BURDHA

തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ച് വിരചിതമായ കാവ്യങ്ങളില്‍ വേറിട്ടൊരു ആവിഷ്കാരമാണ് ദീവാനുല്‍ ബുര്‍ഈ. പ്രസിദ്ധ സൂഫി കവിയും പണ്ഡിതനുമായ ഡോ. അബ്ദുറഹീമുബ്നു അഹ്മദ്(റ)വാണ് ദീവാനുല്‍ ബുര്‍ഈയുടെ രചയിതാവ്. 1923-ലാണ് ജനനം. പ്രമുഖ സ്വഹാബി വര്യനായ സുബൈറുബ്നുല്‍ അവ്വാം(റ)വിലേക്ക് അദ്ദേഹത്തിന്‍റെ പിതൃപരമ്പര ചെന്നെത്തുന്നു. ഡോ. അബ്ദുറഹീം ബുര്‍ഈയുടെ മാതാവ് രിസാലത്ത് ബിന്‍ത് അബ്ദുറഹ്മാനാണ്. മാതാവും ജ്ഞാന പൈതൃകമുള്ള കുടുംബാംഗം തന്നെ.

സ്വപിതാവില്‍ നിന്ന് പഠനം തുടങ്ങി. പ്രമുഖ പണ്ഡിതന്‍മാരില്‍ നിന്ന് വിവിധ വിജ്ഞാന ശാഖകളില്‍ നൈപുണ്യം നേടി. വിശുദ്ധ ഖുര്‍ആനിന്‍റെ വിജ്ഞാന ശാഖകള്‍ പഠിപ്പിക്കാനായി മാത്രം പതിനഞ്ചിലേറെ സ്ഥാപനങ്ങള്‍ ഡോ. അബ്ദുറഹീം നിര്‍മിച്ചിട്ടുണ്ട്. 5000 യുവതീ യുവാക്കള്‍ക്ക് മഹ്റും മറ്റ് ചെലവുകളും നല്‍കി വിവാഹമെന്ന സ്വപ്നം സാധ്യമാക്കിയ ധര്‍മിഷ്ഠന്‍ കൂടിയാണദ്ദേഹം. അറബി രാജ്യങ്ങളില്‍ പൊതുവിലും സുഡാനില്‍ പ്രത്യേകിച്ചും പ്രസിദ്ധനായിരുന്ന ഡോ. അബ്ദുറഹീമിന്‍റെ ആദ്യ രചന ബഹ്ജത്തുല്ലയാലി വല്‍ അയ്യാം ഫീ മദ്ഹി ഖൈറില്‍ അനാം എന്നതാണ്. 1967-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട രിയാളുല്‍ ജന്ന വ സുറൂറിദ്ദജ്നയാണ് രണ്ടാം രചന. രണ്ടും നബികീര്‍ത്തന കാവ്യങ്ങള്‍ തന്നെ. ഇവ കൂടാതെ വേറെയും കവിതകള്‍ അദ്ദേഹത്തിനുണ്ട്.

വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തെ പ്രമുഖ എഴുത്തുകാരന്‍ മുഹമ്മദ് ഖാലിദ് സാബിത്ത് ‘സുല്‍ത്താനുല്‍ ഖുലൂബ്’ (മനസ്സുകളുടെ രാജാവ്) എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം എഴുതി: ഇക്കാലത്തെ അപചയങ്ങളെ സാന്ത്വന മനസ്സ് കൊണ്ട് നേരിടുന്ന വ്യക്തിയാണ് ഡോ. അബ്ദുറഹീം. അല്ലാഹുവില്‍ പൂര്‍ണ സമര്‍പ്പിതനായി തിരുനബിയുടെ വഴിയില്‍ സഞ്ചരിക്കുന്ന അദ്ദേഹം മുസ്ലിം ഉമ്മത്തിന് നല്ല തെളിച്ചമുള്ള ദിശാബോധമാണ് നല്‍കിയിട്ടുള്ളത്. 2005 ഫെബ്രുവരി 19-ന് അദ്ദേഹം വഫാത്തായി.

3838 വരികള്‍ ഉള്‍കൊള്ളുന്നതാണ് ദീവാനുല്‍ ബുര്‍ഈ. ഹൃദ്യമായ ആശയങ്ങള്‍ നിറഞ്ഞ പ്രയോഗങ്ങളിലൂടെ തിരുനബി സ്നേഹം പ്രകാശിപ്പിക്കുന്നതാണ് രചനകള്‍. താഴ്മയും സമര്‍പ്പണവും അടയാളപ്പെടുത്തുന്ന ശൈലി. ഇടക്കിടെ തിരുനബി മുഖേനെ ഇടതേടിയും സഹായം ചോദിച്ചും വിങ്ങിപ്പൊട്ടുന്ന മാനസം. പാപക്കറകള്‍ കഴുകിക്കളയാന്‍ തിരുനബി(സ്വ)യുടെ സാന്നിധ്യം ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന അവതരണം. പ്രപഞ്ചം മുഴുവന്‍ പ്രവാചകരെ വലയം ചെയ്ത് സഞ്ചരിക്കുന്നുവെന്ന് തെളിയിക്കുന്ന പ്രതിപാദനം. ആശയങ്ങളില്‍ നിന്ന് ആശയ സാഗരങ്ങളിലേക്ക് കൊണ്ട് പോകുന്ന സാഹിത്യ പാടവം രചനകളിലുടനീളം കാണാം. തിരുനബി(സ്വ)യെ എപ്പോഴും കൂടെ കൂട്ടി നടക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്ന ആവിഷ്കാരം. ഇങ്ങനെ ദീവാനുല്‍ ബുര്‍ഈയുടെ സവിശേഷതകള്‍ നിരവധിയാണ്.

വരികളിലൂടെ നീങ്ങുമ്പോള്‍ സ്നേഹ പ്രപഞ്ചം വികസിക്കുന്നു. കാണാനും മുത്താനും വാരിപ്പുണരാനും മനസ്സ് വെമ്പല്‍ കൊള്ളുന്നു. ആകര്‍ഷകവും വേറിട്ടതുമായിരുന്നു അബ്ദുറഹീം അല്‍ബുര്‍ഈയുടെ ജീവിതം. സൂഫി സാധനയുടെ ധന്യ നിമിഷങ്ങള്‍ കവിതയിലേക്കും പ്രസരിപ്പിക്കാന്‍ മഹാനു കഴിഞ്ഞു. നിരവധി നബി പ്രകീര്‍ത്ത കാവ്യങ്ങള്‍ രചയിതാവിനുണ്ടെങ്കിലും ദീവാനുല്‍ ബുര്‍ഈയാണ് ലോകോത്തര ശ്രദ്ധ പിടിച്ചുപറ്റിയത്. രചയിതാവിന്‍റെ ആത്മസമര്‍പ്പണവും കരുത്തും ബോധിപ്പിക്കുന്നതാണ് ഓരോ വരിയും. തിരുനബി(സ്വ)യെ വാരിപ്പുണര്‍ന്ന് മുത്തം വെക്കാന്‍ ആവേശം തരുന്നതാണ് എല്ലാ വരികളുടെയും ആശയവും സൗന്ദര്യവും.

പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ് അല്ലാഹു. അവന്‍റെ ഏകത്വത്തെ പ്രകാശിപ്പിക്കുന്ന പ്രഭകള്‍ക്ക് എന്നുമെന്നും തിളക്കമുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് തുടക്കം. അല്ലാഹുവിന്‍റെ സവിശേഷ ഗുണങ്ങളിലൂടെ മുന്നോട്ട് പോവുന്ന വരികളില്‍ പ്രപഞ്ചത്തിലെ ഓരോ ബിന്ദുവിലും ആത്മജ്ഞാനികള്‍ക്ക് നിരവധി കാര്യങ്ങള്‍ ഉള്‍കൊള്ളാനുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. സൂര്യന്‍, ചന്ദ്രന്‍, ആകാശം, അര്‍ശ്, കുര്‍സിയ്യ്, സമുദ്രം, നക്ഷത്രം, മരങ്ങള്‍, സസ്യങ്ങള്‍, കാര്‍മേഘം, ഭൂമി, ധ്രുവ പ്രദേശങ്ങള്‍, മഴത്തുള്ളികള്‍, പുഷ്പങ്ങള്‍, ഉറുമ്പ് തുടങ്ങിയ പ്രപഞ്ച പ്രതിഭാസങ്ങളുടെ ആത്മരഹസ്യങ്ങള്‍ അത്യത്ഭുതകരമാണ്. ഇവയെല്ലാം പരമസത്യമായ അല്ലാഹുവിലേക്കെത്താനുള്ള വെളിച്ചവുമാണ്. ആമുഖത്തില്‍ ഇരുന്നൂറിലേറെ വരികള്‍ അല്ലാഹുവിന്‍റെ സവിശേഷ നാമങ്ങള്‍ ഉള്‍കൊള്ളിച്ചു രചിച്ചിരിക്കുന്നു. ഇവ സ്രഷ്ടാവിന്‍റെ കാരുണ്യവും മാഹാത്മ്യവും വരച്ച് കാട്ടുന്നു.

മുത്ത് നബിയുടെ സ്നേഹത്തറയിലാണ് അല്ലാഹു സൃഷ്ടി കര്‍മം നടത്തിയിട്ടുള്ളതെന്ന് പറഞ്ഞ് കൊണ്ടാണ് തിരുനബി അപദാനത്തിലേക്ക് കവി കടക്കുന്നത്. ഉണ്‍മയുടെ യഥാര്‍ത്ഥ്യമാണ് തിരുനബി(സ്വ). റസൂലില്ലെങ്കില്‍ ഒന്നിനും ഉണ്‍മയില്ല. മുഴുവന്‍ നബിമാരുടെയും ഒളി മുഹമ്മദ് നബി(സ്വ)യാണ്. നുബുവ്വത്തിന്‍റെ രഹസ്യവും മഹത്ത്വവും നബിയില്‍ സമ്മേളിക്കുന്നു. പ്രപഞ്ചത്തിന്‍റെ മുഴു പ്രകാശവും തിരുമേനിയില്‍ നിന്നാണ് തുടങ്ങുന്നത്. അത് പ്രവാചക കുടുംബത്തിലൂടെ പരന്നൊഴുകി എന്നുമെന്നും പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കും.

നബിപ്രേമത്തിന്‍റെ ആത്മസരണി എല്ലാ കാലത്തും ഉത്തമരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അലി, ഹസന്‍, ഹുസൈന്‍, സൈനുല്‍ ആബിദീന്‍(റ) എന്നിവരിലൂടെ പരന്നൊഴുകിയ മഹബ്ബത്തുന്നബി പില്‍ക്കാലത്ത് മഹദ്വക്തികളിലൂടെ പ്രസരണം ചെയ്യപ്പെട്ടു. ജൂനൈദുല്‍ ബഗ്ദാദി, അല്ലാമാ ശിബ്ലി, ശൈഖ് ജീലാനി, മുഹമ്മദുല്‍ മക്കി, അബൂബക്കറുശ്ശാമി(റ) തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. നബി പൈതൃകത്തിന്‍റെ അനന്തരവന്‍മാരും മാര്‍ഗദര്‍ശികളുമാണവര്‍. എണ്ണിയാലൊതുങ്ങാത്ത നിരവധി പേര്‍ ഈ കൈത്തിരി ഏറ്റുവാങ്ങുകയുണ്ടായി.

നബി(സ്വ)യോടുള്ള ഇശ്ഖില്‍ ലയിച്ച് ഖല്‍ബില്‍ വേദനയും കണ്ണുനീരുമായി കഴിയുന്ന വേറൊരു വിഭാഗമുണ്ട്. ഉന്നതിയുടെ ഉത്തുംഗത്തില്‍  നില്‍ക്കുന്ന തിരുനബി(സ്വ)യെ എനിക്ക് ചേര്‍ത്ത് പിടിക്കാനാവുമോ എന്ന മനോവേദനയിലാണവര്‍. ഹൃദയം നബിയിലേക്ക് ചേര്‍ത്തുവച്ച് വരികള്‍ക്കിടയില്‍ കവി ഇങ്ങനെ വര്‍ണിക്കുന്നു: നേതാക്കളുടെ നേതാവാണ് എന്‍റെ മുത്ത് നബി. മിഅ്റാജ് രാവില്‍ തിരുമേനി ചവിട്ടിക്കയറിയത് എത്ര ഉയരങ്ങളാണ്. മുഴുവന്‍ തിരശ്ശീലകളും വകഞ്ഞുമാറ്റിയാണ് അവിടുന്ന് സഞ്ചരിച്ചത്. മുഴുവന്‍ സൃഷ്ടികള്‍ക്കും സംസ്കരണം പഠിപ്പിച്ചത് അങ്ങാണ്. ഒരു കണ്ണും നബിയെ പോലെ മറ്റൊരാളെ കണ്ടിട്ടില്ല; കാണുകയുമില്ല. മഹോന്നതിയുടെ മോതിരക്കല്ലാണ് എന്‍റെ നബി. മുഴുവന്‍ അപകടങ്ങളില്‍ നിന്നും എന്നെ കൈപിടിച്ച് നിറുത്തണം നബിയേ! അങ്ങയെ സന്ദര്‍ശിക്കാന്‍ പലരുമെത്തുന്നുണ്ട്. എന്നാല്‍ തെറ്റുകളുടെ കൂമ്പാരം എന്നെ തടഞ്ഞ് നിര്‍ത്തുന്നു. തങ്ങളുടെ ശിപാര്‍ശ മാത്രമാണ് അടിയന്‍റെ അവലംബം. സര്‍വ നന്മകളും നബിയെ ചേര്‍ത്ത് പിടിച്ചാലേ മഹത്തരമാവുകയുള്ളൂ. സ്വീകാര്യതയുടെ കിരീടം ധരിക്കണമെങ്കില്‍ നബിയോരുടെ സമ്മതം വേണം. ഹൃദയങ്ങള്‍ മുഴുവന്‍ ഭീതിയിലാകുന്ന അന്ത്യനാളില്‍ ശിപാര്‍ശകന്‍ അവിടുന്നാണല്ലോ!

തിരുനബി(സ്വ)യുടെ വിവിധ മഹത്ത്വങ്ങളിലൂടെ കവി സഞ്ചരിക്കുന്നുണ്ട്. തിരുശരീരം, സരണി, സ്വഭാവം, ധര്‍മം, കുടുംബം, പൈതൃകം, ചരിത്രം, സമരം, മുഅ്ജിസത്ത്, ത്യാഗം, സഹനം തുടങ്ങിയവയെല്ലാം അതില്‍ കടന്നുവരുന്നു.

ഇടക്കിടെ തിരുമേനിക്ക് സ്വലാത്തും സലാമും സമര്‍പ്പിച്ചും നബിയെ നേരിട്ട് വിളിച്ച് സങ്കടമുണര്‍ത്തിയുമാണ് കവിയുടെ പ്രയാണം. സംസ്കാരവും നന്‍മയും ഉറവ പൊട്ടുന്നത് മുഹമ്മദ് നബി(സ്വ)യില്‍ നിന്നാണ്. സംസ്കൃതിയുടെ പൂര്‍ണ ചന്ദ്രനാണവിടുന്ന്. ഏത് കൂരിരുട്ടിലും നബിധര്‍മം പ്രകാശിക്കും. പ്രപഞ്ചത്തില്‍ പരന്നൊഴുകുന്ന മഴ കാരുണ്യവും നബിയില്‍ നിന്ന് ഉദയം ചെയ്തതാണ്. അവിടുത്തെ നാമങ്ങള്‍ക്കെല്ലാം കീര്‍ത്തനങ്ങളുടെ സൗന്ദര്യമുണ്ട്. ഒരിക്കലും അവ അസ്തമിക്കില്ല. നബിയെ ഓര്‍ത്തും പ്രകീര്‍ത്തിച്ചും ജീവിക്കുന്നവര്‍ക്കാണ് രക്ഷ.

തിരുമേനിയുടെ മഹത്ത്വം അംഗീകരിച്ചിട്ടുള്ളത് മനുഷ്യര്‍ മാത്രമല്ല; കല്ലും മണ്ണും മാന്‍പേടയും ഉടുമ്പും ഒട്ടകവും ആടും കാട്ടുമൃഗവും അതിന് സാക്ഷികളാണ്. അചേതന വസ്തുവായ ഈത്തപ്പന മട്ടലിന്‍റെ തേങ്ങിക്കരച്ചിലും അതിന് സാക്ഷ്യമാണല്ലോ! സത്യസരണിയിലേക്കാണ് നബിതിരുമേനി ക്ഷണിച്ച് കൊണ്ടിരിക്കുന്നത്. ഇരുളടഞ്ഞ ലോകത്തും കാലത്തും മുഹമ്മദീയ സരണി പ്രകാശം പൊഴിക്കും. ബുദ്ധിയും ബോധവുമുള്ളവര്‍ക്ക് ഇത് ബോധ്യപ്പെടും. തിരുമേനി വിശ്രമിക്കുന്ന മണ്ണില്‍ ചവിട്ടുന്നവന്‍റെ ദോഷങ്ങള്‍ കൊഴിഞ്ഞുവീഴും. നബിസിയാറത്തിന്‍റെ മഹത്ത്വം വളരെ വലുതാണ്.

നബിസ്നേഹത്തിന്‍റെ പാരമ്യതയില്‍ ലയിച്ച ഇമാം ബൂസ്വീരി(റ)യുടെ ആശയത്തിലൂടെ കടന്ന് പോവുന്നുണ്ട് കവി. മക്കയുടെ മലഞ്ചെരുവുകളില്‍ കാണപ്പെടുന്ന അല്‍ബാന്‍ ചെടികളും കവിളിന്‍ മുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരും അയല്‍വാസികളുടെ ഓര്‍മകളുമെല്ലാം കവിയും സ്മരിക്കുന്നു. മെലിഞ്ഞൊട്ടിയ ശരീരവും ദുഃഖം തളംകെട്ടിനില്‍ക്കുന്ന മാനസവുമാണ് നബിസ്നേഹിയുടെ പ്രകൃതം. നജ്ദിന്‍റെ താഴ്വരകളിലൂടെ രാവും പകലുമില്ലാതെ അലഞ്ഞുനടന്ന് കരഞ്ഞ് കലങ്ങിയ കണ്ണുമായി വിഷണ്ണനായി കഴിയുകയാണ് അവന്‍. പ്രകീര്‍ത്തനം രചിക്കുന്ന ഈ മനസ്സിനെ തണുപ്പിക്കാന്‍ മുത്ത് നബിയുടെ സാന്നിധ്യത്തിനേ കഴിയൂ. വിങ്ങുന്ന മനസ്സുമായി നബിസാന്നിധ്യത്തിന്ന് കേണുകയാണ് കവി. ‘എന്‍റെ നേതാവേ! എന്‍റെ അഭയമേ! അന്ത്യനാളില്‍ അങ്ങയുടെ മഹത്ത്വം കൊണ്ട് എന്നെ പരിഗണിക്കേണമേ, സംഭവിച്ചുപോയ തെറ്റുകള്‍ക്ക് മാപ്പ് ലഭിക്കാന്‍ അങ്ങ് ഇടപെടേണമേ, എന്‍റെ ദുഃഖം തീര്‍ത്തു തരേണമേ, എന്‍റെ അപേക്ഷ അങ്ങ് കേള്‍ക്കേണമേ…’ കവിയുടെ സങ്കട സമര്‍പ്പണങ്ങള്‍ നീളുകയാണ്. നബിയോട് ഒട്ടിച്ചേര്‍ന്ന് അഭയത്തിനായി കാലുപിടച്ച് തേങ്ങുകയാണ് അദ്ദേഹം. അപദാനങ്ങളും പ്രകീര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലെല്ലാം സ്വലാത്തിനായി വരികള്‍ കവി മാറ്റിവെക്കുന്നുണ്ട്. തിരുനബിക്കും കുടുംബത്തിനും അനുയായികള്‍ക്കും സമര്‍പ്പിക്കുന്ന സ്വലാത്തുകള്‍ പ്രപഞ്ചത്തിലെ സവിശേഷതകളുമായി ബന്ധപ്പെടുത്തിയാണ് തയ്യാറാക്കുന്നത്. ആത്മാവിന്‍റെ മധുര സംഗീതമാണല്ലോ സ്വലാത്ത്. തിരുമേനിയെ പുല്‍കുന്നവര്‍ക്ക് സ്വലാത്ത് അന്യമാകില്ല. ഹൃദയത്തിലും നാവിലും ചുണ്ടിലും അത് തത്തിക്കളിക്കും.

മുഹമ്മദീയ സ്മരണയില്‍ കഴിയുന്നവരുടെ മേല്‍വിലാസമാണ് സ്വലാത്തുന്നബി. അവരുടെ സംസാരത്തിലും എഴുത്തിലും ചിന്തയിലും ഓര്‍മയിലുമെല്ലാം സ്വലാത്തിന്‍റെ സാന്നിധ്യമുണ്ടാകും. മുള്‍ചെടികള്‍ നിറഞ്ഞ് നില്‍ക്കുന്ന മരുഭൂമിയില്‍ മറപ്പെട്ട് കിടക്കുന്നവരില്‍ ഉത്തമരായ നബിയേ എന്ന് വിളിച്ച് തിരുഖബറിനരികില്‍ വന്ന് യാചിച്ച അഅ്റാബിയുടെ ചരിത്രം പ്രമുഖ ചരിത്രകാരന്മാരെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. അഅ്റാബിയുടെ കവിതയിലെ ആദ്യവരിയില്‍ നിന്നാരംഭിച്ച് തിരുനബി(സ്വ)യെ അഭിസംബോധന ചെയ്യുന്ന ഭാഗം ഹൃദയസ്പര്‍ശിയും ആനന്ദകരവുമാണ്. അറാക്കും അന്‍ബറും മിസ്കുമെല്ലാം കൊത്തിവച്ച വരികളുടെ ചന്തവും സൗന്ദര്യവും ആശയസമ്പത്തും ഒന്ന് വേറെതന്നെ. മുഴുവന്‍ ആരാധനകളും മുത്ത് നബിയുടെ ഓര്‍മകളുമായി പൂത്തുലഞ്ഞ് നില്‍ക്കുന്നു. നിസ്കാരത്തിലും ഹജ്ജിലും അത് കൂടുതല്‍ പ്രകടമാണ്. ത്വവാഫും സഅ്യും മിനയും മുസ്ദലിഫയും അറഫയുമെല്ലാം കയറിയിറങ്ങിയാലും മദീനയിലെത്തി നബിയെ കാണലാണ്  ഹജ്ജിന്‍റെ സംതൃപ്തിയും സമാപനവും. ഹജ്ജിന് വന്ന് എന്നെ കാണാനെത്താത്തവരോട് എനിക്ക് പിണക്കമുണ്ടെന്ന് നബി(സ്വ) പറഞ്ഞതിന്‍റെ താല്‍പര്യവും അത്തന്നെ.

