AZAN- malayalam

പുണ്യവും ധന്യതയും നിറഞ്ഞ് നിൽക്കുന്ന കർമമാണ് വാങ്ക്. ദീനിൽ അറിയപ്പെട്ട നിശ്ചിത പദങ്ങൾ മുഖേനെ നിസ്‌കാരത്തിന്റെ സമയം അറിയിക്കുക എന്നാണ് അദാൻ‘ (വാങ്ക്) നിർവചിക്കപ്പെടുന്നത്. വിശുദ്ധ ഖുർആനും സുന്നത്തും വാങ്കിനെ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സൂറത്തുൽ മാഇദയുടെ 58-ാം വചനത്തിന്റെ ആശയം ഇങ്ങനെ: നിങ്ങൾ നിസ്‌കാരത്തിലേക്ക് വിളിച്ചാൽ അവിശ്വാസികൾ നിസ്‌കാരത്തെ പരിഹാസ്യവും കളിതമാശയുമാക്കും. അത് അവർ ചിന്തിക്കാത്തത്‌കൊണ്ടാണ്. സൂറത്തുൽ ജുമുഅയുടെ 9-ാം വചനത്തിന്റെ ആശയം: സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസം നിസ്‌കാരത്തിലേക്ക് വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ സ്മരണയിലേക്ക് ധൃതികാണിക്കുക. മാലിക്ബ്‌നു ഹുവൈരിസിൽ നിന്ന് റിപ്പോർട്ട്. നിസ്‌കാര സമയമായാൽ നിങ്ങളിൽ ഒരാൾ വാങ്ക് വിളിക്കട്ടെ, നിങ്ങളിൽ മുതിർന്നവർ ഇമാമത്ത് നിൽക്കുകയും ചെയ്യട്ടെ (ബുഖാരി, മുസ്‌ലിം). ഏറ്റവും മഹിതമായ ഒരു പ്രബോധനമാണ് വാങ്ക്. ഇസ്‌ലാമിന്റെ മുഖ്യ ആരാധനയായ നിസ്‌കാരത്തിലേക്കുള്ള വിളി. വിശുദ്ധ ഖുർആൻ 41-ാം അധ്യായം 33-ാം വചനം (അല്ലാഹുവിലേക്ക് വിളിക്കുന്നവനേക്കാൾ വാക്ക്‌കൊണ്ട് നല്ലവർ ആരുണ്ട്?) വാങ്ക് വിളിക്കുന്നവരെ കുറിച്ച് അവതരിച്ചതാണെന്ന് ഖുർആൻ വ്യാഖ്യാതാക്കളായ ഇക്‌രിമ, മുജാഹിദ്, ഖൈസുബ്‌നു അബീ ഹാസിം(റ) എന്നിവർ അഭിപ്രായപ്പെടുന്നുണ്ട്. ആഇശ(റ) പറഞ്ഞു: വാങ്ക് വിളിക്കുന്നവൻ ഹയ്യ അലസ്സ്വലാത്ത്… എന്ന് പറയുമ്പോൾ അല്ലാഹുവിലേക്കാണ് വിളിക്കുന്നത് (ഖുർത്വുബി 315/5). വാങ്ക് വിളിക്കുന്നവന്റെ വിളിനാദം അർത്ഥപൂർണവും ആശയ സമ്പന്നവുമാണ്. അല്ലാഹുവിലേക്ക് ക്ഷണിച്ച്‌കൊണ്ടുള്ള വിളിയാണത്. ഏറ്റവും പുണ്യകരമായ നിസ്‌കാരത്തിലേക്കുള്ള അറിയിപ്പ് കൂടിയാണ് വാങ്ക്. ഇതിന് പകരം നിൽക്കുന്ന വിളിനാദം വേറെയേതാണുള്ളത്. മുഹമ്മദ് ഇബ്‌നു സീരീൻ(റ) മേൽവചനത്തിന്റെ ആശയം ഇങ്ങനെ നിരീക്ഷിക്കുന്നു (ഇബ്‌നു കസീർ 101/4). അബൂഹുറൈറ(റ)യിൽ നിന്ന്. പ്രവാചകർ(സ്വ) പറഞ്ഞു: വാങ്കിന്റേയും ഒന്നാം സ്വഫിന്റെയും മഹത്ത്വം ജനങ്ങൾ അറിഞ്ഞിട്ട് അത് സമ്പാദിക്കാൻ ഒരു വഴിയും അവരുടെ മുന്നിലില്ലാതെ വന്നാൽ നറുക്കെടുപ്പിലൂടെയെങ്കിലും അത് കൈക്കലാക്കാൻ അവർ ധൃതികാണിക്കും (ബുഖാരി).

വാങ്കിന്റെ മഹത്ത്വം

തൗഹീദും രിസാലത്തും നിസ്‌കാരത്തിലേക്കും അന്ത്യവിജയത്തിലേക്കുമുള്ള ക്ഷണവും ഉൾകൊള്ളുന്നതാണ് വാങ്കിന്റെ ആശയം. വാങ്ക് വിളിക്കുന്നവരെ കുറിച്ച് നിരവധി മഹത്ത്വങ്ങൾ പ്രമാണങ്ങൾ പറയുന്നുണ്ട്. മുആവിയത്തുബ്‌നു അബീ സുഫിയാൻ(റ)വിൽ നിന്ന്. നബി(സ്വ) പറയുന്നത് ഞാൻ കേട്ടു. വാങ്ക് വിളിക്കുന്നവർ അന്ത്യനാളിൽ പിരടികൾ നീണ്ടവരായിരിക്കും (മുസ്‌ലിം). വിവിധ രൂപത്തിൽ ഈ തിരുവചനം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അന്ത്യനാളിന്റെ ഭീകരതയിൽ ദാഹിച്ച് വലയുന്നവരുടെ പിരടികൾ ചുരുണ്ട് പോകും. താങ്ങാനാവാത്ത പ്രയാസത്തിൽ പല ഭാഗത്തേക്കും തലതിരിച്ച് ദാഹശമനത്തിന് വഴിയുണ്ടോ എന്ന് പരതും. എന്നാൽ വാങ്ക് വിളിക്കുന്നവർക്ക് അന്ന് ദാഹം അനുഭവപ്പെടുകയില്ല. അതുകൊണ്ട്തന്നെ അവരുടെ പിരടികൾ ചുരുണ്ട് പോവുകയോ തല പല ഭാഗങ്ങളിലേക്ക് തിരിക്കേണ്ടതായോ വരില്ല (കഹ്ഫുൽ ഖഫാ 384/2). ജനങ്ങളൊന്നാകെ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്ന അന്ത്യനാളിൽ വാങ്ക് വിളിക്കുന്നവർ അനുഭവിക്കുന്ന പ്രതിഫലങ്ങളിലേക്ക് പിരടികൾ നീട്ടി പിടിക്കുകയാണവർ. വിയർപ്പിൽ പലരും പ്രയാസപ്പെടുമ്പോഴും ഈ ദുരിതമൊന്നും വാങ്ക് വിളിക്കുന്നവർ അനുഭവിക്കുന്നില്ല. അവർ അന്ത്യനാളിൽ ജേതാക്കളും തേരാളികളുമായിരിക്കും. അത്രക്കും ധന്യമായ കർമമാണ് ഇഹലോകത്ത് വെച്ച് അവർ നിർവഹിച്ചത്. കൂടുതൽ അനുയായികൾ അന്ത്യനാളിൽ അവർക്കുണ്ടാകും. അഅ്‌നാഖ് (പിരടികൾ) എന്നതിന് പകരം ഇഅ്‌നാഖ് (ധൃതി കാണിക്കൽ) എന്നൊരു വായനയും ഈ തിരുവചനത്തിലുണ്ട്. സ്വർഗത്തിലേക്ക് എളുപ്പത്തിൽ കടന്ന് ചെല്ലുന്നവർ എന്നാണ് അപ്പോൾ താൽപര്യം (അദ്ദീബാജ: ഇമാം സുയൂഥി 122/2).

   വാങ്കൊലി കേൾക്കാൻ ഒരിക്കലും പിശാചിന് സാധിക്കില്ല. അവനെ വളരെയേറെ അലോസരപ്പെടുത്തുന്ന വചനങ്ങളാണ് വാങ്കിലുള്ളത്. അബൂഹുറൈറ(റ)വിൽ നിന്ന് ഉദ്ധരണം. തിരുനബി(സ്വ) പറഞ്ഞു: നിസ്‌കാരത്തിന് വാങ്ക് വിളിക്കപ്പെട്ടാൽ പിശാച് പിന്തിരിഞ്ഞോടും. കീഴ്‌വായു പുറത്തൊഴിവാക്കിയായിരിക്കും അവന്റെ ഓട്ടം. വാങ്കിന്റെ നാദം കേൾക്കാത്ത അത്ര ദൂരത്ത് അവനെത്തും. വാങ്കൊലി തീർന്നാൽ തിരിച്ചുവരും. നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാലും ഇങ്ങനെതന്നെ. ഇഖാമത്ത് തീർന്നാൽ അവൻ തിരിച്ചെത്തും. എന്നിട്ട് നിസ്‌കരിക്കുന്നവന്റെ മനസ്സിൽ സംശയങ്ങൾ ജനിപ്പിക്കുന്ന ജോലിയിൽ ഏർപ്പെടും (ബുഖാരി). ഇതിന്റെ വ്യാഖ്യാനത്തിൽ ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു: ഖുർആൻ കേൾക്കുമ്പോഴോ നിസ്‌കാരത്തിലെ മറ്റ് ദിക്‌റുകൾ കേൾക്കുമ്പോഴോ ഓടാത്ത പിശാച് വാങ്ക്, ഇഖാമത്തിന്റെ സമയത്ത് ഓടി രക്ഷപ്പെടുന്നതിൽ ഒരു രഹസ്യമുണ്ട്. വാങ്കൊലി കേൾക്കുന്ന എല്ലാ വസ്തുക്കളും അന്ത്യനാളിൽ വാങ്കിന് സാക്ഷികളായിരിക്കും. ഈ സാക്ഷിത്വത്തിൽ നിന്ന് രക്ഷപ്പെടാനാണ് പിശാചിന്റെ ഈ പാച്ചിൽ (ഫത്ഹുൽ ബാരി 86/2).

 പ്രപഞ്ചത്തിലെ മുഴുവസ്തുക്കളും സാക്ഷിയാവുന്ന പുണ്യമാണ് വാങ്കൊലി എന്നത് മറ്റൊരു പ്രത്യേകതയാണ്. മഹാനായ അബ്ദുറഹ്മാനുബ്‌നു അബീ സ്വഅ്‌സ്വഅത്തിൽ നിന്ന്. അബൂ സഈദുൽ ഖുദ്‌രിയ്യ്(റ) എന്നോട് പറഞ്ഞു: ആടിനെയും മലഞ്ചെരുവുകളെയും ഇഷ്ടപ്പെടുന്ന പ്രകൃതമാണല്ലോ നിങ്ങളുടേത്. നിങ്ങൾ ആടുകളുടെ കൂടെ മലയിൽ വച്ച് നിസ്‌കാരത്തിന് വാങ്ക് വിളിക്കുമ്പോൾ ശബ്ദം ഉയർത്തുക. വാങ്ക് വിളിക്കുന്നവന്റെ ശബ്ദത്തിന്റെ അലയൊലി കേൾക്കുന്ന ജിന്ന്, ഇൻസ് അടക്കമുള്ള മുഴുവൻ വസ്തുക്കളും അന്ത്യനാളിൽ സാക്ഷിനിൽക്കും. ഇത് ഞാൻ നബി(സ്വ)യിൽ നിന്ന് കേട്ടതാണ് (ബുഖാരി). തിരുനബിയുടെ പ്രത്യേക പ്രാർത്ഥന നേരത്തേ സമ്പാദിച്ചവരാണ് വാങ്കുകാർ. ലോകമെമ്പാടുമുള്ള വാങ്കൊലിയുടെ നായകന്മാർക്ക് മാപ്പിരന്ന്‌കൊണ്ട് നബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ നിറവാണ് എന്നും വാങ്ക് മുഴക്കുന്നവരുടെ മനസ്സകം. അബൂഹുറൈറ(റ)വിൽ നിന്ന് ഉദ്ധരണം. റസൂൽ(സ്വ) പറഞ്ഞു: ഇമാമത്ത് നിൽക്കുന്നവർ ജാമ്യം നിൽക്കുന്നവരാണ്. വാങ്ക് വിളിക്കുന്നവർ വിശ്വസ്തയുടെ ചുമതലക്കാരാണ്. അല്ലാഹുവേ, എല്ലാ ഇമാമുമാർക്കും നീ നന്മ ചൊരിയേണമേ! വാങ്ക് വിളിക്കുന്നവർക്കെല്ലാം നീ പൊറുത്ത് കൊടുക്കേണമേ (അബൂദാവൂദ്, ഇബ്‌നുമാജ). അബൂഹുറൈറ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: വാങ്ക് വിളിക്കുന്നവന്റെ ശബ്ദം കേൾക്കുന്ന പരിധിയിലുള്ള ഉണങ്ങിയതും അല്ലാത്തതുമായ മുഴുവസ്തുക്കളും അവന് പൊറുക്കലിനായി പ്രാർത്ഥിക്കും (ഇബ്‌നുമാജ). ഉഖ്ബത്തുബ്‌നു ആമിറിൽ നിന്ന് റിപ്പോർട്ട്. നബി(സ്വ) പറയുന്നത് ഞാൻ കേട്ടു: മലമുകളിലുള്ള ഒരു ആട്ടിടയന്റെ കാര്യത്തിൽ അല്ലാഹു അത്ഭുതം കൂറുന്നു. നിസ്‌കാരത്തിന് അവൻ വാങ്ക് വിളിക്കുന്നു. നിസ്‌കരിക്കുന്നു. അല്ലാഹു പറയും; ‘എന്റെ അടിമയെ നോക്കൂ. അവൻ വാങ്ക് വിളിക്കുന്നു. നിസ്‌കരിക്കുന്നു. എന്നെ ഭയപ്പെട്ടാണ് അവൻ ഇത് ചെയ്യുന്നത്. ഞാൻ എന്റെ അടിമക്ക് പൊറുത്തിരിക്കുന്നു. ഞാൻ അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും‘ (അബൂദാവൂദ്).

ഓരോ വാങ്കിനും നേടാൻ കഴിയുന്നത് നേട്ടങ്ങളുടെ വൻ ശേഖരമാണ്. പരിഹാസത്തോടെയും നിസ്സാരവത്കരിച്ചും പലരും കാണുന്ന നമ്മുടെ മുഅദ്ദിനുകൾ(മുക്രിമാർ) അവരുടെ റിക്കാർഡുകളിൽ എഴുതിച്ചേർക്കുന്ന പ്രതിഫല കൂമ്പാരങ്ങൾ വിസ്മയാവഹമാണ്. ഇബ്‌നു ഉമർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: പന്ത്രണ്ട് വർഷം ഒരാൾ വാങ്ക് വിളിച്ചാൽ അവന് സ്വർഗം നിർബന്ധമായി. ഓരോ വാങ്കിനും അറുപതും ഇഖാമത്തിന് മുപ്പതും നന്മകൾ അവന് എഴുതപ്പെടും (ഇബ്‌നുമാജ 723, മുസ്തദ്‌റക് 205/1).

 

വാങ്കിന്റെ തുടക്കം

ഇസ്‌ലാമിന്റെ പ്രകടമായ ചിഹ്നമാണ് വാങ്കൊലി. അന്തരീക്ഷത്തിൽ മുഴങ്ങുന്ന വാങ്കിന്റെ അലയൊലികൾ വിശ്വാസിയുടെ ഉള്ളിൽ സൃഷ്ടിക്കുന്ന അനുഭൂതി അവാച്യമാണ്. തന്റെ ഐഡന്റിറ്റിയായ നിസ്‌കാരത്തിന്റെ അറിയിപ്പാണ് കേൾക്കുന്നത്. അത് അവനെ ഉണർത്തുന്നു. നിസ്‌കാരത്തിന്റെ അറിയിപ്പ് മാത്രമല്ല വാങ്കിൽ അടങ്ങിയിട്ടുള്ളത്. ഒരു പ്രദേശത്ത് ഇസ്‌ലാം ഉണ്ടെന്നുള്ള വിളംബരം കൂടി അതിലുണ്ട്. അഞ്ച് നേരം ഒരു പ്രദേശത്ത് അത് നടന്നിരിക്കണം. വാങ്കിന് അനുമതിയുള്ള പ്രദേശത്ത് ഉള്ള അമുസ്‌ലിംകൾ സുരക്ഷിതരാണെന്നുള്ള സന്ദേശം കൂടി വാങ്കിൽ ഇസ്‌ലാം കാണുന്നുണ്ട്. ഒരു പ്രദേശത്ത് വാങ്കിന് തടസ്സമില്ലെന്ന് വന്നാൽ അവിടെ എല്ലാവരും സുരക്ഷിതരാണെന്ന് താൽപര്യം. മദീനയിൽ എത്തിയ തിരുനബി പ്രബോധനാർത്ഥം പല പ്രദേശങ്ങളിലേക്ക് അനുയായികളെ അയച്ചിരുന്നു. ആ പ്രദേശം ഇസ്‌ലാമിന് പാകപ്പെട്ടാൽ ആദ്യമായി നടത്തേണ്ടത് വാങ്ക് വിളിയായിരിക്കണം എന്നാണ് തിരുനബി അവരോട് കൽപ്പിച്ചിരുന്നത്. നിസ്‌കാരം നിർബന്ധമാക്കുന്നത് തിരുനബിയുടെ 51-ാം വയസ്സിലാണ്. ഹിജ്‌റക്ക് മുമ്പുള്ള രണ്ട് വർഷം മക്കയിൽ നിസ്‌കാരം നടന്നിരുന്നത് വാങ്ക് ഇല്ലാതെയായിരുന്നു. സമയം പ്രകൃതിയിൽ നിന്ന് മനസ്സിലാക്കി നിസ്‌കരിക്കുകയായിരുന്നു പതിവ്. ഉച്ചത്തിൽ വാങ്ക് വിളിക്കാൻ സൗകര്യപ്രദമായ വിധത്തിൽ മക്ക പാകപ്പെട്ടിട്ടുമുണ്ടായിരുന്നില്ല. മദീനയിലെത്തിയ ശേഷവും ഇങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ നടന്നിരുന്നത്. നിസ്‌കാരത്തിന് ജനങ്ങളെ സംഘടിപ്പിക്കാൻ എന്ത് ചെയ്യണമെന്ന് തിരുനബി(സ്വ) ആലോചന നടത്തി. നിസ്‌കാരങ്ങളുടെ സമയമാകുമ്പോൾ കൊടി ഉയർത്താമെന്ന് ഒരഭിപ്രായമുണ്ടായി. റസൂൽ(സ്വ)ക്ക് അത് ഇഷ്ടപ്പെട്ടില്ല. ഉയരമുള്ള ചൂട്ട് കെട്ടി അറിയിപ്പ് നൽകാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അഗ്നിയാരാധകരോട് സാദൃശ്യം വരുന്നത് കാരണം അതും തള്ളപ്പെട്ടു. ചെണ്ട കൊട്ടിയോ മണിയടിച്ചോ അറിയിപ്പ് നൽകാമെന്നായി ചിലർ പറഞ്ഞു. അത് ക്രിസ്ത്യൻ ഉപകരണമായത്‌കൊണ്ട് അതും നിരാകരിക്കപ്പെട്ടു. ചർച്ചക്കൊടുവിൽ മുഴു ചെണ്ട ഒഴിവാക്കി നകാരം പോലുള്ള ഒരു ഉപകരണമാവാമെന്ന ധാരണയിലെത്തി. അവർ പിരിഞ്ഞു.

മുഹമ്മദുബ്‌നു അബ്ദുല്ലാഹിബ്‌നു സൈദ്(റ)വിൽ നിന്ന്. നിസ്‌കാരത്തിന് സമയമറിയിക്കാനായി നകാരം മുഴക്കാൻ തിരുനബി(സ്വ) നിർദേശം നൽകിയ ശേഷം ഞാൻ ഒരു സ്വപ്‌നം കണ്ടു. ഒരു നകാരവുമായി ഒരാൾ നടന്നുപോകുന്നു.

ഞാൻ അയാളോട് ചോദിച്ചു: ഇത് വിൽക്കുന്നോ?’

അയാൾ ആരാഞ്ഞു: ഇത്‌കൊണ്ട് നിങ്ങൾക്കെന്ത് ഉപകാരം?’

ഞാൻ പറഞ്ഞു: നിസ്‌കാരത്തിന് ആളുകളെ വിളിക്കാനാണ്.

അയാൾ പറഞ്ഞു: ഇതിലേറെ ഉത്തമമുള്ള ഒന്ന് ഞാൻ പറഞ്ഞുതരട്ടേ?’

അങ്ങനെ വാങ്കിന്റെ മുഴുവചനങ്ങളും അയാൾ പഠിപ്പിച്ചുതന്നു. ഒരൽപ്പം വിട്ടുനിന്ന ശേഷം അയാൾ അല്ലാഹു അക്ബർ… അല്ലാഹു അക്ബർ…എന്ന് തുടങ്ങി ഇഖാമത്തിന്റെ മുഴുവചനങ്ങളും എനിക്ക് പറഞ്ഞുതന്നു. ഞാൻ രാവിലെതന്നെ തിരുസവിധത്തിലെത്തി. കണ്ട കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. നബി(സ്വ) പറഞ്ഞു: സത്യമായ സ്വപ്‌നമാണത്. ആ വചനങ്ങൾ നിങ്ങൾ ബിലാൽ(റ)വിന് പറഞ്ഞ് കൊടുക്കുക. അദ്ദേഹം നിങ്ങളേക്കാൾ ശബ്ദമുള്ള വ്യക്തിയാണ്.ഞാൻ ബിലാലിന്റെ കൂടെ നിന്നു. വാങ്കിന്റെ വചനങ്ങൾ ഓരോന്നായി പറഞ്ഞ് കൊടുത്തു. ബിലാൽ(റ) ഉറക്കെ വിളിച്ചുപറഞ്ഞു. വീട്ടിലുള്ള ഉമർ(റ) ഇത് കേട്ട് ഓടി വന്നു. അദ്ദേഹം പറഞ്ഞു: സത്യദർശനംകൊണ്ട് അങ്ങയെ പറഞ്ഞയച്ച തമ്പുരാൻതന്നെ സത്യം. അബ്ദുല്ലാഹിബ്‌നു സൈദ്(റ) കണ്ടതുപോലെ ഞാനും കണ്ടിട്ടുണ്ട്.അപ്പോൾ റസൂൽ(സ്വ) പറഞ്ഞു: അല്ലാഹുവിനാണ് സർവ സ്തുതിയും‘ (അബൂദാവൂദ്).

മുഹമ്മദുബ്‌നു അബ്ദുൽ മലിക്(റ)വിൽ നിന്ന്. ഞാൻ നബി(സ്വ)യോട് ആരാഞ്ഞു: എനിക്ക് വാങ്ക് പഠിപ്പിച്ച് തരുമോ?’ തിരുനബി(സ്വ) എന്റെ തലയുടെ മുൻഭാഗം ചുംബിച്ച്‌കൊണ്ട് പറഞ്ഞു: അല്ലാഹു അക്ബർ… അല്ലാഹു അക്ബർ…എന്ന് നീ പറയുക. ശേഷം ശബ്ദം താഴ്ത്തി അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാ…അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാ…എന്ന് പറയുക. അതിന് ശേഷം ഈ രണ്ട് ശഹാദത്തുകളും ഉറക്കെ പറയുക. ഹയ്യ അലസ്സ്വലാ… ഹയ്യ അലൽ ഫലാഹ്…സുബ്ഹി നിസ്‌കാരമാണെങ്കിൽ അസ്സ്വലാത്തു ഖൈറുൻ മിനന്നൗം… അല്ലാഹു അക്ബർ… ലാഇലാഹ ഇല്ലല്ലാഹ്…‘ (അബൂദാവൂദ് 500, തുർമുദി 191, ഇബ്‌നുമാജ 709). അബ്ദുല്ലാഹിബ്‌നു സൈദ്(റ)വിന്റെ നിർദേശപ്രകാരം 15 വചനങ്ങളാണ് ബിലാൽ(റ) വാങ്കിൽ ഉപയോഗിച്ചത്. ഇഖാമത്തിൽ പതിനൊന്നും. അനസ്(റ)വിൽ ഇബ്‌നു ഖുസൈമ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: വാങ്കിന്റെ വചനങ്ങളെ രണ്ട് പ്രാവശ്യം വിളിച്ച് പറയാനും ഇഖാമത്തിൽ ഖദ്ഖാമത്തി സ്വലാത്ത്ഒഴികെയുള്ളവ ഒരു പ്രാവശ്യം പറയാനുമാണ് ബിലാൽ(റ)വിനോട് നബി(സ്വ) കൽപ്പിച്ചത്.

                                             (തുടരും)

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

ഉള്ഹിയ്യത്തിന്റെ കർമശാസ്ത്ര പാഠങ്ങൾ

അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്ത്. സൂറത്തുൽ…