Friends, Bahaviour and Islam

ലീഫ മഅ്മൂന്‍ പറയുന്നു: സുഹൃത്തുക്കള്‍ മൂന്നു തരമുണ്ട്. ഒന്ന് ഭക്ഷണം പോലെയുള്ള കൂട്ടുകാരാണ്. ഭക്ഷണം എന്നും ആവശ്യമുള്ളതും ദുന്‍യാവിലും പരലോകത്തും വേണ്ടപ്പെട്ടതുമാണ്. ഇതുപോലെ എല്ലാ ദിവസവും നമുക്കാവശ്യമുള്ള, ഭൗതിക ലോകത്തും പാരത്രിക ലോകത്തും ഉപകരിക്കുന്ന സുഹൃത്തുക്കള്‍ അല്ലാഹുവിനു വേണ്ടി നാം സ്നേഹിക്കുന്നവരാണ്. മറ്റൊന്ന് മരുന്ന് പോലെയുള്ളവരാണ്. രോഗം വരുമ്പോള്‍ മാത്രമാണ് മരുന്ന് ഉപയോഗിക്കുക. അതുതന്നെ ഭക്ഷണം കഴിക്കുന്നതു പോലെ വയര്‍ നിറയെ കഴിക്കാറുമില്ല. മാത്രമല്ല, മരുന്ന് ഇഹലോകത്തു മാത്രമേ ഉപയോഗിക്കൂ. ഇത്തരത്തിലുള്ള സുഹൃത്തുക്കളും നമുക്കാവശ്യമാണ്. ജാതി മത രാഷ്ട്രീയ ഭേദമമന്യേ മനുഷ്യത്വമുള്ള എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കണം. അത് മരുന്നിന്‍റെ ഫലം ചെയ്യും. ഇത്തരം സൗഹൃദ ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എല്ലാവരും പിന്തുണക്കും. അവരുടെ കല്യാണങ്ങളും മറ്റും ജനകീയമായി മാറും. കച്ചവടവും ബിസിനസുമൊക്കെ വളരും.

മൂന്നാമത്തെ വിഭാഗം രോഗം പോലെയുള്ളവരാണ്. രോഗം ആരും ഇഷ്ടപ്പെടാറില്ല. രോഗം വരുന്ന സാഹചര്യങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുകയാണ് പതിവ്. ഇതുപോലെ ഇത്തരം കൂട്ടുകാരുമായി സൗഹൃദത്തിനു നിന്നാല്‍ ദിവസങ്ങള്‍ക്കകം നാമറിയാതെ അവരിലെ ദുശ്ശീലങ്ങള്‍ നമ്മിലേക്കും പകര്‍ന്നിട്ടുണ്ടാകും. എന്നാല്‍ രോഗം നമ്മളാരും ഇഷ്ടപ്പെടുന്നില്ലെങ്കിലും അസുഖങ്ങള്‍ കൊണ്ട് നാം പരീക്ഷിക്കപ്പെടാറുണ്ട്. അതുപോലെ ഇത്തരം രോഗാതുരരായ കൂട്ടുകാരെ കൊണ്ടും നാം പരീക്ഷിക്കപ്പെട്ടേക്കാം. കാമ്പസിലെ സഹപാഠിയായും സഹാധ്യാപകനായും ഗള്‍ഫിലെ താമസസ്ഥലങ്ങളിലെ സഹവാസിയായുമൊക്കെ ഇവര്‍ പ്രത്യക്ഷപ്പെട്ടേക്കാം. പകര്‍ച്ച വ്യാധികള്‍ പിടിപെട്ടവരോടെന്ന പോലെ സൂക്ഷിച്ചുപെരുമാറിയില്ലെങ്കില്‍ നമ്മളും രോഗികളാകും.

ഇതില്‍ ആദ്യം പറഞ്ഞ കൂട്ടുകാരാണ് പരലോകത്ത് ഉപകാരവും പ്രതിഫലവും ലഭിക്കുന്ന, ദുന്‍യാവില്‍ ആത്മമിത്രങ്ങളായും വഴികാട്ടികളായും കൂടെയുണ്ടാകുന്ന സുഹൃത്തുക്കള്‍. അത്തരക്കാരോട് നിരവധി കടപ്പാടുകള്‍ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സമ്പത്തിലും ശരീരത്തിലും പെരുമാറ്റത്തിലുമെല്ലാം അവ പാലിക്കേണ്ടതുണ്ട്.

സൗഹൃദത്തിലെ ആത്മാര്‍ത്ഥത എളുപ്പം തിരിച്ചറിയാന്‍ സഹായിക്കുന്ന കാര്യമാണ് സമ്പത്ത്. ധനം പരസ്പരം പങ്കുവെക്കുന്നതില്‍ ഒരു മന:ക്ലേശവുമില്ലാത്തവരാണ് യഥാര്‍ത്ഥ കൂട്ടുകാര്‍. ‘രണ്ടു കൂട്ടുകാരുടെ ഉപമ രണ്ടു കൈകള്‍ പോലെയാണ്, ഓരോ കൈയും മറ്റേതിനെ കഴുകിക്കൊടുക്കുന്നു’ എന്ന തിരുനബി(സ്വ)യുടെ വചനം അതുകൂടിയാണ് സൂചിപ്പിക്കുന്നത്. ഇവിടെ കൈയും കാലും പോലെയാണെന്ന് പറഞ്ഞില്ല. കാരണം കാലിനെ എത്രയോ കാലമായി കൈകള്‍ അങ്ങോട്ട് കഴുകിക്കൊടുക്കുന്നു. പക്ഷേ, കാല് ഇതുവരെ തിരിച്ചു കഴുകിക്കൊടുത്തിട്ടില്ല. ഇതുപോലെ സുഹൃത്തിന്‍റെ സമ്പത്ത് ധാരാളം ഉപയോഗപ്പെടുത്തുകയും തിരിച്ച് അങ്ങോട്ടൊന്നും ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നത് നല്ല കൂട്ടുകാരന്‍റെ ശൈലിയല്ല.

സുഹൃത്തുക്കളുമായി സാമ്പത്തിക കാര്യത്തില്‍ മനുഷ്യര്‍ മൂന്നു സ്വഭാവക്കാരാണ്. ചിലര്‍ കൂട്ടുകാരുടെ എല്ലാ ചെലവുകളും താന്‍തന്നെ വഹിക്കുമെന്ന വാശിയുള്ളവരായിരിക്കും. ഇത്തരക്കാരുടെ കൂടെ ഒരു യാത്ര പോയാല്‍ യാത്രാ ചെലവും ഭക്ഷണച്ചെലവും വല്ലതും വാങ്ങിച്ചാല്‍ ആ തുകയുമെല്ലാം ഇവര്‍ തന്നെ ചാടി വീണ് നല്‍കിക്കളയും. ഇതത്ര നല്ല സ്വഭാവമല്ല. മാന്യന്മാരായ കൂട്ടുകാര്‍ പിന്നീടൊരിക്കല്‍ അദ്ദേഹത്തിന്‍റെ കൂടെ യാത്ര ചെയ്യാന്‍ മടിക്കും. മാത്രമല്ല, ഈ സ്വഭാവം എന്നും നിലനിര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നുമില്ല. കൈയില്‍ കാശില്ലാതായാല്‍ പിന്നീടവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വരും.

രണ്ടാമതൊരു വിഭാഗം സ്വന്തം പണം ആര്‍ക്കു വേണ്ടിയും ചെലവഴിക്കുകയില്ലെന്നു മാത്രമല്ല, പരമാവധി തന്‍റെ ചെലവുകളെല്ലാം മറ്റുള്ളവര്‍ വഹിക്കണമെന്ന മനോഭാവക്കാരായിരിക്കും. ഇവരോടൊപ്പം യാത്ര പോയാല്‍ ബസ് കണ്ടക്ടര്‍ പിന്നിലാണെങ്കില്‍ ഇയാള്‍ മുന്നിലൂടെ കയറും, കണ്ടക്ടര്‍ മുന്നിലെങ്കില്‍ പിന്നിലൂടെയും. ടിക്കറ്റ് കൂലി കൂട്ടുകാരനെ കൊണ്ട് കൊടുപ്പിക്കാനുള്ള സൂത്രം. ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇത്തരക്കാര്‍ മുന്നിലുണ്ടാകും. തീറ്റ കഴിഞ്ഞ് ഒപ്പമുള്ളവരാരെങ്കിലും ബില്ലടച്ചാലേ ഇവരുടെ മൃഷ്ടാന്നം കഴിയൂ! ഇത്തരം ചൂഷകരെ ആത്മമിത്രങ്ങളാക്കുന്നത് ബുദ്ധിയല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒറ്റ യാത്ര മതി നല്ല കൂട്ടുകാരനെ തിരിച്ചറിയാനെന്നു ചുരുക്കം.

മൂന്നാമത്തെ വിഭാഗം സാമ്പത്തിക കാര്യത്തില്‍ പരസ്പരം സഹകരിച്ചും ത്യാഗസന്നദ്ധതയോടെയും പോകുന്നവരാണ്. ബസിന്‍റെ ടിക്കറ്റ് സുഹൃത്തെടുത്താല്‍ ഹോട്ടല്‍ ബില്ല് താനടക്കും. ഇങ്ങോട്ട് വല്ലതും വാങ്ങിത്തന്നാല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ അങ്ങോട്ടും വാങ്ങിക്കൊടുക്കും. ഇതാണ് തിരുനബി(സ്വ) വിശേഷിപ്പിച്ച രണ്ടു കൈകളെ പോലെ സഹകരിക്കുന്ന ഉത്തമ കൂട്ടുകാര്‍.

(തുടരും)

You May Also Like
Khalifa Abubacker R

സാന്ത്വനം- 2: അബൂബക്കര്‍ (റ); ഉദാരതയുടെ സാക്ഷി

വലിയ ധര്‍മിഷ്ഠനായിരുന്നു ഒന്നാം ഖലീഫ അബൂബക്കര്‍(റ). സ്വന്തമായി നീക്കിയിരിപ്പ് വെക്കാത്ത ഭരണാധികാരി. കയ്യിലുള്ളതുകൊണ്ട് അശരണര്‍, അടിമകള്‍,…

● പികെ മൊയ്തു ബാഖവി മാടവന
Imam Swavi R

ഇമാം സ്വാവി(റ)യുടെ ആദര്‍ശം

കര്‍മപരമായി മാലികീ മദ്ഹബും അധ്യാത്മികമായി ഖല്‍വതീ ത്വരീഖത്തും താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ (അല്‍അസ്റാറുര്‍ റബ്ബാനിയ്യ:…

● അഹ്മദ് കാമില്‍ സഖാഫി മമ്പീതി
Fathwa- Ablution

അല്‍ഫതാവാ-2: ഭാര്യയെ തൊടലും വുളൂഉം

ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഖുഫ്ഫയുടെ മേല്‍ഭാഗം തടവി വുളൂഅ് ചെയ്താല്‍ സ്വീകരിക്കപ്പെടുമോ? നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിര്‍മിച്ച…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