ഹജ്ജിന്‍റെ കര്‍മങ്ങള്‍ എണ്ണിപ്പറഞ്ഞ് തിരുസിയാറത്തിനെ കവി പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: സ്നേഹ ലോകത്ത് കടന്നുവരുന്നവരെ പഠപ്പിക്കേണ്ട ഒരു സന്ദേശമുണ്ട് ‘സ്നേഹം മറുപടി ലഭിക്കാത്ത യാചനയാണ്’. ചോദിച്ചുകൊണ്ടേയിരിക്കണം. മറുപടി ലഭിച്ചെന്നു വരില്ല. സ്നേഹികളുടെ യാചന വലിയ താല്‍പര്യമാണ് സ്നേഹഭാജനത്തിലുണ്ടാക്കുക. നിരന്തരമായി യാചിച്ചുകൊണ്ടിരിക്കുക; ഒരിക്കലും നിലക്കാത്ത യാചന. യാചകന്‍റെ വേഷവിധാനം, രൂപപ്രകൃതം, ശബ്ദത്തിലെ വിറയല്‍, കണ്ണുനീര്‍, തളര്‍ന്ന മുഖം, പരിസര ബോധമില്ലാത്ത  പെരുമാറ്റം. അങ്ങനെ പല വിധത്തില്‍ അവരെ കാണാം. മനസ്സില്‍ നിന്ന് നിറഞ്ഞുപൊങ്ങുന്ന സ്നേഹപ്രകടനങ്ങള്‍ കവിതയും മൂളിപ്പാട്ടുമായി ആസ്വദിക്കുന്നു മറ്റു ചിലര്‍. ഇടക്കിടെ മദീനയിലെത്തി മുത്തിമണത്ത് മടങ്ങുന്നു വേറെ ചിലര്‍. മദീനയിലേക്ക് പോകാന്‍ ഭയന്നു മാറിനില്‍ക്കുന്നു മറ്റൊരു കൂട്ടര്‍. കതകടച്ച് ഇരുട്ടുമുറിയില്‍ വിങ്ങിക്കരഞ്ഞ് കഴിയുന്നവരുമുണ്ട്. ഇവരെല്ലാം നബിസ്നേഹത്തിന്‍റെ വ്യത്യസ്ത പ്രതീകങ്ങളാണ്. എല്ലാവരും പ്രണയത്തിലായി അഭിരമിക്കുകയാണ്.

തിരുസ്വലാത്തിനൊപ്പം മഹാന്‍മാരായ ഖുലഫാഉറാശിദുകളും കവിയുടെ സ്വലാത്തില്‍ കടന്നുവരുന്നുണ്ട്. ഓരോരുത്തരെയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് അവര്‍ക്ക് കവി സ്വലാത്തുകള്‍ സമര്‍പ്പിക്കുന്നത്. മുത്ത് നബി വിശ്രമിക്കുന്ന ഖബര്‍ ശരീഫിനെ പോലെ മഹത്ത്വമുള്ള ഒരിടം ആകാശ ഭൂമിയിലുണ്ടോ?! എല്ലാറ്റിന്‍റെയും കാരണക്കാരന്‍ അവിടെയാണല്ലോ കിടക്കുന്നത്. വഫാത്തായി നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നുബുവ്വത്തിന്‍റെ സൂര്യന്‍ സ്മരിക്കപ്പെടുന്നു. സ്വലാത്ത്-സലാമുകള്‍ പെയ്തിറങ്ങുകയാണ്. ഓരോ വിശ്വാസിയും തിരുനബി(സ്വ)യുടെ സാമീപ്യം പ്രതീക്ഷിച്ചാണ് മരിക്കുന്നത്. വേറെയൊരു പ്രതീക്ഷയും അവനു മുന്നിലില്ല. മരണവേളയിലും തുടര്‍ന്നങ്ങോട്ടുള്ള ഭീതിരംഗങ്ങളിലുമെല്ലാം ഒരു കൂട്ടുകാരനായി നബി(സ്വ)യുടെ സാമീപ്യമാണ് അവലംബം.

നബിയുടെ ജനനവും ജീവിതവുമെല്ലാം അനുഭവ ദൃഷ്ടാന്തങ്ങളാണ്. കേവലമൊരു ജനനമായിരുന്നില്ല അവിടുത്തേത്. മുന്‍ വേദഗ്രന്ഥങ്ങളും നബിമാരും പ്രവചിച്ചും വിളംബരപ്പെടുത്തിയുമാണ് തിരുപ്പിറവി ഉണ്ടായത്. എല്ലാം ഇലാഹിന്‍റെ പ്രത്യേക ആസൂത്രണത്തിലും ഹിക്മത്തിലും. സച്ചരിതരായ മാതാപിതാക്കളുടെ പരമ്പര, പൗരപ്രമുഖരായ കുടുംബം, മലക്കുകളുടെ സാന്നിധ്യം, ഹൂറികളുടെ താരാട്ട്, മുത്തൊളി പിറന്നു വീണതോടെ ഇരുട്ടിന്‍റെ ശക്തികള്‍ ഒന്നൊന്നായി തകിടം മറിഞ്ഞു. ബിംബങ്ങള്‍ നിലംപൊത്തി, പിശാച് പരക്കം പാഞ്ഞു. പേര്‍ഷ്യക്കാരുടെ തീകുണ്ഡാരം കെട്ടണഞ്ഞു, മക്കയൊന്നാകെ പ്രകാശിച്ചു, ലോകത്തിന് സത്യസരണി കാണിക്കാനാണ് ഈ ജന്മം.

മുന്‍കാല ദൂതന്‍മാരുടെ മുഅ്ജിസത്തുകളെ വെല്ലുന്നതാണ് മുഹമ്മദ് നബി(സ്വ)യുടെ അമാനുഷികതകള്‍. അല്ലാഹുവുമായുള്ള സംഭാഷണത്തിനായി ഏഴാകാശങ്ങള്‍ക്കുമപ്പുറം ബുറാഖില്‍ സഞ്ചരിച്ചെത്തി, വിരലുകള്‍ക്കിടയിലൂടെ ആയിരങ്ങളുടെ ദാഹമകറ്റി, നബിയുടെ കൈകളില്‍ നിന്ന് കല്ലുകള്‍ തസ്ബീഹ് ചൊല്ലി, നബിയുടെ സാന്നിധ്യം നഷ്ടപ്പെട്ടപ്പോള്‍ ഈത്തപ്പന മട്ടല്‍ തേങ്ങി, ആകാശത്തിന്‍റെ മുഴുവന്‍ കവാടങ്ങളും അവിടത്തേക്കായി തുറന്നുവച്ചു, മലക്കുകള്‍ സസന്തോഷം നബിയെ വരവേറ്റു, നബിതിരുമേനിയുടെ നേതൃത്വത്തില്‍ മുഴുവന്‍ പ്രവാചകന്‍മാരും നിസ്കരിച്ചു. കാലങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടുപോയ പൂര്‍വ നബിമാര്‍ മുത്ത്നബിയുടെ നിസ്കാരത്തില്‍ സംബന്ധിക്കാനെത്തി.

മുഹമ്മദീയ സൗന്ദര്യവും മഹിമയും, ചിന്തക്കും ബോധത്തിനുമപ്പുറമാണ്. മൂവായിരത്തിലേറെ വരുന്ന വരികളില്‍ നബിതങ്ങളുടെ അപദാനങ്ങളും കീര്‍ത്തനങ്ങളും ദീവാനുല്‍ ബുര്‍ഈ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ കവിയുടെ താഴ്മയും സമര്‍പ്പണവുമാണ് വരികള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്നത്. നബിയേ, അബൂറഹീമിനെ അങ്ങ് മറക്കുമോ?! എന്നെ ചേര്‍ത്ത് പിടിക്കില്ലേ?! എന്‍റെ കുടുംബം, കൂട്ടുകാര്‍, സ്നേഹിതര്‍ എല്ലാം നിസ്സഹായരാണ്, അങ്ങയുടെ സഹായമാണ് എല്ലാവരുടെയും പ്രതീക്ഷ- എന്നിങ്ങനെ താഴ്മയുടെ ഇടറുന്ന ശബ്ദം കാവ്യത്തില്‍ എമ്പാടുമുണ്ട്.

ഒരു പ്രബന്ധത്തിലൊതുങ്ങുന്നതല്ല ദീവാനുല്‍ ബുര്‍ഈയുടെ ആശയലോകം. അനുഗൃഹീതനായ  കവി കടന്നുചെല്ലാത്ത ഭാഗങ്ങളില്ല. നബിയെ തൊട്ടറിഞ്ഞ് അനുഭവിക്കുന്ന പ്രതീതി. ‘സ്വല്ലൂ അലൈഹി വ സല്ലിമൂ തസ്ലീമാ’ എന്ന് കവിതകള്‍ക്കിടയില്‍ ഇടക്കിടെ കയറിവരുന്നത് വെളിയങ്കോട് ഉമര്‍ ഖാളി(റ)യെ അനുസ്മരിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ ‘സ്വല്ലല്‍ ഇലാഹു’വിന്‍റെ രചന അങ്ങനെയാണല്ലോ. വിഷയ ക്രമത്തിലല്ല ദീവാനിന്‍റെ ക്രോഡീകരണം. ഒരേ വിഷയം പലയിടങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും ആശയ പശ്ചാത്തലങ്ങളില്‍ വൈവിധ്യമുണ്ട്. റസൂല്‍(സ്വ) തന്‍റെയടുത്ത് തന്നെയുണ്ട്, അതും കയ്യെത്തും ദൂരത്ത്, കാണാമറയത്തല്ല. ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും നബിസാന്നിധ്യം വിശ്വാസിക്ക് അനുഭവിക്കാനാവും. അത്രക്ക് തീക്ഷ്ണമാണ് ഈ വരികള്‍. വിശ്വാസത്തിന്‍റെ അടിത്തറയും ആരാധനയുടെ അര്‍ത്ഥവും ജീവിതത്തിന്‍റെ മധുരവുമെല്ലാം നബിതിരുമേനിയാണ്. നാളെ ഖബ്റിലും ശേഷം മഹ്ശറിലും അവിടുത്തെ ശിപാര്‍ശയാണ് കരുതല്‍. ആദ്യ സൃഷ്ടി നബിപ്രകാശമാണ്. പുനരുത്ഥാന നാളില്‍ ഖബ്റില്‍ നിന്ന് ആദ്യം എഴുന്നേല്‍ക്കുന്നതും സ്വര്‍ഗ കവാടം തുറക്കുന്നതും നബി തിരുമേനി(സ്വ) തന്നെ. അണുമണി തൂക്കം വിശ്വാസമുള്ളവരെയെല്ലാം സ്വര്‍ഗത്തിലെത്തിക്കാനുള്ള ശിപാര്‍ശയുടെ അനുമതിയും അന്ത്യപ്രവാചകര്‍ക്കുണ്ട്. ഈ ആശയങ്ങള്‍ പലയിടങ്ങളിലായി കവി ചേര്‍ത്തുവച്ചിട്ടുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ, ആധുനിക നബികീര്‍ത്തന കാവ്യങ്ങളില്‍ അര്‍ത്ഥത്തിലും സാഹിത്യത്തിലും വേറിട്ടൊരു രചന തന്നെയാണ് ദീവാനുല്‍ഈ എന്നുറപ്പിച്ചു പറയാം.

You May Also Like
burdha - malayalam article

ബുർദ: ഹൃദയരക്തത്തിൽ വിരിഞ്ഞ പ്രണയഗീതം

തിരുനബി(സ്വ)യുടെ മദ്ഹ് കാവ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇമാം ബൂസ്വീരിയുടെ ബുർഉദ്ദാഅ്(ബുർദ). അനുരാഗത്തിന്റെ ഉത്തുംഗതയിൽ ബുർദയുടെ സ്ഥാനവും…

● അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്     
Al Fathawa

അല്‍ഫതാവാ-4 : അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍ ളുഹ്ര്‍ നിര്‍ബന്ധമോ?

അസ്വറിന്‍റെ സമയം പ്രവേശിച്ച ഉടനെ ഹൈളുണ്ടായതിനാല്‍ ഒരു സ്ത്രീക്ക് നിസ്കരിക്കാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസ്തുത…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍
Jundoor usthad -Malayalam article

മലയാളികൾക്കായി കുണ്ടൂരുസ്താദിന്റെ തവസ്സുൽ ബൈത്ത്

അറബി ഭാഷയിൽ കവിതകളും മദ്ഹുകളും എഴുതുന്ന ധാരാളം മലയാളി കവികൾ നമുക്ക് സുപരിചിതരാണ്. ഉമർ ഖാളിയും…

● പിഎം സുഹൈൽ മോങ്ങം