പുതുവർഷത്തോടനുബന്ധിച്ച് ചില പൊതുപത്രങ്ങൾ വാർത്തയിലെ താരത്തെ കണ്ടുപിടിക്കാനുള്ള സർവേകൾ നടത്തിയിരുന്നു. യുവജനങ്ങളിൽ അമ്പതുശതമാനത്തിലേറെ പേർ തെരഞ്ഞെടുത്തത് പശുവിനെയാണെന്നത് നവസാഹചര്യത്തിൽ കൗതുകവാർത്തയൊന്നുമല്ല. മനുഷ്യനെക്കാൾ മൂല്യവും സുരക്ഷിതത്വവും അനുഭവിക്കുകയും മൂത്രവും ചാണകവും വരെ ആരാധനാ പൂർവം മനുഷ്യർ(?) ഭക്ഷിക്കുകയും ചെയ്യുന്ന ഈ ജന്തുവിനെക്കാൾ വേറെ ആരാണ് വാർത്തയിലെ കേമൻ?
മറ്റൊരു ജീവിവർഗത്തിനുമില്ലാത്ത ഒട്ടനവധി പ്രത്യേകതകളുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ അവന്റെ ജന്മത്തെ പഴിക്കേണ്ടതും പശുവായി പിറക്കാൻ കൊതിക്കേണ്ടതുമായ അവസ്ഥയാണ് ഇന്ത്യയിലെങ്കിലും നിലനിൽക്കുന്നത്. തിരുവനന്തപുരത്ത് റോഡപകടത്തിൽ പരിക്കേറ്റ് ഒരാൾ പോലും തിരിഞ്ഞുനോക്കാതെ അവഗണിച്ചതിനാൽ അരമണിക്കൂർ രക്തം വാർന്ന് ഒരു മധ്യവയസ്‌കൻ മരണപ്പെട്ടത് ഈ ആഴ്ചയാണ്. പരിക്കേറ്റ മുള്ളൻപന്നിയെ കഇഡ-വിൽ പ്രവേശിപ്പിച്ചതും ടാറിൽ വീണ പാമ്പിനെ അതിസാഹസികമായി അഞ്ചാറു പേർ മണിക്കൂറുകൾ ശ്രമിച്ച് രക്ഷപ്പെടുത്തി ചികിത്സ നൽകുന്നതുമൊക്കെ വൻ വാർത്താ പ്രാധാന്യം സൃഷ്ടിക്കുമ്പോഴാണിതെന്നു കൂടി ഓർക്കണം. ‘മനുഷ്യപുത്രനു തലചായ്ക്കാൻ മണ്ണിലിടമില്ലെ’ന്ന ഗാനം ഒരു ഹൂങ്കാരത്തോടെ മൂളിപ്പാറുന്നതുപോലെ അനുഭവപ്പെടുന്നില്ലേ?
മനുഷ്യരുടെ കൂട്ടത്തിൽ തീരെ വിലയില്ലാത്തവരാണ് ദളിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾ. ഇല്ലാത്ത കാരണങ്ങളുണ്ടാക്കി അവരുടെ പുരോഗതി തടയുന്നു. ഉദ്യോഗരംഗത്തും വിദ്യാഭ്യാസ രംഗത്തും വലിയ വിവേചനം സഹിക്കേണ്ടിയും വരുന്നു. സവർണനായ ഉദ്യോഗസ്ഥൻ ചാർജെടുക്കുമ്പോൾ ഓഫീസും കസേരയും നടവഴിയും അങ്കണവും അതേ പ്രകാരം ജാതിശൂദ്രൻ പ്രവേശിച്ചാൽ പല അമ്പലങ്ങളും പരിസരവും പശുമൂത്രവും കലക്ക് ചാണകവും തെളിച്ച് ‘ശുദ്ധി’യാക്കിയെടുക്കുന്നത് അയ്യങ്കാളിയുടെ കേരളത്തിൽ പോലും വാർത്തയാവാറുണ്ട്. ഈ വിഭാഗത്തിലെ സാധു മനുഷ്യർക്ക് പശു വിസർജ്യങ്ങളുടെ മൂല്യം പോലുമില്ലെന്നു സാരം.
കലാലയങ്ങളിലെ അസഹ്യമായ വിവേചനവും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പീഡനവും തരണം ചെയ്യാനാവാതെ രോഹിത് വെമുല എന്ന ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയുണ്ടായി. അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ എന്ന സംഘടനയിൽ പ്രവർത്തിച്ചതാണ് അയാൾ ചെയ്ത വൻപാപം. സവർണ-വർഗീയ മൂരാച്ചിത്തരം മാത്രമേ ഇനി നടപ്പിലാവുകയുള്ളൂ എന്നു വന്നാൽ ഇന്ത്യ അന്ധകാരത്തിലാപതിക്കാൻ കൂടുതൽ കാലം വേണ്ടി വരില്ല. മുസ്‌ലിം സ്ത്രീകൾ സ്വയേഷ്ട പ്രകാരം രഹസ്യഭാഗങ്ങളും ശരീര സൗന്ദര്യവും മറച്ചുവെച്ച് നടക്കുന്നത് വല്ലാത്തൊരു പീഡനമായാണ് കഥ കണ്ടിരിക്കുന്ന ചിലർക്ക് തോന്നുന്നത്. ഇത് നിരോധിക്കാനാവശ്യപ്പെട്ട് ഒരു സംഘപരിവാറുകാരൻ സുപ്രീം കോടതിയെ സമീപിക്കുക പോലുമുണ്ടായി. മുസ്‌ലിം സ്ത്രീയുടെ വയറ് കുത്തിക്കീറി ഭ്രൂണാവസ്ഥയിലുള്ള കുട്ടിയെ ത്രിശൂലത്തിൽ കുത്തി ആഘോഷിച്ചവർക്ക് മുസ്‌ലിം പെണ്ണിന്റെ പർദ്ദ കൊണ്ടുണ്ടാക്കുന്ന ബുദ്ധിമുട്ട് സഹിക്കാനാവുകയില്ല.
പർദ്ദ കണ്ടാൽ അവരുടെ ഇടനെഞ്ച് പൊട്ടുകയും ചങ്ക്‌വരളുകയും ചെയ്യുമെന്ന പച്ചപരമാർത്ഥം ഏതു പൊട്ടനും അറിയാവുന്നതാണല്ലോ. മുസ്‌ലിം സ്ത്രീകളിൽ നിന്ന് അങ്ങനെയൊരു പരാതി ഇതു വരെ വരാത്ത സ്ഥിതിക്ക് അതിൽ ഇടപെടാൻ സാധ്യമല്ലെന്ന് പറഞ്ഞ് സുപ്രീം കോടതി ഫയൽ കെട്ട് പരാതിക്കാരന്റെ മുഖത്തേക്കെറിഞ്ഞത് നല്ല കാര്യം.
ഇത്രമേൽ വികാരസാന്ദ്രമായി ഇസ്‌ലാമിലെ പണ്ണിനു ‘കാവൽനിൽക്കുന്നവർ’ പക്ഷേ സ്വന്തം മതത്തിൽ ഇന്നും നിലനിൽക്കുന്ന ദേവദാസി സമ്പ്രദായം എന്ന ദൈവം അനുവദിച്ച വേശ്യാവൃത്തിക്കെതിരെ മൗനം പാലിക്കുന്നു. അമ്പലങ്ങളോടനുബന്ധിച്ച് സുന്ദരിപ്പെണ്ണുങ്ങളെ ലൈംഗിക അടിമത്തത്തിനു നിർബന്ധിപ്പിക്കുന്ന ‘പുണ്യകർമ’മാണിത്. കർണാടകയിലെ നാലു ജില്ലകളിൽ മാത്രമായി ഇങ്ങനെ ജീവിതം നിഷേധിക്കപ്പെട്ട 55,000-ത്തിലധികം മതവേശ്യകളുണ്ടത്രെ. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ദേവദാസി വിമോചന മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് തടയിടാനും ക്ഷേത്രങ്ങളിലെ ആചാരം നിലനിർത്താനുമാണത്രെ പശു സ്‌നേഹികളുടെ സംഘടനകൾ ശ്രമിക്കുന്നത് (പച്ചക്കുതിര 2016 ജനുവരി). പശുവിനോട് അമ്പലവേശ്യകൾക്ക് അസൂയ വരുമെന്നത് തീർച്ച. നട്ടുച്ചക്ക് മനുഷ്യനെ തിരഞ്ഞ് ചൂട്ടും കത്തിച്ചിറങ്ങിയ സാധുവിനെ ഓർത്ത് പോകുകയാണ്. ഈ ശ്രമം ഇപ്പോഴാണെങ്കിൽ ചൂട്ട് കെട്ടാൻ നമ്മുടെ തെങ്ങ് മതിയാവാതെ ചൈനീസ് ചൂട്ട് ഇറക്കുമതി ചെയ്യേണ്ടി വരുമായിരുന്നു…!