രക്ഷിതാവാകുക എന്നത് ഇന്നത്തെ കാലത്ത് ശ്രമകരമായ ദൗത്യമാണ്. പഴയ കാലത്തെ അപേക്ഷിച്ച് പുതുകാല രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുവെന്നത് വാസ്തവം. അതേസമയം അവരുടെ ഉള്ളിലെ വൈകാരിക ലോകത്തെ കുറിച്ചും അവ രൂപപ്പെടുന്ന സാഹചര്യങ്ങളെ സംബന്ധിച്ചും നല്ലൊരു ശതമാനം രക്ഷിതാക്കളും തീര്‍ത്തും അശ്രദ്ധരാണ്. അച്ചടക്കമുള്ളവരായി മാത്രം മക്കളെ വളര്‍ത്താതെ, ആരോഗ്യകരമായ ബന്ധങ്ങള്‍ കൂടിയുള്ളവരായി അവരെ പരിവര്‍ത്തിപ്പിക്കുമ്പോഴാണ് രക്ഷിതാവിന്‍റെ ഉത്തരവാദിത്വം കൂടുതല്‍ വിജയകരമാകുന്നത്.
കുട്ടികളുടെ ആന്തരിക ലോകത്തെ കുറിച്ച് ബദ്ധശ്രദ്ധ പുലര്‍ത്തുന്നതോടൊപ്പം അവരുമായുള്ള തങ്ങളുടെ ബന്ധം കൂടി മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വസ്തുതകള്‍ കൃത്യമായി പറഞ്ഞുകൊടുക്കുന്നതിലൂടെയും സ്വയം മാതൃകകളാകുന്നതിലൂടെയുമാണ് കുട്ടികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനാവുക. ഇതുതന്നെയാണ് സന്താനങ്ങളുടെ വൈകാരിക സ്ഥിരതയുടെയും ശരിയായ ബന്ധത്തിന്‍റെയും അടിസ്ഥാനവും. കുട്ടികള്‍ പക്വതയാര്‍ജിക്കുന്നതു വരെ നിരന്തരവും സ്നേഹ സമ്പന്നവുമായ സമ്പര്‍ക്കം പുലര്‍ത്തുകയെന്നതാണ് രക്ഷിതാവിന്‍റെ ബാധ്യത. മുതിര്‍ന്ന മക്കളോടുള്ള പെരുമാറ്റത്തിലും ആശയ വിനിമയത്തിലും സാഹചര്യങ്ങള്‍ക്കനുസൃതമായ മാറ്റങ്ങള്‍ വരുത്താനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
മക്കളെ വളര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും രക്ഷിതാക്കളുടെ ബാധ്യത ഏറെ ഭാരമേറിയതുതന്നെയാണ്. സന്താന ശിക്ഷണത്തിലുണ്ടാകുന്ന ഏതൊരു അപാകവും കുട്ടിയുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലെന്നാണല്ലോ പഴമൊഴി. രണ്ടാം ഖലീഫ ഉമര്‍(റ)ന്‍റെയടുക്കല്‍ ഒരാള്‍ മകന്‍റെ അനുസരണക്കേടിനെ കുറിച്ച് പരാതിയുമായി വന്നു. ഖലീഫ കുട്ടിയെ വിളിപ്പിച്ചു. പിതാവിനെ അനുസരിക്കാത്തതിന്‍റെ പേരില്‍ ശാസിക്കാനാരംഭിച്ചപ്പോള്‍ അവന്‍ ഉമര്‍(റ)നോട് ചോദിച്ചു: അമീറുല്‍ മുഅ്മിനീന്‍, പിതാവിന് മക്കളോട് ബാധ്യതയൊന്നുമില്ലേ. ഉണ്ടെന്ന് ഖലീഫ പറഞ്ഞപ്പോള്‍ എന്തെല്ലാമാണത് എന്നായി കുട്ടി. ഉമര്‍(റ) വിശദീകരിച്ചു: ‘നല്ല ഭാര്യയെ തിരഞ്ഞെടുക്കുക, കുട്ടിക്ക് നല്ല പേരിടുക, ഖുര്‍ആന്‍ പഠിപ്പിക്കുക.’ ഇതു കേട്ടയുടന്‍ കുട്ടിയുടെ പ്രതികരണം: ‘അമീറുല്‍ മുഅ്മിനീന്‍, എന്‍റെ ഉപ്പ ഇതു മൂന്നും ചെയ്തിട്ടില്ല.’ അപ്പോള്‍ ഖലീഫ പരാതിക്കാരനായ പിതാവിനോട് പറഞ്ഞു: ‘നിങ്ങള്‍ മകന്‍ അനുസരണക്കേട് കാണിക്കുന്നതിനെ കുറിച്ച് പരാതിപ്പെടാനാണ് എന്‍റെയടുക്കല്‍ വന്നത്. എന്നാല്‍ നിങ്ങളാണ് അവനോട് ആദ്യം തെറ്റു കാണിച്ചത്. അവന്‍ നിങ്ങളോട് മോശമായി പെരുമാറുന്നതിന് മുമ്പ് നിങ്ങള്‍ അവനോടാണ് മോശമായി വര്‍ത്തിച്ചത്’ (തര്‍ബിയതുല്‍ ഔലാദില്‍ ഇസ്ലാം 1/27-28).
രക്ഷിതാക്കള്‍ക്ക് മക്കളോടുള്ള ബാധ്യത നിറവേറ്റാതെ കുട്ടികളെ പഴിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നതാണ് ഉമര്‍(റ)വിന്‍റെ പ്രതികരണത്തിന്‍റെ സാരാംശം. മക്കള്‍ക്കു വേണ്ടി രക്ഷിതാക്കള്‍ ചെയ്യേണ്ട ചില കാര്യങ്ങളിലേക്കുള്ള സൂചനയും പ്രസ്തുത സംഭവത്തിലുണ്ട്.
അളവില്ലാത്ത സ്നേഹമാണ് രക്ഷാകര്‍തൃ-സന്താന ബന്ധത്തിന്‍റെ നെടുംതൂണ്‍. ഉപാധികളില്ലാതെ കുട്ടികളെ സ്നേഹിക്കാന്‍ മാതാപിതാക്കള്‍ക്കാകണം. ശരിയായ വിധത്തില്‍ സ്നേഹിക്കപ്പെടുമ്പോഴാണ് അവര്‍ക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ സാധിക്കുക. സ്നേഹം കുട്ടിക്ക് ബോധ്യപ്പെടുന്ന വിധത്തിലാകാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്നേഹം മനസ്സില്‍ മതി, അതു പ്രകടിപ്പിച്ചാല്‍ മക്കള്‍ വഷളാകും എന്ന ചിന്താഗതി മാറ്റിയേ പറ്റൂ. പ്രവൃത്തികളിലും വാക്കുകളിലും സ്നേഹം പ്രതിഫലിക്കണം. ചെറിയ കുട്ടികളാകുമ്പോള്‍ മാത്രമല്ല സ്നേഹ പ്രകടനം വേണ്ടത്, കൗമാരക്കാലത്ത് കൂടുതല്‍ ജാഗ്രതയോടെ സ്നേഹം പ്രകടിപ്പിക്കണം. ജീവിതത്തിലെ പ്രധാനഘട്ടമായ കൗമാരം കുട്ടികള്‍ അവരെ മനസ്സിലാക്കുന്നവരെ തേടുന്ന കാലമാണ്. അവരെ കൂടുതല്‍ മനസ്സിലാക്കേണ്ടതും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കേണ്ടതും രക്ഷിതാക്കള്‍ തന്നെയാണ്.
മക്കള്‍ക്കിടയില്‍ സ്നേഹബന്ധം പ്രകടിപ്പിക്കുന്നതു പോലെത്തന്നെ കുടുംബങ്ങള്‍ക്കിടയില്‍ സ്നേഹബന്ധം വളര്‍ത്താനും മാതാപിതാക്കള്‍ ശ്രമിക്കണം. സ്വന്തം മാതാപിതാക്കള്‍ക്ക് നാം നല്‍കുന്ന ആദരവും ബഹുമാനവും കണ്ടാകണം കുട്ടികള്‍ നമ്മെ ബഹുമാനിക്കാന്‍ പഠിക്കേണ്ടത്. പ്രായമായ മാതാപിതാക്കളോട് സൗഹൃദത്തോടെ പെരുമാറുന്ന ശൈലി കുട്ടികളില്‍ ശരിയായ അവബോധം സൃഷ്ടിക്കും. നിങ്ങളുടെ പിതാക്കളോട് നിങ്ങള്‍ സ്നേഹത്തില്‍ പെരുമാറുക. എന്നാല്‍ നിങ്ങളുടെ മക്കള്‍ നിങ്ങളോട് സ്നേഹത്തില്‍ പെരുമാറു(അല്‍മുസ്തദ്റക്)മെന്ന തിരുനബി(സ്വ)യുടെ പ്രസ്താവന ശ്രദ്ധേയമാണ്.
ശരിയായ ആശയവിനിമയം മക്കളുമായുള്ള ആത്മബന്ധം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമത്രെ. ഏതു ബന്ധം വളര്‍ത്താനും കൃത്യമായ ആശയവിനിമയം അനിവാര്യഘടകമാണല്ലോ. സ്നേഹ മസൃണമായി വേണം മക്കള്‍ക്ക് ആശയങ്ങള്‍ കൈമാറാന്‍. സംസാരിക്കുമ്പോള്‍ ശ്രദ്ധ അവരില്‍ കേന്ദ്രീകരിച്ചു നിര്‍ത്തുക, അവര്‍ പറയുന്നത് ഏകാഗ്രതയോടെ പൂര്‍ണമായി കേള്‍ക്കുക, മുഴുവന്‍ കേട്ട ശേഷം മാത്രം പ്രതികരിക്കുക. ഇക്കാര്യങ്ങളെല്ലാം അല്‍പം മുതിര്‍ന്ന സന്തതികളുമായി ആശയവിനിമയം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കൗമാരക്കാരോട് കൂടുതല്‍ അടുപ്പം കാണിക്കുകയും അവരെ ശ്രവിച്ച് അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് തങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. സ്നേഹപൂര്‍വമായ പെരുമാറ്റങ്ങളാണ് കൗമാരക്കാരായ മക്കളോടുള്ള ദൃഢബന്ധത്തിന്‍റെ ആണിക്കല്ല്.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും രക്ഷിതാക്കള്‍ക്കാവണം. എത്ര തിരക്കാണെങ്കിലും പരസ്പരം ഇടപഴകുന്നതിനുള്ള സാഹചര്യമുണ്ടാക്കുക. സംസാരത്തില്‍ ഏറ്റവും മാന്യമായ ശൈലി സ്വീകരിക്കുകയും അവരുടെ മനസ്സിനെ ആകര്‍ഷിക്കുന്ന രീതി കൈക്കൊള്ളുകയും വേണം. ലുഖ്മാന്‍(റ) മകന് നല്‍കിയ പ്രധാന ഉപദേശങ്ങളെല്ലാം എന്‍റെ കുഞ്ഞുമോനേ എന്ന അഭിസംബോധനയോടെയായിരുന്നുവെന്ന് ഖുര്‍ആന്‍ (സൂറത്ത് ലുഖ്മാന്‍ 13,16,17) സൂചിപ്പിക്കുന്നു.
മാതാപിതാക്കള്‍ക്കിടയിലെ പരസ്പര സ്നേഹവും മക്കളില്‍ അനുകൂല പെരുമാറ്റങ്ങള്‍ രൂപപ്പെടുത്തും. വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ നല്ല മാതാപിതാക്കളാകാനും കഴിയൂ. ഇവര്‍ പരസ്പരം പുലര്‍ത്തുന്ന സ്നേഹം, വിശ്വസ്തത, കരുതല്‍, ബഹുമാനം, വിധേയത്വം, സമര്‍പ്പണം തുടങ്ങിയവയാണ് മക്കള്‍ക്ക് സുരക്ഷിത ബോധം നല്‍കുക. കുട്ടിയോട് മാത്രം സ്നേഹം പ്രകടിപ്പിച്ചതുകൊണ്ട് മാതാപിതാക്കളുടെ ബാധ്യത തീരില്ലെന്ന് ചുരുക്കം.
മക്കളോട് നന്നായി പെരുമാറാനും അവരുടെ നല്ല പെരുമാറ്റത്തെ അഭിനന്ദിക്കാനും രക്ഷിതാക്കള്‍ മടിക്കരുത്. പുകഴ്ത്തിപ്പറഞ്ഞാല്‍ അവര്‍ തലയില്‍ കയറി നിരങ്ങിക്കളയുമെന്ന തെറ്റിദ്ധാരണ വേണ്ടതില്ല. വാക്കുകള്‍ കൊണ്ടോ ചെറുസമ്മാനങ്ങള്‍ നല്‍കിയോ അഭിനന്ദനമാകാം. മോശം പെരുമാറ്റം കൊള്ളില്ലെന്നും നല്ല പെരുമാറ്റം അഭിനന്ദനം നേടിത്തരുമെന്നും അതു മൂലം കുട്ടി പഠിക്കും. കുട്ടികളില്‍ നല്ല ശീലങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം അവ ജീവിതരീതിയാക്കാന്‍ ശീലിപ്പിക്കുകയാണ് വേണ്ടത്. ‘എന്നോട് സ്നേഹപൂര്‍വം പെരുമാറാന്‍ മക്കളെ സഹായിക്കുന്ന പിതാവിന് അല്ലാഹു കാരുണ്യം ചൊരിയട്ടെ’ (മുസ്വന്നഫ് ഇബ്നു അബീശൈബ) എന്ന തിരുവരുള്‍ ആധുനിക മന:ശാസ്ത്ര പഠനങ്ങളുടെ അടിവേര് കൂടിയാണ്.
മക്കളില്‍ നിന്നുണ്ടാകുന്ന പെരുമാറ്റ ദൂഷ്യങ്ങളെ സ്നേഹത്തോടെ തിരുത്തുമ്പോഴാണ് അവരില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടമാവുക. അതിനു വേണ്ട പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളുമാണ് രക്ഷിതാക്കളില്‍ നിന്നുണ്ടാകേണ്ടത്. അബ്ദുല്ലാഹിബ്നു മുബാറക്(റ)ന്‍റെയടുക്കല്‍ വന്ന് മകന്‍റെ ദു:സ്വഭാവത്തെ കുറിച്ച് പരാതിപ്പെട്ടയാളോട് ശൈഖ് ചോദിച്ചു: ‘നിങ്ങള്‍ എപ്പോഴെങ്കിലും അവനെതിരെ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ?’ ഉവ്വെന്നായിരുന്നു മറുപടി. അപ്പോള്‍ മഹാന്‍റെ പ്രതികരണം: ‘എങ്കില്‍ അവനെ നശിപ്പിച്ചതും താങ്കള്‍ തന്നെ.’
മക്കള്‍ക്ക് ജീവിത മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. സഹജീവികളോടുള്ള സ്നേഹം, അര്‍പ്പണ ബോധം, സത്യസന്ധത, ആത്മാര്‍ത്ഥത, ഉത്തരവാദിത്വബോധം തുടങ്ങിയവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇതു കുട്ടികളില്‍ സേവന താല്‍പര്യം വര്‍ധിപ്പിക്കും. അതാണ് പിന്നീട് വാര്‍ധക്യ സഹജമായ പ്രയാസങ്ങളനുഭവിക്കുന്നവരെയെല്ലാം ശുശ്രൂഷിക്കാനുള്ള മനോഗതി മക്കളിലുണ്ടാക്കുക.
സ്നേഹം, കരുണ, ആര്‍ദ്രത തുടങ്ങിയ ജീവിത മൂല്യങ്ങള്‍ മാതാപിതാക്കള്‍ പകര്‍ന്ന് നല്‍കുകയോ അവ പഠിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാതെ അവരില്‍ നിന്ന് അത്തരം ഗുണങ്ങള്‍ കാംക്ഷിക്കേണ്ടതില്ല. മക്കളുടെ പ്രായത്തിനനുസരിച്ച രീതിയിലാണ് ഈ മൂല്യങ്ങള്‍ അവരുടെ ഹൃദയത്തില്‍ സന്നിവേശിപ്പിക്കേണ്ടത്. നബി(സ്വ) കുട്ടികളെ അണിനിരത്തി ഓട്ട മത്സരം നടത്തിയത് സ്നേഹക്കൈമാറ്റത്തിന്‍റെ ഒരു രൂപമാണ്. അവിടുന്ന് അബ്ദല്ല(റ), ഉബൈദുല്ല(റ), കുസ്സൈര്‍(റ) എന്നിവരെ ഒപ്പം നിര്‍ത്തിയിട്ട് പറയും: ‘എന്‍റെ അടുത്തേക്ക് ആദ്യം ഓടിയെത്തുന്നവര്‍ക്ക് ഞാന്‍ ഇന്നതു തരാം.’ അപ്പോള്‍ കുട്ടികള്‍ വളരെ വേഗത്തില്‍ ഓടിച്ചെന്ന് നബി(സ്വ)യുടെ നെഞ്ചത്തു വീഴും. അവിടുന്ന് അവരെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യും (ഹാകിം).
