മനുഷ്യജീവനും ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ പല കാര്യങ്ങളും നമ്മുടെ ഹിതത്തിനനുസരിച്ച് നടക്കുന്നതല്ല. സ്രഷ്ടാവിന്‍റെ നിശ്ചയമാണത്. ആയുസ്സും അതിന്‍റെ സ്വാഭാവികമായ ശക്തിദൗര്‍ബല്യങ്ങളും അതില്‍ പെട്ടതാണ്. അല്ലാഹുവിന്‍റെ നിശ്ചയ പ്രകാരം മാത്രമാണ് പ്രപഞ്ചത്തിലെ ജനനമരണങ്ങളും ശൈശവവും ബാല്യകൗമാരങ്ങളും യൗവനവാര്‍ധക്യങ്ങളുമെല്ലാം നടക്കുന്നത്. മനുഷ്യജീവിതത്തെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായി വിഭജിക്കാം. ഒന്ന്, പൂര്‍ണമായ ദൗര്‍ബല്യങ്ങളുടെ കാലം. ശൈശവവും അതിനോടനുബന്ധിച്ച കാലവുമാണിത്. രണ്ട്, കരുത്തുള്ള കാലം. മൂന്ന്, വാര്‍ധക്യം. കരുത്തില്ലാത്ത രണ്ടു ഘട്ടങ്ങള്‍ ജീവിതത്തിന്‍റെ രണ്ടറ്റങ്ങളാണ്. എല്ലാത്തിന്‍റെയും ഗുണദോഷങ്ങളും സുഖദു:ഖങ്ങളും ഇസ്ലാമില്‍ പരിഗണിക്കപ്പെടുന്നു.
വാര്‍ധക്യത്തിന് അതിന്‍റേതായ സ്വാഭാവികതകളുണ്ട്. കരുത്ത് കുറയുന്ന ഈ ഘട്ടത്തില്‍ ശക്തിപകര്‍ന്ന് താങ്ങായി പരിചരിക്കുക എന്നത് പ്രധാനമായും സന്താന, സഹോദര, ഭാര്യ, ഭര്‍ത്താക്കന്മാര്‍ക്ക് പ്രകൃതി നിശ്ചയിച്ച ബാധ്യതയാണ്. അതില്‍ സമൂഹത്തിന്‍റെ അനാസ്ഥയും കൃത്യവിലോപവും കുറ്റകരമത്രെ. അപരനില്‍ നിന്ന് വയോധികര്‍ക്ക് കിട്ടേണ്ട പരിഗണനകളും പരിചരണങ്ങളും ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം.
യൗവനത്തിന്‍റെ തിളപ്പും കരുത്തും ചോര്‍ന്ന് വാര്‍ധക്യത്തിലെത്തുന്നവര്‍ക്ക് ശാരീരികമായ സൗഖ്യവും സൗകര്യവും നല്‍കാന്‍ സമൂഹത്തിനു സാധിച്ചേക്കാം. ഓരോരുത്തരും തന്‍റെ പരിധിയില്‍പ്പെട്ട വൃദ്ധരോട് അനുകമ്പ കാണിക്കണം. നമ്മുടെ കാഴ്ചയില്‍ ഇത് നല്‍കുന്നുവെങ്കില്‍ പോലും ആവശ്യമായ പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന തോന്നല്‍ വാര്‍ധക്യത്തിന്‍റെ ദൗര്‍ബല്യങ്ങളില്‍ പെട്ടതാണ്. ആ വിചാരം ചിലപ്പോള്‍ വെറുതെയായിരിക്കില്ലതാനും. അത്തരമൊരവസ്ഥ ഉണ്ടാകരുതെന്ന നിര്‍ബന്ധമുള്ള മതമാണ് ഇസ്ലാം. വാര്‍ധക്യത്തെ രണ്ടാം ബാല്യമെന്ന് വിശേഷിപ്പിക്കാറുണ്ട്. ബാല്യകാലത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പരിഗണന വൃദ്ധരും അര്‍ഹിക്കുന്നതു കൊണ്ടാണിത്.
ദുര്‍ബലത മറികടക്കാന്‍ തുണയാവുക
കരുത്ത് കത്തിനില്‍ക്കുന്ന യൗവനത്തിന് സ്വന്തമായ സ്വാതന്ത്ര്യങ്ങളും അനുകൂല സാഹചര്യങ്ങളുമുണ്ട്. അവ ഉപയോഗപ്പെടുത്തി അതിജീവനം നേടാനാകും മനുഷ്യര്‍ക്ക്. എന്നാല്‍ ബാല്യത്തിനും വാര്‍ധക്യത്തിനും അതില്ല. ചില വൃദ്ധന്മാരില്‍ കരുത്തും ശേഷിയും നിലനില്‍ക്കുന്നത് ഇതിനെതിരല്ല; അപൂര്‍വമാണത്. ഓരോരുത്തരും ബാല്യത്തില്‍ യൗവനത്തിന്‍റെ സംരക്ഷണം നേടിയിട്ടുണ്ട്. കാലക്രമത്തില്‍ യൗവനം വാര്‍ധക്യത്തിലേക്കും ബാല്യം യൗവനത്തിലേക്കും കടക്കും. അതിനാല്‍ പുതിയ യൗവനം പഴയ യൗവനമായിരുന്ന, ഇപ്പോഴത്തെ വാര്‍ധക്യത്തെ പരിഗണിക്കണം. നബി(സ്വ) പറയുന്നു: ചെറിയവരോട് കാരുണ്യം കാണിക്കാത്തവരും വലിയവരെ ആദരിക്കാത്തവരും നമ്മില്‍പെട്ടവരല്ല (തുര്‍മുദി). ആദരവര്‍ഹിക്കുന്ന വ്യക്തിത്വമാണ് പ്രായമുള്ളവര്‍ക്ക് ഇസ്ലാം നല്‍കിയിരിക്കുന്നത്. മനുഷ്യന്‍റെ രണ്ട് ദുര്‍ബലതയുടെ ഘട്ടങ്ങളും അതിന് മധ്യേയുള്ള കരുത്തിന്‍റെ ഘട്ടത്തെയും ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെ: ദുര്‍ബലാവസ്ഥയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നെ മറ്റൊരു ദുര്‍ബലാവസ്ഥക്ക് ശേഷം നിങ്ങള്‍ക്കവന്‍ കരുത്ത് നല്‍കി. പിന്നീട് ആ കരുത്തിന് ശേഷം നിങ്ങള്‍ക്കവന്‍ ദുര്‍ബലതയും നരയുമുണ്ടാക്കി. ഉദ്ദേശിച്ചത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ അറിയുന്നവനും കഴിവുള്ളവനുമാണ് (അര്‍റൂം 54).
ജീവന്‍ ലഭിക്കുന്നതിനു മുമ്പത്തെ അവസ്ഥയെയും ജീവന്‍ ലഭിച്ച് ആദ്യഘട്ടത്തിലെ അവസ്ഥയെയും ഒന്നാമത്തെ ദുര്‍ബല കാലഘട്ടമായും കരുത്തിനു ശേഷം നരയോടൊപ്പമുണ്ടാകുന്ന ദുര്‍ബലതയെ രണ്ടാം ദുര്‍ബല ഘട്ടമായും ഈ സൂക്തത്തില്‍ വിശേഷിപ്പിക്കുന്നു. എല്ലാതരം ദൗര്‍ബല്യങ്ങള്‍ക്കും കരുത്തും പരിചരണവും പരിരക്ഷയും ആവശ്യമാണ്. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ സൂചിപ്പിച്ച് ഖുര്‍ആന്‍ പറയുന്നു: നിങ്ങളെ മണ്ണില്‍ നിന്നും പിന്നെ ഭ്രൂണത്തില്‍ നിന്നും സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നീടവന്‍ നിങ്ങളെ ശിശുവായി പുറത്ത് കൊണ്ടുവന്നു. അതിന് ശേഷം നിങ്ങള്‍ കരുത്തുള്ള അവസ്ഥ പ്രാപിക്കുന്നതിനു വേണ്ടിയും പിന്നെ വൃദ്ധരായിത്തീരുന്നതിനു വേണ്ടിയുമാണിത്. നിങ്ങളില്‍ ചിലര്‍ ഇതിന് മുമ്പേ മരണപ്പെടുന്നു. നിശ്ചയിക്കപ്പെട്ട അവധി നിങ്ങള്‍ പ്രാപിക്കാനാണിത്. നിങ്ങള്‍ ചിന്തിക്കാന്‍ വേണ്ടിയും (ഗാഫിര്‍ 57). മനുഷ്യ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിനും വ്യത്യസ്ത നാമവിശേഷണങ്ങളുണ്ടെങ്കിലും പ്രായോഗിക ജീവിതത്തില്‍ അതിന്‍റെ പ്രതിഫലനം കരുത്തിലും കരുത്തില്ലായ്മയിലുമാണ്.
വാര്‍ധക്യത്തിന്‍റെ തുടക്കം എവിടെ നിന്ന് കണക്കാക്കിയാലും ആയുസ്സ് എത്ര നീളുന്നുവോ അതിനനുസരിച്ച് ശൈശവത്തിന് സമാനമായി പറയാവുന്ന ദൗര്‍ബല്യം നമ്മില്‍ സംഭവിക്കുന്നു. അല്ലാഹു പറഞ്ഞു: നാം ആരെയെങ്കിലും ദീര്‍ഘകാലം ജീവിപ്പിക്കുന്നുവെങ്കില്‍ അയാളുടെ പ്രകൃതിയില്‍ നാം അപ്പാടെ മാറ്റിമറിക്കുന്നതാണ് (യാസീന്‍ 68). പ്രായം കൂടുംതോറും കരുത്തില്‍ നിന്ന് ദൗര്‍ബല്യത്തിലേക്കും പ്രതിസൗന്ദര്യത്തിലേക്കും നീങ്ങുന്നു. ഈ മാറ്റത്തെ കൈപ്പേറിയതും ദുരിതപൂര്‍ണവുമാക്കാതെ നോക്കേണ്ട ബാധ്യത ഇസ്ലാം ഏല്‍പിച്ച ചിലരുണ്ട്. അതവര്‍ നിര്‍വഹിച്ചേ പറ്റൂ. അല്ലെങ്കില്‍ ശിക്ഷക്കര്‍ഹരാകും.
ജീവിതത്തിരക്കുകളില്‍ നിന്ന് പലര്‍ക്കും ഒഴിവ് ലഭിക്കുന്ന കാലവുമാണ് വാര്‍ധക്യം. മറ്റു ദുര്‍ബലതകളുണ്ടെങ്കിലും ഈ ഒഴിവവസ്ഥ ഒരനുഗ്രഹമാണ്. ഇതുപയോഗപ്പെടുത്തി വിജയിക്കാനാണ് സത്യവിശ്വാസികള്‍ തയ്യാറാകേണ്ടത്. പക്ഷേ, ഇവിടെ പലരും വഞ്ചിതരാകുമെന്ന് തിരുനബി(സ്വ): ‘ആരോഗ്യവും ഒഴിവു സമയവും ജനങ്ങള്‍ വഞ്ചിതരാകുന്ന രണ്ടനുഗ്രഹങ്ങളാണ്’ (ബുഖാരി). വിചാരിച്ച പോലെ കാര്യങ്ങള്‍ നിര്‍വഹിക്കാനും സല്‍കര്‍മങ്ങളനുഷ്ഠിക്കാനും ഉപകരിക്കുന്ന, തിരക്ക് കുറഞ്ഞ സമയം വെറുതെ നഷ്ടപ്പെടുത്തുക എന്നത് ചില മനുഷ്യരുടെ പൊതുപ്രകൃതമാണ്. മക്കള്‍ വലുതായി ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോന്നവരാകുമ്പോള്‍, വാര്‍ധക്യം താല്‍പര്യപ്പെടുന്ന വിശ്രമജീവിതം ആത്മീയാഘോഷമാക്കാന്‍ കഴിയണം.
ഇവിടെ വഴിതിരിക്കാനായി കടന്നുവരുന്ന രണ്ട് കാര്യങ്ങളെക്കുറിച്ചും റസൂല്‍(സ്വ) ഉണര്‍ത്തിയിട്ടുണ്ട്: വൃദ്ധന് വാര്‍ധക്യമേറിക്കൊണ്ടിരിക്കും. അവന്‍റെ ശരീരം ദുര്‍ബലമായിക്കൊണ്ടിരിക്കും. എന്നാല്‍ അവന്‍റെ ഹൃദയം രണ്ട് കാര്യങ്ങളോടുള്ള മോഹത്തില്‍ യുവാവായിരിക്കും. ദീര്‍ഘായുസ്സ്, സാമ്പത്തിക മോഹം എന്നിവയാണത് (അഹ്മദ്). സാമ്പത്തികമായ അതിമോഹത്തെ നിരുത്സാഹപ്പെടുത്തുക കൂടിയാണ് നബി(സ്വ). സമ്പത്തിനോടുള്ള അതിമോഹം കാരണം ഉള്ള ധനം ചെലവഴിക്കുന്നതില്‍ പിശുക്കനാവുക, സ്വത്തു സംരക്ഷിക്കുന്നതിനായി സമയം വിനിയോഗിക്കുക തുടങ്ങിയവയിലായി വാര്‍ധക്യത്തിന്‍റെ ആത്മീയ ജീവിത സാധ്യതക്ക് കോട്ടം തട്ടാനിടയുണ്ട്. ജീവിതത്തോടുള്ള ആര്‍ത്തി മൂലം പലരുടെയും പലതരം നിര്‍ദേശങ്ങള്‍ക്കും വഴിപ്പെട്ട് പണവും സമയവും നഷ്ടപ്പെടുത്തുന്ന സ്ഥിതിയുമുണ്ടാകും.
ജീവിതാവസ്ഥകള്‍
വിശുദ്ധ ഖുര്‍ആന്‍ ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളിലുള്ള ദൗര്‍ബല്യങ്ങളെ സൂചിപ്പിച്ചു പരാമര്‍ശിച്ചു: നിങ്ങളറിയുക, നിശ്ചയം ഭൗതികലോക ജീവിതം കളിയും പാഴ്വേലകളും അലങ്കാരവും പരസ്പരം അഭിമാനം കൊള്ളലും സമ്പത്തിലും സന്താനങ്ങളിലുമുള്ള പൊങ്ങച്ചം നടിക്കലുമത്രെ (അല്‍ഹദീദ് 20). കുട്ടിക്കാലത്തും യൗവനത്തിലും കളിതമാശകളിലും വിനോദങ്ങളിലും സമയവും സമ്പത്തും വിനിയോഗിക്കുന്ന അവസ്ഥയുണ്ട്. ഒരു വിഭാഗത്തിന് ജീവിത ലക്ഷ്യം തന്നെ അതായിരിക്കും. അത്തരം പരിപാടികള്‍ക്കായിരിക്കും അവര്‍ മുന്‍ഗണന നല്‍കുക. കുട്ടിക്കാലവും യൗവനവും പിന്നിട്ട് ജീവിതത്തിലെ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട ഘട്ടം വരും. അപ്പോള്‍ മക്കളുടെ വിവാഹം, സാമൂഹിക ബന്ധങ്ങള്‍ തുടങ്ങിയവയിലൊക്കെ ഇത് പ്രകടമായേക്കും. സമ്പത്ത്, തറവാട്, ബിസിനസ്, അധികാരം, സ്വാധീനം, ശക്തി, ആഢ്യത്വം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ തന്‍പോരിമ പറയുകയും ഗണിക്കുകയും ചെയ്യുന്നധാരാളമാളുകളെ കാണാം.
സമ്പത്തിന്‍റെയും സന്താനങ്ങളുടെയും കാര്യത്തില്‍ പൊങ്ങച്ചത്തിനും അഭിമാനം പ്രകടിപ്പിക്കാനുമായി മാത്രം മക്കളുടെ പഠനം പ്രസിദ്ധ കലാലയങ്ങളിലാക്കാന്‍ പണം ചെലവഴിക്കുക, പ്രായമായിട്ടും ഭൗതിക പ്രമത്തതയും സാമ്പത്തിക മോഹവും കാരണം സമ്പാദ്യ വിഷയങ്ങളില്‍ കൂടുതല്‍ സമയവും അധ്വാനവും വിനിയോഗിക്കുക, സന്താനങ്ങളുടെ വിദ്യാഭ്യാസവും തൊഴിലും വൈവാഹിക ബന്ധങ്ങളും ബിസിനസുമൊക്കെ പൊങ്ങച്ച രൂപേണ പരാമര്‍ശിക്കുക ഇതൊക്കെയാണ് ചിലരുടെ നേരമ്പോക്കുകള്‍. ഇത്തരം ആഭാസങ്ങള്‍ വിശ്വാസിക്കു ചേര്‍ന്നതല്ല. ഭൗതിക പ്രമത്തതയും സ്വാധീനവും ബാധിച്ചവരുടെ അവസ്ഥയാണ് ഉപര്യുക്ത സൂക്തത്തില്‍ വിവരിക്കുന്നത്. അതില്‍ പൊങ്ങച്ചം കൊള്ളലും പെരുമ പറയലും യൗവനാനന്തര കാലത്തെ ജീവിതത്തിന്‍റെ ആത്മീയ സാധ്യതകള്‍ക്ക് വിലങ്ങ് തീര്‍ക്കാനിടയായേക്കും.
ആത്മീയ-ഭൗതിക സുരക്ഷ
വാര്‍ധക്യം താല്‍പര്യപ്പെടുന്ന അടിസ്ഥാന കാര്യം സംരക്ഷണവും പരിചരണവുമാണ്. അത് നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ബന്ധ ബാധ്യതയാക്കി ഇസ്ലാം. യഥാര്‍ത്ഥത്തില്‍ സൗജന്യമല്ല ഈ സംരക്ഷണം. മറിച്ച്, പടച്ചവന്‍ നിശ്ചയിച്ച അവകാശമാണ്. എന്നിരുന്നാലും നശ്വരമായ ലോകത്തെ താല്‍ക്കാലികമായ ജീവിതാവശ്യങ്ങളാണ് ബന്ധുക്കള്‍ക്ക് നിവര്‍ത്തിക്കാനാവുക. ആത്മീയമായ ആനുകൂല്യങ്ങള്‍ നാം തന്നെ നേടിയെടുക്കണം.
വാര്‍ധക്യം പ്രകൃതിപരമായ ഒരവസ്ഥാന്തരമാണ്. അത് നിശ്ചയിച്ചവന്‍ അല്ലാഹുവും. വാര്‍ധക്യം ആരും ചോദിച്ചുവാങ്ങുന്നതല്ല. അതിന്‍റെ സ്വാഭാവികതകള്‍ ഗുണകരമല്ലാത്ത വിധത്തിലാകാമെന്നതിനാല്‍ പടുവാര്‍ധക്യത്തില്‍ നിന്ന് കാവല്‍ തേടാന്‍ നബി(സ്വ) പഠിപ്പിച്ചു. നിസ്കാര ശേഷം തിരുനബി(സ്വ) നടത്തിയിരുന്ന പ്രാര്‍ത്ഥനകളില്‍ ഇങ്ങനെ കാണാം: അല്ലാഹുവേ, ഭീരുത്വത്തില്‍ നിന്ന് നിന്നെ ഞാന്‍ കാവലാക്കുന്നു. വളരെ പ്രായം കൂടിയ വാര്‍ധക്യത്തിലേക്ക് എന്നെ മടക്കുന്നതില്‍ നിന്നും നിന്നെ ഞാന്‍ കാവലാക്കുന്നു. ഭൗതികതയുടെ കുഴപ്പത്തില്‍ നിന്നും ഖബര്‍ ശിക്ഷയില്‍ നിന്നും നിന്നെ ഞാന്‍ കാവലാക്കുന്നു (ബുഖാരി).
കരുത്തുള്ള കാലങ്ങളില്‍ നന്മ നിറഞ്ഞ ജീവിതം നയിച്ചവരെ സംബന്ധിച്ചിടത്തോളം ഒരര്‍ത്ഥത്തില്‍ വാര്‍ധക്യത്തിന്‍റെ പാരമ്യത ഗുണകരമാവാതെ വരാം. കാരണം, അന്നു ആരോഗ്യം ക്ഷയിക്കും. ബുദ്ധിശക്തിയും ഓര്‍മശക്തിയും കുറയും. അങ്ങനെ വിവരമുള്ളവന്‍ വിഡ്ഢിയെ പോലെയും ബുദ്ധിയില്ലാത്തവനെ പോലെയുമാകും. ചെയ്തുവന്നിരുന്ന സല്‍കര്‍മങ്ങള്‍ തുടരാനോ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനോ സാധിക്കാതെ വന്നേക്കും. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ഭൂഷണമല്ല. രണ്ടാം ഖലീഫ ഉമര്‍(റ) തന്‍റെ അവസാനത്തെ ഹജ്ജ് വേളയില്‍ മിനയില്‍ നിന്ന് യാത്രയായ ശേഷം ഇങ്ങനെ ദുആയിരക്കുകയുണ്ടായി: അല്ലാഹുവേ, എനിക്ക് പ്രായം ഏറെയായി. എന്‍റെ ശക്തി ദുര്‍ബലമായിപ്പോയി. എന്‍റെ അനുയായികള്‍ വര്‍ധിച്ചിരിക്കുന്നു-എല്ലാവരെയും കൂടി ശ്രദ്ധിക്കാന്‍ വാര്‍ധക്യം മൂലം കഴിയില്ലല്ലോ എന്നര്‍ത്ഥം- അത് കൊണ്ട് അല്ലാഹുവേ, ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്താത്തവനും അതിരുവിടാത്തവനുമായി എന്നെ നീ സ്വീകരിക്കേണമേ (താരീഖുദിമശ്ഖ്). ആത്മീയമായ നഷ്ടത്തിനിടവരുന്ന കാലഘട്ടമാണ് വാര്‍ധക്യമെന്നതിനാല്‍ അത്തരമവസ്ഥയില്‍ നിന്ന് കാവല്‍ തേടല്‍ വിശ്വാസിക്കുത്തമമാണ്. പ്രവാചര്‍(സ്വ)യാണതിന് മാതൃക.
വാര്‍ധക്യ മഹത്ത്വം
വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തിനൊടുവിലാണല്ലോ വാര്‍ധക്യം പ്രാപിക്കുന്നത്. അതുവരെയുള്ള ജീവിത ഘട്ടത്തെ എങ്ങനെയാണ് വിനിയോഗിച്ചത്? നന്മയിലോ തിന്മയിലോ എന്ന ആലോചന പ്രസക്തം. നന്മ ചെയ്ത് ജീവിച്ചവനെ സംബന്ധിച്ചിടത്തോളം ആരോഗ്യക്കുറവ് കാരണം ഇനി ഇബാദത്തുകള്‍ ശുഷ്കമാകുമോ എന്നാശങ്കയുണ്ടാകും. അതിനെ കുറ്റമായി കാണേണ്ടതില്ല. വാര്‍ധക്യത്തിലെത്തിയില്ലെങ്കില്‍ തന്നെ ഭാവിയുടെ ഗുണത്തിനായി പ്രാര്‍ത്ഥനയും വ്യതിചലന കാര്യത്തില്‍ ആശങ്കയും സ്വാഭാവികമാണ്. നന്മകള്‍ കുറഞ്ഞതോ തീരെയില്ലാത്തതോ ആയ ജീവിതം നയിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വാര്‍ധക്യം അനുകൂലമായി മാറും. ആരാധനാ കാര്യത്തില്‍ ആലസ്യമാണ് അയാളെ ബാധിക്കാനിടയുള്ളത്. ‘വയ്യ’ എന്നായിരിക്കും ന്യായം!
ചെയ്തുവന്നിരുന്ന നന്മകള്‍ വാര്‍ധക്യത്തിലും സാധിക്കുന്നവിധം തുടരുകയെന്നത് വിജയിയുടെ ലക്ഷണമാണ്. മുമ്പു നന്മകള്‍ കുറഞ്ഞ പലരും വാര്‍ധക്യത്തില്‍ പുണ്യങ്ങള്‍ വര്‍ധിപ്പിക്കുന്ന അനുഭവങ്ങളുമുണ്ട്. ഇവരും ഭാഗ്യവാന്‍മാര്‍ തന്നെ. വാര്‍ധക്യ കാലത്തെ സ്വാഭാവിക നിരാശയില്‍ നിന്നും മുരടിപ്പില്‍ നിന്നും മോചിപ്പിച്ച് വിജയം നേടാന്‍ വയോധികരെ ഇസ്ലാം പ്രചോദിപ്പിക്കുന്നു. വാര്‍ധക്യം ശാപമല്ല, അനുഗ്രഹവും അവസര സൗഭാഗ്യവുമാണെന്നാണ് ദീനീ ദര്‍ശനം. നബി(സ്വ)യോട് ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, ജനങ്ങളില്‍ ആരാണ് ഏറ്റവും ഉത്തമന്‍? അവിടുന്ന് മറുപടി നല്‍കി: ആയുസ്സ് ദീര്‍ഘിച്ച് പ്രവര്‍ത്തനങ്ങള്‍ നന്നായവന്‍. അദ്ദേഹം വീണ്ടും: ജനങ്ങളില്‍ ഏറ്റവും മോശപ്പെട്ടവനാര്? നബി(സ്വ): ആയുസ്സ് നീണ്ട് പ്രവര്‍ത്തനങ്ങള്‍ മോശമായവന്‍ (തുര്‍മുദി). നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ദീര്‍ഘായുസ്സുള്ളവരും പ്രവര്‍ത്തനങ്ങള്‍ നന്നായവരുമാണെന്ന് (അഹ്മദ്) മറ്റൊരു നിവേദനം.
ആയുസ്സിന്‍റെ വര്‍ധനവിനനുസരിച്ച് നന്മകളും വര്‍ധിക്കുമെന്നാണിതിന്‍റെ അടിസ്ഥാന കാരണം. 40 വയസ്സായത് മുതല്‍ തന്നെ പ്രായത്തിന്‍റെ ആനുകൂല്യവും ആദരവും ലഭിച്ചുതുടങ്ങും. അനസ്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: നബി(സ്വ) പറഞ്ഞു; ഇസ്ലാമിലായി 40 വയസ്സു വരെ ലഭിക്കുന്നയാള്‍ക്ക് മൂന്നുതരം പരീക്ഷണങ്ങള്‍ ഏല്‍ക്കേണ്ടിവരില്ല. ഭ്രാന്ത്, വെള്ളപ്പാണ്ട്, കുഷ്ഠം എന്നിവയാണത്. 50 വയസ്സിലെത്തിയാല്‍ അല്ലാഹു അവന്‍റെ വിചാരണ ലളിതമാക്കും. 60 വയസ്സെത്തിയാല്‍ അവനെ ഇഷ്ടപ്പെടാന്‍ കാരണമാകുന്ന വിധത്തിലുള്ള മടക്കം നാഥന്‍ നല്‍കും. 70 വയസ്സെത്തിയാല്‍ അല്ലാഹു അവനെ പ്രിയംവെക്കും. വാനവാസികളും അവനെ സ്നേഹിക്കും. 80 വയസ്സായാല്‍ നാഥന്‍ അവന്‍റെ എല്ലാ സുകൃതങ്ങളും സ്വീകരിക്കുകയും തിന്മകള്‍ മായ്ച്ചുകളയുകയും ചെയ്യും. 90 വയസ്സെത്തിയാല്‍ അവന്‍റെ മുന്‍കാലത്തെയും പില്‍ക്കാലത്തെയും പാപങ്ങള്‍ മാപ്പാക്കും. ഭൂമിയില്‍ അല്ലാഹുവിന്‍റെ ‘അസീര്‍’ (നാഥന്‍ നിശ്ചയിച്ച പരിധിയില്‍ തടവറയിലായവന്‍) എന്നവന്‍ പ്രസിദ്ധനാകും. കുടുംബത്തിന്‍റെ കാര്യത്തില്‍ അവന്‍റെ ശിപാര്‍ശ റബ്ബ് സ്വീകരിക്കും (അഹ്മദ്). ഒന്നിനും സാധിക്കാത്ത പ്രായമെത്തിയാല്‍ ആരോഗ്യമുള്ള സമയത്ത് ചെയ്തിരുന്ന നന്മകള്‍ക്ക് സമാനമായത് അല്ലാഹു അവന് രേഖപ്പെടുത്തും (അബൂയഅ്ലാ).
വാര്‍ധക്യത്തിന്‍റെ പരിമിതികളും ദൗര്‍ബല്യങ്ങളും നന്മ പ്രവര്‍ത്തിച്ചു ജീവിച്ച സത്യവിശ്വാസിക്ക് ഗുണമായിത്തീരുന്നതാണിവിടെയെല്ലാം കാണുന്നത്. അവരെ പരിചരിക്കുന്നവരെ സംബന്ധിച്ച് അതൊരു പരീക്ഷണമായിരിക്കാം. അങ്ങനെയൊരു പരീക്ഷണഘട്ടത്തിലേക്ക് തന്‍റെ ആയുസ്സ് നീട്ടിവെക്കാതിരിക്കണമെന്ന പ്രാര്‍ത്ഥന അഭികാമ്യമാണെങ്കിലും.
നര പ്രകാശമാണ്
വാര്‍ധക്യത്തിന്‍റെ പ്രത്യക്ഷമായ ഒരടയാളമാണ് ശരീരത്തിലെ രോമങ്ങള്‍ വെളുത്തുതുടങ്ങുന്നത്. നര പ്രകാശമാണെന്നാണ് പ്രവാചകപാഠം. നര മായ്ക്കാന്‍ വേണ്ടി കറുപ്പിക്കുന്നതും നരച്ച രോമങ്ങള്‍ തിരഞ്ഞുപിടിച്ച് പറിച്ചുകളയുന്നതും വിരോധിക്കപ്പെട്ടത് അതുകൊണ്ടാണ്. നരച്ച മുടി പിഴുതു കളയുന്നത് നിരോധിച്ചുകൊണ്ട് അവിടുന്ന് പറയുകയുണ്ടായി: അത് വിശ്വാസിയുടെ പ്രകാശമാണ്. ഇസ്ലാമിലായി ഒരാള്‍ക്കൊരു നര ബാധിച്ചാല്‍ അതു കാരണമായി അല്ലാഹു അവന് ഒരു പദവി ഉയര്‍ത്തുകയും ഒരു പാപം മായ്ച്ചുകളയുകയും ഒരു നന്മ രേഖപ്പെടുത്തുകയും ചെയ്യും (അഹ്മദ്). ഇസ്ലാമിലായി നര ബാധിച്ചവന്‍ കറുപ്പ് ചായം കൊടുക്കുകയോ പിഴുതെടുക്കുകയോ ചെയ്തില്ലെങ്കില്‍ അന്ത്യനാളില്‍ അതവന് പ്രകാശമായി ഭവിക്കും (അബൂദാവൂദു ത്വയാലിസീ).
നര പ്രകാശമാണെന്ന് പ്രവാചകര്‍(സ്വ) അരുളിയപ്പോള്‍ ഒരാള്‍ തിരക്കി: ‘നബിയേ, ചിലയാളുകള്‍ നരച്ച രോമം പറിച്ചുകളയുന്നുണ്ടല്ലോ?’ നീരസം പ്രകടിപ്പിച്ചുകൊണ്ടുള്ള റസൂല്‍(സ്വ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു: തന്‍റെ പ്രകാശത്തെ പിഴുതുകളയുന്നവനങ്ങനെ ചെയ്തോട്ടെ (അഹ്മദ്). പ്രവാചകര്‍(സ്വ)ക്ക് തലമുണ്ഡനം ചെയ്തുകൊടുക്കുന്നയാള്‍ താടിയില്‍ കണ്ട നരച്ച രോമം പറിക്കാന്‍ തുനിഞ്ഞപ്പോള്‍ തടഞ്ഞുകൊണ്ട് അവിടുന്ന് പറഞ്ഞു: ഇസ്ലാമിലായി നരച്ചവന് അന്ത്യനാളിലത് വെളിച്ചമാണ് (മുസ്വന്നഫ് അബീശൈബ).
വൃദ്ധരും ബറകത്തും
‘നിങ്ങളിലെ വൃദ്ധരോടൊപ്പമാണ് ബറകത്ത്’ (ഇബ്നുഹിബ്ബാന്‍) എന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്. നമ്മെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചവരായതിനാല്‍ കൂടുതല്‍ ഇബാദത്തെടുത്തവരായിരിക്കും അവര്‍. കൂടുതല്‍ പുണ്യദിനങ്ങളും സുകൃതരും അവരുടെ ജീവിതത്തിലൂടെ കടന്നുപോയിരിക്കും. ഇതൊക്കെ അവരുടെ ജീവിതത്തിലെ മികവുകളാണ്. ആ മികവിനെ മുതലെടുക്കാനാണ് പ്രവാചകാഹ്വാനം: മുതിര്‍ന്നവരോടൊപ്പം ഇരിക്കുക, പണ്ഡിതരോട് ചോദിച്ചറിയുക, തത്ത്വജ്ഞാനികളോട് സഹവസിക്കുക (ത്വബ്റാനി).
വലിയവരെന്നര്‍ത്ഥമുള്ള അകാബിര്‍, കുബറാഅ് എന്നീ പദങ്ങള്‍ ബഹുവചനങ്ങളാണ്. അക്ബര്‍, കബീര്‍ എന്നിവയാണതിന്‍റെ ഏകവചനങ്ങള്‍. ഇതിന് വിശാലമായ അര്‍ത്ഥതലമുണ്ട്. ഏതര്‍ത്ഥത്തിലും അവരുമായി സഹവസിക്കുന്നതും അവര്‍ക്കൊപ്പം ഇരിക്കുന്നതും ബറകത്തും ഗുണവും നേടിത്തരുന്ന സംഗതികളാണ്. ഇതാണ് പരാമര്‍ശിത ഹദീസുകളുടെ സാരാംശവും. അല്‍അകാബിര്‍(വലിയവര്‍) കാര്യങ്ങള്‍ അനുഭവിച്ചറിവുള്ളവരാണ്. അതിനാല്‍ അവരോടൊപ്പം ഇരിക്കുന്നതുംഅവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതും ബറകത്ത് നേടിത്തരും (ശറഹ് മുസ്നദിശ്ശിഹാബില്‍ ഖുളാഈ). അനുഭവമുള്ളവരും ഇബാദത്തില്‍ മുന്നേറിയവരുമായതിനാല്‍ മുതിര്‍ന്നവരോട് അന്വേഷിച്ച് ചെയ്യാനും കാര്യങ്ങളില്‍ ബറകത്ത് തേടാനുമുള്ള പ്രേരണ ഈ വചനത്തിലുണ്ട് (ഫൈളുല്‍ ഖദീര്‍).
ഉപരി ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ അബൂബക്റില്‍ ബുഖാരി(റ) എഴുതി: അകാബിര്‍ എന്നാല്‍ അനുഭവ സമ്പത്തുള്ള വൃദ്ധരാണ്. ബുദ്ധിപൂര്‍ണത പ്രാപിച്ചവരാണവര്‍. അവരില്‍ എടുത്തുചാട്ടത്തിന്‍റെ കാലമവസാനിച്ചു. അവരുടെ ശീലങ്ങള്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് കാര്യങ്ങള്‍ നന്നായി ഗ്രഹിച്ചവരാണവര്‍. അതിനാല്‍ അവരോടൊപ്പമിരുന്നാല്‍ ആ നല്ല ശീലങ്ങള്‍ നമുക്കും പകര്‍ന്നുകിട്ടും. അവരുടെ അനുഭവജ്ഞാനങ്ങള്‍ കൊണ്ട് ഉപകാരം ലഭിക്കും. അവരുടെ ശാന്തതയും ഗാംഭീര്യവും മറ്റുള്ളവരെ മോശം ശീലങ്ങളില്‍ നിന്ന് തടയുകയും തടസ്സം നില്‍ക്കുകയും ചെയ്യും. അതുവഴി അവരെക്കൊണ്ട് നമുക്ക് ഐശ്വര്യം കൈവരും. ബറകത്ത് പ്രായം ചെന്നവര്‍ക്കൊപ്പമാണ് എന്ന് റസൂല്‍(സ്വ) പറഞ്ഞതു സ്മരണീയം (മആനില്‍ അഖ്ബാര്‍).
തിന്മകളില്‍ നിന്ന് മോചനം നേടാനും നല്ല ജീവിതശീലങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനും അവര്‍ കാരണമാകും. കൂടുതല്‍ കാലം ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ മൂലം ലഭിച്ച ആത്മീയ നേട്ടങ്ങളുടെ പ്രസരണം പരിസരത്തുള്ളവരിലേക്കും പ്രവഹിക്കുന്നതിനാലായിരിക്കാം ഈ മാറ്റവും ഗുണലബ്ധിയും. ചാരിയതാണല്ലോ മണക്കുക. തിന്മകളില്‍ നിന്നു മാത്രമല്ല, വൃദ്ധന്മാര്‍ മുഖേന കാവലുണ്ടാകുന്നത്. ഭൗതികലോകത്തെ വിപത്തുകളും പരീക്ഷണങ്ങളും അവര്‍ കാരണമായി ഇല്ലാതായിത്തീരുമെന്ന് ഖുദ്സിയ്യായ ഹദീസില്‍ വന്നിട്ടുണ്ട്: ‘ഭക്തരായ ആളുകളും അല്ലാഹുവിന് വേണ്ടി കുനിയുന്ന വൃദ്ധരും മുലകുടിക്കുന്ന ശിശുക്കളും മേഞ്ഞുനടക്കുന്ന മൃഗങ്ങളുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കുമേല്‍ ഞാന്‍ ശിക്ഷയിറക്കുമായിരുന്നു (തഫ്സീറുല്‍ ഖുര്‍ത്വുബി).
സമൂഹത്തിന്‍റെ വഴിവിട്ട സഞ്ചാരങ്ങളും പ്രവൃത്തികളും കടുത്ത ദൈവിക പരീക്ഷണങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. എന്നാല്‍ അവിടെ മാനവരാശിക്ക് കാവല്‍ ലഭിക്കുന്നതിന് അല്ലാഹുവിനെ ആരാധിച്ച് കഴിയുന്ന വൃദ്ധരടക്കമുള്ളവര്‍ നിമിത്തമായി ഭവിക്കുന്നു. അതുകൊണ്ടുതന്നെ ഈ രക്ഷാപുരുഷരെ ചേര്‍ത്തുപിടിക്കാന്‍ നമുക്കു ബാധ്യതയുണ്ട്. വാര്‍ധക്യത്തിന് പരിരക്ഷ നല്‍കണമെന്ന് കല്‍പിച്ച ഇസ്ലാം അവരെ കൊണ്ട് സമൂഹത്തിനും ലോകത്തിനും ഉപകാരമുണ്ടെന്നും പഠിപ്പിച്ചു. തങ്ങള്‍ ഒരധികപ്പറ്റാണെന്ന വിചാരം പിടികൂടി നിരാശരാകാതെ സകുടുംബം സ്വസ്ഥമായി ജീവിക്കാന്‍ ഇതിലൂടെ വൃദ്ധരെ പ്രാപ്തരാക്കുകയാണ് മതം. തന്‍റെ സാന്നിധ്യം ഈ ലോകത്തിനാവശ്യമുണ്ടെന്നും സ്വകാര്യതയിലേക്ക് ഒതുങ്ങിക്കഴിയേണ്ടി വന്നാലും പാഴല്ല ജന്മമെന്ന വിചാരം പകര്‍ന്ന് ഉത്സാഹമുള്ള വാര്‍ധക്യം അവര്‍ക്കു സമ്മാനിക്കാനും നമുക്കാകണം. ലോക വയോജനദിനാചരണം അപ്പോഴാണ് പ്രസക്തമാവുക.