Khalifa Abubacker R

ലിയ ധര്‍മിഷ്ഠനായിരുന്നു ഒന്നാം ഖലീഫ അബൂബക്കര്‍(റ). സ്വന്തമായി നീക്കിയിരിപ്പ് വെക്കാത്ത ഭരണാധികാരി. കയ്യിലുള്ളതുകൊണ്ട് അശരണര്‍, അടിമകള്‍, വൃദ്ധകള്‍, വിധവകള്‍, അനാഥര്‍ പോലുള്ളവരെ കണ്ടെത്തി സംരക്ഷിച്ചു. ഇസ്ലാം സ്വീകരിച്ച നാളില്‍ സിദ്ദീഖ്(റ)ന്‍റെ കൈവശം നാല്‍പതിനായിരം വെള്ളി പണമായി ഉണ്ടായിരുന്നു. നവമുസ്ലിംകളായി കടന്നുവരുന്ന ആരാരും സഹായത്തിനില്ലാത്ത അടിമകളെ മോചിപ്പിക്കാനും പാവങ്ങളുടെ പട്ടിണി മാറ്റാനും അവ ചെലവഴിച്ചു. മദീനാ പലായനത്തിനൊരുങ്ങിയപ്പോള്‍ പണം എണ്ണി നോക്കി. മുപ്പത്തി അയ്യായിരവും തീര്‍ന്നിരിക്കുന്നു. അയ്യായിരമാണ് ശേഷിപ്പ്. അതുമായി ഹിജ്റ പുറപ്പെട്ടു. സ്വന്തം പണം കൈകാര്യം ചെയ്യുന്ന രൂപേണ അബൂബക്കര്‍(റ)ന്‍റെ ധനത്തില്‍ നബി(സ്വ) ഇടപെടുകയും യഥേഷ്ടം കൈകാര്യം ചെയ്യുകയുമുണ്ടായി. ഉദാരതയുടെ ശിഷ്യമനസ്സ് വായിച്ചറിഞ്ഞ ഇടപെടല്‍. അദ്ദേഹത്തിനാകട്ടെ അത് വല്ലാത്ത സന്തോഷവും. ‘അബൂബക്കറിന്‍റെ ധനം ഉപയോഗപ്പെട്ടത് പോലെ ഒരാളുടെ ധനവും എനിക്കുപകരിച്ചിട്ടില്ല’ നബി(സ്വ) പറഞ്ഞു. ‘അതേ റസൂലേ, ഞാനും എന്‍റെ ധനവും അങ്ങേക്കുള്ളതല്ലേ’ അദ്ദേഹം വിനയാന്വിതനായി.

ഒരു ചില്ലിക്കാശിന്‍റെ നീക്കിയിരിപ്പില്ലാതെ പരലോകം പൂകിയ ഖലീഫയായിരുന്നു സിദ്ദീഖ്(റ)വെന്ന് ചരിത്രം (ഖിലാഫത്തുറാശിദ: 29). ഇസ്ലാം പുല്‍കിയതിന്‍റെ പേരില്‍ അടിമകള്‍ മുതലാളിമാരുടെ കിരാത മര്‍ദനങ്ങള്‍ക്കിരയായി. പീഡനപര്‍വം അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഉടമകള്‍ക്ക് ആവശ്യമായ പണം കൊടുത്ത് ഇവരെ മോചിപ്പിക്കുന്നതിന് നന്മമരമായി അബൂബക്കര്‍(റ) നിലകൊണ്ടു. അങ്ങനെ സ്വാതന്ത്ര്യത്തിന്‍റെ സ്വര്‍ഗം അവരനുഭവിച്ചു. ദുരിതങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന അവര്‍ക്ക് ആശയും ആവേശവും ആദര്‍ശവും നല്‍കി സിദ്ദീഖ്(റ) വളര്‍ത്തി. ബിലാല്‍, ആമിര്‍, സിന്നീറ, നഹ്ദിയ്യ(റ) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

ഒരിക്കല്‍ അബൂബക്കര്‍(റ)ന്‍റെ പിതാവ് ചോദിച്ചു: ‘മോനേ, അതീവ ദുര്‍ബ്ബലരായ അടിമകള്‍ക്കാണല്ലോ നീ മോചനം നല്‍കി വിട്ടയക്കുന്നത്. അവരെ കൊണ്ട് നമുക്കൊരു ഉപകാരവും കിട്ടാനില്ലല്ലോ. അതിനാല്‍ എന്തെങ്കിലും പ്രത്യുപകാരം സിദ്ധിക്കുന്ന പ്രാപ്തരെ നോക്കി മോചിപ്പിച്ചുകൂടേ?’ പിതാവിനെ അടിമുടി ഒന്ന് നോക്കി അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ‘അല്ലാഹുവിന്‍റെ പ്രീതി മാത്രമാണ് എന്‍റെ ലക്ഷ്യം. പ്രത്യുപകാര പ്രതീക്ഷ വേണ്ട.’ വിശുദ്ധ ഖുര്‍ആനിലെ 92-ാം അധ്യായം 5-20 കൂടി ഈ പരാമര്‍ശമാണ് വന്നിട്ടുള്ളത്. അല്ലാഹുവിനെ സൂക്ഷിക്കുകയും ധര്‍മം കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അത്യന്തം എളുപ്പമായതിലേക്ക് നാം സൗകര്യം ചെയ്തുകൊടുക്കുന്നതാണ്. പിശുക്ക് കാട്ടുകയും ധന്യത നടിക്കുകയും ഏറ്റവും നല്ലതിനെ നിഷേധിക്കുകയും ചെയ്തവര്‍ക്ക് അത്യന്തം ഞെരുക്കത്തിലേക്ക് സൗകര്യം ചെയ്യുന്നതാണ്.

ദാനധര്‍മ-സാന്ത്വന അവസരങ്ങളിലെല്ലാം ഒന്നാം സ്ഥാനത്തെത്തുന്നത് അബൂബക്കര്‍(റ)വാണ്. എനിക്കദ്ദേഹത്തെ മറികടക്കാന്‍ കഴിയുന്നില്ല, എന്നെങ്കിലും അവസരമൊത്താല്‍ അന്ന് തനിക്ക് ഒന്നാം സ്ഥാനത്തെത്തണം. ഉമര്‍(റ) മനസ്സാ ശപഥം ചെയ്തു. ആയിടെയാണ് തിരുനബി(സ്വ)യുടെ അഭ്യര്‍ത്ഥന വന്നത്. എന്‍റെ കയ്യിലപ്പോള്‍ കുറച്ച് പണമുണ്ടായിരുന്നു. അതിന്‍റെ നേര്‍പാതിയുമായി ഞാന്‍ പ്രവാചക സദസ്സിലെത്തി സമര്‍പ്പിച്ചു. എന്‍റെ പിന്നാലെ അതാ വരുന്നു അബൂബക്കര്‍. അദ്ദേഹത്തിന്‍റെ വകയും സഭയില്‍ അര്‍പ്പിച്ചു. ‘ഉമര്‍, താങ്കള്‍ തന്നത് കഴിച്ചാല്‍ കൈയ്യില്‍ വല്ലതും ശേഷിപ്പുണ്ടോ?’ നബി(സ്വ) ആരാഞ്ഞു. ‘ഉണ്ട് നബിയേ, ഈ കൊണ്ടുവന്ന അത്ര കണ്ട് എന്‍റെയടുത്തുണ്ട്.’ ഞാന്‍ പറയുകയുണ്ടായി. റസൂല്‍ വീണ്ടും: ‘അബൂബക്കര്‍, താങ്കളുടെ പക്കലോ?’ ‘ഒന്നുമില്ല റസൂലേ, അല്ലാഹുവും തിരുനബിയും മാത്രമാണ് എന്‍റെ കുടുംബത്തിന് ശേഷിപ്പായിട്ടുള്ളത്.’ സിദ്ദീഖ്(റ) സന്തുഷ്ടനായി പറഞ്ഞു. ഇന്നും താന്‍ പരാജയപ്പെട്ടിരിക്കുന്നു. ഉമര്‍(റ) നിരാശനായി (തിര്‍മുദി).

 

പുത്രധര്‍മം പിതാവിനംഗീകാരം

ഒരിക്കല്‍ അബൂബക്കര്‍(റ) പിതാവ് അബൂഖുഹാഫയെ കൂട്ടി നബിസന്നിധിയിലെത്തി. വൃദ്ധ പിതാവിനെ കണ്ടമാത്രയില്‍ നബി(സ്വ) പറഞ്ഞു: ‘ഇദ്ദേഹത്തെ വീട്ടിലിരുത്തിയാല്‍ മതിയായിരുന്നു. ഞാനങ്ങോട്ട് വരുമായിരുന്നല്ലോ.’ ‘അല്ല, ഇദ്ദേഹം അങ്ങയുടെ ചാരത്തേക്ക് വരേണ്ടയാളാണ്’- സിദ്ദീഖ്(റ)ന്‍റെ മറുപടി. തിരുദൂതര്‍ വീണ്ടും: ‘ഇദ്ദേഹത്തിന്‍റെ മകന്‍ നല്‍കുന്ന ദാനധര്‍മങ്ങളുടെ പുണ്യം കൊണ്ടാണ് പിതാവിനെ ഞങ്ങളംഗീകരിക്കുന്നത്.’ ഇമാം തുര്‍മുദി(റ) ഉദ്ധരിച്ച ഹദീസില്‍ വന്നതിങ്ങനെ: റസൂല്‍(സ്വ) പറഞ്ഞു: ‘നമുക്ക് ആര് ഉപകാരം ചെയ്താലും നാം പ്രത്യുപകാരം ചെയ്യാറുണ്ട്. പക്ഷേ, അബൂബക്കര്‍ നല്‍കുന്ന ഉപകാരങ്ങള്‍ക്ക് നാം നല്‍കിയാലാവില്ല. അതിന് അല്ലാഹു തന്നെ പരലോകത്ത് പ്രതിഫലം നല്‍കുന്നതാണ്. അതാണ് വലിയ പ്രത്യുപകാരം.’

 

താങ്കള്‍ക്ക് സ്വര്‍ഗമുണ്ട്

നിസ്കാരം കഴിഞ്ഞ് തിരിഞ്ഞിരുന്ന് സ്വഹാബികളുമായി സംവദിക്കുന്നതിനിടെ നബി(സ്വ) ചോദിച്ചു: ‘നിങ്ങളില്‍ ആരാണിന്ന് വ്രതമെടുത്തവര്‍?’ ഉമറി(റ)ന്‍റെ മറുപടി: ‘ഞാന്‍ എടുത്തിട്ടില്ല’. സിദ്ദീഖ്(റ) ഉവ്വെന്നു പറഞ്ഞു. രോഗിയെ സന്ദര്‍ശിച്ചവരുണ്ടോ? ചോദ്യം തുടരുകയാണ്. ഇല്ലെന്നു ഉമര്‍(റ) ആവര്‍ത്തിച്ചു. സിദ്ദീഖ്(റ) മുഖപ്രസന്നനായി: ‘അതേ, അബ്ദുറഹ്മാന്‍ ബിന്‍ ഔഫിന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ ഇന്ന് ഞാനദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയിരുന്നു.’ ‘ദരിദ്രന് ഭക്ഷണം നല്‍കി സഹായിച്ചവര്‍ ആരാണിന്ന്?’ ആര്‍ദ്രതയോടെ നബി(സ്വ) തിരക്കി. സിദ്ദീഖ്(റ) വാചാലനായി: ‘നബിയേ, ഞാന്‍ നിസ്കരിച്ച് പള്ളിയിലിരിക്കുമ്പോള്‍ വിശക്കുന്ന ഒരു മിസ്കീനിനെ കാണാനിടയായി. എന്‍റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. അപ്പോള്‍ എന്‍റെ മകന്‍ അബ്ദുറഹ്മാന്‍റെയടുത്തു നിന്ന് വല്ലതും സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഒരു റൊട്ടി കഷ്ണമാണ് കിട്ടിയത്. അത് ആ ദരിദ്രന് നല്‍കി.’ അബൂബക്കര്‍(റ)ന്‍റെ വാക്കുകളില്‍ ആത്മാര്‍ത്ഥത നിഴലിച്ചിരുന്നു. നബി(സ്വ)യുടെ അധരമിടറി. അവിടുന്ന് പറഞ്ഞു: ‘ഈ സദ്ഗുണങ്ങള്‍ ഒരാളില്‍ ഒത്തുചേര്‍ന്നാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചതു തന്നെ’ (മുസ്ലിം).

 

കോട്ടിട്ട മാലാഖമാര്‍

ധനികനായിരുന്ന അബൂബക്കര്‍(റ) സമ്പാദ്യം മുഴുക്കെ ധര്‍മം ചെയ്ത് പരമദരിദ്രനായി മാറി. ഉടുതുണിക്ക് മറുതുണിയില്ലാതെ മൂന്ന് നാള്‍ കഴിയേണ്ടിവന്നു. ആ ദിവസങ്ങളില്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി. നാണം മറക്കാനില്ലാതെ എങ്ങനെ പുറത്ത് പോകു? മൂന്ന് രാപ്പകലുകള്‍ നബി(സ്വ)യെ സന്ദര്‍ശിക്കാന്‍ സാധിക്കാത്ത അദ്ദേഹത്തിന്‍റെ മനസ്സ് നൊന്തു. മിഴികള്‍ തൂകി. വിവരമറിഞ്ഞപ്പോള്‍ ഫാത്വിമ ബീവി(റ) ഒരു വസ്ത്രം സമ്മാനിച്ചു. തുറന്ന ഒരു കോട്ടായിരുന്നു അത്. ബീവി സ്വന്തമായി നെയ്തുണ്ടാക്കിയത്. കിട്ടിയപാടേ ഉടുത്തിറങ്ങി. തുറന്ന മുന്‍ഭാഗം മറച്ചുവെക്കാനായി ഒരു മുള്ള് പറിച്ചെടുത്ത് തുന്നി. പ്രവാചക സന്നിധിയില്‍ ആഗതനായ അബൂബക്കര്‍(റ)നെ ആപാദചൂടം തിരുനബി(സ്വ) കണ്ണോടിച്ചു. നഗ്നപാദനും തുന്നിച്ചേര്‍ത്ത ഓവര്‍കോട്ടും. അപ്പോഴതാ ജിബ്രീല്‍(അ) ആഗതനാകുന്നു. മലക്കിന്‍റെ വേഷം അബൂബക്കറി(റ)ന്‍റേത് തന്നെ. ‘അങ്ങയെ ഇതിന് മുമ്പ് ഇപ്രകാരം കണ്ടിട്ടില്ലല്ലോ’. മലക്കിനോട് നബി(സ്വ) പറഞ്ഞു. ജിബ്രീല്‍(അ)ന്‍റെ മറുപടി നബി(സ്വ) കോരിത്തരിപ്പിച്ചു: ‘ഞാന്‍ മാത്രമല്ല, വാനലോകത്തെ സകല മലക്കുകളും ഇന്ന് ഈ വേഷക്കാരാണ്. അബൂബക്കര്‍(റ)നോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ (ദുറത്തുന്നാസിഹീന്‍: 163).

 

പാല്‍ കറക്കുന്ന ഖലീഫ

സംഭവം വിവരിക്കുന്നത് ഹയ്യ് ഗോത്രത്തിലെ ഉനൈസ എന്ന സ്ത്രീരത്നം. റിപ്പോര്‍ട്ട് ചെയ്യുന്നത് ഇബ്നു സഅദിന്‍റെ തബഖാത്ത്. മൂന്ന് വര്‍ഷം നിരന്തരമായി അബൂബക്കര്‍(റ) ഹയ്യ് ഗോത്രത്തില്‍ സേവനത്തിനെത്തിയിരുന്നു. രണ്ട് വര്‍ഷം ഖലീഫയാകുന്നതിനു മുമ്പും ഒരു വര്‍ഷം ശേഷവും. ഹയ്യ് ഗോത്രത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ ആ നല്ല മനുഷ്യന്‍റെ വരവ് കാത്തിരിക്കുമായിരുന്നു. അബൂബക്കര്‍(റ) എത്തുമ്പോള്‍ ഗ്രാമീണര്‍ ഉത്സവ പ്രതീതിയില്‍ വളര്‍ത്തു മൃഗങ്ങളായ ആടുകളെയുമായി വരിനില്‍ക്കും. അദ്ദേഹം സാകൂതം ആടുകളെ പാല്‍ കറന്ന് പാത്രങ്ങളില്‍ നിറച്ചുകൊടുക്കും. ഒരു നാള്‍ ഒരു സ്ത്രീയുടെ മുഖത്ത് വലിയ ആര്‍ദ്രത. കണ്ഠത്തില്‍ കുരുങ്ങിയ വാക്കുകളില്‍ അലര്‍ച്ച. അത് പറഞ്ഞൊപ്പിച്ചു: ‘മനുഷ്യാ, നിങ്ങളുടെ ഈ സേവനത്തെക്കാള്‍ വലുത് നിങ്ങളുടെ വിശാല മനസ്സാണ്. സന്തുഷ്ടമായ ഈ സേവനം ഇനി ഞങ്ങള്‍ക്ക് ലഭിക്കില്ലല്ലോ. കാരണം, താങ്കള്‍ ഖലീഫയായില്ലേ?’ സിദ്ദീഖ് മറുപടി അതിലേറെ അതിശയകരമായിരുന്നു: ‘എന്‍റെ സേവനം എന്‍റെ സ്ഥാനത്തിന് മകുടം ചാര്‍ത്തുന്നതാണ്. അതിനാല്‍ നിര്‍ത്തില്ല ഈ സേവനം.’

You May Also Like
Imam Swavi R

ഇമാം സ്വാവി(റ)യുടെ ആദര്‍ശം

കര്‍മപരമായി മാലികീ മദ്ഹബും അധ്യാത്മികമായി ഖല്‍വതീ ത്വരീഖത്തും താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ (അല്‍അസ്റാറുര്‍ റബ്ബാനിയ്യ:…

● അഹ്മദ് കാമില്‍ സഖാഫി മമ്പീതി
Fathwa- Ablution

അല്‍ഫതാവാ-2: ഭാര്യയെ തൊടലും വുളൂഉം

ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഖുഫ്ഫയുടെ മേല്‍ഭാഗം തടവി വുളൂഅ് ചെയ്താല്‍ സ്വീകരിക്കപ്പെടുമോ? നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിര്‍മിച്ച…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍
Santhwana Kendram @ RCC tvm

അഭിമാനിക്കാം; ഈ അലിവിന്റെ കേന്ദ്രത്തില്‍

രോഗം ഒരു സ്വകാര്യ ബാധ്യതയല്ലെന്നും രോഗിക്കുള്ള സഹായ ഹസ്തം പൊതു ഉത്തരവാദിത്വമാണെന്നുമുള്ള വലിയ തിരിച്ചറിവിന്‍റെ ഘട്ടത്തിലൂടെയാണ് …

● മജീദ് കക്കാട് (എസ്വൈഎസ് സംസ്ഥാന ജന.സെക്രട്ടറി)