കോഴിക്കോട് ഏഴ് ലോകാത്ഭുതങ്ങള്‍, നോഹയുടെ കപ്പല്‍, ആഗ്രയിലെ താജ്മഹല്‍ മലപ്പുറത്ത്, പാര്‍ക്കുകളില്‍ പുതിയ ഗൈമുകള്‍, ലേസര്‍ ലൈറ്റ്ഷോ, സര്‍ക്കസുകള്‍, എല്ലാനടന്‍മാരുടെയും പുതിയ സിനിമകള്‍-വേനല്‍ ആഘോഷത്തിന്‍റെ എരിപൊരി കൊള്ളല്‍ ഇങ്ങനെ പോകുന്നു. വിപണന സാധ്യതകള്‍ കണ്ട് ഇങ്ങനെയുള്ളവ അവതരിപ്പിക്കുന്നതിലേറെ പ്രശ്നം, എല്ലാം വിജയിപ്പിച്ചുകൊടുക്കുന്ന നവലോകക്രമമാണ്. ഏതിലും പാഞ്ഞുകയറുന്ന മടയരാവുക മനുഷ്യര്‍ക്ക് പറ്റില്ല; വിശ്വാസി എന്തായാലും അങ്ങനെയാവാന്‍ പാടില്ല.

ആഘോഷങ്ങള്‍ ധര്‍മനിഷ്ഠമാവണം. ഹറാം വന്നു ചേരരുത്. അന്യ സ്ത്രീ-പുരുഷ സങ്കലനവും ധനദുര്‍വ്യയവും പാടില്ല. മനസ്സിനെ മലിനമാക്കുന്നതും കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നതുമായിക്കൂടാ. ഇന്ന് നടക്കുന്ന ആഘോഷങ്ങളും വിനോദങ്ങളും ഈ അര്‍ത്ഥത്തില്‍ ന്യായീകരിക്കാന്‍ പറ്റുന്നതാണോ?

മാസങ്ങള്‍ക്കുമുമ്പ് സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ഫൈനല്‍ മത്സരം മലപ്പുറത്ത് നടന്നു. ജനബാഹുല്യത്തെയും ഈ ജില്ലക്കാരുടെ ഫുട്ബോള്‍ സ്നേഹത്തെയും കുറിച്ച് പത്രങ്ങള്‍ ദീര്‍ഘമായെഴുതി. ആറുമണിക്കു തുടങ്ങിയ കളി അവസാനിച്ചത് എട്ടുമണിക്കു ശേഷം. കാണികളില്‍ എണ്‍പത് ശതമാനമെങ്കിലും മുസ്ലിംകളായിരിക്കുമെന്ന് അനുമാനിക്കുക. ഇവരില്‍ ഒരാളെങ്കിലും അന്നു മഗ്രിബ് നിസ്കരിച്ചിട്ടുണ്ടാവുമോ? ടിക്കറ്റ് എടുത്തുവെന്നു കരുതി, പിന്നീട് ഖളാഅ് വീട്ടാമെന്ന് വെച്ച് നിസ്കാരം മുടക്കുന്നത് മഹാ അപരാധമാണ്. സഖര്‍ (നരകത്തിലെ വന്‍കുഴി) ലഭിക്കാനുള്ള കാരണമാണ്-മറക്കാതിരിക്കുക.

അധിക ജനങ്ങളും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവുമെന്ന് തിരുനബി(സ്വ). ഇത് മനസ്സിലാക്കുകയാണ് നമ്മുടെ ബാധ്യത. ഇവ ദുരുപയോഗം ചെയ്താല്‍ ഖേദിക്കേണ്ടിവരും.

കസേരയിലിരുന്ന് സുജൂദും റുകൂഉം ചില താളങ്ങളിലൊതുക്കി നിസ്കാരഡ്രാമ നടത്തുന്നവരുണ്ട്. ഇരുന്ന് നിസ്കാരം അനുവദിക്കുന്ന പ്രശ്നങ്ങള്‍ ഇങ്ങനെയുള്ള പലര്‍ക്കും ഉണ്ടാവാറില്ല. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന്‍ നിസ്കാരത്തില്‍ കസേരക്കളിയിലേര്‍പ്പെടുന്നത് കണ്ടപ്പോള്‍ കൗതുകത്തിന് കാരണം തിരക്കിയത് ഓര്‍ക്കുന്നു. മൂപ്പര്‍ വലിയ ബലാഅ് ആയി കാണിച്ചു തന്നത് കുഴിനഖം പഴുപ്പ്! പള്ളിയില്‍ കസേരയില്ലെങ്കില്‍ കമ്മറ്റിയെയും മുക്രിയേയും വഴക്ക് പറയുന്നവര്‍ പോലുമുണ്ട്. ഇവരില്‍ പലര്‍ക്കും കോട്ടക്കുന്ന് കാണാനും കല്‍പ്പടവുകള്‍ കയറാനും മിനി ഊട്ടിയിലെത്താനും യന്ത്രോഞ്ഞാലില്‍ ആടാനും യാതൊരു കുഴപ്പവും ഉണ്ടാവാറില്ല. വല്ലാത്തൊരു കലികാലം. നാഥനെ മറക്കരുത് നാം.

കൈക്കുഞ്ഞുമായി യന്ത്രക്കൊട്ടയിലാടിയ ഒരു യുവതി വീണുമരിച്ച വാര്‍ത്തയുണ്ടായിരുന്നു ഈയിടെ. കൂടെയുള്ള മകന്‍ പിടിവിട്ടു വീണപ്പോള്‍ അവരും എടുത്തു ചാടിയതാണ്. എവിടെയായാലും സമയമെത്തിയാല്‍ മരിക്കൂലേ പോലുള്ള ന്യായീകരണം കൊണ്ട് തീരുന്നതാണോ ഇത്തരം വിഷമങ്ങള്‍. നമ്മെ നശിപ്പിക്കാനുള്ള തേന്‍ പുരട്ടിയ വഞ്ചനകള്‍ തിരിച്ചറിയാനും ഒഴിഞ്ഞു നില്‍ക്കാനും ഓരോരുത്തരും പക്വത കാണിച്ചേതീരൂ.

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

വിശ്വാസികളും വാസ്തു ശാസ്ത്രവും

വാസ്തുശാസ്ത്രം ഭവന നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഈ നിയമങ്ങള്‍ക്കെതിരായി ഭവന…

സമസ്തയുടെ തബ്ലീഗ് ജമാഅത്ത് വിരോധം

സത്യ വിശ്വാസമാണ് സുന്നി ആദര്‍ശം. വഞ്ചനയും കളവുമായി സുന്നി ആദര്‍ശങ്ങള്‍ക്ക് വിള്ളലുകളുണ്ടാക്കാന്‍ ഇവിടെ പല പ്രസ്ഥാനങ്ങളും…