പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. കണക്കുകള്‍ കൂട്ടലും കിഴിക്കലും പുരോഗമിക്കുകയാണ്. കേരളത്തിലെ ഇരുമുന്നണികളും വലിയ അവകാശവാദങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ഇലക്ഷന്‍ കഴിയുന്നതുവരെ സുന്നി പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നിലപാടറിയാന്‍ വെപ്രാളപ്പെടുകയായിരുന്നു പലരും. ഇന്ത്യയിലെ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഈ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തന്ത്രപരമായ നിലപാട് നേതൃത്വം സ്വീകരിക്കുകയായിരുന്നു. അതനുസരിച്ച് അണികളെ ബോധ്യപ്പെടുത്തുകയും തെരഞ്ഞെടുപ്പിനെ സമീപിക്കുകയും ചെയ്തു. സംഘടനയുടെ തെരഞ്ഞെടുപ്പ് നിലപാടുകളെ വിവാദങ്ങളിലേക്ക് ചേര്‍ത്തുവെക്കാന്‍ ശ്രമങ്ങള്‍ നടക്കുകയുണ്ടായി.
രാജ്യത്തോടും സമൂഹത്തോടും ഉത്തരവാദിത്തമുള്ള ഒരു പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ വിധിനിര്‍ണയത്തില്‍ പ്രതിഫലിപ്പിക്കുകയാണ് വേണ്ടത്. പൊതു ചര്‍ച്ചകളും പ്രഖ്യാപനങ്ങളും നടത്തി, തെരഞ്ഞെടുപ്പില്‍ സാന്നിധ്യമുണ്ടാക്കാനുള്ള ഒരു താല്‍പര്യവും പ്രസ്ഥാനത്തിനില്ല.
രാജ്യത്തിന്റെയും സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് പൗരന്മാരെന്ന നിലയില്‍ മുസ്‌ലിം വോട്ടുകള്‍ വിനിയോഗിക്കേണ്ടത്. എല്ലാ കാലഘട്ടങ്ങളിലും മതേതരത്വത്തിന്റെ മഹിതമായ പൈതൃകം കാത്തുസൂക്ഷിക്കുന്ന വിഭാഗമാണ് സുന്നികള്‍.
വര്‍ഗീയ ഫാസിസ്റ്റുകള്‍ പിടിമുറുക്കിയ ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ മുസ്‌ലിംകളുടെ വോട്ടുകള്‍ പല തട്ടുകളിലായി ഭിന്നിക്കുന്നതാണ് നാം കണ്ടത്. തീര്‍ത്തും അപക്വമായ നിലപാടുകള്‍ സമുദായത്തിന് തന്നെ അപമാനമാണ്. ഇതിനെ മുസ്‌ലിം നേതൃത്വം ഗൗരവത്തോടെ നിരീക്ഷിക്കേണ്ടതാണ്. മുസ്‌ലിംകളുടെ വോട്ടുകളില്‍ കണ്ണുവെച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തി. വിവിധ ചേരികളിലായി വോട്ടുകള്‍ അടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ ഇതിലെ അപകടങ്ങളെക്കുറിച്ച് തീരെ വിസ്മരിക്കുകയായിരുന്നു. സമുദായത്തെ ദുര്‍ബലപ്പെടുത്തുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
ഏതു മുന്നണി ജയിച്ചാലും തോറ്റാലും സുന്നികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ പ്രത്യേക ഇടമില്ലെന്ന് പറയാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ വേറെയുമുണ്ട്. അത് രാഷ്ട്രീയത്തിന്റെ ഭാഗമല്ല, എന്നും വെച്ചുപുലര്‍ത്തിയ വിദ്വേഷത്തിന്റെ ഭാഗമാണ്. കൂടുതല്‍ ഛിദ്രതയും തെറ്റിദ്ധാരണയും ലക്ഷ്യം വെച്ച് അവര്‍ സമൂഹത്തില്‍ ഒരിക്കല്‍ കൂടി സ്വയം പരിഹാസ്യരാവുകയാണ്. അതിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

You May Also Like

അല്‍ അസ്മാഉല്‍ ഹുസ്ന

അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളെ പത്തുവിധമായി പരിഗണിക്കാം. ഒന്ന്, അവന്റെ ദാത്തിന്റെ (സത്ത) മേല്‍ അറിയിക്കുന്നത്. ‘അല്ലാഹ്’…

അബൂബക്കര്‍ സിദ്ദീഖ്(റ) പ്രകാശം പൊഴിച്ച നേതൃത്വം

മരുക്കാട്ടിന്റെ മുഴുവന്‍ വന്യതയും മനസ്സിലേക്കു കൂടി പകര്‍ത്തിവെച്ചവരാണ് അജ്ഞാന കാലത്തെ അറേബ്യന്‍ ജനത. എന്നാല്‍ കരുതലും…

യുവത്വത്തിന് സ്വര്‍ഗ്ഗം നിര്‍മ്മിക്കാം

യുവത്വം മനുഷ്യജീവിതത്തിന്റെ അതിനിര്‍ണായക ഘട്ടമാണ്. ബാല്യത്തിന്റെ കുസൃതികള്‍ വിട്ടുമാറി സ്വബോധത്തിലേക്കും സ്വഛന്ദമായ ജീവത വ്യവഹാരങ്ങളിലേക്കും തിരിയുന്ന…