കര്‍സേവകര്‍ ബാബരി മസ്ജിദ് ധ്വംസനം നടത്തിയതിന്‍റെ പിറ്റേ വര്‍ഷം ജൂലൈ ഒമ്പതാം തിയ്യതി രാത്രിയിലാണ് ചങ്ങരംകുളത്തിനടുത്ത മൂക്കുതല സുന്നി മസ്ജിദ് മുജാഹിദുകള്‍ പൊളിക്കുന്നത്. 85 വര്‍ഷത്തിലേറെ പഴക്കമുള്ള ഇരുനില പള്ളി ഒറ്റ രാത്രി കൊണ്ട് പൊളിക്കുകയും മര ഉരുപ്പടികളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കര്‍സേവാ സംഘത്തില്‍ മുന്നൂറോളം പേരാണുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരം പുലര്‍ന്നപ്പോഴാണ് മഹല്ലിലെ മുസ്ലിംകള്‍ ഇക്കാര്യമറിയുന്നത്. 500 പേര്‍ക്ക് നിസ്കരിക്കാവുന്ന പള്ളി തകര്‍ത്തതിലൂടെ എട്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 1993 ആഗസ്ത് 16 ലക്കം സുന്നിവോയ്സില്‍ മൂക്കുതല പള്ളി പ്രശ്നത്തിന്‍റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് കാണാം. അതില്‍ നിന്ന്:

‘മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെട്ട പ്രദേശമാണ് മൂക്കുതല. ചങ്ങരംകുളത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം പടിഞ്ഞാറ് ഭാഗത്തായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. താരതമ്യേന ജനങ്ങള്‍ സാധുക്കളും സമാധാന പ്രിയരുമാണ്. 350-ഓളം മുസ്ലിം വീടുകള്‍ മഹല്ലിന്‍റെ പരിധിയിലുണ്ട്. ഇതില്‍ സിംഹഭാഗവും സുന്നികളാണ്. ഏകദേശം 70 വീടുകള്‍ മുജാഹിദുകളായുണ്ട്. സുന്നികള്‍ സാമ്പത്തികമായി പിന്നാക്കമാണ്. മുജാഹിദുകളില്‍ ഭൂരിഭാഗവും നാട്ടിലെ പ്രമാണിമാരാണ്.

മഹല്ല് ജമാഅത്തിന്‍റെ കീഴിലുള്ള മദ്റസയും പള്ളിയുമെല്ലാം സുന്നികള്‍ സ്ഥാപിച്ചതാണ്. മുജാഹിദുകള്‍ കേരളത്തില്‍ എത്തുന്നതിന്‍റെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതലേ മസ്ജിദ് സ്ഥാപിച്ചിട്ടുണ്ട്.

1906-ല്‍ ചിയ്യാമു തൊഴുവാനൂര്‍ എന്ന നാട്ടുകാരണവര്‍ പ്രദേശത്തെ ജനങ്ങളുടെ സഹകരണത്തോടെയാണ് പള്ളി നിര്‍മിച്ചത് എന്ന് തലമുതിര്‍ന്നവരെല്ലാം പറയുന്നു. മഹല്ല് ജമാഅത്തിന് കീഴില്‍ പള്ളിവക രണ്ട് ഏക്കര്‍ ഇരുപത്തി രണ്ട് സെന്‍റ് ഭൂമിയും രണ്ടു മദ്റസകളും ഉണ്ടായിരുന്നു. ഇതെല്ലാം ഒരു കമ്മിറ്റി തന്നെയായിരുന്നു നടത്തിയിരുന്നത്. മദ്റസകളില്‍ ‘ദാറുസ്സലാം’ മുജാഹിദുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ‘നഫാഇസുല്‍ ഉലൂം’ എന്ന മദ്റസ സുന്നികളുടെ കൈവശം തന്നെയാണിപ്പോഴും.

1981 മുതല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുണ്ട്. ഇതില്‍ നാട്ടുകാരായ പതിനേഴു പേര്‍ അംഗങ്ങളാണ്. ഇതിനു ശേഷം 82-ല്‍ മുജാഹിദുകള്‍ അവരുടേതായ കമ്മിറ്റിയുണ്ടാക്കി കള്ള രജിസ്റ്റര്‍ ചെയ്തു. 1980 മുതലാണ് പള്ളി പ്രശ്നം തുടങ്ങുന്നത്. മഹല്ല് ജമാഅത്തില്‍ നല്ലവരായി ചമഞ്ഞ് കേറിപ്പറ്റി കമ്മിറ്റിയില്‍ സ്വാധീനമുണ്ടാക്കിയ മുജാഹിദുകള്‍ 1982-ല്‍ പള്ളി സ്വന്തമായി പ്രഖ്യാപിച്ചു. ജനങ്ങളെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ പള്ളിയില്‍ ഖുതുബ പരിഭാഷയും മറ്റും തുടങ്ങുകയും സുന്നി ആചാരങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. അതിനിടക്ക് മദ്റസയിലെ സുന്നി സിലബസ് മാറ്റി ഇവരുടെ സിലബസ്സാക്കി. ഇത് നാട്ടുകാരറിയുന്നത് വിദ്യാര്‍ത്ഥികളുടെ പുസ്തകം മറിച്ചുനോക്കുമ്പോഴാണ്. പള്ളിയിലും മദ്റസയിലുമൊക്കെ മുജാഹിദ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇതും കൂടിയായപ്പോള്‍ സുന്നികള്‍ ഉണരാന്‍ തുടങ്ങി. അവര്‍ ബോര്‍ഡുകള്‍ പള്ളിയില്‍ നിന്നെടുത്തുമാറ്റി. ഇതിന് പ്രതികാരമായി മുജാഹിദുകള്‍ തന്നെ പള്ളിയുടെ ഒരു മൂല പൊളിച്ചു സുന്നികള്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടാക്കി….. 1981 മുതല്‍ പള്ളി പ്രശ്നം നിയമക്കുരുക്കില്‍ പെട്ടു തുടങ്ങി. ആദ്യമായി മുജാഹിദുകള്‍ പള്ളി സൂത്രത്തില്‍ തട്ടിയെടുത്തതിനെതിരെ സുന്നികള്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് പരാതി കൊടുത്തു. ഒന്നര വര്‍ഷത്തിനു ശേഷം ആര്‍ഡിഒയുടെ തീരുമാനം വന്നു. മൂക്കുതല പള്ളി പ്രശ്നം സിവില്‍ കേസായി പരിഗണിച്ച് പരിഹാരം കാണണമെന്നായിരുന്നു ആര്‍ഡിഒ നിര്‍ദേശം. രണ്ടാമത് 1983-ല്‍ പൊന്നാനി മുന്‍സിഫ് കോടതിയില്‍ മുജാഹിദുകള്‍ക്കെതിരെ കേസ് കൊടുത്തു (ഒ.എസ് 122/83). സുന്നികള്‍ക്ക് അനുകൂലമായി കോടതി വിധി ലഭിച്ചു. പള്ളിയും പള്ളിയുടെ സ്വത്തുക്കളും അന്യായക്കാര്‍ക്ക് (സുന്നികള്‍ക്ക്) വിട്ടുകൊടുക്കണമെന്നായിരുന്നു വിധി.

ഇതിനിടക്ക് ഒരു മുജാഹിദ് പ്രമുഖന്‍ പള്ളിയുടെ 72 സെന്‍റ് ഭൂമി തട്ടിയെടുക്കുകയും സ്വന്തം വീട് നിര്‍മിക്കുകയും ചെയ്തുകൊണ്ട് നിയമത്തെ പരസ്യമായി അവഹേളിച്ചു. പൊന്നാനി മുന്‍സിഫ് കോടതി വിധിയനുസരിച്ച് മുജാഹിദുകള്‍ സുന്നികള്‍ക്ക് കൈമാറേണ്ടിയിരുന്ന പള്ളിയും മറ്റു സ്വത്തുക്കളും അവര്‍ കൊടുത്തില്ല. തിരൂര്‍ സബ്കോടതിയില്‍ അപ്പീല്‍ കൊടുത്തു. സബ് കോടതി പൊന്നാനി മുന്‍സിഫ് കോടതിയുടെ വിധി ദുര്‍ബലപ്പെടുത്തി. നീതിക്കുവേണ്ടി സുന്നികള്‍ വീണ്ടും നീതിപീഠങ്ങളെ സമീപിച്ചു. ഹൈക്കോടതിയും പൊന്നാനി മുന്‍സിഫിന്‍റെ വിധി റദ്ദാക്കിക്കൊണ്ടുള്ള സബ്കോടതിയുടെ വിധി ശരിവെക്കുകയാണുണ്ടായത്. ഇപ്പോള്‍ പള്ളി സുന്നികള്‍ക്ക് തിരിച്ചുകിട്ടാന്‍ വേണ്ടി അവര്‍ സുപ്രീം കോര്‍ട്ടില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിനെ സംബന്ധിച്ച വിധി കാത്തിരിക്കുമ്പോഴാണ് മുജാഹിദുകള്‍ പൊളിക്കാന്‍ തീരുമാനിച്ചത്.’

അതിനെ തുടര്‍ന്ന് സുന്നികള്‍ വഖ്ഫ് ബോര്‍ഡിനെ സമീപിച്ച് ജനറല്‍ബോഡി വിളിച്ചുചേര്‍ക്കാനും ഉടമസ്ഥാവകാശം ഭൂരിപക്ഷ ജനതീരുമാനത്തിന് വിടാനും അപേക്ഷിച്ചു. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാറിനെ കൊണ്ട് വഖ്ഫ് ബോര്‍ഡിന്‍റെ ഇടപെടല്‍ തടയാന്‍ മുജാഹിദുകള്‍ക്കായി. പൊളിച്ച ശേഷം നാട്ടിലെ സ്ഥിതി ഇങ്ങനെ വായിക്കാം: ‘നാട്ടിലുള്ള സാധാരണക്കാര്‍ക്ക് ഒറ്റക്ക് രാത്രി കാലങ്ങളില്‍ ഇറങ്ങി നടക്കാന്‍ ഭയമാണെന്ന് ഒരു ചെറുപ്പക്കാരന്‍ വോയ്സിനോട് പറഞ്ഞു.’

You May Also Like

ഇമാം ശാഫിഈ(റ)

നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ…

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

അസ്വുഹാബുല്‍ കഹ്ഫിന്റെ ഗ്രാമം

വിശുദ്ധ ഖുര്‍ആന്‍റെ അവതരണ മാസമാണല്ലോ റമളാന്‍. മാനവ സംസ്കരണത്തിനുതകുന്ന പാഠങ്ങളും മുന്നറിയിപ്പുകളുമുള്ളതു പോലെ ഖുര്‍ആനില്‍ ധാരാളം…