Islamic History - Malayalam

ത്യദീനിനു വേണ്ടി ത്യാഗത്തിന്റെ കൊടുമുടികൾ താണ്ടിക്കടന്ന നിരവധി മഹത്തുക്കളുണ്ട്. അവരിൽ അഗ്രിമ സ്ഥാനത്താണ് ജഅ്ഫറുബ്‌നു അബീത്വാലിബ്(റ). നാലാം ഖലീഫ അലി(റ)ന്റെ മൂത്ത സഹോദരൻ. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ജഅ്ഫറും പത്‌നിയും ഇസ്‌ലാം സ്വീകരിക്കുമ്പോൾ അദ്ദേഹം മുപ്പത്തി രണ്ടാമനാണ് ഇസ്‌ലാമിൽ. അബ്‌സീനിയയിലേക്കു പലായനം ചെയ്ത ആ ദമ്പതികൾക്ക് അവിടെ വച്ച് മൂന്ന് സന്തതികൾ പിറന്നു. മുഹമ്മദ്, അബ്ദുല്ല, ഔഫ്.

പ്രതാപം തുളുമ്പുന്ന യുവത്വം, ഗാംഭീര്യം, പ്രസന്നത, നിർഭയത്വം, ദാരിദ്ര്യം ഭയക്കാത്ത ദാനശീലം, അതുല്യമായ ദൈവഭക്തി, വിനയം, വിശ്വസ്തത, സത്യസന്ധത തുടങ്ങി ഉന്നത സ്വഭാവവൈശിഷ്ട്യങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. ‘രൂപത്തിലും സ്വഭാവ ഗുണത്തിലും എന്നോട് സദൃശനാണ് താങ്കൾ’ ഒരിക്കൽ നബി(സ്വ) ജഅ്ഫർ(റ)നോട് പറയുകയുണ്ടായി. സാധുക്കളോട് അടുപ്പം പുലർത്തുകയും അവർക്കൊപ്പം സമയം ചെലവിടുകയും കണക്കില്ലാതെ സ്വദഖ നൽകുകയും ചെയ്തിരുന്ന അദ്ദേഹത്തെ അബുൽ മസാകീൻ (അഗതികളുടെ പിതാവ്) എന്നാണ് പ്രവാചകർ(സ്വ) അഭിസംബോധന ചെയ്തിരുന്നത്. ദുൽ ജനാഹൈനി (ഇരു ചിറകുള്ളയാൾ), ത്വാഇറതുൽ ജന്ന (സ്വർഗപ്പക്ഷി) എന്നും അവിടുന്ന് വിശേഷിപ്പിക്കുമായിരുന്നു.

സമർത്ഥനും ബുദ്ധിമാനും വാചാലനുമായിരുന്നു അദ്ദേഹം. എത്യോപ്യയിലെ ഭരണാധികാരി നജ്ജാശി ചക്രവർത്തിയുടെ മുമ്പാകെ ജഅ്ഫർ(റ) ചെയ്ത പ്രസംഗം ചരിത്ര പ്രസിദ്ധം. വിശ്വാസ സംരക്ഷണാർത്ഥം മുസ്‌ലിംകൾ അബ്‌സീനിയയിലേക്ക് പലായനം ചെയ്തത് മക്കയിലെ ശത്രുക്കൾക്ക് അസഹ്യമായിത്തോന്നി. തങ്ങളുടെ പീഡന പർവത്തിൽനിന്നും രക്ഷപ്പെടാൻ അവരെ അനുവദിച്ചുകൂടെന്ന മനോഭാവമുള്ളവർ അഭയാർത്ഥികളെ മക്കയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാൻ കരുക്കൾ നീക്കി. അവർ അബ്‌സീനിയയിൽ തുടർന്നാൽ അന്നാട്ടുകാർ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാവാനിടയുണ്ട്. അത് അപകടമാണ്. മുസ്‌ലിംകളുടെ ജനസംഖ്യ വർധിക്കുന്നത് തങ്ങളുടെ നാട്ടിനും പ്രതാപത്തിനും അവമതി വരുത്തിവെക്കും. അതായിരുന്നു ഖുറൈശികളുടെ ഭയം. അവരെ മക്കയിൽ തിരിച്ചെത്തിക്കാനുള്ള കുതന്ത്രങ്ങൾ മെനയണം. അവരുറച്ചു.

അബ്‌സീനിയൻ ഭരണാധികാരിയെ വശത്താക്കി അഭയാർത്ഥികളെ സ്വദേശത്തേക്ക് പറഞ്ഞുവിടാൻ പ്രേരിപ്പിക്കാൻ പ്രാപ്തിയുള്ള രണ്ടു പേരെ ഖുറൈശികൾ പറഞ്ഞയച്ചു. അംറുബ്‌നുൽ ആസ്വി, അബ്ദുല്ലാഹിബ്‌നു അബീറബീഅ എന്നിവരായിരുന്നു ദൂതർ. ഇസ്‌ലാമിക പ്രസ്ഥാനത്തോട് ആദരവു പുലർത്തിയ വ്യക്തിത്വമായിരുന്നു നീതിമാനായ അന്നത്തെ ചക്രവർത്തി. പിന്നീട് അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചുവെന്ന് ചരിത്രം.

ഖുറൈശി ദൂതന്മാർ വിലപിടിപ്പുള്ള പാരിതോഷികങ്ങളുമായി ചക്രവർത്തിയെ പ്രീണിപ്പിക്കാൻ പുറപ്പെട്ടു. ദൗത്യം വിജയിക്കുമോ എന്നതിൽ പൂർണ പ്രതീക്ഷയില്ലാതിരുന്ന അവർ ആദ്യം ചെയ്തത് ക്രിസ്തീയ പുരോഹിതരെ സന്ദർശിക്കുകയാണ്. അവരെ സ്വാധീനിച്ച് അവർ വഴി ചക്രവർത്തിയെ സമീപിക്കാനായിരുന്നു പദ്ധതി. പുരോഹിതരെ സമ്മാനങ്ങൾ നൽകി പാട്ടിലാക്കി. അവരുടെ ശിപാർശയിൽ രാജാവിനെ ചെന്നുകണ്ടു.

നജ്ജാശിയുടെ കൊട്ടാരത്തിൽ ചക്രവർത്തിയും പരിവാരവും പുരോഹിതരും മുമ്പാകെ ഖുറൈശി പ്രതിനിധികളും ജഅ്ഫറുബ്‌നു അബീത്വാലിബി(റ)ന്റെ നേതൃത്വത്തിൽ അഭയാർത്ഥികളും വിളിപ്പിക്കപ്പെട്ടു. അംറുബ്‌നുൽ ആസ്വ് സംഭാഷണത്തിന് തുടക്കമിട്ടു. ‘രാജാവേ, ഞങ്ങളുടെ നാട്ടിൽനിന്ന് ചിലർ അഭയം തേടി താങ്കളുടെ രാജ്യത്തെത്തിയിരിക്കുന്നു. അവർ പൂർവികരുടെ മതവും വിശ്വാസവും കയ്യൊഴിഞ്ഞും പുതിയ മതം സ്വീകരിച്ചുമാണ് വന്നിരിക്കുന്നത്. അവർ മൂലം ഇവിടെയും വിപത്തുണ്ടാകുമെന്നതിനാൽ അവരെ തിരിച്ചുകൊണ്ടു പോകാൻ നാട്ടിലെ കാര്യസ്ഥന്മാരും പ്രമാണിമാരും ഞങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചിരിക്കുകയാണ്. അതിനാൽ ഇക്കാര്യത്തിൽ അങ്ങ് ഞങ്ങളെ സഹായിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.’

അപ്പോൾ രാജാവ് അഭയാർത്ഥികളോട് ചോദിച്ചു: നിങ്ങൾ സ്വീകരിച്ച പുതിയ മതമേതാണ്?

ജഅ്ഫർ(റ) മുന്നൊട്ടാഞ്ഞ് വിനയാന്വിതനായി പറഞ്ഞു: ആദരണീയരായ രാജാവേ, ഞങ്ങൾ ഒന്നും അറിയാത്തവരും ദുർനടപ്പുകാരും താന്തോന്നികളുമായിരുന്നു. കുടുംബ ബന്ധം മാനിക്കുകയോ അയൽക്കാരെ പരിഗണിക്കുകയോ ചെയ്തിരുന്നില്ല. ഞങ്ങളിൽ കയ്യൂക്കുള്ളവനായിരുന്നു കാര്യക്കാരൻ. തിന്മയല്ലാതെ പ്രവർത്തിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഞങ്ങളിൽ അല്ലാഹുവിന്റെ ദൂതൻ നിയുക്തനായി. ആ പ്രവാചകരുടെ സത്യസന്ധതയും വിശ്വസ്തതയും കുലമഹിമയുമെല്ലാം ഞങ്ങൾക്ക് ബോധ്യമുള്ളതാണ്. പരമ്പരാഗതമായി ഞങ്ങൾ ആരാധിച്ചുവന്ന ബിംബങ്ങളെയും വിഗ്രഹങ്ങളെയും ഉപേക്ഷിക്കണമെന്നും ഉപകാരമോ ഉപദ്രവമോ ചെയ്യാനാകാത്ത അവയെ പ്രണമിക്കുന്നത് അന്ധവിശ്വാസമാണെന്നും നബി ഞങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഏക ഇലാഹായ അല്ലാഹുവിനെ ആരാധിക്കാനും അവനാണ് സൃഷ്ടികർത്താവെന്നും സംരക്ഷകനെന്നും അവിടുന്ന് ഉപദേശിച്ചു. സത്യം മാത്രം പറയാനും വഞ്ചനയും കളവും ചതിയും ഉപേക്ഷിക്കാനും കരാറുകൾ പാലിക്കാനും കുടുംബ ബന്ധം മാനിക്കാനും അയൽക്കാരനെ സ്‌നേഹിക്കാനും അക്രമങ്ങളിൽനിന്നും അനീതികളിൽനിന്നും വിട്ടുനിൽക്കാനും നിർദേശിച്ചു. അതെല്ലാം ഞങ്ങൾ അംഗീകരിക്കുകയും ആ ദൈവദൂതരെ വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ പേരിൽ ഞങ്ങളുടെ നാട്ടുകാരായ പ്രമാണിമാർ ഞങ്ങളെ ദ്രോഹിക്കുകയും ഏകദൈവ വിശ്വാസം വർജിക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്തു. വഴങ്ങാത്തതിന് ഞങ്ങളെ കൊല്ലാകൊല ചെയ്യുകയായിരുന്നു. അപ്പോഴാണ് ജീവരക്ഷാർത്ഥം അഭയം തേടി അങ്ങയുടെ സവിധത്തിൽ ഞങ്ങളെത്തുന്നത്. ഇവിടെ ഞങ്ങൾ വലിയ സമാധാനമാണനുഭവിക്കുന്നത്.’ ജഅ്ഫർ(റ) പറഞ്ഞുനിർത്തി. വസ്തുനിഷ്ഠവും ഉജ്ജ്വലവുമായി വിഷയം അവതരിപ്പിച്ചപ്പോൾ ചക്രവർത്തി ചിന്താമഗ്നനായി.

അൽപം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: ‘നിങ്ങളുടെ നബി അവതരിപ്പിക്കുന്ന വല്ല ദൈവീക വചനങ്ങളും പാരായണം ചെയ്യാമോ?’

ജഅ്ഫർ(റ): അതേ.

‘എങ്കിൽ കേൾപ്പിക്കൂ.’

സൂറത്ത് മർയമിലെ ഏതാനും സൂക്തങ്ങൾ വശ്യമായ ശൈലിയിൽ അദ്ദേഹം പാരായണം ചെയ്തു. വിശുദ്ധവേദത്തിന്റെ മാസ്മരികത ചക്രവർത്തിയെ പിടിച്ചുലച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നനവു പടർന്നു. മനസ്സ് ആർദ്രമായി. ഖുറൈശി പ്രതിനിധികളിലേക്കു തിരിഞ്ഞ് അദ്ദേഹം പറഞ്ഞു: ‘യേശു ഞങ്ങൾക്ക് പഠിപ്പിച്ചത് സമാനമായതാണ്. ഒരേ സ്രോതസിൽനിന്നാണ് ഈ രണ്ട് ദൈവദൂതരുമെന്നാണത് കുറിക്കുന്നത്. അതിനാൽ ഇവർ ഞങ്ങളുടെ സഹോദരങ്ങളാണ്. ഇവരെ ഞാൻ വിട്ടുതരുന്നില്ല. നിങ്ങൾക്കു പോകാം.’

നിരാശരായ അവർ തൽക്കാലം കൊട്ടാരം വിട്ടെങ്കിലും മറ്റൊരു തന്ത്രം മെനഞ്ഞ് വീണ്ടുമെത്തി. തിരുമനസ്സിനെ മുഖം കാണിച്ച് അവർ ഉണർത്തി: ‘മഹാരാജൻ, യേശുവിനെ പറ്റി ഇവരുടെ കാഴ്ചപ്പാട് അബദ്ധജഡിലവും പിഴച്ചതുമാണ്. അദ്ദേഹം സാധാരണ മനുഷ്യനാണെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. മുഹമ്മദും കൂട്ടരും അതാണ് പ്രചരിപ്പിക്കുന്നത്.’

പുകച്ചു പുറത്തു ചാടിക്കുകയായിരുന്നു ഖുറൈശികളുടെ ലക്ഷ്യം. വേണമെങ്കിൽ അബ്‌സീനിയൻ ജനങ്ങൾ അഭയാർത്ഥികൾക്കെതിരെ കലാപവുമായി രംഗത്തിറങ്ങുകയും ചെയ്‌തേക്കും. ഇരു സമുദായങ്ങൾക്കിടയിൽ വർഗീയ വിദ്വേഷത്തിന് വഴി മരുന്നിടുന്ന കുടില തന്ത്രമാണ് ഖുറൈശികൾ പ്രയോഗിച്ചത്.

അഭയാർത്ഥികൾ വീണ്ടും രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. ‘യേശുവിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്?’ ചക്രവർത്തി തിരക്കി.

‘മഹാരാജൻ, ഞങ്ങളുടെ പ്രവാചകർക്ക് അതു സംബന്ധിച്ച് ദിവ്യജ്ഞാനം ലഭിച്ചിട്ടുണ്ട്. അതുതന്നെയാണ് ഞങ്ങളുടെയും നിലപാട്. ഈസാ നബി(അ) അല്ലാഹുവിന്റെ അടിമയും ദൂതനുമാകുന്നുവെന്നതാണത്. മറിയം ബീവിക്ക് നാഥൻ നൽകിയ പരിശുദ്ധാത്മാവും (റൂഹ്) വചനവു(കലിമത്)മാണദ്ദേഹം.’

വിവരണം കേട്ട് ചക്രവർത്തി പറഞ്ഞു: ‘നിങ്ങൾ പറഞ്ഞത് യാഥാർത്ഥ്യംതന്നെ. നിങ്ങൾ പോയിക്കൊള്ളൂ. ഈ രാജ്യത്ത് നിർഭയരും സ്വതന്ത്രരുമായി നിങ്ങൾക്കു കഴിയാം. നിങ്ങളോട് അതിക്രമം പ്രവർത്തിക്കുന്നവർക്ക് തക്ക ശിക്ഷയുണ്ടായിരിക്കും.’

ഖുറൈശി പ്രതിനിധികളോട് അദ്ദേഹം പറയുകയുണ്ടായി: ‘നിങ്ങൾ കൊണ്ടുവന്ന പാരിതോഷികങ്ങൾ ഇവിടെ ആവശ്യമില്ല. ഈ ഭരണാധികാരം എനിക്കു നൽകിയപ്പോൾ ദൈവം എന്നിൽനിന്നൊന്നും കൈക്കൂലിയായി സ്വീകരിച്ചിട്ടില്ല. അതിനാൽ നിങ്ങൾക്കു മടങ്ങാം.’ അവർ ഇളിഭ്യരായി തിരിച്ചുപോയി.

‘ഖൈബറിന്റെ വിജയമാണോ ജഅ്ഫർ(റ)ന്റെ ആഗമനമാണോ ഏതാണെനിക്ക് കൂടുതൽ സന്തോഷം പകരുന്നതെന്ന് എനിക്കറിയില്ല.’ ഖൈബർ വിജയത്തിന്റെ ആഹ്ലാദത്തിലിരിക്കെ  അബ്‌സീനിയയിൽനിന്ന് ജഅ്ഫർ(റ)വും സംഘവും തിരിച്ചുവന്നപ്പോൾ തിരുനബി(സ്വ) പറയുകയുണ്ടായി.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിജയത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവാചകരും അനുചരരും ബദ്ർ, ഉഹ്ദ് തുടങ്ങിയ സമര രംഗങ്ങളിൽ ത്യാഗം വരിച്ചപ്പോൾ തനിക്കു പങ്കെടുക്കാനാവാത്തതിനാൽ ജഅ്ഫർ(റ)ന് വലിയ ദു:ഖമുണ്ടായിരുന്നു. അത്തരമൊരു ത്യാഗാവസരത്തിനായി അദ്ദേഹം കാത്തിരുന്നു.

മുസ്‌ലിംകൾ അതുവരെ നേരിടാത്തത്ര വലിയ സൈന്യമായിരുന്നു മുഅ്തതിലെ ശത്രുസൈന്യം. ശാമിലെ ഒരു ഗ്രാമാണ് മുഅ്തത്. രണ്ടു ലക്ഷം ശത്രുസൈനികരോട് കേവലം മൂവായിരം മുസ്‌ലിം പോരാളികളാണ് അവിടെ ഏറ്റുമുട്ടിയത്. തിരുദൂതർ ഹാരിസുബ്‌നു ഉമൈർ അസദീ(റ)ന്റെ പക്കൽ ബുസ്‌റ രാജാവിനെ ഇസ്‌ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൊടുത്തയച്ചിരുന്നു. എന്നാൽ റോമാ ചക്രവർത്തി കൈസറിന്റെ ഗവർണർമാരിലൊരാളായ ശർഹബീൽ ഗസ്സാനി എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ച്‌കൊണ്ട് ദൂതനെ വധിച്ചു. തിരുനബി(സ്വ)യെ അതേറെ ദു:ഖിപ്പിച്ചു. ദുതന്റെ വധത്തിന് പകരം ചോദിക്കാൻ തീരുമാനിച്ച അവിടുന്ന് മൂവായിരം സൈനികരെ മുഅ്തതിലേക്കയച്ചു. ‘സൈദുബ്‌നു ഹാരിസ(റ) അമീറാകട്ടെ. അദ്ദേഹം ശഹീദായാൽ ജഅ്ഫറുബ്‌നു അബീത്വാലിബ്(റ) നയിക്കട്ടെ. അദ്ദേഹവും ശഹീദാകുന്നപക്ഷം അബ്ദുല്ലാഹിബ്‌നു റവാഹ(റ) അമീറാവണം. അദ്ദേഹവും കൊല്ലപ്പെട്ടാൽ എല്ലാവർക്കും ബോധ്യപ്പെടുന്ന ഒരാളെ നേതൃത്വമേൽപിക്കുക.’ അവിടുന്ന് നിർദേശിച്ചു.

ആഹ്ലാദഭരിതനായാണ് ജഅ്ഫർ(റ) മുഅ്തതിലേക്കു നീങ്ങിയത്. ഏറെ കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ശഹാദത്തെന്ന മോഹം പൂവണിയാൻ പോവുകയാണ്. ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. ഏതായാലും തന്നെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരം തന്നെ. ഇസ്‌ലാമിനു വേണ്ടി സ്വയം സമർപ്പിക്കാൻ ലഭിച്ച ഈ അവസരം പരമാവധി ഉപയോഗിക്കണം.

യുദ്ധ കാഹളം മുഴങ്ങി. ഏറെ നേരത്തെ പോരാട്ടത്തിനു ശേഷം സൈദുബ്‌നു ഹാരിസ്(റ) ശത്രുവിന്റെ വെട്ടേറ്റു വീണു. പ്രവാചകർ(സ്വ) ഏൽപിച്ച പതാക അദ്ദേഹത്തിന്റെ കയ്യിൽ നിന്നു നിലത്തു വീഴുന്നതിന് മുമ്പായി ജഅ്ഫർ(റ) ഏറ്റുവാങ്ങി. മിന്നൽ പിണറുകൾ തീർത്ത് ഇതിഹാസ സമാനമായ പോരാട്ടമാണ് പിന്നീട് മുഅ്തത് കണ്ടത്. ആ ഖഡ്ഗം തീ ചീറ്റി. രക്തസാക്ഷിത്വം എന്ന മോഹം അദ്ദേഹത്തിൽ തീവ്രമായി.

പൊടുന്നനെ റോമാ സൈന്യം അദ്ദേഹത്തിന്റെ കുതിരയെ വളഞ്ഞു. അതിന്റെ ഗമനം തടസ്സപ്പെടുത്തി. അപ്പോൾ ജഅ്ഫർ(റ) കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി. നിലത്തുനിന്ന് പൊരുതിക്കയറി. അതിനിടയിൽ ഒരു റോമക്കാരൻ തന്റെ കുതിരപ്പുറത്ത് കയറിപ്പറ്റാൻ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു. ശത്രു തന്റെ വാഹനം കീഴടക്കുന്നത് അദ്ദേഹം അപമാനമായി ഗണിച്ചു. കുതിരയെ അദ്ദേഹം തന്നെ കൊന്നു. അവസാനം ശത്രുവ്യൂഹം ആ ധീരകേസരിക്ക് രക്ഷപ്പെടാൻ പഴുതില്ലാത്തവിധം വളഞ്ഞു. പുണ്യപതാക വഹിച്ച വലതു കൈ ഛേദിക്കപ്പെട്ടു. ഉടനെ പതാക ഇടതു കൈയിലേക്ക് മാറ്റി. ആ കൈയും അവർ വെട്ടിമാറ്റി. ശരീരം മണ്ണിൽ പതിക്കുന്നത് വരെ പുണ്യപതാക നിലത്തു വീഴാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ ചുമലിൽ ചേർത്തുവച്ച് യുദ്ധം നയിച്ചു. നിലത്തുവീണപ്പോൾ നെഞ്ചിൽ ചേർത്തുവച്ചു. അന്ത്യനിമിഷത്തിൽ നെഞ്ചിൽ കിടന്ന പതാക അബ്ദുല്ലാഹിബ്‌നു റവാഹ(റ) കയ്യിലേന്തുമ്പോൾ അത് നിലം തൊട്ടിരുന്നില്ല. ‘മുഅ്തത് യുദ്ധത്തിൽ ഞാൻ നിന്നിരുന്നത് ജഅ്ഫർ(റ)ന്റെ സമീപത്താണ്. രണാങ്കണത്തിൽ ശഹീദായിക്കിടന്ന ആ മേനിയിൽ വെട്ടും കുത്തുമേറ്റ തൊണ്ണൂറിലധികം മുറിവുകളുണ്ടായിരുന്നു.’  അബ്ദുല്ലാഹിബ്‌നു ഉമർ(റ)ന്റെ ദൃക്‌സാക്ഷി വിവരണം.

അന്ന് 41 വയസ്സായിരുന്നു മഹാന്. ജഅ്ഫർ(റ)ന്റെ മരണ വിവരമറിഞ്ഞ് പ്രവാചകർ(സ്വ) അദ്ദേഹത്തിന്റെ കുടുംബത്തിലെത്തി തഅ്‌സിയത്ത്(അനുശോചനം) നടത്തി. മക്കളായ അബ്ദുല്ലാഹ്, ഔൻ, മുഹമ്മദ് എന്നിവരെ അരികിൽ വിളിച്ച് അവരുടെ ശിരസ്സിൽ തടവി ആശ്വസിപ്പിക്കുകയും ബറകത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.

(അൽഇസ്വാബ 1/237, അസ്സീറത്തുന്നബവിയ്യ 1/357, സുവറുൻ മിൻ ഹയാതിസ്സ്വഹാബ 266-279).

You May Also Like
sleeping in Islam - Malayalam

ഉറക്കിന്റെ മര്യാദകൾ

മനുഷ്യശരീരത്തിന്റേയും ആത്മാവിന്റേയും വിശ്രമത്തിനായി അല്ലാഹു വിതാനിച്ചതാണ് ഉറക്കം. ജീവിതാവശ്യവുമായി ബന്ധപ്പെട്ട് പകൽ മുഴുവൻ അധ്വാനിക്കുന്ന മനുഷ്യന്…

● അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്
Thafseer Writing - Malayalam

തഫ്‌സീര്‍ ശാഖയിലെ ആദ്യകാല രചനകള്‍

തഫ്‌സീര്‍ എന്ന പത്തിന്റെ ഭാഷാര്‍ത്ഥം വ്യക്തമാക്കുക, വിശദീകരിക്കുക എന്നൊക്കെയാണ്. ഖുര്‍ആനിലെ പദങ്ങളുടെ ഉച്ചാരണ രൂപം, പദങ്ങളുടെ…

● സുഫ്‌യാന്‍ പള്ളിക്കല്‍ ബസാര്‍
suicide in Islam - malayalam

ആത്മഹത്യ: മതവും സമൂഹവും

‘താൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വസ്തു കളഞ്ഞു പോയെന്നറിയുമ്പോൾ ഒരു പാവത്താൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ഓർക്കുക.…

● എൻപി യാസീൻ ചെട്ടിപ്പടി