മനുഷ്യന്റെ ജന്മ ശത്രുവാണ് പിശാച്. അവന്റെ ചതികളെ കരുതിയിരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ നിരവധി സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. സൂറതുല്‍ ഫാത്വിറിന്റെ 6-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: നിശ്ചയം പിശാച് നിങ്ങളുടെ ശത്രുവാണ്, അവനെ നിങ്ങള്‍ ശത്രുവായി തന്നെ കാണുക. അവന്റെ പാര്‍ട്ടിക്കാരെ അവന്‍ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളാകാന്‍ വേണ്ടിയാണ്. പരലോകത്ത് ഗൗരവത്തോടെ അല്ലാഹു ചോദിക്കുന്ന ചോദ്യം യാസീന്‍ 60-ാം സൂക്തത്തില്‍ കാണാം: മനുഷ്യരേ, പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്, അവനെ നിങ്ങള്‍ ആരാധിക്കരുതെന്നും എനിക്ക് ആരാധിക്കുക; ഇതാണ്  ഋജുവായ പാതയെന്നും നിങ്ങള്‍ക്ക് നാം മുന്നറിയിപ്പ് നല്‍കിയിരുന്നില്ലായിരുന്നോ? ഇത്തരം സൂക്തങ്ങള്‍ ധാരാളമുണ്ട്. പിശാചിന്റെ കുതന്ത്രങ്ങളുടെ തീവ്രതയാണിതെല്ലാം ഉല്‍ബോധിപ്പിക്കുന്നത്.

മനുഷ്യ ഹൃദയങ്ങളെ പിശാച് എങ്ങനെയാണ് മലിനപ്പെടുത്തുന്നത്, അതില്‍ നിന്നുള്ള മോചന മാര്‍ഗം എന്താണ് എന്ന് നാം അറിയണം. ഇമാം ഗസ്സാലി(റ) ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നതിങ്ങനെ:  ഹൃദയം ഉയര്‍ന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ട തെളിഞ്ഞ കണ്ണാടി പോലെയാണ്. ആ വഴി കടന്നുപോകുന്ന എല്ലാ വസ്തുക്കളുടെയും ചിത്രങ്ങള്‍ അതില്‍ പതിയും. ഇപ്രകാരം അനേകം ചിത്രങ്ങള്‍ പല  മാര്‍ഗങ്ങളിലൂടെയും ഹൃദയത്തില്‍ പ്രവേശിക്കും. ബാഹ്യമായി പഞ്ചേന്ദ്രിയങ്ങളിലൂടെയും ആന്തരികമായ ഊഹന, വികാരം, കോപം മറ്റ് സ്വാഭാവങ്ങള്‍ വഴിയുമാണിവ ഹൃദയത്തില്‍ പ്രവേശിക്കുന്നത്. ഹൃദയത്തില്‍ കടന്ന ഈ അവസ്ഥകള്‍ ചിന്തയായും പിന്നീട് ആഗ്രഹങ്ങളായും ദൃഢ നിശ്ചയങ്ങളായും നിയ്യത്താ(കരുത്ത്)യും മാറും. ഈ നിയ്യത്ത് അവയവങ്ങളെ ചലിപ്പിക്കുകയും അവയുടെ പ്രവര്‍ത്തികളില്‍ ഇടപെടുകയും ചെയ്യുന്നു.

ആഗ്രഹം ജനിപ്പിക്കുന്ന ചിന്തകള്‍ നാശത്തിലേക്ക് (പരലോകത്ത് ഉപദ്രവമുള്ളതിലേക്ക്) പ്രേരിപ്പിക്കുന്നത്, നന്മയിലേക്ക് (പരലോകത്ത് ഉപകാരമുള്ളതിലേക്ക്) പ്രേരിപ്പിക്കുന്നത് എന്നിങ്ങനെ രണ്ടായി തരം തിരിയും. ഒന്നാമത്തേതിന് വസ്‌വാസ് (ദുര്‍ബോധനം) എന്നും രണ്ടാമത്തേത് ഇല്‍ഹാം (സല്‍ബോധനം) എന്നും പറയും.ഈ രണ്ട് ചിന്തകള്‍ക്കും ഓരോ പ്രേരകശക്തിയുണ്ട്. നാശത്തിലേക്കുള്ളവയുടെ പ്രേരകശക്തി പിശാചും നന്മയുടെ പ്രേരകശക്തി മലക്കുമാണ്. ഇതാണ് തിരുനബി(സ്വ) പറഞ്ഞത്. ഹൃദയത്തില്‍ രണ്ട് ബാധകളുണ്ട്. നന്മകൊണ്ട് മുന്നറിയിപ്പ് തരികയും സത്യം അംഗീകരിക്കുകയും ചെയ്യുന്ന മലക്കിന്റെ സ്വാധീനമാണൊന്ന്. ഇത് ആരെങ്കിലും എത്തിച്ചാല്‍ അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അറിയുകയും അല്ലാഹുവിനെ സ്തുതിക്കുകയും വേണം. നാശത്തിലേക്ക് നയിക്കുകയും സത്യത്തെ കളവാക്കുകയും ചെയ്യുന്ന പിശാചിന്റെ ബാധയാണ് രണ്ടാമത്തേത്. ഇത് ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ പിശാചിനെ തൊട്ട് അല്ലാഹുവിനോട് കാവല്‍ ചോദിക്കണം. പിശാച് നിങ്ങള്‍ക്ക് ദാരിദ്ര്യത്തെ മുന്നറിയിപ്പ് തരികയും അശ്ലീലങ്ങള്‍കൊണ്ട് കല്‍പ്പിക്കുകയും ചെയ്യുന്നു എന്ന ഖുര്‍ആന്‍ വചനം നബി(സ്വ) ഇതിന് തെളിവായി ഓതി (തുര്‍മുതി).

പ്രകൃതിപരമായി ഈ രണ്ട് പ്രേരണകളും സ്വീകരിക്കാന്‍ പാകത്തിലാണ് ഹൃദയം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒന്നൊന്നിനേക്കാള്‍ പ്രബലമാകുന്നത് വ്യക്തിയുടെ സമീപനങ്ങള്‍ക്കനുസരിച്ചാണ്. ഇച്ഛയുടെയും വൈകാരികതയുടെയും പിന്നാലെ പോകുമ്പോള്‍ പൈശാചിക സ്വാധീനം പ്രകടമാവുകയും ഹൃദയം പിശാചിന്റെ താവളമായി മാറുകയും ചെയ്യും. വൈകാരികതകളോട് സമരത്തിലേര്‍പ്പെടുകയും അവക്ക് അടിമപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ ആ വ്യക്തി മലക്കുകളുടെ സ്വഭാവത്തോട് സാദൃശ്യത പുലര്‍ത്തുകയും അവന്റെ ഹൃദയം മലക്കുകളുടെ സ്വാധീനമുള്ളതാവുകയും ചെയ്യുന്നു.

നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ ഏതൊരാള്‍ക്കും ഓരോ പിശാചുണ്ട്. സ്വഹാബത്ത് ചോദിച്ചു:  അങ്ങേക്കു

മുണ്ടോ നബിയേ? നബി(സ്വ) പറഞ്ഞു: എനിക്കുമുണ്ട്, പക്ഷേ എന്റെ പിശാചിനെ മുസ്‌ലിമാക്കി അല്ലാഹു എന്നെ സഹായിച്ചു. അതുകാരണം, അവന്‍ നന്മയല്ലാതെ കല്‍പ്പിക്കില്ല (മുസ്‌ലിം). ശാരീരിക വികാരങ്ങള്‍ കൊണ്ടല്ലാതെ പിശാചിന് ക്രയവിക്രയം സാധ്യമല്ല. ആവശ്യമായ പരിധിയില്‍ ആവശ്യമായ സ്ഥലത്ത് മാത്രം ഉത്തേജിക്കുന്ന തരത്തില്‍ വികാരത്തിന്റെ മേല്‍ അല്ലാഹു സഹായിച്ചാല്‍ ആ വികാരം തിന്മയിലേക്ക് തിരിയുകയില്ല.  അപ്പോള്‍ ആ വികാരത്തെ പിന്തുടരുന്ന പിശാചിന് നന്മയല്ലാതെ കല്‍പ്പിക്കാന്‍ കഴിയില്ല. ഇതാണ് എന്റെ പിശാചിനെ മുസ്‌ലിമാക്കി എന്ന് നബി(സ്വ) പറഞ്ഞതിന്റെ ഒരു വിവക്ഷ. ഇച്ഛകളിലൂടെ ഐഹികചിന്ത ഹൃദയത്തില്‍ അമിതമാകുമ്പോള്‍ പിശാചിന് ഇടം ലഭിക്കുകയും അവന്‍ ദുര്‍ബോധനം നടത്തുകയും ചെയ്യും. അതേ സമയം ഹൃദയം ദിക്‌റിലേക്ക് തിരിഞ്ഞാല്‍ ശൈത്വാന്‍ അകന്നുപോവുകയും പകരം മലക്കിന്റെ സാന്നിധ്യമുണ്ടാവുകയും നന്മ തോന്നിപ്പിക്കുകയും ചെയ്യും. ചിലപ്പോള്‍ ഈ രണ്ട് ശക്തികള്‍ തമ്മില്‍ സംഘട്ടനം തന്നെ നടക്കും. രണ്ടിലൊന്നിലേക്ക് ഹൃദയം തുറക്കുന്നത് വരെ ഇത് തുടരുകയും ചെയ്യും.

എന്നാല്‍ അധിക ഹൃദയങ്ങളും പൈശാചിക സൈന്യം ജയിച്ചടക്കുകയും അധികാരമേല്‍ക്കുകയും ചെയ്യുന്നു. തന്മൂലം പരലോകം വെടിയുന്നതിലേക്കും ഇഹലോകത്തെ തിരഞ്ഞെടുക്കുന്നതിലേക്കും പ്രേരിപ്പിക്കുന്ന ദുര്‍മന്ത്രങ്ങള്‍ നിറഞ്ഞതാണവ. ഇച്ഛയുടെയും വൈകാരികതയുടെയും പിന്നാലെ പോകുന്നതാണിതിന് കാരണം. ഇവയാകട്ടെ പിശാചിന്റെ ഭക്ഷണവുമാണ്. ഇവയെതൊട്ട് പൂര്‍ണമായും ഹൃദയം ഒഴിവാകുകയും ദിക്ര്‍ കൊണ്ട് ഹൃദയത്തെ പരിപാലിക്കുകയും ചെയ്യുന്നതിലൂടെയല്ലാതെ വിജയം സാധ്യമല്ല. ജാബിറുബ്‌നു ഉബൈദതുല്‍ അദവി(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ഹൃദയത്തിലുണ്ടാക്കുന്ന വസ്‌വാസിനെ കുറിച്ച് ഞാന്‍ അലാഉബ്‌നു സിയാദി(റ)നോട് ആവലാതി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അതിന്റെ ഉപമ കള്ളന്‍ കയറിയ വീടുപോലെയാണ്. വീട്ടില്‍ കക്കാന്‍ പറ്റിയ വല്ലതുമുണ്ടെങ്കില്‍ അവന്‍ വീട്ടില്‍ ചുറ്റിത്തിരിയും. ഒന്നുമില്ലെങ്കില്‍ പെട്ടെന്ന് സ്ഥലം വിടുകയും ചെയ്യും. വൈകാരിക ചിന്തകളില്ലാത്ത ഹൃദയത്തില്‍ പിശാച് കടക്കില്ലെന്നര്‍ത്ഥം. എന്റെ നിസ്വാര്‍ത്ഥ ദാസന്മാരുടെ മേല്‍ നിനക്ക് (ഇബ്‌ലീസിന്) അധികാരമില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു (ഹിജ്‌റ് 42).

അംറുബ്‌നുല്‍ ആസ്വ്(റ) തിരുനബി(സ്വ)യോട് പറഞ്ഞു: നബിയേ, എന്റെയും എന്റെ നിസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണത്തിന്റെയുമിടയില്‍ പിശാച് മറയിടുന്നു. അഥവാ അവന്‍ പിഴപ്പിക്കുന്നു. അവിടുന്ന് പറഞ്ഞു: ‘അത് ഖിന്‍സബ് എന്ന് പേരുള്ള ശൈത്വാനാണ്. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ അവനെതൊട്ട് അല്ലാഹുവിനോട് കാവല്‍ തേടുകയും ഇടത് ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം തുപ്പുകയും ചെയ്യുക.’ നിസ്‌കാരം ആരംഭിക്കുമ്പേള്‍ തക്ബീറതുല്‍ ഇഹ്‌റാമിന്റെ മുമ്പും ഇത് ചെയ്യാന്‍ റസൂല്‍(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. നിസ്‌കാരത്തില്‍ വസ്‌വാസുണ്ടാക്കുന്ന പിശാചാണിവന്‍. വുളൂഇല്‍ പിഴപ്പിക്കാന്‍ വലഹാന്‍ എന്ന പിശാചുണ്ട്. അവനെ തൊട്ട് നിങ്ങള്‍ കാവല്‍ തേടുക എന്നും പ്രവാചകര്‍(സ്വ) പറയുകയുണ്ടായി.

ഖുര്‍ആന്‍ പറഞ്ഞ: നിന്റെ (അല്ലാഹുവിന്റെ) ഋജുവായ പാതയില്‍ ഞാനിരിക്കും. അവരുടെ (മനുഷ്യരുടെ) മുന്‍ഭാഗത്തിലൂടെയും പിന്‍ഭാഗത്തിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതു ഭാഗത്തിലൂടെയും ഞാനവരെ സമീപിക്കും (7-17) എന്ന്. നബി(സ്വ) പറഞ്ഞു: പിശാച് മനുഷ്യനെ പിഴപ്പിക്കാന്‍ വേണ്ടി എല്ലാ വഴികളിലും ഇരിക്കും. മുസ്‌ലിമാകാനുദ്ദേശിക്കുന്ന ആളുടെ അടുത്ത് ചെന്ന് ചോദിക്കും; നീ മുസ്‌ലിമാവുകയാണോ? നിന്റെയും നിന്റെ പിതാക്കളുടെയും മതം ഉപേക്ഷിക്കുകയോ? ആ നല്ല മനുഷ്യന്‍ അത് വകവെക്കാതെ ഇസ്‌ലാം ആശ്ലേഷിക്കും. പിന്നീട് അദ്ദേഹം പലായനം ഉദ്ദേശിക്കുമ്പോള്‍, നീ നിന്റെ ഭൂമിയും ആകാശവും (നിന്റേതെല്ലാം) ഉപേക്ഷിച്ചു പോവുകയാണോ എന്നായി ചോദ്യം. അയാള്‍ അതും കൂട്ടാക്കാതെ ഹിജ്‌റ പോകും. പിന്നെ ധര്‍മസമരത്തിനൊരുങ്ങുമ്പോള്‍ പിശാചെത്തി ചോദിക്കും; നീ നിന്റെ ശരീരവും സമ്പത്തും നശിപ്പിക്കുകയാണോ. നീ കൊല്ലപ്പെട്ടാല്‍ നിന്റെ ഭാര്യയെ മറ്റുള്ളവര്‍ വിവാഹം ചെയ്യും. നിന്റെ സമ്പത്ത് വിതരണം ചെയ്യപ്പെടും. അദ്ദേഹം അതും അതിജീവിക്കും. തിരുനബി(സ്വ) തുടര്‍ന്നു: ഇങ്ങനെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവനെ അല്ലാഹു നിര്‍ബന്ധമായും പ്രവേശിപ്പിക്കും (നസാഈ). പിശാച് മനുഷ്യനെ വസ്‌വാസാക്കുന്നതിന്റെ രീതി വിവരിക്കുകയാണിതിലൂടെ തിരുദൂതര്‍(സ്വ). സകല വഴികളിലും പതിയിരുന്ന് വിശ്വാസിയെ പിഴപ്പിക്കാന്‍ അവസരം കാത്ത് കഴിയുന്ന ഈ ശത്രുവിനെ നാം വളരെയധികം ജാഗ്രതയോടെ കരുതിയിരിക്കണം. അല്ലാഹുവിനോട് കാവല്‍ തേടുകയും വേണം.

You May Also Like

കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും

യേശു ചെയ്ത ഒന്നാമത്തെ അത്ഭുത സംഭവമായി ബൈബിള്‍ പഠിപ്പിക്കുന്നത് കാനാവിലെ കല്യാണവിരുന്നില്‍വെച്ച് ആറു കല്‍ഭരണികളിലെ വെള്ളം…

● ജുനൈദ് ഖലീല്‍ സഖാഫി

സന്താനങ്ങള്‍ നരകം സമ്മാനിക്കാതിരിക്കാന്‍

മക്കള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട  മര്യാദകളെ കുറിച്ച് നബി(സ്വ)പറയുന്നു: ‘നബിയെ സ്‌നേഹിക്കുക, അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുക, ഖുര്‍ആന്‍ പഠിക്കുക…

● അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍

സമസ്ത സാധിച്ച ധാര്‍മിക വിപ്ലവം

വിശുദ്ധ ഇസ്‌ലാമിനെ മനുഷ്യരിലേക്കെത്തിക്കാനായി അല്ലാഹു നിയോഗിച്ചവരാണ് അമ്പിയാമുര്‍സലുകള്‍. മുഹമ്മദ് നബി(സ്വ)യോടെ പ്രവാചക നിയോഗം അവസാനിച്ചു. നബി(സ്വ)യില്‍നിന്നു…

● അലവിക്കുട്ടി ഫൈസി എടക്കര