turks-malayalam

ക്രിസ്തു വർഷം 647-ൽ ചക്രവർത്തി ഹർഷ വർധനൻ മരണപ്പെട്ടതോടെ ഉത്തര ഭാരതത്തിന്റെ ഭദ്രത തകർന്നു പോയി. രാജ്യം കൊച്ചു കൊച്ചു ദേശങ്ങളായി മാറി. പുതിയ രാഷ്ട്രീയ ശക്തികൾ നിലവിലെ ഭരണ ക്രമങ്ങളിലും സാമൂഹിക വ്യവസ്ഥയിലും മാറ്റങ്ങളുണ്ടാക്കി. രജപുത്ര വാഴ്ച ബ്രാഹ്മണ മേധാവിത്തം തിരിച്ചു പിടിക്കുകയും താമസിയാതെ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും  പീഡനങ്ങൾക്കടിമപ്പെട്ട് ബുദ്ധമതം ക്ഷയിച്ചു പോവുകയും ചെയ്തു. ശ്രീ. ബന്ദോപാധ്യായ എഴുതിയ പോലെ ‘ഓരോ ദേശത്തിന്റെയും അതിർത്തികൾ നാട്ടു രാജാക്കൻമാരുടെ ജയാപജയങ്ങൾക്കനുസരിച്ച് കൂടിയും കുറഞ്ഞും വന്നു. ഭരണം ഭദ്രമാക്കാനോ രാജ്യം സുസ്ഥിരമാക്കാനോ ഈ മേധാവികൾക്ക് കഴിയുമായിരുന്നില്ല. അവരുടെ നിലനിൽപിന്റെ ലക്ഷ്യം സൈനിക മഹത്ത്വം നേടാനുള്ള യുദ്ധങ്ങളിൽ മാത്രം ഒതുങ്ങി.’ (ബന്ദോപാധ്യായ, ഡവലപ്‌മെന്റ് ഓഫ് ഹിന്ദു പോളിറ്റി ആന്റ് പൊളിറ്റിക്കൽ തിയറീസ്, കൊൽക്കത്ത, 1936, പേ. 161). എകാധിപതികളായ രജപുത്ര രാജാക്കൻമാർ തങ്ങൾ ദൈവത്തിൽ നിന്ന് ഉൽഭവിച്ചവരാണെന്ന് അവകാശപ്പെട്ട് യുദ്ധക്കൊതിയരായി കഴിഞ്ഞു. ഏകാധിപതികളാണെങ്കിലും ഹൈന്ദവ ധർമത്തിലെ രാജനീതി പാലിക്കാൻ അവർ ഏതാണ്ടൊക്കെ ബാധ്യസ്ഥരായിരുന്നു. ഫ്യൂഡൽ വ്യവസ്ഥിതി സ്വീകരിച്ച രജപുത്രർ രാജ്യം പ്രഭുക്കൻമാർക്കിടയിൽ വീതിച്ചു പോന്നു. ഭരണ സൗകര്യത്തിനായി രാജ്യത്തെ ഭുക്തി, മണ്ഡല, രാഷ്ട്ര എന്നിങ്ങനെ വിഭജിച്ചു.

ഇന്ത്യയിലെ ജാതി വ്യവസ്ഥ വർണാശ്രമ ധർമത്തെ അധികരിച്ച് ഉൽഭവിച്ചതാണെങ്കിലും പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിൽ അത് മനുഷ്യന്റെ തന്നെ ശത്രുവായി മാറിക്കഴിഞ്ഞിരുന്നു. രാജ്യത്തെ ഭൂരിപക്ഷം ജനതക്ക് ജാതി വ്യസ്ഥ സർവ അവകാശങ്ങളും നിഷേധിച്ചു. സർവ ജാതികളുടെയും മേൽ അധീശത്വം സ്ഥാപിച്ച്  ബ്രാഹ്മണർ മുടി ചൂടാ മന്നൻമാരായി. ബ്രഹ്മാവിന്റെ ശിരസ്സിൽ നിന്ന് സൃഷ്ടിച്ചവരെന്നവകാശപ്പെട്ട്  ലോകത്തെ സർവ സമ്പത്തും തങ്ങളുടേതാണെന്ന് പരദൈവത്തെ മുൻനിറുത്തി അവർ സ്ഥാപിച്ചെടുത്തു. ബ്രാഹ്മണന് ജോലിയൊന്നും ചെയ്യേണ്ട. നികുതിയും ഒടുക്കേണ്ട. ദൈവത്തിനും മനുഷ്യനും ഇടക്കുള്ള മധ്യവർത്തിയായി സർവ സന്നാഹങ്ങളോടും കൂടി അവൻ സമൂഹത്തെയാകെ അടക്കി വാണു.  ബ്രാഹ്മണൻ കഴിഞ്ഞാൽ സമൂഹത്തിന്റെ കുത്തക ഭരണാധികാരിയായ ക്ഷത്രിയന്. പിന്നെ വ്യാപാരിയായ വൈശ്യന്. നാലാം ജാതിക്കാരനായി ഏറ്റവും താഴെക്കിടയിലുള്ള ശൂദ്രൻ. കഴിഞ്ഞില്ല; അവർക്കും താഴെ മണ്ണിന്റെ മക്കളായ മനുഷ്യ രൂപമുള്ള ഭൂരിപക്ഷം വരുന്ന ഭാരതീയർ. ഇവർക്ക് ്രബാഹ്മണൻ സഞ്ചാര സ്വാതന്ത്ര്യം തന്നെ നിഷേധിച്ചു. മൃഗങ്ങൾക്കുള്ള പരിഗണന പോലും ലഭിച്ചില്ല. വരേണ്യ സമൂഹത്തിന്റെ പ്രാകൃതമായ ശിക്ഷകൾക്കും ഇവർ ഇരയായി. വേദം      കേട്ടവന്റെ കാതിൽ കാരീയമൊഴിച്ചും ബ്രാഹ്മണൻ അഹിതപ്പെട്ടാൽ നാക്കരിഞ്ഞും കാതരിഞ്ഞും കണ്ണ് പൊട്ടിച്ചും മലം തീറ്റിച്ചും കൊന്നും  ബ്രാഹ്മണർ ശിക്ഷ വിധിച്ചു പോന്നു. ചണ്ഡാളൻ ചത്താൽ കുഴിച്ചു മൂടാൻ പോലും അനുവദിച്ചില്ല. സാധാരണ സ്ത്രീകളോട് സമൂഹം ഒരു മാന്യതയും കാണിച്ചില്ല. വിവാഹം അനിവാര്യമാക്കിയിരുന്നു. ബഹുഭാര്യത്വവും ബഹുഭർതൃത്വവും ആവാം. വിവാഹം ചെയ്യാതെ വന്നാൽ ഉന്നത ജാതിക്കാരിയെ ശൂദ്രയായി തരം താഴ്ത്തും. വിവാഹ മോചനം അനുവദിച്ചതേയില്ല. വിധവകളെ വിവാഹം ചെയ്യാനും സമ്മതിച്ചില്ല. രജപുത്രരിൽ ഭർത്താവ് മരിച്ചാൽ ഭാര്യയും ചിതയിൽ ചാടി ജീവൻ വെടിഞ്ഞു കൊള്ളണം. എന്തുവന്നാലും സ്ത്രീ മൃഗ തുല്യയായി കഴിയണം. പെൺ കുഞ്ഞായാൽ ശിശുഹത്യ നിർബാധം നടക്കുമായിരുന്നു. മനുഷ്യ ബലിക്കൊരു കുറവുമുണ്ടായില്ല. എന്നാൽ പശുവിനെ മനുഷ്യനേക്കാൾ വിശുദ്ധമായി കരുതിപ്പോന്നു. പൗരാണിക കാലത്ത് പശുവിന്റെ മാംസം മേത്തരമാണെന്നും വിധിച്ചിരുന്നു. ആര്യൻമാർക്ക് അവരുടെ മതചടങ്ങുകളിലൊക്കെ മൃഗബലി പ്രധാന ചടങ്ങായിരുന്നു. അതിനുള്ള ഉത്തമ മൃഗമായി അവർ പശുവിനെതന്നെയാണ് തിരഞ്ഞെടുത്തത്.  അഞ്ഞൂറ് കാളകളെയും അഞ്ഞൂറ് പശുക്കളെയും അഞ്ഞൂറ് പശുക്കുട്ടികളെയും ഉപയോഗിച്ചുള്ള വൻ യാഗങ്ങൾ ആര്യ ബ്രാഹ്മണൻ നടത്തിയിരുന്നത്രെ. ഇതിനെ വിമർശിച്ച് കൊണ്ടാണ് ശ്രീ ബുദ്ധൻ രംഗത്ത് വരുന്നത്.  ബ്രാഹ്മണ വർഗങ്ങളിൽ മാത്രമാണ് ജ്ഞാനവും സംസ്‌കാരവുമൊക്കെ നിലനിന്നത്. ഭൂരിപക്ഷ ജനതക്ക് എല്ലാം നിഷേധിക്കപ്പെട്ടു. ഇതിനെല്ലാം തെളിവ് ബി.സി അഞ്ചാം നൂറ്റാണ്ടിലോ മറ്റോ മനുവാചാര്യൻ ബ്രാഹ്മണർക്ക് വേണ്ടി എഴുതിയ മാനവ ധർമ ശാസ്ത്രമെന്ന മനുസ്മൃതിയാണ്. അക്കാലത്തെ അവസ്ഥകൾ അൽബിറൂനിയും കുറിച്ചു വെച്ചിരിക്കുന്നു.

ഹിന്ദു ഹിന്ദുസ്ഥാൻ    

ബഹുസ്വര സംസ്‌കാരം നിലനിന്ന ഈ രാജ്യത്ത് ഹിന്ദു എന്ന പേരിൽ ഒരു മതമുണ്ടായിരുന്നില്ല. ബ്രാഹ്മണരും ശ്രമണരുമെന്നിങ്ങനെ രണ്ടു വിഭാഗക്കാർ ഉണ്ടായിരുന്നു. അവരിൽ ബ്രാഹ്മണരാണ് വൈദിക മതത്തെ പ്രതിനിധാനം ചെയ്തത്. ശ്രമണരാവട്ടെ, വൈദിക മതത്തിനെതിരെ ധ്യാന വിശ്വാസങ്ങളുമായി കഴിഞ്ഞു. ബ്രാഹ്മണമേധാവിത്തം തങ്ങളുടെ വിശ്വാസങ്ങളെ എല്ലാവരുടേയും മേൽ അടിച്ചേൽപിക്കുകയായിരുന്നു. അങ്ങനെ ബ്രാഹ്മണ മതം ദേശ മതമായി പരിണമിച്ചു.  തങ്ങളുടെ ദൈവികമായ മേധാവിത്തം എല്ലാവരുടേയും മേൽ അടിച്ചേൽപിക്കാൻ ഇങ്ങനെയൊരു മത സൃഷ്ടി അനിവാര്യവുമായിരുന്നു. അതിന് വേദങ്ങളെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുകയും വർണാശ്രമ ധർമത്തെ തെറ്റായും സമർത്ഥമായും ബ്രാഹ്മണർ ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഹിന്ദു എന്ന പേര് അടിസ്ഥാനപരമായി  മതത്തിന്റെ പേരല്ല. ഇന്ത്യ എന്ന പേരാവട്ടെ, പേർഷ്യക്കാരും അറബികളും സമ്മാനിച്ചതുമാണ്. സിന്ധു നദിയുടെ കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങളെ പേർഷ്യക്കാർ സിന്ധ് എന്ന് വിളിച്ചു വന്നു. പഹ്‌ലവി ഭാഷയിൽ ‘സ’ എന്ന അക്ഷരത്തിന് ‘ഹ’ എന്നാണ് ഉച്ചരിക്കാറ്. അങ്ങനെയാണ് സിന്ധു ഹിന്ദുവാകുന്നത്. ചിലരിതിനെ ഹിന്ദുസ്ഥാനമെന്ന് വിളിച്ചു. സുൽതാൻമാരുടെ ഭരണകാലത്ത് ഹിന്ദുസ്ഥാനമെന്ന പേര് പ്രസിദ്ധമായി.  ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ മതവിശ്വാസങ്ങൾക്ക് മൊത്തമായി ഹിന്ദുമതം എന്നും    വിളിച്ചു പോന്നു. ബുദ്ധമതവും ജൈനമതവുമൊക്കെ ഈ കുടുംബത്തിൽ പെട്ട മതങ്ങൾ തന്നെയാണ്. പിന്നീട് സൗരാഷ്ട്രീയ മതവും ഇസ്‌ലാമും ഹിന്ദുമതത്തിന്റെ തന്നെ ഭാഗമാവുകയായിരുന്നു. ഇസ്‌ലാമും ഹൈന്ദവ മതവും ഏകദൈവമതങ്ങളാണെന്നും ശ്രീരാമനെയും ശ്രീകൃഷ്ണനെയും പോലെ മുഹമ്മദ് നബിയും അവതാര പുരുഷനാണെന്നും പറഞ്ഞും പിൽക്കാലത്ത് അള്ളോപനിഷത്ത് പ്രചരിപ്പിച്ചും മുസ്‌ലിം സുൽതാൻമാരുടെ കീഴിൽ സേവനം ചെയ്തിരുന്ന ബ്രാഹ്മണർ ഇസ്‌ലാമുമായി സമന്വയത്തിന് ശ്രമിച്ചിരുന്നു. ബുദ്ധമതത്തെപ്പോലെ ഇസ്‌ലാമിനെ വൈദിക വത്കരിക്കാനും കഴിഞ്ഞില്ല. ബ്രിട്ടീഷുകാർ വന്നപ്പോൾ ബ്രാഹ്മണർ അവരോടൊപ്പം ചേർന്ന് ഇസ്‌ലാമിനെ ശത്രു പക്ഷത്ത് നിറുത്തുകയായിരുന്നു. ഇങ്ങനെ ബ്രാഹ്മണരുടെ മേധാവിത്തം തങ്ങളുടെ വേദമതത്തെ മാത്രം ഹിന്ദു മതമായി പ്രചരിപ്പിക്കുകയും ഇന്ത്യയിൽ തന്നെ ഉൽഭവിച്ച ബുദ്ധ – ജൈന മതങ്ങളെയടക്കം ഹിന്ദു മതത്തിന് പുറത്ത് നിറുത്തുകയും ചെയ്തു.

പേർഷ്യക്കാരെ അനുകരിച്ചാണ് അറബികൾ ഭാരതത്തെ അൽ ഹിന്ദ് എന്ന് വിളിച്ചത്. ഈ പേര് യൂറോപ്പിലെത്തിയപ്പോൾ ഇന്ത്യയായി മാറി. ഹിന്ദു എന്ന പേര് പിൽക്കാലത്ത് വന്നതാണെങ്കിലും വൈദിക ദർശനം ഏറെ പഴക്കമുള്ളത് തന്നെയാണ്. ഏത് വിശ്വാസങ്ങളെയും ആഗിരണം ചെയ്യാനും സൗഹൃദം സ്ഥാപിക്കാനും അതിന് കഴിയുന്നതോടൊപ്പം മറ്റു മതങ്ങളുമായി സംയോജിക്കുന്നതിനും പ്രയാസമുണ്ടായിട്ടില്ല. ഹിന്ദുമതത്തെ സാർവലൗകിക മതമായി അവതരിപ്പിച്ച സ്വാമി വിവേകാന്ദനെപ്പോലുള്ള പരിഷ്‌കർത്താക്കൾ ‘പല മത സാരവുമേക’മെന്ന ആശയമുയർത്തിപ്പിടിച്ച്  ഹിന്ദുമതത്തിന്റെ സഹിഷ്ണുതയും സമന്വയ ഭാവവും ഉയർത്തിക്കാട്ടി.  മതചിന്തകളുടെ വിശാലതയിലൂടെ സഞ്ചരിച്ച മുസ്‌ലിം സൂഫികളാവട്ടെ, വേദമതത്തെ പഠിക്കാനും അവയിലെ ഏകദൈവത്തെ പൊടി തട്ടിയെടുക്കാനും ശ്രമിക്കുകയും ചെയ്തു. മുസ്‌ലിം സ്വൂഫികൾക്കും ഹിന്ദു യോഗികൾക്കും ഒന്നിച്ച് കൊണ്ട് സൗഹൃദം കെട്ടിപ്പടുക്കാനും ആശയ വിനിമയം നടത്താനും പിൽക്കാലത്ത് കഴിഞ്ഞത് ഹൈന്ദവ പാരമ്പര്യത്തിന്റെ പ്രത്യേകതയായി തന്നെ കാണണം. ബ്രാഹ്മണ വർഗം കെട്ടിപ്പൂട്ടിയ ധർമങ്ങളെ താഴെക്കിടയിലേക്കെത്തിച്ച് സാധാരണക്കാർക്ക് പ്രാപ്യമാക്കാൻ ഭക്തി നേതാക്കൾക്ക് പ്രചോദനമായത് സ്വൂഫികളുടെ പ്രവർത്തനമായിരുന്നു. അതോടൊപ്പം ഇസ്‌ലാം മതത്തിലെ പല ആശയങ്ങളും ആചാരങ്ങളും ഹിന്ദുക്കൾ സ്വീകരിക്കുകയും ചെയ്തു.  ഇന്ത്യൻ മുസ്‌ലിംകളുടെ സാംസ്‌കാരിക വളർച്ചക്ക് ഹിന്ദു മതവും സഹായകമായി.  എന്നാൽ ഭരണാധികാരികളായി വന്നവർ മതത്തെ താന്താങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തി സാമ്രാജ്യത്വവത്കരിച്ചപ്പോൾ അതിന്റെ സ്‌നേഹവും ലാളിത്യവും ഇല്ലാതായി. സാമ്രാജ്യത്വ മോഹങ്ങളില്ലാതെ മാനവോദ്ധാരണവുമായി വന്ന സ്വൂഫികൾ സാംസ്‌കാരിക സമന്വയത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും പ്രബോധനം നടത്തി. അത് സ്വാതന്ത്ര്യം നഷ്ടപ്പെട്ട അധഃസ്ഥിത സമൂഹങ്ങളുടെ മോചനത്തിന് കാരണവുമായി.

ഇസ്‌ലാമിക ഭരണവും കാഫിറും

ഭരണ ലക്ഷ്യവുമായി മുസ്‌ലിം സേനാപതികളും സുൽതാൻമാരും ഇന്ത്യയിലെത്തും മുമ്പേ ഇസ്‌ലാം ഇന്ത്യയിൽ വേരൂന്നിയിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും മുസ്‌ലിം കേന്ദ്രങ്ങൾ നേരത്തെത്തന്നെയുണ്ട്. പ്രത്യേകിച്ചും തീരപ്രദേശങ്ങളിൽ. അറബ് ലോകവുമായി പൗരാണിക കാലത്ത് തന്നെയുള്ള  വ്യാപാര ബന്ധങ്ങളാണ് ഇസ്‌ലാമിനെ ഇന്ത്യയിലെത്തിച്ചത്. എന്നാൽ ഇന്ത്യയെ ചൂഷണം ചെയ്യാനായി വന്ന മഹമൂദ് ഗസ്‌നിയും ഭരണ ലക്ഷ്യവുമായി വന്ന മുഹമ്മദ് ഗോറിയും മധ്യേഷ്യൻ സാംസ്‌കാരച്ചുവയുള്ള ഒരു ഭരണം ഇന്ത്യയിൽ സ്ഥാപിക്കുകയായിരുന്നു. ഇതിനെ ഇസ്‌ലാമിക ഭരണം എന്ന് വിളിക്കാൻ പറ്റില്ല. ഭരണാധികാരികൾ മുസ്‌ലിംകളായതിനാൽ മുസ്‌ലിം ഭരണമെന്ന് പറയാമെന്ന് മാത്രം. നല്ലത് തുർക്കുമാനി ഭരണം എന്നാണ്.  ഇതിന് പേർഷ്യൻ തുർക്കുമാനി സമ്പ്രദായങ്ങളോടായിരുന്നു കൂടുതൽ ബന്ധം. ഇസ്‌ലാമിക നിയമങ്ങൾ അവർ ആവശ്യാനുസരണം ഉപയോഗിച്ചു എന്ന് മാത്രം. അങ്ങനെയാണ് ജിഹാദും ജിസ്‌യയുമൊക്കെ  ദുരുപയോഗം ചെയ്യപ്പെട്ടത്. ഇന്ത്യയിലെ സ്വൂഫികൾ സ്വീകരിച്ച നിലപാടിന് വിപരീതമായി ഇസ്‌ലാമിനെ അവർ സമ്പന്നരുടെ മതമാക്കി മാറ്റിയെടുക്കുകയായിരുന്നു. ഇവരുടെ മതത്തിൽ ദരിദ്രനോ ഇന്ത്യക്കാരനോ സ്ഥാനമുണ്ടായില്ല. അതാണ് നിസ്വാർത്ഥരായ സ്വൂഫികൾ ഇവരോട് ഇടഞ്ഞത്. ഹസ്രത് നിസാമുദ്ദീൻ ഊലിയ ഡൽഹിയിൽ പ്രബോധനം നടത്തുന്ന കാലയളവിൽ ഏഴ് സുൽതാൻമാർ അവിടെ ഭരണത്തിലേറിയിരുന്നു. ഇവരിൽ ആരുടെ ക്ഷണവും അദ്ദേഹം സ്വീകരിച്ചില്ല.

ഇസ്‌ലാമിക ഭരണമാണെങ്കിൽ മുസ്‌ലിംകളോട് ശരീഅത്തനുസരിച്ച് ജീവിക്കണമെന്ന് കൽപിക്കാം. എന്നാൽ മുസ്‌ലിംകളല്ലാത്തവരോട് ഈ നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. മുസ്‌ലിംകളല്ലാത്തവരെ പണ്ഡിതൻമാർ മൂന്നായി തിരിക്കുന്നു: 1- വേദം ഇറക്കപ്പെട്ട വിഭാഗം (അഹ്‌ലേ കിതാബ്), 2- ഇവരോട് സാമ്യമുള്ളവിഭാഗം (മുശബ്ബഹ് അഹ്‌ലെ കിതാബ്), 3-മറ്റുള്ള കാഫിറു(നിഷേധികൾ)കളും മുശ്‌രിക്കുകളും(ബഹുദൈവ വിശ്വാസികൾ). ആദ്യത്തെ രണ്ട് വിഭാഗങ്ങളും ജിസ്‌യ എന്ന നികുതി കൊടുക്കാമെന്ന വ്യവസ്ഥയിൽ പൂർണ സ്വാതന്ത്ര്യത്തിനർഹരാണ്. ഈ വിഭാഗത്തിന്റെ സംരക്ഷണം ഭരണകൂടത്തിന്റെ ചുമതലയാണ്. യുദ്ധമുണ്ടാവുന്ന അവസ്ഥയിൽ മുസ്‌ലിംകൾക്ക് യുദ്ധം നിർബന്ധമായിരിക്കേ ഈ വിഭാഗത്തിന് നിർബന്ധമല്ല. യുദ്ധത്തിൽ പങ്കെടുക്കുകയാണെങ്കിലോ, ഇവർ ജിസ്‌യ നൽകേണ്ടതുമില്ല. മൂന്നാം വിഭാഗത്തോട് അനുവർത്തിക്കേണ്ട നിലപാടിനെ സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. കാഫിർ എന്ന പദം പൊതുവേ അവിശ്വാസികൾക്കെതിരെയാണ് ഉപയോഗിക്കുന്നതെങ്കിലും ഇസ്‌ലാം സത്യമാക്കി അവതരിപ്പിച്ച ഏത് കാര്യം നിഷേധിച്ചാലും ചില നിർബന്ധ കർമങ്ങൾ അനുഷ്ഠിക്കാതിരുന്നാലും ആ വ്യക്തി കാഫിർ തന്നെയാണ്. ആ നിലക്ക് മുസ്‌ലിംകളും ചിലപ്പോൾ കാഫിറായേക്കാം. സത്യം അറിയാൻ സന്ദർഭം ലഭിക്കാത്ത അവിശ്വാസികളെ കാഫിർ എന്ന് വിളിക്കാൻ പറ്റില്ലെന്ന അഭിപ്രായക്കാരുമുണ്ട്. അപ്പോൾ മുസ്‌ലിംകളല്ലാത്തവരെ മുഴുവൻ ഒറ്റയടിക്ക് കാഫിർ എന്ന് സംബോധന ചെയ്യാൻ പറ്റില്ല.

ഇമാം ശാഫിഈ സൗരാഷ്ട്രിയൻ മതക്കാരെ കാഫിറുകളായി പരിഗണിക്കുന്നില്ല. അവരെ അഹ്‌ലേ കിതാബിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവർക്ക് വേദമുള്ളത് കൊണ്ടാണിത്. ഇമാം അബൂഹനീഫ(റ), അഹ്മദ് ബിൻ ഹമ്പൽ(റ)  എന്നിവർ മക്കയിൽ പ്രവാചകനോട് യുദ്ധം പ്രഖ്യാപിച്ച  മുശ്‌രിക്കുകളെ (ബഹുദൈവ വിശ്വാസികൾ) മാത്രമേ കാഫിർ എന്ന ഇനത്തിൽ പെടുത്തുന്നുള്ളൂ. ഇമാം മാലിക്, ഖാസി അബൂയൂസുഫ്(റ) എന്നീ പണ്ഡിതൻമാർ എല്ലാ അമുസ്‌ലിംകളെയും സംരക്ഷിക്കപ്പെട്ടവരായി (ദിമ്മി) പരിഗണിക്കുന്നു. ജിസ്‌യ നൽകി ഇസ്‌ലാമിക ഭരണകൂടത്തിന്റെ പരിരക്ഷ ഉറപ്പാക്കിയവരാണ് ദിമ്മികൾ. ദിമ്മികളുടെ ജീവനും സ്വത്തിനും മതത്തിനും സുരക്ഷ നൽകാൻ ഇസ്‌ലാമിക ഭരണകൂടത്തിന് ബാധ്യതയുണ്ട്. കാഫിർ എന്ന പദത്തിന് അപരിഷ്‌കൃതർ, വധിക്കേണ്ട വിഭാഗക്കാർ, ശത്രുക്കളായി കണക്കാക്കേണ്ടവർ എന്നൊക്കെ അർത്ഥം കൊടുത്ത് പ്രചരിപ്പിക്കുകയാണ് പലരും. പ്രവാചകനോട് യുദ്ധം ചെയ്ത കാഫിറുകളോട് (കാഫിർ ഹർബി) ഖുർആൻ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം ചെയുന്നവരോടുള്ള നിയമങ്ങൾ മറ്റുള്ളവർക്ക് ഒരിക്കലും ബാധകമല്ല.

ജിസ്‌യ എന്ന നികുതി

ആദ്യമായി ജിസ്‌യ എന്ന നികുതി നടപ്പാക്കിയത് ഏകദേശം 630-ലാണ്. അന്ന് മുഹമ്മദ് നബി(സ്വ) നജ്‌റാനിലെ ക്രിസ്ത്യാനികൾക്ക് എഴുതിക്കൊടുത്ത ഉടമ്പടി പ്രകാരം അവരുടെ മതത്തിനും മതാനുഷ്ഠാനത്തിനും മഠങ്ങൾക്കും പൂർണ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു. ഈ നിലപാട് ആദ്യകാല ഖലീഫമാരും സ്വീകരിച്ചു. ഇസ്‌ലാമിക രാജ്യത്ത് സംരക്ഷിക്കപ്പെട്ട മുസ്‌ലിംക (ദിമ്മി)ളുടെ രക്തം മുസ്‌ലിം രക്തത്തിന് തുല്യമാണെന്ന് ഹസ്രത്ത് അലി(റ) വ്യക്തമാക്കുന്നു. ഖലീഫാ ഉമറി(റ)ന്റെ കാലത്ത് ഈജിപ്തിൽ വഴിയിൽ സ്ഥാപിച്ച യേശുദേവന്റെ മൂക്ക് ആരോ ചെത്തിക്കളഞ്ഞ കാരണത്താൽ തന്റെ തന്നെ മൂക്ക് ചെത്തി പ്രതിക്രിയ ചെയ്യാൻ ഗവർണർ അംറു ബിൻ ആസ് ക്രിസ്ത്യൻ പാതിരിമാർക്ക് നിർദേശം നൽകി. ഗവർണരുടെ ആത്മാർത്ഥതയിൽ ആകൃഷ്ടരായ പാതിരിമാർ കൃത്യത്തിന് മുതിരാതെ ഇസ്‌ലാം വിശ്വസിച്ചു. അബ്ബാസി ഖലീഫയായ മുഅ്തസിമിന്റെ (833-842) കാലത്ത്   സുഗ്ദ് ദേശത്ത് ഒരു മുസൽമാൻ അവിടെയുള്ള സൗരാഷ്ട്രിയൻ ക്ഷേത്രം പൊളിക്കുകയും തൽസ്ഥാനത്ത് പള്ളി നിർമിക്കുകയും ചെയ്തു. ഇക്കാരണത്താൽ അയാളെ ചാട്ടവാറ് കൊണ്ടടിക്കാനും ക്ഷേത്രം പുനർനിർമിച്ച് കൊടുക്കാനും ഖലീഫ ഉത്തരവിറക്കി.  ഇറാഖിലും മുസ്‌ലിം പ്രദേശങ്ങളിലും ഇന്നും കാണുന്ന സൗരാഷ്ട്രിയർ  ഇസ്‌ലാമിക ഭരണത്തിന്റെ പരിരക്ഷയിലാണ്.

ജിസ്‌യ എന്ന പദത്തിന് ‘സമ്മാനമായി നൽകുന്നത്’ എന്നാണർത്ഥം. ഒരു ഇസ്‌ലാമിക രാജ്യത്ത് എല്ലാ മുസ്‌ലിംകൾക്കും സൈനിക സേവനം നിർബന്ധമാണ്. രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കേണ്ടതും മുസ്‌ലിംകളുടെ നിർബന്ധ ബാധ്യതയാണ്. എന്നാൽ മുസ്‌ലിംകളല്ലാത്തവർക്ക് അത് ബാധ്യതയില്ല. അതേസമയം മുസ്‌ലിംകളല്ലാത്തവരുടെ മതവും ജീവനും സ്വത്തും സംരക്ഷിക്കേണ്ട ചുമതല ഇസ്‌ലാമിക ഭരണ കൂടത്തിനുണ്ട്താനും. ഈ സംരക്ഷണത്തിന് സമ്മാനമായാണ് മുസ്‌ലിംകളല്ലാത്തവർ ജിസ്‌യ നൽകുന്നത്. പ്രായം ചെന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മതാധ്യക്ഷൻമാർക്കും രോഗികൾക്കും ജിസ്‌യ ഇല്ല. ആരോഗ്യമുള്ള ചെറുപ്പക്കാരായ അമുസ്‌ലിംകളാണ് ഇത് നൽകേണ്ടത്. എന്നാൽ ഇവർ പട്ടാളക്കാരായി സേവനമനുഷ്ഠിക്കാൻ തയ്യാറാവുകയാണെങ്കിൽ ജിസ്‌യ നൽകേണ്ടതുമില്ല. ഏതെങ്കിലും വിധേന ജിസ്‌യ നൽകുന്നവർക്ക് സംരക്ഷണം കഴിയാതെ വന്നാൽ അത് തിരിച്ചു കൊടുക്കണമെന്നാണ് നിയമം. ജിസ്‌യ നൽകുന്നവർ ശത്രുക്കളുമായി ഗൂഢാലോചനയിൽ ഏർപ്പെട്ടാൽ ജിസ്‌യ പിൻവലിക്കുകയും ഗൂഢാലോചനയിലേർപ്പെട്ടവരെ ശത്രുക്ക (ഹർബി) ളായി പ്രഖ്യാപിക്കുകയും ചെയ്യും. പ്രവാചകന്റെ മുമ്പു തന്നെ പേർഷ്യയിലും  റോമിലും ഇത്തരം നികുതികൾ ഉണ്ടായിരുന്നു. പേർഷ്യൻ ചക്രവർത്തി ഖുസ്രു അനൂഷിർവാന്റെ മാതൃകയിൽ ഖലീഫാ ഉമർ(റ) ജിസ്‌യ പരിഷ്‌കരിക്കുക കൂടി ചെയ്തു.

ആദ്യ ഖലീഫമാർക്ക് ശേഷം മുസ്‌ലിം ഖിലാഫത്ത് രാജാധികാരത്തിനടിമപ്പെടുകയും (മുലൂകിയ്യത്ത്)  ഖിലാഫത്തിന് സാമ്രാജ്യത്വത്തിന്റെ രൂപം കൈവരികയും ചെയ്തപ്പോൾ ഇസ്‌ലാമിക നിയമങ്ങൾ താന്താങ്ങൾക്കനുസരിച്ച് ഭരണാധികാരികൾ ദുർവ്യാഖ്യാനം ചെയ്തു. ഔദ്യോഗിക ഖാസിമാർ  തന്നെ ഖലീഫമാർക്ക് വേണ്ടി നിയമങ്ങൾ വളച്ചൊടിച്ചു. ശത്രുക്കളെ ഏത് വിധേനയും ഹനിക്കാൻ വേണ്ടി മതനിയമങ്ങളത്രയും സാമ്രാജ്യത്വത്തിന്റെ മൂശയിലിട്ട് വികൃതമാക്കി. അപ്രകാരം ഫത്‌വകളും നിയമ ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു. അങ്ങനെ ജിസ്‌യ പിൽക്കാലത്ത് മുസ്‌ലിംകളല്ലാത്ത വിഭാഗങ്ങളെ അപമാനിക്കുന്നതിനുള്ള നികുതിയായിത്തീർന്നു. സമ്മാനം (ജിസ്‌യ) എന്ന പേര് മാത്രം നിലനിന്നു.

ഉമവി കാലത്ത് ദിമ്മികളായ (സംരക്ഷിക്കപ്പെട്ടവർ) അനറബി വിഭാഗങ്ങൾ (മവാലി) കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചു വന്നു. മുസ്‌ലിംകളായി മാറുമ്പോൾ  ഈ വിഭാഗത്തിന് സൈനിക സേവനം നിർബന്ധമാവുമെങ്കിലും ഖജനാവിലേക്കുള്ള വരുമാനം കുറഞ്ഞു തുടങ്ങി. ജിസ്‌യയുടെ വരവ് ഗണ്യമായി കുറഞ്ഞതിന് പുറമേ മതം മാറി സൈനിക സേവനം നടത്തുന്നവർക്ക് പെൻഷനും മറ്റാനുകൂല്യങ്ങളും നൽകുകയും വേണം. ഇക്കാരണത്താൽ ഉമവി ഖലീഫമാർ പലരും മതം മാറ്റം നിരുത്സാഹപ്പെടുത്തി. മതം മാറിയാലും ജിസ്‌യയിൽ നിന്ന് ഒഴിവാക്കുകയോ പെൻഷൻ നൽകുകയോ ചെയ്തതുമില്ല. ഇറാഖ് ഗവർണർ ഹജ്ജാജ് ബിൻ യൂസുഫ് അനറബികൾ മതം മാറുന്നത് നിരുത്സാഹപ്പെടുത്തിയെന്ന്  മാത്രമല്ല; മതം മാറിയാലും ജിസ്‌യ കൊടുക്കണമെന്ന കൽപന തന്നെ പുറപ്പെടുവിച്ചു.    എന്നാൽ ഉമവി ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് ഈ നിയമങ്ങളൊക്കെ പിൻവലിച്ച്  മതം മാറ്റം ഉദാരമാക്കി. അതേ തുടർന്ന് രാജ്യത്തിന്റെ വരുമാനം കുറയുന്നുവെന്ന് അറിയിച്ച ഗവർണറോട് ഖലീഫ പറഞ്ഞു: ‘അല്ലാഹു സാക്ഷി! എല്ലാവരും മുസ്‌ലിമായി മാറുകയാണെങ്കിൽ അതാണെനിക്ക് സന്തോഷം. നമ്മളൊക്കെ സ്വന്തം കൈകൊണ്ട് കലപ്പ പിടിച്ച് കൃഷി ചെയ്ത് ജീവിച്ചാലും ശരി.’  ഈജിപ്തിൽ വ്യാപകമായ മതം മാറ്റമുണ്ടായതിനെ തുടർന്ന് വരുമാനം കുറയുന്നതായി ഗവർണർ പരാതിപ്പെട്ടപ്പോൾ ഖലീഫയുടെ പ്രതികരണം: ‘പ്രവാചകൻ വന്നത് പ്രബോധനത്തിനാണ്; നികുതി പിരിക്കാനല്ല.’  പക്ഷേ, ഉമർ ബിൻ അബ്ദുൽ അസീസിന് ശേഷം വന്ന ഖലീഫമാർ ഹജ്ജാജിന്റെ നിയമങ്ങൾ പുനഃസ്ഥാപിച്ചു.

ജിസ്‌യയുടെ രീതികളിൽ പിൽക്കാലത്ത് വീണ്ടും മാറ്റം വന്നു. ആദ്യം അത് വ്യക്തിയുടെ പേരിലായിരുന്നു. പിന്നെ അത് വീടുകളുടെ പേരിലാക്കി. പിൽക്കാലത്ത് ഓരോ ഗ്രാമത്തിന്റെയും പേരിലായി ജിസ്‌യ. അങ്ങനെ അതൊരു ഭൂ നികുതിയായി മാറി. സൈനിക നികുതിയിൽ നിന്ന് ഭൂ നികുതിയിലേക്കുള്ള മാറ്റം അതിന്റെ ആദ്യകാല ലക്ഷ്യങ്ങളെ അവഗണിച്ചു. അതോടൊപ്പം തന്നെ അതിന്റെ മതപരമായ സ്വഭാവവും ഇല്ലാതായി. അറബികളല്ലാത്ത എല്ലാ ജനങ്ങളും, പ്രത്യേകിച്ചും കർഷകർ ജിസ്‌യ കൊടുക്കാൻ ബാധ്യസ്ഥരായി.

മുഹമ്മദ് ബിൻ ഖാസിം സിന്ധിൽ ഭരണമേറ്റെടുത്തപ്പോൾ മുസ്‌ലിംകളല്ലാത്ത വിഭാഗക്കാരിൽ നിന്നും സംരക്ഷണത്തിന് പകരമായി ജിസ്‌യ വാങ്ങിയിരുന്നുവെന്ന് ഛാഛ് നാമഃ വ്യക്തമാക്കുന്നു. അതോടെ ബ്രാഹ്മണ ഭരണത്തിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ബൗദ്ധ മതക്കാർക്ക് വലിയ ആശ്വാസം ലഭിച്ചുവത്രെ. ഗോറികളുടെ കാലത്ത് ജീവിച്ച ഫഖ്‌റേ മുദബ്ബിർ (ഫഖ്‌റുദ്ദീൻ മുഹമ്മദ് അൽഖുറൈശി) എഴുതിയ   ആദാബുൽ ഹർബ് വ ശുജാഅ എന്ന കൃതിയിൽ പറയുന്നു: മുസ്‌ലിം ഭരണാധികാരികൾ ഏതെങ്കിലും ശത്രുവുമായി യുദ്ധം ചെയ്യുകയും അവർ പരാജയപ്പെടുകയും ചെയ്താൽ അവിശ്വാസികളെ ഇസ്‌ലാം മതത്തിലേക്ക് ക്ഷണിക്കണം. അവരതിന് തയ്യാറായാൽ യുദ്ധം അവസാനിപ്പിച്ച് അവരെ സ്വതന്ത്രരാക്കണം. തയ്യാറാവുന്നില്ലെങ്കിൽ അവരോട് ജിസ്‌യ കൊടുക്കാൻ കൽപിക്കണം. അങ്ങനെയെങ്കിൽ അവരുടെ സംരക്ഷണം ഭരണ കൂടം ഏറ്റെടുക്കണം. ഇനി അവർ ഒരു സന്ധിയാണ് ആഗ്രഹിക്കുന്നതെങ്കിൽ വ്യവസ്ഥകളനുസരിച്ച് സന്ധി ചെയ്യുകയും യുദ്ധം അവസാനിപ്പിക്കുകയും വേണം. ഭൂ നികുതി (ഖറാജ്) നൽകുന്നയാൾ മതം മാറിയാലും പ്രസ്തുത ഭൂമി മറ്റൊരു മുസ്‌ലിം വാങ്ങിയാലും ആരും നികുതിയിൽ നിന്നൊഴിവാകുന്നതല്ല.

ഭൂമിയിൽ രണ്ടുതരം നികുതിയുണ്ടായിരുന്നു. ഖറാജ് എന്നത് ഭൂമിയുടെ മേലുള്ള നികുതി. ഉശ്ർ എന്നാൽ അതിലെ വരുമാനത്തിന്റെ പത്തിലൊന്ന്. ഖറാജ് കൊടുക്കുന്നവർ ഉശ്ർ കൊടുക്കേണ്ടതില്ല. എന്നാൽ ഭരണകൂടം ചിലർക്ക് ഭൂമി കൃഷിക്ക് നല്കുമായിരുന്നു. അവർക്ക് ഖറാജില്ല. ഉശ്ർ മാത്രം കൊടുത്താൽ മതി. അവർക്ക് ഭൂമിയുടെ മേൽ അവകാശം ഇല്ലാത്തത് കൊണ്ടാണിത്. ജിസ്‌യയെ കുറിച്ച് മുദബ്ബിർ പറയുന്നതിങ്ങനെ: ശത്രുവിന്റെ  രാജ്യം കീഴടക്കിയാൽ അവിടത്തെ അമുസ്‌ലിംകളിൽ നിന്ന് ജിസ്‌യ വാങ്ങുകയും പകരം അവർക്ക് സംരക്ഷണം നൽകുകയും വേണം. ഭരണകൂടത്തിന്റെയും അമുസ്‌ലിംകളുടെയും പ്രതിനിധികൾ ചേർന്ന് ഒത്തുതീർപ്പിലൂടെയാണ് ജിസ്‌യയുടെ തുക നിർണയിക്കേണ്ടത്. സമ്പന്നരിൽ നിന്ന് ഇരുപത്തെട്ട് വെള്ളി വരെയും പാവങ്ങളിൽ നിന്ന് പന്ത്രണ്ട് വെള്ളി വരെയും ജിസ്‌യ ഇനത്തിൽ പിരിക്കാം. അതിൽ കൂടുതൽ പാടില്ല. അനറബി, ക്രിസ്തീയർ, യഹൂദൻമാർ, സാബി മതക്കാർ, വിഗ്രഹാരാധകർ എന്നിവരിൽ നിന്ന് ജിസ്‌യ പിരിക്കുകയും അവർക്ക് സംരക്ഷണം നൽകുകയും വേണം. അറബികളായ വിഗ്രഹാരാധകർ, മത പരിത്യാഗികൾ, കുട്ടികൾ, ജാരസന്തതികൾ, അന്ധർ, യോഗികൾ, സ്വൂഫികൾ എന്നിവരിൽ നിന്ന് പിരിക്കാനും പാടില്ല. സംരക്ഷിക്കപ്പെട്ട അമുസ്‌ലിംകൾ     (ദിമ്മികൾ) മുസ്‌ലിം പട്ടണങ്ങളിൽ കുതിരപ്പുറത്ത് സവാരി ചെയ്യരുത്. അവരുടെ ആചാരങ്ങളിലും നടപ്പുകളിലും മുസ്‌ലിംകളെ അനുകരിക്കുകയും അരുത് (ആദാബുൽ ഹർബ് വ ശുജാഅ).

കർമശാസ്ത്ര കൃതിയായ ഹിദായയെ അവലംബിച്ചാണ് മുദബ്ബിർ ഇത്രയും വിവരിച്ചത്. യഥാർത്ഥത്തിൽ ഇന്ത്യാ രാജ്യത്ത് തുർക്കുമാനി ഭരണകാലത്ത് ജിസ്‌യ ഏർപ്പെടുത്തി എന്നതിന് ഒരു തെളിവും നമ്മുടെ മുമ്പിലില്ല. ഭൂ നികുതിക്കാണ് റവന്യൂ രേഖകളിൽ പലപ്പോഴും  ജിസ്‌യ എന്ന് കുറിച്ചിരുന്നത്. ഇതാകട്ടെ, ഏത് മതക്കാരായ കർഷകർക്കും ബാധകമായിരുന്നു താനും. തുർക്കികൾ ഇന്ത്യയിൽ ഭരണം ആരംഭിച്ചപ്പോൾ നിലവിലുള്ള വ്യവസ്ഥ അപ്പടി തുടരുകയായിരുന്നു. അവരേർപ്പെടുത്തിയ ഇഖ്താ ഭരണ വ്യവസ്ഥയിൽ ജിസ്‌യക്ക് വകുപ്പുണ്ടായിരുന്നില്ല. മാത്രമല്ല; ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വ്യക്തികളുടെ സർവേ നടത്തി ജിസ്‌യ ഏർപ്പെടുത്തുക എളുപ്പവുമല്ല എന്നാണ് ചരിത്രകാരൻ കെ.എ. നിസാമി എഴുതുന്നത്. എന്നാൽ ഖൽജികളുടെയോ തുഗ്ലക്കുമാരുടെയോ കാലത്ത് ജിസ്‌യ ഏർപ്പെടുത്തിയിരിക്കാം. ഫിറോസ് ഷാ തുഗ്ലക്കിന്റെ ഫുതൂഹാതി ഫിറോസ് ഷാഹിയിൽ ജിസ്‌യയെ സംബന്ധിച്ച് പറയുന്നുണ്ടെങ്കിലും വിശദീകരണമൊന്നുമില്ല.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…