ടല്‍ കണക്കെ അലയടിച്ച കാരുണ്യപ്രവര്‍ത്തനങ്ങളാണ് ഖലീഫമാര്‍ നടത്തിയിരുന്നത്. സ്ഥാനമാനങ്ങളോ പ്രശസ്തിയോ ആശിക്കാതെ അവരുടെ ഹൃത്തടങ്ങള്‍ കനിവുള്ളതായി മാറി. സങ്കടങ്ങളുടെ മുമ്പില്‍ സ്വശരീരവും പണവും അവര്‍ ചെലവഴിച്ചു. ഈ ഗണത്തില്‍ ഒന്നാം ഖലീഫ അബൂബക്കര്‍(റ)നെ പോലെ വിശ്വോത്തര മാതൃകകള്‍ കാണിച്ചവരാണ് മറ്റു ഖലീഫമാരും.

രണ്ടാം ഖലീഫ ഉമര്‍(റ)നെ നോക്കൂ. പ്രവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ അധിപനായ അദ്ദേഹത്തിനടുത്തേക്ക് ഇതര നാടുകളില്‍ നിന്ന് നിവേദക സംഘം വന്നുകൊണ്ടേയിരിക്കുന്നു. ഇസ്ലാം പുല്‍കിയ പ്രദേശങ്ങളില്‍ നിന്ന് കണക്കില്ലാത്ത പണമൊഴുകുന്നു. സഹസ്രാബ്ദങ്ങള്‍ പേര്‍ഷ്യ ഭരിച്ചിരുന്ന കിസ്റയുടെ കൊട്ടാരം ജയിച്ചടക്കിയപ്പോള്‍ കൂമ്പാരമായി കിടന്നിരുന്ന സ്വര്‍ണക്കട്ടികള്‍ ഖലീഫയുടെ മുമ്പില്‍ കൊണ്ടുവന്നു. പക്ഷേ, ലളിതജീവിതം ശീലിച്ച അദ്ദേഹത്തെയോ മുസ്ലിം സാമാന്യത്തെയോ അതൊന്നും സ്പര്‍ശിച്ചതേയില്ല. ഭക്ഷണം, വസ്ത്രം, ജീവിത സൗകര്യങ്ങള്‍ എല്ലാത്തിലും ലാളിത്യത്തിന്‍റെ നിസ്തുല ഭാവങ്ങള്‍ മാത്രം പ്രകടിപ്പിച്ചു അവര്‍. ധരിച്ചിരുന്ന വസ്ത്രത്തില്‍ പോലും അത് നിഴലിച്ചു കാണാം. പതിനാല് കഷ്ണങ്ങള്‍ തുന്നിപ്പിടിപ്പിച്ച വസ്ത്രമായിരുന്നു മഹാന്‍ ധരിച്ചിരുന്നത്. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ക്കൂട്ടങ്ങള്‍ കൈയ്യില്‍ വന്നുചേര്‍ന്നപ്പോള്‍ പോലും ദരിദ്രകോടീശ്വരനായിരിക്കാനാണ് ഖലീഫ ഇഷ്ടപ്പെട്ടത്. ആഡംബരങ്ങളും സുഖസൗകര്യങ്ങളും കൊട്ടാരഗോപുരങ്ങളും കാല്‍ക്കീഴില്‍ വന്നുചേര്‍ന്നപ്പോഴും കണ്ണിമ വെട്ടാതെ സാധുസംരക്ഷണം ജീവിത ദൗത്യമായി സ്വീകരിച്ചു അദ്ദേഹം. സമാനതകളില്ലാത്ത ഒന്നുരണ്ട് സംഭവങ്ങള്‍ കാണുക.

പരിചരിക്കാനാളില്ലാത്ത ശയ്യാവലംബിയായൊരു വൃദ്ധരോഗിയെ ഉമര്‍(റ) ശുശ്രൂഷിക്കാറുണ്ടായിരുന്നു. എല്ലാ രാത്രികളിലും അവരുടെ വീട്ടില്‍ ആരും കാണാതെയെത്തും. രോഗിയുടെ വിസര്‍ജ്യങ്ങളെടുത്ത് മാറ്റി വൃത്തിയാക്കി നല്ല വസ്ത്രം ധരിപ്പിക്കും. ഭക്ഷണം കൊടുത്ത് തിരിച്ചുപോരും. അബൂബക്കര്‍(റ)ന്‍റെ കാലം മുതല്‍ അദ്ദേഹം ഇതു ചെയ്തുവരുന്നുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ തനിക്കു മുമ്പേ മറ്റാരോ വന്ന് വൃദ്ധ മാതാവിന് ഈ സേവനങ്ങള്‍ നിര്‍വഹിച്ചത് കാണാനിടയായി. അതാരാണെന്ന് കണ്ടെത്തണമല്ലോ എന്ന നിശ്ചയത്തില്‍ ഒരു നാള്‍ ഉമര്‍(റ) ഒളിച്ചിരുന്നു. അപ്പോഴതാ വരുന്നു ഖലീഫ സിദ്ദീഖ്(റ). വിസ്മയിച്ചുപോയി ഉമര്‍(റ). വൃദ്ധക്കുള്ള സേവനങ്ങളെല്ലാം സ്വന്തമായി പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങി.

എന്നാല്‍ ഉമര്‍(റ) പിന്നീടും ഉദ്യമത്തില്‍ നിന്ന് പിന്മാറിയില്ല. ഭരണകര്‍ത്താവായപ്പോഴും സേവനം തുടര്‍ന്നു. ഒരിക്കല്‍ പ്രമുഖ സ്വഹാബി ത്വല്‍ഹത്(റ) അതിന് സാക്ഷിയായി. ഉമര്‍(റ) ഒരു ചെറ്റക്കൂരയിലേക്ക് രാത്രിയില്‍ പ്രവേശിക്കുന്നത് യാദൃച്ഛികമായി കാണാനിടയായ അദ്ദേഹം നിരീക്ഷിച്ചു. വീടു കണ്ടുവച്ച സ്വഹാബി പിറ്റേന്ന് അവിടേക്കു ചെന്നു. അന്ധയായൊരു വൃദ്ധയായിരുന്നു അകത്തുണ്ടായിരുന്നത്. ത്വല്‍ഹത്(റ) അവരുടെ വിവരങ്ങളാരാഞ്ഞു. തനിക്ക് വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന നന്മകളും പരിചരണങ്ങളും വിശദമായി തന്നെ അവര്‍ പങ്കുവച്ചു. എന്നാല്‍ ആരാണ് കൃത്യമായി വന്ന് അതു ചെയ്തുതരുന്നതെന്ന് അറിയില്ലെന്നും വൃദ്ധമാതാവ് അറിയിച്ചു. അതു കേട്ടപ്പോള്‍ ത്വല്‍ഹത്(റ)യുടെ ഉള്ളം നീറി. ഉമര്‍(റ)ന്‍റെ സേവന സന്നദ്ധതയോര്‍ത്ത് മഹാന്‍ അത്ഭുതപ്പെട്ടു.

 

ഗര്‍ഭിണിയുടെ വീട്

‘അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെ സുഹൃത്തിന് ഒരാണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു.’ കൂരയുടെ അകത്തളത്തുനിന്ന് ഉമ്മുകുല്‍സൂം(റ) വിളിച്ചുപറഞ്ഞു. വീടിന്‍റെ ഉമ്മറത്ത് താനുമായി വിശേഷം പറഞ്ഞിരിക്കുന്ന മാന്യദേഹം ഈ രാജ്യത്തെ നയിക്കുന്ന ഭരണാധികാരി ഉമര്‍(റ)വാണെന്ന് അപ്പോഴാണ് വീട്ടുകാരനറിയുന്നത്. ഒരാന്തലോടെയാണ് ആ സ്വരം അദ്ദേഹത്തിന്‍റെ കാതുകളിലലച്ചത്. പേറ്റുനോവ് കൊണ്ട് ചങ്കുതകര്‍ന്നു നിലവിളിക്കുന്ന ഭാര്യക്ക് കൂട്ടിനാളില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഖലീഫയും രാജ്യത്തെ പ്രഥമ വനിതയും ആ കൂരയിലണയുന്നത്.

പ്രജകളുടെ ക്ഷേമമന്വേഷിച്ച് ഖലീഫ എല്ലാ രാത്രിയും സഞ്ചരിക്കാറുണ്ടായിരുന്നു. മദീനയിലെ ഒരു തെരുവോരത്തെ ചെറ്റക്കുടിലില്‍ നിന്ന് വേദനാജനകമായൊരു കരച്ചില്‍ കേട്ട ഖലീഫ അങ്ങോട്ടു ചെന്നു. കൂടെ പരിചാരകന്‍ അസ്ലം(റ)വും. വിവരങ്ങളറിഞ്ഞപ്പോള്‍ വീട്ടിലേക്കോടിയ ഖലീഫ ഭാര്യയെയും കൂട്ടി കൂരയിലെത്തുകയായിരുന്നു. ഉമ്മുകൂല്‍സൂം(റ) ഗര്‍ഭിണിയുടെ പരിചരണത്തിനായി അകത്തുകയറിയപ്പോള്‍ ഖലീഫ വീട്ടുകാരനുമായി പുറത്ത് സംസാരിച്ചിരുന്നു. അയാളെ ആശ്വസിപ്പിച്ചും ധൈര്യം പകര്‍ന്നും സമയം ചെലവിട്ടു. അല്‍പം ഭക്ഷ്യവസ്തുക്കള്‍ കൂടി ഖലീഫ കൊണ്ടുവന്നിരുന്നു. അതയാളെ ഏല്‍പിച്ചു. പ്രസവ വാര്‍ത്ത കേട്ട് സന്തുഷ്ടനായ ഖലീഫ തിരിച്ചുനടന്നു.

 

പട്ടിണിയുടെ നാദം

വിശന്നു നെഞ്ചൊട്ടിയ മക്കളെ നോക്കി ആ സ്ത്രീ നെടുവീര്‍പ്പിട്ടു. കുഞ്ഞുങ്ങളുടെ വിശപ്പു മാറ്റാന്‍ എന്തു ചെയ്യും? ഒരു കഷ്ണം റൊട്ടിക്കു പോലും ജനങ്ങള്‍ തെരുവ് തെണ്ടുന്ന വറുതിയുടെ കാലം. ‘ആമു റമാദ’ എന്ന് പേരിട്ട പട്ടിണി വര്‍ഷം. കാക്കക്കുഞ്ഞുങ്ങള്‍ തള്ളപ്പക്ഷിയെയെന്ന പോലെ തന്നെ നോക്കിനില്‍ക്കുന്ന മക്കളെ കണ്ട് സ്ത്രീയുടെ കണ്ണു നിറഞ്ഞു. കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാനും വല്ലതും പറഞ്ഞ് ആശ്വസിപ്പിച്ചുറക്കാനും ഉപായം തേടുകയായിരുന്നു അവര്‍. വലിയൊരു പാത്രം അടുപ്പത്ത് വച്ച് ഇളക്കിക്കൊണ്ടിരുന്നത് അതിനു വേണ്ടിയാണ്. വെറുതെ തിളക്കുന്ന വെള്ളത്തിലേക്ക് അവരുടെ കണ്ണീരും ഇഴുകിച്ചേര്‍ന്നു.

പുറത്തെ കാല്‍പെരുമാറ്റം കേട്ട് സ്ത്രീ അടുപ്പില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി. വിശ്വസിക്കാനായില്ല മഹതിക്ക്. ഖലീഫയും സഹായി അസ്ലമുമാണ് വീടിന്‍റെ ഉമ്മറത്ത് നില്‍ക്കുന്നത്.

‘കുഞ്ഞുങ്ങള്‍ എന്തിനാണ് കരയുന്നത്?’ ഖലീഫ തിരക്കി.

തൊണ്ടയില്‍ കുരുത്ത ശബ്ദത്തോടെ സ്ത്രീ മറുപടി നല്‍കി: ‘വിശപ്പു തന്നെ…’

‘അപ്പോള്‍ അടുപ്പത്തെന്താണ് തിളക്കുന്നത്?’

‘കുട്ടികളെ സമാധാനിപ്പിക്കാന്‍ അല്‍പം വെള്ളം ചൂടാക്കുകയാണ്. അതില്‍ ഭക്ഷണമൊന്നുമില്ല.’ അല്‍പം സങ്കോചത്തോടെ സത്രീ പറഞ്ഞൊപ്പിച്ചു.

അതു കേട്ടപ്പോള്‍ ഖലീഫ നടുങ്ങി. തന്‍റെ ഭരണത്തിനു കീഴില്‍ കുട്ടികള്‍ പട്ടിണി കിടക്കേണ്ടി വരുന്നുവോ. നാഥനോട് താനെന്ത് സമാധാനം ബോധിപ്പിക്കും!? ഞങ്ങളിപ്പോള്‍ വരാമെന്നറിയിച്ച് ഇരുവരും ഇരുളിലേക്കിറങ്ങി.

ഭക്ഷ്യ ശേഖരത്തില്‍ നിന്ന് ഒരു ചാക്ക് ഗോതമ്പ് പൊടിയും ആവശ്യമായ നെയ്യുമെടുത്ത് ചുമടാക്കി അസ്ലമി(റ)നോട് ഖലീഫ പറഞ്ഞു: ‘ഇത് എന്‍റെ പിരടിയില്‍ എടുത്ത് വച്ചു തരൂ.’

അസ്ലം(റ) പറയുകയുണ്ടായി: ‘വേണ്ട, അങ്ങ് ചുമക്കേണ്ട. ഞാനെടുത്തു കൊള്ളാം.’

ഖലീഫയുടെ മറുചോദ്യം: ‘നാളെ പരലോകത്തെത്തുമ്പോള്‍ എന്‍റെ പാപഭാരവും നീ ഏറ്റെടുക്കുമോ?’ അസ്ലം(റ) നിശ്ശബ്ദനായി. ഖലീഫ തന്നെ അതെടുത്തു നടന്നു. വീട്ടിലെത്തിയ പാടെ ഗൃഹനാഥയോട് പറഞ്ഞു: ‘സഹോദരീ, മാറിനില്‍ക്കുക. ഞാന്‍ പാകം ചെയ്യാം.’

ആ സ്ത്രീ മാറിക്കൊടുത്തു. ഉമര്‍(റ) ഭക്ഷണം പാകം ചെയ്യാനാരംഭിച്ചു. നീണ്ട താടിരോമങ്ങള്‍ക്കിടയില്‍ നിന്ന് പുകച്ചുരുളുകളുയരുന്നത് അസ്ലം കണ്ടു. ഭക്ഷണം തയ്യാറായപ്പോള്‍ പാത്രങ്ങളില്‍ വിളമ്പി കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍ വച്ചുകൊടുത്തു ഖലീഫ. സന്തോഷത്തോടെ തിരിച്ചിറങ്ങുമ്പോള്‍ ആ കുസുമങ്ങള്‍ ഇത്ര നേരം പട്ടിണി കിടന്നതിന് നാഥന്‍റെ പക്കല്‍ താന്‍ കുറ്റക്കാരനാകരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു ആ ഭരണാധികാരിയുടെ മനസ്സില്‍. തന്‍റെയും കുഞ്ഞുങ്ങളുടെയും വയറും മനസ്സും നിറച്ചു മടങ്ങുന്ന ഇരുവരെയും സ്ത്രീ നന്ദിയോടെ നോക്കിനിന്നു. പുറത്തെത്തിയപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ‘അസ്ലം, ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഭൂമിയിലെ വൃത്തികെട്ട ഭരണാധികാരി ഞാന്‍ തന്നെയായിരിക്കും’ (അല്‍ബിദായ വന്നിഹായ 7/134).

 

ഒരു തൊഴിക്ക് 600 ദിര്‍ഹം

ധൃതിപിടിച്ച യാത്രക്കിടെ ഉമര്‍(റ) ഒരങ്ങാടിയിലെത്തി. വഴിയടച്ച് നില്‍ക്കുന്ന സമലതി(റ)നെ കാണാനിടയായ ഖലീഫ പരുക്കു വരാത്തവിധം അദ്ദേഹത്തെ ചാട്ടവാര്‍ കൊണ്ടടിച്ചു. ‘വഴി മുടക്കല്ലേ സലമാ’ എന്നാജ്ഞാപിക്കുകയും ചെയ്തു.

ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ഇതേ മാര്‍ക്കറ്റില്‍ വച്ച് ഖലീഫ വീണ്ടും സലമത്(റ)നെ കണ്ടുമുട്ടി. ഉടനെ അദ്ദേഹത്തിന്‍റെ കരം കവര്‍ന്ന ഉമര്‍(റ) മഹാനെയും ഒപ്പം കൂട്ടി നടന്നു. കുശലത്തിനിടെ ഉമര്‍(റ) സുഹൃത്തിനോട് തിരക്കി: ‘സലമാ, ഈ വര്‍ഷം താങ്കള്‍ ഹജ്ജിനു പോകുന്നുവോ?’ ഉവ്വെന്ന് അദ്ദേഹം. അപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച ഖലീഫ അകത്ത് ചെന്ന് ഒരു പണക്കിഴിയുമായി തിരിച്ചെത്തി. അത് സലമക്ക് സമ്മാനിച്ചു പറഞ്ഞു: ‘ഇതില്‍ 600 ദിര്‍ഹമുണ്ട്. ഇത് ഹജ്ജിനുപയോഗിക്കാം. ഒരഭ്യര്‍ത്ഥനയുണ്ട്. അന്ന് തിരക്കേറിയ ചന്തയില്‍ വച്ച് താങ്കളെ ഞാന്‍ അടിച്ചത് മാപ്പാക്കിയാലും.’ അങ്ങനെയൊരു സംഭവം ഞാന്‍ ഓര്‍ക്കുന്നേയില്ലെന്നായി സമലത്(റ). ഖലീഫ: ‘അല്ലാഹു സത്യം, എനിക്കോര്‍മയുണ്ട്. ഞാന്‍ മറന്നിട്ടില്ല.’

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ ഭരണാധികാരികളുടെ ചരിത്രം അവസാനിക്കുന്നില്ല. ദയാവായ്പുകളിലൂടെ മനുഷ്യത്വത്തിന്‍റെ ഒരുമ ഉദ്ഘോഷിക്കുകയായിരുന്നു അവര്‍. സമുദായം തിരിച്ച് ജനങ്ങളെ രാജ്യാതിര്‍ത്തിക്ക് പുറത്തേക്കു തള്ളാനുള്ള ആധുനിക ഭരണാധികാരികളുടെ ഹീന ശ്രമങ്ങള്‍ക്കിടയില്‍ അഗതികള്‍ക്കു ജീവിതം പകര്‍ന്ന ചരിത്ര പുരുഷര്‍ വേറിട്ടു നില്‍ക്കുന്നു.

 

You May Also Like

മയ്യിത്ത് പരിപാലനം

മരണം സുനിശ്ചിതമാണ്. ആത്മാവ് ശരീരവുമായി വേര്‍പിരിയുന്നതാണ് മരണം. അല്ലാഹു പറയുന്നു: ‘എതൊരു ശരീരവും മരണം രുചിക്കുന്നതാണ്.…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം
Indian Grand Mufti - Fathawa

അല്ഫ്താവാ-3: സിസേറിയനും കുളിയും

നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ? നിത്യഅശുദ്ധിക്കാരന് അവന്‍ നിത്യഅശുദ്ധിക്ക് കാരണമായതല്ലാത്ത രൂപത്തില്‍ അശുദ്ധി…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ഖബര്‍സ്ഥാനും നിയമനടപടികളും

ജനിച്ചവര്‍ക്കെല്ലാം ഒരിക്കല്‍ മരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. ജീവിത കാലത്ത് വ്യത്യസ്ത ചിന്താഗതിയുടെയും പ്രത്യയശാസ്ത്രത്തിന്‍റെയും വക്താക്കളും വലിയ സാമ്രാജ്യങ്ങളുടെ…

● പി.ടി.സി മുഹമ്മദലി