Muvathwa Hadeeth

തിരുസുന്നത്തിന്‍റെ പ്രകാശനമാണ് ഹദീസുകള്‍ നിര്‍വഹിക്കുന്നത്. നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം ഒന്നൊഴിയാതെ കൈമാറ്റം ചെയ്യുന്നത് ഹദീസുകളിലൂടെയാണ്. ഹദീസുകളുടെ ശേഖരണം, മന:പാഠം, ക്രോഡീകരണം, നിവേദനം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ മുസ്ലിംലോകം കാണിച്ച ശ്രദ്ധയും ശുഷ്കാന്തിയും വിസ്മയകരം. തിരുനബി(സ്വ)യുടെ കാലം മുതല്‍ ഇതിന് പഴക്കമുണ്ട്. നബിജീവിതത്തിന്‍റെ ഓരോ സ്പന്ദനവും പകര്‍ത്താനും പകരാനും സ്വഹാബത്ത് നിതാന്ത ജാഗ്രതയാണ് കാണിച്ചത്. അവിടുത്തെ ആരാധനകള്‍, ഇടപാടുകള്‍, ഉറക്കം, ഉണര്‍വ്, ഇരുത്തം, നിറുത്തം, ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍, വൈവാഹിക ജീവിതം അങ്ങനെയെല്ലാം അവര്‍ ഒപ്പിയെടുത്തു. ഹദീസിന്‍റെ ഗ്രന്ഥങ്ങളില്‍ അവയെല്ലാം ലഭ്യമാണ്. ഉമര്‍(റ) പറയുകയുണ്ടായി: ‘ഞാനും അന്‍സ്വാരിയായ എന്‍റെ അയല്‍വാസിയും നബി(സ്വ)യുടെ സവിധത്തിലെത്തുമായിരുന്നു. ഞാനൊരു ദിവസവും അയല്‍വാസി മറ്റൊരു ദിവസവും. ഞങ്ങള്‍ പ്രവാചകരില്‍ നിന്ന് മനസ്സിലാക്കിയതും കണ്ടെത്തിയതും പരസ്പരം കൈമാറും’ (ബുഖാരി).

ഖുലഫാഉ റാശിദുകളുടെ കാലത്ത് വിവിധ പ്രവിശ്യകള്‍ ഇസ്ലാമിന് കീഴില്‍ വന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും ദീന്‍ കടന്നുചെന്നു. അനേകര്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇസ്ലാമിക സംസ്കൃതിയും നിയമവ്യവസ്ഥിതിയും അറിയാനും പഠിക്കാനും പലരും മുന്നോട്ടുവന്നു. നബിയുടെ ജീവിതമാണല്ലോ ഇസ്ലാം. പ്രവാചകരില്‍ നിന്ന് മതത്തെ അറിയുകയും കാണുകയും ചെയ്ത സ്വഹാബീ പ്രമുഖരില്‍ നിന്ന് അവ പഠിക്കാന്‍ ഖലീഫമാര്‍ പ്രത്യേകം നിര്‍ദേശം നല്‍കി. നിരവധി പേരിലേക്ക് ജ്ഞാനപ്രസരണം നടത്താന്‍ ഇത് സഹായകമായി. പ്രമുഖരായ പല സ്വഹാബികളും വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. റസൂലില്‍ നിന്ന് കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം അവരിലൂടെ വിവിധ ദേശങ്ങളിലെത്തി.

കൂഫയിലേക്ക് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിനെ അയച്ചുകൊടുത്തപ്പോള്‍ നാട്ടുകാരോട് ഉമര്‍(റ) പറഞ്ഞത് ‘എന്നേക്കാള്‍ ഞാന്‍ നിങ്ങള്‍ക്ക് മുഖ്യമായി കാണുന്നത് അബ്ദുല്ലയെയാണ്’ എന്നായിരുന്നു (ഉസ്ദുല്‍ ഗാബ 3/258). തിരുജീവിതം പകര്‍ത്തുന്നതില്‍ മഹിത മാതൃകയാണ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വില്‍ നിന്നുണ്ടായതെന്നതായിരുന്നു ഇതിന് കാരണം. തിരുനബിയുടെ വാമൊഴികള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതോടൊപ്പം അവ എഴുതി സൂക്ഷിക്കുന്ന പതിവ് ചില സ്വഹാബാക്കള്‍ക്കുണ്ടായിരുന്നു. സഅ്ദുബ്നു ഉബാദത്(റ), അബ്ദുല്ലാഹിബ്നു ശഅബീ ഔഫ(റ), ജാബിറുബ്നു അബ്ദുല്ല(റ), അബ്ദുല്ലാഹിബ്നു അംര്‍(റ) എന്നിവര്‍ സ്വഹാബികളില്‍ ഹദീസ് സാമ്രാട്ടുക്കളായിരുന്നു. പില്‍കാലത്ത് താബിഉകളും ഈ രംഗത്ത് ശോഭിച്ചു. കഠിനവും അതിശയകരവുമായ അധ്വാനമാണ് ഒരൊറ്റ ഹദീസ് സമ്പാദിക്കുന്നതിന് പോലും അവരില്‍ നിന്നുണ്ടായത്. അത്വാഉബ്നു അബീറബാഅ്, ഹസനുല്‍ ബസ്വരി, അല്‍ഖമ, സഈദുബ്നു സുബൈര്‍, സഈദുബ്നുല്‍ മുസയ്യബ്, ഉര്‍വതുബ്നു സുബൈര്‍, അഅ്മശ്, ഇബ്റാഹീമുന്നഖ്ഈ(റ) എന്നിവര്‍ അവരില്‍ പ്രമുഖരാണ്.

അഞ്ചാം ഖലീഫ ഉമര്‍ബ്നു അബ്ദുല്‍ അസീസ്(റ) ഹദീസ് ശേഖരണത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. തന്‍റെ കീഴില്‍ മദീന ഗവര്‍ണറായി സേവനം ചെയ്തിരുന്ന അബൂബക്കറുബ്നു ഹസ്മിന് അദ്ദേഹം എഴുതി: ‘തിരുനബി(സ്വ)യുടെ കണ്ടെത്തുന്ന ഹദീസുകളെല്ലാം എഴുതിവെക്കണം. വിജ്ഞാനവും വിജ്ഞാനീയരും നഷ്ടപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു (സുനനുദ്ദാരിമി 1/126).

മുഹമ്മദുബ്നു ശിഹാബുസ്സുഹ്രി(മരണം ഹിജ്റ 124) ഹദീസ് ലോകത്തെ ധന്യ വ്യക്തിത്വമായിരുന്നു. ഉമവിയ്യ ലൈബ്രറകളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന സുഹ്രിയുടെ ഹദീസ് ശേഖര ഗ്രന്ഥങ്ങള്‍ നിരവധി വാഹനങ്ങളിലാണ് കൊണ്ടുപോയിരുന്നത്. രണ്ടാം നൂറ്റാണ്ടിലെ ഹദീസ് വിശാരദന്‍മാരില്‍ പ്രധാനികള്‍ ഇവരാണ്: അബൂമുഹമ്മദ് അബ്ദുല്‍ മലിക് (മക്ക, മരണം ഹി: 150), മുഹമ്മദുബ്നു ഇസ്ഹാഖ് (മദീന, ഹി: 151), മഅ്മറബ്നു റാശിദ് (യമന്‍, ഹി: 153), സഈദുബ്നു അബീഅറൂബ (ബസ്വറ, ഹി: 156), അബൂഅംര്‍ അല്‍ഔസാഈ (ശാം, ഹി: 156), സുഫ്യാനുബ്നു സഈദുസ്സൗരി (കൂഫ, ഹി: 161), ലൈസുബ്നു സഅദ് (മിസ്വ്ര്‍, ഹി: 175), ഹമ്മദുബ്നു സലമത്ത് (ബസ്വറ, ഹി: 167), മാലിക് ബ്നു അനസ് (മദീന, ഹി: 179), അബ്ദുല്ലാഹിബ്നുല്‍ മുബാറക് (ഖുറാസാന്‍, ഹി: 181), സുഫ്യാനുബ്നു ഉയൈന (മക്ക, ഹി: 196) ഇവര്‍ക്ക് പിറകെയാണ് ഹദീസ് ലോകത്തെ ഏറെ പ്രശസ്തരായ പലരും രംഗത്തുവന്നത്. അഹ്മദുബ്നു ഹന്‍ബല്‍, ഇബ്നു അബീശൈബ, ഇബ്നു മുഈന്‍, ഇമാം ബുഖാരി, മുസ്ലിം, തുര്‍മുദി, അബൂദാവൂദ്(റ) തുടങ്ങിയവര്‍ അതില്‍ ചിലരത്രെ.

സൂക്ഷ്മജ്ഞാനിയും മദ്ഹബിന്‍റെ ഇമാമുമായ മാലിക്(റ) ഹിജ്റ 93-ലാണ് ജനിക്കുന്നത്. പൂര്‍ണ നാമം മാലിക്ബ്നു അനസ്ബ്നു മാലിക്ബ്നു അബീഅമീര്‍. സല്‍സ്വഭാവം, സൂക്ഷ്മ ജീവിതം, അഗാധ പാണ്ഡിത്യം, കൂര്‍മ ബുദ്ധി, വ്യക്തിപ്രഭാവം തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ മേളിച്ച മഹല്‍ വ്യക്തിത്വം. പ്രമുഖരായ താബിഈ പണ്ഡിതന്മാരില്‍ നിന്ന് അദ്ദേഹം വിജ്ഞാനം തേടി. നാഫിഅ് മൗലാ അബ്ദുല്ലാഹിബ്നു ഉമര്‍ അതില്‍ പ്രധാനിയാണ്. മാലിക്(റ)വിനോട് വലിയ താല്‍പര്യവും പരിഗണനയുമായിരുന്നു നാഫിഅ്(റ)വിന്. അതേ കുറിച്ച് ഇമാം പറയുന്നു: ‘ഞാന്‍ ചെറുപ്രായത്തില്‍ തന്നെ നാഫിഅ്(റ)വിന്‍റെ അടുത്തെത്തുമായിരുന്നു. അദ്ദേഹം എന്‍റെയടുത്തേക്കിറങ്ങി വന്ന് എനിക്ക് ഹദീസുകള്‍ പറഞ്ഞ് തരും.’ നാഫിഅ്, മാലിക്(റ) ഉള്‍പ്പെട്ടതാണ് ഏറ്റവും പ്രാമാണികമായ ഹദീസ് നിവേദക പരമ്പര. ഇബ്നു ഉമര്‍(റ)വില്‍ നിന്ന് നാഫിഅ്, അദ്ദേഹത്തില്‍ നിന്ന് മാലിക്(റ) നിവേദനം ചെയ്യുന്ന ഹദീസ് പരമ്പര ‘സില്‍സിലതുദ്ദഹബ്’ (സ്വര്‍ണ ചങ്ങല) എന്നാണ് ഹദീസ് ലോകത്ത് അറിയപ്പെടുന്നത്.

ഇമാം മാലികുബ്നു അനസ്(റ)വിന്‍റെ മുവത്വയാണ് ഹദീസിലെ ആദ്യരചന. ഹദീസുകളടക്കം വിവിധ വിഷയങ്ങളില്‍ മുവത്വക്ക് മുമ്പും രചനകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവയൊന്നും പൂര്‍ണമായിരുന്നില്ല. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ഒതുങ്ങുന്നതായിരുന്നു അവയുടെ പ്രതിപാദ്യം. കര്‍മ ശാസ്ത്രവുമായി ബന്ധപ്പെട്ട ഹദീസുകളുടെ സമാഹാരം അല്ലാമാ ശഅ്ബിക്കുണ്ട് (മരണം ഹി: 103). ഇസ്ലാമിലെ പോരാട്ടങ്ങളുടെ ഹദീസുകള്‍ ശഅ്ബി ക്രോഡീകരിച്ചിട്ടുണ്ട്. മുവത്വ വിവിധ വിഷയങ്ങളിലായി ഇമാം മാലികി(റ)വിന് ലഭിച്ച ഹദീസുകളുടെ സമാഹാരമാണ്. ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂറിന്‍റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം മുവത്വ രചിക്കുന്നത്.

ഏറ്റവും ഉന്നതരില്‍ നിന്ന് മാത്രമേ അനസ്(റ) ഹദീസുകള്‍ ഉദ്ധരിച്ചിരുന്നുള്ളൂ. ഇമാമിന്‍റെ സമകാലികരായ പണ്ഡിതന്‍മാര്‍ ഈ സൂക്ഷ്മതയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാമിന്‍റെ ഈ സ്വഭാവം പരിഗണിച്ചാണ് സ്വഹീഹ് ബുഖാരിക്കും മുസ്ലിമിനും മീതെയാണ് മുവത്വയുടെ സ്ഥാനമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടത്. വീടിന്‍റെ മേല്‍ ഭാഗം പൊളിച്ച് മരത്തടികള്‍ വില്‍പന നടത്തി വിജ്ഞാന സമ്പാദനത്തിന് അത്യുത്സാഹം കാണിച്ച മാലിക്(റ) പതിനേഴാം വയസ്സില്‍ അധ്യാപനത്തിനിറങ്ങി. അദ്ദേഹത്തെ അനുകരിച്ച് നിരവധി പേര്‍ ‘മുവത്വ’കള്‍ രചിച്ചിട്ടുണ്ട്. മദീനയിലെ തന്നെ നിരവധി പണ്ഡിതന്‍മാര്‍ മുവത്വകള്‍ രചിക്കുകയുണ്ടായി. ഇക്കാര്യമറിഞ്ഞ മാലിക്(റ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രീതിക്കായി വിരചിതമായവ ശേഷിക്കും.’ ആ പ്രവചനം അറംപറ്റി. ഇബ്നു ദിഅ്ബിന്‍റെ മുവത്വയൊഴികെയുള്ളതെല്ലാം അസ്തമിച്ചു. പ്രമാണവും ലക്ഷ്യവുമായി ഇന്നും മാലിക്(റ)വിന്‍റെ രചന പ്രശസ്തമാണ്. ഇമാം ശാഫിഈ പറഞ്ഞു: ‘ഇമാം മാലികിന്‍റെ മുവത്വയെക്കാള്‍ പ്രബലമായ മറ്റൊന്ന് ഈ ഭൂമിയിലില്ല.’ ഇമാമിന്‍റെ ശിഷ്യന്‍മാരില്‍ പ്രമുഖനായ അബ്ദുറഹ്മാനുബ്നു മഹ്ദി കുറിച്ചു: ‘അല്ലാഹുവിന്‍റെ കലാമായ ഖുര്‍ആനിന് ശേഷം ജ്ഞാനോപകാരപ്രദമായ മറ്റൊരു ഗ്രന്ഥം മുവത്വയല്ലാതെ ഞാന്‍ കണ്ടിട്ടില്ല.’

പ്രമുഖ ഹദീസ് പണ്ഡിതനായ അബ്ദുല്ലാഹിബ്നു വഹബ് എഴുതി: ‘മുവത്വ കൈവശമുള്ളവന് ഹറാമും ഹലാലും വേറെ രേഖപ്പെടുത്തേണ്ടതില്ല. ഹറാമും ഹലാലും ഇത്ര കൃത്യമായി രേഖപ്പെടുത്തിയ മറ്റൊരു ഗ്രന്ഥം കാണാനാകില്ല.’ സുഫ്യാനുബ്നു ഉയൈന(റ): ‘നിവേദകരുടെ കാര്യത്തില്‍ കണിശമായ സൂക്ഷ്മതയാണ് ഇമാം മാലിക്(റ) സ്വീകരിച്ചത്. വിശ്വസ്തരില്‍ നിന്ന് മാത്രമേ അദ്ദേഹം ഹദീസുകള്‍ സ്വീകരിച്ചുള്ളൂ. അതിനാല്‍ പ്രബല ഹദീസുകള്‍ മാത്രമേ മുവത്വയിലുള്ളൂ.’

പ്രഗത്ഭരായ ഗുരുക്കന്‍മാരാണ് ഇമാം മാലികിന്‍റേത്. അബ്ദുസ്സനാദ് അബ്ദുല്ലാഹിബ്നു സക്മാന്‍, ഹിശാമ്ബ്നു ഉര്‍വതുബ്നു സുബൈര്‍, യഹ്യ ബ്നു സജതദില്‍ അന്‍സ്വാരി, അബ്ദുല്ലാഹിബ്നു ദീനാര്‍ തുടങ്ങിയവര്‍ ചിലരാണ്. ഇമാം ശാഫിഈയെ പോലുള്ള അതികായകന്‍മാരാണ് ഇമാമില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചത്. മഅ്മറുബ്നു റാശിദ്, അബ്ദുല്‍ മാലിക്ബ്നു ഹുറൈജ്, അബ്ദുല്ലാഹിബ്നു മുബാറക് തുടങ്ങിയവര്‍ മാലിക്(റ)വില്‍ നിന്ന് ഹദീസ് ഉദ്ധരിച്ച ചില പ്രമുഖരാണ്.

ഇമാം മാലിക്(റ) മുവത്വയെ കുറിച്ച് പരിചയപ്പെടുത്തുന്നത് ഇങ്ങനെ: ഞാനെന്‍റെ ഗ്രന്ഥം മദീനയിലെ എഴുപത് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ക്ക് സമര്‍പ്പിച്ചു. എല്ലാവരും എന്നോട് യോജിക്കുകയായിരുന്നു. അങ്ങനെയാണ്  ‘യോജിപ്പ്’ എന്ന അര്‍ത്ഥത്തില്‍ മുഅത്വ എന്ന് എന്‍റെ ഗ്രന്ഥത്തിന് പേര് വച്ചത്.’ ഒരു ലക്ഷം ഹദീസുകള്‍ ഇമാം മാലിക്(റ) നിവേദനം ചെയ്തിട്ടുണ്ട്. അവയില്‍ നിന്ന് അദ്ദേഹം പതിനായിരം ഹദീസുകള്‍ തിരഞ്ഞെടുത്തു. പിന്നീട് നിരന്തരമായ പരിശോധനക്ക് വിധേയമാക്കി. നാല്‍പത് വര്‍ഷം ഈ പ്രക്രിയ തുടര്‍ന്നു. ശേഷമാണ് ഇന്ന് മുവത്വയിലുള്ള എണ്ണത്തിലേക്ക് പരിമിതപ്പെടുത്തിയത്.

‘മര്‍ഫൂഅ്’ ആയ ഹദീസുകള്‍ക്ക് പുറമെ സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങളും മദീനയിലെ കര്‍മശാസ്ത്ര പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളും ഉള്‍പെട്ടതാണ് മുവത്വ. കൂടാതെ ഇമാമിന്‍റെ ഗവേഷണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ അധ്യായത്തിലും തിരുനബി(സ്വ)യില്‍ നിന്ന് നേരിട്ട് ലഭിച്ച മര്‍ഫൂആയ ഹദീസുകളോടൊപ്പം സ്വഹാബികളുടെയും താബിഉകളുടെയും അസറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങള്‍ കൂടുതലും മദീനക്കാരുടേതാണ്. ചിലയിടങ്ങളില്‍ ഹദീസുകളിലെ പദങ്ങളും പശ്ചാത്തലവും വിശദീകരിച്ചിട്ടുണ്ട്.

ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഇസ്ലാമിക ലോകത്തിന് ലഭിച്ച അമൂല്യ രചനയാണ് മുവത്വ. ഈയൊരു പരിഗണന എല്ലാ കാലത്തും മുവത്വക്ക് ലഭിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര വിഷയ ക്രമമാണ് അധ്യായങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഇമാം ബുഖാരി(റ)വും സ്വഹീഹിന് സ്വീകരിച്ചത് ഇത്തരം ക്രമമാണ്. കര്‍മശാസ്ത്രത്തില്‍ മുവത്വക്ക് ശക്തമായ സ്വാധീനവും പ്രാധാന്യവുമാണുള്ളത്. മുര്‍സലും (സ്വഹാബി ഇല്ലാത്ത നിവേദക പരമ്പരയോട് കൂടിയുള്ള ഹദീസ്) മുന്‍ഖത്വിഉം (നിവേദന പരമ്പര മുറിഞ്ഞ് പോയത്) ആയ ഹദീസുകള്‍ തെളിവിന് സ്വീകാര്യമാണെന്നാണ് ഇമാം മാലികി(റ)ന്‍റെ പക്ഷം. ഈ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള നിരവധി ഹദീസുകള്‍ മുവത്വയില്‍ ഇമാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഇമാം മാലികി(റ)ന്‍റെ ഫിഖ്ഹി വീക്ഷണങ്ങളോടും നിവേദക പരമ്പരയിലെ അയോഗ്യതയെ കുറിച്ചും  ചില വിമര്‍ശനങ്ങള്‍ മുവത്വക്കെതിരെ ഉന്നയിച്ചവരുണ്ട്. പക്ഷേ അവയൊന്നും അത്ര ഗൗരവത്തില്‍ പണ്ഡിതലോകം പരിഗണിച്ചില്ല. ലക്ഷ്യങ്ങളെ സമീപിക്കുന്ന രീതിയിലും സാങ്കേതിക പ്രയോഗങ്ങളിലുമുള്ള അഭിപ്രായ ഭിന്നതയാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്കടിസ്ഥാനമെന്നതായിരുന്നു കാരണം.

തിരുവചനങ്ങളില്‍ മാലിക്(റ)വിനെ കുറിച്ചുള്ള സൂചനകള്‍ കാണാം. ‘ജ്ഞാനം മുറിഞ്ഞ് പോകും. മദീനയിലെ പണ്ഡിതനെക്കാള്‍ ഉയര്‍ന്ന ഒരാളും എവിടെയും കാണപ്പെടില്ല’ (തുര്‍മുദി). അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസിലും മേല്‍ ആശയം കാണാം. സുഫ്യാനുബ്നു ഉയൈന(റ) പറഞ്ഞു: ‘ഹദീസിലെ സൂചന ഇമാം മാലികി(റ)നെ കുറിച്ചാണ്.’ മുഹമ്മദ് ബ്നു റബീഅ്(റ) പറഞ്ഞു: ‘ഞാന്‍ കുട്ടിയായിരിക്കെ പിതാവൊന്നിച്ച് ഹജ്ജ് നിര്‍വഹിച്ചു. ശേഷം മദീനയിലെത്തി നബി(സ്വ)യുടെ പള്ളിയില്‍ ഉറങ്ങുന്ന സമയം തിരുനബിയെ സ്വപ്നത്തില്‍ കാണാനിടയായി. അവിടുന്ന് ഖബറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയാണ്. കൂടെ സിദ്ദീഖ്(റ)വും ഉമര്‍(റ)വുമുണ്ട്. ഞാന്‍ നബിക്കരികിലെത്തി സലാം പറഞ്ഞു. അവിടുന്ന് സലാം മടക്കിയപ്പോള്‍ ഞാന്‍ ചോദിച്ചു: നബിയേ, എങ്ങോട്ടാണ് പോകുന്നത്? പ്രവാചകര്‍ മറുപടി നല്‍കി: ഞാന്‍ മാലിക്(റ)വിന്‍റെ അരികിലേക്കാണ്. പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. ഉടനെ ഉപ്പയോട് വിവരം പറഞ്ഞു. ഉപ്പയും ഞാനും അപ്പോള്‍ തന്നെ ഇമാം മാലിക്(റ)വിന്‍റെ അരികിലെത്തി. സദസ്സില്‍ ആയിരങ്ങള്‍ അണിനിരന്നിട്ടുണ്ട്. അദ്ദേഹം അവര്‍ക്ക് മുവത്വ ദര്‍സ് നടത്തുകയാണ്.’

തിരുനബി(സ്വ)യെയും തിരുവചനങ്ങളെയും അത്യാദരപൂര്‍വമാണ് ഇമാം സമീപിച്ചിരുന്നത്. ഹദീസ് ദര്‍സിനിരിക്കുമ്പോള്‍ വുളൂ ചെയ്ത് നല്ല വസ്ത്രം ധരിച്ച് സുഗന്ധം പൂശി താടി വാര്‍ന്ന് ഒതുക്കിയാണ് ക്ലാസ് നടത്തുക. ഇബ്നുല്‍ മുബാറക്(റ) പറഞ്ഞു: ‘ഞാനൊരിക്കല്‍ മാലിക്(റ)വിന്‍റെ ഹദീസ് ദര്‍സില്‍ ഇരിക്കുകയാണ്. അപ്പോള്‍ ഇമാമിനെ പതിനാറ് പ്രാവശ്യം തേള്‍ കുത്തി. അദ്ദേഹത്തിന്‍റെ മുഖം വിവര്‍ണമായി. ശരീരത്തിന് ഭാവമാറ്റം സംഭവിച്ചു. പക്ഷേ അദ്ദേഹം ദര്‍സ് നിര്‍ത്തിയില്ല. ക്ലാസ് അവസാനിച്ചപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞുപോയി. അപ്പോള്‍ ഞാന്‍ ഇത് സംബന്ധിച്ച് ഇമാമിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ക്ഷമിച്ച് ഇരിക്കുകയായിരുന്നു. നബിയുടെ ഹദീസുകളെ ബഹുമാനിക്കേണ്ടേ?’

തിരുനാമം കേള്‍ക്കുമ്പോള്‍ ശരീരത്തിന് മാറ്റമനുഭവപ്പെടുന്ന മാലിക് (റ) പറയാറുണ്ട്: ‘ഞാന്‍ കാണുന്നതും അറിയുന്നതും നിങ്ങള്‍ അനുഭവിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇതൊന്നും നിഷേധിക്കാനാകില്ല.’ ഇബ്നുഖല്ലികാന്‍ എഴുതി: ‘പ്രായമേറെ കഴിഞ്ഞിട്ടും ശാരീരികാവശത അനുഭവിച്ചിട്ടും മദീനയിലൂടെ വാഹനത്തില്‍ സഞ്ചരിക്കാത്തയാളാണ് ഇമാം മാലിക്(റ). ‘തിരുനബി(സ്വ) മറപെട്ടു കിടക്കുന്ന മദീനയിലൂടെ ഞാനെങ്ങനെയാണ് വാഹനത്തില്‍ സഞ്ചരിക്കുക’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നുത്. ഹി 179-ലാണ് ഇമാം മാലിക്(റ) വഫാതായത്. മദീനയിലെ ജന്നതുല്‍ ബഖീഇലാണ് മഹാന്‍റെ ഖബര്‍.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’

റസൂലിന്‍റെ വഫാതിനു ശേഷം ഞാനൊരിക്കല്‍ ഒരു അന്‍സ്വാരി യുവാവിനോട് പറഞ്ഞു: സുഹൃത്തേ, ഇന്ന് ധാരാളം സ്വഹാബിമാര്‍…

● ടിടിഎ ഫൈസി പൊഴുതന

നബി(സ്വ) അയച്ച കത്തുകള്‍

നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ…