burdha - malayalam article

തിരുനബി(സ്വ)യുടെ മദ്ഹ് കാവ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇമാം ബൂസ്വീരിയുടെ ബുർഉദ്ദാഅ്(ബുർദ). അനുരാഗത്തിന്റെ ഉത്തുംഗതയിൽ ബുർദയുടെ സ്ഥാനവും മഹിമയും സാധാരണക്കാർക്കിടയിൽ പോലും പ്രസിദ്ധമാണ്. ഭാഷാപാടവം, തെളിമയാർന്ന ബുദ്ധിവൈഭവം, അചഞ്ചല മനസ്സ്, അവാച്യമായ പ്രവാചകാനുരാഗം എന്നീ സവിശേഷതകൾ ഇമാമിന്റെ പ്രത്യേകതകളായിരുന്നു. ഖുത്ബുൽ ആരിഫീൻ അബുൽ അബ്ബാസ് അൽമർസിയ്യുമായി ബന്ധപ്പെട്ട് ആത്മീയാനുരാഗത്തിൽ കൂടുതൽ ജഞാനാമൃത് സമ്പാദിക്കാനും ഇമാമവർകൾക്ക് കഴിഞ്ഞു. ബുർദ കൂടാതെ പ്രവാചകാനുരാഗ സംബന്ധിയായിതന്നെ ഇമാമവർകൾക്ക് വിവിധ രചനകളുണ്ട്. അൽഹംസിയ്യത്തു ഫീ മദ്ഹി ഖൈരിൽ ബരിയ്യ, അൽമുളരിയ്യത്തു ഫീ മദ്ഹി ഖൈരിൽ ബരിയ്യ, അൽഖുംരിയ്യ, അൽഹാഇയ്യ എന്നിവ അവയിൽ മുന്നിൽ നിൽക്കുന്നു. മറ്റ് പല വിഷയങ്ങളിലും ഇമാമിന് കാവ്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാവ്യരചനകളെ കുറിച്ച് പലരും പഠനം നടത്തിയിട്ടുണ്ട്. ആധുനികരും അത്യാധുനികരുമായ പലരുടെയും പഠനങ്ങൾ ഇമാമവർകളുടെ കാവ്യരചനകളെ കുറിച്ച് വിരചിതമായിട്ടുണ്ട്. അത്യത്ഭുതമെന്നാണ് ബുർദയെ കുറിച്ച് പഠനം നടത്തിയ പ്രമുഖർ അഭിപ്രായപ്പെട്ടത്. ഘടന, സാഹിത്യം, ആശയസാരം, വിഷയക്രമം, തിരുമഹാത്മ്യം, പ്രകീർത്തനം, രീതിസൗന്ദര്യം, ഭാഷാക്രമ സൗന്ദര്യം തുടങ്ങി ബുർദയെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ നിരവധിയുണ്ട്.

പത്ത് ഭാഗങ്ങളിലായി നൂറ്റി അറുപത് വരികളിലായാണ് ഇമാം ബൂസ്വീരി(റ) ബുർദ ക്രോഡീകരിച്ചിട്ടുള്ളത്. ആദ്യഭാഗത്തെ പന്ത്രണ്ട് വരികളിൽ അനുരാഗത്തിന്റെ അടയാളപ്പെടുത്തലുകളാണുള്ളത്. തിരുനബി സ്‌നേഹവും പ്രകീർത്തനവുമാണ് തന്റെ ലക്ഷ്യമെങ്കിലും ആദ്യഭാഗങ്ങളിലൊന്നും അവിടുത്തെ നാമമോ വിശേഷണങ്ങളോ കടന്നുവരുന്നില്ല. കയ്യെത്താവുന്നതിനപ്പുറമുള്ള തന്റെ സ്‌നേഹഭാജനത്തിന്റെ ജീവിതപരിസരങ്ങളും അയൽപക്കവുമൊക്കെയാണ് പ്രസ്തുത വരികളിലുള്ളത്. മനസ്സ് നിറയെ പ്രവാചകർ(സ്വ) നിറഞ്ഞുനിൽക്കുമ്പോഴും ഓർത്തോർത്ത് കരഞ്ഞ് കണ്ണുനീർ വറ്റി രക്തം ഒലിച്ചിറങ്ങുമ്പോഴും തിരുസ്‌നേഹം കൊണ്ടാണിതെന്ന് പറയാൻ കവി തയ്യാറാകുന്നില്ല. സ്വന്തത്തെ അഭിസംബോധന ചെയ്തുകൊണ്ട് എന്തിനാണ് കരയുന്നതെന്ന് ചോദിക്കുന്നു. പതഞ്ഞ് പൊങ്ങുന്ന സ്‌നേഹാനുരാഗത്തെ മൂടിവെക്കാനാവില്ലെന്നും കൃത്യമായ സൂചനകൾ സ്വന്തത്തോട് ചോദിച്ചും ഉത്തരമെറിഞ്ഞും തന്നെ കുറ്റപ്പെടുത്തുന്നവരെ അവഗണിച്ചും വിമർശകരുടെ ആക്ഷേപസ്വരങ്ങൾക്ക് പുല്ല്‌വില നൽകാതെയുള്ള തുടർവരികളിൽ അനുരാഗത്തിൽ വിലയം പ്രാപിച്ച മനസ്സിന്റെ പ്രതികരണങ്ങളും വിചാരങ്ങളുമാണ്. സ്‌നേഹിതരുടെ പേരോ നാടോ നേരിട്ടറിയുന്ന വിശേഷണങ്ങളോ പറയാതെയുള്ള ഇത്തരം സമീപനങ്ങൾ പ്രേമ-പ്രകീർത്തന-അഭിനന്ദന സാരാംശമുള്ള പ്രാചീന അറബികവിതകളിൽ സുലഭമായി കാണുന്ന രീതിയാണ്.

രണ്ടാം ഭാഗത്തിലെ പതിമൂന്ന് മുതൽ ഇരുപത്തിയെട്ട് വരെയുള്ള വരികൾ മനുഷ്യ മനസ്സിനെ മുൻനിറുത്തിയുള്ള ആത്മവിമർശനമാണ്. നിർമല മനസ്സിൽ നിന്നുത്ഭവിക്കണം തിരുസ്‌നേഹം. വിശ്വാസത്തിന്റെ പ്രഭകൊണ്ട് വെളിച്ചം നൽകുകയും മനസ്സിനെ അടക്കിഭരിക്കാനിടയുള്ള മുഴുവൻ ദുർഗുണങ്ങളിൽ നിന്നും പൂർണമായി ശുദ്ധമാവുകയും ചെയ്യുമ്പോഴേ തിരുസ്‌നേഹത്തിന് ഇടമാവാൻ ആ മനസ്സ് പാകപ്പെടുകയുള്ളൂ. ഇത്തരമൊരു മനസ്സാന്നിധ്യത്തിന്റെ കുറവ് തനിക്കു മുന്നിലുണ്ടെന്ന് പരാതിപ്പെടുകയാണ് കവി. അതോടൊപ്പം തിരുസ്‌നേഹ സമർപ്പണത്തിലൂടെ തന്റെ മനസ്സിനെ ശുദ്ധീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും കവിക്കുണ്ട്.

ആത്മനിയന്ത്രണത്തിനുള്ള ചില പ്രധാന പാഠങ്ങളും ഉപദേശങ്ങളും ഈ ഭാഗത്തു കാണാം. തെറ്റിലേക്ക് ചെന്നുചാടുന്ന പ്രകൃതത്തിൽ നിന്ന് മനുഷ്യനെ തടഞ്ഞുനിറുത്താൻ ഭക്ഷണം നിയന്ത്രിക്കണം, മനസ്സിനെ ഭൗതിക ഭ്രമത്തിൽ നിന്ന് അകറ്റണം, കാണുന്നതും കിട്ടുന്നതുമെല്ലാം വാരിവലിച്ച് അകത്താക്കുന്നത് മൃഗത്തിന്റെ ശീലമാണ്. അത് മനസ്സിനെ മലിനപ്പെടുത്തും. ഭക്ഷണ ക്രമത്തിലും ആഹരിക്കുന്നതിലുമെല്ലാം മിതത്വം നിർബന്ധമാണ്. മനസ്സ് എപ്പോഴും കൊതിക്കുക ഭൗതികാനന്ദങ്ങൾക്കാണ്. മതിമറന്നുല്ലസിക്കാനാണ്. അതിനാൽ ശക്തമായ നിയന്ത്രണം ആവശ്യമുണ്ട്. ദുശ്ശീലങ്ങളിൽ മാറ്റമില്ലാതെ തുടർന്നാൽ ജീവിതാവസാനം വരെയും അങ്ങനെതന്നെയായിരിക്കും. ആത്മനിയന്ത്രണത്തിലൂടെ ശീലങ്ങൾ മാറ്റാൻ കഴിയും. നിഷിദ്ധങ്ങളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കാൻ കണ്ണുനീരൊഴുക്കണം. ചെയ്തുപോയ തെറ്റിന് മനസ്സിൽനിന്ന് ദുഃഖം പൊങ്ങിവരണം. മനസ്സും പിശാചും പറഞ്ഞുകൊണ്ടിരിക്കുന്നത് ഗൗനിച്ചും ശ്രദ്ധിച്ചും ജീവിക്കണം. അല്ലെങ്കിൽ വലിയ അപകടത്തിൽ വീണുപോവും. സുകൃതങ്ങളിലേക്ക് തിരിയാൻ നാം തീരുമാനിച്ചാൽ പിശാച് ലോകമാന്യവും അഹങ്കാരവും അസൂയയുമെല്ലാം കടത്തിക്കൂട്ടി മനസ്സ് മലിനമാക്കാൻ കെണിവലയൊരുക്കും. കൊഴുപ്പ് ഭക്ഷണത്തിൽ വിഷം പുരട്ടി ശരീരത്തെ കൊല്ലുന്നപോലെ മനസ്സിനെ കൊല്ലാൻ വിഷമൊരുക്കും. പ്രവർത്തനങ്ങളില്ലാത്ത വെറും വാക്കുകൾ നിഷ്ഫലമാണ്. നന്മകൾ കൽപ്പിക്കാൻ മുന്നിലുണ്ടെങ്കിലും അത് സ്വന്തം ജീവിതത്തിൽ കാണാറില്ല. പാരത്രിക ലോകത്തേക്കുള്ള ആഹാര-പാനീയങ്ങൾ സമ്പാദിക്കാൻ നരബാധിച്ചിട്ടും പ്രായമേറെയെത്തിയിട്ടും എനിക്കായിട്ടില്ല. നിർബന്ധ കാര്യങ്ങൾ മാത്രം ചെയ്ത്തീർക്കുന്നുവെന്നല്ലാതെ ഐഛിക കർമങ്ങളിലേക്ക് എനിക്കിതു വരെ കടക്കാനായിട്ടില്ല. ഇതെല്ലാം ശ്രദ്ധിച്ച് ജീവിക്കാൻ കഴിയണം. അപ്പോഴേ ജീവിതത്തിന്റെ മൂല്യവത്തായ അർത്ഥത്തിലെത്തൂ. ഇങ്ങനെയുള്ള വിചാരങ്ങളും ബോധനങ്ങളുമാണ് കവി ഇവിടെ പങ്കുവെക്കുന്നത്. ഇവയെല്ലാം നടപ്പിലാവാൻ നിർമലമായ മനസ്സ് കൂടിയേതീരൂ. തിരുമേനിയെ പ്രേമിക്കാനൊരുങ്ങുമ്പോൾ മനസ്സിനെ മാലിന്യ മുക്തവും നിഷ്‌കപടവുമാക്കി ഇറങ്ങിത്തിരിക്കണമെന്ന വലിയ പാഠമാണ് ഇമാം ഈ വരികളിലൂടെ കൈമാറുന്നത്. ആസ്വാദ്യകരവും ആത്മസായൂജ്യം പകരുന്നതുമായ ഇത്തരം അർത്ഥതലങ്ങളാണ് രണ്ടാംഭാഗത്തെ വരികളിൽ ഒളിഞ്ഞിരിക്കുന്നത്.

ഇരുപത്തി ഒമ്പത് മുതൽ അമ്പത്തിയെട്ട് വരെയുള്ള മൂന്നാംഭാഗം തിരുപ്രകീർത്തനങ്ങളാണ്. തിരുമേനിയുടെ ആരാധനാ തൽപരത പരിചയപ്പെടുത്തിയാണ് പ്രകീർത്തനങ്ങൾ ആരംഭിക്കുന്നത്. രാത്രിയെ ജീസ്സുറ്റതാക്കി ഐഛികാരാധനകൾക്ക്‌വേണ്ടി നീക്കിവെക്കുകയും ദീർഘനേരം നിന്ന് നിസ്‌കരിച്ച കാരണത്താൽ കാലുകൾ പ്രയാസപ്പെട്ടതുമൊക്കെയല്ലേ നബിയുടെ ആരാധനാ രീതി. വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ ഖൻദഖിന്റെ തീക്ഷ്ണ ഭൂമിയിൽ വയറ്റിൽ കല്ലു കെട്ടി ആത്മനിയന്ത്രണത്തോടെ പോരാട്ടപാതയിൽ ഉറച്ചുനിന്ന തിരുമേനിയെ പ്രകാശിപ്പിക്കുന്നാണ് അടുത്ത വരി. അനുയായികൾക്ക് നേതാവിൽ നിന്നുണ്ടാവേണ്ട വലിയൊരു പാഠം ഇവിടെയുണ്ട്. കൂടാതെ സ്വന്തത്തെ നിയന്ത്രിക്കാൻ വിശപ്പിനെയും ക്ഷീണത്തെയും നേരിടുന്നിടത്താണ് വിജയമെന്ന ബോധ്യപ്പെടുത്തലുമുണ്ട്. തുടർ വരികളിൽ അവിടുത്തെ പരിത്യാഗത്തെ വരച്ച് കാണിക്കുന്നു. ഉയരത്തിൽ പൊങ്ങിനിൽക്കുന്ന പർവതങ്ങൾ റസൂൽ(സ്വ)യുടെ പ്രയാസത്തിൽ വേദനിച്ച് സ്വർണമലകളാകാൻ തയ്യാറായപ്പോഴും വേണ്ട എന്ന നിഷേധമാണ് അവിടുന്ന് സ്വീകരിച്ചത്. ഈ മനക്കരുത്തിന്റേയും ആത്മബലത്തിന്റേയും മുന്നിൽ പ്രയാസങ്ങൾ തോറ്റുപോയെന്നാണ് ഇമാം ബൂസ്വീരി(റ)യുടെ ആവിഷ്‌കാരം. കാലത്തെ വെല്ലുന്ന മനോബലവും അനുയായികൾക്ക് ആവേശവുമാവുന്ന കാൽപ്പാടുകളും തിരുജീവിതത്തിൽ എമ്പാടുമാണ്.

രണ്ടു ലോകത്തിന്റേയും നേതാവാണ് നബിയോർ. കൂടാതെ മനുഷ്യന്റേയും ജിന്നിന്റേയും നേതാവുമാണ്. അറബി-അനറബി വ്യത്യാസമില്ലാതെ സർവരുടേയും. ഞാൻ ആദം സന്തതികളുടെ മുഴുവൻ നേതാവാണെന്ന് തിരുമേനി പറയുന്ന ഹദീസ് ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ചിട്ടുണ്ട്. നബിയേ, നിങ്ങളെ നാം സാക്ഷിയാക്കി എന്ന് ഖുർആൻ പറഞ്ഞു. എന്തിനെല്ലാമാണ് ഈ സാക്ഷിത്വം? എല്ലാറ്റിനുമാണെന്നാണ് മറുപടി. എല്ലാറ്റിനും സാക്ഷിയാകാൻ പറ്റുന്നയാൾ എല്ലാവരുടേയും നേതാവുമായിരിക്കണം. ഈ ലോകത്തെ ഏറ്റവും വലിയ സത്യം അല്ലാഹു. എങ്കിൽ സാക്ഷി ആരാണ്? മുഹമ്മദ് നബി(സ്വ) തന്നെ. നേരിൽ കണ്ടും സംസാരിച്ചും മനസ്സിലാക്കിയും അല്ലാഹുവിനെ തിരുമേനി പരിചയപ്പെടുത്തി. സ്വർഗം, നരകം, മലക്ക്, ഖബർ, ബർസഖ് അടക്കം എല്ലാം നേരിൽ കണ്ട് പരിചയപ്പെടുത്തി. ഇത്തരമൊരാൾ ലോകത്തിന്റെ നേതാവാകണമല്ലോ! അതുകൊണ്ട്തന്നെ ഒരു കാര്യം ചെയ്യണമെന്നും ചെയ്യരുതെന്നും ഉണർത്താനും പറയാനുമുള്ള യഥാർത്ഥ അധികാരം തിരുമേനിക്ക് മാത്രമാണ്. അന്ത്യനാളിലെ രക്ഷകനും ശിപാർശകനുമാണ് അവിടുന്ന്. പ്രവാചകരെ മുറുകെ പിടിച്ചാൽ ഒരിക്കലും മുറിഞ്ഞുപോവാത്ത ബന്ധമാണ് സ്ഥാപിതമാകുന്നത്. ഇതര പ്രവാചകന്മാരിൽ ഒരാൾപോലും മഹത്ത്വത്തിൽ തിരുനബി(സ്വ)യുടെ അടുത്തെത്തുന്നില്ല. മാന്യത, ജഞാനം, പ്രകൃതം, സ്വഭാവം എല്ലാറ്റിലും മുൻപന്തിയിൽ അവിടുന്ന് തന്നെ. സാഗരം പോലെ പരന്ന് കിടക്കുന്ന തിരുമേനിയെ എല്ലാവരും ആശ്രയിക്കുന്നതിനും ഇതാണ് കാരണം.

മറ്റ് പ്രവാചകന്മാരുടെ ജ്ഞാനവും തിരുമേനിയുടെ ജ്ഞാനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുമ്പോൾ അവിടുത്തെ വിജ്ഞാനത്തിന്റെ കുത്തും കോമയും മാത്രമാണ് പൂർവപ്രവാചകന്മാരുടേതെന്ന് ബോധ്യമാകും. ഏറ്റവും പൂർണതയാണ് തിരുമേനിയുടെ പ്രഭാവം. സൃഷ്ടിപ്പിലും കുടുംബ പരമ്പരയിലും സ്വഭാവം, ജ്ഞാനം അടക്കമുള്ള സവിശേഷതകളിലുമെല്ലാം ഇത് പ്രകടമാണ്. തിരുമേനിക്ക് തുല്യനായി മറ്റൊരാളില്ല. അവിടുത്തെ ബാഹ്യസൗന്ദര്യത്തിൽപോലും കിടപിടിക്കാൻ ഒരാളുമില്ല. അവിടുത്തെ മഹോന്നതിയിലേക്ക് ഇഷ്ടമുള്ള മഹത്ത്വങ്ങളെല്ലാം ചേർത്തിപ്പറയാം. അത്രയും ഉയരത്തിലാണ് റസൂൽ(സ്വ). വായകൊണ്ടുപറഞ്ഞ് തീർക്കാൻ കഴിയാത്തയത്രക്കുണ്ട് മഹത്ത്വങ്ങൾ. നബിയുടെ നാമം മാത്രം മതി അചേതന വസ്തുക്കൾ ജീവൻവച്ച് തലയുയർത്തി നിൽക്കാനെന്നാണ് മേൽവരികളുടെ സാരം. തിരുമേനിയുടെ തടിയും നാമവും രണ്ടല്ലെന്നും മുഹമ്മദ്(സ്തുതിക്കപ്പെടുന്നവൻ) എന്ന നാമത്തിന് പോലും ജീവസ്സുറ്റ മേൽവിലാസമുണ്ടെന്നുമുള്ള ബോധനമാണ് ഇവിടെയുള്ളത്.

തിരുമേനിയുടെ ദർശനത്തിലും കാഴ്ചപ്പാടിലും ഒരുവിധത്തിലും സംശയിക്കേണ്ടതില്ല. കാരണം ബുദ്ധിക്ക് ഉൾക്കൊള്ളാവുന്നതേ തിരുനബി(സ്വ) പറഞ്ഞിട്ടുള്ളൂ. പിടുത്തം കിട്ടാത്തതോ മനസ്സിലാകാത്തതോ ഒന്നും അവിടുന്ന് പറഞ്ഞില്ല. എന്നാൽ നബിയുടെ സ്വത്വത്തിന്റെ കാര്യം സൂര്യനെ പോലെയാണ്. അടുക്കുന്തോറും കണ്ണഞ്ചിപ്പിക്കും. അകലെനിന്ന് നോക്കുമ്പോൾ ചെറുതായും കാണും. സൂര്യനെ കൃത്യമായി കാണാനോ അടുക്കാനോ കഴിയില്ല. സൂര്യനെ ഉൾക്കൊള്ളുക, അനുഭവിക്കുകയെന്നതാണ് യുക്തിസഹം. നബിയെ പഠിക്കണമെന്നും പൂർണമായി കരവലയത്തിലൊതുക്കണമെന്നും വിചാരിച്ച് ഇറങ്ങിത്തിരിച്ചവരുടെ സ്ഥിതി ഇതാണെങ്കിൽ നബി(സ്വ)യെ കുറിച്ച് ഒരു ബോധവുമില്ലാത്ത സംഘത്തിന് എങ്ങനെയത് സാധിക്കാനാണ്?

മഹോന്നതിയിൽ അവിടുത്തെ വിശേഷിപ്പിക്കാൻ അതിരുകളില്ല. അവിടുന്ന് മനുഷ്യൻ തന്നെയാണ്. എന്നാൽ അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉന്നതരും. ഇത്രയേ പരമാവധി പരിചയപ്പെടുത്താൻ കഴിയുന്നുള്ളൂ. മഹത്ത്വത്തിന്റെ അളവ് കോലിൽ തിരുമേനി സൂര്യനും ഇതര പ്രവാചകന്മാർ അതിനെ വലയം ചെയ്തും അതിൽ നിന്ന് പ്രഭയാവാഹിച്ചും പ്രകാശം പൊഴിക്കുന്ന നക്ഷത്രങ്ങളുമാണ്. മറ്റ് പ്രവാചകന്മാരുടെ ദൃഷ്ടാന്തങ്ങളെല്ലാം തിരുമേനിയിൽ നിന്ന് ചെന്നെത്തിയതാണ്. പിറകെയെത്തുന്ന അന്ത്യദൂതന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്നതായിരുന്നു ആ പ്രവാചകന്മാരുടെ ദൃഷ്ടാന്തങ്ങളെല്ലാം. കാരണം അവയെല്ലാം തിരുമേനിയിൽ കൂടി പ്രകാശിപ്പിച്ചാണല്ലോ അല്ലാഹു പ്രവാചകത്വത്തിന് സമാപ്തി കുറിച്ചത്.

നബി(സ്വ)യുടെ സ്വഭാവമഹിമ ഒന്ന് വേറെതന്നെയാണ്. തിരുസ്വഭാവത്തെ കൃത്യമായി വർണിക്കാനാകില്ല. ശത്രുക്കൾ പോലും അതിന്റെ പ്രതിഫലനം അനുഭവിച്ചിട്ടുണ്ട്. തുല്യതയില്ലാത്ത അതിക്രമങ്ങൾ നടത്തിയും നാടുകടത്തിയും കൊലവിളിച്ചും നടന്നവരെല്ലാം തിരുകാരുണ്യം വേണ്ടുവോളം അനുഭവിച്ചതു ചരിത്രം. അവിടുത്തെ ശരീരത്തെ പോലെ തന്നെയാണ് മനസ്സും. മൃദുലവും പട്ടിനേക്കാൾ മിനുസമാർന്നതും. പൗർണമിപോലെ ഉയരത്തിൽ നിൽക്കുന്ന മഹത്ത്വം. സാഗരത്തെ തോൽപ്പിക്കുന്ന ഔദാര്യം. കാലം തോറ്റുപോകുന്ന മനോബലം. അങ്ങനെ നീളുന്നു  പ്രവാചക സവിശേഷഗുണങ്ങൾ. അതിഗംഭീരമാണ് അവിടുത്തെ പ്രകൃതം. ഒറ്റക്ക് നബി(സ്വ)യെ കാണുകയാണെങ്കിൽ പോലും നിരവധി സൈന്യങ്ങളുടെ അകമ്പടിയിലും സാന്നിധ്യത്തിലുമാണ് അവിടുന്നെന്ന് തോന്നിപ്പിക്കുന്നതായിരുന്നു തിരുപ്രകൃതം. അത്രക്ക് ഗാംഭീര്യം. കാതങ്ങൾ അകലെയുള്ള ശത്രുവിന് പോലും ഉൾഭയത്തോടെ മാത്രമേ നബിയെ ഓർക്കാനാകൂ. അതിശക്തമായ നബിപ്രഭാവത്തിന് മുന്നിൽ മഞ്ഞ്‌പോലെ ഉരുകിത്തീർന്ന വമ്പന്മാരുടെ കഥകൾ ചരിത്രം പറഞ്ഞുതരുന്നുണ്ട്.

തിരുനബി(സ്വ)യുടെ ബാഹ്യ-ആത്മ സൗന്ദര്യങ്ങളുടെയും നബിപ്രഭാവത്തിന്റേയും പ്രകാശനങ്ങളാണ് മൂന്നാം ഭാഗത്ത് ഇമാം ബൂസ്വീരി(റ) ഉൾക്കൊള്ളിച്ചിരിക്കുന്നത്. തിരുമേനിയുടെ സംസാരത്തിന്റെ സ്ഫുടതയും പല്ലുകളുടെ ഭംഗിയും എടുത്തുപറഞ്ഞശേഷം ആ തിരുശരീരം ഏറ്റുവാങ്ങിയ റൗള മണ്ണിന്റെ മഹാഭാഗ്യത്തെ ഓർമപ്പെടുത്തിയാണ് ഈ ഭാഗം മഹാൻ അവസാനിപ്പിക്കുന്നത്.

അൻപത്തി ഒമ്പത് മുതൽ എഴുപത്തിയൊന്ന് വരെയുള്ള നാലാംഭാഗത്ത് പ്രവാചകർ(സ്വ)യുടെ ജനന വിശേഷണങ്ങളാണ് ക്രോഡീകരിച്ചിരിക്കുന്നത്. തിരുനബിയുടെ പരമ്പരയുടെ പരിശുദ്ധിയോതിക്കൊണ്ടാണ് തുടക്കം. മാതാപിതാക്കളിലൂടെ ആദംനബി(അ)യോളം ചെന്നെത്തുന്ന തിരുപരമ്പരയുടെ പരിശുദ്ധി കളങ്കമില്ലാത്തതാണ്. പ്രമാണവും ബുദ്ധിയുമെല്ലാം അത് സാക്ഷ്യപ്പെടുത്തും. തിരുപ്പിറവിയെ കുറിച്ച് പുരോഹിതന്മാരിൽ നിന്നറിഞ്ഞ് വെപ്രാളംപൂണ്ടവരായിരുന്നു പേർഷ്യക്കാർ. രാജാക്കന്മാരുടെ ഗോപുരങ്ങൾ തകർന്ന് തരിപ്പണമായത്, കിസ്‌റാ രാജാവിന്റെ അഗ്നികുണ്ഡം പൊലിഞ്ഞത്, സാവാ തടാകം വറ്റിവരണ്ടത്, ജിന്നുകൾ അട്ടഹസിച്ച് ആധിപ്പെട്ടത് തുടങ്ങിയ പ്രത്യക്ഷമായ മഹാത്ഭുതങ്ങൾ കണ്ടിട്ടും തിരുപ്രഭാവത്തെ ഉൾക്കൊള്ളാൻ തയ്യാറാകാതിരുന്ന അത്തരം ശത്രുക്കളുടെ നിലവാരത്തകർച്ചയാണ് തുടർവരികളിൽ കവി കോർത്തിണക്കിയിട്ടുള്ളത്.

സത്യപ്രഭയുടെ തിളക്കം വേണ്ടുവോളം അറിയാൻ കഴിഞ്ഞിട്ടും പുരോഹിതരിൽനിന്ന് അനുഭവിക്കാൻ അവസരമുണ്ടായിട്ടും അന്ധതയും ബധിരതയും അഭിനയിച്ചവരുടെ കാര്യം മഹാകഷ്ടം തന്നെയാണ്. ഭൂമിയിൽ മാത്രമല്ല ഈ അത്ഭുതങ്ങൾ പ്രകടമായത്. ആകാശത്ത് കയറിച്ചെന്ന് പലതും അറിയാൻ അവസരമുണ്ടായിരുന്ന പിശാചുക്കൾ, അറിഞ്ഞതിനപ്പുറം കള്ളത്തരങ്ങൾ കൂട്ടിക്കലർത്തി നിർമല മനസ്സുകളിൽ വാർത്തകൾ കടത്തിവിട്ടിരുന്നു. ഈ പ്രവേശം നിലച്ചതും അബ്‌റഹത്തിന്റെ ആനപ്പടയെ ഓടിച്ച പോലെ ആകാശത്ത്‌നിന്ന് പിശാചുക്കളെ ആട്ടിവിട്ടതുമെല്ലാം തിരുപ്പിറവി ദിനത്തിൽ സംഭവിച്ചതാണ്. അത്യത്ഭുതമായിരുന്നു തിരുപിറവി. പ്രപഞ്ചമൊന്നടക്കം ആ പിറവി ഉൾക്കൊണ്ടു. ഭൂമിയും ആകാശവും ജിന്നും അധികാരാസനങ്ങളും കടലും പുഴയും തീയുമെല്ലാം അതിന് തയ്യാറായി. വെളിച്ചത്തിന്റെ ശത്രുക്കൾക്ക് മാത്രമാണ് അലോസരമുണ്ടായത്. സ്വന്തം പുരോഹിത വർഗത്തിന്റെ പ്രവചനങ്ങൾവരെ അവർ തള്ളിക്കളഞ്ഞു. ഇങ്ങനെയൊരു ജന്മം വേറെയുണ്ടായിട്ടില്ല. അന്ധകാരത്തിന്റെ കാളിമയിൽ തപ്പിത്തടഞ്ഞ് ഇഴഞ്ഞ് നീങ്ങിയിരുന്ന ലോകത്തെ വഴിനടത്താനാണ് ഈ ജന്മം. കണ്ണുള്ളവർക്ക് കാണാവുന്ന ദൃഷ്ടാന്തങ്ങൾ കാണിച്ച് കൊടുത്തുകൊണ്ടാണ് അതുണ്ടായത്. പ്രവാചക ചരിത്രങ്ങൾ ക്രോഡീകരിച്ച പ്രമുഖ ചരിത്രകാരന്മാരെല്ലാം പ്രസ്തുത സംഭവങ്ങൾ ഒന്നൊന്നായി ഉദ്ധരിച്ചിട്ടുണ്ട്.

 (തുടരും)

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി
Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര