vrdha paricharanam

നുഷ്യന്‍റെ ജീവിതസഞ്ചാരത്തിലെ അവസാന ഭാഗമാണ് വാര്‍ധക്യം. ബാല്യം, കൗമാരം, യൗവനം എന്നീ മൂന്ന് ഘട്ടങ്ങള്‍ കഴിഞ്ഞാണ് വാര്‍ധക്യത്തിലെത്തുന്നത്. മനുഷ്യന് മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഇത്തരം ഘട്ടങ്ങളുണ്ട്. വാര്‍ധക്യം അവശതയുടെ പ്രായം കൂടിയാണ്. ശരീരത്തിനും മനസ്സിനും അവശതകള്‍ പിടിപെടുന്നു. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യം. ബുദ്ധിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് മൂലമുള്ള ആകുലതകള്‍ വേറെ.

വാര്‍ധക്യം സമ്മാനിക്കുന്ന വിഹ്വലതകള്‍ പലതാണ്. ഖുര്‍ആന്‍ പറഞ്ഞു: ‘അവനത്രെ നിങ്ങളെ മണ്ണില്‍ നിന്നും പിന്നെ ഇന്ദ്രിയങ്ങളില്‍ നിന്നും പിന്നീട് രക്തപിണ്ഡത്തില്‍ നിന്നുമായി സൃഷ്ടിച്ചവന്‍. പിന്നെ നിങ്ങളെ അവന്‍ ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ പൂര്‍ണശക്തി പ്രാപിക്കുന്നതു വരെ (യൗവനം). ശേഷം നിങ്ങള്‍ വൃദ്ധന്‍മാരായിത്തീരുന്നത് വരെയും (നിങ്ങളെ അവന്‍ വളര്‍ത്തികൊണ്ട് വരുന്നു). അതിന് മുമ്പ് മരണപ്പെട്ട് പോകുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. നിര്‍ണയിക്കപ്പെട്ട അവധിയിലേക്ക് നിങ്ങള്‍ എത്തിച്ചേരാനും നിങ്ങള്‍ ചിന്തിക്കാനും വേണ്ടിയാണ് ഇതെല്ലാം (ഗാഫിര്‍ 67). മനുഷ്യന്‍റെ വാര്‍ധക്യത്തെ കുറിച്ച് അന്നഹ്ല്‍ 70, അല്‍ഹജ്ജ് 5 വചനങ്ങളില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ‘അര്‍ദലുല്‍ ഉമുര്‍’ അവശതയുടെ പ്രായം എന്ന് തന്നെയാണ് ഖുര്‍ആനിന്‍റെ പ്രയോഗം. ബുദ്ധിയില്ലാത്ത കുട്ടികളുടെ പ്രകൃതം പോലെയെന്നാണ് ഇബ്നു അബ്ബാസ്(റ) അര്‍ദലുല്‍ ഉമുറിനെ വ്യാഖ്യാനിച്ചത് (ഖുര്‍ത്വുബി 140/ 10).

ഇത്തരമൊരു പ്രകൃതിയിലെ ജീവിതം ദുസ്സഹമാണ്. പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും പ്രയാസപ്പെടുന്ന അവശതയുടെ പ്രായം. ഇതില്‍ നിന്നു കാവലിനായി തിരുനബി(സ്വ) പ്രത്യേക പ്രാര്‍ത്ഥന പഠിപ്പിച്ച് തന്നു: ‘അല്ലാഹുവേ! ഭ്രാന്തിനെ തൊട്ട് നിന്നോട് ഞാന്‍ അഭയം തേടുന്നു. ലുബ്ധ്, അവശതയനുഭവിക്കുന്ന വാര്‍ധക്യപ്രായം, ഭൗതിക ലോകത്തിന്‍റെ അപകടം, ഖബര്‍ ശിക്ഷ എന്നിവയില്‍ നിന്നും ഞാന്‍ അഭയം തേടുന്നു (ബുഖാരി).

