂദ് ഗവാനും. ഈ സമയത്ത് ശത്രുക്കളായ സുൽതാൻമാരും റായിമാരും കൈകോർത്ത് കൊണ്ട് ബഹ്മനി സൈന്യത്തെ തോൽപിച്ചു. ഈ സഖ്യത്തിന് നേതൃത്വം കൊടുത്തത് മാൾവ സുൽതാൻ മഹ്മൂദ് ഖൽജിയാണ്. അപ്പോഴേക്കും നർഗീസ് ബീഗം ഗുജറാത്ത് സുൽതാന്റെ സഹായം തേടി. രണ്ട് സൈന്യവും കൂടി സഖ്യശക്തികളെ തോൽപിച്ചു. മാൾവ സുൽതാന് കനത്ത പരാജയം സഹിക്കേണ്ടി വന്നു. സുൽതാൻ നിസാമുദ്ദീൻ അഹ്മദ് കല്യാണ രാത്രിയിൽ മരണപ്പെടുകയായിരുന്നു. ഭരണം സഹോദരനായ മുഹമ്മദ് ഖാന് കൈ വന്നു. അദ്ദേഹം ശംസുദ്ദീൻ മുഹമ്മദ് ഷാ ലഷ്‌കരി മൂന്നാമൻ എന്ന പേരിൽ സുൽതാനായി.

 

ശംസുദ്ദീൻ മുഹമ്മദ് ഷാ ലഷ്‌കരി മൂന്നാമൻ

ശംസുദ്ദീൻ മുഹമ്മദ് ഷായുടെ കാലത്ത് മഹ്മൂദ് ഗവാൻ പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയും അദ്ദേഹത്തിന് കീഴിൽ സാമ്രാജ്യം പ്രശസ്തി നേടുകയും ചെയ്തു. കൃഷ്ണ-ഗോദാവരി പ്രദേശങ്ങളും കൊങ്കൺ വരേയുള്ള പടിഞ്ഞാറൻ പ്രദേശവും വടക്കോട്ട് മാൾവ വരെയുള്ള നാടുകളും  ബഹ്മനികൾക്കധീനമായി. വിജയനഗരത്തിന്റെ സഹായത്തോടെ ഒറീസയിലെ കപിലേഷറിനെ തോൽപിച്ചു. മഹ്മൂദ് ഗവാന്റെ നേതൃത്വത്തിൽ നടന്ന പടയോട്ടങ്ങളിലുണ്ടായ വിജയങ്ങൾ ഒരു വിഭാഗം പ്രഭുക്കളെ മഹ്മൂദ് ഗവാന്റെ ശത്രുക്കളാക്കി. അസൂയ മൂത്ത ദഖ്‌നി പ്രഭുക്കളും സഹായികളും കൂടി സുൽതാനെയും ഗവാനെയും അകറ്റാനുള്ള ഗൂഢോദ്ദേശ്യത്തോടെ ഒരു കത്ത് കെട്ടിപ്പടച്ചു. സുൽതാന്റെ സംരക്ഷകനെ മദ്യം കുടിപ്പിച്ച് കത്തിൽ സുൽതാന്റെ സീൽ പതിപ്പിച്ചു. കത്ത് ഒറീസ രാജാവിനുള്ളതായിരുന്നു.  സുൽതാനറിയാതെ ഗവാൻ അദ്ദേഹത്തിന്റെ സീലുപയോഗിച്ചു കത്തുകളും മറ്റും അയക്കുന്നുണ്ടെന്ന വിവരം ശത്രുക്കൾ സുൽതാനെ അറിയിക്കുകയും തെളിവിനായി അവർ മെനഞ്ഞെടുത്ത കത്ത് ഹാജരാക്കുകയും ചെയ്തു. ഇക്കാലമത്രയും ബഹ്മനി രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ എഴുപത്തിമൂന്നുകാരനായ ഗവാനെ സുൽതാൻ തന്റെ റൂമിലേക്ക് വിളിപ്പിച്ചു. ഒരു രാജ്യദ്രോഹിക്ക് എന്ത് ശിക്ഷയാണ് നൽകേണ്ടതെന്ന് സുൽതാൻ ഗവാനോട് ചോദിച്ചപ്പോൾ സംശയലേശമന്യേ അദ്ദേഹം പറഞ്ഞു, വധശിക്ഷ. ഉടനെ തന്റെ സീലു വച്ച കത്ത് സുൽതാൻ ഗവാന് കാണിച്ചുകൊടുത്തു. ഇതൊരു കടുത്ത വഞ്ചനയാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും സുൽതാൻ കേൾക്കാൻ മനസ്സ് വച്ചില്ല.  തന്റെ അടിമ ജൗഹറിനോട് ഗവാന്റെ തലയറുത്ത് കൊല്ലാൻ ഏർപ്പാടാക്കി സുൽതാൻ പോയി. ജൗഹറിന്റെ മുമ്പിൽ പ്രാർത്ഥനയോടെ ഗവാൻ തല കുനിച്ചുകൊടുത്തു. താൻ ചെയ്തത് അബദ്ധമായി എന്ന് സുൽതാന് താമസിയാതെ മനസ്സിലായി. അദ്ദേഹത്തിന് ദുഃഖം സഹിക്കാനായില്ല. ശാപമെന്നോണം നാല് ഭാഗത്തും കലാപം തുടങ്ങി. ഖാസിം ബരീദ്, ബഹാദൂർ ഖാൻ ഗീലാനി (ഗോവ), യൂസുഫ് ആദിൽ എന്നിവരുടെ കലാപം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു.  പുതിയ പ്രധാനമന്ത്രി നിസാമുൽ മുൽകിന് രാജ്യത്തെ രക്ഷിക്കാനായില്ല. ഒരു വർഷം തികയും മുമ്പേ സുൽതാനും മരണപ്പെട്ടു.

ഷിഹാബുദ്ദീൻ മഹ്മൂദ് (1482- 1518), അഹ്മദ് ഷാ (1518-1520), അലാഉദ്ദീൻ ഷാ (1520-1523), വലിയുല്ലാ (1523-1528), കലീമുല്ലാ (1526- 1528) എന്നിവർ ശേഷം അധികാരത്തിലേറി.

കലീമുല്ലക്ക് ശേഷം ബഹ്മനി സാമ്രാജ്യം അസ്തമിക്കുകയായിരുന്നു. പിന്നീട് വലിയുല്ലയുടെ മന്ത്രിയായിരുന്ന ഇബ്‌റാഹിം ആദിൽ ഷായുടെ നേതൃത്വത്തിൽ ആദിൽ ഷാഹി ഭരണവംശം നിലവിൽ വന്നു. 179 വർഷത്തെ ബഹ്മനി ഭരണം അതോടെ അവസാനിച്ചു. ബീജാപൂർ ആസ്ഥാനമാക്കിയാണ്  ആദിൽ ഷാഹി സുൽതാൻമാർ ഭരിച്ചത്. കൂടാതെ ബെറാറിലെ ഇമാദ് ഷാ രാജവംശം, അഹ്മദ് നഗറിലെ നിസാം ഷാഹി വംശം, ഗോൽകൊണ്ടയിലെ ഖുതുബ് ഷാഹി വംശം, ബീദാറിലെ ബരീദ് ഷാഹി വംശം എന്നിവയും ബഹ്മനി സൽതനതിന്റെ ചാരത്തിൽ നിന്ന് ഉയിർ കൊണ്ടവയാണ്.

ദക്ഷിണേന്ത്യയെ മധ്യപൂർവ പ്രദേശവുമായി ബന്ധിപ്പിക്കുന്നതിൽ ബഹ്മനി വംശം വലിയ പങ്കു വഹിച്ചു. നിരവധി അറബി പേർഷ്യൻ പണ്ഡിതൻമാരും സാഹിത്യകാരൻമാരും ശിൽപികളും കവികളും ദക്കാനിലേക്കൊഴുകി. അങ്ങനെ വന്നവർ നാട്ടിൽനിന്ന്തന്നെ വിവാഹം ചെയ്യുകവഴി ഒരു സങ്കര സമൂഹത്തിന് ജൻമം നൽകുകയുണ്ടായി. അങ്ങനെ പേർഷ്യൻ-അറബി-ഇന്ത്യൻ സംസ്‌കാരങ്ങളുടെ ലയനത്തിലൂന്നിയ ഒരു സാംസ്‌കാരിക പ്രഭാവം കൈവരികയും ചെയ്തു. ജാതി ചിന്തക്കും ആചാരങ്ങൾക്കും എതിരായ ഒരു സാഹചര്യം രൂപപ്പെടുകയും ഹൈന്ദവ സന്യാസിമാർ തന്നെ ഈ വക ഉച്ചനീചത്വങ്ങൾ നീക്കാൻ മുസ്‌ലിം പുണ്യവാളൻമാരോടൊപ്പം രംഗത്ത് വരികയുമുണ്ടായി.

   മധ്യ പൂർവ ദേശവുമായുള്ള വ്യാപാരം പതിൻമടങ്ങ് വർധിച്ചതോടെ രാജ്യം സാമ്പത്തികമായി ഏറെ വികസിച്ചു. വിദേശ വസ്തുക്കൾ ഇന്ത്യയിലേക്കും ഇന്ത്യൻ ചരക്കുകൾ വിദേശത്തേക്കും ഒഴുകാൻ തുടങ്ങി. യുദ്ധം മൂത്തതോടെ പുതിയ യുദ്ധ വിദ്യകളും രാജ്യത്തെത്തി. കുതിര, വെടിമരുന്ന് കച്ചവടം സമൃദ്ധമായി. പുറമേ അടിമക്കച്ചവടവും. മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള അടിമകൾ ഇന്ത്യയിലെത്തി. പലരും പട്ടാളക്കാരായും അംഗരക്ഷകരായും സേവനം ചെയ്തു.

ഡൽഹിയിലെ സുൽതാൻ ഭരണത്തിന്റെ രീതിയായിരുന്നു ബഹ്മനി ഭരണത്തിനും. സുൽതാനെ സഹായിക്കാൻ വകീലു സൽതനത് (പ്രധാനമന്ത്രി), നാസിർ (സെക്രട്ടറി),   അമീറേ ജൂംല (ധനമന്ത്രി), വസീറേ അശ്‌റഫ് (വിദേശം), കോത്‌വാൽ (പോലീസ്), വസീറേ കുൽ (ഓഡിറ്റർ), സദറേ ജഹാൻ (ജുഡീഷ്യറി) എന്നീ വകുപ്പുകളുണ്ടായിരുന്നു. ഭരണത്തിന്റെ ഭാഗമായി ദർബാറുകളും (മന്ത്രിമാർ, പ്രഭുക്കൾ, പണ്ഡിതൻമാർ, പ്രധാനികൾ എന്നിവരുടെ സഭ), ദിവാനുകളും (ദിവസവുമുള്ള മന്ത്രിസഭാ യോഗം) സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ കീഴിൽ വിവിധ ഉദ്യോഗസ്ഥൻമാരുമുണ്ടായിരുന്നു. എല്ലാവരുടേയും മേലുള്ള അന്തിമ അധികാരം സുൽതാന്തന്നെ. അഹ്‌സനാബാദ്, ഗുൽബർഗ, ദൗലതാബാദ്, ബെറാർ, ബീദാർ എന്നിങ്ങനെ നാല് പ്രവിശ്യകളായി രാജ്യം വിഭജിച്ചു. പ്രവിശ്യയുടെ മേലധികാരി തറഫ്ദാർ. അത്‌റാഫ് എന്നാണ് പ്രവിശ്യകൾ അറിയപ്പെട്ടത്. ഭൂമിയുടെ ഫലപുഷ്ടി, ജലസേചന സൗകര്യം, മാർക്കറ്റുമായുള്ള അടുപ്പം എന്നിവ പരിഗണിച്ചാണ് ഭൂനികുതി ഏർപ്പെടുത്തിയത്. ഭൂമി അളന്ന് തിട്ടപ്പെട്ടുത്തിയിരുന്നു. ചപർഖാന എന്ന പേരിലുള്ള പോസ്‌റ്റോഫീസും, കത്തുകൾ വിതരണം നടത്തുന്നതിന് ഓരോ മൂന്ന് മൈലിലും ചൗക്കികളും (സ്‌റ്റേഷൻ) സ്ഥാപിച്ചു.  സൈന്യത്തിന്റെ കമാന്റർ ഇൻ ചീഫാണ് അമീറുൽ ഉമറാ. അദ്ദേഹത്തിന്റെ കീഴിൽ വിവിധ ഉദ്യോഗസ്ഥൻമാർ. ഓരോരുത്തരുടേയും കീഴിലുള്ള പട്ടാളത്തിന്റെ എണ്ണം ക്ലിപ്തപ്പെടുത്തി. അമീറുൽ ഉമറക്ക് 1500 പട്ടാളക്കാർ. പ്രവിശ്യയിലെ സൈന്യത്തിന്റെ മേൽ നോട്ടം തറഫ്ദറിന. അദ്ദേഹം സരി ലഷ്‌കർ എന്നും അറിയപ്പെട്ടു. ലഷ്‌കർ എന്നാൽ സൈന്യം. തോക്കുകളുടേയും പീരങ്കികളുടേയും അധികാരി ആതിഷ് മീർ.

ദക്ഷിണേന്ത്യയിൽ പന്ത്രണ്ടാം നൂറ്റാണ്ട് തൊട്ടേ ശക്തമായ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ നിലവിലുണ്ടായിരുന്നു. ശൈവിസം, വൈഷ്ണവിസം, ലിൻഗായത്തിസം, ഭക്തി പ്രസ്ഥാനം എന്നിങ്ങനെ. ഇവയുടെ പ്രവർത്തനം ബഹ്മനി കാലത്തും ശക്തമായി തന്നെ തുടർന്നു. ബഹ്മനി കാലത്ത് മുസ്‌ലിം സമൂഹം വർധിച്ചതോടെ ജാതി ചിന്തക്കെതിരായ നീക്കങ്ങൾ ശക്തിപ്പെട്ടെങ്കിലും ബ്രാഹ്മണർ അത് ശക്തിയായിത്തന്നെ നിലനിറുത്തിപ്പോന്നു. മുസ്‌ലിംകളെ അശുദ്ധൻമാരോ വിദേശികളോ ആയും താണ ജാതിക്കാരെ തൊട്ടുകൂടാത്തവരായും ഗണിച്ചു. ഇത്തരം ചിന്താഗതിക്കെതിരെയാണ് പരിഷ്‌കരണ പ്രസ്ഥാനങ്ങൾ കാര്യമായി മുന്നോട്ടു വന്നത്.

   ബഹ്മനി കാലത്ത് സൂഫിസം ദക്ഷിണേന്ത്യയെ നന്നായി സ്വാധീനിച്ചു. പ്രസിദ്ധ സൂഫി ശൈഖ് ജീസു ദിറാസ് (ഗുൽബർഗ) ലിങ്കായത്ത് സന്യാസിയായിരുന്ന ചിൻ ബിശ്വേശ്വരന്റെ സ്‌നേഹിതനായിരുന്നു. അദ്ദേഹം നിർമിച്ച ക്ഷേത്രം ജീസു ദിറാസിന്റെ ഖബറിടത്തിന്റെ സമീപത്ത്തന്നെ സ്ഥിതി ചെയ്യുന്നു. സൂഫികളുടെ സാന്നിധ്യം സാംസ്‌കാരിക സമന്വയത്തിന് വഴിവച്ചു. ബ്രാഹ്മണർ വ്യത്യസ്ത ഉദ്യോഗങ്ങൾ വഹിച്ചിരുന്നു. സുൽതാൻ ഫിറോസ് ഷാ ബഹ്മനി വിജയനഗരത്തിലെ രാജകുമാരിയെ വേളി കഴിച്ചതോടെ മത സമന്വയം കൂടുതൽ പ്രകടമായി. പ്രാദേശിക ഭാഷ സമ്പന്നമാവുകയും നർത്തകികളെയും സംഗീതജ്ഞരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം വേദങ്ങൾ പഠിക്കുകയും സ്വന്തമായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നുവത്രെ.

  സാമ്പത്തികമായി ബഹ്മനി ഏറെ വികസിച്ചിരുന്നു. പ്രധാന വരുമാനം വ്യാപാരത്തിൽ നിന്ന്തന്നെ. ടെക്‌സ്‌റ്റൈൽ ഫാക്ടറികളും ഇരുമ്പു ഫാക്ടറികളും സ്ഥാപിച്ച്  വ്യവസായത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി.  സിൽക്, സാരി, മഷോർ, ഹിംറൂ, ധോത്തി, ധോറിയ, മൽമൽ, വെൽവെറ്റ്, കമ്പിളി തുടങ്ങിയ തുണിത്തരങ്ങൾക്ക് ദക്ഷിണേന്ത്യ പേരു കേട്ടു. ബീദാറിൽ നിന്ന് പാത്രങ്ങളും വാറങ്കലിൽ നിന്ന് പരവതാനികളും ഒറീസയിൽ നിന്ന് ഇരുമ്പ് സാമഗ്രികളും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ക്രൂസിബിൾ, വാളുകൾ, കത്തികൾ, അമ്പും വില്ലും എന്നിവയും നിർമിച്ചു. നാഗ്പൂരിലെ ഖനികളിൽ നിന്ന് ചെമ്പ് ഉൽപാദിപ്പിച്ചു. ദേബൾ, താന എന്നിവിടങ്ങളിൽ നിന്ന് ലെതർ ഉൽപന്നങ്ങൾ അറേബ്യയിലേക്കും പേർഷ്യയിലേക്കും കയറ്റുമതി ചെയ്തു. കപ്പൽ നിർമാണത്തിൽ പേർഷ്യയെയും യൂറോപ്പിനെയും ഇക്കാലത്ത് ദക്ഷിണേന്ത്യ പിന്നിലാക്കി. ഗോവ, ദേബൽ, മാഹിം, മസൂലിപട്ടം എന്നിവ പ്രധാന തുറമുഖങ്ങളായിരുന്നു. ബഹ്മനി നാണയങ്ങൾ ഡൽഹി സുൽതാൻമാരുടേതിനെ അപേക്ഷിച്ച് മനോഹരം.

കെട്ടിടങ്ങളും ഉദ്യാനങ്ങളും കൊണ്ട് ദക്ഷിണേന്ത്യയെ ആദ്യം മനോഹരമാക്കിയത് ബഹ്മനികളാണ്. ഹിന്ദു-മുസ്‌ലിം ശിൽപ വേലകളുടെ സമന്വയമായിരുന്നു ബഹ്മനി സ്മാരകങ്ങൾ. ഗുൽബർഗയിലെ പള്ളിയും ജീസു ദിറാസിന്റെ ഖബറിടവുമാണ് ആദ്യകാല കെട്ടിടങ്ങൾ. പേർഷ്യയിൽ നിന്നുള്ള ശിൽപികളാണ് ഇവയുടെ നിർമാണത്തിന് നേതൃത്വം നൽകിയത്.

ഭീമാ നദിയുടെ കരയിൽ നിർമിച്ച ഫിറോസ്ഷാബാദ് പട്ടണത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. അഹ്മദ് ഷാ ബഹ്മനി ബീദാറിലേക്ക് തലസ്ഥാനം മാറ്റിയപ്പോൾ അറേബ്യ, തുർക്കി, പേർഷ്യ, റോം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ശിൽപികളെ വരുത്തി കോട്ടകൾ, കൊട്ടാരങ്ങൾ, പള്ളികൾ, ഖബറിടങ്ങൾ, കമാനങ്ങൾ എന്നിവ നിർമിച്ച് ബീദാറിനെ ഒരു മുസ്‌ലിം സംസ്‌കാരിക കേന്ദ്രമാക്കി ബഹ്മനികൾ മാറ്റി. രങ്കൻ മഹൽ, ഗഗൻ മഹൽ, തുർകിഷ് മഹൽ, ചീനി മഹൽ, നാഗിനാ മഹൽ എന്നിവയാണ് പ്രധാന കൊട്ടാരങ്ങൾ. ഉദ്യാനങ്ങളും അരുവികളും കമാനങ്ങളും കൊണ്ട് അലംകൃതമായി ബീദാർ.  പന്ത്രണ്ട് സുൽതാൻമാരുടെ ഖബറിടങ്ങൾ ഒരേ രൂപത്തിലാണ് നിർമിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള പണ്ഡിതൻമാർ കൊട്ടാരത്തെ അലങ്കരിച്ചു. ഹിന്ദു പണ്ഡിതൻമാർ പേർഷ്യൻ പഠിച്ചപ്പോൾ സുൽതാൻമാരും വിദേശികളും സംസ്‌കൃതം പഠിക്കാൻ തിടുക്കം കൂട്ടി. ബദ്‌റുദ്ദീൻ, മൗലാനാ ഉംറാനി, സിയാ ഭായ്, അയ്‌നുൽ മുൽക്, അഹ്മദ് താനേശ്വരി തുടങ്ങിയവർ ബഹ്മനി കൊട്ടാരത്തെ അലങ്കരിച്ച പണ്ഡിതൻമാരാണ്. ഗുൽബർഗ, ഖന്ദഹാർ, എലിക്പൂർ, കൗൾ, ബീദാർ, ദൗലതാബാദ്, ദേബൽ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ നാനാജാതി മതസ്ഥരും പഠിച്ചുപോന്നു. മുഹമ്മദ് ഷാ രണ്ടാമൻ അനാഥർക്കായി അനാഥശാല സ്ഥാപിച്ചു. ബീദാറിൽ മുഹമ്മദ് ഷാ മൂന്നാമൻ സ്ഥാപിച്ച മദ്‌റസയിലേക്ക് വിദേശത്ത്‌നിന്ന് പോലും വിദ്യാർത്ഥികൾ വന്നു. മഹ്മൂദ് ഗവാനാണ് ഈ വക പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…