Bappu Usthad - malayalam

സ്വാദകരെ ത്രസിപ്പിക്കുന്നൊരു കടലാണ് തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ കവിതകൾ. തിരുനബി(സ്വ)യെ കുറിച്ച് മാത്രം ഈ പണ്ഡിത കവി ധാരാളം പാടിയിട്ടുണ്ട്. ഇന്നും കുരുന്നുകളുടെ ചുണ്ടുകളിലും നബിസ്‌നേഹികളുടെ ഹൃത്തടങ്ങളിലും നബിദിന സമ്മേളന വേദികളിലും റാലികളിലും ഇസ്‌ലാമിക സ്ഥാപനങ്ങളിലും ഒഴുകിക്കൊണ്ടിരിക്കുന്ന പല കവിതകളുടേയും കർതൃത്വം ആ കൈകൾക്കാണ്. ബാപ്പു മുസ്‌ലിയാരുടെ കവിതകളിൽ ഏറ്റവും ഹൃദയഹാരിയായതും പ്രവാചക പ്രകീർത്തനങ്ങൾ തന്നെ. ഒട്ടേറെ പ്രവാചക കീർത്തന കാവ്യങ്ങൾ ബാപ്പു ഉസ്താദ് രചിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മദ്ഹബിന്റെ ഇമാം കൂടിയായ അബൂഹനീഫ(റ) രചിച്ച പ്രവാചക പ്രകീർത്തന കാവ്യമായ അൽ ഖസ്വീദത്തുന്നുഅ്മാനിയ്യക്ക് ബാപ്പു ഉസ്താദ് രചിച്ച തഖ്മീസ് (പഞ്ചവൽക്കരണം). ക്ലാസിക്കൽ കവികളുടെ ശൈലിയിലാണ് കവി തുടങ്ങുന്നത്.

അല്ലാഹുവാണ,നിങ്ങളാക്ഷേപിക്കും പോൽ

നിങ്ങളിലില്ലാ സൽമ, കേൾക്കുവിൻ, മാൻ പേടകൾ

ലൈലയും നിസ്സംശയം, അല്ലാഹു സത്യം നിങ്ങൾ-

ക്കില്ലൊരു ഗണനയും എൻ കയ്യിലൊരിക്കലും

ഒരുപറ്റം സുന്ദരികളുടെ അരികിലൂടെ കവി സാങ്കൽപികമായി നടന്നുപോവുകയാണ്. അവരെ മാൻപേടകളോടാണ് സാദൃശ്യപ്പെടുത്തുന്നത്. അറബി-ഇംഗ്ലീഷ് കവിതകളിൽ ഈ ആലങ്കാരികത സുലഭമായി കാണാം.

അല്ലാഹുവാണെ, സൃഷ്ടികളിൽ ശ്രേഷ്ഠരേ എന്നിലു-

ണ്ടങ്ങയെ മാത്രം കൊതിച്ചിടും മാനസം

എന്ന ഇമാം അബൂഹനീഫ(റ)യുടെ ഖസീദതുന്നുഅ്മാനിയ്യയിലെ വരികൾക്ക് പൊന്നാടയണിച്ചാണ് ലൈലയെയും മാൻപേടകളെയും കളിയാക്കി ഈ കവി സ്‌നേഹം പാടുന്നത്.

ഇവിടെ പക്ഷേ, കവി ഈ സുന്ദരികളെ മാൻപേടകളേ എന്നാണ് വിളിക്കുന്നത് തന്നെ. നിങ്ങളാക്ഷേപിക്കുന്നത് പോലെ, നിങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഒരു സൽമയും ലൈലയുമില്ല എന്ന് പറയുമ്പോൾ മാത്രമാണ്, കൂട്ടത്തിൽ ഏറ്റവും സുന്ദരികളുടെ പേരു പറഞ്ഞ്തന്നെ കളിയാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീകളെയാണ് കവി സംബോധനം ചെയ്യുന്നതെന്ന് ആസ്വാദകന് പിടികിട്ടുന്നത്. ഏറ്റവും പ്രസക്തമായിട്ടുള്ളത് പ്രേമഭാജനത്തിന്റെ പ്രതീകമായി കാലങ്ങളായി കവികളും (കവിതന്നെയും) സാഹിത്യകാരന്മാരും ഉപയോഗിച്ച ലൈലയെ തിരുനബി(സ്വ)യുടെ ഒരു പ്രതീകമായി ഉപയോഗപ്പെടുത്തുന്നതിന് പകരം പ്രതിയാക്കുകയാണ് കരണീയമെന്ന ബോധം ഈ കവിതയിലെ ഒരു സമരമാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം ആസക്തിയുടെ വലകൾ വിരിച്ച് കൊഞ്ചിയും കുണുങ്ങിയും തന്നെ മോഹിപ്പിക്കുന്ന ഭൗതികതയുടെ മുഴുവൻ ലൈലമാരെയും കവി നിരാകരിക്കുകയാണ് ചെയ്യുന്നത് എന്നതാണ്. എന്റെ പ്രേമാതുരമായ മനസ്സിന് മുമ്പിൽ അധിനിവേശത്തിന്റെ മോഹവലകൾക്ക് സ്വയം ഇളിഭ്യരാകാം എന്ന് പ്രഘോഷിക്കുകയാണ് കവി. മാംസ വിപണനങ്ങൾ, ദർശനങ്ങൾ ചമക്കുകയും പ്രണയങ്ങൾ കമ്പോളവൽക്കരിക്കുകയും പ്രേമ കാവ്യങ്ങൾക്ക് വ്യാകരണങ്ങൾ നിർദേശിക്കപ്പെടുകയും ചെയ്യുന്ന ആധുനികതയെ ആത്മീയതയുടെ ഉൾക്കരുത്ത് കാട്ടി കവി അടിച്ചിരുത്തുകയാണ്.

ഇതേ ആശയമാണ് ഈ തിരുനബി പ്രേമിയുടെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത്. ആസക്തിയെയും അതിന്റെ മധുരം പുരട്ടിയ ഉപകരണങ്ങളെയും ചിഹ്നങ്ങളെയും വിസമ്മതിച്ചുകൊണ്ട് ഇമാം അബൂഹനീഫ(റ)യുടെ വരികൾക്ക് മറ്റൊരിടത്ത് വിശദീകരണം പറഞ്ഞത് ഇങ്ങനെ:

മഅ്ബദിന്റെ മകളെയും ഖുർറദിലെ ഉനൈസയെയും ആർക്കു വേണം?

അവരെയോർത്ത് ഞാൻ നേരം കളയുന്നില്ല.

പ്രത്യുത, എന്റെ ആത്മാവ് മുഴുവനും മുഹമ്മദിൽ നിമഗ്നമായിരിക്കുന്നു.

നേതാവേ, അങ്ങയിൽ വിലയിച്ച ഒരു കുഞ്ഞുഹൃദയമെനിക്കുണ്ട്;

അങ്ങയോടുള്ള പ്രേമം നിറഞ്ഞുനിൽക്കുന്ന ജീവന്റെ തുടിപ്പും

എന്ന അബൂഹനീഫ(റ)യുടെ വരികൾക്ക് ആമുഖമെന്നോണം ജാഹിലിയ്യത്തിന്റെ രാജകുമാരികളെ ഞാൻ വിസമ്മതിക്കുകയും തിരുനബിയെ അണച്ചുപിടിക്കുകയും ചെയ്യുന്നുവെന്ന് ആണയിട്ട് പാടുമ്പോൾ അഭിനവ ജാഹിലിയ്യത്തിന്റെ പരസ്യപാത്രങ്ങളെ കൂടി കുടഞ്ഞെറിയുകയാണ് കവി.

പ്രസ്തുത കവിതയിലെ ഈ വരികൾ ആരെയാണ് പുളകം കൊള്ളിക്കാതിരിക്കുക!

ആവില്ല സൃഷ്ടികൾക്കൊരാൾക്കും കുറിക്കുവാൻ

വൃദ്ധർ, യുവാക്കൾ, കുരുന്നുകൾ കൂടിലും

ഊഴിമുഴുക്കെ നിവർത്തീ കടലാസി-

ലേഴു സമുദ്രം മഷിയാക്കി പുല്ലുകൾ

പേനയാക്കീടിലും കൂട്ടിനു ജിന്നുകൾ

ഒന്നായിരിക്കിലും ക്ലേശങ്ങളേൽക്കിലും

ഒട്ടിട വിശ്രമം കൂടാതെയെത്ര നാൾ

കൂടിയാലും നാമെഴുതിക്കഴിയുമോ?

സ്വൽപം ചരിതത്തെ ശേഖരിച്ചീടുമോ?

ഉള്ളം നിറക്കാൻ നബിയെ പുകഴ്ത്താ-

നാകില്ല നിശ്ചയം, അല്ലാഹു സാക്ഷിയാ…

ഹുജ്‌റാ ശരീഫിൽ സുന്ദരമായ കാലിഗ്രാഫിയിൽ സ്വർണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഖസീദയുടെ പഞ്ചവത്കരണം (തഖ്മീസ്) മറ്റൊരു മഹാകാവ്യമാണ് അത്. തുടങ്ങുന്നതിങ്ങനെ:

യാമൽജഈ യാഹബീബൽ വാഹിദിസ്സ്വമദി

യാ മൂൻഖിദൽ ഖൽഖി മിൻ അഹ്‌വാലി ഹൗലി ഗദി

വകുല്ലുഹും ഫീഹി ദുഖ്‌രീ ഇലൈക സ്വദീ

യാസയ്യദീ യാ റസൂലല്ലാഹി ഖുദ് ബിയദീ

(എന്നഭയമേ, ഏക ഇലാഹിൻ ഹബീബോരേ

സൃഷ്ടികളെല്ലാം ബേജാറിലായിരിക്കേ

നാളെയുടെ വിഹ്വലതകളിൽ നിന്നവരെ കാക്കുന്നോരേ

രക്ഷകാ, അങ്ങയിലേക്കു ഞാൻ ദാഹാർത്തനാണ്

എൻ കരങ്ങൾ പിടിക്കൂ നബിയേ…)

തിരുനബി(സ്വ)യെ വിളിച്ച്‌കൊണ്ട് തന്നെയാണ് കവിത വികസിക്കുന്നത്:

യാമൻ യഖൂമു മഖാമൽ ഹംദി മുൻഫരിദാ

ലിൽ വാഹിദിൽ ഫർദി ലം യൂലദ് വലംയലിദീ

യാമൻ തഫജ്ജറതിൽ അൻഹാറു നാബിഅതൻ

മിൻ ഇസ്ബഅയ്ഹി ഫ അർവൽ ജയ്ശ ബിൽമദദി

(ജനകനോ ജാതനോ അല്ലാത്ത ഏകനാം റബ്ബിന്റെ

മഖാമുൻ മഹമൂദിലൊറ്റയാനായ് നിൽക്കുന്നോരേ,

കൈവിരലുകളിൽ നിന്ന് തെളിനീർ പുഴയൊഴുക്കി

വമ്പൻ സൈന്യത്തിന്റെ ദാഹമകറ്റിയോരേ…).

ഇന്നീ വഇൻ കുൻതു ലം ഉക്‌സിർ മിനൽ അമലി

വമൻതഹയ്തു അനിൽ ഇസ്വ്‌യാനി വസ്സലലി

ഉഹിബ്ബുഹു വഹുവ യക്ഫീനീ വ ദാഅമലി

ബിഹിൽതജഅ്തു ലഅല്ലല്ലാഹ യഗ്ഫിറു ലി

ഹാദല്ലദീ ഹുവ ളന്നീ വഹുവ മുഅ്തഖദീ…

(കർമങ്ങളനവധിയില്ലെങ്കിലും

തെറ്റുകളെമ്പാടുമുണ്ടെങ്കിലുമൊരു പ്രതീക്ഷയുണ്ട്;

ഞാൻ അവിടത്തെ സ്‌നേഹിക്കുന്നുവല്ലോ

അതുകൊണ്ട് ഞാനഭയം തേടുന്നു

അതാണെന്റെ ധാരണ; എന്റെ വിശ്വാസം)

എന്നൊക്കെ പാടുമ്പോൾ കുളിരണിയാത്തത്.

സഹായാർത്ഥന ബാപ്പു മുസ്‌ലിയാരുടെ കവിതകളിലും നിറഞ്ഞുനിൽക്കുന്നു.

കുഴപ്പങ്ങളിൽ നിന്ന് രക്ഷിക്കുന്നവരേ

അങ്ങയിലാണെന്റഭയം

പ്രയാസം സഹിക്കുന്നവരുടെയത്താണിയേ

അഭയം! അങ്ങയിൽ നിന്നൗദാര്യവും

ഐശ്വര്യവും പ്രതീക്ഷിക്കുന്നു ഞാൻ

എന്തിന് വ്യാകുലപ്പെടണം?

അങ്ങയുടെ ഔദാര്യം കൊതിക്കുന്നു ഞാൻ.

എന്നാൽ ഈ വരി ചൊല്ലുമ്പോഴാണ് രോമകൂപങ്ങൾ എഴുന്നേറ്റു നിൽക്കുക, പ്രേമത്തിന്റെ പ്രകാരങ്ങൾ അകതാരിൽ പുഷ്പിച്ചു നിൽക്കുക:

വഇദാ ഖസദ്തു ഫഫീക ഖസ്ദീ കുല്ലുഹു

വഇദാ ഫഅൽതു ഫഫീക ഫിഅ്‌ലീ കുല്ലുഹു

വഇദാ തറക്തു ഫഫീക തർകീ കുല്ലുഹു

വഇദാ സകത്തു ഫഫീക സ്വുംതീ കുല്ലുഹു

വഇദാ നതഖ്തു ഫമാദിഹൻ ഉൽയാകാ…

(നിനച്ചതോ അങ്ങയെ മാത്രം

ചെയ്തതോ അങ്ങേയ്ക്ക് മാത്രം

ഉപേക്ഷയും അങ്ങേയ്ക്ക് മാത്രം

മൗനവും അങ്ങേയ്ക്ക് മാത്രം

വചനമോ അങ്ങയുടെ മദ്ഹു മാത്രം…).

നിമിഷ കവിയെന്ന് സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്ന ഉസ്താദിന്റെ രചനകൾ കാച്ചിക്കുറുക്കിയ കാവ്യസ്വരൂപങ്ങൾക്കപ്പുറം സർഗചോദനയിലാണ്ട ആത്മാവിന്റെ സഹജമായ സ്‌നേഹ പ്രകാശനങ്ങളാണ്.  വിഷയങ്ങളുടെയും പ്രമേയങ്ങളുടെയും രുചിഭേദങ്ങൾക്കനുസൃതമായ വീര്യവും ഓജസ്സും ആ കവിതകളിൽ സജീവം. നാൽപതു വർഷത്തിലേറെ നീണ്ട തദ്‌രീസി(ഇസ്‌ലാമികാധ്യാപനം)നു മീതെ നിറം ചാർത്തുന്ന ഒരു മഴവിൽഗോപുരമായി ആ കവിതകൾ ഉയർന്നു നിൽക്കുന്നു.

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര