നുഷ്യന്‍ സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് തന്നെ അവന്‍ എപ്പോഴും സമൂഹത്തെ ആശ്രയിക്കുന്നവനായിരിക്കും. മനുഷ്യന്‍റെ ഇത്തരം പരസ്പരാശ്രയത്തിന്‍റെയും സഹായ സഹകരണത്തിന്‍റെയും കൈമാറ്റത്തിനായി വിവിധ തരം സാമൂഹിക സ്ഥാപനങ്ങള്‍ (Social Institutions) നിലവിലുണ്ട്. ‘പൊതു ആവശ്യത്തിനായി ഒത്തുചേരുന്ന ഒരുകൂട്ടം ആളുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു സാമൂഹിക സ്ഥാപനം.’ സാമൂഹ്യശാസ്ത്രം (Sociology) പരിചയപ്പെടുത്തുന്ന പ്രധാന സാമൂഹിക സ്ഥാപനങ്ങള്‍ വിവാഹം (Marriage), കുടുംബം (Family), രക്തബന്ധം (Kinship), മതം (Religion) എന്നിവയാണ്. ഇത്തരം സ്ഥാപനങ്ങള്‍ സാമൂഹിക ക്രമത്തിന്‍റെ ഭാഗവുമാണ്. ഇവ വ്യക്തികളുടെ പെരുമാറ്റത്തെയും പ്രതീക്ഷകളെയും നിയന്ത്രിക്കുകയും ചെയ്യുന്നു.

വിശുദ്ധ ഇസ്ലാം ഇത്തരം സാമൂഹിക സ്ഥാപനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നതായി കാണാന്‍ സാധിക്കും. ഇസ്ലാമില്‍ വിവാഹം പവിത്രവും പരിപാവനവുമായ കാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതായി കാണാം: ‘നിങ്ങളുടെ വര്‍ഗത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചുതന്നിരിക്കുന്നത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതു തന്നെയാണ്. നിങ്ങള്‍ അവരുമായി ഇണചേര്‍ന്നു മനസ്സമാധാനം കൈവരിക്കാനായി അല്ലാഹു നിങ്ങള്‍ക്കിടയില്‍ സ്നേഹ ബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ചിന്തിക്കുന്ന ജനതക്ക് അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് (സൂറത്തുറൂം: 21).

തിരുനബി(സ്വ) പറയുന്നു: ‘യുവാക്കളേ, നിങ്ങളില്‍ വിവാഹ ചെലവിന് സാധ്യമാകുന്നവര്‍ വിവാഹം ചെയ്യട്ടെ, തീര്‍ച്ചയായും അത് നിങ്ങളുടെ കണ്ണുകളെയും ഗുഹ്യഭാഗത്തെയും സംരക്ഷിക്കുന്നതാണ്’ (ബുഖാരി).

ധാര്‍മിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഇസ്ലാം മനുഷ്യന്‍റെ ലൈംഗികത്വരയെ നിയമാനുസൃതമായ വിവാഹത്തിലൂടെ വിനിയോഗിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണിവിടെ. അതോടൊപ്പം ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ലൈംഗിക ബന്ധത്തെ കര്‍ശനമായി നിരോധിക്കുകയും ചെയ്യുന്നു.

വിവാഹം കൊണ്ട് കേവലം വികാര ശമനമല്ല ഇസ്ലാം ഉദ്ദേശിക്കുന്നത്. മറിച്ച്, സുപ്രധാനമായ മറ്റു പല കാര്യങ്ങള്‍ കൂടി ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. സന്താനോല്‍പാദനം വഴി മനുഷ്യവര്‍ഗത്തെ സംരക്ഷിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഭാര്യ-ഭര്‍തൃ ബന്ധവും സ്നേഹ കൈമാറ്റവും സ്ത്രീ സുരക്ഷയും പരസ്പരം ബാധ്യത നിര്‍വഹണവും നടക്കുന്നു. പിന്നീട് സന്താനോല്‍പാദനത്തോടെ സന്താന പരിപാലനവും കുടുംബം എന്ന മഹത്തായ മറ്റൊരു സ്ഥാപനത്തിന്‍റെ നിര്‍മാണവും സാധ്യമാകും. അതോടെ കേവലം ഭാര്യ-ഭര്‍ത്താക്കന്മാരായിരുന്നവര്‍ മാതാപിതാക്കള്‍ എന്ന അതിവിശിഷ്ടമായ പദവിയിലെത്തുന്നു. അതോടെ ‘രക്തബന്ധം’ എന്ന മറ്റൊരു സാമൂഹ്യ സ്ഥാപനത്തിന്‍റെ രൂപീകരണം കൂടി സംഭവിക്കുകയായി.

ഇവിടെ ഓരോ ഘട്ടത്തിലും ഓരോരുത്തരും നിര്‍വഹിക്കേണ്ട കടമകളും ബാധ്യതകളും നിര്‍വഹിച്ചാല്‍ മാത്രമേ ഉപരി സൂചിത സാമൂഹ്യ സ്ഥാപനങ്ങളുടെ സുഗമമായ ഗമനം സാധ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെ വിശുദ്ധ ഇസ്ലാം ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ് ഭാര്യയോടും മാതാപിതാക്കള്‍ സന്താനങ്ങളോടും സന്താനങ്ങള്‍ മാതാപിതാക്കളോടുമുള്ള കടമകളും ബാധ്യതകളും കൃത്യമായി വരച്ചുകാണിക്കുകയും അവ പൂര്‍ണമായി നിര്‍വഹിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ഇതിലൂടെ സാമൂഹിക സ്ഥാപനങ്ങളുടെ പൂര്‍ണ നിര്‍മിതി സാധ്യമാവുകയാണ്.

മാതാപിതാക്കളോടുള്ള കടമ ഇസ്ലാമില്‍

വിശുദ്ധ ഖുര്‍ആനും തിരുഹദീസും മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ച് കൃത്യമായ വിവരണം നല്‍കുന്നതായി കാണാം: ‘അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നും നിന്‍റെ നാഥന്‍ കല്‍പിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ നിന്‍റെയടുക്കല്‍വച്ച് വാര്‍ധക്യം ബാധിച്ചവരായാല്‍ അവരോട് നീ ‘ഛെ’ എന്ന് പോലും പറയരുത്. അവരോട് പരുഷമായി പെരുമാറുകയുമരുത്. നീ അവരോട് മാന്യമായ വാക്കുകള്‍ പറയുക. കാരുണ്യത്താല്‍ വിനയത്തിന്‍റെ ചിറക് നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. എന്‍റെ നാഥാ, എന്നെ ചെറുപ്പത്തില്‍ അവര്‍ പോറ്റിവളര്‍ത്തിയത് പോലെ അവരോടും നീ കരുണ കാണിക്കേണമേ എന്നു നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക’ (സൂറത്തു ഇസ്റാഅ്: 23, 24).

എത്ര സുന്ദരമാണ് ഈ ദൈവിക കല്‍പനകള്‍. വാര്‍ധക്യം ബാധിച്ച, രോഗികളുമായ മാതാപിതാക്കളെ ഭാരമായും തങ്ങളുടെ ജീവിത നിലവാരത്തിന് ക്ഷതമേല്‍പ്പിക്കുന്നവരായും കണക്കാക്കി വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്ന ആധുനിക സന്താനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പാണിത്. വാര്‍ധക്യം ബാധിച്ച മാതാപിതാക്കളോട് അല്‍പം നീരസം പോലും പ്രകടിപ്പിക്കരുതെന്നാണ് വിശുദ്ധ ഖുര്‍ആനിന്‍റെ നിര്‍ദേശം.

അബ്ദുല്ലാഹിബ്നു ഉമര്‍(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അല്ലാഹുവിന്‍റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണ്’ (തിര്‍മുദി). ഇത്തരത്തില്‍ മാതാപിതാക്കളോടുള്ള കടമകളെയും ബാധ്യതകളെയും പരാമര്‍ശിക്കുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാനാവും.

യുക്തിവാദികളുടെ സമീപനം

മനുഷ്യസമൂഹത്തിന്‍റെ നിലനില്‍പ്പ്, സാമൂഹിക സ്ഥാപനങ്ങളെ ആശ്രയിച്ചാണ്. ഏതൊരു സ്ഥാപനത്തിന്‍റെയും നിലനില്‍പ്പിന് ആവശ്യമായ നിയമങ്ങളും കടമകളും ബാധ്യതകളും നിര്‍വഹിക്കേണ്ടതുണ്ട്. നിയമ വ്യവസ്ഥിതികളില്ലെങ്കില്‍ ഏതു കാര്യവും തകരും. ഇപ്രകാരം സാമൂഹിക കൂട്ടങ്ങളുടെ നിലനില്‍പ്പിനും നിയമ വ്യവസ്ഥിതികള്‍ ആവശ്യമാണ്. ധാര്‍മികപരമായോ സാമൂഹികപരമായോ യാതൊരു നിയമ വ്യവസ്ഥയുമില്ലാത്തവരായ യുക്തിവാദികള്‍ക്ക് ഒരിക്കലും സാമൂഹിക സ്ഥാപനങ്ങളുടെ നിര്‍മിതി സാധ്യമല്ല. ഇനി ഏതെങ്കിലുമൊരു യുക്തിവാദിക്ക് അങ്ങനെ സാധിച്ചിട്ടുണ്ടെങ്കില്‍ അത് മതങ്ങളുടെ ധാര്‍മിക-സാമൂഹിക നിയമ വ്യവസ്ഥകള്‍ പാലിച്ചത് കൊണ്ട് മാത്രമായിരിക്കും. തങ്ങള്‍ക്ക് സ്വന്തമായി ആദര്‍ശമില്ലെന്നും മതങ്ങളുടെ ആദര്‍ശങ്ങള്‍ കടമെടുക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നും യുക്തിവാദികളുടെ ആദ്യകാല നേതാവായ എംസി ജോസഫ് തന്നെ പറയുന്നത് കാണാം: യുക്തിവാദികള്‍, നാസ്തികര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് അവരുടേതായ സമുദായമോ വിശ്വാസ സംഹിതകളോ ആചാര നിബന്ധനകളോ ഇല്ല. ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ഏതെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ ഏത് മതാചാരവും പരസ്യമായി അനുഷ്ഠിക്കുന്നതില്‍ യാതൊരു പ്രതിബന്ധവുമില്ലാത്തവരാണ് യുക്തിവാദികള്‍ (യുക്തിവാദി മാസിക, എംസി ജോസഫ്, ഏപ്രില്‍ 1972 വാള്യം 43, പേ: 9).

സമാനമായ ആശയം കേരള യുക്തിവാദികളുടെ ആധുനിക അപ്പോസ്തലനായ സി രവിചന്ദ്രന്‍ ‘നാസ്തികനായ ദൈവം’ എന്ന പുസ്തകത്തില്‍ പറയുന്നതായും കാണാം: ‘വേണമെന്നുണ്ടെങ്കില്‍ അവരവരുടെ സാംസ്കാരിക പൈതൃകത്തോടും തദ്ദേശീയ സാഹിത്യത്തോടും വൈകാരികമായ കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം, ശവ സംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപത്കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ അതീന്ദ്രിയവും അതിഭൗതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്ക് ചേരാവുന്നതേയുള്ളൂ’ (നാസ്തികനായ ദൈവം, പേജ്: 385).

സാമൂഹിക സ്ഥാപനങ്ങളുടെ രൂപീകരണം വിവാഹത്തിലൂടെയാണ് ആരംഭിക്കുന്നത്. വിവാഹത്തെക്കുറിച്ച് യുക്തിവാദികളുടെ സങ്കല്‍പം ഒന്ന് പരിശോധിച്ചു നോക്കാം: ‘ഉഭയ സമ്മതപ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും യുക്തിവാദികള്‍ അംഗീകരിച്ചേ തീരൂ. ലൈംഗിക ബന്ധം പാപമോ തെറ്റോ അല്ല. ഇത് പ്രകൃതിയുടെ നിയമമാണ്. ലൈംഗിക വികാരം പ്രകൃതിദത്തമാണ്. ഏതൊരു സ്ത്രീക്കും പുരുഷനും അത് പൂര്‍ത്തീകരിക്കാനുള്ള അവകാശം ഉണ്ട്. വിവാഹം ലൈംഗിക ബന്ധത്തിന് ഒരു തടസ്സമാകരുത്. മനുഷ്യസമൂഹത്തിന്‍റെ ആദ്യകാലങ്ങളില്‍ സ്ത്രീയും പുരുഷനും അവര്‍ക്കിഷ്ടപ്പെടുന്ന ഇണകളുമായി ബന്ധപ്പെടുമായിരുന്നു. പിന്നീടാണ് പുരോഹിത വര്‍ഗവും ദൈവങ്ങളും ആരാധനകളും വിവാഹ സമ്പ്രദായങ്ങളുമൊക്കെ ഉരുത്തിരിഞ്ഞ് വന്നത്’ (യുക്തി വിചാരം മാസിക, മാര്‍ച്ച് 2000).

‘ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്‍റെ യുക്തിവാദം ജീവിതാവസാനം വരെ നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാര്‍ഗം’ (യുക്തി വിചാരം മാസിക, ഡിസംബര്‍ 2010, പേജ്: 16).

‘യുക്തിവാദി സംഘത്തിലെ അംഗങ്ങള്‍ക്കിടയില്‍ ലൈംഗിക നിയന്ത്രണങ്ങളൊന്നും പാടില്ല. ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ ഏര്‍പ്പാടുകളൊക്കെ വേണ്ടെന്നു വെക്കണം. വിവാഹം കഴിക്കുന്നത് വരെ ലൈംഗിക ബന്ധം പാടില്ലെന്ന് കുട്ടികള്‍ക്ക് നിയന്ത്രണം ചെയ്യരുത് (യുക്തി വിചാരം മാസിക, ജനുവരി 2011, പേ: 76).

ഏറ്റുമാനൂര്‍ ഗോപാലന്‍ ‘യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം’ എന്ന പുസ്തകത്തില്‍ വിവാഹത്തെ പരാമര്‍ശിക്കുന്നത് ഇപ്രകാരം: ‘മതത്തിന്‍റെ പ്രകടനപരതയെ എതിര്‍ക്കുന്നതുകൊണ്ട് മതപരമായ ആചാരങ്ങളോട് നിഷേധാത്മകത കാണിക്കണമെന്ന് പൊതുവെ അംഗീകരിച്ചിരിക്കുന്നു. വിവാഹം ഉദാഹരണമായെടുക്കാവുന്നതാണ്. ‘വിവാഹം’ ഏത് വിധത്തിലുള്ളതായാലും മതപരമാണ്. മതപരമായ സാമൂഹ്യ സദാചാരം വളര്‍ന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയില്‍ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളില്‍ വിവാഹമില്ലായിരുന്നു (യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം, പേ: 30).

‘വിവാഹം’ എന്ന സാമൂഹ്യ സ്ഥാപനത്തെ പാടേ നിഷേധിക്കുകയും സ്വതന്ത്ര ലൈംഗികതക്ക് (Free Sex) ലൈസന്‍സ് നല്‍കുകയുമാണ് യുക്തിവാദി സാഹിത്യങ്ങള്‍.

ധാര്‍മികത- ഒരന്വേഷണം എന്ന പ്രമേയത്തില്‍ 2013 ഏപ്രില്‍ മാസം പുറത്തിറങ്ങിയ യുക്തിയുഗം മാസികയില്‍ ‘ബലാത്സംഗത്തിന്‍റെ ദൈവിക സിദ്ധാന്തം’ എന്ന അരുണ്‍ മംഗലത്ത് എഴുതിയ ലേഖനത്തില്‍ ബലാത്സംഗത്തിന് പരിണാമത്തിന്‍റെ ലൈസന്‍സ് നല്‍കി ന്യായീകരിക്കുന്നതായി കാണാം: ‘ചുരുങ്ങിയ സമയത്തില്‍ പരമാവധി പങ്കാളികളിലേക്ക് തന്‍റെ ജനിതക പദാര്‍ത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്‍റെ ജനിതക പദാര്‍ത്ഥത്തിന്‍റെ കോപ്പികള്‍ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്‍റെ ‘പരിണാമ ലക്ഷ്യം’. അതിനാല്‍ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതയാണ്’ (യുക്തിയുഗം, ഏപ്രില്‍ 2013, പേ: 50)

വിവാഹത്തെ നിഷേധിക്കുകയും സ്വതന്ത്ര ലൈംഗികതയെയും ബലാത്സംഗത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് കുടുംബം, രക്തബന്ധം എന്നീ മഹത്തായ സാമൂഹ്യ സ്ഥാപനങ്ങളെ തകര്‍ത്തെറിയുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്. ഇതടിസ്ഥാനത്തില്‍ ഒരു യുക്തിവാദിക്കും തന്‍റെ പിതാവ് ആരാണെന്ന് തിരിച്ചറിയേണ്ടതു പോലുമില്ലെന്ന് വരുന്നു. പിന്നെ എങ്ങനെയാണ് അവര്‍ക്ക് മാതാപിതാക്കളോടുള്ള കടമകള്‍ നിര്‍വഹിക്കാനാവുക?

യുക്തിവാദി സാഹിത്യങ്ങളിലെ പരാമര്‍ശങ്ങളില്‍ നിന്നും പൊതുസമൂഹത്തിന് ബോധ്യപ്പെടുന്നത് കുടുംബം, മാതാപിതാക്കള്‍ പോലുള്ളവക്ക് യാതൊരു പരിഗണനയും നല്‍കേണ്ടെന്ന ആദര്‍ശമാണ് യുക്തിവാദികള്‍ വച്ചുപുലര്‍ത്തുന്നത് എന്നാണ്.

യുക്തിവാദത്തില്‍ മാതാപിതാക്കളോടുള്ള കടമ

വിവാഹത്തെ നിഷേധിക്കുകയും സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് മൃഗതുല്യരായി ജീവിക്കുന്ന യുക്തിവാദികള്‍ക്ക് സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാന്‍ പ്രയാസമാണ്. തിരിച്ചറിഞ്ഞാല്‍ തന്നെ അവരോട് യാതൊരു കടമയുമുള്ളതായി അവരുടെ സ്വതന്ത്ര ചിന്താധാര മുന്നോട്ടുവെക്കുന്നില്ല. യുക്തിപരമായി ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്ന യുക്തിവാദികള്‍ക്ക് വൃദ്ധരായ മാതാപിതാക്കളെ ‘ഉപയോഗ ശൂന്യരായേ’ കണക്കാക്കാനാവൂ. കാരണം യുക്തിയുഗം മാസികയില്‍ പരാമര്‍ശിച്ച ‘പരിണാമ ലക്ഷ്യം’ പോലും നിര്‍വഹിക്കാന്‍ സാധിക്കാത്ത വൃദ്ധരായ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് യുക്തി കൊണ്ട് കണ്ടെത്താന്‍ സാധിക്കുക?

ഇനി യുക്തിവാദി മാതാപിതാക്കളെ പരിചരിച്ചാല്‍ അവന് എന്ത് നേട്ടമാണ് ലഭിക്കുക? രവിചന്ദ്രന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കൊ പേ’ (കൊതിപ്പിക്കലും പേടിപ്പിക്കലും) ഇല്ലാത്ത യുക്തിവാദത്തില്‍ ഇത്തരം നന്മകള്‍ക്ക് എന്ത് പ്രതിഫലമാണ് ലഭിക്കുക? ഒരു വിശ്വാസി വൃദ്ധരായ തന്‍റെ മാതാപിതാക്കളെ പരിചരിച്ചാല്‍ അവന് അല്ലാഹുവിന്‍റെ തൃപ്തിയും പ്രതിഫലവും ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. സംരക്ഷിച്ചില്ലെങ്കില്‍ ദൈവിക ശിക്ഷയുമുണ്ട്. ഈ ‘കൊ പേ’ കൊണ്ട് അവര്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നു. യുക്തിവാദിക്ക് അത്തരം പ്രതീക്ഷകളൊന്നുമില്ലല്ലോ!

ധാര്‍മിക മൂല്യങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും തച്ചുടക്കുന്ന വിഷലിപ്തമായ ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഇത്തരം ഭൗതിക സ്വതന്ത്ര ചിന്താധാരയെ യുക്തിവാദികള്‍ തിരിച്ചറിയേണ്ടതുണ്ട്. അല്ലെങ്കില്‍ സ്വന്തം യുക്തന്‍ മക്കള്‍ തിരസ്കരിക്കുമ്പോള്‍ തിരിച്ചറിയുകതന്നെ ചെയ്യും.

You May Also Like
Responsibility on child

മക്കളോടും ചില ബാധ്യതകളില്ലേ?

രക്ഷിതാവാകുക എന്നത് ഇന്നത്തെ കാലത്ത് ശ്രമകരമായ ദൗത്യമാണ്. പഴയ കാലത്തെ അപേക്ഷിച്ച് പുതുകാല രക്ഷിതാക്കള്‍ കുട്ടികള്‍ക്ക്…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍
Mappila Songs

മാപ്പില്ലാ പാട്ടുകളാകരുത് മാപ്പിള പാട്ടുകള്‍

കേവലം ഗാനവഴക്കം എന്നതിലുപരി ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ടൊരു ജനതയുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒരിക്കലും…

● മുനീര്‍ നവാസ് കൊല്ലം
vrdha paricharanam

വൃദ്ധപരിചരണം: ഇസ്ലാം പറയുന്നത്

മനുഷ്യന്‍റെ ജീവിതസഞ്ചാരത്തിലെ അവസാന ഭാഗമാണ് വാര്‍ധക്യം. ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങള്‍ കഴിഞ്ഞാണ്…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്