ഓര്മ പുതുക്കലും സ്മരണയുമാണ് ചരിത്രത്തിന്റെ ജീവന്. ഓര്‍മകളും സ്മരണകളും പല വിധത്തിലാണ്. രചനകളും സ്മാരകങ്ങളും ആചാരങ്ങളുമെല്ലാം സ്മരണയുടെ വകഭേദങ്ങളത്രെ. മലയാള മനോരമയില്‍ വന്ന ഒരു റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ സ്മരണകളെ നിലനിര്‍ത്തുന്നതിന് പുതുതലമുറ നല്കുന്ന പ്രാധാന്യത്തില്‍ വളരെ അത്ഭുതം തോന്നി. മലബാറിലെ സ്വാതന്ത്ര്യ സമരത്തിനിടെ 1921-ല്‍ തിരൂരങ്ങാടിയില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തിലെ സെക്കന്റ് ലെഫ്റ്റനന്റായിരുന്ന സ്കോട്ലാന്ഡ് സ്വദേശി വില്യം റൂഥര്‍ ഫോര്‍ഡ് ജോണ്‍സ്റ്റണിന്റെ കല്ലറ തേടി പേരമകള്‍ ഫിയോനോ റോലിയ എത്തിയതായിരുന്നു ആ വാര്‍ത്ത. 8000 കിലോമീറ്റര്‍ യാത്ര ചെയ്താണ് അവള് ചരിത്രം ചികയാന്‍ ത്വര കാണിച്ചിരിക്കുന്നത്. ഹജൂര്‍ കച്ചേരി(തിരൂരങ്ങാടിയിലെ ഇപ്പോഴത്തെ താലൂക്ക് ഓഫീസ്) കെട്ടിടത്തിനു മുന്നിലുള്ള കല്ലറ ഒടുവില്‍ അവള് കണ്ടെത്തി. മലബാര്‍ സമരത്തില്‍ ഇങ്ങനെയൊരു സ്കോട്ലാന്‍ഡുകാരന്‍ പങ്കെടുത്തതും കൊല്ലപ്പെട്ടതും തിരൂരങ്ങാടിയില്‍ കല്ലറയുള്ളതും പലര്‍ക്കും അറിയണമെന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പേരമകള്‍ സ്മരണ പുതുക്കലിലൂടെ നമ്മെ വീണ്ടും അതോര്‍മപ്പെടുത്തുന്നു.
സ്മരണകളാണ് ചരിത്രത്തെ ജീവിപ്പിക്കുന്നതെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരാമുഖം കുറിച്ചത്. മറവികളുടെ കല്ലറകളില്‍ പൊടിപിടിച്ച് കിടന്ന പലതും വീണ്ടും ഓര്‍മകളില്‍ സജീവമാകുന്നത് അവകളെ ആരെങ്കിലും വര്‍ത്തമാനത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരുമ്പോളാണ്.
ഇതുപോലെ റജബ് മാസത്തിനും നമ്മോട് ഒരുപാട് ഓര്‍മകള്‍ പങ്കുവെക്കാനുണ്ട്. റജബ് വിശ്വാസികളുടെ ആവേശമാണ്. റജബ് ഇരുപത്തി ഏഴ് ചരിത്രയാത്രയുടെ സ്മരണ പുതുക്കലും. വെറുമൊരു സ്മരണ എന്നതിനപ്പുറം സ്രഷ്ടാവ് മനുഷ്യകുലത്തെ പ്രത്യേകം ആദരിക്കാന്‍ തിരഞ്ഞെടുത്ത ദിവസം കൂടിയാണിത്. റസൂല്‍(സ്വ)യുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ രണ്ടു സംഭവങ്ങളാണ് ഇസ്റാഉം മിഅ്റാജും. മക്കയില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വയിലേക്കുള്ള നിശാപ്രയാണമാണല്ലോ ഇസ്റാഅ്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഇസ്റാഇന്റെ ആദ്യ സൂക്തത്തിലൂടെ അല്ലാഹു ഇത് വ്യക്തമാക്കിയതാണ്. ശേഷമുണ്ടായ ആകാശാരോഹണമാണ് മിഅ്റാജ്. ബൈതുല്‍ മുഖദ്ദസില്‍ നിന്നുള്ള തുടര്യാത്രയായിരുന്നു അത്. ഇസ്റാഉം മിഅ്റാജും ലോകത്ത് മറ്റാരും അനുഭവിച്ചിട്ടില്ലാത്ത ദിവ്യദര്‍ശനവും പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ അല്ലാഹു നല്കിയ സമ്മാനമാണ് അഞ്ചു വഖ്ത് നിസ്കാരം. റജബ് എന്ന പദത്തിന്റെ ഒരര്‍ത്ഥം ആദരിക്കല്‍ എന്നാണ്. അഥവാ, നിസ്കാരമെന്ന സമ്മാനം കൊണ്ട് അല്ലാഹു നമ്മെ ആദരിച്ച മാസം. ഈ ആദരത്തിന്റെ സ്മാരക ദിനമാണ് റജബ് ഇരുപത്തിയേഴാം രാവ്.
കിട്ടിയ അനുഗ്രഹങ്ങളെ പ്രഘോഷണം ചെയണമെന്നത് വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശമാണ്. പിന്നെയെങ്ങനെ വിശ്വാസിയുടെ ജീവിതത്തില്‍ റജബിനും ഇരുപത്തിയേഴാം രാവിനും പവിത്രതയില്ലാതിരിക്കും! വിശ്വാസികള്‍ക്ക് റജബിന്റെ മഹത്ത്വം കുറച്ചു കാണാനാവില്ല. റജബിന്റെ ആദ്യക്ഷരമായ ‘റാആ്’ അല്ലാഹുവിന്റെ റഹ്മത്തിലേക്കും(കാരുണ്യം) രണ്ടാമത്തെ അക്ഷരമായ ‘ജീമ്’ അവന്റെ ഔദാര്യത്തിലേക്കും(ജവാദുള്ള) മൂന്നാമത്തെ അക്ഷരമായ ‘ബാഅ്’ ഗുണത്തി(ബിര്‍റ്)ലേക്കുമാണ് സൂചിപ്പിക്കുന്നതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയതായി കാണാം.
റജബിന്റെ പവിത്രതകള്‍ അനവധിയാണ്. മിഅ്റാജ് ദിനമായ റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ടെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകപ്രശസ്ത പണ്ഡിതനും അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവുമായ ഇമാം ഗസ്സാലി(റ) വിശ്വവിഖ്യാതമായ ഇഹ്യാ ഉലൂമുദ്ദീനില്‍ അബൂഹൂറൈറ(റ)വില്‍ നിന്നു നിവേദനം ചെയ്യുന്ന ഹദീസ് കാണുക: ‘ആരെങ്കെിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാല്‍ അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലം അവനു നല്കപ്പെടും.’
റജബും ശഅ്ബാനും റമളാനുള്ള മുന്നൊരുക്കത്തിനുള്ള സമയമാണ്. ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസ്: നബി(സ്വ)പറഞ്ഞു: റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്.’ ഈ മൂന്ന് മാസങ്ങള്‍ക്കും അതിന്റേതായ പവിത്രതകളുണ്ട്. റമളാനിനെ സ്വീകരിക്കാന്‍ നാഥന് നമുക്ക് നല്കിയ മുന്നൊരുക്ക സമയമാണ് റജബും ശഅ്ബാനും. റജബ് വിത്തിടാനും ശഅ്ബാന്‍ ജലസേചനത്തിനും റമളാന്‍ വിളവെടുപ്പിനുമുള്ള സമയമാണെന്ന പണ്ഡിത ഭാഷ്യത്തോട് നീതിപുലര്‍ത്തണമെങ്കില്‍ കഴിഞ്ഞ റമളാനിലെ നമ്മുടെ പാകപ്പിഴവുകള്‍ പരിഹരിക്കാനും ഖളാഉണ്ടെങ്കില്‍ വീട്ടാനും ഫിദ്യ ഉള്ളവര്‍ അതു നല്‍കാനുമെല്ലാം ഈ രണ്ടു മാസങ്ങള്‍ ഉപയോഗപ്പെടുത്തണം.
കഴിഞ്ഞ കാലങ്ങളിലെ റമളാനിനോട് നീതിപുലര്‍ത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഈ റമളാന്‍ സന്തോഷത്തോടെ നമ്മിലേക്ക് കടന്നുവരുന്നതെങ്ങനെ?! അതുകൊണ്ട് ഇനിയുള്ള ദിനങ്ങള്‍ റമളാനെ ധന്യമാക്കാനുള്ള തയ്യാറെടുപ്പുകളാക്കുക.