Relief & Charity in Islam

ദാരതയാണ് വിശ്വാസത്തിന്‍റെ താല്‍പര്യം. പ്രതിഫലേച്ഛയില്ലാത്ത ദാനം വിശ്വാസിയെ ഉന്നതനാക്കുന്നു. പതിതന്‍റെ പഞ്ഞമറിഞ്ഞ് സഹായിക്കാന്‍ കരുണാ മനസ്കര്‍ക്കേ സാധിക്കൂ. സംഘകുടുംബവും സഹകാരികളും സാന്ത്വന പ്രവര്‍ത്തനങ്ങളിലൂടെ ഈ ധര്‍മമാണ് പുലര്‍ത്തുന്നത്. സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്‍റെ തുടര്‍ച്ചയാണ്. അകം നീറുമ്പോഴും പ്രസന്നവദനരായി മറ്റുള്ളവരുടെ ക്ഷേമം തിരക്കുന്നവരാണ്, കാംക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തകര്‍. അവര്‍ക്ക് മാതൃകയേകുന്ന ചില ചരിത്രത്താളുകള്‍ കുറിക്കാം.

ഭാരം കൂടിയ ഭാണ്ഡം

ബഹ്റൈനില്‍ നിന്ന് കുറേയധികം പണം വരികയുണ്ടായി. മദീനാ പള്ളിയില്‍ കൂമ്പാരമായി അത് കൂട്ടിയിട്ടിരിക്കുകയാണ്. മുമ്പും പലയിടങ്ങളില്‍ നിന്നും നബി(സ്വ)ക്ക് ധനം വന്നിട്ടുണ്ടെങ്കിലും ഇത് പക്ഷേ, വളരെ കൂടുതലുണ്ടായിരുന്നു. വൈകാതെ നബി(സ്വ) പള്ളിയിലേക്ക് കയറിവന്നു. പണക്കൂമ്പാരം ശ്രദ്ധിക്കാതെ നേരെ നിസ്കാരത്തില്‍ പ്രവേശിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ കൂമ്പാരത്തിനടുത്ത് വന്നിരുന്നു. അവിടെ വന്നവര്‍ക്കെല്ലാം ഇഷ്ടാനുസാരം എടുത്തുനല്‍കി. അപ്പോഴതാ കയറി വരുന്നു അബ്ബാസ്(റ).

‘എനിക്കും വേണം തിരുദൂതരേ’- അദ്ദേഹം പറഞ്ഞു.

‘വേണ്ടുവോളം എടുത്തോളൂ’

ഇതുകേട്ട അബ്ബാസ്(റ) ഒരു വലിയ മുണ്ട് വിരിച്ച് അതില്‍ വാരിക്കെട്ടി. ആ വലിയ ഭാണ്ഡം ഒറ്റക്ക് പൊക്കാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല.

‘ആരോടെങ്കിലും ഇതൊന്ന് പൊക്കി എന്‍റെ ചുമലില്‍ കയറ്റിത്തരാന്‍ പറയൂ റസൂലേ’

അബ്ബാസ്(റ) ദൈന്യതയോടെ ആവശ്യപ്പെട്ടു.

‘നിങ്ങളത് പൊക്കി എന്‍റെ ചുമലില്‍ വെച്ച് തരൂ. ഞാന്‍ വീട്ടിലെത്തിച്ചുതരാം.’ നബി(സ്വ)യുടെ പ്രതികരണം.

അബ്ബാസ്(റ) തയ്യാറായില്ല. ഇങ്ങനെ രണ്ടു തവണ ആവശ്യവും പ്രതികരണവും ആവര്‍ത്തിച്ചു. അപ്പോഴൊക്കെ ഭാണ്ഡത്തില്‍ നിന്ന് കുറേശ്ശെ ഭാരം കുറച്ചുനോക്കി. അവസാനം ഒരുവിധം അബ്ബാസ്(റ) തന്നെ സ്വയം പൊക്കി തലയിലേറ്റി നടന്നകലുമ്പോള്‍ കാണാമറയത്തെത്തുവോളം കണ്ണിമ വെട്ടാതെ നബി(സ്വ) നോക്കിനില്‍ക്കുന്നുണ്ടായിരുന്നു (ഖസ്ത്വല്ലാനി-മവാഹിബുല്ലദുന്നിയ്യ 2/371).

 

ഇഷ്ടപ്പെട്ട പുതപ്പ്

സ്വന്തമായി നെയ്തുണ്ടാക്കിയ മുണ്ട് ഒരു സ്ത്രീ നബി(സ്വ)ക്ക് സമ്മാനിച്ചു.

‘റസൂലേ, അങ്ങേക്ക് ധരിക്കാന്‍ വേണ്ടിയാണ് ഞാനിതുണ്ടാക്കിയത്. അങ്ങ് സ്വീകരിച്ചാലും.’

ഭവ്യതയോടെ ആ സ്ത്രീ പറഞ്ഞു. നബിക്കത് വളരെ ഇഷ്ടപ്പെട്ടു. അവിടുന്ന് അത് ഉടുമുണ്ടാക്കി ധരിച്ച് പള്ളിയില്‍ ചെന്നപ്പോള്‍ സ്വഹാബികളില്‍ ഒരാള്‍ക്ക് കൊതിയായി. അദ്ദേഹം പറഞ്ഞു: ‘ഹൊ, എന്ത് ഭംഗിയാണിതിന് നബിയേ, ഇതെനിക്ക് തരുമോ?’

നബി(സ്വ) അത് അദ്ദേഹത്തിന് നല്‍കി. മറ്റു സ്വഹാബികള്‍ക്ക് ആ ചോദ്യം അത്ര രസിച്ചില്ല. അവര്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞു.

‘താങ്കളെന്താണീ കാണിച്ചത്. നബിക്ക് വളരെ ഇഷ്ടപ്പെട്ട വസ്ത്രമല്ലേ അത്. അതങ്ങനെ ചോദിക്കാമോ. റസൂല്‍(സ്വ)യോട് ആരെന്ത് ചോദിച്ചാലും വെറുതെ മടക്കില്ലെന്ന് താങ്കള്‍ക്കറിയുന്നതല്ലേ?’

എല്ലാം കേട്ട ശേഷം അദ്ദേഹം പറഞ്ഞു: ‘ഞാനിത് ഉടുക്കാനുദ്ദേശിച്ച് വാങ്ങിയതല്ല. പ്രത്യുത, എന്‍റെ കഫന്‍ പുടവയാക്കി സൂക്ഷിക്കാന്‍ ചോദിച്ചുവാങ്ങിയതാണ്’ (ബുഖാരി 2083).

 

പണയം വെച്ചും അതിഥി സല്‍ക്കാരം

ഒരതിഥി തിരുനബി(സ്വ)യുടെ വീട്ടിലെത്തി. അദ്ദേഹത്തെ സല്‍ക്കരിക്കാന്‍ നബി(സ്വ)യുടെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. എന്തു ചെയ്യും; കടം വാങ്ങുക തന്നെ! ഉടനെ അബൂറാഫിഈ(റ)നെ കടം വാങ്ങാനായി ഒരു ജൂതന്‍റെ സമീപത്തേക്കയച്ചു.

ജൂതന്‍ പറഞ്ഞു: ‘പണം ഞാന്‍ തരാം. പക്ഷേ എനിക്ക് വല്ലതും പണയം തരണം.’

നിരാശനായി അബൂറാഫിഅ്(റ) ഓടിവന്ന് നബി(സ്വ)യെ വിവരം ധരിപ്പിച്ചു. ചെറുപുഞ്ചിരിയോടെ അവിടുന്ന് പറഞ്ഞു: ‘അവന് പണയം ഈടു വേണമെന്നോ. ഇതാ, എന്‍റെ പടയങ്കി കൊണ്ടുപോയി കൊടുക്കൂ. എങ്കിലും ഞാന്‍ ആകാശവാസികള്‍ക്കിടയില്‍ വിശ്വസ്തനാണ്. അപ്രകാരം തന്നെ ഭൂമിയിലും. പടയങ്കി പണയപ്പെടുത്തി കടം വാങ്ങി വിരുന്നുകാരനെ സല്‍ക്കരിച്ച ഈ സംഭവം ത്വബ്റാനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഇഹ്യ 4/207).

 

കാത്തിരിക്കൂ

സങ്കടം പറഞ്ഞ് വന്നവരാരെയും വെറും കയ്യോടെ മടക്കിയ സംഭവം നബിചരിതത്തിലില്ല. ഒന്നും സ്വന്തമായി ഇല്ലാത്തപ്പോള്‍ ആരെങ്കിലും സമീപിച്ചാല്‍ പോലും നിരാശനാകില്ല. ഒരിക്കല്‍ പരമദരിദ്രനായ ഒരാള്‍ വന്ന് സങ്കടപ്പെട്ടു. നബി(സ്വ) പറഞ്ഞു: ‘നിരാശ വേണ്ട. കാത്തിരിക്കൂ.’

അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ അവ്വിധം രണ്ടാളുകള്‍ വന്നു. എല്ലാവരെയും നബി(സ്വ) ഇരുത്തി. പ്രതീക്ഷ പൂത്തുലഞ്ഞ മുഖവുമായി അവര്‍ കാത്തിരിക്കുമ്പോള്‍ ഒരു ധനികന്‍ നബി(സ്വ)ക്ക് നാല് ഊഖിയ (സ്വര്‍ണമാണെങ്കില്‍ 29.75 ഗ്രാമും വെള്ളിയാണെങ്കില്‍ 119 ഗ്രാമുമാണ് ഒരു ഊഖിയ) ഹദ്യ നല്‍കി. നബി(സ്വ) ഉടനെ അത് വീതിച്ച് മൂവര്‍ക്കും ഓരോ ഊഖിയ വീതം നല്‍കി. ശിഷ്ടം വന്ന ഒരു ഊഖിയ പൊക്കിപ്പിടിച്ച് തിരക്കി: ‘ഇനി ആരെങ്കിലും ആവശ്യക്കാരുണ്ടോ?’ ആരും വാങ്ങാന്‍ തയ്യാറില്ല. അപ്പോള്‍ അത് നബി(സ്വ) കയ്യില്‍ വെച്ചു. രാത്രി കിടന്നപ്പോള്‍ തലയിണച്ചുവട്ടിലാണത് സൂക്ഷിച്ചത്. പക്ഷേ നബി(സ്വ)ക്ക് ഉറക്കം കിട്ടുന്നില്ല. എഴുന്നേല്‍ക്കും, നിസ്കരിക്കും, വീണ്ടും വന്ന് കിടക്കും. ഇപ്രകാരം തുടരുന്നത് കണ്ടപ്പോള്‍ പത്നി ആഇശ(റ) ചോദിച്ചു: ‘എന്തു പറ്റി തിരുദൂതരേ, മുമ്പൊന്നും കാണാത്തൊരു വിഷമം മുഖത്ത്?’

നബി(സ്വ) ഊഖിയ കാണിച്ചുകൊണ്ടു പറഞ്ഞു: ആഇശാ, ഇതാണു കാര്യം. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍… എന്ന ഭയം കൊണ്ടാണുറക്കം വരാത്തത് (അലിയ്യുബ്ന്‍ മുഹമ്മദ് മാവര്‍ദി, അഅ്ലാമുന്നുബുവ്വ, പേ. 273).

 

കടത്തിന്‍റെ തീവ്രത

മദീനാ പള്ളിയില്‍ ഒരു ജനാസ വന്നു. സ്വഹാബികള്‍ പ്രതീക്ഷാപൂര്‍വം പ്രവാചകര്‍(സ്വ)യോട് നിസ്കരിക്കാനഭ്യര്‍ത്ഥിച്ചു.

‘ഇദ്ദേഹത്തിന് കടബാധ്യതയുണ്ടോ?’ നബി(സ്വ) വിളിച്ചന്വേഷിച്ചു. ഇല്ലെന്ന് മറുപടി. ഉടനെ നബി(സ്വ) മയ്യിത്ത് നിസ്കരിച്ചു. പിന്നീട് വേറെ ഒരുജനാസ വന്നു. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കടമുണ്ടെന്നാണ് മറുപടി ലഭിച്ചത്. ‘അത് വീട്ടാന്‍ സ്വത്ത് വല്ലതും ബാക്കിയുണ്ടോ’യെന്നായി നബി(സ്വ). മൂന്നു ദീനാര്‍ (പൊന്നുറുപ്പിക) ഉണ്ടെന്ന് മറുപടി. സംതൃപ്തിയോടെ നബി(സ്വ) നിസ്കരിച്ചു. മൂന്നാമതൊരു മയ്യിത്ത് വന്നു. നിസ്കാരത്തിന് മുമ്പ് പഴയ പടി ചോദ്യം ആവര്‍ത്തിച്ചു. ജനങ്ങള്‍ മറുപടി നല്‍കി: ഇദ്ദേഹത്തിന് മൂന്ന് ദീനാര്‍ കടമുണ്ട്. പക്ഷേ, വീട്ടാന്‍ സ്വത്തൊന്നും ബാക്കിയില്ല. ഇതു കേട്ടപ്പോള്‍ നബി(സ്വ) മയ്യിത്ത് നിസ്കരിക്കാതെ പിന്തിരിയുകയും സ്വഹാബികളോട് നിസ്കരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉടനെ അബൂഖതാദ(റ) പറഞ്ഞു: ‘റസൂലേ, അദ്ദേഹത്തിന്‍റെ കടം ഞാന്‍ വീട്ടിക്കൊള്ളാം. അങ്ങു നിസ്കരിച്ചാലും (ബുഖാരി: 2289). കടബാധ്യതയുടെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് നബി(സ്വ) നിസ്കരിക്കാതെ പിന്മാറിയത് (മിര്‍ഖാത്ത് 6/102).

ആദ്യകാലത്ത് കടബാധ്യതകളോടെ മരിച്ചവരുടെ മേല്‍ ജനാസ നിസ്കരിക്കാതെ സ്വഹാബികളെ കൊണ്ട് നിസ്കരിപ്പിക്കലായിരുന്നു നബി(സ്വ)യുടെ പതിവ്. പിന്നീട് ഇസ്ലാമിന്‍റെ പൊതുഫണ്ട് നിലവില്‍ വന്നപ്പോള്‍ അവിടുന്ന് ഒരു പ്രഖ്യാപനം നടത്തി: ‘സത്യവിശ്വാസികളോട് ഏറ്റവും കടമപ്പെട്ടവന്‍ ഞാനാണ്. ആകയാല്‍ കടബാധ്യതയോടെ മരിക്കാനിടയായാല്‍ അത് ഞാനേറ്റെടുത്തിരിക്കുന്നു. മരണപ്പെട്ടയാള്‍ക്ക് വല്ല സമ്പത്തുമുണ്ടെങ്കില്‍ അത് അനന്തരാവകാശികള്‍ക്ക് മാത്രമുള്ളതാണ്’ (ബുഖാരി 2298, മുസ്ലിം 1619).

 

സ്വര്‍ണത്തിളക്കമുള്ള മുഖം

സൂര്യന്‍ ആകാശ മധ്യത്തില്‍ ചൂട് പൊഴിക്കുന്ന സമയം. സ്വഹാബികള്‍ക്കൊപ്പമിരിക്കുന്ന തിരുനബി(സ്വ)യുടെ ചാരത്തേക്ക് മുളര്‍ ഗോത്രത്തിലെ കുറച്ചാളുകള്‍ വന്നു. പരമദരിദ്രരായ അവര്‍ക്ക് ഉടുതുണിക്ക് മറുതുണിയില്ല. നഗ്നപാദരാണ്. വിശന്നൊട്ടിയ വയറാണ്. ഇവരെ കണ്ട മാത്രയില്‍ പ്രവാചകര്‍(സ്വ)യുടെ മുഖം വിവര്‍ണമായി. സഹാനുഭൂതി നാമ്പിട്ട ഹൃദയത്തോടെ അവിടുന്ന് പള്ളിയില്‍ അങ്ങുമിങ്ങും നടന്നുകൊണ്ടിരുന്നു. നിസ്കാരം കഴിഞ്ഞയുടനെ റസൂല്‍(സ്വ) ഒരു പ്രഭാഷണം നടത്തി: ‘മനുഷ്യരേ, നിങ്ങളെ ഒരു ശരീരത്തില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരില്‍ നിന്ന് അനേകം സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നാഥനെ സൂക്ഷിക്കുവീന്‍. ഏതൊരാളെ മുന്‍നിര്‍ത്തി നിങ്ങള്‍ അന്യോന്യം ചോദിക്കുന്നുണ്ടോ, ആ അല്ലാഹുവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുവീന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (വി.ഖു. 4/1). അല്ലാഹുവിന് ഭക്തി കാണിക്കുവീന്‍. നാളേക്ക് എന്താണ് ഒരുക്കിയിട്ടുള്ളതെന്ന് പരിശോധിക്കുകയും ചെയ്യുവീന്‍.

ഓരോരുത്തരും അവരുടെ കൈവശമുള്ള ദീനാര്‍, ദിര്‍ഹം, വസ്ത്രം, ഗോതമ്പ്, ഈത്തപ്പഴം എന്നിവ ധര്‍മം ചെയ്യണം. ഒരു ചുള കാരക്കയുടെ കഷ്ണമാണുള്ളതെങ്കില്‍ അതെങ്കിലും കൊണ്ടുവരണം.’

പ്രവാചകാഹ്വാനം ആവേശത്തോടെ ഏറ്റെടുത്ത അനുചരന്മാര്‍ കൈവശമുള്ളത് കൊണ്ടുവരാന്‍ തുടങ്ങി. വിഭവസമാഹരണം രണ്ട് കൂമ്പാരങ്ങളായി. ഒന്ന് ഭക്ഷണം, മറ്റൊന്ന് വസ്ത്രം. അതോടെ നബി(സ്വ)യുടെ വദനം കനകം പോലെ തിളങ്ങി. സങ്കടം നീങ്ങി. സന്തോഷം തളിരിട്ട തിരുമൊഴി: ‘ഇത്തരം നല്ലചര്യ ആര് തുടങ്ങിയോ അവര്‍ക്ക് അതിന്‍റെ പ്രതിഫലവും അത് അനുധാവനം ചെയ്തവരുടെ പ്രതിഫലവും ലഭിക്കും. ഒരു ചീത്ത നടപടി ആര് തുടങ്ങുന്നുവോ അതിന്‍റെ കുറ്റം അവന്‍ പേറുന്നതിന് പുറമെ അത് പ്രവര്‍ത്തിച്ചവരുടെ ശിക്ഷാവിഹിതവും അവന് ലഭിക്കുന്നതാണ് (മുസ്ലിം 1017).

 

സഫാനയുടെ കഥ

പ്രശസ്തനായ ധര്‍മിഷ്ഠനായിരുന്നു ത്വയ്യിഅ് കുടുംബത്തിലെ ഹാതിം. എന്നാല്‍ അദ്ദേഹം നബി(സ്വ)യുടെ കഠിന ശത്രുവായിരുന്നു. ത്വയ്യിഉകാരെ ഇസ്ലാമിന്‍റെ സന്ദേശം അറിയിക്കുന്നതിന് അലി(റ)യുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ റസൂല്‍(സ്വ) അയച്ചു. സംഘത്തെ കണ്ടു ഭയന്ന് ഹാതിം സിറിയയിലേക്ക് രക്ഷപ്പെട്ടു. തോറ്റോടിയവരുടെ സമ്പത്തുകള്‍ മുസ്ലിം സേന മദീനയിലെത്തിച്ചു. യുദ്ധത്തടവുകാരായ സ്ത്രീ പുരുഷന്മാരും കൂട്ടത്തിലുണ്ടായിരുന്നു. അതിലൊരാളായിരുന്നു സഫാന. തടവുകാരെ നിരീക്ഷിക്കുന്നതിനിടയില്‍ സഫാന ആത്മധൈര്യത്തോടെ നബി(സ്വ)യുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് വാചാലമായി സംസാരിക്കാന്‍ തുടങ്ങി: ‘മുഹമ്മദ്. എനിക്ക് പിതാവിനെ നഷ്ടപ്പെട്ടു. സംരക്ഷകന്‍ എങ്ങോ പോയി. താങ്കള്‍ വിചാരിച്ചാല്‍ എന്നെ അഴിച്ചുവിടാം. ഞാന്‍ തടവില്‍ കിടക്കുന്നത് അറബികള്‍ക്കപമാനമാണ്. കാരണം, എന്‍റെ പിതാവ് ഒരു ജനതയുടെ നേതാവാണ്. അദ്ദേഹമാണെങ്കില്‍ ദുരന്തങ്ങളില്‍ ഇരകളെ സഹായിക്കുന്നു. അക്രമം അമര്‍ച്ച ചെയ്യുകയും അവശര്‍ക്ക് ആശ്രയമേകുകയും ചെയ്യുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നു. പ്രകൃതിക്ഷോഭങ്ങളില്‍ താങ്ങാകുന്നു. നിരാശ്രയരായി വരുന്നവര്‍ക്ക് അത്താണിയാകുന്നു.’

ഇത്രയും കേട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഈ സ്വഭാവങ്ങളെല്ലാം പൂര്‍ണ വിശ്വാസികളുടേതാണ്. നിന്‍റെ പിതാവ് ഇസ്ലാം സ്വീകരിച്ചിരുന്നുവെങ്കില്‍..! അതിനാല്‍ ഇവളെ വിട്ടയക്കുക. അപ്രകാരം നിന്ദ്യതയില്‍ പെട്ട മാന്യനായ നേതാവ്, ദാരിദ്ര്യത്തിലകപ്പെട്ട ധനികന്‍, വിഡ്ഢികള്‍ക്കിടയില്‍ പെട്ട പണ്ഡിതന്‍ എന്നിവരെയെല്ലാം മാനിക്കുകയും പരിഗണിക്കുകയും ചെയ്യുവീന്‍.’

മോചിതയായ സഫാന നേരെ പോയത് സഹോദരന്‍ അദിയ്യിന്‍റെ ചാരത്തേക്കാണ്. നബി(സ്വ)യില്‍ ദര്‍ശിച്ച വിശാല മനസ്കതയും ഔദാര്യവും സദ്ഗുണങ്ങളും സഫാന സഹോദരങ്ങളോട് വിശദീകരിച്ചു. സഹോദരിയുടെ ഓരോ വാക്കും അദിയ്യിന്‍റെ മനസ്സിളക്കി. താമസിയാതെ ഇരുവരും മദീനയിലെത്തി. ശഹാദത്ത് മൊഴിഞ്ഞ് അദിയ്യും സഫാനയും മുസ്ലിംകളായി.

 

അത്യുദാരന്‍

മനുഷ്യകുലത്തിലെ അത്യുദാരന്‍ തിരുനബി(സ്വ)യാണ്. ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് ബുഖാരി(റ) ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: ‘അവിടുന്ന് ഏറ്റവും കൂടുതല്‍ ഉദാരത കാട്ടിയിരുന്നത് റമളാനിലാണ്. അടിച്ചുവീശുന്ന മാരുതനെക്കാള്‍ ധര്‍മിഷ്ഠന്‍ നബി(സ്വ)യായിരുന്നു.’ ഇബ്നു കസീര്‍ പറയുന്നു: ‘കാറ്റ് തുടരെത്തുടരെ മുറിയാതെ വീശിക്കൊണ്ടിരിക്കും. കാറ്റിന്‍റെ സുഖം സകല ജീവജാലങ്ങളും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇതുപോലെയാണ് നബി(സ്വ)യുടെ ഉദാരത’ (അല്‍ബിദായ വന്നിഹായ 6/55).

പ്രവാചകര്‍(സ്വ)യുടെ ഉദാരതക്ക് മകുടോദാഹരണമായി ഖാളി ഇയാള്(റ) ശിഫാഇല്‍ പറഞ്ഞത് കാണുക: ഹവാസിന്‍ ഗോത്രക്കാരില്‍ നിന്ന് യുദ്ധ സമ്പത്തായി കിട്ടിയ ആറായിരം ഭൃത്യന്മാര്‍, ഇരുപത്തിനാലായിരം ഒട്ടകങ്ങള്‍, നാല്‍പ്പതിനായിരം ആടുകള്‍, നാലായിരം ഊഖിയ വെള്ളി എന്നിവയെല്ലാം പ്രതിഫലേച്ഛയില്ലാതെ നബി(സ്വ) അവര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയുണ്ടായി (ശിഫാഅ് 1/113).

സമുദ്രസമാനമായ ഉദാരതയുടെ നിറകുടമായിരുന്നു തിരുനബി(സ്വ). എണ്ണിയാലൊടുങ്ങാത്ത ഉദാത്തമായ മാതൃകകള്‍. ആഴ്ചകളോളം വിളക്ക് കത്തിക്കാന്‍ പോലും വകയില്ലാതെ കൂരിരുട്ടില്‍ കഴിയുമ്പോഴും അശരണര്‍ക്കവലംബമായി തിരുദൂതര്‍ വാണു. അനാഥകള്‍ക്ക് ആശ്രയമായി. വിധവകള്‍ക്ക്അത്താണിയായി. കിസ്റാ-കൈസര്‍ രാജകൊട്ടാരങ്ങള്‍ക്ക് സാധിക്കാത്ത ഉദാരതയും സാന്ത്വന പ്രവര്‍ത്തനങ്ങളും അവിടുത്തെ മുഖമുദ്രയായെന്നു ചരിത്രസാക്ഷ്യം.

You May Also Like
Khalifa Abubacker R

സാന്ത്വനം- 2: അബൂബക്കര്‍ (റ); ഉദാരതയുടെ സാക്ഷി

വലിയ ധര്‍മിഷ്ഠനായിരുന്നു ഒന്നാം ഖലീഫ അബൂബക്കര്‍(റ). സ്വന്തമായി നീക്കിയിരിപ്പ് വെക്കാത്ത ഭരണാധികാരി. കയ്യിലുള്ളതുകൊണ്ട് അശരണര്‍, അടിമകള്‍,…

● പികെ മൊയ്തു ബാഖവി മാടവന
Sheeism- Malayalam article

ചുവന്ന ഭൂമിയിലെ ശീഈ അനാചാരം

വളരെ പവിത്രതകള്‍ നല്‍കി അല്ലാഹുവും തിരുനബി(സ്വ)യും ആദരിച്ച പുണ്യമാസമാണ് മുഹര്‍റം. വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന…

● കെടി മുത്വലിബ് സഖാഫി ഒളവട്ടൂര്‍
Islam & Current India-Fascism

ഇസ്ലാം സ്വീകരിക്കുന്നത് പാതകമാകുമ്പോള്‍ നമ്മുടെ മതസ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥമെന്താണ്?

ആറു വര്‍ഷം മുമ്പാണ് സാമൂഹിക പ്രവര്‍ത്തകനും മുന്‍നക്സലൈറ്റുമായ ടിഎന്‍ ജോയി ഇസ്ലാം സ്വീകരിച്ച് നജ്മല്‍ ബാബുവായത്.…

● കമല്‍ സി നജ്മല്‍/ മുഹമ്മദ് അനസ് ആലങ്കോള്‍