Muhammed Bin Thuglakk _ malyalam

അടിമവംശത്തിനും ഖല്‍ജി വംശത്തിനും ശേഷം വന്ന സുല്‍താന്‍മാരാണ് തുഗ്ലക്കുകള്‍. 1320 മുതല്‍ 1413 വരെ ഇവര്‍ ഭരിച്ചു.

 

സുല്‍താന്‍മാര്‍:

ഗിയാസുദ്ദീന്‍ തുഗ്ലക്ക് ((1321-1235)

മുഹമ്മദ് ബിന്‍ തുഗ്ലക്ക് (1325-1351)

ഫിറോസ് ഷാ തുഗ്ലക്ക് (1351-1388)

ഗിയാസുദ്ദീന്‍ തുഗ്ലക്ക് (1388-1389)

അബൂബക്കര്‍ ഷാ (1389-1390)

മുഹമ്മദ് ഷാ (1390-1394)

അലാഉദ്ദീന്‍ സിക്കന്ദര്‍ ഷാ (1394)

നാസിറുദ്ദീന്‍ മുഹമ്മദ് ഷാ (1394-1413)

 

തുഗ്ലക്ക് എന്നത് വംശത്തിന്റെ പേരല്ല. ഗിയാസുദ്ദീന്‍ തുഗ്ലക്ക് എന്ന പേരില്‍ വിഖ്യാതനായ ഗാസി മലികിന്റെ വിളിപ്പേരാണിത്. പദത്തിനര്‍ത്ഥം ആദരണീയന്‍ എന്നാണ്.  അദ്ദേഹം സ്ഥാപിച്ചത്‌കൊണ്ട്  രാജവംശത്തിന് തുഗ്ലക്ക് വംശം എന്ന പേര് വന്നു. ഇത് ഒരു ഗോത്രത്തിന്റെ പേരാണെന്ന ഇബ്‌നു ബത്തൂത്തയുടെ പരാമര്‍ശം ശരിയല്ലെന്ന് പല ഗവേഷകരും പറയുന്നു. ഖല്‍ജി വംശത്തിലെ പ്രഭുവായിരുന്ന ഗാസി മലിക്  ഭരണത്തിലേറിയത്് എങ്ങനെയെന്ന് മുന്‍ അധ്യായത്തില്‍ പറഞ്ഞുവല്ലോ. ജീവിതക്ലേശങ്ങളുമായി ഡല്‍ഹിയിലെത്തിയ ഗിയാസുദ്ദീന്‍, സുല്‍താന്‍ ജലാലുദ്ദീന്‍ ഖല്‍ജിയുടെ സേവകനായി. ജലാലുദ്ദീന്റെ പിന്‍ഗാമി  അലാഉദ്ദീന്‍ ഖല്‍ജിയുടെ കാലത്ത് ഗിയാസുദ്ദീന്‍ മികവ് തെളിയിച്ചു. പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുകയും കൊട്ടാരത്തിലെ എണ്ണപ്പെട്ട പ്രഭുവായിത്തീരുകയും ചെയ്തു. അവസാന ഖല്‍ജി സുല്‍താനില്‍ നിന്ന് അധികാരവും പിടിച്ചെടുത്തു.  ഭരണത്തിലേറിയ ഉടനെ ഭരണം ഭദ്രമാക്കാനുള്ള നടപടികള്‍ തുടങ്ങി. കുഞ്ചിക സ്ഥാനങ്ങളിലെല്ലാം സ്വന്തക്കാരെ നിയമിച്ചു. ക്രമസമാധാനം കൊണ്ടുവന്നു. സിന്ധ്, ഗുജറാത്ത്, രജപുത്താന, ബംഗാള്‍, ദക്കാന്‍, തെലങ്കാന എന്നിവിടങ്ങളിലൊക്കെ കലാപങ്ങള്‍ നടന്നപ്പോള്‍ അദ്ദേഹം ശക്തിയുക്തം അടിച്ചമര്‍ത്തി. കലഹ പ്രിയരായ പ്രഭുക്കളെ നേര്‍വഴിക്ക് കൊണ്ടുവന്നു. അവസാന ഖല്‍ജികളുടെ ദുര്‍ഭരണം നിമിത്തം ഖജനാവ് കാലിയായിരുന്നു. കൊട്ടാരത്തിലെ ധൂര്‍ത്തുകള്‍ അദ്ദേഹം നിരോധിച്ചു. സുല്‍താന്‍ ഇക്കാര്യത്തില്‍ സ്വയം മാതൃക കാണിച്ചു. ഈ നടപടികളെ ത്വരീഖായേ ഇഅ്തിദാല്‍ (മര്യാദയുടെ വഴി) എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. കര്‍ഷകരുടെ ക്ഷേമത്തിന് സുല്‍താന്‍ മുന്‍തൂക്കം നല്‍കി. ഒപ്പം വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും. നികുതിഭാരം കുറച്ച് കൂടുതല്‍ സ്ഥലങ്ങള്‍ കൃഷിക്കുപയുക്തമാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം നന്നായി വിജയിച്ചു. മധ്യവര്‍ത്തികളായ സമീന്ദാര്‍മാരെ ഒഴിവാക്കിയ അലാഉദ്ദീന്‍ ഖല്‍ജിയുടെ നടപടി അദ്ദേഹം നിറുത്തലാക്കി. സമീന്ദാര്‍മാരായ ഖുത്, മുഖദ്ദം എന്നിവവര്‍ക്ക് പഴയ അധികാരങ്ങള്‍ തിരിച്ചു നല്‍കി. കര്‍ഷകരെ അനാവശ്യമായി ദ്രോഹിച്ചുകൊണ്ട് നികുതി പിരിക്കരുതെന്ന് ഉദ്യോഗസ്ഥന്‍മാര്‍ക്ക് താക്കീതു നല്‍കി. കര്‍ഷകരുടെ  വരുമാനം അളന്ന് തിട്ടപ്പെടുത്തി മാത്രമേ നികുതി നിര്‍ണയിക്കാവൂ എന്ന് കല്‍പിച്ചു.  അനാവശ്യമായി ശിക്ഷക്ക് വിധേയരായാല്‍ പരാതി പറയുന്നതിനുള്ള സൗകര്യവും ഒരുക്കി.

സിറാജുല്‍ മുല്‍ക് ഖാജാ ഹാജിയെ പട്ടാള മേധാവിയായി നിയമിച്ചുകൊണ്ട് സൈനിക രംഗം ത്വരിതമായി പരിഷ്‌കരിച്ചു. കുതിരപ്പട്ടാളത്തെ ശക്തിപ്പെടുത്തി. മിടുക്കുള്ള കുതിരകളെ ഇറക്കുമതി ചെയ്തു. പട്ടാള രേഖകളും (ഹുല്‍യ) ചാപ്പ കുത്തലും (ദാഗ്) നിര്‍ബന്ധമാക്കി. കര്‍ശനമായ പരിശീലനങ്ങളും നല്‍കി.  പുത്രന്‍ ഉലുഗ് ഖാനെ (മുഹമ്മദ് ബിന്‍ തുഗ്ലക്ക്) തെക്ക് തെലങ്കാനയിലേക്ക് വിട്ടു. അവിടെ ഭരണം നടത്തിയിരുന്ന റായ് രുദ്ര സുല്‍താനെ ധിക്കരിച്ച് അധികാരം സ്ഥാപിച്ചിരുന്നു. ദേവഗിരിയില്‍ മുഖ്തി (ഗവര്‍ണര്‍)യായ സഹോദരന്‍ മഹമൂദ്ഖാനുമായി ചേര്‍ന്ന് ഉലുഗ് ഖാന്‍ തെലങ്കാന കലാപം അമര്‍ത്തി. രായ് രുദ്രനെ ഡല്‍ഹിയിലേക്കയച്ചു. വഴിക്ക് വച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു (1321). ഉലുഗ് ഖാന്റെ സൈന്യം പിന്നെ കിഴക്കന്‍ തീരത്തേക്ക് നീങ്ങി. അവിടെയുള്ള കൊച്ചുകൊച്ചു കലാപകാരികളെ തുരത്തി. പാണ്ഡ്യ  കുമാരന്‍മാരെയും തോല്‍പിച്ചു. പിന്നീട് ഒറീസയിലേക്ക്. തെലങ്കാനയെ സഹായിച്ചുവെന്ന കാരണത്താല്‍ ജാജ് നഗറിലെ ഭാനുദേവന്‍ രണ്ടാമന തോല്‍പിച്ചു. അവിടെയുള്ള ചില ഹിന്ദു രാജാക്കന്‍മാരുടെ സഹായത്താല്‍ പല പ്രദേശങ്ങളും പിടിച്ചു. മധുരയിലെ ഭരണാധികാരികളായ നായ്ക്കന്‍മാര്‍ ഉലുഗ് ഖാന് അടിയറവ് പറഞ്ഞു. ജനങ്ങള്‍ക്ക് ഉലുഗ് ഖാനെ ഇഷ്ടമായി. അവരദ്ദേഹത്തെ“ലോകത്തിന്റെ ഖാന്‍”  എന്ന് വിളിച്ചു. ഡന്‍ഹിയില്‍ തിരിച്ചു ചെന്ന ഉലുഗ് ഖാനെ സുല്‍താന്‍ വാദ്യഘോഷങ്ങളോടെ സ്വീകരിച്ചു. അതിനിടെ ഷേര്‍ഖാന്‍ മുഗളിന്റെ മംഗോളിയന്‍ സൈന്യം ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ടുവെന്ന വിവരം കിട്ടിയപ്പോള്‍ മന്ത്രിയായ മാലിക് ഷാദിയെ അങ്ങോട്ടയച്ചു. അദ്ദേഹം മംഗോളിയരെ തോല്‍പിച്ചു നിരവധി പേരെ കലാപകാരികള്‍ കുത്തിക്കൊന്നു.

ബംഗാള്‍ ഭരിച്ചിരുന്ന ഷംസുദ്ദീന്‍ ഫിറോസ് ഷാ മരിച്ചപ്പോള്‍ നാലു മക്കള്‍ തമ്മില്‍ കലഹമായി. ഒരു വിഭാഗം സഹായത്തിനായി സുല്‍താനെ വിളിച്ചു. സുല്‍താന്‍ നേരിട്ട് തന്നെ ബംഗാളിലേക്ക് സൈന്യസമേതം ചെന്നു. ബഹ്‌റാം ഖാന്റെ നേതൃത്വത്തിലാണ് യുദ്ധം തുടങ്ങിയത്. എതിരാളിയായ ബഹാദൂര്‍ പിടിച്ചു നില്‍ക്കാനാവാതെ തന്റെ അടിമപ്പെണ്ണിനെയുംകൊണ്ട് ഓടിയെങ്കിലും രക്ഷയുണ്ടായില്ല. ഒരു മലമുകളില്‍ വച്ച് അദ്ദേഹം പിടിക്കപ്പെട്ടു. ബഹാദൂറിനെ സുല്‍താന്റെ സൈന്യം ചങ്ങലക്കിട്ടു. സന്ധിയുമായി വന്ന ബഹാദൂറിന്റെ  സഹോദരന്‍ നാസിറുദ്ദീന് ബംഗാളിന്റെ ഭരണം നല്‍കി. സുല്‍താന്റെ സൈന്യം  വിജയിച്ച വിവരം ഡല്‍ഹിയിലെ പള്ളിയില്‍ നിന്ന് പെരുമ്പറ കൊട്ടി അറിയിച്ചു. പ്രാര്‍ത്ഥനകളും നടന്നു. വമ്പിച്ച വരവേല്‍പാണ് സുല്‍താനുവേണ്ടി ഒരുക്കിയിരുന്നത്. പട്ടണത്തിന് പുറത്ത് ഇന്നത്തെ തുഗ്ലക്കാബാദില്‍ താല്‍ക്കാലികമായി നിര്‍മിച്ച വേദിയില്‍ സുല്‍താനും അംഗരക്ഷകരും ആസനസ്ഥരായി. സുല്‍താന് സൈന്യത്തെ മുഴുവന്‍ കാണാനായി  സാമാന്യം ഉയത്തിലായിരുന്നു വേദി. നിര്‍ഭാഗ്യവശാല്‍ വേദി നിലംപൊത്തുകയും സുല്‍താനും ഇളയ മകന്‍ മഹ്മൂദും അംഗരക്ഷകരും വേദിക്കടിയില്‍പെട്ട് മരണപ്പെടുകയും ചെയ്തു. ശക്തമായ ഇടി മിന്നലിന്റെ ആഘാതത്തിലാണ് വേദി വീണതെന്നും അഭിപ്രായമുണ്ട്.

സുല്‍താനും ഹസ്രത് നിസാമുദ്ദീന്‍ ഔലിയയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മകന്‍ ഉലുഗ് ഖാനാവട്ടെ ഔലിയയെ അങ്ങേയറ്റം ആദരിക്കുകയും ചെയ്തുപോന്നു. മകന് എളുപ്പത്തില്‍ അധികാരം കിട്ടാന്‍ വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചതിന്റെ ഫലമാണ് വേദി വീണ് പിതാവ് മരണപ്പെട്ടത് എന്നൊരു കഥ ഡല്‍ഹിയില്‍ പ്രചരിക്കുകയുണ്ടായി. എന്നാല്‍ സുല്‍താനും ഔലിയയും തമ്മില്‍ സൗഹൃദക്കുറവൊന്നും ഉണ്ടായിരുന്നില്ലെന്നും മറിച്ചുള്ള കഥകള്‍ കിംവദന്തികളാണെന്നും ഔലിയയുടെ ശിഷ്യന്‍ നാസിറുദ്ദീന്‍ ചിറാഗ് രേഖപ്പെടുത്തിയതായി ചരിത്രം. ചിശ്തി സൂഫികള്‍, പ്രത്യേകിച്ചും നിസാമുദ്ദീന്‍ ഔലിയ ഭരണാധികാരികളുമായി ബന്ധപ്പെടാറുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഔലിയയുടെ കാലത്ത് ഏഴ് സുല്‍താന്‍മാര്‍ ഡല്‍ഹിയില്‍ അധികാരത്തിലേറിയിരുന്നു. ഇവരില്‍ ആരെയും അദ്ദേഹം കാണാന്‍ പോയിട്ടില്ല. സുല്‍താന്‍മാരുമായി ബന്ധപ്പെടുന്നത് ശരിയല്ലെന്ന് ചിശ്തികള്‍ വിശ്വസിച്ചുപോന്നു. ദൃഢചിത്തനായ സുല്‍താന് അമിതത്വങ്ങളൊന്നും ജീവിതത്തിലുണ്ടായിരുന്നില്ല. ഏതെങ്കിലും രാജകീയമായ വംശാവലിയിലും താല്‍പര്യമുണ്ടായില്ല. താന്‍ സാധാരണക്കാരനാണെന്ന് അധികാരത്തിലിരിക്കുമ്പോഴും സുല്‍താന്‍ ഗിയാസുദ്ദീന്‍ പറയുമായിരുന്നു. മതകാര്യങ്ങളിലും അദ്ദേഹം അമിതാവേശം കാണിച്ചില്ല. ഡല്‍ഹിയിലെ കൊള്ളക്കാരെ അമര്‍ച്ച ചെയ്ത് ജനജീവിതം സുരക്ഷിതമാക്കാന്‍ നടപടിയെടുത്തു.

മുഹമ്മദ് ബിന്‍ തുഗ്ലക്ക്

ഏറെ തെറ്റിദ്ധരിക്കപ്പെട്ട സുല്‍താനാണ്  ഗിയാസുദ്ദീന്റെ മകന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക്. അതിബുദ്ധിമാനായ സുല്‍താന്‍ ഭ്രാന്തനായും ബുദ്ധിശൂന്യനായും ചിത്രീകരിക്കപ്പെട്ടു. അദ്ദേത്തിന്റെ പരിഷ്‌കാരങ്ങള്‍ ബുദ്ധിപൂര്‍വമായിരുന്നെങ്കിലും ജനങ്ങളുടെ മനസ്സറിയാന്‍ സാധിക്കാത്തതും ഉദ്യോഗസ്ഥരെ സംശയിച്ചതും മൂലം പരാജയപ്പെട്ടു. വിരോധമുള്ള ചരിത്രകാരന്‍മാര്‍ സുല്‍താനെ തെറ്റായി വിലയിരുത്തി. അങ്ങനെ അദ്ദേഹം തേജോവധം ചെയ്യപ്പെട്ടു. ഇരുപത്താറ് വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണം പരാജയപ്പെട്ട പദ്ധതികളുടേതായിരുന്നു എന്നുപറഞ്ഞ് എല്ലാവരും ഘോഷിക്കുന്നു. വിജയങ്ങളെ ആരും കാണുന്നുമില്ല. പരാജയങ്ങള്‍ എന്തുകൊണ്ടെന്നും വിലയിരുത്തുന്നില്ല. സുല്‍താനേറ്റിന്റെ ഏറ്റവും ഉന്നതമായ കാലമായിരുന്നു മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റേത്. ഏറ്റവും വലിയ സാമ്രാജ്യം. അതി വിസ്തൃതമായ തന്റെ സാമ്രാജ്യത്തെ വരുതിയില്‍ നിറുത്താന്‍ സുല്‍താന് കഴിയാതെ പോയി. നാലു പാടും കലാപങ്ങള്‍. അതിശക്തമായ സൈന്യത്തെ കൊണ്ട് എല്ലാവരെയും പരാജയപ്പെടുത്തിയെങ്കിലും അത് സ്ഥിരപ്പെടുത്താന്‍ കഴിയാതെപോയി. മറ്റേത് സുല്‍താനേക്കാളും രാജ്യഭദ്രതക്ക് വേണ്ടി യുദ്ധം ചെയ്യേണ്ടിവന്നത് മുഹമ്മദ് ബിന്‍ തുഗ്ലക്കിനാണ്.

എന്തൊരാരവമായിരുന്നു സുല്‍താന്റെ കിരീട ധാരണ ഉത്‌സവത്തിന്. ഏതോ ജ്യോത്സ്യന്റെ പ്രവചനപ്രകാരം നല്ലസമയം നോക്കിയാണ് ചങ്ങുകളൊക്കെ നിശ്ചയിച്ചത്. പിതാവിന്റെ മരണ ശേഷം നാല്‍പത് ദിവസത്തെ ദുഃഖാചരണം. അത് കഴിഞ്ഞാണ് കിരീടധാരണം നിശ്ചയിച്ചത്.  തുഗ്ലക്കാബാദിലെ ആ പഴയ കൊട്ടാരം ദീപാലംകൃതമായി. ചുറ്റുപാടും തോരണങ്ങള്‍. ഉത്സവ സമാനമായി തന്നെ സുല്‍താന്റെ എഴുന്നള്ളത്ത്. സര്‍വ സന്നാഹങ്ങളുമുണ്ട്. വീഥി നിറയെ സ്വര്‍ണം മഴവര്‍ഷം പോലെ. നക്ഷത്രങ്ങളെയും ചന്ദ്രനെയും സൂഫികളെയും കാരണവന്‍മാരെയും സാക്ഷിയാക്കി ഗിയാസുദ്ദീന്റെ പുതന്‍്ര ഉലുഗ് ഖാന്‍ എന്ന സ്ഥാനപ്പേരുള്ള മുഹമ്മദ് ജൗന അബുല്‍ മുജാഹിദ് എന്ന സ്ഥാനപ്പേരോടെ സിംഹാസനാരൂഡനായി (1324). ഇത്രയും വര്‍ണിച്ചെഴുതിയത് ബറനി എന്ന ചരിത്രകാരന്‍. പിതാവിന്റെ വഴി താനും തുടരുമെന്ന് സുല്‍താന്‍ പ്രഖ്യാപിച്ചു. ‘ഒരോ വൃദ്ധനും എനിക്കെന്റെ പിതാവിനെ പോലെയാണ്. ഓരോ യുവാവും സഹോദരനെപ്പോലെയും’-സുല്‍താന്റെ വാക്കുകള്‍. പുതിയ മന്ത്രിമാരും സേനാപതികളും അവരുടെ സ്ഥാനപ്പേരുകളും വേദിയില്‍ വച്ച് തന്നെ പ്രഖ്യാപിക്കപ്പെട്ടു. ഒരുവര്‍ഷം കഴിയും മുമ്പേ തുടങ്ങി മംഗോളിയന്‍ ആക്രമങ്ങള്‍. അവരെ തുരത്തി പെഷവാറടക്കമുള്ള പ്രദേശങ്ങളില്‍ സുല്‍താന്‍ ആധിപത്യമുറപ്പിച്ചു. അതേസമയം തന്നെ പുത്രന്‍ ബഹാഉദ്ദീന്‍ ഗുരുഷാപ്പ് കലാപം തുടങ്ങി. സ്വന്തം പുതെ്രന്റ വിശ്വാസ വഞ്ചനയെ അവനെ കൊന്ന് കൊണ്ട് പ്രതികാരം ചെയ്തു. അപ്പോഴാണ് തെക്ക് ദേവഗിരിയില്‍ നിന്ന് കലാപത്തിന്റെ വാര്‍ത്ത വന്നത്.  അവിടെ ബഹ്‌റം കിഷ്‌ലൂഖാനെ സുല്‍താന്റെ സൈന്യം കീഴടക്കി. 1334-35ല്‍ പാണ്ഡ്യ ദേശത്ത് ചെന്ന് ജലാലുദ്ദീന്‍ ഖാന്റെ കലാപം ഒതുക്കി. അപ്പോഴേക്കും പ്ലേഗ് മൂലം സൈന്യം മൂന്നില്‍ രണ്ടായി കുറഞ്ഞു. പേര്‍ഷ്യന്‍ ദേശത്തെ ഖുറാസാന്‍ പിടിക്കാന്‍ വലിയൊരു സൈന്യത്തെ സജ്ജമാക്കിയെങ്കിലും പണത്തിന്റെ കുറവ് മൂലം ആദ്യം വേണ്ടെന്നുവച്ചു. ബംഗാളില്‍ ഫഖ്‌റുദ്ദീന്‍ ഷാ കലാപം തുടങ്ങിയപ്പോള്‍ സൈന്യത്തെ അങ്ങോട്ടയച്ചു. അപ്പോഴേക്കും സിന്ധിലെ കമല്‍ പൂരില്‍ കലാപം. ലക്‌നൗതിയില്‍ കലാപം നടത്തിയ തന്റെ അര്‍ധ സഹോദരനെ കൊന്ന് സ്റ്റഫ് ചെയ്ത് ശരീരം ഡല്‍ഹിയിലെത്തിച്ചു. ഈ വിജയം നാല്‍പത് ദിവസം ആഘോഷിച്ചു. ഇതിനിടയിലാണ് ഖുറാസാന്‍ യുദ്ധത്തിനായി 37000 വരുന്ന സൈന്യത്തെ വീണ്ടും ഒരുക്കിയത്. ഇവരെ തീറ്റിപ്പോറ്റാന്‍ വേണ്ടി ഖജനാവ് മുടിച്ചത് മിച്ചം. മംഗോളിയരെ നാമാവശേഷമാക്കി മധ്യേഷ്യ സ്വന്തമാക്കാനായിരുന്നു ഈ യുദ്ധം. അതേസമയം തന്നെയാണ് വടക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കാനായി കറാച്ചിലിലേക്ക് ഒരു സൈന്യത്തെ സജ്ജമാക്കിയത്. ചൈനീസ് മംഗോളിയരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായിരുന്നു ഇത്. സൈന്യം ഈ മലമ്പ്രദേശത്തെത്തിയതോടെ മലനിവാസികളായ ഗോത്രക്കാര്‍ അവരെ കല്ലെറിഞ്ഞും അമ്പെയ്തും  നേരിട്ടു. അവിടെ താമസിക്കാനും കഴിഞ്ഞില്ല. സൈന്യത്തിലാകെ മഹാമാരി പടര്‍ന്നു. നിരവധി പേര്‍ മരിച്ചു. വല്ലാത്ത പരാജയമാണ് സുല്‍താന്‍ നേരിട്ടത്.

ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന പോലെയായി ഡല്‍ഹിയിലെ ക്ഷാമം. ധനക്കുറവ് വന്നപ്പോള്‍ ഏറ്റവും ഫലഭൂയിഷ്ഠമായ ദുവാബ് ദേശത്തെ കര്‍ഷകരുടെ മേല്‍ സുല്‍താന്‍ കനത്ത നികുതി ചുമത്തി കര്‍ഷകന്റെ നട്ടെല്ലൊടിച്ചു. പലരും കലാപം തുടങ്ങി. നിര്‍ദയമായിത്തന്നെ കലാപം അടിച്ചമര്‍ത്തിയെങ്കിലും ഗതിയില്ലാതായ കര്‍ഷകര്‍ കാട്ടിലൊളിച്ചു. അതോടെ കൃഷിയാകെ നശിച്ചു. ഭക്ഷണത്തിന് വേണ്ടി ദുവാബിനെയാണ് ഡല്‍ഹി ആശ്രയിച്ചിരുന്നത്. അവിടന്നുള്ള ധാന്യം വരവ് കുറഞ്ഞതോടെ ധാന്യത്തിന് അമിത വിലയായി. കരിഞ്ചന്തയും പൂഴ്ത്തി വയ്പും രൂക്ഷമായി. മണ്‍സൂണും ചതിച്ചു. തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദേവഗിരിയിലേക്ക് മാറ്റിയതിന് ഇതും കാരണമായി ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. അത് വിജയിച്ചതുമില്ല. സ്വര്‍ണവും വെള്ളിയും കിട്ടാതായപ്പോഴാണ് വെള്ളി നാണയങ്ങള്‍ക്ക് പകരം ചെമ്പ് നാണയം കൊണ്ടു വന്നത്. അതും പരാജയപ്പെട്ടു. ആസൂത്രണത്തിന്റെ കുറവും ഉദ്യോഗസ്ഥരില്‍ വിശ്വാസം നഷ്ടപ്പെട്ടതും സുല്‍താന് വിനയായി എന്നേ പറയേണ്ടൂ. സല്‍തനത് ശരിക്കും പതനത്തിക്കേ് നീങ്ങി.

തലസ്ഥാന മാറ്റം

സാമ്രാജ്യം വിസ്തൃതമായപ്പോഴും തെന്നിന്ത്യയില്‍ കലാപങ്ങള്‍ പതിവായപ്പോഴും വടക്ക് കിടക്കുന്ന ഡല്‍ഹിയില്‍ നിന്ന് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കരുതിയാണ് തെന്നിന്ത്യയിലൊരു തലസ്ഥാനം എന്ന ആശയം സുല്‍താന് തോന്നിയത്. വളരെ ചിന്തിച്ചാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. ഇബ്‌നു ബത്തൂത്ത പറയുന്നത്, സുല്‍താനെതിരായി ഡല്‍ഹിയിലുള്ളവര്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തലസ്ഥാനം മാറ്റിയതെന്നാണ്. ഡള്‍ഹിയിലെ ജനങ്ങളോടുള്ള സുല്‍താന്റെ രോഷം കൊണ്ടാണ് തലസ്ഥാനം മാറ്റിയതെന്ന് ഇസാമിയും പറയുന്നു. ഇതൊക്കെ ബാലിശമായ കാരണങ്ങളാണ്. ഡല്‍ഹിയിലെ ക്ഷാമവും തെന്നിന്ത്യയിലെ കലാപങ്ങളുമാണ് തലസ്ഥാനമാറ്റത്തിന് പ്രേരകം. എന്നാല്‍ തലസ്ഥാനം അപ്പാടെ മാറ്റിയെന്നതും ശരിയല്ല. ദൗലത്താബാദ് എന്ന് പറയുന്ന ദേവഗിരിയില്‍ ഒരു രണ്ടാം തലസ്ഥാനം സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. തലസ്ഥാന മാറ്റം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ഇബ്‌നുബത്തൂത്ത ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഡല്‍ഹി വിളങ്ങി തന്നെ നില്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ വ്യക്തം. പലരും കുറിച്ച പോലെ ഭീതിതമായ അന്തരീക്ഷമൊന്നും തലസ്ഥാനമാറ്റം കൊണ്ട് ഡള്‍ഹിയില്‍ സംഭവിച്ചിരുന്നില്ല. തലസ്ഥാനം അപ്പാടെ മാറ്റി എന്നത് ശരിയല്ല. ആസൂത്രണം താളം തെറ്റിയപ്പോഴാണ് പദ്ധതി പാളിയത്. അല്ലാതെ ആശയം ഭ്രാന്തമായിരുന്നില്ല.

1329-ലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അതിന് മുന്നോടിയായി രണ്ട് വര്‍ഷം മുമ്പേ ഡല്‍ഹിയില്‍ നിന്ന് ദേവഗിരിയിലേക്ക് റോഡ് നിര്‍മാണം തുടങ്ങി. വഴിയില്‍ തണല്‍ മരങ്ങളും സത്രങ്ങളും സ്ഥാപിച്ചു. സുല്‍താന്റെ ഉമ്മ മഖ്ദൂമായെ ജഹാനാണ് ആദ്യം ഡല്‍ഹി വിട്ടത്. പിന്നെ റോയല്‍ ദര്‍ബാര്‍, അമീറുമാര്‍, സൈന്യം, കുടുംബങ്ങള്‍, കൊട്ടാരത്തിലെ സേവകരും മൃഗങ്ങളും, പിന്നെ സയ്യിദുമാര്‍, സൂഫികള്‍, പണ്ഡിതന്‍മാര്‍, പിന്നെ പ്രധാന കുടുംബങ്ങള്‍. യാത്രക്കുള്ള എല്ലാ ചെലവുകളും ഖജനാവില്‍ നിന്ന.് ദൗലത്താബാദിലെത്തിയാലും താമസവും ചെലവുകളും ഖജനാവ് വകതന്നെ. ഡല്‍ഹി വിട്ട് വരുന്നവര്‍ക്ക് കണക്കറ്റ സമ്മാനങ്ങളും നല്‍കി. ദൗലത്താബാദ് ഏറെ മനോഹരമാക്കിയിരുന്നു. കോട്ടകളും കൊത്തളങ്ങളും പള്ളികളും വീടുകളുമെല്ലാമായി ഒരു മുസ്‌ലിം പട്ടണത്തിന്റെ പ്രൗഢിയില്‍ ആസൂത്രിതമായി തന്നെയാണ് എല്ലാം ചെയ്തത്. ഇതിനു കണക്കറ്റ പണവും ചെലവായി. പട്ടണത്തിന് ഖുവ്വത്തുല്‍ ഇസ്‌ലാം എന്ന പേരും നല്‍കി. നാനാഭാഗത്തു നിന്നുമുള്ള മുസ്‌ലിംകളെ ദൗലത്താബാദിലേക്ക് ക്ഷണിച്ചു. ഡല്‍ഹിയില്‍ നിന്ന് സര്‍വ ജനങ്ങളെയും ദൗലത്താബാദിലേക്ക് മാറ്റിയെന്നും അവിടം ശൂന്യമായി എന്നുമുള്ള ഇസാമിയുടേയും മറ്റും പരാമര്‍ശം ശരിയല്ല. ഭരണവുമായി ബന്ധപ്പെട്ടവരെയും പണ്ഡിതന്‍മാരെയും കവികളെയും ഉന്നതരെയുമാണ് മാറ്റിയത്. പുതിയ തലസ്ഥാനം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഹിന്ദുക്കളും സാധാരണക്കാരും ചില ഉന്നത കുടുംബങ്ങളും ഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നു.

ജനങ്ങളുടെ ഇഷ്ടത്തിനെതിരായാണ് അവരോട് പുതിയ തലസ്ഥാനത്തേക്ക് മാറാന്‍ സുല്‍താന്‍ പറഞ്ഞത്. ഡല്‍ഹിയുമായി ഹൃദയബന്ധം സ്ഥാപിച്ച അന്നാട്ടുകാര്‍ക്ക് മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കുന്നത് ചിന്തിക്കാന്‍ കഴിഞ്ഞില്ല. കൊച്ചുകുട്ടികളും വൃദ്ധന്‍മാരും രോഗികളും ഗര്‍ഭിണികളും യാത്രയില്‍ ഏറെ ക്ലേശിച്ചു. പലരും രോഗംമൂലം വഴിക്ക് വച്ച് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദ് വരെയുള്ള റോഡിനിരുവശവും ഏറെ ഖബറിടങ്ങള്‍ കാണാമായിരുന്നത്രെ. ഉന്നതരൊക്കെ യാത്രയായപ്പോള്‍ ഡല്‍ഹി ഒരു ശവപ്പറമ്പുപോലെ മൂകമായത് സ്വാഭാവികം. സൂഫികള്‍ അവരുടെ പര്‍ണ ശാലകളുമായി പ്രബോധന രംഗത്ത് സജീവായിരിക്കുമ്പോഴാണ് അവരോടും നാടുവിടാന്‍ പറഞ്ഞത്. നാസിറുദ്ദീന്‍ ചിറാഗടക്കമുള്ള  ചില സൂഫികള്‍ സുല്‍താന്റെ നിര്‍ദേശത്തിന് വഴങ്ങാതെ ഡല്‍ഹിയില്‍ തന്നെ തങ്ങി. അതിന്റെ പേരില്‍ പല ശിക്ഷകള്‍ക്കും അവര്‍ വിധേയരായി. ഈ വക പ്രവൃത്തികള്‍ സുല്‍താന്റെ ജനസമ്മിതി ഇല്ലാതാക്കി. പോകാന്‍ വിസമ്മതിച്ചവരെ വീട്ടില്‍ നിന്ന് വലിച്ചു കൊണ്ടുവന്ന് വണ്ടികള്‍ കയറ്റി. ചരിത്രകാരന്‍മാര്‍ സുല്‍താനെ ഇത്രയും മോശമാക്കി ചിത്രീകരിച്ചത് അവരോടും ഡല്‍ഹി വിടാന്‍ പറഞ്ഞതു കൊണ്ടാണ്. ചരിത്രകാരന്‍ ഇസാമിയുടെ പിതാവ് യാത്രാമധ്യേ മരണപ്പെട്ടിരുന്നു. ജീവനോടെ കുഴിച്ചു മൂടാന്‍ കൊണ്ടുപോകുന്നവരുടെ സ്ഥിതിയായിരുന്നു ഡല്‍ഹി വിടേണ്ടി വന്നവരുടേത് എന്നാണ് ഇസാമി എഴുതിയിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിയെ നില നിറുത്തി തന്നെയാണ് സുല്‍താന്‍ രണ്ടാം തലസ്ഥാനമുണ്ടാക്കിയത്. മാറ്റം പലര്‍ക്കും നഷ്ടങ്ങള്‍ വരുത്തിയെന്നത് ശരി.

ഏതായാലും തലസ്ഥാന മാറ്റം മുഹമ്മദ് ബിന്‍ തുഗ്ലക്കിന് ചീത്തപ്പേരുണ്ടാക്കി. അദ്ദേഹത്തിന്റെ ജനസമ്മിതി തീരെ കുറഞ്ഞുവന്നു. പണ്ഡിതന്‍മാരും സൂഫികളും ശത്രുക്കളായതോടെ ജനങ്ങള്‍ക്കും സുല്‍താനെ മടുത്തു. പക്ഷേ ശിക്ഷ ഭയന്ന് ആരും കലാപത്തിനൊരുങ്ങിയില്ല. തലസ്ഥാന മാറ്റത്തോടെ തെക്കും വടക്കും തമ്മിലുള്ള അന്തരം ഇല്ലാതായി. ഇരുപ്രദേശങ്ങള്‍ തമ്മില്‍ കുടുംബ ബന്ധങ്ങള്‍  വളര്‍ന്നു. ദക്കാനില്‍ മുസ്‌ലിം സംസ്‌കാരം തഴച്ചുവളര്‍ന്നു. മുസ്‌ലിം ഖബറിടങ്ങളും സൂഫികളുടെ സാന്നിധ്യവും പള്ളികളും കുംഭഗോപുരങ്ങളും ദര്‍ഗകളും  ദേവഗിരിയെ ശരിക്കും ഒരു മുസ്‌ലിം സാംസ്‌കാരിക കേന്ദ്രമാക്കി. പില്‍കാലത്ത് ഭാമിനികളുടെ മുസ്‌ലിം സാമ്രാജ്യം പൊന്തിവന്നത് ഈ തലസ്ഥാന മാറ്റത്തിന്റെ ശേഷിപ്പുകളില്‍ നിന്നാണ്.

തലസ്ഥാന മാറ്റത്തോടെ നിരവധി പേര്‍ മരിക്കുകയും ജനങ്ങള്‍ നിരാശരാവുകയും ചെയ്തത് കണ്ടപ്പോള്‍ സുല്‍താന്റെ മനസ്സലിഞ്ഞു. രോഗികളെയും വൃദ്ധന്‍മാരെയും ഇങ്ങനെ ഉപദ്രവിച്ചത് ശരിയായില്ല എന്ന് സുല്‍താന് തന്നെ തോന്നി. ഒടുവില്‍ തലസ്ഥാന മാറ്റം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ദൗലത്താബാദില്‍ താമസം തുടങ്ങിയ ഡല്‍ഹിക്കാരോട് അങ്ങോട്ടുതന്നെ തിരിച്ചു പോവാന്‍ കല്‍പിച്ചു. അപ്പോഴേക്കും അവരൊക്കെ ദൗലത്താബാദുമായി അടുത്ത് കഴിഞ്ഞിരുന്നു. അപ്പോഴാണ് മടങ്ങാനുള്ള നിര്‍ദേശം. ചെലവ്  സര്‍ക്കാര്‍ വക തന്നെ. പിറന്ന നാട്ടിലേക്ക് തന്നെ തിരിച്ചുപോവാന്‍ ജനം തയ്യാറായി. മടക്കയാത്രയില്‍ വൃദ്ധന്‍മാരും രോഗികളുമായ പലരും മരിച്ചു. അങ്ങനെ തലസ്ഥാന മാറ്റം ഉപേക്ഷിച്ചത് കൂനിന്‍മേല്‍ കുരുവെന്ന പരുവത്തിലായി. പ്രത്യക്ഷത്തില്‍ തലസ്ഥാനമാറ്റം ഒരു മഹാപരാജയമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

(തുടരും)

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

muhyudheen mala- malayalam

മുഹ്‌യിദ്ദീന്‍ മാലയുടെ സാഹിത്യ ലാവണ്യം

  അറബി മലയാള സാഹിത്യത്തിലെ അറിയപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. പ്രസിദ്ധ  കവിയും ഗ്രന്ഥകാരനുമായ…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…