Muhyudheen Moulid

ത്മീയ ലോകത്തെ മഹാഗുരുവാണ് ശൈഖ് ജീലാനി(റ). നാലു ഖുത്ബുകളില്‍ പ്രധാനി. നിരവധി കറമാത്തുകള്‍ കൊണ്ട് പ്രസിദ്ധനായ വ്യക്തിത്വം. ശൈഖവര്‍കളുടെ ചരിത്രങ്ങളും അപദാനങ്ങളും ഉള്‍പ്പെടുത്തി ഒട്ടനവധി ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. ജ്ഞാനപ്രതിഭകളായ പണ്ഡിതര്‍ ശൈഖവര്‍കളെ കുറിച്ച് ധാരാളം എഴുതി. ഗദ്യത്തിലും പദ്യത്തിലുമായി നൂറ് കണക്കിന് ഗ്രന്ഥങ്ങളാണ് അക്കൂട്ടത്തിലുള്ളത്. പ്രസ്തുത രചനകളിലൊന്നാണ് മുഹ്യിദ്ദീന്‍ മൗലിദ്. പ്രമുഖ സൂഫി പണ്ഡിതനും കവിയും നിരവധി കറാമത്തുകളുടെ ഉടമയുമായ മഹ്മൂദ് ബ്നു അബ്ദുല്‍ ഖാദിര്‍(റ)വാണ് രചയിതാവ്. സിദ്ദീഖ്(റ)വിന്‍റെ സന്താന പരമ്പരയില്‍പെട്ടയാളാണദ്ദേഹം. ഹിജ്റ 1078-ല്‍ തമിഴ്നാട്ടിലെ കായല്‍ പട്ടണത്താണ് ജനനം. ഹി: 1163-ല്‍ വഫാത്തായി. കായല്‍ പട്ടണത്ത് തന്നെയാണ് ഖബര്‍.

ആധ്യാത്മികതയില്‍ ഇന്ത്യയില്‍ പ്രസിദ്ധമായ നാടുകളിലൊന്നാണ് കായല്‍ പട്ടണം. മഹാന്മാരായ പൊന്നാനി മഖ്ദൂമാരുടെ ആദ്യ വാസസ്ഥലം ഇതായിരുന്നു. വിഖ്യാതമായ ഖുത്ബിയ്യത്തിന്‍റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരി(റ), നബികീര്‍ത്തന കാവ്യമായ അല്ലഫല്‍ അലിഫിന്‍റെ രചയിതാവ് ഉമറുല്‍ ഖാഹിരി(റ)വുമെല്ലാം കായല്‍ പട്ടണത്തിന്‍റെ സംഭാവനകളാണ്. ശൈഖ് സ്വദഖത്തുല്ലാഹില്‍ ഖാഹിരി(റ)യുടെ ശിഷ്യന്മാരില്‍ പ്രമുഖനാണ് ശൈഖ് മഹ്മൂദുല്‍ ഖാഹിരി(റ). കായല്‍ പട്ടണത്തേക്ക് ചേര്‍ത്താണ് ഖാഹിരി എന്നറിയപ്പെടുന്നത്. മുഹ്യിദ്ദീന്‍ മൗലിദിന് പുറമെ നിരവധി രചനകള്‍ അദ്ദേഹത്തിനുണ്ട്. സയ്യിദ് ഇബ്റാഹിം ബാദുഷ(റ), ശൈഖ് ശാഹുല്‍ ഹമീദുന്നാഗൂരി(റ) തുടങ്ങിയവരുടെ പേരില്‍ അദ്ദേഹം രചിച്ച മൗലിദുകള്‍ വളരെ കനപ്പെട്ടതാണ്. നൂറ്റി അറുപതിലേറെ രചനകള്‍ മഹ്മൂദുല്‍ ഖാഹിരിക്കുണ്ടെന്നാണ് പഠനം. അദ്ദേഹത്തിന്‍റെ മുഹ്യിദ്ദീന്‍ മൗലിദില്‍ നിന്ന് പൊറുക്കിയെടുത്ത് രചന നടത്തിയതാണ് നമുക്കിടയില്‍ സുപരിചതമായ മുഹ്യിദ്ദീന്‍ മൗലിദ്.

ശൈഖ് ഹസന്‍ബ്ന്‍ മുഹമ്മദ് അല്‍ജീലാനി(റ) അടക്കമുള്ള പലരും മഹ്മൂദുല്‍ ഖാഹിരി(റ)യുടെ മുഹ്യിദ്ദീന്‍ മൗലിദിനെ അടിസ്ഥാനമാക്കിയും സംഗ്രഹിച്ചും രചനകള്‍ നടത്തിയിട്ടുണ്ട്. മുഹ്യിദ്ദീന്‍ മൗലിദിന്‍റെ അവസാനത്തില്‍ ചേര്‍ത്തിട്ടുള്ള ‘ഹംസിയ്യ’ ബൈത്തുകള്‍ ഒഴികെയുള്ളതെല്ലാം ഖാഹിരിയുടെ മൗലിദില്‍ നിന്ന് എടുത്തതാണ്. ശൈഖ് ജീലാനി(റ)യുടെ രചനകളായ ഫുതൂഹുല്‍ ഗൈബ്, അല്‍ഫുയൂളാത്തുര്‍റബ്ബാനിയ്യ എന്നീ ഗ്രന്ഥങ്ങളില്‍ നിന്നാണ് ഹംസിയ്യ ചേര്‍ത്തിട്ടുള്ളത്.

വിലായത്തിന്‍റെ ആത്മരഹസ്യങ്ങളെ ബോധ്യപ്പെടുത്തിയാണ് മുഹ്യിദ്ദീന്‍ മൗലിദിന്‍റെ ആരംഭം. അല്ലാഹുവിന്‍റെ നാമങ്ങളിലെ നാലെണ്ണം തുടക്കത്തില്‍ കാണാം. അലിയ്യ്, അളീം, വലിയ്യ്, കരീം. വിലായത്ത് ഉന്നതവും മഹത്ത്വവുമുള്ള പദവിയാണ്. ആദ്യ രണ്ട് നാമങ്ങള്‍ ഈ പാഠങ്ങളിലേക്കുള്ള സൂചനയാണ്. വലിയ്യ് എന്ന നാമത്തില്‍ നിന്നാണ് വിലായത്തിന്‍റെ നിഷ്പത്തി. കരീമില്‍ നിന്ന് കറാമത്തും. അല്ലാഹുവിന്‍റെ വിശേഷണത്തിന്‍റെ ഭാഗമാണ് വിലായത്ത്. എന്നാല്‍ നുബുവ്വത്ത് അല്ലാഹുവിന്‍റെ ദാനമാണ്. എന്‍റെ അടിമ എന്നോട് സല്‍കര്‍മങ്ങള്‍ മുഖേന അടുത്തുനില്‍ക്കുമ്പോള്‍ അവന്‍റെ കാതും കണ്ണും കയ്യും കാലും പ്രത്യേക സിദ്ധിവിശേഷങ്ങള്‍ കൊണ്ട് അനുഗൃഹീതമാകും (കുന്‍തു സംഅഹുല്ലദീ…) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം മേല്‍ ആശയമാണ് പഠിപ്പിക്കുന്നത്.

അല്ലാഹുവിന്‍റെ മുഴുവന്‍ നാമങ്ങളുടേയും അടിസ്ഥാനമായി നാലെണ്ണത്തെ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മഹാത്തുന്‍ അര്‍ബഅ് (ചതുര്‍ മാതാക്കള്‍) എന്നാണ് ദാര്‍ശനിക ഭാഷയില്‍ ഇവയെ വിശേഷിപ്പിക്കുന്നത്. അവ്വല്‍, ആഖിര്‍, ളാഹിര്‍, ബാത്വിന്‍ എന്നിവയാണ് പ്രസ്തുത ഗുണങ്ങള്‍. ഇവയില്‍ ആഖിറും ബാത്വിനും വിലായത്തിന്‍റെ ഉത്ഭവ വിശേഷണങ്ങളാണെന്നാണ് ഖാഹിരിയുടെ ദാര്‍ശനിക നിരീക്ഷണം. അഥവാ ലോകാരംഭം മുതല്‍ വിലായത്തിന്‍റെ പ്രസരണം ആരംഭിച്ചിട്ടുണ്ട്. അതൊരിക്കലും നിലക്കില്ല. പരോക്ഷമായ അവസ്ഥയാണ് വിലായത്തിനുള്ളത്. വിലായത്തിന്‍റെ പദവി എത്തിയവരെ കുറിച്ച് എല്ലാവരും അറിഞ്ഞുകൊള്ളണമെന്നില്ല. അന്തര്‍മുഖികളായും ശ്രദ്ധിക്കപ്പെടാത്തവരായും കഴിഞ്ഞുകൂടുന്ന വിലായത്തുള്ള മഹത്തുക്കളെ കാണാം. ഈ ആശയമാണ് ‘കമല്‍ അവ്വലാനി മന്‍ശഉന്‍ ലില്‍ വിലായത്തി’ എന്ന വരിയിലൂടെ പഠിപ്പിക്കുന്നത്.

ആഖിര്‍, ളാഹിര്‍ എന്നീ വിശേഷണങ്ങള്‍ നുബുവ്വത്തിന്‍റെ വിളനിലമാണ്. ബോധന ലോകത്ത് പ്രവര്‍ത്തിക്കേണ്ടവരാണ് അമ്പിയാക്കള്‍. അവരുടെ നേരിട്ടുള്ള പ്രബോധന ദൗത്യത്തിന് അന്ത്യമുണ്ട് എന്ന് സാരം. ‘കദല്‍ ആഖിറാനി മഅ്ദിനുല്‍ ലിന്നുബുവത്തി’ എന്നതിന്‍റെ ആശയം അതാണ്. വിലായത്തിന് മീതെയാണ് നുബുവ്വത്ത്. രണ്ട് സ്ഥാനവും സമ്മേളിച്ചവരാണ് അമ്പിയാക്കള്‍. അവ്വല്‍, ആഖിര്‍, ളാഹിര്‍, ബാത്വിന്‍ എന്നീ നാല് വിശേഷണങ്ങളുടെയും ആത്മരഹസ്യങ്ങള്‍ ആവാഹിച്ചവര്‍. മേല്‍ നാമങ്ങളുടെ അര്‍ത്ഥ വ്യാപ്തിയില്‍ വരുന്ന ആശയങ്ങള്‍ വിവരണാതീതമാണ്. ആത്മജ്ഞാനങ്ങളുടെ രഹസ്യങ്ങള്‍ ഉള്‍ക്കൊണ്ട പ്രസ്തുത നാമങ്ങള്‍ ചേര്‍ത്ത നിരവധി പ്രാര്‍ത്ഥനകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഉറങ്ങാന്‍ നേരം ചെല്ലാന്‍ നിര്‍ദേശിച്ച ഒരു പ്രാര്‍ത്ഥനയില്‍ ഈ നാല് നാമങ്ങളും ചേര്‍ന്നു വന്നതായി ഇമാം മുസ്ലിം, അഹ്മദ്, ബൈഹഖി, തുര്‍മുദി(റ) എന്നിവര്‍ ഉദ്ധരിച്ച ഹദീസിലുണ്ട്.

കായല്‍ പട്ടണത്തുകാരായ ഖാഹിരി പണ്ഡിത കേസരികളില്‍ നിന്ന് ശൈഖ് ജീലാനി(റ)യെ പരിചയപ്പെടുത്തുന്ന നൂറ് കണക്കിന് രചനകളുണ്ടായിട്ടുണ്ട്. അഹ്മദുല്‍ ലബ്ബല്‍ ഖാഹിരിയുടെ രചനയാണ് ‘ഖുലാസ്വത്തുല്‍ മഫാഖിര്‍ ഫിഖ്തിസ്വാറി മനാഖിബി ശൈഖ് അബ്ദുല്‍ ഖാദിര്‍’. ഇതില്‍ ശൈഖ് ജീലാനി(റ)യുടെ പിതൃപരമ്പര പരിചയപ്പെടുത്തിയിട്ടുണ്ട്. മുഹ്യിദ്ദീന്‍ മൗലിദില്‍ മഹ്മൂദുല്‍ ഖാഹിരി(റ) പ്രസ്തുത പരമ്പര എടുത്തുദ്ധരിക്കുന്നു.

ശൈഖ് ജീലാനി(റ)യെ പോലെ ഔലിയാക്കളുടെ ലോകത്ത് കറാമത്തുകള്‍ പ്രകടിപ്പിച്ച മറ്റൊരാളെ കാണാന്‍ കഴിയില്ല. ശൈഖിന്‍റെ കറാമത്തുകളില്‍ പ്രസിദ്ധമായ ചിലത് മൗലിദില്‍ പറയുന്നുണ്ട്. ശൈഖവര്‍കളുടെ വ്യക്തിപ്രഭാവവും മഹിമയും പ്രകാശിപ്പിക്കുന്ന വരികളാണ് മുഹ്യിദ്ദീന്‍ മൗലിദിലെ ഈരടികള്‍. ‘യാ ജുനൂദദ്ദാകിരീനാ…’ എന്ന് തുടങ്ങുന്ന വരികളില്‍ അത് കൂടുതല്‍ പ്രകടമാണ്. ദീനിന് ജീവന്‍ നല്‍കിയ മഹാത്മാണ് ശൈഖ് ജീലാനി(റ). തമസ്സില്‍ മൂടിക്കിടന്ന ഒരു ജനതയെ ധര്‍മപാതയിലേക്ക് വഴിനടത്തിയ ചരിത്രമാണ് അദ്ദേഹത്തിന്‍റേത്. അവിടുത്തെ ദര്‍ബാറില്‍ നടന്നിരുന്ന പ്രഭാഷണങ്ങള്‍ കേട്ട് നന്മയുടെ തീരത്തണഞ്ഞവര്‍ നിരവധിയുണ്ട്. ജീവനും ആത്മീയ ഗന്ധവുമുള്ള ഒരു വലിയ സമൂഹത്തെയാണ് ശൈഖ് ജീലാനി(റ) സൃഷ്ടിച്ചെടുത്തത്. എല്ലാവരുടെയും അഭയ കേന്ദ്രമായിരുന്നു ശൈഖ്. അവശരുടെ അത്താണിയും നിരാലംബരുടെ ആശ്രയവും. വെള്ളവും അന്നവും നല്‍കി നിരവധി പേരെ ശൈഖ് ജീലാനി(റ) പോറ്റി. പതിനായിരങ്ങളാണ് അന്നത്തിനായി ശൈഖിനെ കാത്ത് കഴിഞ്ഞിരുന്നത്. തീറ്റിയും ഉടുപ്പിച്ചും പാവങ്ങളെ മാറോട് ചേര്‍ത്ത് പിടിച്ചും അശരണര്‍ക്ക് താങ്ങായി നിന്നത് ചരിത്രം വിസ്മയത്തോടെയാണ് പറഞ്ഞ് തരുന്നത്.

അഗാധ ജ്ഞാനിയായിരുന്നു ശൈഖ്. ശരീഅത്തും ത്വരീഖത്തും ഹഖീഖത്തുമെല്ലാം പൂര്‍ണമായി സമ്പാദിച്ച വ്യക്തിത്വം. ശാഫിഈ-ഹമ്പലീ മദ്ഹബ് ധാരകളില്‍ നിപുണന്‍. ഔലിയാക്കളുടെ കിരീടവും അതിസൂക്ഷ്മാലുവും. ശൈഖ് ജീലാനി(റ)യുടെ മാതൃപിതൃ പരമ്പര ഹസന്‍, ഹുസൈന്‍(റ)വിലേക്ക് ചെന്നെത്തുന്നുവെന്നത് അദ്ദേഹത്തിന്‍റെ വേറിട്ടൊരു വിശേഷണമാണ്. ഏറ്റവും നല്ല പൈതൃകവും സംസ്കാരവുമുള്ള കുടുംബത്തിലാണ് ജീലാനി(റ) പിറന്നതും വളര്‍ന്നതും- എന്നീ ആശയങ്ങളാണ് മേല്‍ ബൈത്തുകളില്‍ ഉള്‍കൊണ്ട പ്രധാന ആശയങ്ങള്‍.

സൂറത്തുല്‍ മാഇദയിലെ മുപ്പത്തിയഞ്ചാം വചനം ഉള്‍കൊണ്ട അര്‍ത്ഥ തലങ്ങള്‍ മഹ്മൂദുല്‍ ഖാഹിരി(റ) ഇങ്ങനെ വിശദീകരിക്കുന്നു: ആത്മഗന്ധമുള്ള നാല് കര്‍മങ്ങളെ മേല്‍വചനം പ്രകാശിപ്പിക്കുന്നു. ഒന്ന്, ലക്ഷ്യബോധത്തോട് കൂടിയുള്ള വിശ്വാസം. മുഴുവന്‍ ദുര്‍മേദസ്സുകളില്‍ നിന്നും മുക്തമായി അല്ലാഹുവുമായി നേരില്‍ ബന്ധപ്പെടുന്ന പ്രകൃതം. രണ്ട്, തഖ്വയുടെ പദവികളെല്ലാം കടന്നു കയറി അല്ലാഹുവുമായി  വിലയം പ്രാപിക്കുക. മൂന്ന്, സല്‍കര്‍മങ്ങള്‍ കൊണ്ട് അവന്‍റെ സഹായത്തിനായി തേടികൊണ്ടിരിക്കുക. നാല്, ഭൗതികത, പിശാച്, ദേഹേച്ഛ തുടങ്ങിയ ശത്രുക്കളോട് നിരന്തരമായി കലഹിക്കുക. ഈ പോരാട്ടത്തിലൂടെ  സനാതന ഗുണവിശേഷങ്ങള്‍ സമ്പാദിക്കുക.

തസ്വവ്വുഫിന്‍റെ ഭാഷാ പ്രയോഗങ്ങളാണ് മുഹ്യിദ്ദീന്‍ മൗലിദില്‍ പലയിടത്തും പ്രയോഗിച്ചിട്ടുള്ളത്. നിഗൂഢാര്‍ത്ഥങ്ങള്‍ പലതും ഒളിപ്പിച്ച് വെക്കപ്പെട്ടതാണവ. അവയുടെ അര്‍ത്ഥ തലങ്ങളില്‍ ഇറങ്ങിച്ചെന്ന് ആവിഷ്കാരം നടത്തുമ്പോള്‍ ഓരോ പദത്തിനും നിരവധി ആശയതലങ്ങള്‍ ഇതള്‍ വിരിയും. തസ്വവ്വുഫിന്‍റെ ദാര്‍ശനിക പ്രയോഗങ്ങളുടെ സ്ഥിതി അങ്ങനെയാണ്. മുഹ്യിദ്ദീന്‍ മൗലിദിലെ ‘റാഖ വഖ്തീ ഫീ റുത്ത്ബതില്‍ ഉല്‍യാഇ’, ‘സഖാനില്‍ ഹുബ്ബു കഅ്സാതില്‍ വിസ്വാലി’ എന്നീ കവിതകള്‍ ശൈഖ് ജീലാനി(റ)യുടെ മഹാപ്രഭാവത്തെ കുറിച്ച് ശൈഖ് തന്നെ ആലപിക്കുന്നതാണ്. അദ്ദേഹത്തിന്‍റെ പല രചനകളിലും ഈ വരികള്‍ കാണാം. മേല്‍ കവിതകള്‍ ആലപിക്കാനുള്ള പശ്ചാത്തലവും ശൈഖ് പറയുന്നുണ്ട്. തിരുനബിയെയും അലി(റ)വിനെയും ദര്‍ശിച്ച അനുഭവമാണത്. ഹജ്റ 521 ശവ്വാല്‍ പതിനാറിന് ബുധനാഴ്ച ളുഹ്റിന് മുമ്പായിരുന്നു പ്രസ്തുത ദര്‍ശനം. ളുഹ്റ് നിസ്കരിച്ചതിന് ശേഷമാണ് ‘റാഖ വഖ്തീ…’ എന്ന് തുടങ്ങുന്ന വരികള്‍ മഹാന്‍ ആലപിച്ചത്. തനിക്ക് അല്ലാഹു നല്‍കിയ മഹത്ത്വങ്ങള്‍ ഓരോന്നായി കുറിച്ചിടുകയാണ് ശൈഖവര്‍കള്‍. ജ്ഞാനം, കറാമത്ത്, കുടുംബം, അനുയായികള്‍, മഹത്ത്വം തുടങ്ങിയവയിലെല്ലാം ശൈഖ് ജീലാനി(റ)ക്കുള്ള ഉയര്‍ച്ചകള്‍ എണ്ണിപ്പറയുന്നു ഓരോ വരിയിലും. നടേ സൂചിപ്പിച്ച പോലെ ശൈഖ് ജീലാനി(റ)യുടെ ജീവചരിത്രവും കീര്‍ത്തനവുമടങ്ങുന്ന നിരവധി കാവ്യങ്ങള്‍ വിരചിതമായിട്ടുണ്ട്. അത്തരത്തില്‍ ചിലതെല്ലാം മഹ്മൂദുല്‍ ഖാഹിരി(റ) തന്‍റെ മൗലിദില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടന്നാണ് മനസ്സിലാകുന്നത്.

‘യാ സയ്യിദീ ശൈഖീ വ സ്വദ്റസ്സ്വാദിരീ…’ എന്ന് തുടങ്ങുന്ന മുഹ്യിദ്ദീന്‍ മൗലിദിലെ കാവ്യം അത്തരത്തിലൊന്നാണ്. അഹ്മദ്ബ്നു അബ്ദില്‍ അസീസിന്‍റേതാണ് പ്രസ്തുത കാവ്യമെന്ന് വരികളില്‍ നിന്ന് മനസ്സിലാക്കാം. ശൈഖിന്‍റെ സാമൂഹ്യ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്ന പല സംഭവങ്ങളും മുഹ്യിദ്ദീന്‍ മൗലിദില്‍ കാണാം. അദ്ദേഹത്തിന്‍റെ പര്‍ണശാലയിലെത്തുന്നവര്‍ പല തരക്കാരാണ്. രോഗികള്‍, മനോവൈകല്യമുള്ളവര്‍, കൊടും കുറ്റവാളികള്‍, ഹൃദയ കാഠിന്യമുള്ളവര്‍, അവിശ്വാസികള്‍, കപടന്‍മാര്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തട്ടുകളിലുള്ളവര്‍. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേട്ടും ഉള്ളു കൊണ്ടറിഞ്ഞും ആവശ്യമായതെല്ലാം നല്‍കി. മനഃപരിവര്‍ത്തനത്തിനുതകുന്ന ഇടപെടലുകളുണ്ടായി. നിശ്ചയമായും ഇതിലെല്ലാം സാമൂഹിക ജൈവികതയുടെ അടയാളപ്പെടുത്തലുകളുണ്ടെന്ന് ആര്‍ക്കും ബോധ്യപ്പെടും.

മൗലിദിലെ ചില വരികളില്‍ ആരോപണങ്ങളുന്നയിക്കുന്നവരുണ്ട്. മഹ്മൂദുല്‍ ഖാഹിരി(റ)യുടെ സൂഫീദാര്‍ശനിക സമീപനങ്ങള്‍ മനസ്സിലാക്കാത്തവരാണ് അത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. ശൈഖവര്‍കളുടെ കീര്‍ത്തനങ്ങളടങ്ങിയ മുഹ്യിദ്ദീന്‍ മാലക്കെതിരിലും ഇത്തരം ജല്‍പനങ്ങള്‍ എഴുന്നള്ളിക്കുന്നവരുണ്ടല്ലോ. ഒരു രചയിതാവിന്‍റെ സര്‍ഗശേഷി വിലയിരുത്തേണ്ടത് അദ്ദേഹം എഴുതിയതിന്‍റെ മൗലിക സത്തയില്‍ നിന്നുകൊണ്ടാണ്. എഴുത്തുകാരന്‍റെ വിശ്വാസം, ആദര്‍ശം, പശ്ചാത്തലം, പ്രതിപാദന സൗന്ദര്യം തുടങ്ങിയവക്കൊക്കെ ഇതില്‍ വലിയ പങ്കുണ്ട്.

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര