Shaikh Jeelani (R)

‘അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടത് പരോപകാരിയായ വ്യക്തിയാണ്’- തിരുനബി(സ്വ). സ്വാന്തന പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം വലിയ പ്രാധാന്യം നല്‍കിയിട്ടിണ്ട്. അല്ലാഹുവിന്‍റെ സാമീപ്യം കരസ്ഥമാക്കാനും നന്മയുടെ വഴിയില്‍ മുന്നേറാനും സ്വാന്തന  പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് സഹായകമാകും. പ്രയാസങ്ങളുടെയും ഇല്ലായ്മയുടെയും വേലിയേറ്റത്തില്‍പെട്ട് വെന്തുനീറുന്നവരെ സ്വന്തനത്തിന്‍റെ കുളിരണിയിക്കുമ്പോള്‍ ബന്ധങ്ങള്‍ ദൃഢമാവുകയും കെട്ടുറപ്പുള്ള സമൂഹം സൃഷ്ടിക്കപ്പെടുകയും ചെയ്യും.

സൂറത്തുല്‍ ഹജ്ജില്‍ അല്ലാഹു ഇപ്രകാരം വസ്വിയ്യത്ത് ചെയ്യുന്നത് കാണാം: ‘സത്യവിശ്വാസികളേ, സുജൂദ്, റുകൂഅ് എന്നിവ നിര്‍വഹിച്ച് നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. അതോടൊപ്പം മറ്റു നന്മകളും പ്രവര്‍ത്തിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാം.’ പ്രമുഖ സ്വഹാബിവര്യനായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) ഈ ആയത്ത് വ്യാഖ്യാനിച്ചതിങ്ങനെ: കുടംബ ബന്ധം ചേര്‍ക്കുക, അപരന്‍റെ ആവശ്യം നിറവേറ്റുക എന്നീ ഉത്തമ സ്വഭാവത്തിലൂടെയാണ് നന്മ ചെയ്യല്‍ സാധ്യമാവുക.’

സ്വാര്‍ത്ഥത വിശ്വാസിയുടെ സ്വഭാവമല്ല. സ്വന്തം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് ആഗ്രഹിക്കുന്നതു പോലെ അപരന്‍റെ ആവശ്യനിര്‍വഹണവും അഭിലഷിക്കണം. അത്തരമൊരു വിതാനത്തിലേക്കുയരുമ്പോള്‍ മാത്രമാണ് വിശ്വാസ പൂര്‍ണത കൈവരിക്കുക. വേദനയുടെ തീച്ചൂളയില്‍ ഉരുകി കഴിയുന്ന സഹജീവികളെ കണ്ടില്ലെന്നു നടിക്കുന്നവനെ ഇസ് ലാം പരിഗണിക്കുന്നേയില്ല. അയല്‍വീട്ടിലെ അടുപ്പ് പുകയുന്നോ എന്ന് ചിന്തിക്കാന്‍ വളരെ കാര്‍ക്കശ്യത്തോടെ മതം കല്‍പ്പിക്കുന്നു.

ഖുദ്സിയായ ഹദീസില്‍ കാണാം:  ‘അല്ലാഹു അന്ത്യദിനത്തില്‍ അടിമയോട് പറയും; മനുഷ്യാ, ഞാന്‍ രോഗിയായിട്ട് എന്തുകൊണ്ട് നീ എന്നെ സന്ദര്‍ശിച്ചില്ല?

അപ്പോള്‍ അത്ഭുതത്തോടെ അടിമ ചോദിക്കും: ലോക രക്ഷിതാവായ നീ എങ്ങനെ രോഗിയാകും?

അല്ലാഹു: ഇന്നാലിന്നയാള്‍ രോഗഗ്രസ്ഥനായപ്പോള്‍ നീ അവനെ സന്ദര്‍ശിച്ച് സ്വാന്തനം നല്‍കിയില്ലല്ലോ? ചെയ്തിരുന്നുവെങ്കില്‍ എന്‍റെ സഹായം നിനക്ക് ലഭിക്കുമായിരുന്നു.

അല്ലാഹു: ഞാന്‍ ഭക്ഷണമാവശ്യപ്പെട്ടിട്ട് നീ നല്‍കിയില്ലല്ലോ?

അടിമ: പ്രപഞ്ച സ്രഷ്ടാവായ നിനക്ക് ഞാനെങ്ങനെ ഭക്ഷണം തരും?

അല്ലാഹു: എന്‍റെ ആ അടിമ വിശന്നുവലഞ്ഞപ്പോള്‍ അല്‍പം ഭക്ഷണം നിനക്ക് എത്തിച്ച് കൂടായിരുന്നോ?

അല്ലാഹു: വെള്ളമാവശ്യപ്പെട്ട് ഞാന്‍ നിന്നെ സമീപിച്ചപ്പോള്‍ നീ നല്‍കിയില്ലല്ലോ?

അടിമ: ഉടമയായ നിനക്കെങ്ങനെ ഞാന്‍ വെള്ളം നല്‍കും?

അല്ലാഹു: എന്‍റെ അടിമകള്‍ വെള്ളത്തിനു പ്രയാസപ്പെട്ടപ്പോള്‍ നിനക്കവരെ സഹായിച്ച് കൂടായിരുന്നോ?

സ്വാന്തന പ്രവര്‍ത്തനത്തിന്‍റെ മൂല്യമാണ് ഈ തിരുവചനവും പ്രകാശിപ്പിക്കുന്നത്. മനുഷ്യരോട് മാത്രമല്ല, ഇതര ജീവികളോടും കാരുണ്യത്തോടെ പെരുമാറണം. രാത്രിയില്‍ നിസ്കാരവും പകലില്‍ നോമ്പുമായി ഇബാദത്തില്‍ മുഴുകി ജീവിച്ച സ്ത്രീ നരകത്തില്‍ പ്രവേശിക്കാന്‍ കാരണം പൂച്ചയെ ഭക്ഷണം നല്‍കാതെ കെട്ടിട്ടിതായിരുന്നു. ഭക്ഷണം തേടിപ്പിടിക്കാന്‍ അതിനെ അഴിച്ചു വിട്ടതുമില്ല. ആ സാധു ജീവി ചത്തു. അധര്‍മത്തില്‍ അഭിരമിച്ച വ്യക്തി കിണറ്റിന്‍ കരയില്‍ ദാഹം മൂലം നായ നനഞ്ഞ മണ്ണ് കപ്പുന്നത് ശ്രദ്ധിച്ചു. നായയുടെ തീവ്രദാഹം മനസ്സിലാക്കി അദ്ദേഹം കിണറ്റിലിറങ്ങി കാലുറയില്‍ വെള്ളം നിറച്ച് അതിന് പകര്‍ന്നു. അതു കാരണം അദ്ദേഹം സ്വര്‍ഗാവകാശിയുമായി.

ശൈഖ് ജീലാനി(റ)ന്‍റെ ജീവചരിത്രം പഠിക്കുമ്പോള്‍ സാന്ത്വനത്തിന്‍റെ നിരവധി മഹനീയ മാതൃകകള്‍ കാണാനാകും. അധ്യാത്മിക ലോകത്തെ ഗിരിശിഖരങ്ങള്‍ കീഴടക്കി ഔലിയാക്കളുടെ നേതാവായി മാറിയ അവിടുന്ന് സര്‍വതലസ്പര്‍ശിയായ മഹാപ്രതിഭയായിരുന്നു. ഇരുപതോളം കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച മഹാന്‍ വിജ്ഞാന ലോകത്ത് മഹാത്ഭുതം തന്നെയായിരുന്നു.

അധ്യാത്മിക പ്രസരണത്തോടൊപ്പം സമൂഹത്തിന്‍റെ ആശാ കേന്ദ്രമായി മാറിയെന്നത് ശൈഖ് ജീലാനി(റ)ന്‍റെ പ്രത്യേകതയാണ്. അവിടുന്ന് പ്രകടിപ്പിച്ച സമര്‍പ്പണ മനോഭാവം സമകാലത്ത് നിരവധി സാമൂഹിക മാറ്റങ്ങള്‍ വരുത്തുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുയരാന്‍ ഏറെ സഹായകവുമായി.

അഗതികളെയും അശരണരെയും സ്വന്തമായി കണ്ട് അവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നതില്‍ പ്രത്യേക അനുഭൂതിയും ആശ്വാസവും കണ്ടെത്തി മഹാന്‍. അവരുടെ ജീവിത വഴിയില്‍ സ്വാന്തന സ്പര്‍ശവുമായി അദ്ദേഹം കടന്നുചെന്നു. പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കാന്‍ നന്നായി ശ്രദ്ധിച്ചു.

ശൈഖിന്‍റെ മകന്‍ ഒരു സംഭവം വിവരിക്കുന്നു: ‘പിതാവിന്‍റെ നേതൃത്വത്തില്‍ ഹജ്ജ് യാത്രയിലായിരുന്നു ഞങ്ങള്‍. വഴിമധ്യേ ‘ഹല്ല’ എന്ന സ്ഥലത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. താമസിക്കാനായി അവിടുത്തെ പരമ ദരിദ്രന്‍റെ വീട് കണ്ടെത്താന്‍ ശൈഖ് കല്‍പ്പിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ശിഷ്യന്മാര്‍ ഒരു ചെറ്റക്കുടില്‍ കണ്ടെത്തി. പരമ ദരിദ്രനായ ഒരു കിഴവനും ഭാര്യയും ചെറിയ മക്കളുമായിരുന്നു അതിലെ താമസക്കാര്‍. അവിടെ താമസിക്കാന്‍ ശൈഖ് സമ്മതം ചോദിച്ചു. വലിയ സന്തോഷത്തോടെ അവര്‍ സമ്മതിച്ചു. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഈ കുടിലില്‍ ശൈഖ് താമസിക്കുന്നത് നാട്ടിലെ പ്രമാണിമാരെയും പണ്ഡിത പ്രമുഖരെയും അലോസരപ്പെടുത്തി. പക്ഷേ ശൈഖവര്‍കള്‍ അവിടെ തന്നെ തുടര്‍ന്നു.  ശൈഖിന്‍റെ സാന്നിധ്യം ആ കൊച്ചു കുടിലിനെയും പരിസരത്തെയും ജന നിബിഢമാക്കി. നിരവധി സമ്മാനങ്ങള്‍ ഇഷ്ടജനങ്ങള്‍ ശൈഖിന് അര്‍പ്പിച്ചു. തിരിച്ചു പോകുമ്പോള്‍ സ്വര്‍ണവും വിലപിടിച്ച ഹദ് യകളുമെല്ലാം ശൈഖ് വീട്ടുകാര്‍ക്ക് നല്‍കി. ജീവിതാവശ്യങ്ങള്‍ക്കു നന്നേ പ്രയാസപ്പെട്ടിരുന്ന ആ കുടുംബം പ്രദേശത്തെ ഭേദപ്പെട്ട സമ്പന്നരായി മാറി.’

പരശ്ശതം ജനങ്ങള്‍ക്ക് തണല്‍ വിരിക്കുന്ന വടവൃക്ഷമായിരുന്നു ശൈഖ് ജീലാനി(റ). കനി നല്‍കുന്ന വൃക്ഷത്തിലേക്കെന്ന പോലെ ആ തിരു സന്നിധിയിലേക്ക് ജനങ്ങളൊഴുകി. പതിനായിരങ്ങള്‍ ക്ക് സാന്ത്വനത്തിന്‍റെ തൂവല്‍ സ്പര്‍ശം നല്‍കാന്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച കറാമത്തുകള്‍ അദ്ദേഹം ഉപയോഗപ്പെടുത്തി. ആത്മീയോല്‍ക്കര്‍ഷം നേടിയവര്‍ സമൂഹത്തെ സ്വന്തം കുടുംബമായാണ് കാണുക.

ആത്മീയ രംഗത്തെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ കഴിയണം. മഹാനവര്‍കളെ പഠിക്കുമ്പോള്‍ സംഭവങ്ങള്‍ നിരവധി കാണാം. ശൈഖ് ഖസ്ര്‍ അല്‍ഹുസൈനി പറയുന്നു: ‘പതിമൂന്ന് വര്‍ഷത്തോളം ഞാന്‍ ശൈഖ് ജീലാനി(റ)യുടെ സേവകനായിരുന്നു. നിരവധി അസാധാരണ സംഭവങ്ങള്‍ മഹാനില്‍ നിന്ന് ഞാന്‍ കണ്ടിട്ടുണ്ട്. വൈദ്യശാസ്ത്രം കൈമലര്‍ത്തിയ നിരവധി രോഗികള്‍ക്ക് അവിടുന്ന് ശമനം നല്‍കി. രോഗികളെ കൊണ്ടുവരുമ്പോള്‍ അദ്ദേഹം അവര്‍ക്കു വേണ്ടി പ്രത്യേകം ദുആ ചെയ്യും. അവിടുത്തെ കൈ രോഗിയുടെ ശരീരത്തില്‍ വെക്കും. അതോടെ രോഗമുക്തനായി അയാള്‍ എഴുന്നേറ്റു നില്‍ക്കും. ഒരിക്കല്‍ ഭരണാധികാരിയായ മുസ്തന്‍ജിദ് ബില്ലാഹിയുടെ കുടുംബത്തില്‍ നിന്നൊരാളെ ശൈഖിന്‍റെ സന്നിധിയില്‍ കൊണ്ടുവന്നു. ഉദരം വീര്‍ക്കുന്ന രോഗമായിരുന്നു അയാള്‍ക്ക്. ശൈഖ് തന്‍റെ കൈ ഉദരത്തില്‍ വെച്ചതോടെ രോഗം ഭേദമായി (ബഹ്ജ).

ശൈഖ് അബൂസഈദ് അബ്ദുല്ലാഹില്‍ അസ്ജി(റ) കുറിച്ചു: പതിനാറു വയസ്സുള്ള എന്‍റെ പുത്രി ഫാത്വിമയെ പെട്ടെന്നൊരു ദിനം കാണാതായി. അവള്‍ വീടിനു മുകളില്‍ കയറിയതായിരുന്നു. പൊടുന്നനെയുള്ള അവളുടെ തിരോധനം ഞങ്ങളെ സങ്കടത്തിലാഴ്ത്തി. പരാതിയുമായി ഞാന്‍ ശൈഖിനെ സമീപിച്ചു. അവിടുന്ന് പറഞ്ഞു: ‘നീ കര്‍ഖ് പ്രദേശത്തെ തരിശ് ഭൂമിയില്‍ പോവുക. അവിടെ അഞ്ചാമത്തെ കുന്നിനു സമീപം ഇരിക്കുക. എന്നിട്ടു മണ്ണില്‍ ഒരു വൃത്തം വരക്കുക. ‘ അലാ നിയ്യത്തി അബ്ദില്‍ ഖാദിര്‍’ എന്ന് ബിസ്മിക്ക് ശേഷം ചൊല്ലുകയും ചെയ്യുക. എന്നിട്ടവിടെ കാത്തിരിക്കുക. ഇരുള്‍ മുറ്റിയാല്‍ സംഘമായി ജിന്നുകള്‍ വരും. ഭയപ്പെടേണ്ട. ജിന്നുകളുടെ തലവന്‍ അവിടെ വരും. അദ്ദേഹം നിന്നെ കാണുമ്പോള്‍ ആകമനോദ്ദേശ്യം ചോദിക്കും. അപ്പോള്‍  ശൈഖ് ജീലാനി അയച്ചതാണെന്ന് പറഞ്ഞ് പുത്രിയുടെ തിരോധനത്തെ കുറിച്ചറിയിക്കുക.’

ശൈഖ് പറഞ്ഞ പോലെ അദ്ദേഹം ചെയ്തു. രാത്രിയുടെ ആദ്യ പാതത്തില്‍ ഏതാനും ജിന്നുകള്‍ അതുവഴി പോയി. പക്ഷേ വൃത്തത്തിനുള്ളില്‍ കടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പിന്നെ വിവിധ സംഘങ്ങളായി ജിന്നുകള്‍ അതുവഴി സഞ്ചരിച്ചു. അവസാനം കുതിരപ്പുറത്തേറി അവരുടെ തലവന്‍ വന്നു. അകമ്പടിയായി നിരവധി ജിന്നുകളുണ്ട്. വൃത്തത്തിനരികെ വന്ന് എന്നോട് ചോദിച്ചു: ‘താങ്കള്‍ക്ക് എന്താണ് വേണ്ടത്?’

ഞാന്‍ പറഞ്ഞു: ‘എന്നെ ശൈഖ് ജീലാനി അയച്ചതാണ്.’

ശൈഖിന്‍റെ നാമം കേട്ടയുടനെ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി അദ്ദേഹം മണ്ണ് ചുംബിച്ചു. ശേഷം എന്‍റെ ആവശ്യം ചോദിച്ചറിഞ്ഞു. ഉടന്‍ എനിക്കെന്‍റെ പുത്രിയെ തിരികെ കിട്ടി. കുഴപ്പക്കാരനായ ഒരു ജിന്ന് തട്ടിക്കൊണ്ടു വന്നതായിരുന്നു അവളെ. അവനെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു (ജാമിഉ കറാമാതില്‍ ഔലിയാഅ്).

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര