ലെഡ്, കറുത്തീയം, അജിനമോട്ട തുടങ്ങിയ മാരക വിഷപദാര്‍ത്ഥങ്ങള്‍ സമൃദ്ധമായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് ദേശവ്യാപകമായി നിരോധിക്കുകയാണിപ്പോള്‍. ലോകത്തു തന്നെ ഏറ്റവും വലിയ ഭക്ഷണ നിര്‍മാതാക്കളായ നെസ്ലെയുടെതാണ് ഈ വസ്തു. അവരുടെ തന്നെ സെറിലാക് എന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കായുള്ള ഭക്ഷണത്തില്‍ മുമ്പും ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. 400 കോടിയുടെ മാഗി പതിനായിരം ലോറികളിലായി കര്‍ണാടകയിലേക്ക് യാത്ര നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. സിമന്‍റ് നിര്‍മാണ കമ്പനികളില്‍ വിറകിനു പകരം ഇനി ഇവയാണ് കത്തിക്കുന്നത്. മാരക രാസപദാര്‍ത്ഥങ്ങളടങ്ങിയ ഈ നൂഡില്‍സ് മുഴുവന്‍ നമ്മുടെ മക്കള്‍ തിന്നുതീര്‍ക്കേണ്ടതായിരുന്നു; ഉത്തരേന്ത്യയിലെ ഒരു കുട്ടിക്ക് മാഗി തിന്നിട്ട് രോഗം വന്നതിനാല്‍ അവന്റെ പിതാവ് കോടതിയെ സമീപിച്ചില്ലായിരുന്നെങ്കില്‍!

കേരള സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാറിന് നല്‍കിയ ഒരു കത്തും ശ്രദ്ധിക്കേണ്ടതുണ്ട്. അവിടെ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളും പഴങ്ങളും പന്ത്രണ്ടിലധികം മാരക രാസകീടനാശിനികള്‍ പ്രയോഗിച്ചാണ് നമ്മിലേക്കെത്തുന്നത്. ബീറ്റ്റൂട്ട് പോലുള്ളവ തുരിശ് അടക്കമുള്ള മാരക പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിളക്കിയ മണ്ണിലാണ് നടുന്നതുപോലും. ഇതു കാരണം കേരളത്തില്‍ കിഡ്നി, കാന്‍സര്‍, ഷുഗര്‍ രോഗികള്‍ ഭീതിതമായി വര്‍ധിക്കുന്നു. എല്ലാം കൂടി ആയപ്പോള്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ആഘോഷം തുടങ്ങി.

വേറെയും കമ്പനികളുടെ ഉല്‍പന്നങ്ങളില്‍ കൊടും വിഷം കണ്ടെത്തിയിട്ടുണ്ട്. പൊടിരൂപത്തില്‍ ലഭിക്കുന്ന പലവ്യജ്ഞനങ്ങളില്‍ കാവിയും ഇഷ്ടികപ്പൊടിയും സിമന്‍റുമെല്ലാം ചേര്‍ക്കുന്നുണ്ടത്രെ. ബേക്കറിയില്‍ നിന്നു നമ്മെ നോക്കി സുന്ദരമായി ചിരിക്കുന്ന മിക്സ്ചര്‍, പ്ലാസ്റ്റിക് ബോട്ടില്‍ ചേര്‍ത്ത് തിളപ്പിച്ച എണ്ണയിലാണ് നിര്‍മക്കുന്നതെന്ന പുതിയ അറിവ് നമ്മെ ഞെട്ടിക്കുക തന്നെ ചെയ്യും. നല്ല ഗ്ലൈസിംഗും പെട്ടെന്ന് തണുക്കാതെ ‘കറുമുറാ’ സ്വഭാവം നിലനില്‍ക്കാനുമാണത്രെ ഇത്. ശരിക്കും ലാമിനേഷന്‍ തന്നെ! പത്ര റിപ്പോര്‍ട്ടുകളും ബഹളങ്ങളുമൊക്കെ വൈകാതെ കെട്ടടങ്ങും. വന്‍കിടക്കാര്‍ എല്ലാ നിരോധനവും തന്ത്രപരമായി അതിജയിക്കുകയും ചെയ്യും. അവസാനം വിവിധ രോഗങ്ങളുടെ പൂരപ്പറമ്പായി ഓരോ കേരളീയനും മാറും. ആശുപത്രികളില്‍ പുതിയ സംവിധാനങ്ങള്‍ തുടങ്ങും. ഇടതടവില്ലാതെ നാം ആതുരാലയങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടേയിരിക്കും. അതിനു മുമ്പ് പക്വത കാണിക്കാനും ജീവിതലക്ഷ്യം തിരിച്ചറിയാനുമാണ് നമുക്കു നെഞ്ചൂക്ക് വേണ്ടത്.

എന്തു കഴിക്കണമെന്ന് നാം തന്നെ തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. കടകളില്‍ തൂങ്ങിയാടുന്ന ഉരുളക്കിഴങ്ങ് പൊരികള്‍ മക്കള്‍ക്ക് രുചിനോക്കാനുള്ള അവസരം പോലും നല്‍കരുത്. ആറു മാസം മുതല്‍ മൂന്നു വയസ്സുവരെ തലച്ചോര്‍ വികസിക്കുന്ന കാലമാണ്. ആറു വയസ്സുവരെയും ഇതില്‍ പുരോഗതിയുണ്ടാവുമത്രെ. ഈ കാലയളവില്‍ പ്രത്യേകിച്ചും ജീവിതത്തിലുടനീളവും കൃത്രിമ ഭക്ഷണങ്ങളൊന്നും മക്കളുടെ വായിലെത്തിക്കരുത്. വിവിധ രുചികളില്‍ വാങ്ങാന്‍ കിട്ടുന്ന ജ്യൂസ് പൗഡറുകളും ദ്രാവകങ്ങളും തീരെ ഉപയോഗിക്കരുത്. ആഗോള പ്രസിദ്ധമായ ‘ടാങ്ക്’ പൗഡര്‍ ഖത്തറില്‍ ഈയിടെ നിരോധിച്ചതോര്‍ക്കുക. ഇപ്രകാരം തന്നെയാണ് ഷവര്‍മ, കുഴിമന്തി പോലുള്ള തട്ടിക്കൂട്ട് സാധനങ്ങളും. അജിനമോട്ടയില്‍ കുഴച്ചാണ് പലപ്പോഴും ഇവ നിര്‍മിക്കുന്നത്. സാത്വിക ഭക്ഷണം വീട്ടില്‍ നിര്‍മിക്കാനായിട്ടും ഇവകള്‍ക്കുവേണ്ടി സമയവും പണവും മുടക്കുമ്പോള്‍ നാം അറിയാതെ നമ്മെ കൊല്ലുകയാണ്; സ്വന്തം മക്കളെയും നശിപ്പിക്കുകയാണെന്ന ബോധം നമുക്കുണ്ടാവണം.

വിഷപ്പ് മാറാനുള്ള ഭക്ഷണവും ദാഹം തീരാന്‍ മാത്രം വെള്ളവും ഉണ്ടെങ്കില്‍ ലളിതമായി തീരുന്ന നോമ്പുതുറ പോലും മാരക രാസപദാര്‍ത്ഥങ്ങളുടെ ആധിക്യം കൊണ്ട് മലിനമാക്കുന്നു പലരും. ആരാധനക്കും ദീനീസേവനത്തിനും നല്ല ആരോഗ്യം നിലനിര്‍ത്തേണ്ടതാവശ്യമാണ്. താല്‍ക്കാലിക വിഭ്രാന്തികളില്‍ കുടുങ്ങി നാം നമ്മെയും മക്കളെയും നശിപ്പിക്കാതിരിക്കുക.ചാരം

You May Also Like

പ്രാര്‍ത്ഥിച്ചു വിജയിക്കുക

സന്തോഷവും സങ്കടവും പ്രതീക്ഷയും പ്രത്യാശയുമെല്ലാം നിറഞ്ഞതാണ് മനുഷ്യ ജീവിതം. ജീവിതത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ളൊരാരാധനയാണ് പ്രാര്‍ത്ഥന.…

സകാത്ത് : ലക്ഷ്യം, പ്രയോഗം, പ്രതിഫലം

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലുമാണ് സകാത്ത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരുടേതടക്കം വിവിധങ്ങളായ സാമ്പത്തിക…

പണം വേണം; കൈകാര്യം സൂക്ഷിച്ചാകണം

വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ധനാഢ്യന്മാരിലൊരാളാണ് ബനൂഇസ്രാഈലുകാരന്‍ ഖാറൂന്‍. മൂസാ നബി(അ)ന്റെ പ്രബോധന കാലത്ത് ജീവിച്ച മാടമ്പി…