മുലകുടി പ്രായത്തിലെ ഓര്‍മകളല്ല, അല്‍പം മുതിര്‍ന്നതിനു ശേഷമുള്ള ഓര്‍മകളാണ് മക്കളുടെ മനസ്സില്‍ മായാതെ കൂടുതല്‍ തെളിച്ചത്തില്‍ നിലനില്‍ക്കുക. അതുകൊണ്ട് തന്നെ അക്കാലത്ത് മധുരതരമായ സ്മരണകള്‍ അവര്‍ക്കു നല്‍കാന്‍ നമുക്കാകണം. മക്കളുടെ വളര്‍ച്ചയില്‍ മനംനിറയെ സന്തോഷിച്ചും പ്രോത്സാഹിപ്പിക്കേണ്ട കാര്യങ്ങളിലെല്ലാം ഹൃദ്യമായി പ്രോത്സാഹിപ്പിച്ചും അവരുടെ മനസ്സിനെ ആകര്‍ഷിക്കണം. അബ്ദുല്ലാഹിബ്നു ദീനാര്‍(റ) പറയുന്ന ഒരു സംഭവം. അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുകയുണ്ടായി: ഒരിക്കല്‍ റസൂല്‍(സ്വ) സംസാരത്തിനിടയില്‍ ഒരു ചോദ്യമുന്നയിച്ചു: ‘വൃക്ഷങ്ങളുടെ കൂട്ടത്തില്‍ ഇല പൊഴിയാത്തൊരു മരമുണ്ട്. അതാണ് മുസ്ലിമിന്‍റെ ഉപമ. അതേതാണെന്ന് നിങ്ങള്‍ പറയൂ.’ ആളുകളുടെ ചിന്ത പല വൃക്ഷങ്ങളിലുമെത്തി. ഈത്തപ്പനയാണോ അതെന്നൊരു വിചാരം എനിക്കുണ്ടായി. (പ്രായക്കുറവ് മൂലം) പറയാന്‍ നാണിച്ച് ഞാന്‍ മിണ്ടിയില്ല. ഏതാണ് ആ മരമെന്ന് പിന്നീട് സ്വഹാബികള്‍ തന്നെ അവിടുത്തോട് ചോദിച്ചു. ഈത്തപ്പനയാണെന്നായിരുന്നു മറുപടി. ഈ സംഭവം ഞാന്‍ എന്‍റെ പിതാവായ ഉമര്‍(റ)നോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇതായിരുന്നു: ‘മോനേ, അത് ഈത്തപ്പനയാണെന്ന് നീ പറയുന്നതായിരുന്നു ഇങ്ങനെ ചെയ്തതിനേക്കാള്‍ എനിക്കിഷ്ടം’ (സ്വഹീഹ് മുസ്ലിം).
കുട്ടിക്കാലത്ത് തന്‍റെ പിതാവ് പറഞ്ഞ പ്രോത്സാഹന വചനങ്ങള്‍ കാലങ്ങള്‍ക്കു ശേഷവും അതുപോലെ ഓര്‍ത്തുവച്ചിരിക്കുന്ന മകനെയാണ് ഇബ്നു ഉമറി(റ)ല്‍ കാണുന്നത്. ഈ ഹദീസ് വിശകലനം ചെയ്ത് ഇമാം നവവി(റ) കുറിച്ചത് ശ്രദ്ധേയം: മക്കളുടെ ഗ്രാഹ്യശക്തിയും നൈപുണ്യവും കണ്ട് ഒരാള്‍ക്ക് സന്തോഷിക്കാമെന്ന് ഈ ഹദീസിന്‍റെ പശ്ചാത്തലത്തില്‍ നിന്നു മനസ്സിലാക്കാം (ശര്‍ഹു മുസ്ലിം).
പരസ്പര സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും ജീവിക്കുന്ന തെളിവുകളായി മാതാപിതാക്കളുണ്ടാകണം. വീട്ടിലെ അംഗങ്ങളെ അടക്കിഭരിക്കുന്ന സ്വേച്ഛാധിപതിയാണ് താനെന്ന ഭാവവും വങ്കത്തവും ഒഴിവാക്കുകതന്നെ വേണം. കൂടിയിരുന്ന് സംസാരിച്ചും തമാശകള്‍ പങ്കുവച്ചും പരസ്പരം കാണല്‍ അനുവദനീയമായ വീട്ടംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും ആത്മബന്ധം വര്‍ധിപ്പിക്കണം. മക്കള്‍ക്കു വേണ്ടി എല്ലാം അവര്‍ നിരുപാധികം സമര്‍പ്പിക്കണം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ അര്‍ത്ഥത്തിലും കൂടെ നില്‍ക്കണം. പ്രായമായ മക്കളോടും വിവാഹിതരോടും സൗമ്യമായ പെരുമാറ്റം തുടരണം. തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുകയും ന്യൂനതകള്‍ മാത്രം തിരഞ്ഞുപിടിച്ച് മക്കളെയും മരുമക്കളെയും കുത്തുവാക്കുകള്‍ പറഞ്ഞ് നോവിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. ഞാന്‍ വീട്ടിലുണ്ടാകുമ്പോള്‍ ആരും വലിയ സംസാരങ്ങള്‍ നടത്തേണ്ട എന്ന പഴഞ്ചന്‍ മനോഭാവം മാറ്റി മക്കളുടെ കണ്ണിലുണ്ണിയായി ജീവിത നൗക തുഴയാന്‍ പരമാവധി ശ്രമിക്കുക. കീഴുദ്യോഗസ്ഥന്‍ കാണാന്‍ ചെന്നപ്പോള്‍ ഉമര്‍(റ)ന്‍റെ ചുറ്റിലും കുട്ടികള്‍ ബഹളംവച്ച് ഓടിക്കളിക്കുന്നതാണ് കണ്ടത്. ഖലീഫ അതു തടയാത്തതിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടു. അപ്പോള്‍ ഉമര്‍(റ)ന്‍റെ മറുചോദ്യം: ‘നിങ്ങള്‍ വീട്ടില്‍ എങ്ങനെയാണ്?’ അദ്ദേഹം ഇത്തിരി അഭിമാനത്തോടെ പറഞ്ഞു: ‘ഞാന്‍ വീട്ടില്‍ ചെന്നുകയറിയാല്‍ പിന്നെ ആരും ഒന്നും സംസാരിക്കുകയേയില്ല.’ ഉടന്‍ ഉമര്‍(റ) ഉത്തരവിട്ടു: ‘നിങ്ങള്‍ ജോലി രാജിവെക്കണം. സ്വന്തം കുടുംബത്തോടും മക്കളോടും കൃപ കാണിക്കാത്ത താങ്കള്‍ക്ക് രാജ്യത്തെ ജനങ്ങളോട് എങ്ങനെ ദയാപൂര്‍വം പെരുമാറാന്‍ കഴിയും? (താരീഖ് ത്വിബ്ബില്‍ അത്വ്ഫാല്‍ 30).
സ്നേഹം പകരുന്നവര്‍ക്കേ തിരിച്ചും ലഭിക്കുകയുള്ളൂ. മക്കളോട് ദയയില്ലാതെ പെരുമാറിയാല്‍ വാര്‍ധക്യത്തില്‍ അവരില്‍ നിന്നും അത് പ്രതീക്ഷിക്കരുത്. ഭക്ഷണവും വസ്ത്രവും വിദ്യയും നല്‍കുന്നത് മാത്രമല്ല ഒരു രക്ഷിതാവിന്‍റെ ബാധ്യത. സ്നേഹവും കരുതലും കൂടി നല്‍കണം. അതവര്‍ക്ക് ബോധിക്കുകയും വേണം. എങ്കിലേ വയസ്സുകാലത്ത് മാതാപിതാക്കളെ പരിചരിക്കുന്നതില്‍ അവര്‍ക്കു വൈമനസ്യമില്ലാതിരിക്കൂ. സ്നേഹത്തിന്‍റെ അഭാവമാണ് നമ്മുടെ നാട്ടില്‍ വൃദ്ധസദനങ്ങളുയരാന്‍ കാരണം.