എണ്‍പതുകളിലെത്തി നില്‍ക്കുന്നവരുടെ ജീവിതക്ലേശം പ്രസിദ്ധ പൗരാണിക കവി സുഹൈര്‍ കുറിക്കുന്നുണ്ട്. കാഴ്ചക്കുറവും കേള്‍വിക്കുറവും കാരണം കൈ പിടിച്ച് കൊണ്ടുനടക്കുന്ന സഹായിയെയും ഭാഷാ സഹായിയെയുമെല്ലാം അദ്ദേഹം വരച്ചിടുന്നുണ്ട്. വാര്‍ധക്യം മൂലം അവശതയനുഭവിക്കുന്നവര്‍ സ്വന്തത്തിനു മാത്രമല്ല ഭാരമാവുന്നത്. കുടുംബവും സമൂഹവുമെല്ലാം വൃദ്ധന്മാരുടെ ഭാരം ചുമക്കേണ്ടിവരുന്നു എന്നതാണ് പുതുകാലത്തിന്‍റെ സ്ഥിതി. സര്‍ക്കാരും ട്രസ്റ്റുകളും വ്യക്തികളും പണിതുയര്‍ത്തിയ സദനങ്ങളില്‍ പോറ്റിവളര്‍ത്തുന്ന മാതാപിതാക്കളുടെ അവശമുഖങ്ങള്‍ കൈമാറുന്ന സന്ദേശം നിസ്സാരമല്ല.

 

ഇസ്ലാമിന്‍റെ സമീപനം

കുട്ടിത്തം പോലെതന്നെ മനുഷ്യന്‍റെ ബലഹീനാവസ്ഥയാണ് വാര്‍ധക്യം. ‘അല്ലാഹു നിങ്ങളെ ബലഹീനതയില്‍ നിന്ന് സൃഷ്ടിച്ചു. ബലഹീനതക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ശക്തി നല്‍കി, പിന്നെ ശക്തിക്ക് ശേഷം ബലഹീനതയും നരയും നല്‍കി (അര്‍റൂം 54). വാര്‍ധക്യത്തിലെ അവശതകളെ കുറിച്ച് നിരവധി ഇടങ്ങളില്‍ ഖുര്‍ആന്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. സകരിയ്യ നബി(അ) പറഞ്ഞു: ‘രക്ഷിതാവേ! എന്‍റെ എല്ല് ബലം കുറഞ്ഞുപോയി, മുടി നരച്ചു (മര്‍യം 4-3). ഇബ്റാഹീം നബി(അ): ‘അല്ലാഹുവിനാണ് സര്‍വ സ്തുതിയും. എന്‍റെ വാര്‍ധക്യപ്രായത്തിലാണ് ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരെ എനിക്കവന്‍ തന്നത്. എന്‍റെ രക്ഷിതാവ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ് (ഇബ്റാഹീം 39). ഇസ്ഹാഖ് നബി(അ)യുടെ ജനനത്തെ കുറിച്ചുള്ള വാര്‍ത്തയറിഞ്ഞപ്പോള്‍ ഇബ്റാഹീം നബി(അ)മിന്‍റെ ഭാര്യയുടെ പ്രതികരണം. ‘അവര്‍ പറഞ്ഞു: അത്ഭുതംതന്നെ. ഞാനൊരു കിഴവിയും എന്‍റെ ഭര്‍ത്താവ് വൃദ്ധനുമായിരിക്കെ ഞാന്‍ പ്രസവിക്കുകയോ, ഇത് അത്ഭുതം തന്നെ! (ഹൂദ് 72).

മാതാപിതാക്കളടക്കമുള്ള വൃദ്ധജനങ്ങള്‍ക്ക് കാരുണ്യം ചെയ്യണമെന്നാണ് ഇസ്ലാമിന്‍റെ കാഴ്ചപ്പാട്. പ്രായാധിക്യത്തില്‍ കഷ്ടപ്പെടുന്ന മാതാപിതാക്കളോട് പുലര്‍ത്തേണ്ട അച്ചടക്കത്തെ കുറിച്ച് ഖുര്‍ആനിന്‍റെ പ്രതിപാദ്യം പ്രസിദ്ധമാണ്. മാതാപിതാക്കള്‍ക്ക് അഹിതമുണ്ടാക്കുന്ന ഒന്നും അവരോട് പറഞ്ഞ് കൂടാ. സ്നേഹവായ്പിന്‍റെ ചിറക് താഴ്ത്തി അവരെ സാന്ത്വനപ്പെടുത്തണം. അവര്‍ക്ക് പ്രാര്‍ത്ഥിക്കണം. എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതിന് പകരം നീ അവര്‍ക്ക് കരുണ നല്‍കേണമേ എന്നായിരിക്കണം പ്രാര്‍ത്ഥന. സൂറത്ത് ഇസ്റാഇന്‍റെ 23, 24 വചനങ്ങള്‍ക്ക് ഇമാം ഖുര്‍ത്വുബി(റ)യുടെ വ്യാഖ്യാനം ഇങ്ങനെ വായിക്കാം: ‘വാര്‍ധക്യപ്രായത്തില്‍ മാതാപിതാക്കള്‍ക്ക് സാന്ത്വനം നല്‍കാന്‍ ഖുര്‍ആന്‍ പറഞ്ഞതിന്‍റെ താല്‍പര്യം മറ്റൊന്നുമല്ല. വാര്‍ധക്യം അവശതയനുഭവിക്കുന്ന പ്രായമാണ്. അന്യരെ ആശ്രയിക്കാതെ പലര്‍ക്കും ഒന്നും ചെയ്യാനാവില്ല. മാതാപിതാക്കളെ ഈ ഘട്ടത്തില്‍ കൂടുതല്‍ പരിഗണിക്കണം. ചെറുപ്രായത്തിലുള്ള കുട്ടികള്‍ക്ക് നാം പരിഗണന നല്‍കുന്നതുപോലെ. ഒരാളുടെ അടുത്ത് കൂടുതല്‍ സമയം കഴിയുന്നത് അയാള്‍ക്ക് ബാധ്യതയാവുക സ്വാഭാവികം. ഇതുപോലെ മാതാപിതാക്കള്‍ ഒരുപാട് കാലം കൂടെയുണ്ടാവുകയും വാര്‍ധക്യത്തിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ മക്കള്‍ക്ക് പൊറുതികേട് തോന്നും, ദേഷ്യം വരും, അവരോട് പരുഷമായി സംസാരിക്കും. പക്ഷേ ഒരിക്കലും ഇതൊന്നും ചെയ്ത് കൂടാ’ (ഖുര്‍ത്വുബി 241/10).

മാതാപിതാക്കളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കുകയാണ് ഏറ്റവും പ്രധാനം. ഭക്ഷണം, വസ്ത്രം, താമസം, ചികിത്സ തുടങ്ങിയവയും മാതാവിന്‍റെ മരണശേഷം ഒറ്റപ്പെട്ടുകഴിയുന്ന ആരോഗ്യമുള്ള പിതാവിന് രണ്ടാം വിവാഹത്തിന് സൗകര്യം ചെയ്തുകൊടുക്കലും ഇതില്‍പെടും. മാതാപിതാക്കള്‍ക്കുള്ള സാന്ത്വനത്തിന്‍റെ പരിധിയില്‍ വരുന്നവയാണ് പിതാവിന്‍റെ രണ്ടാം വിവാഹവും. പിതൃസമ്പത്തിന് പുതിയൊരവകാശി കടന്നുവരുന്നത് ഇഷ്ടപ്പെടാത്ത പലരും ഇതിന് മുന്നോട്ട് വരാറില്ല. ഭര്‍ത്താവ് നഷ്ടപ്പെട്ട മാതാവിന്‍റെ കാര്യവും ഇങ്ങനെതന്നെ. മാതാപിതാക്കള്‍ക്ക് കഴിവില്ലെങ്കില്‍ അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ മക്കള്‍ നിര്‍വഹിച്ച് കൊടുക്കണമെന്നാണ് ഇസ്ലാമികാധ്യാപനം. മക്കളുടെ കടമയാണത്. കര്‍മശാസ്ത്ര വീക്ഷണം കാണുക: മകന്‍റെ സകാത്ത് പിതാവിന് വാങ്ങിക്കൂടാ. കാരണം പിതാവിന്‍റെ സംരക്ഷണം മകന് നിര്‍ബന്ധമാണ്. പിതാവ് കൈപറ്റുന്ന മകന്‍റെ സകാത്ത് വിഹിതം മകന്‍ തന്നെ സ്വന്തം സകാത്ത് വാങ്ങുന്നതിന് തുല്യമാണ്. പിതാവില്‍ നിന്ന് ലഭിക്കാനുള്ള കടത്തിന്‍റെ പരാതിയുമായി ഒരാള്‍ തിരുനബി(സ്വ)യുടെ അരികിലെത്തി. അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: നീയും നിന്‍റെ സമ്പത്തും നിന്‍റെ പിതാവിനുള്ളതല്ലേ! (അബൂദാവൂദ്, അഹ്മദ്). അന്യരില്‍ നിന്ന് ലഭിക്കാനുള്ള കടത്തെ പോലെ പിതാവിന്‍റെ കടത്തെ കാണരുതെന്നും അദ്ദേഹത്തിന് ആവശ്യമായ സഹായസഹകരണങ്ങള്‍ മകന്‍ ചെയ്യണമെന്നുമാണ് ഈ ഹദീസിന്‍റെ വിശകലനത്തില്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മക്കള്‍ സാമ്പത്തിക ഭദ്രതയില്ലാത്തവരാണെങ്കില്‍ സമൂഹത്തിന്‍റെ ബാധ്യതയാണ് വൃദ്ധന്‍മാരുടെ സംരക്ഷണം. അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ അയല്‍വാസികളും അടുത്ത ബന്ധുക്കളുമെല്ലാം സംരക്ഷണമേറ്റെടുക്കണം.

 

മാതൃകകള്‍

വാര്‍ധക്യത്തിലെത്തിയവരോട് മൃദുല സമീപനം കാണിച്ച ഒട്ടേറെ മാതൃകകള്‍ ഇസ്ലാമിക ചരിത്രത്തിലുണ്ട്. മദ്യനിലെ വെള്ളത്തടാകത്തിനരികില്‍ കണ്ട രണ്ട് പെണ്‍കുട്ടികളോട് മൂസാ നബി(അ) സംവദിച്ച സംഭവം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. കന്ന്കാലികള്‍ക്ക് വെള്ളം കൊടുക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് മാറിനില്‍ക്കുന്ന ശുഐബ് നബി(അ)മിന്‍റെ രണ്ട് പെണ്‍കുട്ടികളോട് മൂസാ നബി(അ) ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: വൃദ്ധനായ പിതാവല്ലാതെ ഞങ്ങള്‍ക്ക് വേരെയാരുമില്ല. ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ മാത്രമേയുള്ളൂ. ഇത് കേട്ട മൂസാ(അ) അവരുടെ ആടുകള്‍ക്ക് വെള്ളം കുടിപ്പിക്കുകയും വൃദ്ധനായ പിതാവിനെ മാനിച്ച് അവരെ പെട്ടെന്ന് തിരിച്ചയക്കുകയും ചെയ്തു.

പ്രായമുള്ളവരെ പരിഗണിക്കാനും അവരുടെ ബഹുമാനം അംഗീകരിക്കാനും റസൂല്‍(സ്വ) പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു ഉമര്‍(റ)വില്‍ നിന്ന്: ‘ചെറിയവരോട് കരുണ ചെയ്യാത്തവരും വൃദ്ധന്‍മാരുടെ ബഹുമതി മനസ്സിലാക്കാത്തവരും എന്‍റെ സരണി അംഗീകരിക്കുന്നവരല്ല (അഹ്മദ്, തുര്‍മുദി, ഹാകിം). വൃദ്ധരെ പ്രത്യേകം പരിഗണിക്കുന്നത് അറബികളുടെ പാരമ്പര്യമായാണ് ചരിത്രം കുറിക്കുന്നത്. സദസ്സുകളില്‍ അവരെ ബഹുമാനത്തോടെ വരവേല്‍ക്കുക, എണീറ്റ് നില്‍ക്കുക, അവശതയുള്ളവരെ ആശ്വസിപ്പിക്കുക, പ്രത്യേക ഇരിപ്പിടം തയ്യാര്‍ ചെയ്ത് കൊടുക്കുക തുടങ്ങിയ മര്യാദകള്‍ അറബികള്‍ക്കിടയില്‍ പാരമ്പര്യമായി നിലനിന്ന് വരുന്നതാണ്. ‘കുടുംബത്തിലെ പ്രായമുള്ളവര്‍ ഒരു സമുദായത്തിന്‍റെ പ്രവാചകനെ പോലെ’യാണെന്ന പഴമൊഴി അറബികള്‍ക്കിടയില്‍ പ്രസിദ്ധം. വാര്‍ധക്യത്തിലെത്തിയവര്‍ നന്മയും സുകൃതങ്ങളുമുള്ളവരാണെങ്കില്‍ കൂടുതല്‍ പരിഗണനീയരാണെന്നാണ് നബിവചനം. ഒരാള്‍ നബിയോട് ചോദിച്ചു: ‘ആരാണ് മനുഷ്യരില്‍ ഏറ്റവും ഉത്തമര്‍?’ നബി(സ്വ) പറഞ്ഞു: ‘ആയുസ്സ് വര്‍ധിച്ചവരും കര്‍മങ്ങള്‍ നന്നായവരും’ (ത്വബ്റാനി). അബൂമൂസാ(റ)വില്‍ നിന്ന്, പ്രവാചകര്‍(സ്വ) പറഞ്ഞു: ‘നര ബാധിച്ച മുസ്ലിനെ ആദരിക്കുക, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരെ ആദരിക്കുക, നീതിമാനായ ഭരണാധികാരിയെ ആദരിക്കുക ഇത് അല്ലാഹു കല്‍പ്പിച്ച ബഹുമാനങ്ങളാണ് (അബൂദാവൂദ്). അനസ്(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: ‘ഒരു യുവാവ് വാര്‍ധക്യത്തിലെത്തിയ ഒരാളെ പരിഗണിച്ചാല്‍ അവന്‍റെ വാര്‍ധക്യത്തില്‍ സഹായിയായി അല്ലാഹു ഒരാളെ നിശ്ചയിക്കുന്നതാണ്’ (തുര്‍മുദി).

ഖാലിദുബ്നു വലീദ്(റ) ഇറാഖിലെ ക്രിസ്ത്യാനികളുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ എഴുതിച്ചേര്‍ത്ത പ്രധാന വ്യവസ്ഥ ഇങ്ങനെ വായിക്കാം: ‘അവശതയനുഭവിക്കുന്ന വൃദ്ധര്‍, അപകടങ്ങളില്‍ പെട്ടവര്‍, സമ്പത്ത് നശിച്ച് ദരിദ്രരായിത്തീര്‍ന്നവര്‍ തുടങ്ങിയ അശരണര്‍ക്ക് സാന്ത്വനം നല്‍കുന്നവരുടെ നികുതി ഒഴിവാക്കുന്നതാണ്. സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബത്തിനും ആവശ്യമായ ചെലവുകള്‍ പൊതുഖജനാവില്‍ നിന്ന് നേടിയെടുക്കാവുന്നതാണ്.’ പ്രഥമ ഖലീഫ സിദ്ദീഖ്(റ)വിന്‍റെ ഭരണകാലത്തും ചില ഉടമ്പടികളില്‍ മേല്‍ വ്യവസ്ഥകള്‍ ചേര്‍ത്തിരുന്നതായി ചരിത്രം പറയുന്നുണ്ട്.

രണ്ടാം ഉമര്‍(റ)വിന്‍റെ ഭരണകാലം. ജനങ്ങളോട് യാചിച്ച് നടക്കുന്ന ഒരു ജൂതവൃദ്ധനെ മഹാന്‍ കാണാനിടയായി. ഖലീഫ അയാളെ വിളിച്ചുവരുത്തി. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. പൊതുഖജനാവില്‍ നിന്ന് അയാള്‍ക്കാവശ്യമായത് നല്‍കാന്‍ ഉത്തരവിട്ടു. എന്നിട്ട് ഉമര്‍(റ) പറഞ്ഞു: ‘നിങ്ങള്‍ യുവാവായിരുന്നപ്പോള്‍ നിങ്ങളില്‍ നിന്ന് ഞങ്ങള്‍ നികുതി വാങ്ങിയിരുന്നു. ഇപ്പോള്‍ പ്രായാധിക്യത്തില്‍ കഷ്ടപ്പെടുന്ന നിങ്ങളെ വഴിയാധാരമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമോ!’

അഞ്ചാം ഖലീഫയെന്നു പ്രസിദ്ധനായ ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ) തന്‍റെ ഗവര്‍ണര്‍മാര്‍ക്കെഴുതി: ‘നിങ്ങള്‍ ചുറ്റുഭാഗവും കണ്ണോടിക്കണം. വാര്‍ധക്യത്തിലെത്തിയ അമുസ്ലിംകള്‍ക്ക് മുസ്ലിംകളുടെ പൊതുഖജനാവില്‍ നിന്ന് ചെലവുകള്‍ വകയിരുത്തണം. ശാരീരിക അസ്വസ്ഥതകളും ദൈനംദിന ജീവിതത്തിന്‍റെ കഷ്ടപ്പാടുകളും അവരെ തളര്‍ത്തരുത്. ഉമര്‍(റ)വിന്‍റെ മാതൃക നമ്മുടെ മുന്നിലുള്ളത് നിങ്ങള്‍ തിരിച്ചറിയണം.’ തിരുനബി(സ്വ)യുടെ സവിധത്തില്‍ പ്രത്യേകം പരിഗണന ലഭിക്കുന്നവരായിരുന്നു വൃദ്ധജനങ്ങള്‍. പ്രായമുള്ളവരെ സദസ്സിന്‍റെ മുന്‍നിരയിലിരുത്തിയും ആദരിച്ചും അവിടുന്ന് കാണിച്ച മാതൃകകള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്.

ഖൈബറിലേക്കുള്ള വഴിയില്‍ അബ്ദുല്ലാഹിബ്നു  സഹല്‍(റ) കൊല്ലപ്പെട്ടു. ജൂതന്‍മാരുടെ ഈ നീചകൃത്യത്തെ പറ്റി പരാതിപ്പെടാനായി മുഹൈസ്വത്ത്(റ)വും ഹുവൈസ്വത്ത്(റ)വും നബി(സ്വ)യുടെ അരികിലെത്തി. പ്രായം കുറഞ്ഞ മുഹൈസ്വത്ത് സംസാരം തുടങ്ങിയപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘കബ്ബിര്‍! കബ്ബിര്‍’ (പ്രായമുള്ളവര്‍ സംസാരിക്കട്ടെ). നിര്‍ദേശ പ്രകാരം ഹുവൈസ്വത്ത് നബി(സ്വ)യോട് ആദ്യം സംസാരിച്ചു. ശേഷമാണ് മുഹൈസ്വത്തിന് സംസാരിക്കാന്‍ അവിടുന്ന് അനുമതി നല്‍കിയത്.

വൃദ്ധര്‍ക്ക് ഇസ്ലാം നിരവധി ആനുകൂല്യങ്ങള്‍ വകയിരുത്തിയിട്ടുണ്ട്. ഹിജ്റയില്‍ നിന്ന് വൃദ്ധരെ ഒഴിവാക്കിയത് ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറഞ്ഞു. അവസരം ലഭിച്ചിട്ടും ഹിജ്റ പോകാതെ ശത്രുക്കളുടെ ഓരംപറ്റി ജീവിക്കുകയും എതിരാളികളുടെ തൃപ്തിക്ക് വേണ്ടി മതമൂല്യങ്ങള്‍ വലിച്ചെറിയുകയും ചെയ്തവര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടതിന് ശേഷം മലക്കുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ഖുര്‍ആന്‍ വരച്ചിടുന്നു. വൃദ്ധരും ദുര്‍ബലരുമായ സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും ഒഴിവാക്കിയാണ് ഹിജ്റയുടെ ആനുകൂല്യം നഷ്ടപ്പെടുത്തിയവരെ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളത്. സൂറത്തുന്നിസാഇന്‍റെ 97 മുതല്‍ 99 വരെയുള്ള വചനങ്ങളുടെ ആശയം അത് ബോധ്യപ്പെടുത്തുന്നു. വൃദ്ധര്‍ക്കും അബലര്‍ക്കും വേണ്ടി പോരാടാന്‍ പ്രേരിപ്പിക്കുകയാണ് നിസാഇന്‍റെ 75-ാം വചനം. അക്രമികളുടെ താണ്ഡവത്തില്‍ നിന്ന് വൃദ്ധരും അശരണരുമായ സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും എന്താണ് നിങ്ങള്‍ രക്ഷപ്പെടുത്താത്തത്, അവരുടെ കാര്യത്തില്‍ ഒരു പോരാട്ടത്തിന് തയ്യാറാകാത്തത് എന്ത് കൊണ്ടാണ് എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്. വൃദ്ധര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും ശത്രുപക്ഷത്തെ വൃദ്ധന്‍മാരെ യുദ്ധക്കളത്തില്‍വച്ച് പോലും വധിക്കരുതെന്നും തിരുനബി(സ്വ) പ്രത്യേകം ഉപദേശിച്ചു. നിരവധി തിരുവചനങ്ങളില്‍ ഇത് സംബന്ധിയായ പ്രതിപാദ്യം കാണാനാവും.

മക്ക കീഴടങ്ങിയ ദിവസം. സിദ്ദീഖ്(റ) തന്‍റെ പിതാവ് അബൂഖുഹാഫയെ നബി(സ്വ)യുടെ അരികിലേക്ക് കൊണ്ടുവന്നു. നരബാധിതനും വൃദ്ധനുമായ അബൂഖുഹാഫയെ കണ്ട പ്രവാചകര്‍(സ്വ) പറഞ്ഞു: ‘അബൂഖുഹാഫയുടെ അടുക്കലേക്ക് നമുക്ക് ചെല്ലാമായിരുന്നല്ലോ. അദ്ദേഹം അത്രക്കവശനല്ലേ! (അഹ്മദ്, ഇബ്നുഹിബ്ബാന്‍). ഗര്‍ഭം ചുമന്ന് പ്രസവിക്കുകയും രണ്ട് വര്‍ഷക്കാലം മുലപ്പാല്‍ നല്‍കി പോറ്റുകയും ആധികള്‍ അനുഭവിച്ച് മക്കള്‍ക്കായി ജീവിതം മാറ്റിവെക്കുകയും ചെയ്ത മാതാവിനെ സൂറത്തുലുഖ്മാന്‍ 14-ാം വചനവും അല്‍അഹ്ഖാഫ് പതിനഞ്ചും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നുണ്ട്. കാരുണ്യത്തെ മൂന്നായി ഭാഗിച്ചാല്‍ രണ്ട് ഭാഗവും മാതാവിന് നല്‍കണമെന്നുവരെ മേല്‍ വചനങ്ങളുടെ വ്യാഖ്യാനത്തില്‍ കാണാം.

ഇബ്നു കസീര്‍ എഴുതി: മാതാവിനെയും വഹിച്ച് ഒരാള്‍ കഅ്ബ ത്വവാഫ് ചെയ്യുന്നു, നബിയോട് അയാള്‍ ചോദിച്ചു: ‘ഞാനെന്‍റെ മാതാവിനോടുള്ള കടമ വീട്ടികഴിഞ്ഞോ?’ നബി(സ്വ)യുടെ മറുപടി: ‘നിന്‍റേത് ഉമ്മ സഹിച്ച ഒരു വേദനക്ക് പോലും പകരമായിട്ടില്ല.’ ഉമര്‍(റ)വിനോട് ഒരാള്‍ ചോദിച്ചു: ‘എന്‍റെ മുതുകിലിരുത്തി ഉമ്മയുടെ ആവശ്യങ്ങള്‍ ഞാന്‍ നിര്‍വഹിച്ച് കൊടുക്കാറുണ്ട്. അങ്ങനെയാണല്ലോ അവരെന്നെ പോറ്റിയത്. അതിനാല്‍ ഉമ്മയോടുള്ള കടമ എനിക്ക് പൂര്‍ത്തിയാക്കാനായിട്ടുണ്ടോ?’ ഉമര്‍ (റ) പറഞ്ഞു: ‘ആയിട്ടില്ല, ഒരുപാട് കാലം നീ ജീവിക്കണമെന്ന ആര്‍ത്തിയിലാണ് നിന്‍റെ ഉമ്മ നിന്നെ പോറ്റിയത്. നാളെയോ മറ്റെന്നാളോ മരിക്കുമല്ലോ എന്ന നിലക്കാണല്ലോ നീ ഉമ്മയെ പരിചരിക്കുന്നത്.’ വാര്‍ധക്യത്തിലെത്തിയ സ്വഹാബികള്‍ക്ക് പ്രത്യേക ആനുകൂല്യവും പരിചരണവും നല്‍കി ശ്രദ്ധേയമായ മാതൃക കൈമാറി മുആവിയ (റ).

ഇങ്ങനെ വയോജനങ്ങളെ പരിഗണിച്ചതിന് ഇസ്ലാമിക ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ നിരത്താനാവും. അര്‍ഹിക്കുന്ന ബഹുമാനങ്ങള്‍ വകവച്ചു നല്‍കി സ്വൈരജീവിതത്തിന് അവര്‍ക്കവസരമൊരുക്കുകയാണ് മുന്‍കാല മുസ്ലിം നേതാക്കളെല്ലാം ചെയ്തത്. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നമുക്ക് ബാധ്യതയുണ്ട്.

You May Also Like
Responsibility on child

മക്കളോടും ചില ബാധ്യതകളില്ലേ?

രക്ഷിതാവാകുക എന്നത് ഇന്നത്തെ കാലത്ത് ശ്രമകരമായ ദൗത്യമാണ്. പഴയ കാലത്തെ അപേക്ഷിച്ച് പുതുകാല രക്ഷിതാക്കള്‍ കുട്ടികള്‍ക്ക്…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍
Mappila Songs

മാപ്പില്ലാ പാട്ടുകളാകരുത് മാപ്പിള പാട്ടുകള്‍

കേവലം ഗാനവഴക്കം എന്നതിലുപരി ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ടൊരു ജനതയുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒരിക്കലും…

● മുനീര്‍ നവാസ് കൊല്ലം
Old Age Home

വൃദ്ധസദനത്തിന്‍റെ വരാന്തയില്‍ അവര്‍ ആരെയോ കാത്തിരിക്കുന്നു

സിറിയക് ആന്‍റണി എന്ന അരോഗ ദൃഢഗാത്രനായ അമ്പത്തിയഞ്ചുകാരനെ അത്യാഗ്രഹിയായ മുപ്പത്തിയഞ്ചുകാരി രണ്ടാം ഭാര്യ സ്വത്തുക്കളെല്ലാം കൗശലപൂര്‍വം…

● മുഹമ്മദ് അനസ് ആലങ്കോള്‍