പ്രബോധനത്തിന്റെ പ്രധാന തലങ്ങളായ പ്രഭാഷണവും രചനയും ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) കൈകാര്യം ചെയ്തത് അനുഭവങ്ങള്‍ സൃഷ്ടിച്ച് കൊണ്ടായിരുന്നു. ചരിത്രത്തിന് വിസ്മയത്തോടെ മാത്രം പറയാന്‍ കഴിയുന്നതാണ് ആ അനുഭവങ്ങള്‍. മനതലങ്ങളെ ഇളക്കിമറിക്കുന്നതായിരുന്നു ശൈഖിന്റെ പ്രൗഢപ്രഭാഷണങ്ങള്‍. ഓരോ വാക്കും മൂര്‍ച്ചയുള്ളതും മനസ്സകമില്‍ പരിവര്‍ത്തനവും വെളിച്ചവും സൃഷ്ടിക്കുന്നതുമായിരുന്നു. മഹാന്റെ പ്രഭാഷണങ്ങളും ദര്‍സും ശ്രവിക്കാന്‍ ആയിരങ്ങളാണ് ആ സവിധത്തിലെത്തിയിരുന്നത്. ഹിജ്‌റ 521 ശവ്വാലിലാണ് ശൈഖിന്റെ പ്രസിദ്ധമായ പ്രഭാഷണങ്ങളുടെ ആരംഭം. തന്റെ ഗുരുവര്യര്‍ ശൈഖ് അബൂ സഈദുല്‍ മുഖ്‌റമിയുടെ പ്രചോദനവും ആശീര്‍വാദവുമാണ് മഹാന്റെ പ്രഭാഷണകലയെ കൂടുതല്‍ ചടുലമാക്കിയത്. ബഗ്ദാദിലെ മദ്‌റസയില്‍ നീണ്ട നാല്‍പ്പത്തി എട്ട് വര്‍ഷക്കാലം ശൈഖ് ജീലാനി(റ) ദര്‍സ് നടത്തി. പ്രഭാഷണങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് നടന്നിരുന്നത്. ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാവിലെയും ചൊവ്വാഴ്ച വൈകുന്നേരവും. എഴുപതിനായിരം പേര്‍ ഓരോ സദസ്സിലും പങ്കെടുത്തിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ധിക്കാരികളും അക്രമികളുമായ നിരവധി പേരെയാണ് ഈ പ്രഭാഷണങ്ങള്‍ പരിവര്‍ത്തനപ്പെടുത്തിയത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മറ്റു പ്രമുഖരുമടങ്ങുന്ന സദസ്സില്‍ ഓരോ പ്രഭാഷണം കഴിയുമ്പോഴും ആയിരങ്ങള്‍ ശൈഖിന്റെ മുന്നിലെത്തി പശ്ചാത്തപിക്കുമായിരുന്നു. അഞ്ച് ലക്ഷത്തിലേറെ പേര്‍ ഇസ്‌ലാം സ്വീകരിക്കാനും നിരവധി കള്ളന്മാരും കൊള്ളക്കാരും മറ്റപരാധികളും നന്മയുടെ പക്ഷത്തേക്ക് എത്തിപ്പെടാനും പ്രഭാഷണങ്ങള്‍ കാരണമായി. സാധാരണക്കാരില്‍ ശൈഖിന്റെ വഅളുകള്‍ ശക്തമായ മാറ്റമുണ്ടാക്കി. ആശയടക്കാനാവാത്ത ആത്മീയ ലോകത്തേക്ക് കയറിച്ചെന്ന് പരമമായ സത്യം അനുഭവിച്ചറിഞ്ഞു ജീവിതം നന്നാക്കാന്‍ പലര്‍ക്കും സാധിച്ചു. ശൈഖിന്റെ പ്രസിദ്ധ രചനയായ അല്‍ ഗുന്‍യത്തു ലി ത്വാലിബി ത്വാരിബില്‍ ഹഖ് അവിടുത്തെ പ്രഭാഷണങ്ങളുടെ സമാഹാരമാണ്. ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലൂമുദ്ദീന്റെ രചനക്ക് സ്വീകരിച്ച മാര്‍ഗമാണ് ഗുന്‍യത്തിന്റെ രചനയില്‍ ശൈഖും സ്വീകരിച്ചത്. ഇസ്‌ലാമിക സൂഫിസത്തിന്റെ പ്രായോഗിക അനുഭവത്തിലൂടെയല്ലാതെ സത്യാന്വേഷണം പൂര്‍ത്തിയാവുകയില്ലെന്ന് മനസ്സിലാക്കിയ ഇമാം ഗസ്സാലി(റ) പ്രശസ്തിയുടെ ഭാണ്ഡങ്ങള്‍ വലിച്ചെറിഞ്ഞ്, ഭൗതിക സ്ഥാനമാനങ്ങള്‍ മുഴുവന്‍ ഒഴിവാക്കി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഈ ധന്യയാത്രയെ കുറിച്ച് ഇമാം ഗസ്സാലി(റ) അല്‍ മുന്‍ഖിദു മിനള്ള്വലാല്‍ എന്ന ഗ്രന്ഥത്തില്‍ കുറിക്കുന്നുണ്ട്. സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും കരുത്തുള്ള മനസ്സുകളെയാണ് ശൈഖ് ജീലാനി(റ) പ്രഭാഷണത്തിലൂടെ സൃഷ്ടിച്ചത്. ഒരിക്കലെങ്കിലും ആ പ്രഭാഷണം ശ്രദ്ധിച്ചവരില്‍ അനിര്‍വചനീയമായ ആത്മീയ മധുരമുണ്ടാകും. പിന്നെയവര്‍ക്കതു കേള്‍ക്കാതിരിക്കാനാവില്ല. ശൈഖിന്റെ പ്രഭാഷണ സദസ്സിലിരുന്നാല്‍ മനസ്സ് ഇളകി മറിയും. ഹൃദയത്തില്‍ നിന്നു ഹൃദയങ്ങളിലേക്കു പകരുകയായിരുന്നു അതെന്നതാണു കാരണം. ഖുര്‍ആനും തിരുചര്യയും ചരിത്രവും അനുഭവസത്യങ്ങളുമെല്ലാം ഒന്നൊന്നായി അവിടെ പെയ്തിറങ്ങും. ഓരോ വാക്കും അനേകം ആശയങ്ങളുള്‍ക്കൊണ്ടതായിരിക്കും. ഒപ്പം മനസ്സിനെ ചിന്തിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതും. കണ്ണ് നീരിന്റെ നീര്‍ച്ചാലുകള്‍ പൊട്ടിയൊഴുകും. വിങ്ങിപ്പൊട്ടലിന്റെയും തേങ്ങലിന്റെയും ശബ്ദങ്ങള്‍ സദസ്സിന്റെ പലയിടങ്ങളില്‍ നിന്നും കേള്‍ക്കാം. പലപ്പോഴും പ്രഭാഷണം തീരുമ്പോഴേക്ക് ചിലരുടെ ബോധം നഷ്ടപ്പെട്ടിരിക്കും. ഒരിക്കല്‍ ശൈഖവര്‍കളുടെ പ്രഭാഷണത്തിനിടയില്‍ തലപ്പാവില്‍ നിന്ന് തൊപ്പി താഴെ വീണപ്പോള്‍ പ്രഭാഷണത്തില്‍ ലയിച്ചിരിക്കുന്ന ശ്രോതാക്കളും അവരറിയാതെ തലപ്പാവും തൊപ്പിയുമെല്ലാം താഴെയിടുകയുണ്ടായി. നീണ്ട നാല്‍പത് വര്‍ഷം ശൈഖവര്‍കള്‍ ഇത്തരത്തില്‍ ഹൃദയഹാരിയായ പ്രഭാഷണം നടത്തി. ബഗ്ദാദിലും പുറത്തുമായി ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയതയുടെ പടവുകള്‍ കയറി പറ്റാന്‍ ഇതുപകാരപ്പെട്ടത് ചരിത്രം അനുസ്മരിക്കുന്നുണ്ട്.
ശൈഖ് ഉമറുല്‍ കൈമാനി എഴുതുന്നു: ജൂതന്മാരും ക്രിസ്ത്യാനികളും അപകടകാരികളും പരിഷ്‌കരണവാദികളുമെല്ലാം ശൈഖ് ജീലാനി(റ)യുടെ സവിധത്തില്‍ വന്ന് ഇസ്‌ലാം സ്വീകരിക്കുമായിരുന്നു. ഒരിക്കല്‍ ഒരു മുഖ്യപുരോഹിതന്‍ ശൈഖിനരികിലെത്തി ഇസ്‌ലാം പുല്‍കി. ശേഷം സദസ്യരോടായി പുരോഹിതന്‍ പറഞ്ഞു: ഞാന്‍ യമന്‍കാരനാണ്. ഇസ്‌ലാം എന്റെ ഹൃദയത്തില്‍ വല്ലാതെ സ്വാധീനമുണ്ടാക്കി. ഭൂമിയില്‍ ഏറ്റവും ഉത്തമനായ ഒരാള്‍ മുഖേനെയല്ലാതെ ഇസ്‌ലാമിലെത്തുകയില്ലെന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. ഇക്കാര്യം ചിന്തിച്ച് കൊണ്ടിരിക്കെ ഞാനുറങ്ങിപ്പോയി. സ്വപ്‌നത്തില്‍ ഈസാ നബി(അ) നെ കണ്ടു. നബി എന്നോട് പറഞ്ഞു: ‘സിനാന്‍! ബഗ്ദാദില്‍ പോവുക. ശൈഖ് അബ്ദുല്‍ ഖാദിര്‍(റ) മുഖേനെ ഇസ്‌ലാമിലെത്തുക. അദ്ദേഹമാണ് ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍’ (ഖലാഇദുല്‍ ജവാഹിര്‍, പേ. 18). നന്മയും സത്യവും വിളിച്ച് പറയാന്‍ ഒരാളെയും ശൈഖവര്‍കള്‍ പേടിച്ചിരുന്നില്ല. ഭരണാധികാരികളും മന്ത്രിമാരും രാജാക്കന്മാരുമെല്ലാം ശൈഖവര്‍കളുടെ ഇടപെടലുകള്‍ ശ്രദ്ധിക്കുകയും പേടിക്കുകയും ചെയ്തിരുന്നു. അക്രമിയായ ഇബ്‌നു മുസ്ഹിമിനെ ഗവര്‍ണറാക്കി ഖലീഫ ഉത്തരവിറക്കിയപ്പോള്‍ ശൈഖവര്‍കള്‍ മിമ്പറില്‍ നിന്ന് പറഞ്ഞു: ‘ഖലീഫ! ക്രൂരനായ അക്രമിയെയാണോ നിങ്ങള്‍ അധികാരത്തിലേറ്റിയിട്ടുള്ളത്. നാളെ റബ്ബിന്റെ മുന്നില്‍ നിങ്ങള്‍ക്കെന്താണ് മറുപടിയുള്ളത്?’ ഇത് കേട്ട ഖലീഫ അല്‍ മുഖ്തലിഫി ലി അംറില്ലാഹി ഉടന്‍ തന്നെ ഇബ്‌നു മുസ്ഹിമിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
ജ്ഞാനത്തിന്റെ നിറകുടമായിരുന്നു ശൈഖ് ജീലാനി(റ). ശാഫിഈ, ഹമ്പലീ മദ്ഹബ് വീക്ഷണപ്രകാരം ഫത്‌വ നല്‍കിയിരുന്ന ശൈഖവര്‍കള്‍ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, സാഹിത്യം തുടങ്ങി എല്ലാ ഇസ്‌ലാമിക വിജ്ഞാനങ്ങളും ആഴത്തില്‍ നേടിയിട്ടുണ്ട്. അവ പഠിപ്പിക്കുന്നതിലും രചന നടത്തുന്നതിലും വലിയ ശ്രദ്ധയാണ് കാണിച്ചത്. ദര്‍സില്‍ പങ്കെടുക്കാനായി എത്തിച്ചേരുന്നവരെ ഉള്‍ക്കൊള്ളാനാവാതെ മദ്‌റസ കവിഞ്ഞ് റോഡിലേക്ക് പഠിതാക്കള്‍ എത്തുമായിരുന്നു.
നിരവധി രചനകള്‍ ശൈഖില്‍ നിന്ന് പ്രകാശിതമായി. ഗദ്യത്തിലും പദ്യത്തിലുമായി ആശയ സമ്പന്നമായ രചനകള്‍. പലതും താര്‍ത്താരികളുടെ അക്രമണത്തില്‍ നഷ്ടപ്പെട്ടു. അബ്ബാസിയ ഭരണാധികാരികളില്‍ അവസാനത്തെയാളായിരുന്ന അല്‍ മുഅ്തസ്വിമിനെ താര്‍ത്താരികള്‍ കൊലപ്പെടുത്തി. പതിനായിരക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി. ആയിരക്കണക്കിന് പണ്ഡിതവര്യരെ വകവരുത്തി. ഒട്ടനവധി ലൈബ്രറികളും പുസ്തകശാലകളും അത്യപൂര്‍വ രചനകളും കത്തിച്ചുകളഞ്ഞു. കൂട്ടത്തില്‍ ശൈഖ് ജീലാനി(റ)യുടെ നിരവധി രചനകളും നഷ്ടപ്പെട്ടു. ആത്മജ്ഞാനത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയായിരുന്നു ശൈഖിന്റെ രചനകളധികവും. ഇസ്‌ലാമിക അച്ചടക്കവും സൂഫിസവും സംസ്‌കാരവും പഠിപ്പിക്കുന്ന ഗുന്‍യത്ത് തന്നെയാണ് രചനകളില്‍ പ്രഥമ സ്ഥാനത്ത്. അല്‍ ഫത്ഹുര്‍റബ്ബാനി വല്‍ ഫൈളുര്‍റഹ്മാനി (ശൈഖവര്‍കളുടെ ജ്ഞാന സദസ്സുകളില്‍ നല്‍കിയിരുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 62 സദസ്സുകളിലായി ശൈഖവര്‍കള്‍ നടത്തിയ പ്രസംഗങ്ങള്‍ ശിഷ്യന്‍ അഫീഫുദ്ദീന്‍ ക്രോഡീകരിക്കുകയായിരുന്നു), ഫുതൂഹുല്‍ ഗൈബ് (പലപ്പോഴായി ശൈഖവര്‍കള്‍ കൈമാറിയ ഉപദേശങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളുന്നു. മകന്‍ ശൈഖ് അബ്ദുറസ്സാഖ് ക്രോഡീകരിച്ചു), അല്‍ ഫുയൂളാത്തുര്‍റബ്ബാനിയ്യ (ശൈഖവര്‍കളുടെ ഔറാദുകള്‍, ദുആകള്‍, കവിതകള്‍, സ്വലാത്തുകള്‍), ബശാഇറുല്‍ ഖൈറാത്ത് എന്നിവ ശ്രദ്ധേയ രചനകളാണ്. ഇഗാസത്തുല്‍ ആരിഫീന്‍, ആദാബുസ്സുലൂക്, തുഹ്ഫതുല്‍ മുത്തഖീന്‍, ജലാഉല്‍ ഖാത്വിര്‍, ഹിസ്ബുര്‍റജാഅ്, അല്‍ ഹിസ്ബുല്‍ കബീര്‍, യവാഖീത്തുല്‍ ഹികം, സിര്‍റുല്‍ അസ്‌റാര്‍, അത്ത്വരീഖു ഇലല്ലാഹി, അല്‍ മവാഹീബുര്‍റഹ്മാനിയ്യ തുടങ്ങിയ രചനകളും ശൈഖവര്‍കളില്‍ നിന്ന് ലഭിച്ചവയാണ്. മനുഷ്യമനസ്സുകളെ അടക്കി ഭരിക്കുന്ന പൈശാചിക ദുര്‍മേദസ്സുകളെ അടിച്ച് പുറത്താക്കാനാണ് ശൈഖിന്റെ രചനകള്‍ മുഴുവന്‍ ആവശ്യപ്പെടുന്നത്. ജീവിതത്തിന്റെ അര്‍ത്ഥവും ഭൗതിക ലോകത്തിന്റെ ശൂന്യതയും ഉള്‍ക്കൊണ്ട് കൊണ്ടായിരിക്കണം വിശ്വാസിയുടെ ജീവിതമെന്ന പാഠം നിരന്തരം ഉണര്‍ത്തുന്നതുമാണവ. നൂറുദ്ദീന്‍ അബുല്‍ ഹസന്‍ ക്രോഡീകരിച്ച ശൈഖവര്‍കളുടെ ബഹ്ജത്തുല്‍ അസ്‌റാര്‍ അത്തരത്തിലുള്ള ഉയര്‍ന്ന രചനയാണ്. തഫ്‌സീറുല്‍ ജീലാനി, അല്‍ ഹദീഖത്തുല്‍ മുസ്ത്വഫവിയ്യ (പേര്‍ഷ്യന്‍ ഭാഷ). അല്‍ ഹുജ്ജത്തുല്‍ ബൈളാഅ്, ഉംദത്തുസ്സ്വാലിഹീന്‍ തുടങ്ങിയ രചനകളെല്ലാം വിളിച്ച് പറയുന്നതും ഇതു തന്നെ.
നിരവധി സാരവത്തായ ആപ്തവാക്യങ്ങള്‍ ശൈഖിന്റേതായുണ്ട്. മനം കവരുന്നതും ചിന്തയെ ഉണര്‍ത്തുന്നതുമാണ് അവയെല്ലാം. ചിലത് ഉദ്ധരിക്കാം: ഖുര്‍ആന്‍, സുന്നത്ത് എന്നീ ചിറകുകള്‍ കൊണ്ട് പരമ സത്യത്തിലേക്ക് നീ പറക്കുക. ദുന്‍യാവിനെ ഹൃദയത്തിനുള്ളില്‍ നിന്ന് നിങ്ങളുടെ കൈകളിലേക്ക് കൊണ്ടുവരിക. എങ്കില്‍ ദുന്‍യാവ് നിങ്ങളെ പ്രയാസപ്പെടുത്തില്ല (വലിച്ചെറിയാം എന്നര്‍ത്ഥം). മൂന്ന് കാര്യങ്ങള്‍ക്ക് നീ സമയം നഷ്ടപ്പെടുത്തരുത്. നഷ്ടപ്പെട്ടതിനെ കുറിച്ച് ദുഃഖിക്കരുത്. അത് തിരിച്ച് കിട്ടിയെന്നു വരില്ല. നിന്റെ കാര്യത്തിലല്ലാതെ നീ പ്രയാസപ്പെടരുത്. ആ പ്രയാസം സഹിക്കല്‍ കൊണ്ട് ഒരു കാര്യവുമില്ല. ജനങ്ങളെ മുഴുവന്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കണ്ട. അത് നടക്കില്ല. വിശന്നവന്റെ വയറ്റിലേക്ക് ഒരു ഉരുള ഭക്ഷണം നല്‍കുന്നത് ആയിരം പള്ളി നിര്‍മിക്കുന്നതിനെക്കാള്‍ പുണ്യകരമാണ്.
മനുഷ്യാ! നീ കരുതിയ അത്ര ഭൂമുഖത്ത് ജീവിക്കുക. തീര്‍ച്ച, ഒരുനാള്‍ നീ മരിക്കും. മണിമാളികകള്‍ ഭദ്രമായി നിര്‍മിക്കുക. മണ്ണ് നിന്നെ മൂടുക തന്നെ ചെയ്യും. ദുന്‍യാവിനെ കഴിയുന്ന വിധം സ്‌നേഹിക്കുക. നീ തീര്‍ച്ചയായും ദുന്‍യാവിനോട് വിട പറയും. അപ്പോള്‍ നിന്നോട് ശത്രുത കാണിക്കും. മനുഷ്യാ! നിനക്കാവശ്യമായ ഭവനത്തിനും ഭക്ഷണത്തിനും നീ അധ്വാനിക്കുക. അതില്‍ മടികാണിക്കേണ്ട. ഭക്ഷണവും വെള്ളവും ഏറ്റെടുത്ത തമ്പുരാന്‍ അത് തരും. ഈ ലോകം മുഴുവന്‍ നീ കീഴടക്കിയാലും അല്ലാഹുവിനെ നിനക്കൊഴിവാക്കാനാവില്ല. ഈ ലോകത്തിന്റെ ചതിയില്‍ നീ കുടുങ്ങരുത്. ദുന്‍യാവ് നിന്നെ അപകടപ്പെടുത്തും. സല്‍കര്‍മങ്ങള്‍ മാത്രമേ നിനക്ക് തുണയാവൂ.
പ്രസംഗങ്ങള്‍, നിര്‍ദേശങ്ങള്‍, എഴുത്തുകള്‍, തത്ത്വജ്ഞാനങ്ങള്‍, അര്‍ത്ഥവാക്യങ്ങള്‍, പ്രാര്‍ത്ഥനകള്‍, സംഭാഷണങ്ങള്‍, ചര്‍ച്ചകള്‍ എന്നിങ്ങനെയുള്ള വിവിധ തലക്കെട്ടുകളാണ് ശൈഖവര്‍കളുടെ രചനകള്‍ ഉള്‍ക്കൊള്ളുന്നത്. പ്രസിദ്ധ രചനയായ ഗുന്‍യത്ത് കര്‍മശാസ്ത്രവും വിശ്വാസശാസ്ത്രവും സ്വഭാവ സംസ്‌കരണ ശാസ്ത്രവും ഉള്‍ക്കൊള്ളുന്ന രചനയാണ്. നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവായ മഹാന്റെ പ്രഭാഷണങ്ങള്‍ സമകാല സമൂഹത്തെയാണ് സ്വാധീനിച്ചതെങ്കില്‍ ഗ്രന്ഥങ്ങള്‍ കാലങ്ങള്‍ക്കിപ്പുറവും ജനപഥങ്ങളെ ആകര്‍ഷിച്ചുവരുന്നു.