Sfudam- Khaleel thangal

ചില ഓര്‍മകള്‍ ഹൃദയത്തില്‍ എന്നുമുണ്ടാകും. വളരെ ചെറുപ്പത്തില്‍ ഉപ്പയും ഉമ്മയും പറഞ്ഞുതരുന്ന കഥകളും അനുഭവങ്ങളുമെല്ലാം ഇത്തരത്തിലാണ്. അവ കല്ലില്‍ കൊത്തിവച്ചത് പോലെ നമ്മുടെ മനസ്സിലങ്ങനെ കിടക്കും. ആതിഥ്യമര്യാദ ജീവിതത്തിന്‍റെ ഭാഗമാകുന്നത് ഇങ്ങനെയാണ്. അതില്‍ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായ ചില സന്ദര്‍ഭങ്ങളെ കുറിച്ചാണ് ഇത്തവണത്തെ ചര്‍ച്ച.

ആതിഥ്യവും അതിഥിയോടുള്ള കടമകളും വിശ്വാസത്തിന്‍റെ ഭാഗമാണ്. ‘ആരെങ്കിലും അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ തന്‍റെ അതിഥിയെ ബഹുമാനിച്ചുകൊള്ളട്ടെ’യെന്നത് തിരുനബി(സ്വ)യുടെ അധ്യാപനമാണ്. ഇവിടെ ആതിഥ്യം എന്നത് കൊണ്ടുള്ള വിവക്ഷ അന്നപാനീയങ്ങള്‍ നല്‍കല്‍ മാത്രമല്ല. ഒരതിഥി വരുന്നത് മുതല്‍ മടങ്ങുന്നത് വരെ അയാള്‍ നമ്മുടെ ഉത്തരവാദിത്വത്തിലായിരിക്കണം. ലോകത്ത് പല രാജ്യങ്ങളിലൂടെയും യാത്ര ചെയ്യാനവസരമുണ്ടായിട്ടുണ്ട്. വ്യത്യസ്ത രീതിയിലുള്ള സ്വീകരണങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട്. വാഹനത്തില്‍ നിന്നിറങ്ങുമ്പോഴേക്ക് പുഞ്ചിരിക്കുന്ന മുഖവുമായി ഓടിവന്ന് കരം കവര്‍ന്ന് വീട്ടിലേക്ക് ആനയിച്ച് വേണ്ടതെല്ലാം ചെയ്ത് യാത്രയാക്കുന്നത് വരെ കൂടെ നില്‍ക്കുന്നവരെ കാണാം. അത്തരക്കാര്‍ അതിഥികളുടെ ഹൃദയം നിറക്കും. രുചിക്കൂട്ടില്‍ മാത്രമല്ല ആതിഥ്യം. മറിച്ച്, അതിഥിയെ കേള്‍ക്കുന്നതിലും അയാളോടൊപ്പം സമയം ചെലവഴിക്കുന്നതിലുമെല്ലാം ആതിഥ്യമുണ്ട്. ഇബ്റാഹീം നബി(അ)യാണ് ആതിഥ്യ ലോകത്തെ മഹത്തരമായ ഒരു ഉപമ. ‘ഖലീലുല്ലാഹി’ എന്ന പേര് മഹാന് ലഭിക്കാനുള്ള കാരണം ഈ ആദിഥ്യമര്യാദയാണെന്നു പറഞ്ഞവരുണ്ട്.

കൂടെയൊരു അതിഥിയില്ലാതെ ഇബ്റാഹീം നബി(അ) സുപ്രക്ക് മുമ്പിലിരുന്നത് തന്നെ വിരളമാണ്. അതിഥികളെ അന്വേഷിച്ച് മൈലുകളോളം നടക്കുമായിരുന്നു മഹാന്‍. വിശുദ്ധ ഖുര്‍ആനില്‍ ഇബ്റാഹീം നബി(അ)യുടെ ആതിഥ്യത്തെ വിവരിക്കുന്നുണ്ട്. അതിഥികളോട് പെരുമാറേണ്ട രീതിയും അവര്‍ക്ക് സേവനം ചെയ്യേണ്ട ആവശ്യകതയുമെല്ലാം ഇബ്റാഹീം(അ)ന്‍റെ ചരിത്രം ഒരാവര്‍ത്തി മനസ്സിരുത്തി വായിച്ചാല്‍ വ്യക്തമാകും. അതുകൊണ്ട് തന്നെ അബൂളീഫാന്‍(അതിഥികളുടെ പിതാവ്) എന്ന അപരനാമം ചരിത്രം മഹാന് ചാര്‍ത്തിനല്‍കി. കുട്ടിക്കാലത്ത് ഉപ്പയോടൊന്നിച്ചുള്ള കഥപറച്ചിലുകളില്‍ ഈ ചരിത്രങ്ങളെല്ലാം കടന്നുവരുമായിരുന്നു. അങ്ങനെയത് ജീവിതത്തിന്‍റെ ഭാഗമായി.

ഉപ്പ അതിഥികളെ വല്ലാതെ സ്നേഹിച്ചിരുന്നു. അതിഥി സല്‍കാര മര്യാദകള്‍ സംബന്ധിച്ച് ഉപ്പ ചരിത്രങ്ങളില്‍ നിന്നും അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ പങ്കുവെക്കും. അന്നു കേട്ട ഉപ്പയുടെ വ്യക്തിപരമായ ഒരനുഭവം പറയാം: ഉപ്പയുടെ ഉസ്താദായിരുന്നു പെരിങ്ങത്തൂര്‍ ആലിക്കുട്ടി മുസ്ലിയാര്‍ (കരുവന്‍തിരുത്തി ആലിക്കുട്ടി മുസ്ലിയാര്‍ എന്നും വിളിക്കാറുണ്ട്). ഉപ്പ അദ്ദേഹത്തെ ഇടക്കിടെ സ്മരിക്കുമായിരുന്നു. ഉപ്പ പറഞ്ഞ ഓര്‍മയുടെ അടിസ്ഥാനത്തില്‍ പിന്നീട് മഹാനെ കുറിച്ച് ഞാന്‍ കൂടുതല്‍ അന്വേഷിച്ചു. നേരിട്ടു കണ്ടതായി ഓര്‍മയില്ലെങ്കിലും ഉസ്താദിന്‍റെ മകന്‍ കരുവന്‍തിരുത്തി അബ്ദുറഹീം മുസ്ലിയാരിലൂടെയെല്ലാം അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിച്ചു. കരുവന്‍തിരുത്തിക്കാരനാണ്. വലിയ പണ്ഡിതനായിരുന്ന അദ്ദേഹം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ സതീര്‍ത്ഥനുമായിരുന്നു. രണ്ടു പേരും ഒരേ നാട്ടുകാര്‍. പഠനത്തിലും മിടുക്കര്‍. ഇരുവരും പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ചത് കുഞ്ഞീന്‍ മൊല്ലാക്കയില്‍ നിന്നാണ്. കരുവന്‍തിരുത്തി പാടത്തെ പള്ളിയില്‍ നിന്നാണ് അവര്‍ ദര്‍സാരംഭിക്കുന്നത്. കണ്ണിയത്ത് ഉസ്താദ്, അവറാന്‍ മുസ്ലിയാര്‍, ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍.

വലിയ ബുദ്ധി കൂര്‍മതയായിരുന്നു മഹാനവര്‍കള്‍ക്ക്. അതിനാല്‍ തന്നെ മന്‍ത്വിഖ്(തര്‍ക്കശാസ്ത്രം), മആനി(സാഹിത്യം) പോലുള്ള വിഷയങ്ങളില്‍ വളരെ പ്രഗത്ഭന്‍. താജുല്‍ ഉലമയോടൊപ്പമായിരുന്നു ബാഖിയാത്തില്‍. ആ സമയത്ത് താജുല്‍ ഉലമയും പെരിങ്ങത്തൂര്‍ ഉസ്താദുമായിരുന്നു ബാഖിയാത്തില്‍ പഠനത്തില്‍ മുന്നിലെന്നു കേട്ടിട്ടുണ്ട്. താജുല്‍ ഉലമ ഉള്ളാളത്ത് ദര്‍സ് തുടങ്ങിയപ്പോള്‍ ഇദ്ദേഹം തലശ്ശേരിയിലെ പുതിയങ്ങാടിയില്‍ ദര്‍സാരംഭിച്ചു. അവിടെ വച്ചാണ് ഉപ്പയും എളാപ്പ(ഉപ്പയുടെ അനിയന്‍) വലിയുണ്ണി തങ്ങളുമെല്ലാം ഓതിത്തുടങ്ങിയത്.

ഉസ്താദിനെ പറ്റി പറയുമ്പോള്‍ ഉപ്പാക്ക് നൂറു നാവായിരുന്നു. കാരണം ആ ഉസ്താദ് ശിഷ്യന്മാരുമായി അത്രമേല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നു. പഠനക്കാര്യത്തില്‍ മാത്രമായിരുന്നില്ല ഉസ്താദ് ഇടപെട്ടിരുന്നത്. മുതഅല്ലിമുകളുടെ വീട്ടിലെ പ്രശ്നങ്ങളിലും അദ്ദേഹം പ്രതിവിധിയുമായെത്തുമായിരുന്നു. ദര്‍സിലെ ഏതു വിദ്യാര്‍ത്ഥിക്കും ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു ഉസ്താദ്. മനസ്സിലാകാത്ത ഭാഗങ്ങള്‍ ആവര്‍ത്തിച്ച് ഓതിക്കൊടുക്കാന്‍ ഒരു മടിയുമില്ല.

മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചെറിയ കിതാബുകളിലെ സംശയം ചോദിച്ചും മനസ്സിലാകാത്ത ഭാഗം വീണ്ടും ഓതാന്‍ വേണ്ടിയുമെല്ലാം വരുന്ന സമയത്ത് ഉസ്താദ് ആ ചെറിയ കിതാബിന്‍റെ വ്യാകരണമടങ്ങിയ വലിയ കിതാബിലാണ് ഓതിക്കൊടുക്കുക. കാരണം സീനിയര്‍ വിദ്യാര്‍ത്ഥി ചെറിയ കിതാബാണ് ഓതുന്നതെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കാനിടവരരുതെന്നും അത് അവരുടെ അഭിമാനത്തെ ബാധിക്കുമെന്നും മനസ്സിലാക്കി ഉസ്താദിന്‍റെ ഹിക്മത്തായിരുന്നു അത്. അത്രമാത്രം വിദ്യാര്‍ത്ഥികളെ സ്നേഹിച്ചിരുന്നു അദ്ദേഹം. ഉപ്പക്ക് നഹ്വിലും സ്വര്‍ഫിലും നല്ല പ്രാവീണ്യമായിരുന്നു. ഇതിനുള്ള കാരണം തന്നെ ഉസ്താദവര്‍കളാണ്. കാരണം ഈ രണ്ടു വിഷയങ്ങളിലും പിന്നിലായിരുന്ന ഉപ്പയെ ആവര്‍ത്തിച്ച് കിതാബുകള്‍ ഓതിക്കൊടുത്ത് വളര്‍ത്തിയെടുത്തത് ഉസ്താദിന്‍റെ പ്രത്യേക ശ്രദ്ധ മൂലമാണ്.

വീട്ടിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും ഉസ്താദിനെ അന്വേഷിച്ചെത്തുന്ന മുതഅല്ലിമുകള്‍ നിരവധി. റമളാനില്‍ തന്നെ കാണാനും പള്ളിയില്‍ ഉറുദിക്കുമായെത്തുന്ന മുതഅലിമുകള്‍ക്ക് പൈസ ഉസ്താദ് തന്നെ പിരിച്ചുകൊടുക്കും. മുതഅല്ലിമുകള്‍ ഉറുദിക്കുള്ള ദിവസം ജമാഅത്തിനെത്താത്ത ആളുകളുടെ പേരില്‍ വരെ അദ്ദേഹം കാശ് കൊടുക്കുമായിരുന്നവത്രെ. എന്നിട്ട് അവരില്‍ നിന്ന് ഞാന്‍ നിങ്ങളുടെ പേരില്‍ ഇത്ര അണ(അണക്ക് മൂല്യമുള്ള കാലമായിരുന്നു അത്) ആ കുട്ടിക്ക് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് തിരിച്ചുവാങ്ങും.

പ്രസിദ്ധമായിരുന്ന അദ്ദേഹത്തിന്‍റെ സല്‍കാര പ്രിയത്തെ കുറിച്ച് പരാമര്‍ശിക്കാനാണ് ഇത്രയൊക്കെ പറഞ്ഞത്. നാട്ടിലുണ്ടെങ്കില്‍ എന്നും ഉസ്താദിന്‍റെ കൂടെ പത്തും പതിനഞ്ചും മുതഅല്ലിമുകളുണ്ടാകും. അവരില്‍ കുറേ പേരെ സ്വന്തം വീട്ടിലേക്കു കൂട്ടും. മറ്റുള്ളവരെ അടുത്ത് താമസിക്കുന്ന ബന്ധുമിത്രാദികളുടെ വീട്ടിലേക്കയക്കും. അതുകൊണ്ടുതന്നെ നാട്ടിലുള്ള സമയത്തെല്ലാം ഉസ്താദിന്‍റെ വീട്ടിലും ബന്ധുമിത്രാദികളുടെ വീട്ടിലും വിരുന്നുകാര്‍ ഉറപ്പാണ്. ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കല്‍ മഹാന് ശീലമില്ലെന്ന് പറയുന്നതാണ് ശരി.

പെരിങ്ങത്തൂര്‍ വലിയ മഹല്ലാണ്. ഉസ്താദിന്‍റെ അടുത്ത് സ്ഥിരമായി അതിഥികളുണ്ടാവുകയും ചെയ്യും. അതിഥികളുള്ള ദിവസം പള്ളിയിലെ മൊല്ലാക്കയെ വിളിച്ചിട്ട് ഇന്ന് മഹല്ലില്‍ എവിടെയെങ്കിലും കല്യാണം, സല്‍കാരം തുടങ്ങിയ പരിപാടികളുണ്ടോയെന്ന് ചോദിക്കും. മിക്ക ദിവസവും ഉണ്ടാവുകയും ചെയ്യും. ആ വീട്ടിലേക്ക് ആളെ വിട്ട് ഭക്ഷണം വരുത്തിച്ച് അതിഥികളെ സല്‍കരിക്കും. തിരുവാക്കെതിര്‍വായില്ലെന്നതുപോലെ ഉസ്താദ് എല്ലാവര്‍ക്കും സര്‍വസമ്മതനായിരുന്നതിനാല്‍ ആരും ഇതില്‍ മുടക്കം പറഞ്ഞിരുന്നില്ല.

ഉപ്പയുമായും ഉസ്താദിന് വളരെ വലിയ ആത്മീയ ബന്ധമായിരുന്നു. ആ സംഭവം കൂടി ഇവിടെ വിവരിക്കാം. 1969-ലാണ് ഉസ്താദ് വഫാത്താകുന്നത്. ആ വര്‍ഷം തന്നെയാണ് ഉപ്പ ഹജ്ജിന് പോകുന്നതും. പണ്ടെല്ലാം ഹജ്ജിന് പോകുമ്പോള്‍ പെട്ടികെട്ടുക എന്ന പരിപാടിയുണ്ടാകും. കപ്പലില്‍ പോകുന്നതു കൊണ്ട് ഉറപ്പിന് വേണ്ടി തകരപ്പെട്ടിയില്‍ സാധനങ്ങള്‍ നിറച്ചിട്ടാണ് കെട്ടുക. അന്ന് ഉപ്പയുടെ പെട്ടികെട്ടാനും വീട്ടിലെ മറ്റു കാര്യങ്ങള്‍ക്കുമെല്ലാം ഉസ്താദായിരുന്നു സജീവമായുണ്ടായിരുന്നത്. അവസാനം ഉപ്പ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോഴും ഉസ്താദ് ഒന്നും മിണ്ടാതെ മറിനിന്നു. ഉപ്പാക്ക് വലിയ സങ്കടമായി. ഇത്ര നേരം സജീവമായിരുന്നയാള്‍ പെട്ടെന്ന് മാറിനിന്നപ്പോള്‍ അരുതാത്തതെന്തോ സംഭവിച്ചോയെന്ന ഭയം. ഫറൂഖ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഉപ്പാക്ക് ട്രെയിന്‍. പോകുന്ന വഴിക്ക് ഉസ്താദ് ഉപ്പയെ പള്ളിയിലേക്ക് വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു: ‘തങ്ങളേ, നിങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അവിടെ ചെന്നിട്ട് പ്രത്യേകം ദുആ ചെയ്യണം.’ ആ വര്‍ഷം ദുല്‍ഹജ്ജ് അഞ്ചിനാണ് മഹാന്‍ മരണപ്പെടുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരം അമ്പതാം ആണ്ടാണിത്.

ചുരുക്കത്തില്‍, ആതിഥ്യം വിശ്വാസത്തിന്‍റെ ഭാഗമാണ്. ആതിഥ്യ മനോഭാവത്തില്‍ തന്നെ കുട്ടികളെ നാം വളര്‍ത്തണം. അതിഥിയുള്ള സുപ്രയില്‍ നാളെ മഹ്ശറയില്‍ വിചാരണയില്ലെന്ന് കാണാം. മഹാന്മാര്‍ക്ക് ആതിഥ്യം ഹരമായിരുന്നു. മഹാനായ അബ്ദുല്ലാഹിബ്നു മുബാറകി(റ)ന്‍റെ ചരിത്രത്തില്‍ കാണാം: അദ്ദേഹം സല്‍കാരമൊരുക്കും. മുന്തിയ ഇനം ഈത്തപ്പഴങ്ങളും മറ്റു വിഭവങ്ങളുമായി സുപ്ര നിറഞ്ഞിരിക്കും. തന്‍റെ അതിഥികള്‍ ഭക്ഷണം കഴിക്കാന്‍ മടിക്കുന്നുവെന്ന് കണ്ടാല്‍ മഹാന്‍ പ്രഖ്യാപിക്കും: ‘നിങ്ങള്‍ ഭക്ഷിക്കുന്ന ഓരോ ഈത്തപ്പഴത്തിനും അതിന്‍റെ കുരുവിന്‍റെ എണ്ണമനുസരിച്ച് ഞാന്‍ ഓരോ ദിര്‍ഹം നല്‍കും’. തന്‍റെ വിരുന്നുകാര്‍ക്ക് സുപ്രയിലെ ഭക്ഷണത്തോടുള്ള മടിപോകാനും അവരെ മാന്യമായി സല്‍കരിച്ചത് കാരണം നാളെ റബ്ബിന്‍റെ പ്രതിഫലം കാംക്ഷിച്ചുമാണ് മഹാന്‍ അതിഥികളെ ഇത്രമേല്‍ ആദരിച്ചത്.

ഇമാം ഗസ്സാലി(റ) ഇബ്റാഹീം നബി(അ)യുടെ സല്‍കാരത്തിന്‍റെ സ്വീകാര്യതയെ കുറിച്ച് പരാമര്‍ശിച്ചത്; ഇന്നും ഇബ്റാഹീം നബിയുടെ നാട്ടില്‍ പത്തും നൂറും ആളുകള്‍ ദിവസവും അതിഥികളായി ഉണ്ടാകാറുണ്ടെന്നാണ്. ഹിജ്റ അഞ്ഞൂറുകളിലാണ് ഇമാം ഇത് പറയുന്നത്. എന്നാല്‍ ഇന്ന് ഇബ്റാഹീം നബി(അ)യുടെ നാട്ടില്‍ ചെന്നാലും ആശ്ചര്യപ്പെടുത്തുന്ന ആതിഥ്യമര്യാദകളാണ് നമുക്ക് കാണാനാവുക.

ആതിഥ്യം നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാകണം. പ്രത്യേകിച്ച് കേരളത്തിന്‍റെ ഈ പ്രളയാനന്തര സാഹചര്യത്തില്‍. ഒരു നേരത്തെ ഭക്ഷണം മനസ്സിരുത്തി കഴിക്കാന്‍ സാധിക്കാത്ത ആയിരങ്ങളാണ് നമുക്ക് ചുറ്റിലും. അവരിലേക്ക് നമ്മുടെ സ്നേഹകരങ്ങള്‍ നീളണം. ഒരാളുടെ മനസ്സിലെങ്കിലും സന്തോഷം നിറക്കാന്‍ സാധിച്ചാല്‍ ഒരുപക്ഷേ, നമ്മുടെ ജീവിതം അര്‍ത്ഥ പൂര്‍ണമാകും.

You May Also Like
Khalifa Abubacker R

സാന്ത്വനം- 2: അബൂബക്കര്‍ (റ); ഉദാരതയുടെ സാക്ഷി

വലിയ ധര്‍മിഷ്ഠനായിരുന്നു ഒന്നാം ഖലീഫ അബൂബക്കര്‍(റ). സ്വന്തമായി നീക്കിയിരിപ്പ് വെക്കാത്ത ഭരണാധികാരി. കയ്യിലുള്ളതുകൊണ്ട് അശരണര്‍, അടിമകള്‍,…

● പികെ മൊയ്തു ബാഖവി മാടവന
Imam Swavi R

ഇമാം സ്വാവി(റ)യുടെ ആദര്‍ശം

കര്‍മപരമായി മാലികീ മദ്ഹബും അധ്യാത്മികമായി ഖല്‍വതീ ത്വരീഖത്തും താന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്വയം പരിചയപ്പെടുത്തിയ (അല്‍അസ്റാറുര്‍ റബ്ബാനിയ്യ:…

● അഹ്മദ് കാമില്‍ സഖാഫി മമ്പീതി
Fathwa- Ablution

അല്‍ഫതാവാ-2: ഭാര്യയെ തൊടലും വുളൂഉം

ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഖുഫ്ഫയുടെ മേല്‍ഭാഗം തടവി വുളൂഅ് ചെയ്താല്‍ സ്വീകരിക്കപ്പെടുമോ? നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിര്‍മിച്ച…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