Rifaee Mala

സ്ലാമിലെ ആധ്യാത്മിക താവഴിയില്‍ ശ്രദ്ധേയരായ ശൈഖ് അഹ്മദ് കബീറുര്‍രിഫാഈ(റ)യുടെ പേരില്‍ വിരചിതമായ കാവ്യ കീര്‍ത്തനമാണ് രിഫാഈ മാല. ശൈഖവര്‍കളുടെ ജീവചരിത്രം, വ്യക്തി ജീവിത സവിശേഷതകള്‍, പൊതുജീവിത രീതി, ആത്മീയ നേതൃത്വം, കറാമത്തുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച രിഫാഈ മാല കേരളീയര്‍ക്കിടയില്‍ വിശ്രുതമാണ്.

ഇസ്ലാമിക മുന്നേറ്റത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ച ശൈഖ് ജീലാനി(റ)യെപ്പോലെ അദ്ദേഹത്തിന്‍റെ സമകാലികനായ ശൈഖ് രിഫാഈ(റ)യും പ്രവര്‍ത്തന ഗോഥയിലുണ്ടായിരുന്നു. നിര്‍ജീവമായി നിലകൊണ്ട മുസ്ലിം സമൂഹത്തെ സജ്ജമാക്കിയതിലും മനുഷ്യരാശിയെ അവിശ്വാസത്തിന്‍റെ നീര്‍ച്ചുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിയതിലും ശൈഖ് രിഫാഈ(റ)വിന് വലിയ പങ്കുണ്ട്.

നൂറ്റി എണ്‍പത്തിയഞ്ച് വരികളുള്ളതാണ് രിഫാഈ മാല. ഇരുപത്തിയെട്ട് വരികളുള്ള ഇരവടക്കമാണിത്. പ്രാര്‍ത്ഥനാ വചനങ്ങളാണ് ഇരവുകള്‍. ദുന്‍യാവ്, ആഖിറം, ഹൗളുല്‍ കൗസര്‍,  ശഫാഅത്ത്, ഖബ്ര്‍, മുന്‍കര്‍, നകീര്‍, അസ്റാഈല്‍, നരകം തുടങ്ങി ഒരാളുടെ ഇഹപര ക്ഷേമവുമായി ബന്ധപ്പെട്ടവയെല്ലാം ഇരവുകളില്‍ കടന്നുവരുന്നുണ്ട്.

വിശ്വാസത്തിനു കൂടുതല്‍ ബലം പ്രതീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഏറ്റവുമധികം ഉപകാരപ്പെടുന്നതാണ് രിഫാഈ മാല. മാലയുടെ ആരംഭത്തില്‍ ശൈഖ് രിഫാഈ(റ)യുടെ ജീവിതം മുഴുവന്‍ രേഖപ്പെടുത്താന്‍ വരകള്‍ക്കും വരികള്‍ക്കുമാകില്ലെന്ന വസ്തുത ബോധ്യപ്പെടുത്തുന്നുണ്ട്. ‘മേന്മയില്‍ തൊപ്പം പറയുന്നു ഞാനിപ്പോള്‍, മേല്‍മാ പറകിലോ മട്ടില്ല യെന്നോവര്‍.’ സമകാലീനരും പിന്‍ഗാമികളുമായ മഹാപണ്ഡിതന്മാര്‍ മഹാനവര്‍കളുടെ മാഹാത്മ്യങ്ങള്‍ എണ്ണിപ്പറഞ്ഞതു നോക്കുമ്പോള്‍ ഈ മാല ഏറ്റവും ഹ്രസ്വമാണെന്ന് രചയിതാവ് തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. ശൈഖ് അബൂശുജാഅ് ശാഫിഈ(റ), അല്ലാമാ താജുദ്ദീന്‍ സുബ്കി(റ), അല്ലാമാ അബ്ദുല്‍ വഹാബ് അശ്ശഅ്റാനി(റ), അല്ലാമാ സൈനുദ്ദീന്‍ ഉമര്‍ ബ്നുല്‍ വര്‍ദി(റ), ഇമാം യാഫിഈ(റ), അഹ്മദുബ്നു ജലാല്‍(റ), ശൈഖ് തഖിയുദ്ദീന്‍ വാസിത്വി(റ) തുടങ്ങിയവരെല്ലാം ശൈഖ് രിഫാഈ(റ)വിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട് (അല്‍മആരിഫുല്‍ മുഹമ്മദിയ്യ, ഖിലാദതുല്‍ ളവാഹിര്‍).

വിജ്ഞാനം ഈമാനിന്‍റെ വര്‍ധനവിനും ഈമാന്‍ ആരാധനയുടെ വര്‍ധനവിനും ആരാധന ഇലാഹീ സാമീപ്യത്തിനുമുള്ളതാണെന്ന സൂഫി ചിന്താഗതി കൃത്യമായി വച്ചുപുലര്‍ത്തുന്ന മഹാനവര്‍കള്‍ ത്വരീഖത്തിന്‍റെ മേഖലയില്‍ വിരാജിക്കുമ്പോഴും ശരീഅത്തിന്‍റെ ശക്തനായ വക്താവായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് പിന്നീടുള്ള വരികളില്‍ കവി അനുവാചകരെ കൊണ്ടുപോകുന്നത്. ‘ബയ്യാന്‍ ശരീഅത്തും ബകവെ ത്വരീഖത്തും ബലിമാ ഹഖീഖത്തും എന്‍കയ്യില്‍ എന്നോവര്‍’ എന്ന വരി ഉപര്യുക്ത ആശയത്തെയാണ് പ്രകാശിപ്പിക്കുന്നത്. ‘ദീനോട് മാറ്റം പിടിച്ചൊരു സുല്‍ത്താനെ – ദീനില്‍ വരുത്തി ഉടനെ അയച്ചോവര്‍’ എന്ന പരാമര്‍ശം മതത്തിനെതിരു നിന്ന ചക്രവര്‍ത്തിയെ ദീനനുകൂലിയാക്കാന്‍ മാത്രം ശരീഅത്തിന്‍റെ പിന്തുണയുള്ള മഹദ് വ്യക്തിയായിരുന്നു ശൈഖ് എന്ന് വിശദീകരിക്കുന്നു.

തിരുനബി(സ്വ) പഠിപ്പിച്ച ശരീഅത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത രിഫാഈ(റ) തിരുനബി(സ്വ)യുടെ ഓരോ സ്വഭാവ സവിശേഷതയും ജീവിതത്തില്‍ പകര്‍ത്താന്‍ മത്സരിക്കുകയായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. ശൈഖ് മക്കിയ്യുല്‍ വാസ്വിത്വിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. ‘ഞാന്‍ ഒരു രാത്രി ശൈഖ് രിഫാഈ(റ)ക്കൊപ്പം ഉമ്മു അബീദയില്‍ താമസിച്ചു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം തിരുനബി(സ്വ)യുടെ വിശുദ്ധ സ്വഭാവങ്ങളില്‍ നാല്‍പതോളം കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടു (ഖിലാദതുല്‍ ജവാഹിര്‍). ഇമാമുദ്ദീന്‍ സിന്‍കി(റ) പറയുന്നത് കാണുക:  12 വര്‍ഷം ഞാന്‍ ശൈഖവര്‍കള്‍ക്ക് സേവനം ചെയ്തിട്ടുണ്ട്. അക്കാലത്തൊന്നും ഒറ്റ ദിവസവും അദ്ദേഹം രാത്രി ഉറങ്ങുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്‍പമെങ്കിലും ഉറങ്ങിയിരുന്നത് ളുഹാക്ക് ശേഷവും ളുഹ്റിനു മുമ്പുമായിരുന്നു (അര്‍റൗളുന്നളീര്‍). ‘എല്ലാ കലാമിലും ദുശ്ക്കം ഉടയോവര്‍- യേകന്‍ ഇബാദത്തില്‍ എപ്പോളും ഉള്ളോവര്‍’ എന്ന വരിയുടെ വിവക്ഷ ഇതുതന്നെയാണ്.

സമ്പൂര്‍ണമായ ശരീഅത്ത് പ്രയോഗവല്‍കരണം മൂലം ഇലാഹീ സാമീപ്യം നേടിയ മഹാനവര്‍കള്‍ക്ക് അല്ലാഹുവിന്‍റെയടുക്കല്‍ വലിയ സ്ഥാനമുണ്ടെന്നും തന്നിമിത്തം ഉദ്ദിഷ്ട കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നിറവേറ്റാന്‍ കഴിഞ്ഞിരുന്നുവെന്നുമാണ് ശേഷം കവി വ്യക്തമാക്കുന്നത്. ‘ആരുണ്ട് ആദ്യത്തോട് ഹാജത് തേടുവാന്‍- ഹാജത് അവര്‍ക്ക് ഞാന്‍ വീട്ടും അതെന്നോവര്‍.’ ശൈഖവര്‍കളുടെ ദരിദ്രനായ ഒരു ശിഷ്യന്‍ ഗുരുവിനെയും കൂട്ടരെയും വീട്ടിലേക്ക് ക്ഷണിച്ചു. വിഭവങ്ങളൊരുക്കാനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിഭവങ്ങളില്ലാതെ ക്ഷണിച്ചതില്‍ കൂടെ വന്ന ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഉടനെ ശിഷ്യന്‍ നിലപാട് വ്യക്തമാക്കി: ഗുരുവിന്‍റെ കാരണത്താല്‍ അല്ലാഹു എനിക്ക് ബറകത്ത് നല്‍കാനും അതുവഴി പിന്നീട് വിഭവങ്ങളൊരുക്കാനുമാണ് ഞാന്‍ ഗുരുവിനെ ക്ഷണിച്ചത്. അല്‍പനേരം വീട്ടില്‍ തങ്ങിയ ശൈഖ് പിന്നീട് യാത്ര പറഞ്ഞു തിരിച്ചുപോയി. അതോടെ ആ ശിഷ്യന് സാമ്പത്തികമായി വലിയ പുരോഗതി കൈവന്നു. ശൈഖ് രിഫാഈ(റ)യുടെ സമാനമായ നിരവധി അമാനുഷികതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കവിയുടെ മേല്‍ വരി. ‘ബണ്ണം മികച്ചെ ഗൗസെന്ന മഖാമതും. ബിട്ട് കടന്ന് ഞാന്‍ ചെന്ന് പറഞ്ഞോവര്‍’ എന്നു തുടങ്ങുന്ന വരികള്‍ അത്യുന്നത പദവിയില്‍ എത്തിയതു മൂലമാണ് ശൈഖ് ആഗ്രഹിക്കുന്നതെല്ലാം സാധിപ്പിച്ചെടുക്കാന്‍ കഴിയുന്നതെന്ന ഉണര്‍ത്തലുമുണ്ട്.

‘അമ്പിയാക്കന്മാരെ ഉടുപ്പും ഉടുത്ത് ഞാന്‍- അത്ഖിയാ ആഭരണം ഇട്ടെന്ന് ചൊന്നോവര്‍’ എന്ന വരി ശൈഖിന്‍റെ സ്വഭാവ വൈശിഷ്ട്യവും ആത്മീയ ശുദ്ധിയും വേറിട്ടതാണെന്ന് ഊന്നിപ്പറയുന്നു. ശത്രുവിനെ പോലും മിത്രമാക്കി മാറ്റുന്ന ശൈലിയും ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയുമായിരുന്നല്ലോ ശൈഖിന്‍റേത്. ഒരു രാത്രി വീട്ടിലേക്ക് വന്ന മഹാനവര്‍കള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ടു. ഗോതമ്പ് മോഷ്ടിക്കാന്‍ വന്ന കള്ളനായിരുന്നു ഉള്ളില്‍. വീട്ടുടമയുടെ മുന്നില്‍പ്പെട്ട കള്ളന്‍ ഭയന്നുവിറച്ചു. തന്‍റെ ഭാവി ഇരുളടഞ്ഞുവെന്ന് അയാള്‍ ഉറപ്പിച്ചു. എന്നാല്‍ കള്ളന്‍റെ എല്ലാ ആശങ്കകളുമകറ്റുന്ന നിലപാടായിരുന്നു ശൈഖിന്‍റേത്. ‘മോനേ, ഈ തൊലിയുള്ള ഗോതമ്പ് കൊണ്ടുപോയിട്ട് എന്താണു കാര്യം? അതു തൊലി കളയാനും പൊടിക്കാനുമെല്ലാം നീ എത്ര കഷ്ടപ്പെടണം? എന്‍റെ കൂടെ വാ.. അപ്പുറത്ത് പൊടിച്ചുവച്ച ഗോതമ്പുണ്ട്. അതെടുത്തോളൂ.’ വീട്ടുടമ തന്നെ പരിഹസിക്കുകയാണെന്നാണ് കള്ളന് ആദ്യം തോന്നിയത്. എങ്കിലും അയാള്‍ ശൈഖിനെ പിന്തുടര്‍ന്നു. കള്ളന്‍റെ കൈവശമുള്ള സഞ്ചി നിറയെ ഗോതമ്പുപൊടി നല്‍കി. മോഷ്ടാവിനോട് വളരെ നല്ല രീതിയില്‍ പെരുമാറിയ ശൈഖ് പാതിരാത്രിയില്‍ അയാളെ ഒറ്റക്ക് വിടാന്‍ തയ്യാറായില്ല. ഗ്രാമാതിര്‍ത്തി വരെ കള്ളനെ അനുഗമിച്ച് നല്ല രീതിയില്‍ യാത്രയയച്ചു. പിരിയുമ്പോള്‍ ശൈഖ് പറഞ്ഞു: ‘നീ എന്‍റെ വീട്ടില്‍ വന്ന സമയത്ത് അവിചാരിതമായി എന്നെ കണ്ടപ്പോള്‍ പേടിച്ചുപോയെങ്കില്‍ എന്നോട് പൊറുക്കണം.’ ശൈഖവര്‍കളുടെ ഈ അനിതര സാധാരണ ശൈലി കള്ളനെ ഏറെ അതിശയപ്പെടുത്തി. അയാള്‍ പിന്നീട് രിഫാഈ(റ)യെ കാണാന്‍ വരികയും സദസ്സില്‍ പങ്കെടുക്കുകയും ശിഷ്യനായി മാതൃകാ ജീവിതം നയിക്കുകയും ചെയ്തു. കൊടുംവൈരിയോട് പോലും സ്നേഹമസൃണമായി പെറുമാറാനുള്ള ഈ കഴിവ് ശൈഖിനുണ്ടായിരുന്നുവെന്ന വിശാലമായ ആശയം രിഫാഈ മാലയില്‍ പലയിടങ്ങളിലും വരുന്നുണ്ട്. ഈ സ്വഭാവ മഹിമ തന്നെയാണ് രിഫാഈ(റ)വിന്‍റെ മതപ്രബോധനത്തിന്‍റെ ഫലം വര്‍ധിപ്പിച്ചതും.

ശൈഖിന്‍റെ അനിതര സാധാരണ സ്വഭാവവും അത്ഭുത സിദ്ധികളും വിവരിച്ച് അനുവാചകരെ അതിശയപ്പെടുത്തുന്ന കവി, ഇവയെല്ലാം അടിസ്ഥാനമുള്ള വസ്തുതകള്‍ തന്നെയാണെന്നും അദ്ദേഹത്തിന്‍റെ ജീവചരിത്ര കൃതികളില്‍ നിന്ന് ഉദ്ധരിക്കുകയാണെന്നും വിശദീകരിക്കുന്നുണ്ട്. ‘അവര്‍ ചൊന്നെ ബൈതിന്നും തന്‍ബീഹ് തന്നിന്നും അങ്ങിനെ സിര്‍റുല്‍ മക്നൂനിന്നും കണ്ടോവര്‍.’

ശൈഖ് രിഫാഈ(റ)യുടെ വേറിട്ട ജീവിതവും പൊതുസമൂഹത്തെ അതിശയപ്പെടുത്തുന്ന പെരുമാറ്റവും മഹാനവര്‍കളുടെ അദൃശ്യജ്ഞാനം മുഖേനയുള്ള കഴിവാണെന്നും അതില്‍ സംശയത്തിനു വകയില്ലെന്നും ബോധ്യപ്പെടുത്താനാണ് ‘ഗൈബായെ ഇല്‍മ് അവര്‍ കണ്ടൊരു നേരത്ത്-ഖൈറാല്‍ അവര്‍ക്കൊക്കെ തഅ്ളീമ് ചെയ്തോവര്‍’ എന്ന വരിയിലൂടെ കവി ഉദ്യമിക്കുന്നത്. അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും ലഭിക്കുന്ന അദൃശ്യജ്ഞാനം അല്ലാഹു നല്‍കുന്നതാണെന്നും അവന്‍റെ കരുണ കൊണ്ട് ലഭിക്കുന്നതാണെന്നും തൊട്ടുമുമ്പുള്ള വരികളിലെ പരാമര്‍ശം നവീനവാദികള്‍ എയ്തുവിടുന്ന കുപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതത്രെ.

‘പാരില്‍ അവന്‍റേകല്‍ കൂടാതൊരു പാശം- പറഞ്ഞില്ല ഒരു നാളും യെന്ന് പറഞ്ഞോവര്‍, ഇരിപ്പില്‍ ഞാന്‍ ലൗഹുല്‍ മഹ്ഫൂള് നോക്കിയിട്ട്- ഉലകര്‍ക്ക് ഉറുദി പറയും ഞാനെന്നോവര്‍’ തുടങ്ങിയ വരികള്‍ രിഫാഈ ശൈഖിന്‍റെ പ്രബോധന രീതിയും പ്രഭാഷണങ്ങള്‍ വഴിയുണ്ടായ വലിയ ഫലത്തിന്‍റെ നിദാനവും വ്യക്തമാക്കുന്നു. പ്രഭാഷണങ്ങള്‍ പല വിധത്തില്‍ നടക്കാറുണ്ടെങ്കിലും മഹാനവര്‍കളുടേത് സത്യസന്ധവും ജനങ്ങളെ ഹഠാദാകര്‍ഷിക്കാന്‍ പര്യാപ്തവുമായിരുന്നു. അസംഖ്യം പേര്‍ കേള്‍ക്കാന്‍ വരികയും വന്നവര്‍ അവിശ്വസനീയമാം വിധം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തു.

ആരാധനയുടെ വര്‍ധനവ് കൊണ്ടും ഇല്ലാഹീ സാമീപ്യത്തിന്‍റെ ശക്തി കൊണ്ടും ആത്മീയോന്നതി പ്രാപിച്ച ശൈഖവര്‍കള്‍ക്കും അതേ പാത പിന്തുടര്‍ന്നവര്‍ക്കും ഭൗതിക കാര്യങ്ങളില്‍ ഒട്ടും ഭയമില്ലെന്ന വസ്തുത ആവര്‍ത്തിക്കുന്നതാണ് ‘എന്‍റെ മുരീദെ പെരുംപാമ്പ് തീണ്ടുകില്‍- യെന്നും വിഷം ഇല്ലയെന്ന് പറഞ്ഞോവര്‍’ എന്ന വരി.

 

മുഹ്യിദ്ദീന്‍ മാലയും രിഫാഈ മാലയും

അറബി മലയാളത്തില്‍ വിരചിതമായ രിഫാഈ മാലയില്‍ മുഹ്യിദ്ദീന്‍ മാലയുടെ പല വരികളോടും സാദൃശ്യമുള്ളതായി കാണാം. അറബി മലയാള സാഹിത്യത്തില്‍ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യം മുഹ്യിദ്ദീന്‍ മാലയാണല്ലോ. ഇതിന്‍റെ ചുവടു പിടിച്ചാണ് പിന്നീട് മാലപ്പാട്ടുകള്‍ പ്രചരിച്ചത്. ഇരു മാലകളുടെയും തുടക്കത്തില്‍ തന്നെ സാമ്യതയുണ്ട്. ‘അല്ലാ തിരുപേരും സ്തുതിയും സ്വലവാതും- അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബേദാംബര്‍, ആലം ഉടയവന്‍ ഏകല്‍ അരുളാലെ- ആയെ മുഹമ്മദ് അവര്‍കിള ആണോവര്‍’ (മുഹ്യിദ്ദീന്‍ മാല). ‘ബിസ്മി തുദി ഫേരും തുദിയും സ്വലവാതും- ബേദാംബര്‍ കാക്കി അതിനാല്‍ തുടങ്ങുവാന്‍, ആശിഖ് ഉടയവന്‍ ഏകല്‍ അരുളാലെ- ഹാശിം ബനീകിള തന്നില്‍ പിറന്നോവര്‍’ (രിഫാഈ മാല).

ശൈഖ് രിഫാഈ(റ)വിന്‍റെ ജീവിതം പ്രതിപാദിക്കുന്നിടത്തും മുഹ്യിദ്ദീന്‍ മാലയോട് സാമ്യതകള്‍ കാണാം. ഇരുവരുടെയും ജീവിത രീതിയിലെ സാമ്യത തന്നെയാണ് മാലയിലെ പൊരുത്തത്തിനും കാരണം. മുഹ്യിദ്ദീന്‍ ശൈഖിനെപ്പോലെ ശൈഖ് രിഫാഇയും ഇറാഖിലാണ് ജനിച്ചത്. രണ്ടുപേരുടെയും പ്രവര്‍ത്തന ഫലമായി നിരവധി സാമൂഹ്യ ദ്രോഹികള്‍ക്ക് മതപരിവര്‍ത്തനമുണ്ടായിട്ടുണ്ട്. ഇരുവരുമെത്തിയ ആത്മീയ സ്ഥാനവും ജീവിത ചിട്ടയും പരാമര്‍ശിക്കുന്നിടങ്ങളിലെല്ലാം ഈ സാമ്യത കാണാവുന്നതാണ്. ‘ഇല്ല ഒരുത്തരും എന്‍റെ മഖാമിനെ- എത്തിക്കയില്ല, അതെന്ന് ഫറഞ്ഞോവര്‍’ (രിഫാഈ മാല). ‘ആരുണ്ട് അത് എന്‍റെ മഖാമിനെ എത്തീട്ട്- ആരാനും ഉണ്ടെങ്കില്‍ ചൊല്ലുവീന്‍ എന്നോവര്‍’ (മുഹ്യിദ്ദീന്‍ മാല). ‘മുന്നം ഒരേകലാല്‍ നാല്‍പത് നാളിലും- മുല കുടിക്കും കാലം മുലനെ തൊടാത്തോവര്‍’ (രിഫാഈ മാല). ‘മുതലായെ റമളാനില്‍ മുപ്പത് നാളിലും- മുല കുടിക്കും കാലം മുലനെ തൊടാത്തോവര്‍’ (മുഹ്യിദ്ദീന്‍ മാല).

പുണ്യാത്മാക്കളുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന മാലപ്പാട്ടുകള്‍ മനുഷ്യരില്‍ ആത്മീയ മൂല്യം വളര്‍ത്തുന്നവയാണ്. പൂര്‍വ സൂരികളുടെ ജീവിത വഴികള്‍ പരിചയപ്പെടുത്തുന്നതിനും സല്‍സ്വഭാവങ്ങള്‍ കൈമാറുന്നതിനും ഇത്തരം മാലകള്‍ ഏറെ ഉപകാരപ്രദമാണ്.

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര