ത്യമതത്തിലേക്കുള്ള ക്ഷണം വിസമ്മതിച്ചു കാതുകൾ കൊട്ടിയടക്കുകയും ദുരഭിമാനം നടിക്കുകയും ചെയ്ത അദ്ദേഹം റസൂലിനെ വധിച്ചുകളയണമെന്നുറപ്പിച്ചു. അതിനനുയോജ്യമായ സന്ദർഭം കാത്തിരുന്നു. സത്യം പുൽകിയതിന്റെ പേരിൽ തിരു റസൂലിന്റെ അനുയായികളെ പലപ്പോഴും മർദ്ധിച്ചു. തിരുശിഷ്യരിൽ തന്റെ കരവലയത്തിലൊതുങ്ങിയ പലരെയും നിർഭയം വധിക്കുകയും ചെയ്തു. അതുനിമിത്തം അയാളെ കാണുന്നിടത്തു വെച്ചു കൊന്നുകളയണമെന്ന് പ്രവാചകർക്ക് വിളംബരം ചെയ്യേണ്ടിവന്നു.

ഇത് ഹാജിലിയ്യത്തിലെ പ്രസിദ്ധ നേതാവും ബനൂഹനീഫ ഗോത്രക്കാരനുമായ സുമാമത്തുബ്‌നു ഉസാൽ.

ഇദ്ദേഹം റസൂലിന്റെ അനുചരന്മാരെ പീഡിപ്പിക്കാൻ കാരണം മറ്റൊന്നുമല്ല. ഹിജ്‌റ ആറാം വർഷം തിരുദൂതർ (സ്വ) പ്രബോധന പ്രവർത്തനത്തിന്റെ ഭാഗമായി അറബി – അനറബി ഭരണാധികാരികളെ സത്യസരണിയിലേക്ക് ക്ഷമിച്ചുകൊണ്ട് കത്തുകളയച്ചു. കൂട്ടത്തിൽ യമാമയിലെ ഭരണാധികാരി സുമാമത്തിനും ക്ഷണക്കത്തയച്ചു. അദ്ദേഹം പരിഹാസപൂർവ്വം അത് തിരസ്‌കരിക്കുകയും പുണ്യറസൂലിനോടും വിശുദ്ധ മതത്തോടുമുള്ള ശത്രുതപൂർവോപരി ശക്തിപ്പെടുത്തുകയും ചെയ്തു.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബദ്ധവൈരിയായിരിക്കെ പിന്നീടൊരിക്കൽ മക്ക സന്ദർശിക്കാൻ പുറപ്പെട്ടു. അദ്ദേഹത്തെ  മദീനയുടെ പരിസരത്തുവെച്ച് മുസ്‌ലിം സൈന്യം മുട്ടി. മദീനയെ അക്രമിക്കാൻ വല്ല ശത്രുസൈന്യവും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇറങ്ങിയതായിരുന്നു അവർ. മുമ്പ് കണ്ടിട്ടില്ലാത്ത ഈ അപരിചിതനെ അവർ പിടികൂടി മസ്ജിദുന്നബവിയുടെ ഒരു തൂണിൽ ബന്ധിച്ചു.

എന്നാൽ സുമാമയെ തിരുനബി(സ്വ) തിരിച്ചറിഞ്ഞു. അനുചരന്മാരോട് അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ ബന്ധനസ്ഥനാക്കിയയാൾ ആരാണെന്നറിയാമോ? ഇതാണ് സുമാമത്തുബ്‌നു ഉസാൽ. ഇദ്ദേഹത്തോട്. മര്യാദകേടൊന്നും കാണിക്കരുത്. മാന്യമായി പെരുമാറുക.’

അനന്തരം തിരുദൂതർ(സ്വ) തന്റെ വീട്ടുകാരോട് സുമാമത്തിന് ഭക്ഷണം തയ്യാറാക്കിനൽകാൻ ആവശ്യപ്പെട്ടു. അവരദ്ധേഹത്തിന് ഭക്ഷണപാനീയങ്ങൾ നൽകി മാന്യമായി സൽക്കരിച്ചു. ശേഷം തിരുദൂതർ(സ്വ) സുമാമയുടെ അടുത്ത് ചെന്ന് വിശേഷണങ്ങൾ ആരാഞ്ഞു.

എന്തുണ്ട് വിശേഷം? സുമാമ പറഞ്ഞു: ‘നല്ല വിശേഷം. എനിക്കൊരു കാര്യം പറയാനുണ്ട്. നബിതങ്ങൾ അനുമതി നൽകിയപ്പോൾ അദ്ദേഹം മനസ്സ് തുറന്നു.

‘താങ്കൾ എന്നെ വധിക്കുകയാണെങ്കിൽ അത് തികച്ചും നീതിമാത്രമായിരിക്കും. മറിച്ച് അങ്ങെനിക്ക് മാപ്പ് നൽകുകയാണെങ്കിൽ ഞാൻ അതീവ നന്ദിയുള്ളവനായിരിക്കുമെന്ന് ഉറപ്പ് നൽകുന്നു. അതിന് പ്രതിഫലമായി എന്തും നൽകാൻ ഞാൻ ഒരുക്കമാണ്.’

‘ഇദ്ദേഹത്തെ നിരുപാധികം വിട്ടയക്കുക.’ സുമാമയുടെ അഭ്യർത്ഥനകേട്ട് തിരുദൂതർ കൽപന നൽകി.

ബന്ധനമുക്തനായ സുമാമ മസ്ജിദുന്നബവിയിൽ നിന്ന് പുറത്തിറങ്ങി. മദീനയുടെ പ്രാന്തത്തിലുള്ള ബഖീള ലെ ഒരു കാരക്കത്തോട്ടത്തിൽ ചെന്നു. ഒട്ടകപുറത്തു നിന്നിറങ്ങി അവിടെയുള്ള ചെറിയ ഒരു ജലാശയത്തിൽനിന്ന് ശരീരവും വസ്ത്രവും കഴുകി ശുദ്ധിയാക്കിയശേഷം തിരുദൂതരുടെ സന്നിധിയിലേക്ക് മടങ്ങിച്ചെന്നു. ശിഷ്യഗണങ്ങൾക്ക് ജ്ഞാനം പകരുകയായിരുന്നു അപ്പോൾ റസൂൽ(സ്വ). സുമാമ സദസ്സ്യരെ സാക്ഷിനിർത്തി മൊഴിഞ്ഞു ‘അശ്ഹദു…’ സത്യസാക്ഷ്യവചനം ഉരുവിട്ടു മുസ്‌ലിമായി.

അനന്തരം സുമാമ തുടർന്നു. ‘പ്രവാചകരേ, ഞാനിന്നു വരെ ഏറ്റവും വെറുത്തിരുന്ന മുഖം അങ്ങയുടേതായിരുന്നു. പക്ഷേ ഇന്നുമുതൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന വദനം അങ്ങയുടേതാണ്. ഞാനേറ്റവും വെറുത്തിരുന്ന നാട് മദീനയും മതം ഇസ്‌ലാമുമാണ്. ഇന്ന് എനിക്കേറ്റവും പ്രിയപ്പെട്ട മതം ഇസ്‌ലാമും നാട് മദീനയുമാകുന്നു. അങ്ങയുടെ ദീനും പട്ടണവും ഈ മനസ്സിന് കുളിർമ്മയേകുന്നതാണ്.

യാ റസൂലല്ലാഹ്, അങ്ങയുടെ അനുയായികളോട് ഞാൻ ശത്രുതയോടെ പെരുമാറുകയും അക്രമിക്കുകയും ചിലരെ വധിക്കുകയും ചെയ്തിട്ടുണ്ട്. അർഹമായ ശിക്ഷ അവിടുന്ന് നൽകിയാലും.

താൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളെക്കുറിച്ചോർത്തപ്പോൾ കുറ്റബോധം തോന്നി അദ്ദേഹം പറഞ്ഞു.

‘സുമാമാ. അത് സാരമാക്കേണ്ട. ഇസ്‌ലാം പുൽകിയതോടെ അതിന് മുമ്പുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു.  യഥാർത്ഥ മുസ്‌ലിമിന് അല്ലാഹു നൽകുന്ന പ്രതിഫലം അനുപമവും അനശ്വരവുമാണ്.’ തിരുദൂതർ സാന്ത്വനിപ്പിച്ചു. സുമാമ(റ)യുടെ വദനം പ്രസന്നമായി. പശ്ചാത്താപ നിർഭരമായ ഹൃത്തടം നയനങ്ങളെ ആർദ്രമാക്കി. അദ്ദേഹം തുടർന്നു:

യാ റസൂലല്ലാഹ്, അങ്ങയുടെ അനുയായികളോട് ഞാൻ ചെയ്ത ദ്രോഹത്തിനും മർദ്ദനമുറകൾക്കും പ്രായശ്ചിത്തമെന്നോണം ശത്രുക്കളോട് ഞാൻ പടവെട്ടും. എന്റെയും സഹചരരുടെയും ശരീരവും വാളും ഇസ്‌ലാമിന്റെ പുരോഗതിക്കും വിജയത്തിനും വേണ്ടി ഞാൻ ഉപയോഗിക്കും.

റസൂലേ, ഉംറ നിർവ്വഹിക്കാൻ മക്കയിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഇവരെന്നെ പിടികൂടി ഇവിടെയെത്തിച്ചത്. അതിനാൽ ഞാനിനി എന്തുവേണം?

ഇസ്‌ലാമിക നിയമപ്രകാരം നീ മക്കയിൽ പോയി ഉംറ നിർവഹിക്കണം. നബി(സ്വ) പറഞ്ഞു. ഇസ്‌ലാമിക ശരീഅത്തനുസരിച്ചു ഉംറയുടെ കർമവും ധർമവും അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു.

സുമാമ(റ) ഉംറക്കായി മക്കയിലേക്ക് യാത്രയായി. ഉറക്കെ തൽബിയ്യത്ത് (ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്) ചൊല്ലി. നാഥാ, നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് കൂട്ടുകാരില്ല. സർവ സ്തുതിയും അനുഗ്രഹങ്ങളും എല്ലാ ഉടമാവകാശങ്ങളും നിനക്കാകുന്നു. നിനക്ക് പങ്കുകാരില്ല.

ഇതോടെ മക്കയിൽ ലബ്ബൈക്കല്ലാഹുമ്മ എന്ന സ്‌തോത്രം ആദ്യമായി ഉരുവിട്ട മുസ്‌ലിം സുമാമത്തുബ്‌നു ഉസാൽ(റ) ആയിത്തീർന്നു.

സുമാമ(റ)ന്റെ ഉച്ചത്തിലുള്ള ലബ്ബൈക്കിന്റെ ശബ്ദം ഖുറൈശികളുടെ കർണപുടങ്ങളിൽ ചെന്നലച്ചു. തങ്ങളുടെ പൂർവപിതാക്കൾ പ്രതിഷ്ഠിച്ച ലാത്ത, ഉസ്സമാരുടെ അടിവേരറുത്തുകളായൻ മാത്രം ശക്തമായ ശബ്ദം അവർക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഊരിപ്പിടിച്ച വാളുമായി ശബ്ദം കേട്ട ദിക്കിലേക്ക് അവർ ഓടിയടുത്തു. യമാമയിലെ ഭരണാധികാരിയായ സുമാമ ബിൻ ആദിലാണ് അതെന്ന് തിരിച്ചറിഞ്ഞ അവർ അമ്പരന്നു. സുമാമയെ കയ്യേറ്റം ചെയ്താൽ മക്കക്കാരുടെ കച്ചവടമാർഗം അടയുമെന്ന് ബോധ്യമായപ്പോൾ വാൾ ഉറയിലിട്ട് ശാന്തരായി സുമാമയെ സമീപിച്ച് അവർ ആരാഞ്ഞു.

വന്ദ്യരേ, അങ്ങേക്ക് എന്തുപറ്റി? അങ്ങ് വഴിപിഴച്ചുവല്ലോ? നമ്മുടെ പിതാമഹന്മാരുടെ മാർഗം കൈവെടിഞ്ഞത് മഹാകഷ്ടമായി.

ഇല്ല. എനിക്ക് പിഴച്ചിട്ടില്ല. ഞാൻ ഉത്തമമായ ഒരു മാർഗം അഥവാ മുഹമ്മദുർറസൂലിന്റെ മാർഗമാണ് അവലംബിക്കുന്നത്. ഞാനൊരു കാര്യം നിങ്ങളെ പ്രത്യേകം ഉണർത്തുന്നു. ഞാൻ ഇവിടെനിന്ന് യമാമയിൽ മടങ്ങിയെത്തിയാൽ ഒരുമണി ധആന്യം പോലും ഇനി മക്കയിലേക്ക് അനുവദിക്കുകയില്ല. നിങ്ങളിൽ അവസാനത്തെയാളടക്കം മുഹമ്മദുർറസൂലിനെ പിന്തുടർന്നാലല്ലാതെ..

സുമാമ(റ) തിരുനിർദേശംപോലെ ഉംറയും ബലികർമങ്ങളും നിർവ്വഹിച്ചു നാട്ടിലേക്ക് മടങ്ങി. സ്വദേശത്ത് എത്തിയ ഉടനെ ഖുറൈശികൾക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ തന്റെ ജനതയോട് കൽപിച്ചു. ഉപരോധം മക്കാ നിവാസികളെ ബാധിച്ചു. ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടു. പട്ടിണിയും കഷ്ട്പാടുകളും തിരിച്ചുവന്നു. കൂട്ടമരണത്തിലേക്ക് ഇത് തങ്ങളെ തള്ളിവിടുമോ എന്നുവരെ അവർ ശങ്കിച്ചു.

ഇനിയെന്തു ചെയ്യും? ഉപരോധം മറികടക്കാൻ സുമാമയെകണ്ടിട്ട് കാര്യമില്ല. അയാൾ കടുംപിടുത്തത്തിലാണ്. മുഹമ്മദ് നബിയെ കണ്ട് പ്രതിസന്ധി അറിയിക്കാൻ ഖുറൈശികൾ തീരുമാനിച്ചു. അവർ വിവരം പ്രവാചകരെ എഴുതി അറിയിച്ചു.

കുടുംബബന്ധം മാനിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരാളാണെന്ന് താങ്കളെ പറ്റി ഞങ്ങളുടെ ധാരണം, പക്ഷേ, അതിന് വിരുദ്ധമായാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബന്ധം വിച്ഛേദിച്ചു ഞങ്ങളുടെ പിതാക്കളെ വാൾകൊണ്ടും സന്താനങ്ങളെ വിശപ്പുകൊണ്ടും താങ്കൾ നശിപ്പിക്കുന്നു. സുമാമ മക്കയിലേക്കുള്ള ധാന്യ ഇറക്കുമതി നിർത്തലാക്കിയിരിക്കുന്നു. ഭക്ഷണ സാധനങ്ങൾ തടഞ്ഞുവെച്ച് ഞങ്ങളെ വിഷമിപ്പിക്കുകയാണ്. അതിനാൽ ദയവായി ഉപരോധം പിൻവലിക്കാൻ സുമാമയോട് ആവശ്യപ്പെടണം.

ഉപരോധം പിൻവലിക്കാൻ റസൂൽ(സ്വ) സുമാമ(റ)യോട് ആവശ്യപ്പെട്ടു. തിരുനിർദേശം പരിഗണിച്ച് അദ്ദേഹം ഉപരോധം എടുത്തുകളഞ്ഞു.

തിരുദൂതരുടെ നിർദേശങ്ങൾ മാനിച്ചും കൽപനകൾ പാലിച്ചും ശിഷ്ടകാലം മുഴുവൻ ദീനിന്റെ സേവനകനായി സുമാമ(റ) ജീവിതം ധന്യമാക്കി. റസൂൽ(സ്വ)യുടെ വഫാത്തിനുശേഷം ചില അറബികൾ ഒറ്റയായും കൂട്ടമായും മതകൽപനകൾ നിരസിച്ച വിപൽഘട്ടത്തിൽ യമാമയിൽ കള്ളപ്രവാചകൻ മുസൈലിമയുടെ വിനാശകരമായ പ്രവർത്തനങ്ങൾ ശക്തിപ്രാപിച്ചു. തന്റെ ഗോത്രമായ ബനൂഹനീഫയിൽ മുസൈലിമ ദുർബാധനം നടത്തിയപ്പോൾ അവനെ നേരിടുന്നതിൽ അതേ ഗോത്രക്കാരനായ സുമാമ(റ) നിർവഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ:

‘ജനങ്ങളേ, അന്ധകാരമാണ് അവിടെയുള്ളത്. പ്രകാശമല്ല. അവനെ അനുധാവനം ചെയ്യുന്നവരെ അല്ലാഹു ഭാഗ്യദോഷികളാക്കിത്തീർത്തിരിക്കുന്നു. ആര് നബിയെ ധിക്കരിച്ചുവോ അവരെ വലിയ പരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തിരിക്കുന്നു. ഒരുഘട്ടത്തിൽ ഇരുപ്രവാചക ദൗത്യം ആവശ്യമില്ല. മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ റസൂലാകുന്നു. നബിക്ക് ശേഷം മറ്റൊരു പ്രവാചകനില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വത്തിൽ കൂട്ടുകാരുമില്ല.’

അനന്തരം സുമാമ(റ) പാരായണം ചെയ്തു. ഹാമീം… ഈ വേദാവതരണം പ്രതാപവാനും സർവ്വജ്ഞനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു. പാപങ്ങൾ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും മഹത്തായ അനുഗ്രഹങ്ങളുടെ ഉടയവനുമായവൻ. അവനല്ലാതെ ദൈവമില്ല. അവങ്കലേക്കല്ലോ സകലത്തിന്റെയും മടക്കം. (സൂറ. ഗാഫിർ 1-3). എന്ന വചനങ്ങളും തവളെ അഭിസംബോധന ചെയ്യുന്ന മുസൈലിമയുടെ വ്യാജ സൂക്തങ്ങളും സദസ്യരെ കേൾപ്പിച്ചു. എന്നിട്ട് ഇരുസൂക്തങ്ങളുടെയും അന്തരം മനസ്സിലാക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. മുസൈലിമയുടെ കള്ളത്തരങ്ങളും പൊള്ളവാദങ്ങളും ശക്തിയുക്തം തുറന്നുകാട്ടി. വിശുദ്ധ വചനങ്ങൾക്കെതിരെ മുസൈലിമ അവതരിപ്പിച്ച നിലവാരമില്ലാത്ത വാക്കുകളും വാദങ്ങളും ജനങ്ങളെ ബോധിപ്പിച്ചു.

തനിക്കൊപ്പമുള്ള അനുചരന്മാരുമായി മതപരിത്യാഗികളോട് കഠിനപോരാട്ടത്തിൽ ഏർപ്പെട്ടു. അങ്ങനെ അല്ലാഹു തന്റെ ഇഷ്ട ജനങ്ങൾക്ക് തയ്യാറാക്കിയ അനുഗ്രഹീതാരാമങ്ങൾക്ക് സുമാമ(റ) അർഹനായിത്തീരുകയും ചെയ്തു.

(അൽ ഇസ്വാബ 1/203, അൽ ഇസ്തിആബ് 1/203, ഉസ്ദുൽ ഗാവ 1/246, സുവറുൻ മിൻ ഹയാത്തിസ്വഹാബ 58-65).

 

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര