Shahban - Malayalm

നിരവധി സവിശേഷതകള്‍ നിറഞ്ഞ പുണ്യമാസമാണ് ഹിജ്റ കലണ്ടറിലെ എട്ടാം മാസമായ ശഅ്ബാന്‍. റജബ് മാസത്തിന്‍റെ ആഗമനത്തോടെ വിശ്വാസി മനങ്ങളില്‍ വിരിയുന്ന സന്തോഷപ്പൂക്കള്‍ക്ക് ശഅ്ബാനില്‍ അല്‍പംകൂടി സൗരഭ്യം അനുഭവപ്പെടുന്നു. റജബില്‍ നേടിയ ആത്മീയാനുഭൂതിയും റമളാനിനെ വരവേല്‍ക്കാനുള്ള അമിതാവേശവും മൂലം ശഅ്ബാന്‍ മാസത്തെ ആരാധനകള്‍ കൊണ്ട് ധന്യമാക്കാനാണ് വിശ്വാസി ശ്രമിക്കുന്നത്.

ശാഖ എന്നര്‍ത്ഥമുള്ള ശഅബ് എന്ന മൂലപദത്തില്‍ നിന്നാണ് ശഅ്ബാന്‍ നിഷ്പന്നമായത്. ആസന്നമാവുന്ന റമളാനിനെ സല്‍കര്‍മങ്ങള്‍ കൊണ്ട് സമ്പന്നമാക്കുന്നതിനുവേണ്ടി നന്മകൊണ്ട് പിശീലിപ്പിക്കുകയെന്നതാണ് ശഅ്ബാന്‍ എന്ന ശാഖ ചെയ്യുന്നത് (ഗുന്‍യ 1/187)

തിരുനബി(സ്വ)യും അനുചരരും അതിപ്രാധാന്യത്തോടെ കണ്ടിരുന്ന വിശുദ്ധ മാസം ഒട്ടനവധി സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നമുക്കു ധാരാളം പാഠങ്ങള്‍ നല്‍കുന്നതുമാണ്.

  1. മഹത്ത്വമേറിയ മാസം

നിരവധി നന്മകള്‍ നിറഞ്ഞുനില്‍ക്കുന്ന മാസമാണ് ശഅ്ബാന്‍. തിരുനബി(സ്വ) മറ്റു മാസങ്ങളേക്കാള്‍ ഇതിന് പ്രാധാന്യം നല്‍കിയിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ആഇശ(റ) പറയുന്നു: തിരുനബി(സ്വ) ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നിനേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുമായിരുന്നില്ല (സ്വഹീഹുല്‍ ബുഖാരി 1834). ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ തിരുനബി(സ്വ) ശഅ്ബാനിലെ ചില ദിനങ്ങളൊഴികെ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുമായിരുന്നുവെന്നാണുള്ളത് (മുസ്ലിം 1957).

ഈ രണ്ട് ഹദീസുകളില്‍ രണ്ടാമത്തേത് ഒന്നാമത്തേതിന്‍റെ വിശദീകരണമാണെന്നും ശഅ്ബാന്‍ മുഴുവനും എന്ന ആഇശ(റ)യുടെ പ്രസ്താവനയുടെ വിവക്ഷ ശഅ്ബാന്‍ കൂടുതലുമെന്നാണെന്നും പണ്ഡിതന്മാര്‍ വിവരിക്കുകയുണ്ടായി. ചില വര്‍ഷങ്ങളില്‍ ശഅ്ബാന്‍ മുഴുവനായും മറ്റു ചില വര്‍ഷങ്ങളില്‍ കൂടുതല്‍ ദിവസങ്ങളിലും നോമ്പനുഷ്ഠിച്ചിരുന്നുവെന്നാണ് അതിന്‍റെ ഉദ്ദേശ്യമെന്ന് വിശദീകരിച്ച പണ്ഡിതരുമുണ്ട്. തിരുനബി(സ്വ) പ്രാധാന്യം കല്‍പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ശഅ്ബാനിനെ പൂര്‍ണാര്‍ത്ഥത്തില്‍ വരവേല്‍ക്കുകയും തിരുനബി(സ്വ) സ്നേഹിച്ചതുപോലെ സ്നേഹിക്കുകയും ചെയ്യുകയെന്നതാണ് വിശ്വാസികളുടെ ബാധ്യത.

 

  1. കര്‍മ രേഖകള്‍

സൃഷ്ടികളുടെ കര്‍മങ്ങള്‍ സ്രഷ്ടാവിനു പ്രദര്‍ശിപ്പിക്കപ്പെടുന്ന മാസമത്രെ ശഅ്ബാന്‍. ഉസാമ ബിന്‍ സൈദ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ തിരുനബി(സ്വ) പറയുന്നു: ലോകരക്ഷിതാവായ അല്ലാഹുവിലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്നതാണ് എനിക്കിഷ്ടം (തുര്‍മുദി, നസാഈ).

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: വല്ലവനും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനതയിലാണുള്ളത്. അവനിലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപ്പോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് കഠിന ശിക്ഷയുണ്ട്. അവരുടെ തന്ത്രം നാശമടയുകതന്നെചെയ്യും (ഫാത്വിര്‍ 35).

  1. പാപമോചനം

ശഅ്ബാന്‍ മാസം പാപമോചനത്തിന്‍റെ മാസമാണ്. അല്ലാഹു തന്‍റെ അടിമകള്‍ക്ക് കൂടുതല്‍ പൊറുത്തുകൊടുക്കുന്ന മാസം. ശഅ്ബാന്‍ പതിനഞ്ചിന് അല്ലാഹുവിന്‍റെ പ്രത്യേക റഹ്മത്ത് ലഭ്യമാവുന്നതാണ്. അന്ന് അല്ലാഹു എല്ലാ അടികകള്‍ക്കും പൊറുത്തുകൊടുക്കും. മുശ്രിക്ക്, വിദ്വേഷം വച്ചുപുലര്‍ത്തുന്നവര്‍ എന്നിവര്‍ക്കൊഴികെ (ഇബ്നുമാജ)

ഹൃദയശുദ്ധി വരുത്താനും സര്‍വ വിശ്വാസികളോടും സ്നേഹമസൃണമായി പെരുമാറാനും വിശ്വാസി പഠിക്കണമെന്ന് ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു. സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയതുതന്നെ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസികളായി മുമ്പ് കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. സത്യവിശ്വാസികളോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവുമുണ്ടാക്കരുതേ (ഹശ്ര്‍ 10) എന്നാണല്ലോ.

  1. തിരുസുന്നത്ത്

ശഅ്ബാന്‍ തിരുനബി(സ്വ)യുടെ മാസമാണ്. മാസങ്ങളുടെ സവിശേഷതകള്‍ പറയുന്നിടത്ത് പണ്ഡിതന്മാര്‍ ശഅ്ബാനിനെ റസൂല്‍(സ്വ)യുടെ മാസമെന്ന് പ്രത്യേകം പറഞ്ഞതു കാണാം. ഇമാം മഗ്റബി(റ) പറയുന്നു: വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം മൂലം മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് റമളാനാണ്. പിന്നീട് ശ്രേഷ്ഠതയുള്ളത് തിരുനബി(സ്വ) ജനിച്ച റബീഉല്‍ അവ്വലിനും. ശേഷം റജബാണ്. അത് യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ വേറിട്ടു നില്‍ക്കുന്നതും അല്ലാഹുവിന്‍റെ മാസവുമാണ്. അടുത്ത ശ്രേഷ്ഠത ശഅ്ബാനിനാണ്. അത് അല്ലാഹുവിന്‍റെ ഹബീബിന്‍റെ മാസവും പ്രവര്‍ത്തനങ്ങളും അവധികളും വിതരണം ചെയ്യുന്ന മാസവും റജബ്, റമളാന്‍ എന്നിവയുടെ മധ്യത്തില്‍ നില്‍ക്കുന്നതുമാണ്. മഹത്ത്വമുള്ള രണ്ട് മാസങ്ങള്‍ക്കിടയിലാണെന്ന സവിശേഷതയും ശഅ്ബാനിനുണ്ട്. വെള്ളിയാഴ്ചയുടെ സമീപത്തുള്ള വ്യാഴത്തിനും ശനിക്കും പ്രാധാന്യമുള്ളതുപോലെയാണിത് (റൂഹുല്‍ ബയാന്‍ 8/401).

