ഥ പറയുന്നതും കേള്‍ക്കുന്നതും ആസ്വാദനമാണ്. കഥയില്‍ ഗുണപാഠമുണ്ടെങ്കില്‍ ആസ്വാദനത്തിന് പുറമെ മറ്റു പല ധര്‍മങ്ങളും കൈവരും. എന്നാല്‍ കഥക്ക് ചരിത്ര പിന്‍ബലമുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യവും വിശ്വാസയോഗ്യവുമാകുന്നു. ചരിത്രം ഇന്നലെകള്‍ എങ്ങനെയായിരുന്നു എന്ന് നമുക്ക് കാണിച്ചു തരുന്നു. അതില്‍ നിന്നാണ് നാളെ എങ്ങനെയാകണമെന്ന് നാം തീരുമാനിക്കേണ്ടത്.

നാളെ എന്ന പദത്തിന് വിശ്വാസികളുടെ നിഘണ്ടുവില്‍ ഗഹനമായ അര്‍ത്ഥമുണ്ട്. പുലരാനിരിക്കുന്ന ദിനം മാത്രമല്ല അവരെ സംബന്ധിച്ചിടത്തോളം നാളെ. അനന്തമായൊരു ജീവിതത്തിന്‍റെ ചുരുക്കമാണ് നാളെ. ‘നാളെ ഞാന്‍ റബ്ബിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടവനാണ്’ എന്ന് ഒരു മുസ്ലിം ആത്മഗതം ചെയ്യുമ്പോള്‍ അതിന്‍റെ ഉള്‍സാരം ഒരു ഫിലോസഫര്‍ക്കും പറഞ്ഞു ഫലിപ്പിക്കാന്‍ സാധിക്കില്ല. അപ്പോള്‍, എങ്ങനെയാണ് ഒരു വിശ്വാസി ഈ നാളെയെ കുറിച്ചുള്ള ചിന്തകളിലേക്ക് കടന്നുവരുന്നത് എന്നതാണ് ഈ പംക്തിയുടെ ചര്‍ച്ചകളിലൊന്ന്. അതിനു വേണ്ടത് മുന്‍ഗാമികളുടെ കഥകളെ ചരിത്രയാഥാര്‍ത്ഥ്യമായി ഉള്‍ക്കൊള്ളാനും അതിനെ സ്വജീവിതത്തിലേക്ക് പകര്‍ത്താനും ശ്രമിക്കുക എന്നതാണ് എന്‍റെ അനുഭവസാക്ഷ്യം.

മഹാരഥന്മാരുടെ ജീവിതം വായിച്ചുനോക്കുമ്പോള്‍ നമ്മുടെ സിരകളില്‍ ആത്മീയതയുടെ മാന്ത്രികത നുരഞ്ഞുപൊങ്ങുന്നതായി അനുഭവപ്പെടും. കുട്ടിക്കാലത്ത് ഞങ്ങള്‍ മക്കളെയെല്ലാവരെയും ഒരുമിച്ചുകൂട്ടി ഉപ്പ മഹത്തുക്കളുടെ ചരിത്രം വളരെ രസകരമായി പറഞ്ഞു തരും. ഇതു കാരണം ഇസ്ലാമിക ചരിത്രത്തിലെ മഹാത്മാക്കളില്‍ നിരവധി പേരുടെ തിരുനാമങ്ങള്‍ എന്‍റെ മനസ്സില്‍ വളരെ ചെറുപ്പത്തലേ കോറിയിട്ടിരുന്നു. ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായി ഉപ്പ പറയുന്ന ചരിത്രങ്ങള്‍ പലപ്പോഴും ഒരു കുട്ടി എന്ന നിലയില്‍ ആത്മീയ വളര്‍ച്ചക്ക് വളരെ ഉപകരപ്രദമായിരുന്നു. ചെറുപ്പം മുതലേ സ്ഥിരമായി വീട്ടില്‍ നടന്നുവരാറുള്ള റാത്തീബുകളിലും ഖുത്ബിയ്യത്ത് സദസ്സുകളിലുമെല്ലാം മഹാന്മാരുടെ ചരിത്രങ്ങള്‍ കഥപോലെ അവതരിപ്പിക്കുമ്പോള്‍ അത് മനസ്സില്‍ വല്ലാതെ സ്വാധീനം ചെലുത്തും.

ഇന്നും ഒഴിവു സമയം കുടുംബവുമായി  ചെലവഴിക്കുമ്പോള്‍ മക്കളെയും പേരമക്കളെയും ഒരുമിച്ചുകൂട്ടി ചരിത്രങ്ങള്‍ പറയാനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും സന്ദര്‍ഭം കണ്ടെത്താറുണ്ട്.

തെറ്റു ചെയ്യണം എന്ന ബോധത്തോടെയല്ല ഒരാളും തെറ്റു ചെയ്യുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സാഹചര്യങ്ങളും പ്രലോഭനങ്ങളും അയാളെ കീഴ്പ്പെടുത്തുമ്പോഴാണ് പലപ്പോഴും തെറ്റുകള്‍ ജന്മം കൊള്ളുന്നത്. ഒരുപക്ഷേ, ഒരു ചെറിയ വാക്കു കൊണ്ടോ അക്ഷരങ്ങള്‍ കൊണ്ടോ വലിയ പാതകങ്ങളെ നമുക്ക് തടയാന്‍ സാധിക്കും. മഹാന്മാരുമായുള്ള നിരന്തര സമ്പര്‍ക്കവും സജ്ജനങ്ങളോടുള്ള ഇടപഴക്കവും ജീവിതത്തിന്‍റെ ചൈതന്യം വര്‍ധിപ്പിക്കുമെന്നതില്‍ സന്ദേഹമില്ല. ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങള്‍ കുറിക്കാം.

മക്കള്‍ക്ക് സ്കൂളുകളും മദ്റസയും തുറന്നപ്പോള്‍ അവര്‍ക്ക് മധുരം നല്‍കാനും ആദ്യാക്ഷരം കുറിക്കാനുമെല്ലാം മഹാന്മാരെയും സയ്യിദന്മാരെയും തേടി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിനു മാത്രം വലിയ സംഗതിയാണോ ഇതെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ വിശ്വാസികള്‍ ഈ തബറുക്കെടുക്കുന്നത് ചരിത്രത്തില്‍ നിന്ന് കടംകൊണ്ട പാരമ്പര്യമാണെന്നു മനസ്സിലാക്കണം.

ഇമാം അബൂഹനീഫ(റ) താബിഉകളില്‍പ്പെട്ട മഹാനാണ്. റസൂല്‍(സ്വ)യുടെ സ്വഹാബാക്കളില്‍ ഏതാനും പേരെ കണ്ട കണ്ണാണ് ഇമാമിന്‍റേത്. പ്രവാചക കാലത്തോട് വളരെ അടുത്ത കാലക്കാരന്‍. മഹാനവര്‍കള്‍ തന്‍റെ കുട്ടിക്കാല അനുഭവങ്ങള്‍ വിവരിക്കുന്നത് കാണുക:

‘ഞാന്‍ കുട്ടിയായിരിക്കുന്ന കാലം. ഉപ്പയോടൊപ്പം ഹജ്ജിന് വേണ്ടി പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ ജനങ്ങളെല്ലാവരും തിക്കും തിരക്കും കൂട്ടുന്നത് എന്‍റെ ശ്രദ്ധയില്‍പെടുകയുണ്ടായി. ജിജ്ഞാസ കൊണ്ട് എന്താണ് തിരക്കു കൂടാനുള്ള കാരണമെന്ന് ഞാനന്വേഷിച്ചു. റസൂലിന്‍റെ സ്വഹാബാക്കളില്‍പ്പെട്ട ഒരു സ്വഹാബിയെ കാണാനുള്ള തിരക്കാണെന്ന് ഉത്തരം ലഭിച്ചു (അബ്ദുല്ലാഹിബ്നു ഹരീസ്(റ)വായിരുന്നു ആ സ്വഹാബി). അപ്പോള്‍ ഉപ്പ എന്നെ അദ്ദേഹത്തിന്‍റെ മുമ്പില്‍ കൊണ്ടുപോയി ഇരുത്തിയതിന് ശേഷം എന്നോട് പറഞ്ഞു: ‘മോനേ, അദ്ദേഹത്തിന്‍റെ കൈ കൊണ്ട് നിന്‍റെ തലയൊന്ന് തടവിത്തരുമോയെന്ന് ചോദിക്ക്.’ ഞാന്‍ അപ്രകാരം ചോദിച്ചു. ഉടനെ അദ്ദേഹം എന്‍റെ തലയില്‍ കൈവച്ച് എനിക്ക് വേണ്ടി ദുആ നിര്‍വഹിച്ചു. ഞാനിപ്പോഴും അദ്ദേഹത്തിന്‍റെ ബറകത്ത് അനുഭവിക്കുന്നു.’ നാലു മദ്ഹബുകളിലൊന്നിന്‍റെ അമരക്കാരനായ ഇമാം അബൂഹനീഫ(റ) സ്വന്തം അനുഭവം പങ്കുവെക്കുമ്പോള്‍ വിശ്വാസികള്‍ അതില്‍ നിന്ന് പാരമ്പര്യത്തെ സ്വീകരിക്കുക സ്വാഭാവികമാണല്ലോ. തബര്‍റുകില്‍ പൂര്‍വികരുടെ ചര്യയിതാണ്.

മഹാന്മാരുടെ സ്പര്‍ശനത്തിനും വാക്കുകള്‍ക്കും നോട്ടത്തിനു പോലും മഹത്ത്വമുണ്ട്. മിന്‍ഹാജുസ്വവിയ്യില്‍ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ആസ്വാദനത്തിന് വേണ്ടി ഒരുമിച്ചുകൂടിയ ഒരു തെമ്മാടിക്കൂട്ടം സമാഗമത്തിന് കോപ്പ് കൂട്ടാന്‍ വേണ്ട അവശ്യ സാധനങ്ങള്‍ വാങ്ങാനായി  ഇരുപത് ദിര്‍ഹം കൊടുത്ത് പട്ടണത്തിലേക്ക് ഒരാളെ വിട്ടു. അയാള്‍ നഗരത്തിലെത്തിയപ്പോഴാണ് ഒരു സ്ഥലത്ത് ജനങ്ങളെല്ലാവരും ഒരുമിച്ചുകൂടിയത് ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം സംഗതി അറിയാനായി അവിടേക്ക് ചെന്നു. ഒരു വത്തക്ക(തണ്ണിമത്തന്‍)ക്ക് ചുറ്റുമാണ് ആളുകള്‍ കൂടിനില്‍ക്കുന്നത്. എല്ലാവരും അത് വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുന്നു. എന്താണ് ഇതിന്‍റെ പ്രത്യേകത എന്നന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി മഹാനായ ബിശ്റുല്‍ ഹാഫി(റ) ഈ വത്തക്കയുടെ തൊലിപ്പുറത്ത് സ്പര്‍ശിച്ചിട്ടുണ്ട് എന്നാണ്. എല്ലാവരും ആവേശത്തോടെ അതിന് വിലപേശുന്നത് കണ്ടപ്പോള്‍  ഇയാള്‍ക്കും അതു വാങ്ങിയാല്‍ കുഴപ്പമില്ല എന്ന തോന്നലുണ്ടായി. കൈയില്‍ പണമുണ്ടല്ലോ! ഒരുപാട് വിലപേശലുകള്‍ക്ക് ശേഷം ഇരുപത് ദിര്‍ഹം കൊടുത്ത് അദ്ദേഹം അത് സ്വന്തമാക്കി. അതുമായി കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങി. അക്ഷമരായി കാത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് മുമ്പിലേക്ക് അദ്ദേഹം വത്തക്കയുമായി പ്രത്യക്ഷപ്പെട്ടു. നീ ഇത്ര നേരം എവിടെയായിരുന്നു? ഇത്ര സമയവും പണവും നല്‍കിയിട്ട് നിനക്ക് ആകെ ലഭിച്ചത് ഈ വത്തക്കയാണോ? അവര്‍ ഈര്‍ഷ്യതയോടെ ചോദിച്ചു. ആക്രോഷം കേട്ട് അവധാനതയോടെ അദ്ദേഹം പറഞ്ഞു: ‘വെറും വത്തക്കയല്ല ഇത്, ഇതിലൊരത്ഭുതമുണ്ട്!’

അവര്‍ ചോദിച്ചു: ‘എന്താണ് ഇത്ര വലിയ അത്ഭുതം?’

‘ഇതില്‍ ബിശ്റുല്‍ ഹാഫി(റ) സ്പര്‍ശിച്ചിട്ടുണ്ട്!’

അയാള്‍ തുടര്‍ന്നു: ‘സുഹൃത്തുക്കളേ, അങ്ങാടിയില്‍ എല്ലാവരും ഇതിനു വേണ്ടി തിക്കും തിരക്കും കൂട്ടുന്നത് കണ്ടപ്പോള്‍ കൈയ്യിലുണ്ടായിരുന്ന മുഴുവന്‍ പണവും ചെലവഴിച്ച് ഞാനിതങ്ങ് വാങ്ങി.’

‘ആരാണ് ഈ ബിശ്റുല്‍ ഹാഫി?’ അവര്‍ ചോദിച്ചു.

അയാള്‍ പറഞ്ഞുകൊടുത്തു: ‘അല്ലാഹുവുമായുള്ള ആരാധനയിലായി മുഴുവന്‍ സമയവും ചെലവഴിക്കുന്ന ഒരടിമയാണത്രെ. അതിനാല്‍ തന്നെ അല്ലാഹു അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു.’

ഇതു കേട്ടപ്പോള്‍ എല്ലാവരും പരസ്പരം പിറുപിറക്കാന്‍ തുടങ്ങി: ‘അല്ലാഹുവിന് വഴിപ്പെടുന്ന ഒരാള്‍ക്ക് ദുന്‍യാവില്‍ തന്നെ അവന്‍ ഇത്ര വലിയ ആദരവ് നല്‍കുന്നുണ്ടെങ്കില്‍ ആഖിറത്തില്‍ അവരുടെ സ്ഥാനമെത്രയായിരിക്കും!?’

ഈ ചര്‍ച്ച പര്യവസാനിച്ചത് അവരെല്ലാവരും തൗബ ചെയ്തു മടങ്ങുന്നതിലാണ്. ബിശ്റുല്‍ ഹാഫി(റ) സ്പര്‍ശിച്ച ഒരു വത്തക്ക മുമ്പിലെത്തിയപ്പോഴേക്കും ഒരു തെമ്മാടിക്കൂട്ടത്തിന് മാനസാന്തരം സംഭവിക്കുന്നു. എത്ര അദ്ഭുതകരമാണിത്! മഹാന്മാര്‍ മന്ത്രിച്ച തേനും വെള്ളവും ചരടുമെല്ലാം നമ്മള്‍ ആദരവോടെ ഉപയോഗിക്കുന്നത് അല്ലാഹുവിന്‍റെ പ്രീതിയുദ്ദേശിച്ചുകൊണ്ടുതന്നെയാണ്. മഹാന്മാരുടെ ജീവിതമാര്‍ഗത്തില്‍ നിന്ന് മാതൃക സ്വീകരിക്കുകയെന്നതാണ് ഇരുലോക വിജയത്തിന്‍റെ ഏറ്റവും നല്ല മാര്‍ഗം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.

You May Also Like
Relief-Santhwanam- Malayalam

സേവനമാണ് സാന്ത്വനം

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. അന്യോന്യം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവര്‍. അല്ലാഹു പറയുന്നു: നന്മയുടെയും ഭക്തിയുടെയും മേല്‍ നിങ്ങള്‍…

● ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല

താജുസ്സ്വൂഫിയ ശൈഖ് അബൂബക്റിശ്ശിബ്ലി(റ)

സുപ്രസിദ്ധ ആത്മീയ ഗുരുവും പണ്ഡിതനുമായിരുന്നു അബൂബക്റിശ്ശിബ്ലി(റ). ഹിജ്റ 247-ല്‍ ബഗ്ദാദിലെ സാംറാഇല്‍ ജനിച്ചു. പിതാവ് അബ്ബാസി…

● അലവിക്കുട്ടി ഫൈസി എടക്കര
eid night - malayalam

വിട്ടുവീഴ്ച ചെയ്യാം

സൽസ്വഭാവങ്ങളിൽ പ്രധാനപ്പെട്ടതാണ് വിട്ടുവീഴ്ച ചെയ്യൽ. അമ്പിയാക്കൾക്കൊഴികെ ഏതു മനുഷ്യനും അനർത്ഥങ്ങൾ സംഭവിക്കൽ സ്വാഭാവികമാണ്. തെറ്റുകുറ്റങ്ങൾ മനുഷ്യസഹജമായതു…

● സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി