സൗഹൃദ ബന്ധങ്ങള്‍ യാദൃച്ഛികമായി ഉടലെടുക്കുന്നതും താല്‍പര്യപ്പെട്ട് സ്ഥാപിക്കുന്നതുമുണ്ട്. അയല്‍വാസി, സഹപാഠി, സഹയാത്രികന്‍ തുടങ്ങിയവരെല്ലാം യാദൃച്ഛികമായുണ്ടായ സുഹൃത്തുക്കളാണ്. എന്നാല്‍ ബുദ്ധി, സൗന്ദര്യം, പെരുമാറ്റം, സര്‍ഗാഭിരുചികള്‍, മതബോധം പോലുള്ള ഗുണങ്ങളില്‍ ആകൃഷ്ടരായി ചിലരുമായി സ്ഥാപിക്കുന്ന സൗഹൃദങ്ങള്‍ മന:പൂര്‍വം ഉണ്ടാക്കിയെടുക്കുന്നതാണ്. ഇവ രണ്ടിലും ഉള്‍പ്പെടാത്ത നിഗൂഢമായ കാരണങ്ങളാലും ചിലര്‍ അപരനുമായി സൗഹൃദം സ്ഥാപിച്ചെന്നിരിക്കും. ചിലരോട് ഒരു നിമിഷത്തില്‍ തോന്നുന്ന ആകര്‍ഷണം ആഴത്തിലുള്ള അടുപ്പം സൃഷ്ടിക്കാറുണ്ട്. അതീത മന:ശാസ്ത്രം എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.

ആത്മാവുകള്‍ തമ്മിലുള്ള ഇത്തരം പൊരുത്തപ്പെടലിലൂടെ പിരിയാനാകാത്ത സൗഹൃദങ്ങളുടലെടുക്കാറുണ്ട്. തിരുനബി(സ്വ) പറഞ്ഞു: ‘ആത്മാവുകള്‍ പരസ്പര ബന്ധമുള്ള സൈന്യങ്ങളാണ്. അവയില്‍ നിന്നു പരസ്പരം പരിചയപ്പെട്ടവര്‍ ഇണങ്ങിച്ചേരുകയും അപരിചിതര്‍ പിരിഞ്ഞുപോവുകയും ചെയ്യും’ (ബുഖാരി).

ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. തമാശ പറഞ്ഞ് സ്ത്രീകളെ ചിരിപ്പിക്കുന്ന ഒരു രസികയുണ്ടായിരുന്നു മക്കയില്‍. ഒരിക്കല്‍ അവര്‍ മദീന സന്ദര്‍ശനത്തിനെത്തി. അവിടെ ഒരു വീട്ടില്‍ അതിഥിയായി താമസിച്ചു. ഒരുനാള്‍ ആഇശ(റ)യെ സന്ദര്‍ശിക്കാന്‍ അവര്‍ നബി(സ്വ)യുടെ ഭവനത്തില്‍ വന്നു. പലതും പറഞ്ഞ് അവര്‍ ബീവിയെ രസിപ്പിച്ചുകൊണ്ടിരുന്നു. സംസാരമധ്യേ ആഇശ(റ) തിരക്കി: ‘മദീനയില്‍ ആരുടെ വീട്ടിലാണ് നിങ്ങളിപ്പോള്‍ താമസിക്കുന്നത്?’ അവര്‍ വീട്ടുകാരിയുടെ പേരു പറഞ്ഞു. അതു കേട്ടപ്പോള്‍ ബീവി അത്ഭുതപ്പെട്ടു. കാരണം മദീനയിലെ അറിയപ്പെട്ടൊരു തമാശക്കാരിയായിരുന്നു കക്ഷി. സംസാരം ഉപസംഹരിച്ചുകൊണ്ട് പ്രവാചക പത്നി പറഞ്ഞു: ‘ആത്മാവുകള്‍ പരസ്പര ബന്ധമുള്ള സൈന്യങ്ങളാണെന്ന് റസൂല്‍(സ്വ) പറഞ്ഞത് എത്ര സത്യം!’

എന്നാല്‍ ഇതൊന്നും യാദൃച്ഛികമായ ഇണക്കങ്ങളല്ലെന്നാണ് ആത്മജ്ഞാനികള്‍ പറയുന്നത്. മനശ്ശാസ്ത്രജ്ഞര്‍ക്ക് നിര്‍വചിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് അവരിതിനെ അതീത മന:ശാസ്ത്രം എന്നു വിളിച്ചത്. പരസ്പരമുള്ള സാമ്യങ്ങള്‍ ചോദിച്ചറിയാതെ തന്നെ അവരെ കൂട്ടിയിണക്കുകയാണെന്നാണ് ജ്ഞാനികളുടെ പക്ഷം.

ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ‘ഒരു സത്യവിശ്വാസിയും നൂറു കപട വിശ്വാസികളുമുള്ളൊരു സദസ്സിലേക്ക് മറ്റൊരു സത്യവിശ്വാസി കടന്നുവന്നാല്‍ അവന്‍ ചെന്നിരിക്കുക ആ സത്യവിശ്വാസിയുടെ ചാരത്തായിരിക്കും. എന്നാല്‍ ഒരു കപട വിശ്വാസിയും നൂറു സത്യവിശ്വാസികളുമുള്ള സദസ്സിലേക്ക് ഒരു വ്യാജ വിശ്വാസി കടന്നുവന്നാല്‍ അവന്‍ ചെന്നിരിക്കുക ആ കപടന്‍റെ കൂടെയായിരിക്കും.’ ആത്മീയമായ ഒരുതരം ആകര്‍ഷണമാണിത്. അന്വേഷിച്ചും പഠിച്ചുമല്ല ഈ രണ്ടു സന്ദര്‍ഭങ്ങളിലും തനിക്കൊത്തവനെ കണ്ടുപിടിച്ചത്.

മാലിക്ബ്നു ദീനാര്‍(റ) പറയുകയുണ്ടായി: ‘ഒരാള്‍ മറ്റൊരാളോട് ഇണങ്ങുന്നുവെങ്കില്‍ ഇരുവരിലും ഒരേ തരത്തിലുള്ള ചില ഗുണങ്ങള്‍ മേളിച്ചിട്ടുണ്ടാകും.’ ഒരിക്കല്‍ കാക്കയും പ്രാവും ഒന്നിച്ചുനടക്കുന്നത് കണ്ട് മഹാന്‍ അത്ഭുതം കൂറി. ഇവര്‍ ചങ്ങാതിമാരാകാന്‍ പാടില്ലാത്തതരം പക്ഷികളാണല്ലോ എന്നു ചിന്തിച്ചുകൊണ്ടിരിക്കെയാണ് അവ രണ്ടും പറക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. രണ്ടിന്‍റെയും ചിറകുകളൊടിഞ്ഞത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ മഹാന്‍ പറഞ്ഞു: ‘ഈ വൈകല്യമാണ് അവരെ സുഹൃത്തുക്കളാക്കിയത്.’

പരസ്പരം മനപ്പൊരുത്തമില്ലാതെ ഭാര്യ-ഭര്‍ത്താക്കന്മാരായാലും അല്ലെങ്കില്‍ വര്‍ഷങ്ങളോളം ഒരേ സ്ഥാപനത്തില്‍ പഠിക്കുകയോ ജോലിയിലേര്‍പ്പെടുകയോ ഒരേ റൂമില്‍ താമസിക്കുകയോ ചെയ്താല്‍ പോലും ഇരുവരും പിന്നീട് വഴിപിരിഞ്ഞുപോകും. മറ്റെയാളെ കുറിച്ചുള്ള നല്ല ഓര്‍മകള്‍ സൂക്ഷിക്കാനില്ലാത്തവിധം പരസ്പരം വിസ്മൃതിയിലാവുകയും ചെയ്യും.

ഒരാളെ ശരിയായി മനസ്സിലാക്കാന്‍ ചിലപ്പോള്‍ അയാളെ മാത്രം നിരീക്ഷിച്ചാല്‍ സാധിക്കില്ല. കാരണം ചിലര്‍ക്ക് നന്മകള്‍ പ്രകടിപ്പിക്കാനും സ്വന്തം ന്യൂനതകള്‍ ഗോപ്യമാക്കാനും കഴിഞ്ഞെന്നിരിക്കും. അപ്പോള്‍ അയാളുടെ കൂട്ടുകാരെ നിരീക്ഷിക്കേണ്ടിവരും. അവരിലുള്ള നന്മയും തിന്മയും ഏതാണ്ടെല്ലാം സമാനമായി ഇയാളിലും പ്രതിഫലിക്കും, അതു പ്രകടമായില്ലെങ്കിലും. ഇതേ കുറിച്ചാണ് നബി(സ്വ) പറഞ്ഞത്: ‘ഏതൊരാളും സ്വന്തം കൂട്ടുകാരന്‍റെ സംസ്കാരത്തിലായിരിക്കും. അതുകൊണ്ട് ആരോടാണ് കൂട്ടുചേരുന്നതെന്ന് ശ്രദ്ധിച്ചുകൊള്ളട്ടെ’ (അബൂദാവൂദ്).

ഏതൊരാളുടെയും സാംസ്കാരിക നിലവാരം അളക്കാനുള്ള അവസരം കൂടിയാണ് സുഹൃത്തുക്കളിലൂടെ ലഭിക്കുന്നത്. സ്വന്തത്തെക്കുറിച്ച് വിലയിരുത്തിയാല്‍ വീഴ്ചകളും ന്യൂനതകളും കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. അഥവാ കണ്ടെത്തിയാല്‍ അതിനു ന്യായീകരണമുണ്ടാകും. ഇവിടെ തന്‍റെ ആത്മമിത്രങ്ങളായ കൂട്ടുകാരെ നിരീക്ഷിച്ചാല്‍ വാക്കിലും പെരുമാറ്റത്തിലുമെല്ലാം നിങ്ങള്‍ക്ക് നിരവധി തെറ്റുകള്‍ കണ്ടെത്താനാകും. അതില്‍ പലതും നമ്മളിലുമുണ്ടാകും.

ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാതെ മാന്യത നടിച്ചുനടന്നാലും ജനം നമ്മെ വിശ്വസിക്കുകയില്ല. സുഹൃത്തുക്കളെ നോക്കിതന്നെയാണ് മറ്റുള്ളവര്‍ നമ്മെ വിലയിരുത്തുക. അതിനാല്‍ നല്ലവരോട് കൂട്ടുചേരാന്‍ ജാഗ്രത്താവുക. മോശം കൂട്ടുകെട്ടില്‍ നിന്ന് ഉടനെ പിന്മാറുക.

You May Also Like

മയ്യിത്ത് പരിപാലനം

മരണം സുനിശ്ചിതമാണ്. ആത്മാവ് ശരീരവുമായി വേര്‍പിരിയുന്നതാണ് മരണം. അല്ലാഹു പറയുന്നു: ‘എതൊരു ശരീരവും മരണം രുചിക്കുന്നതാണ്.…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം
Indian Grand Mufti - Fathawa

അല്ഫ്താവാ-3: സിസേറിയനും കുളിയും

നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ? നിത്യഅശുദ്ധിക്കാരന് അവന്‍ നിത്യഅശുദ്ധിക്ക് കാരണമായതല്ലാത്ത രൂപത്തില്‍ അശുദ്ധി…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ഖബര്‍സ്ഥാനും നിയമനടപടികളും

ജനിച്ചവര്‍ക്കെല്ലാം ഒരിക്കല്‍ മരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. ജീവിത കാലത്ത് വ്യത്യസ്ത ചിന്താഗതിയുടെയും പ്രത്യയശാസ്ത്രത്തിന്‍റെയും വക്താക്കളും വലിയ സാമ്രാജ്യങ്ങളുടെ…

● പി.ടി.സി മുഹമ്മദലി