Jamia Sa'adiya

കാലോചിതമായ പഠനപ്രക്രിയകള്‍ക്കും പ്രബോധന വീഥികള്‍ക്കും ചൂട്ടുപിടിച്ച് കേരളക്കരയിലും അതിനപ്പുറത്തും വിപ്ലവനായകത്വം വഹിച്ച പണ്ഡിത കുലപതികളില്‍ പ്രമുഖനായിരുന്നു മര്‍ഹൂം നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. 2015 ഫെബ്രുവരി 17 ചൊവ്വാഴ്ച വഫാതാകുന്ന വേളയില്‍ പ്രായം തൊണ്ണൂറ്റി നാലായിരുന്നെങ്കിലും ആ മഹാമനീഷിയുടെ ബുദ്ധികൂര്‍മതക്കും തത്ത്വചിന്തകള്‍ക്കും നേതൃശേഷിക്കും അന്നുവരെ ഉടവു തട്ടിയിരുന്നില്ലെന്നത് അത്ഭുതാവഹമാണ്. ആത്മാര്‍ത്ഥമായ ദീനീ സേവനത്തിന് റബ്ബിന്‍റെ ഔദാര്യമെന്നേ അതേക്കുറിച്ച് വിലയിരുത്താനുള്ളൂ.

പണ്ഡിത ശ്രേഷ്ഠരുടെ കൂട്ടായ്മയായ ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ ബഹുജന പ്രസ്ഥാനമായി സമസ്ത കേരള സുന്നി യുവജന സംഘം (എസ്വൈഎസ്) എന്ന ആശയവും അതിന്‍റെ ഉത്ഭവവും എംഎ ഉസ്താദിന്‍റെ ധിഷണ കൂടി ഉള്‍പ്പെട്ടതിന്‍റെ പരിണതിയായിരുന്നുവെന്ന വസ്തുതയും വിസ്മരിക്കാനാകില്ല. മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം സമസ്തയുടെ പണ്ഡിതമഹത്തുക്കളില്‍ രൂഢമൂലമായപ്പോള്‍ അതിന്‍റെ മുന്‍നിരയിലും ഈ പണ്ഡിത ശ്രേഷ്ഠനായിരുന്നു.

താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി പ്രസിഡന്‍റും മൗലാന എംഎ ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ അന്നത്തെ അവിഭക്ത കണ്ണൂര്‍ ജില്ലാ പണ്ഡിത സഭയുടെ കീഴില്‍ മേല്‍ ആശയം നടപ്പിലാക്കാന്‍ ജില്ലയില്‍ ഒരു സമന്വയ വിദ്യാഭ്യാസ സ്ഥാപനത്തിനായി സാധ്യതയും ഇടവും അന്വേഷിക്കുകയുണ്ടായി. ഈ സമയത്താണ് പൗരപ്രമുഖനും പ്രമാണിയുമായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്വന്തം വീട്ടില്‍ തന്‍റെ പൂര്‍ണ ചെലവിലും അധീനതയിലും നടത്തിവന്നിരുന്ന കീഴൂര്‍ മര്‍ഹൂം സഈദ് മുസ്ലിയാരുടെ നാമധേയത്തിലുള്ള സംരംഭം താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും കരങ്ങളില്‍ ഏല്‍പിക്കുന്നത്. ഒപ്പം ദേളി മൊട്ടക്കുന്നില്‍ കാടുകേറിക്കിടക്കുന്ന രണ്ടര ഏക്കറും അതിനോട് ചേര്‍ന്ന് തന്‍റെ തന്നെ അധീനതയിലുള്ളതും എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ അതുവരെ സര്‍ക്കാറില്‍ നിന്ന് പട്ടയം കിട്ടാത്തതും ഇനിയൊട്ടും ലഭിക്കുമെന്ന പ്രതീക്ഷയില്ലാത്തതുമായ രണ്ടര ഏക്കറുമുള്‍പ്പെടെ അഞ്ചേക്കറും വരുമാനത്തിനായി കാസര്‍കോട് നഗരത്തിലെ ഫിര്‍ദൗസ് ബസാറില്‍ അഞ്ച് മുറിപ്പീടികയും ഏല്‍പിച്ചു. താന്‍ വഖ്ഫായി സമുദായത്തിനു നല്‍കുന്ന ഈ സംരംഭത്തിന്‍റെ നടത്തിപ്പുകാരന്‍ (നാളിര്‍) എംഎ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തന്നെ ആയിരിക്കണമെന്ന നിബന്ധന കൂടി ഹാജി സാഹിബ് മുന്നോട്ടു വച്ചിരുന്നു.

ഹാജി സാഹിബിന്‍റെ ആ കൈമാറ്റ രേഖയില്‍ എംഎ ഉസ്താദ് എന്ന സാത്വിക ശ്രേഷ്ഠന്‍ അന്ത്യംവരെ ‘നാളിറാ’യിരുന്നു. ഹാജിയുടെ ആ നിബന്ധനയും ആഗ്രഹവും ഒരമാനത്തെന്നോണം കൊണ്ടുനടന്നതിനാലാണ് നൂറുല്‍ ഉലമ അന്ത്യം വരെ, സഅദിയ്യയിലെ തന്‍റെ എളിയ സ്ഥാനത്തെ ചൂണ്ടി പലരും പരിഹസിച്ചിട്ടും അതൊന്നും വകവെക്കാതെ മാനേജര്‍ തസ്തികയില്‍ തുടര്‍ന്നു സഅദിയ്യയെ നയിച്ചതെന്ന യാഥാര്‍ത്ഥ്യം കൂടി ചേര്‍ത്തുവെക്കേണ്ടതുണ്ട്. മര്‍ഹൂം അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ് സദുദ്ദേശ്യ പ്രകാരം ഏതൊരു ലക്ഷ്യത്തിന് ആരുടെ കരങ്ങളിലേക്കാണോ സഅദിയ്യയെ ഏല്‍പിച്ചത് നീണ്ട നാലു ദശാബ്ദക്കാലത്തോളം ആ വിശുദ്ധ ഹസ്തങ്ങളില്‍ തന്നെ അത് സുഭദ്രമായി നിലനിന്നു. താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും നിര്യാണത്തിനു ശേഷം അവരുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരുടെ കൈകളില്‍ ഇന്നും സ്ഥാപനം സുരക്ഷിതമാണെന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

സുന്നികള്‍ സ്ഥാപിച്ചതും മൗദൂദികള്‍ തട്ടിയെടുത്തതുമായ ഒരു  സ്ഥാപനമുള്ള  കാസര്‍കോട് താലൂക്കിലെ ചെമ്മനാട് പഞ്ചായത്തില്‍ തന്നെ കെട്ടുറപ്പുള്ളതും തഖ്വയിലധിഷ്ഠിതമായതും വിശ്വാസത്തിന്‍റെ തായ്വേരിനാല്‍ ഊട്ടിയുറപ്പിക്കപ്പെട്ടതുമായ ആദര്‍ശ നേതൃത്വത്തിനു കീഴില്‍ തെന്നിന്ത്യയിലെ അല്‍അസ്ഹറായി തന്‍റെ സ്ഥാപനം വളര്‍ന്നു പന്തലിക്കണമെന്നാഗ്രഹിച്ച സാധാരണക്കാരനായിരുന്നു ഹാജി സാഹിബ്. അദ്ദേഹത്തിന്‍റെ അഭിലാഷം പോലെ ജാമിഅ സഅദിയ്യ അറബിയ്യ വളര്‍ന്നത് താജുല്‍ ഉലമയുടെ ആത്മീയ പിന്‍ബലത്തിലും മൗലാന എംഎ ഉസ്താദിന്‍റെ അക്ഷീണമുള്ള പ്രയത്നത്താലുമാണെന്നത് പകല്‍ പോലെ വ്യക്തമായ യാഥാര്‍ത്ഥ്യമാണ്.

സുന്നി പണ്ഡിതര്‍ ഇംഗ്ലീഷ് ഭാഷാ വിരോധികളും അതിന്‍റെ വഴിമുടക്കികളുമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന ബിദഇകളുടെ വായയടപ്പിച്ചുകൊണ്ട് സിബിഎസ്ഇയുടെ അംഗീകാരം നേടിയെടുത്തുകൊണ്ട് സുന്നി സംഘകുടുംബത്തിനകത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്ന ബഹുമതിയും സഅദിയ്യക്ക് എംഎ ഉസ്താദിലൂടെ സ്വന്തമായി.

താന്‍ മുന്‍കയ്യെടുത്ത് ആദര്‍ശ കേരളത്തിന് സമ്മാനിച്ച ഏറ്റവും വലിയ ധാര്‍മിക ബഹുജന പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജന സംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റ് പദവി 1983 തൊട്ട് തൊണ്ണൂറുകളുടെ അവസാനം വരെ കയ്യാളുമ്പോഴും, തന്‍റെ ആസൂത്രണത്തില്‍ ജന്മമെടുത്ത സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അമരത്ത് 1951 മുതല്‍ 1989 വരെ നിലയുറപ്പിച്ചപ്പോഴും മറ്റു നിരവധി സംഘടനാ സാരഥ്യമേറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോഴും സഅദിയ്യയുടെ ഉത്ഭവത്തിനു ശേഷം എല്ലാം ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ ഈ കുശാഗ്ര ബുദ്ധിശാലിക്ക് ഒരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ല. സമയക്കുറവ് എന്നൊരു പരാമര്‍ശം മഹാനവര്‍കള്‍ക്ക് അപരിചിതമായിരുന്നു. തൊണ്ണൂറിന്‍റെ തുടക്കത്തോടെ പിറവിയെടുത്ത സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അഖിലേന്ത്യാ സാരഥ്യവും എംഎ എന്ന എളിയ മനുഷ്യനില്‍ കാലങ്ങളോളം അര്‍പ്പിതമായതും കാലം ഏല്‍പിച്ച വിശ്വസ്തതക്കും പ്രാവീണ്യത്തിനും തെളിവായി.

അര്‍ത്ഥവ്യാപ്തിയുള്ളതും ഹൃദയസ്പൃക്കുമായ അളന്നുമുറിച്ച പ്രഭാഷണ ചാരുതയും മലയാളം, അറബി, ഉറുദു ഭാഷകളിലായി ആനുകാലികങ്ങളിലെ നിരന്തര എഴുത്തുകളും വിലപ്പെട്ട നിരവധി ഗ്രന്ഥ രചനകളുമെല്ലാം സമയബന്ധിതവും കൃത്യവുമായി കൊണ്ടുനടക്കാന്‍ സൗഭാഗ്യം സിദ്ധിച്ച ഒരപൂര്‍വ വ്യക്തിപ്രഭാവത്തിനുടമയാണ് എംഎ ഉസ്താദ്. അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതമടക്കം ടൈം ടേബിളിനു വിധേയമായിരുന്നു. അധികമാര്‍ക്കും ഇങ്ങനെയൊരു വ്യക്തവും ക്ലിപ്തവുമായ ജീവിതക്രമം രൂപപ്പെടുത്തി തദനുസൃതം ഗമിക്കാന്‍ കഴിയില്ലെന്നുറപ്പാണ്.

പള്ളിദര്‍സുകളിലും ഓത്തുപള്ളികളിലും മാത്രം ഒതുങ്ങിക്കൂടേണ്ടവരും നാട്ടുപ്രമാണിമാരുടെയും ധനികരുടെയും വീട്ടുപടിക്കല്‍ അവരുടെ ഔദാര്യത്തിനു കേഴേണ്ടവരുമാണ് മതപണ്ഡിതരെന്ന മിഥ്യാധാരണ വ്യാപകമായ കാലത്ത് ഈ മഹാമനീഷി അരുതായ്മകളുടെ അരികു പറ്റുന്നതിനെതിരെ പല പ്രഭുക്കളോടും ധര്‍മപോരാട്ടം നടത്തി മതപരിജ്ഞാനിയുടെ കടമയെന്താണെന്ന് സധീരം പ്രകടമാക്കി. എസ്വൈഎസും വിദ്യാഭ്യാസ ബോര്‍ഡും ജാമിഅ സഅദിയ്യയുമെല്ലാം അതിന്‍റെ ജീവിക്കുന്ന തെളിവുകളാണ്.

1978-ല്‍ കല്ലട്രയില്‍ നിന്നേറ്റുവാങ്ങിയ ഒരു കൊച്ചു സംരംഭം ഏറ്റെടുത്ത് അഞ്ചു പതിറ്റാണ്ടു പിന്നിടുമ്പോള്‍ തെന്നിന്ത്യയിലെ അല്‍അസ്ഹറായി ഇന്ന് ജാമിഅതുസ്സഅദിയ്യതുല്‍ അറബിയ്യ വികാസം പ്രാപിച്ചുവെന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. അതിന്‍റെ പിന്നിലെ ചാലകശക്തികള്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ എന്ന നിഷ്കാമ കര്‍മികളാണെന്ന് ആര്‍ക്കും നിഷേധിക്കാനാകില്ല.

മൗലവി ഫാളില്‍ സഅദി ബിരുദവും അനന്തരം അനിവാര്യമായ പിജി കോഴ്സ് നല്‍കുന്നതും അറബി, ഉറുദു ഭാഷാപ്രാവീണ്യം ലഭിക്കുന്നതുമായ ശരീഅത്ത് കോളേജ്, ഇംഗ്ലീഷില്‍ എം.എ. അല്ലെങ്കില്‍ എംകോം ഡിഗ്രിക്കൊപ്പം സഅദി ബിരുദവും നല്‍കുന്ന ദഅ്വ കോളേജ് എന്നീ സ്ഥാപനങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ സഅദിയ്യ ക്യാമ്പസില്‍ ജൂനിയര്‍ ശരീഅത്ത് കോളേജ്, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്, ബോയ്സ് ഓര്‍ഫനേജ്, ഗേള്‍സ് യതീംഖാന, ഹോംകെയര്‍ ഫോര്‍ ഓര്‍ഫന്‍ തുടങ്ങി മുപ്പത്തിയാറോളം സ്ഥാപന സംരംഭങ്ങള്‍ അമ്പതോളം ഏക്കര്‍ ഭൂമിയിലായി പരന്നുകിടക്കുന്നു.

ഉത്തരദേശത്തുകാര്‍ എന്നും ഭരണാധികാരികളാലും ഉദ്യോഗസ്ഥരാലും അവഗണന മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരായതിനാല്‍ വിദ്യാഭ്യാസ രംഗത്തടക്കം ഈ പ്രദേശത്തുകാര്‍ പിന്നാക്കത്തിലായിരുന്നു. ഇന്നത് മാറി വിദ്യാഭ്യാസ വിപ്ലവത്തിന്‍റെയും മത സാമൂഹിക സാംസ്കാരിക ഉന്നമനത്തിന്‍റെയും ധാര്‍മികതയുടെയും വീരഗാഥകള്‍ പാടുകയാണ്. ചരിത്രത്തിന്‍റെ സ്വര്‍ണലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ട ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ജാമിഅ സഅദിയ്യ അറബിയ്യയും അതിനു നേതൃത്വം നല്‍കുന്ന സുന്നി സംഘകുടുംബവും വഹിച്ച നിര്‍ണായകമായ പങ്ക് നിഷേധിക്കാന്‍ ആര്‍ക്കാവും! ദൗത്യനിര്‍വഹണം പൂര്‍ത്തിയായെന്നോ ഇവിടെ വച്ച് അവസാനിപ്പിക്കാനായെന്നോ അല്ല പറഞ്ഞുവരുന്നത്. അര നൂറ്റാണ്ടാഘോഷത്തിന്‍റെ നിറവില്‍ ആഹ്ലാദിക്കുമ്പോഴും ആധുനികതയുടെ കണ്ണഞ്ചിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ടെക്നോളജി വികാസത്തെ എങ്ങനെ ധാര്‍മിക പുരോഗതിക്കും മതപ്രബോധനത്തിനും ഉപയോഗപ്പെടുത്താമെന്ന് ആലോചിച്ച് ഓരോ പദ്ധതിയും നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സഅദിയ്യ നേതൃത്വം. അല്ലാഹു അനുഗ്രഹിക്കട്ടെ.

You May Also Like
Shaikh Rifaee R

ശൈഖ് രിഫാഈ(റ): ആത്മീയ ലോകത്തെ ജ്ഞാനചക്രവര്‍ത്തി

ആത്മീയ ലോകത്തെ മഹാഗുരുവാണ് ശൈഖ് രിഫാഈ(റ). ജ്ഞാനം, ഭക്തി, സ്വഭാവം, സഹജീവി സ്നേഹം, രചന, ശിഷ്യ…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്
Rifaee Mala

രിഫാഈ മാലയുടെ വരിയും വായനയും

ഇസ്ലാമിലെ ആധ്യാത്മിക താവഴിയില്‍ ശ്രദ്ധേയരായ ശൈഖ് അഹ്മദ് കബീറുര്‍രിഫാഈ(റ)യുടെ പേരില്‍ വിരചിതമായ കാവ്യ കീര്‍ത്തനമാണ് രിഫാഈ…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍
Sufism

സൂഫിയുടെ അകവും തികവും

ഇസ്ലാമികാദര്‍ശത്തിന്‍റെ അടിവേരുറക്കേണ്ടത് ഹൃദയത്തിലാണ്. ആദര്‍ശത്തിന്‍റെ സ്വാധീനത്താല്‍ ഉയിരെടുക്കുന്ന പ്രവര്‍ത്തനവും പ്രയോഗവുമാണ് വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്. മനസ്സറിഞ്ഞും ഹൃദയത്തിലുറച്ചും…

● അലവിക്കുട്ടി ഫൈസി എടക്കര