മനസ്സ് മലിനമാവുമ്പോഴാണ് അസൂയ വരിക. മാലിന്യം കൂടുന്നതിനനുസരിച്ച് അസഹിഷ്ണുതയും പൊറുതികേടും കുത്തിത്തിരിപ്പും ജനം ഏറെ സഹിക്കേണ്ടിവരും. അസൂയക്കാരന്റെ പരിസരം മാത്രമല്ല, നാടാകെ ചീഞ്ഞുനാറും. പുതിയൊരു കണ്ടെത്തലൊന്നുമല്ല ഇത്. വിശേഷബുദ്ധിയുള്ള ആര്ക്കുമറിയാവുന്നതു മാത്രം. എന്നിട്ടുമെന്തിനിങ്ങനെയൊരു വിശദീകരണമെന്നതിന്റെ ന്യായം പറഞ്ഞു കാര്യത്തിലേക്കു കടക്കാം.
അനിവാര്യമായൊരു ഘട്ടത്തില്‍ സമസ്ത പിളര്‍ന്നു. അതേതുടര്ന്ന് സ്വാഭാവികമായും സമസ്ത രണ്ടായി. രണ്ടു കൂട്ടരും ദീനിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതിനു പകരം അത്തരം പ്രഖ്യാപിത ലക്ഷ്യങ്ങളുമായി ഒരു വിഭാഗം മുന്നേറിയപ്പോള്‍ മറ്റേപാതി കൊഞ്ഞനംകുത്തി ആയുസ്സ് കളയുകയാണുണ്ടായത്. അവര്‍ക്ക് സ്വന്തമായി യാതൊരു കര്‍മപരിപാടികളില്ല; നല്ല കാര്യങ്ങള്‍ക്കുവേണ്ടി യോഗം കൂടുകയോ സര്‍ക്കുലര്‍ ഇറക്കുകയോ യാത്ര നടത്തുകയോ ഒന്നുമില്ല. ആകെയുള്ള കലാപരിപാടി അസൂയമൂത്ത് ഓളിയിടുക മാത്രം. താജുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള സുന്നീസമസ്ത കൂമ്പടയുമെന്ന സ്വപ്നം താലോലിക്കുകയായിരുന്നു ഇതുവരെയും. അത് പൊട്ടിത്തകരുകയും സമസ്ത ഏറെ വളര്‍ച്ച നേടി സര്‍വയിടങ്ങളിലും സ്വാധീനം നേടുകയും ചെയ്തതുകൊണ്ടാണ് അസൂയ ചങ്ങല പൊട്ടിക്കുന്നത്.
സത്യത്തില്‍, ഇങ്ങനെയൊരു ചര്‍ച്ച നമുക്കു പഥ്യമല്ല. എന്നാലും, ചളിവാരിയെറിയല്‍ താടിനരച്ചവര് മുതല്‍ തീരെ മുളക്കാത്തവര്‍ വരെ നിരന്തരം നടത്തുമ്പോള്‍ ചിലത് നാം വിശദീകരിക്കേണ്ടിവരില്ലേ? ചേളാരിയിലെ ആലയത്തില്‍ നിന്ന് ഇറങ്ങുന്ന ഒരു വാരികക്ക് തോന്ന്യാസം പറയാനായി കൂലിയെഴുത്തുകാരുണ്ട്. അതിന്റെ അവസാന പേജ് ഞെളിയമ്പറന്പിനെ വെല്ലുംവിധം ദുര്ഗന്ധപൂരിതമായാണ് പുറത്തിറങ്ങുക. അതുമാസ്വദിച്ച് ഏമ്പക്കംവിട്ട് ഇപ്പോ ഞമ്മളെങ്ങനെയെന്ന് ആശ്വസിച്ച് നടക്കുകയാണ് അനുയായികള്‍.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് മുറുകി റിബല്‍ സ്ഥാനാര്‍ത്ഥി സജീവമായി മത്സരരംഗത്തുണ്ടായ ഒരു മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രി പരാജയപ്പെട്ടു. ശക്തമായ ത്രികോണ മത്സരം നടന്നപ്പോള്‍ മതേതരവോട്ടുകള്‍ രണ്ടായി പിളര്‍ന്നതായിരുന്നു കാരണം. അതുപോലും കാന്തപുരം ഉസ്താദിന്റെ പേരില്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നു പ്രസ്തുത കോളമിസ്റ്റ്! വേള്‍ഡ് ട്രേഡ്സെന്റര്‍ തകര്‍ന്നാലും ടിയാനന്മെന് സ്ക്വയറില്‍ വെടിവെപ്പുണ്ടായാലും പ്രതിയെന്ന വിധം, മതസാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലോകം പ്രതീക്ഷാപൂര്‍വം വീക്ഷിക്കുന്ന ഒരു പണ്ഡിതനെ പഴിക്കാന്‍ നാലിഞ്ച് കോണ്ക്രീറ്റിന്റെയത്ര തൊലിക്കട്ടിയൊന്നും പോരതന്നെ.
പച്ചക്കള്ളങ്ങളുടെ മാലപ്പടക്കത്തിനിടയില്‍ ടിയാന് ഒരു സെല്‍ഫ് ഗോളൊപ്പിച്ചതും കാണാം. എപി ഉസ്താദിനെക്കൊണ്ട് കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് സംസാരിപ്പിച്ചാണ് മുന്‍മന്ത്രി സ്ഥാനാര്‍ത്ഥിത്വം ഒപ്പിച്ചെടുത്തതെന്ന്! നോക്കുക, കേരളം ഏതായാലും ഉസ്താദിന്റെ കയ്യിലാണ്, (അതുസംബന്ധമായ വിലാപം നിരന്തരമായുണ്ട്. ആഭ്യന്തര വകുപ്പുപോലും നിയന്ത്രിക്കുന്നത് ഉസ്താദാണെന്ന് മോങ്ങി നടക്കുന്നുണ്ട്). പുറമെ, മറ്റു സംസ്ഥാനങ്ങളിലും എംഎല്‍എയെയും എംപിയെയുമൊക്കെ നിയന്ത്രിക്കാന്‍ മാത്രം ഉസ്താദ് വളര്‍ന്നു എന്നുതന്നെ. ഇത് ചില്ലറക്കാര്യമാണോ? അവര്‍ക്കുമുണ്ടല്ലോ ചില സെക്രട്ടറിമാരും നേതാക്കളും. ഒന്നു ശ്രമിച്ചു നോക്കിക്കൂടേ? ആട്ടിയോടിക്കുന്നതു കാണാം. ഇതാണ് യഥാര്‍ത്ഥ പണ്ഡിതരും അല്ലാത്തവരുമുള്ള വ്യത്യാസം.
സുന്നീ സംഘടനകള്‍, പൊതു പ്രസ്ഥാനങ്ങള്‍പോലും മാതൃകയാക്കുന്നവിധം വ്യവസ്ഥാപിതമായാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് ചേളാരിക്കുട്ടികള് നടത്തിയ സമ്മേളനത്തെത്തുടര്‍ന്ന് പൊതു പത്രങ്ങള്‍ എഴുതിയ നാറ്റ മാലിന്യക്കാര്യങ്ങള് ആരും മറന്നിട്ടില്ല. ജനലക്ഷങ്ങള്‍ സംഗമിച്ച കേരളയാത്ര പോലുള്ള സുന്നീ പരിപാടികള്‍ ഗതാഗതത്തിനോ നഗരവൃത്തിക്കോ യാതൊരു തടസ്സവും സൃഷ്ടിക്കാതിരുന്ന അദ്ഭുതവും പത്രങ്ങളെഴുതി. മുസ്ലിം രാഷ്ട്രീയ കക്ഷിയുടെ വിദ്യാര്‍ത്ഥി വിഭാഗം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന ക്യാന്പില്‍ പല നേതാക്കളും എസ്എസ്എഫുകാരെ കണ്ടുപഠിക്കാന്‍ ഉണര്‍ത്തുക പോലുമുണ്ടായി. വിശാലമായി ചിന്തിക്കുകയും നന്മ ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ അങ്ങനെയാണ്. എന്നാല്‍ ആലയ ജീവികളോ? എസ്വൈഎസിന്റെ പുതിയ സംവിധാനമായ കാബിനറ്റ് സിസ്റ്റത്തെ അപഹസിച്ചു ലേഖനമിറക്കിയിരിക്കുന്നു! നന്നാവില്ലെന്നത് നേര്, എന്നാല്‍ നല്ലതിലേക്ക് നോക്കുക പോലുമില്ലെന്ന വാശി എത്രമാത്രം അധമമാണ്.
കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷികം സുന്നികള്‍ സജീവമാക്കിയത് ഏറെ ചര്‍ച്ചയായല്ലോ. ഉടനെ വന്നു കോഴി കോട്ടുവായ് ഇട്ടപോലൊരു സംവാദ അനുസ്മരണം. കൊട്ടപ്പുറം സംവാദം അവകാശികളാര് എന്നു പ്രചരിപ്പിച്ച് ഞമ്മന്റതാക്കാന് നാലാളും പുത്യാപ്ലമാരും ഒരുമിച്ചുകൂടിയതായിരുന്നു. കൊട്ടപ്പുറം സംവാദത്തിന്റെ വിജയനായകന് കാന്തപുരം ഉസ്താദില്‍ നിന്ന് എല്ലാ ക്രഡിറ്റും ഒന്നിച്ച് ഏറ്റുവാങ്ങി ഏമ്പക്കം വിടാമെന്നായിരുന്നു സംഘാടകരുടെ ലക്ഷ്യം. പരിപാടിയങ്ങനെ മുന്നോട്ടു പോകുന്നതിനിടയിലാണ് മുസ്തഫാ ഫൈസിയുടെ വക ഇടിത്തീ വീണത്. കാന്തപുരവും അണ്ടോണ മുഹ്യിദ്ദീന് മുസ്ലിയാര്, ചെറിയ എപി പോലുള്ളവര്‍ നന്നായി തിളങ്ങുകയും ശക്തമായി സംവാദം വിജയിപ്പിക്കുകയും ചെയ്തു എന്നതില്‍ പോരിശ ഒതുക്കാതെ അദ്ദേഹം തുടര്‍ന്നു: കാന്തപുരം ഏറെ പ്രഗത്ഭനാണ്. ഒരാള്‍ക്ക് ഉള്ള മഹത്വം അംഗീകരിച്ച് കൊടുക്കാതിരുന്നിട്ട് കാര്യമില്ല…! എങ്ങനെയുണ്ട് കൂരിരുളിലെ തിരിനാളം. എന്തായാലും യുവതുര്‍ക്കികളുടെ മുറുമുറുപ്പിനിടയിലും സത്യം തുറന്നുപറയാന്‍ ഫൈസി കാണിച്ച ധ്യൈം അഭിനന്ദനമര്‍ഹിക്കുന്നു.
ഉള്ളാള്‍ തങ്ങളെയും എപി ഉസ്താദിനെയും വിളിക്കാനും പ്രസംഗിപ്പിക്കാനുമൊക്കെ പണ്ട് കണ്ണിയത്ത് ഉസ്താദ് ആവശ്യപ്പെടുമ്പോള്‍ മൈക് ഓഫാക്കി തടിതപ്പിയിരുന്ന പരിപാടി ബൈലക്സ് ലോകത്ത് കഴിയില്ലല്ലോ. അതുകൊണ്ട് സ്റ്റേജും സദസ്സും എപി മദ്ഹ് കേട്ട് സഹിച്ചു. നുരഞ്ഞു പൊന്തിയതൊക്കെ കഷ്ടപ്പെട്ട് തിരിച്ചിറക്കി. പിന്നെ എഴുന്നേറ്റയാള്‍ കുറെ പാത്തല് ക്രിയ നടത്തിയെങ്കിലും അതുകൊണ്ടൊന്നും സദസ്യരുടെ തരിപ്പു വിട്ടില്ല. മ്ലാനവദനരായി, മയ്യിത്ത് കൊണ്ടുപോകുമ്പോലെയാണ് അവര്‍ ചന്തപിരിഞ്ഞത്.