ശഅ്ബാനിലെ അധിക ദിവസങ്ങളിലും നബി(സ്വ) നോമ്പെടുത്തതുകൊണ്ടാണ് ആ മാസത്തെ ഹബീബിന്‍റെ മാസമെന്നു വിശേഷിപ്പിക്കുന്നതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: മാസങ്ങളില്‍ നബി(സ്വ)ക്ക് നോമ്പെടുക്കാന്‍ ഏറ്റവും ഇഷ്ടം ശഅ്ബാനായിരുന്നു. തുടര്‍ന്ന് അവിടുന്ന് റമളാനിലും നോമ്പനുഷ്ഠിക്കും. ഉമ്മുസലമ(റ) പറയുന്നു: നബി(സ്വ) രണ്ട് മാസം തുടരെ നോമ്പെടുക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാനും റമളാനുമൊഴികെ (അബൂദാവൂദ്, തുര്‍മുദി).

തിരുനബി(സ്വ)യെ അനുധാവനം ചെയ്ത് ശഅ്ബാനില്‍ കൂടുതല്‍ വ്രതമനുഷ്ഠിക്കാന്‍ ശ്രമിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

  1. സുന്നത്ത് കര്‍മങ്ങള്‍

പ്രവാചകര്‍(സ്വ)ക്ക് ശഅ്ബാന്‍ വ്രതത്തിന്‍റെ മാസമാണെന്നു വരുമ്പോള്‍ അത് സര്‍വ സുന്നത്തു കര്‍മങ്ങളുടെയും മാസമാണെന്ന് വ്യക്തമാകുന്നു. റമളാനിലെ വ്രതം, ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ദാനധര്‍മം തുടങ്ങിയവയൊക്കെ റമളാനിന്‍റെ ആമുഖമായ ശഅ്ബാനിലും തുടങ്ങണം. അനസ്(റ) പറയുന്നു: ശഅ്ബാനായാല്‍ ജനങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. സലമതുബ്നു കുഹൈല്‍(റ) പറയുന്നു: ശഅ്ബാന്‍ ഖുര്‍ആന്‍ പാരായണക്കാരുടെ മാസമാണ് (സിയറു അഅ്ലാമിന്നുബലാഅ്).

ശഅ്ബാന്‍ എന്‍റെ മാസമാണെന്ന തിരുനബി(സ്വ)യുടെ പ്രസ്താവനയുടെ വിശാലാര്‍ത്ഥത്തില്‍ സ്വലാത്ത് വര്‍ധിപ്പിക്കല്‍ കൂടി ഉള്‍പ്പെടുമെന്ന് പണ്ഡിതര്‍ വിവരിച്ചിട്ടുണ്ട്. ശഅ്ബാനിലെ സ്വലാത്തിനു പ്രത്യേകതയുണ്ടെന്ന് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഗുന്‍യയില്‍ വിവരിച്ചിട്ടുണ്ട്.

  1. നനക്കേണ്ട മാസം

അബൂബക്കര്‍ ബല്‍ഖി(റ)യുടെ പ്രസ്താവനകള്‍ കാണുക: ‘റജബ് മാസം കാറ്റിനെപ്പോലെയാണ്. ശഅ്ബാന്‍ മാസം മേഘത്തെപ്പോലെയും റമളാന്‍ മഴയെപ്പോലെയുമാണ്.’ റജബ് വിത്തിറക്കുന്ന മാസമാണ്. ശഅ്ബാന്‍ കൃഷി നനക്കുന്ന മാസവും. റമളാന്‍ വിളവെടുക്കുന്ന കാലവുമാണ്. റജബില്‍ കര്‍മങ്ങള്‍ നട്ടുപിടിപ്പിക്കുകയും ശഅ്ബാനില്‍ വെള്ളമൊഴിച്ചുകൊടുക്കുകയും ചെയ്യാത്തവര്‍ക്ക് റമളാനില്‍ കൊയ്ത്തിനു സാധിക്കില്ലല്ലോ. അതുകൊണ്ട് ശഅ്ബാനില്‍ ആരാധനകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്ത് റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണം.

  1. അശ്രദ്ധരാവരുത്

ശഅ്ബാന്‍ ജനങ്ങള്‍ അശ്രദ്ധരായിത്തീരുന്ന മാസമാണ്. റജബ്, റമളാന്‍ എന്നീ രണ്ട് മഹത്തായ മാസങ്ങള്‍ക്കിടയിലായതുകൊണ്ടാണ് ശഅ്ബാന്‍ ജനശ്രദ്ധയില്‍നിന്ന് വിട്ടുപോകുന്നത്. നബി(സ്വ) പറയുന്നു: അത് ജനങ്ങള്‍ അശ്രദ്ധരായിപ്പോകുന്ന മാസമാണ് (അഹ്മദ്, നസാഈ).

പൊതുജനങ്ങള്‍ അശ്രദ്ധരാകുന്ന സമയങ്ങളില്‍ ആരാധനകള്‍കൊണ്ട് ധന്യമാക്കല്‍ പ്രത്യേകം പുണ്യമുള്ള കാര്യമാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഖുര്‍ആന്‍ പലയിടങ്ങളിലും വിശ്വാസികളെ അശ്രദ്ധയില്‍ നിന്നുണര്‍ത്തുന്നത്. ഏതൊരാളുടെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധരാക്കുകയും അയാള്‍ തന്നിഷ്ടം പിന്തുടരുകയും ചെയ്തുവോ അവനെ നീ അനുസരിച്ചുപോവരുത് (അല്‍കഹ്ഫ് 27). വിനയത്തോടെയും ഭയത്തോടെയും ഉച്ചത്തിലല്ലാതെ നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാവരുത് (അഅ്റാഫ് 205). ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചുവച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. പക്ഷേ അവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. പക്ഷേ അതുപയോഗിച്ച് കണ്ടറിയുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് കേട്ട് മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. അല്ല, അവര്‍ അതിലേറെ പിഴച്ചവരാണ്. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍ (അഅ്റാഫ് 179).

  1. ബറാഅത്ത് രാവ്

ശഅ്ബാന്‍ 14 അസ്തമിച്ച രാത്രിയാണ് ബറാഅത്ത് രാവ്. നരകത്തില്‍നിന്ന് ധാരാളം അടിമകളെ അല്ലാഹു മോചിപ്പിക്കുന്ന രാവായതുകൊണ്ടാണ് മോചനം എന്നര്‍ത്ഥമുള്ള ബറാഅത്ത് എന്ന് ഇതിനു പേര് വന്നത്. തീര്‍ച്ചയായും നാം അതിനെ (വേദഗ്രന്ഥത്തെ) ഒരനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു (ദുഖാന്‍ 3,4) എന്ന സൂക്തത്തിലെ അനുഗൃഹീത രാത്രി ബറാഅത്ത് രാവാണെന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്.

ഇമാം റാസി(റ) ഉപര്യുക്ത സൂക്തത്തിന്‍റെ വ്യാഖ്യാനത്തില്‍ പറയുന്നു: ഇക്രിമ(റ)വും ഒരു സംഘം പണ്ഡിതരും പറഞ്ഞു; അത് ബറാഅത്ത് രാവാണ്. ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാവ് (തഫ്സീറുല്‍ കബീര്‍ 27/237). ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു: ഇക്രിമ(റ) പറഞ്ഞു: അതു ശഅ്ബാന്‍ പകുതിയിലെ രാവാണ്. ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ആ രാത്രിയില്‍ തീരുമാനിക്കപ്പെടുന്നു. മരിച്ചവരില്‍നിന്ന് ജീവിച്ചിരിക്കുന്നവരെ വേര്‍തിരിച്ച് ലിസ്റ്റ് തയ്യാറാക്കപ്പെടുകയും ഈ വര്‍ഷം ഹജ്ജിനുപോകുന്നവരെ നിശ്ചയിക്കപ്പെടുകയും ചെയ്യും. അതില്‍ പിന്നെ കൂടുകയോ കുറയുകയോ ചെയ്യില്ല (ഖുര്‍ത്വുബി 16/126). ഇമാം ഇസ്മാഈലുല്‍ ഹിഖി(റ) എഴുതി: മനുഷ്യന്‍റെ ഭക്ഷണം, വയസ്സ്, ജയം, പരാജയം തുടങ്ങി ഒരു വര്‍ഷത്തേക്കുള്ള എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ തീരുമാനിക്കപ്പെടും (റൂഹുല്‍ ബയാന്‍ 8/404).

എന്നാല്‍ ഇവയെല്ലാം നടക്കുന്നത് ലൈലത്തുല്‍ ഖദ്റിലാണെന്ന ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ട് ഇമാം റാസി(റ) എഴുതുന്നു: മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ട ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പകര്‍ത്തിയെഴുതുന്നത് ബറാഅത്ത് രാവില്‍ തുടങ്ങി ലൈലത്തുല്‍ ഖദ്റില്‍ അവസാനിക്കുമെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (റാസി 27/240).

ബറാഅത്ത് രാവിന് പ്രധാനമായും അഞ്ച് സവിശേഷതകളാണുള്ളതെന്ന് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: ഒന്ന്, യുക്തിപൂര്‍ണമായ എല്ലാകാര്യങ്ങളുടെയും തീരുമാനം. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ച് വിവരിക്കപ്പെടുമെന്ന് (ദുഖാന്‍ 4) ഖുര്‍ആനിലുണ്ടല്ലോ. രണ്ട്, പ്രസ്തുത രാവിലെ ആരാധനയുടെ പുണ്യം നബി(സ്വ) പറയുന്നു: വല്ലവനും ബറാഅത്ത് രാവില്‍ 10 റക്അത്ത് നിസ്കരിച്ചാല്‍ അല്ലാഹു അവന് 100 മലക്കുകളെ നിശ്ചയിച്ചുകൊടുക്കുന്നതാണ്. 30 പേരെ അവനു സ്വര്‍ഗീയ സുവിശേഷം അറിയിക്കുന്നതിനും 30 പേരെ നരക ശിക്ഷയില്‍നിന്ന് അഭയം നല്‍കുന്നതിനും 30 പേരെ ഐഹിക ലോകത്തെ ആപത്തുകളില്‍നിന്ന് അവനു സംരക്ഷണം നല്‍കാനും 10 പേരെ പൈശാചകിക ശല്യങ്ങളില്‍നിന്ന് അവനെ രക്ഷപ്പെടുത്താനും വേണ്ടിയാണത്. മൂന്ന്, അല്ലാഹുവിന്‍റെ കാരുണ്യവര്‍ഷം. നബി(സ്വ) പറഞ്ഞു: കല്‍ബ് ഗോത്രത്തിന്‍റെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തിനനുസരിച്ച് (അസംഖ്യമെന്ന് അര്‍ത്ഥം) പാപങ്ങള്‍ പ്രസ്തുത ദിവസം അല്ലാഹു എന്‍റെ സമുദായത്തിന് പൊറുത്തുകൊടുക്കും. നാല്, പാപമോചനം. റസൂല്‍(സ്വ) പറയുന്നു: ജ്യോത്സ്യന്‍, വിദ്വേഷം വച്ചുപുലര്‍ത്തുന്നവന്‍, നിത്യമദ്യപാനി, മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവന്‍, നിത്യവ്യഭിചാരി തുടങ്ങിയവരല്ലാത്ത എല്ലാ മുസ്ലിംകള്‍ക്കും അല്ലാഹു പ്രസ്തുത ദിവസം പൊറുത്തുകൊടുക്കുന്നതാണ്. അഞ്ച്, മുത്ത്നബിയുടെ ശഫാഅത്ത്. ഈ രാവില്‍ അല്ലാഹു അവന്‍റെ റസൂലിന് സമ്പൂര്‍ണ ശഫാഅത്ത് നല്‍കിയിട്ടുണ്ട്. ശഅ്ബാന്‍ പതിമൂന്നാം രാവില്‍ നബി(സ്വ) തന്‍റെ സമൂഹത്തിനുള്ള ശഫാഅത്ത് ചോദിച്ചപ്പോള്‍ അല്ലാഹു അവിടുത്തേക്ക് മൂന്നിലൊന്ന് അധികാരം നല്‍കി. പതിനാലാം രാവിലും ചോദിച്ചപ്പോള്‍ മൂന്നില്‍ രണ്ട് അധികാരവും പതിനഞ്ചാം രാവില്‍ ചോദിച്ചപ്പോള്‍ മുഴുവനും അധികാരവും നല്‍കുകയായിരുന്നു (റാസി 27/238).

ബറാഅത്ത് രാവിനെ ആരാധനകൊണ്ട് ധന്യമാക്കണമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരഥന്മാര്‍ ബറാഅത്ത് രാവിനെ ഏറെ പ്രാധാന്യത്തോടെ ഉപയോഗപ്പെടുത്തിയിരുന്നു. ഇഹ്യാ ഉലൂമുദ്ദീനിന്‍റെ വ്യാഖ്യാനഗ്രന്ഥത്തില്‍ കാണാം: ബറാഅത്ത് രാവില്‍ മൂന്ന് യാസീന്‍ ഓതുകയും ആ രാത്രിയിലെ പ്രശസ്തമായ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും വേണം. ഒന്നാമത്തേതില്‍ ആയുസ്സിലെ ബറകത്തും രണ്ടാമത്തേതില്‍ ഭക്ഷണത്തിലെ ബറകത്തും മൂന്നാമത്തേതില്‍ ഈമാനോടെയുള്ള മരണവും അവന്‍ അല്ലാഹുവിനോട് ചോദിക്കണം (ഇത്ഹാഫ് 3/427).

ശഅ്ബാന്‍ പതിനഞ്ചിന്‍റെ പകലില്‍ നോമ്പനുഷ്ഠിക്കുന്നതും സുന്നത്താണ്. ഇമാം റംലി(റ) എഴുതുന്നു: ശഅ്ബാന്‍ പതിനഞ്ചിനു നോമ്പെടുക്കല്‍ സുന്നത്താണ്. എന്നല്ല, ശഅ്ബാന്‍ 13,14,15-നും സുന്നത്തുതന്നെ (ഫതാവ റംലി 2/79).

 

സ്വര്‍ഗ വാതിലുകള്‍ മുട്ടുക

ശഅ്ബാന്‍ റമളാനിലേക്കുള്ള വാതിലാണ്. റമളാന്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കുന്ന മാസവുമാണ്. നബി(സ്വ) പറയുന്നു. റമളാന്‍ ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യും. (ബുഖാരി, മുസ്ലിം)

തൗബ, ഇസ്തിഗ്ഫാര്‍, ഭക്തി, വ്രതം, നിസ്കാരം, നിശാനിസ്കാരം എന്നിവകൊണ്ട് സ്വര്‍ഗ കവാടങ്ങള്‍ മുട്ടാനും അല്ലാഹുവിന്‍റെ കാരുണ്യത്തിനുവേണ്ടി കേണപേക്ഷിക്കാനും വിശ്വസികള്‍ ശ്രദ്ധിക്കണം. അബുദ്ദര്‍ദാഅ്(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ദുആ നിങ്ങള്‍ വര്‍ധിപ്പിക്കുക, നിശ്ചയം വാതിലില്‍ കൂടുതല്‍ മുട്ടുന്നവര്‍ക്ക് വേണ്ടി അതു തുറക്കപ്പെടും (മുസ്വന്നഫുബ്നു അബീശൈബ).

 

മാനസികമായി തയ്യാറെടുക്കാം

വിശുദ്ധ ശഅ്ബാന്‍ വിശ്വാസികള്‍ക്കുള്ള പരിശീലനത്തിന്‍റെ മാസം കൂടിയാണ്. വിശുദ്ധ റമളാനിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളും വിശുദ്ധ മാസത്തിലെ ആരാധനാകര്‍മങ്ങളുടെ സമയക്രമവും തയ്യാറാക്കി ജീവിതത്തിനൊരു പുതുമുഖം നല്‍കാന്‍ വിശ്വാസികള്‍ തയ്യാറാവണം. സംശുദ്ധമായ തൗബ ചെയ്ത് ഈമാനികമായ തയ്യാറെടുപ്പ് നടത്തുന്നതോടൊപ്പം വൈജ്ഞാനികമായ മുന്നേറ്റവും ശഅ്ബാനില്‍ സാധ്യമാകണം. കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും നോമ്പിനെ സമ്പന്നമാക്കണം. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വേണ്ടി കുടുംബത്തെ പ്രേരിപ്പിക്കുകയും എല്ലാവരും ഭാഗഭാക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തുകയും വേണം. പള്ളികളും മറ്റും അലംകൃതമാക്കിയും വീടുകളില്‍ ‘നനച്ചുകുളി’ നടത്തിയും വൃത്തി കാത്തുസൂക്ഷിക്കണം. മനസ്സില്‍ നിന്ന് അസൂയ, പക, വിദ്വേഷം തുടങ്ങിയ തിന്മകളെ നിഷ്കാസനം ചെയ്യുകയും ആത്മസമരം നടത്തി ഹൃദയശുദ്ധി വരുത്തുകയും വേണം.

 

 

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…