മരിക്കരുത്, കൂടുതല്‍ കാലം ജീവിക്കണം എന്നാണ് പലരുടെയും ആഗ്രഹം. മരണത്തെ കുറിച്ച് വല്ലാതെയൊന്നും ഓര്‍ക്കാറില്ലെന്നു മാത്രമല്ല, ചിലരുടെ ചിന്ത ഞാന്‍ ഉടനെയൊന്നും മരിക്കില്ല എന്നുതന്നെയായിരിക്കും. ഞാനിനിയും ജീവിക്കുമെന്ന പ്രതീക്ഷയാണ് മനുഷ്യന് മുന്നോട്ട് കാലെടുത്തുവെക്കാനുള്ള പ്രചോദനം നല്‍കുന്നത്.
ആയുസ്സ് ജീവിതത്തിന്‍റെ മുഖ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ മരിക്കുമെന്നുറപ്പുണ്ടായിട്ടും മരണത്തെ മനപ്പൂര്‍വം അവഗണിക്കാനും മറക്കാനുമുള്ള മനുഷ്യന്‍റെ ഉള്‍ബോധത്തെക്കാള്‍ ലജ്ജാകരമായ മറ്റെന്താണ് ലോകത്തുള്ളത്. എന്നാല്‍ വാര്‍ധക്യമാണ് മനുഷ്യന്‍റെ ഇത്തരം ആത്മബോധങ്ങളെ തകര്‍ക്കുന്ന ശക്തി. ജീവിതത്തില്‍ അതിവേഗം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍ പെട്ടെന്നൊരു ദിനം തലയിലൊരു നര കണ്ടാല്‍ ഹൃദയത്തിന്‍റെ കോണിലെവിടെയോ മരണ ഭയം നാമ്പെടുക്കാന്‍ തുടങ്ങും. രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബി(റ)ന്‍റെ ചരിത്രം പ്രസിദ്ധമാണല്ലോ. തന്‍റെ യുവത്വ കാലത്ത് മരണമെന്ന മഹാസത്യം ഇടക്കിടെ ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം മഹാന്‍ ഒരാളെ ശമ്പളം കൊടുത്തു നിറുത്തിയിരുന്നുവത്രെ. ഒരുനാള്‍ തലയിലൊരു മുടി നരച്ചത് കണ്ടപ്പോള്‍ മരണമോര്‍മിപ്പിക്കുന്നയാളെ പിരിച്ചുവിട്ടുകൊണ്ട് പറഞ്ഞു: ‘ഇനിയെന്നെ മരണമോര്‍മിപ്പിക്കാന്‍ ഈ നരതന്നെ ധാരാളം.’
ജീവിച്ചു കൊതി തീര്‍ന്നതിന്‍റെ അടയാളമല്ല വാര്‍ധക്യം. ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ തളര്‍ന്നുപോയ യൗവനങ്ങളുടെ വിശ്രമസ്ഥലമാണത്. തിരിച്ച് യൗവനത്തിലേക്ക് മടങ്ങാന്‍ വാര്‍ധക്യത്തിനാഗ്രഹമുണ്ട്. അറേബ്യന്‍ കവി ആത്മഗതം ചെയ്തു: ‘എന്‍റെ യുവത്വം എന്നിലേക്ക് മടങ്ങി വന്നിരുന്നുവെങ്കില്‍ നര പ്രവര്‍ത്തിച്ചതിനെ കുറിച്ച് ഞാന്‍ ദു:ഖം പങ്കിട്ടേനെ’. വൃഥായെങ്കിലും എല്ലാവരും ഇതാഗ്രഹിക്കുന്നില്ലേ!
ജീവിതത്തിന്‍റെ ഏറ്റവും ധന്യമായ നിമിഷമാണ് യുവത്വം. അതിലേക്കുള്ള തിരിച്ചുപോക്കാലോചിച്ച് വിലപിച്ച നിരവധി പേരെ ചരിത്രത്തില്‍ കാണം. പക്ഷേ, അസംഭവ്യമാണത്. വാര്‍ധക്യം മരണത്തിന്‍റെ കളിക്കൂട്ടുകാരനുമാണ്. അവരുടെ കൂട്ട് സുദൃഢമാകുമ്പോള്‍ ഇരുവരുംയാത്ര പോകും.
‘വാര്‍ധക്യത്തെ ബഹുമാനിച്ച യുവത്വം അവരുടെ വാര്‍ധക്യ കാലത്ത് തിരിച്ചും ബഹുമാനമേറ്റുവാങ്ങിയിട്ടുണ്ടെന്ന്’ തിരുനബി(സ്വ)യുടെ അധ്യാപനമുണ്ട്. മുതിര്‍ന്നവരെ ബഹുമാനിച്ചാല്‍ ആയുസ്സ് വര്‍ധിക്കുമെന്നാണ് ഇതിന്‍റെ സൂചനയെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് കാണാം. ബസില്‍ നമ്മള്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ മുതിര്‍ന്ന ഒരാള്‍ പ്രയാസപ്പെട്ട് നില്‍ക്കുന്നത് കണ്ടാല്‍ എഴുന്നേറ്റുകൊടുക്കുന്നത് അയാളോട് ചെയ്യുന്ന ആദരവാണ്. ഇങ്ങനെ ആദരിച്ചാല്‍ നമുക്ക് പ്രായമാകുമ്പോള്‍ ഇത്തരം ആദരവുകള്‍ ഏറ്റുവാങ്ങാം. ചുരുങ്ങിയത് അത് ഏറ്റുവാങ്ങാനുള്ള പ്രായം വരെയെങ്കിലും നമ്മള്‍ ജീവിക്കും.
ആശകള്‍ നിറഞ്ഞ യൗവനത്തില്‍ നിന്ന് നിരാശകളുടെ വാര്‍ധക്യത്തിലേക്കാണ് എല്ലാവരും മുന്നേറുന്നത്. പലപ്പോഴും അവരെ ഒരു ഭാരമായി തന്നെ കുടുംബങ്ങളും സമൂഹവും ചുറ്റുപാടുകളും കാണുന്നു. ഓള്‍ഡേജ് ഹോമുകളുടെ അതിപ്രസരമാണ് എല്ലായിടത്തും. പ്രായം ചെന്ന മാതാപിതാക്കള്‍ തങ്ങളുടെ സുഖമമായ ജീവിതത്തിന് ഭാരമാണെന്ന ബോധ്യത്തിലേക്ക് മക്കള്‍ എത്തിച്ചേരുമ്പോഴാണ് വൃദ്ധസധനങ്ങള്‍ പരിഹാരമായെത്തുന്നത്. മാതാപിതാക്കള്‍ക്ക് നേരെ മുഖം ചുളിക്കുക പോലുമരുതെന്നാണ് ഇസ്ലാമിന്‍റെ നിര്‍ദേശം. അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും. അവരെ ബഹുമാനിച്ചാല്‍ നമ്മളും ബഹുമാനിക്കപ്പെടും. അവരെ പ്രയാസപ്പെടുത്തിയാല്‍ ഏറ്റുവാങ്ങേണ്ടിവരുന്ന പ്രയാസവും ഭയാനകമായിരിക്കും.
ഉല്‍പാദനക്ഷമമായ നിലയില്‍ വാര്‍ധക്യം ചെലവഴിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് നാം സഗൗരവം ആലോചിക്കണം. വാര്‍ധക്യത്തെ ഉപകാരപ്രദമാക്കാനുള്ള നിരവധി അവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വിവിധ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ പല രാജ്യങ്ങളും വൃദ്ധജനങ്ങളുടെ ഉത്ഥാനത്തിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ജീവിതത്തില്‍ ആശമുറിഞ്ഞവരായി അവരെ കാണാനാകില്ല. പ്രായമെത്ര പിന്നിട്ടാലും തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ ക്രിയാത്മകമായി അവര്‍ ശ്രദ്ധയൂന്നും. പ്രായം ചെന്നവരെ ഭാരമായി മാത്രം കാണുന്നതിന് പകരം അവരുടേതായ മേഖലയില്‍ വ്യക്തിമുദ്രപദിപ്പിക്കാനും തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനും അവര്‍ക്കും അവസരം കൊടുക്കണം. വാര്‍ധക്യകാലം കുടുംബത്തെ ആശ്രയിച്ചു മാത്രമേ ജീവിക്കാന്‍ സാധിക്കൂ എന്ന പൊതുബോധമുണ്ട്. പ്രത്യേകിച്ചും മലയാളികള്‍ക്ക്. തീര്‍ച്ചയായും പ്രായം ചെന്നവരെ സുരക്ഷിതമായി സംരക്ഷിക്കേണ്ടത് കുടുംബങ്ങളുടെ ഉത്തരവാദിത്വം തന്നെയാണ്. എന്നാല്‍ സ്വന്തം കാര്യങ്ങള്‍ തനിക്കാവുന്ന കാലത്തോളം മറ്റൊരാളെ ആശ്രയിക്കാതെയും പരസഹായത്തിനായി കാത്തുനില്‍ക്കാതെയും നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവല്ല. അവരെയും അവശരായി മുദ്രകുത്തുന്നത് നീതിയല്ല. അവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കാനും പറ്റില്ല.
പഴയ കാലങ്ങളില്‍ വീടിന്‍റെ മുമ്പിലൊരു ചാരുകസേരയുണ്ടായിരുന്നു. നീളന്‍ കയ്യും ശീലയുടെ ഇരിപ്പിടവുമുള്ള ആ കസേര കണ്ടാല്‍ വീട്ടിലൊരു കാരണവരുടെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിക്കാമായിരുന്നു. വീട്ടിലെയും നാട്ടിലെയും പല പ്രശ്നങ്ങളും ആ കസേരക്ക് മുമ്പില്‍ പരിഹരിക്കപ്പെടുമായിരുന്നു. അതിനുള്ള ആര്‍ജവം കാരണവന്മാര്‍ക്കുണ്ടായിരുന്നു. അവരെ എതിര്‍ക്കാനോ തര്‍ക്കിക്കാനോ ആരും തയ്യാറായിരുന്നില്ല. ഇന്നതെല്ലാം പയങ്കഥയാണ്.
ഞങ്ങളുടെ കുടുംബ കാരണവര്‍ താജുല്‍ ഉലമയായിരുന്നു. ഏത് പ്രശ്നവും ആ സവിധത്തില്‍ പരിഹരിക്കപ്പെടുമായിരുന്നു. കുടുംബത്തിലുണ്ടായൊരു തര്‍ക്കം താജുല്‍ ഉലമ രസകരമായി പരിഹരിച്ചത് ഇവിടെ സ്മരിക്കുന്നു. ഒരിക്കല്‍ കുടുംബത്തിലെ ജ്യേഷ്ഠാനുജന്മാര്‍ തമ്മിലൊരു അസ്വാരസ്യം. ഇതിലൊരാളുടെ വീട്ടില്‍ കല്യാണമുണ്ട്. പരസ്പരം അത്ര സുഖമില്ലാത്തതിനാല്‍ കല്യാണത്തിന് മറ്റേ സഹോദരനും കുടുംബവും പങ്കെടുക്കുമോ എന്നു സംശയം. പങ്കെടുക്കണമെങ്കില്‍ തന്നെ നേരിട്ടുവന്ന് വിളിക്കണമെന്നൊരു വാശി. ഇത് കല്യാണത്തിന് നേതൃത്വം നല്‍കുന്ന താജുല്‍ ഉലമയുടെ കാതിലുമെത്തി. മഹാനവര്‍കള്‍ കല്യാണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കല്യാണം നടക്കുന്ന വീട്ടിലെ അനിയന്‍ തങ്ങളെ വിളിച്ചു പറഞ്ഞു: ‘നാളെ നമുക്ക് രണ്ടാള്‍ക്കും ഇക്കാക്കാന്‍റെ വീട്ടില്‍ പോയി കല്യാണം വിളിക്കണം. പോരാതിരുന്നാല്‍ ഞാന്‍ നിങ്ങളുടെ കല്യാണത്തിന് കൂടൂലാ.’ അനിയന് സമ്മതിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ശേഷം ജ്യേഷ്ഠനെ വിളിച്ചു പറഞ്ഞു: ‘നാളെ വീട്ടിലുണ്ടാകണം. ഞാനും അനിയനും അങ്ങോട്ട് വരുന്നുണ്ട്. നല്ലൊരു കോഴിയെ പിടിച്ച് അറുത്ത് ഇറച്ചിയും പത്തിരിയും ഉണ്ടാക്കണം.’ താജുല്‍ ഉലമയുടെ വാക്കിനെ എതിര്‍ക്കാന്‍ രണ്ടുപേര്‍ക്കും ധൈര്യമില്ലായിരുന്നു. ചെറിയൊരു തെറ്റിദ്ധാരണയില്‍ നിന്നുടലെടുത്ത ആ പ്രശ്നം ഒന്നിരുന്ന് സംസാരിച്ചപ്പോഴേക്ക് പരിഹരിക്കപ്പെട്ടു.
മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കണം. അവര്‍ പറയുന്നത് നമുക്ക് ആദ്യത്തില്‍ അംഗീകരിക്കാന്‍ വിഷമമുണ്ടെങ്കിലും ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നായിരിക്കുമതെന്ന് വൈകാതെ ബോധ്യപ്പെടും. കാരണം നമ്മളെക്കാള്‍ അനുഭവങ്ങള്‍ കൂടുതലുള്ളവരും സൂര്യോദയം കൂടുതല്‍ കണ്ടവരുമാണവര്‍. വൃദ്ധരെയും വിധവകളെയും കുട്ടിക്കളെയും മിണ്ടാപ്രാണികളെയും സംരക്ഷിക്കുന്നതുകൊണ്ടുകൂടിയാണ് അല്ലാഹു നമ്മെ സംരക്ഷിക്കുന്നത്.
ഞങ്ങളുടെ ചെറുപ്പത്തില്‍ മദ്റസയില്‍ പോകുമ്പോള്‍ ഉമ്മ കൈയില്‍ പൈസ തന്നു പറയും: ‘മദ്രസ വിട്ട് വരുമ്പോള്‍ ഇത് വല്യുമ്മാക്ക് കൊടുക്കണം.’ നിര്‍ദേശ പ്രകാരം ഞങ്ങള്‍ അത് കൊടുക്കുമ്പോള്‍ വല്യുമ്മയുടെ മുഖത്തുണ്ടാകുന്ന സന്തോഷം കാണണം! ഇത്തരം പരിഗണനകള്‍ അവരുടെ മനസ്സിലുണ്ടാക്കുന്ന സമാധാനം വലുതാണ്. അതിലൂടെ നമുക്ക് ലഭിക്കുന്ന പ്രാര്‍ത്ഥനയും വലുതാണ്.
തറവാട് വീടിന് സമീപം ഞങ്ങള്‍ക്ക് നാലുമുറി പീടികയുണ്ടായിരുന്നു. ഉപ്പാപ്പയുടേതായിരുന്നു അത്. ആ വീടും പീടികയും ഞങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ ഉപ്പാപ്പയുടെ വസ്വിയ്യത്ത് പീടിക മുറിയുടെ വാടക വിധവയായ തന്‍റെ പെങ്ങളുടെ മകള്‍ മുല്ലബീവിക്ക് കൊടുക്കണമെന്നായിരുന്നു. ഉപ്പയും ഇതുപോലെയായിരുന്നു. ഉപ്പയുടെ ഒരു പെങ്ങള്‍ വിധവയായിരുന്നു. ഉപ്പ മരിച്ചപ്പോഴാണ് ഉപ്പയുടെ മേശപ്പുറത്തുള്ള ഒരു പണപ്പെട്ടി ശ്രദ്ധയില്‍ പെട്ടത്. അതിന്‍റെ പുറത്ത് ഇങ്ങനെ എഴുതിയിരുന്നു: ‘ഇതെന്‍റെ ചെറിയ പെങ്ങള്‍ ആയിശു മോളുടെ മകളെ കെട്ടിക്കുമ്പോള്‍ കൊടുക്കാനുള്ളത്.’ വരുമാനത്തിന്‍റെ ഒരു വിഹിതം കൃത്യമായി ഇതിലിട്ടുവച്ചാണ് ഉപ്പ സംഖ്യ സ്വരൂപിച്ചിരുന്നത്.
പരാശ്രയങ്ങളില്ലാതെ നമ്മുടെ ചുറ്റിലും ഇതുപോലുള്ള കഴിയുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. അവരാണ് സത്യത്തില്‍ നമ്മുടെ ജീവിതം സുന്ദരമാക്കുന്നത്. അതുകൊണ്ട് സന്തോഷകരമായ വാര്‍ധക്യത്തിലേക്ക് നമുക്കവരെ ചേര്‍ത്തുപിടിക്കാം.