ഏതു നന്മയിലും അസ്വസ്ഥനാകുക ഒരു യോഗ്യതയാണോ? ആണെന്നു കരുതുന്ന വിഭാഗമാണിത്. ഇതു വായിക്കുക: മേനകാഗാന്ധിയെ കണ്ട് സംഭാഷണം നടത്താന്‍ താമസിയാതെ അബൂബക്കര്‍ മുസ്ലിയാര് പോകുമെന്നും പത്രവാര്‍ത്ത വരുമെന്നും നമുക്കാശിക്കാം. സഊദിയില്‍ പോയി നിതാഖാതിനെ നിവേദനം കൊടുത്ത സ്ഥിതിക്ക് എ്യെരാഷ്ട്ര സഭയില്‍ പോയി ഒരു നിവേദനത്തിന് ചാന്‍സുണ്ട്. വരട്ടെ അങ്ങനെയും ഒരു പത്രാസ് (അഫ്കാര്‍, മെയ് 29).
ഓരോ വരിയിലെയും നാറ്റം അറിയാനാവുന്നില്ലേ? വയനാട്ടില്‍ ആനയിറങ്ങിയതാണ് ലേഖന വിഷയം. മേനകാ ഗാന്ധിയുടെ മൃഗനിയമവും ചര്‍ച്ചയായി. ഇവിടെയൊന്നും ഉസ്താദിന്റെ ഗീബത്തിന് അവസരം കിട്ടാതായ വയനാടന്‍ ഇങ്ങനെയൊരു അവസരം സൃഷ്ടിച്ചെടുത്തു, റാഹത്തായി!
ഉസ്താദ് സമൂഹത്തിനുവേണ്ടി പലരെയും കണ്ടിട്ടുണ്ട്. പ്രധാനമന്ത്രി മുതല്‍ പല ഉന്നതരുമായി ദീനീ കാര്യങ്ങളും സമൂഹപുരോഗതിയും ചര്‍ച്ച ചെയ്തിട്ടുണ്ട്. പല ഉന്നതരും ഉസ്താദിനെ കാണാനും ചര്‍ച്ച ചെയ്യാനും നിരന്തരമെത്താറുണ്ട്. ഇതിലൊക്കെ പല്ലുകടിച്ചിട്ടെന്ത്? ഇന്ത്യാ ഗവണ്മെന്റ് പ്രതിനിധികള്‍ എത്തിച്ചേരുന്നതിന്റെ മാസങ്ങള്‍ക്കുമുമ്പ് സഊദിയില്‍ പോയി പാവപ്പെട്ടവര്‍ക്കുവേണ്ടി സംസാരിച്ചത് തെറ്റായിപ്പോയോ? എന്തേ കൂട്ടത്തിലാര്‍ക്കും അങ്ങനെയൊരു നന്മ തോന്നാതിരുന്നത്? ചൊറിയാന്‍ മാത്രം തലച്ചോറ് ഉപയോഗിക്കുന്നവര്‍ക്ക് നല്ലത് തോന്നാതിരിക്കുന്നത് ആരുടെ കുറ്റമാണ്?
മേല്‍ ഉദ്ധരണത്തിലെ ഓരോ വരിയിലും നിറഞ്ഞുനില്ക്കുന്നത് അസൂയയാണ്; പകയാണ്, ഇരുട്ടിനായുള്ള മോഹമാണ്. ഒപ്പം വന്യമൃഗ ശല്യം പരിഹരിക്കാനും ഉസ്താദ് ഇടപെടുമെന്ന ആശയും. സ്വന്തം നാട്ടിലാണ് ഈ പ്രശ്നമെന്നതിനാല്‍ ടിയാന്റെ ആത്മാര്‍ത്ഥത തെറ്റിദ്ധരിക്കേണ്ടതില്ലതാനും. പടച്ചവനേ, ഈ സാധുക്കള്‍ എന്നാണ് പരിണാമം പൂര്‍ത്തിയാക്കുക. പിന്നെയൊരു സ്വകാര്യം, സിഎം ഇബ്റാഹീമിനെ കുറിച്ച് വയനാടനെഴുതിയത് കാലുമാറ്റക്കാരന് എന്നാണ്. അതെന്തെങ്കിലുമാവട്ടെ, പക്ഷേ, ഇവിടെ ചെറിയൊരു സംശയം തോന്നുന്നു. ഇയാള്‍ തീരെ കണ്ണാടി നോക്കാറില്ലേ?